എപ്പോഴാണ് എന്റെ ഗന്ധം ഇക്കയെ മടുപ്പിക്കാൻ തുടങ്ങിയത്. എപ്പോ മുതലാണ് എന്റെ ശബ്ദം ഇക്കാക്ക് അരോചകമായി തോന്നിയത്.

ദാമ്പത്യം
(രചന: Sadik Eriyad)

എന്താ സബി. എന്താ മോളെ നിനക്ക് പറ്റിയത് എന്ത്‌ തന്നെ ആയാലും നീ ഉമ്മയോട് പറയ്. കുറച്ചു ദിവസങ്ങളായി ഞാൻ നിന്നെ ശ്രദ്ദിക്കുന്നു.

എവിടെ പോയ്‌ മോളെ നിന്റെ സന്തോഷവും പ്രസരിപ്പുമെല്ലാം.
എന്താണേലും നീ ഉമ്മയോട് പറയ് മോളെ. എന്താ എന്റെ കുട്ടിക്ക് പറ്റിയെ…

നീ എനിക്ക് മരുമകളല്ല നീയെന്റെ മകളാണ്. അതിനൊരു മാറ്റവും വരുന്നൊരു ജീവിതം. നീ ഉമ്മയുടെ മുന്നിൽ ഇതുവരെ ജീവിച്ചിട്ടില്ല.. എന്റെ മോള് പറയ് എന്താ നിനക്ക് പറ്റിയതെന്ന്…

ഒളിച്ചു വെക്കാൻ ഒരുപാട് ശ്രമിച്ചിട്ടും ഷാനുവിന്റെ ഉമ്മ. സബിയുടെ ഉള്ളിൽ കിടന്നു നീറിയ ആ വേദന പുറത്തു കൊണ്ട് വരിക തന്നെ ചെയ്തു…

വലിയൊരു സങ്കടകടൽ ആ മരുമകൾ തന്റെ ഭർത്താവിന്റെ ഉമ്മയുടെ മുന്നിൽ തുറന്നു വെച്ചു..

തന്റെ മരുമകളുടെ ഉള്ളിൽ കിടന്ന് നീറുന്ന ഓരോ വാക്കുകളും കേട്ട് ആ അമ്മായി അമ്മയുടെ ഇടനെഞ്ച് വേദനിച്ചു..

നീ ഇങ്ങനെ വേദന കടിച്ചമർത്തി ജീവിക്കേണ്ടവൾ അല്ല. നീ ഷാനുവിന്റെ ഭാര്യയാണ്. അവന്റെ മൂന്ന് മക്കൾക്ക് ജന്മം നൽകിയവളാണ്..

ഇന്ന് ഷാനു ഇവിടെ ഈ വീട്ടിൽ വരുമ്പോൾ. നീ ഇപ്പൊ ഉമ്മയോട് പറഞ്ഞ ഓരോ വാക്കുകളും. അവന്റെ മുഖത്ത് നോക്കി നീ ചോദിക്കണം. ഈ ഉമ്മയുണ്ട് നിന്റെ കൂടെ. നിന്റെ ജീവിതം ഇങ്ങനെ വേദനിച്ചു ജീവിക്കാൻ ഉമ്മ സമ്മതിക്കില്ല കുട്ട്യേ..

അയ്യോ ഉമ്മ ഞാൻ ഷാനുക്കയോട് എനിക്ക് എനിക്ക് പേടിയാ ഉമ്മാ.

ഈ ഉമ്മയുണ്ട് മോളെ നിന്റെ കൂടെ നീ എന്റെ പൊന്ന് മോളല്ലേ, ഇനിയും നീ ഇത് നിന്റെ ഉള്ളിലിട്ട് വീർപ്പു മുട്ടിയാൽ ചിലപ്പോ..

പിന്നീട് നിനക്ക് തന്നെ അത് വലിയ വേദനയായ് മാറും. ഈ ഉമ്മ അവന്റെ ഉപ്പയുമൊത്ത്‌ ഇക്കണ്ട കാലമത്രയും ജീവിച്ചത്. ഞങ്ങൾ പരസ്പരം ഞങ്ങളുടെ മനസ്സ് തുറന്ന് വെച്ച് കൊണ്ടാണ്..

ആറര മണിക്കും ഏഴ് മണിക്കുമിടയിൽ ഓഫിസിൽ നിന്നുമെത്തിയിരുന്ന ഷാനു.
കുറേ നാളുകളായി എട്ട് മണി ഒൻപതു മണി കഴിഞ്ഞിട്ടാണ് വീട്ടിൽ എത്താറുള്ളത്.

അന്നും എട്ട് മണിക്ക് ശേഷമാണ് ഷാനു ഓഫിസിൽ നിന്നും എത്തിയത്. കുളിയും കഴിഞ്ഞ് മുകളിലേക്ക് പോകാൻ പടികൾ കയറിയ ഷാനുവിനോട് സബി ചോദിച്ചു..

ഇക്കാ ഭക്ഷണം എടുത്ത് വെക്കട്ടെയെന്ന്.

അവിടെ എടുത്ത് വെച്ച് നീ പോയി കെടന്നോളു എന്ന്. എന്നും പറയുന്ന പോലെ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് ഷാനു മുകളിലേക്ക് കയറാൻ തുടങ്ങുമ്പോൾ.

സബി പറഞ്ഞു ഇക്ക പോകല്ലെ. എനിക്ക് ഇക്കയോട് ഒരു കാര്യം ചോദിക്കണം.

അതും പറഞ്ഞ് കൊണ്ട് സബി മുറിയിൽ നിന്നും തന്നെ നോക്കുന്ന ഉമ്മയെ ഒന്ന് പാളി നോക്കി..

ഉമ്മ അപ്പോൾ കണ്ണു കൾ കൊണ്ട് സബിക്ക് ധൈര്യം കൊടുത്തു..

മൊബൈലിൽ നോക്കികൊണ്ട്‌ ഷാനു പറഞ്ഞു. എന്താന്ന് വച്ചാൽ വേഗം പറയ്.

ഉള്ളിൽ ഒന്ന് വിറച്ചു കൊണ്ടാണേലും സബി ഷാനുവിനോട് ചോദിക്കാൻ തുടങ്ങി.

എന്തിനാണ് ഷാനുക്കാ നിങ്ങളെന്നിൽ നിന്നും ഇത്രയും അകലം പാലിക്കുന്നത്. എന്താ ഇക്ക ഇപ്പൊ ഇങ്ങനെ…

എന്ത് തെറ്റാണ് ഞാൻ ഇക്കയോട് ചെയ്തത്. എന്റെ വിങ്ങി പൊട്ടുന്ന ഹൃദയവും വിഷമം തുളുമ്പുന്ന ഈ മുഖവും നിങ്ങളെന്തെ കാണാതെ പോകുന്നത്.

അത്രയും സബി പറഞ്ഞു വന്നപ്പോഴേക്കും ദേശ്യം വന്ന ഷാനു സബിയോട് ചോദിച്ചു..

ഞാൻ എന്ത്‌ കണ്ടില്ല എന്നാണ് നീ പറയുന്നത് നീയൊന്ന് പോയെ സബി മനുഷ്യനെ ശല്യപ്പെടുത്താതെ..

എപ്പോ മുതലാണ് ഞാൻ ഷാനുക്കാക്കൊരു ശല്യമായി തുടങ്ങിയത്. ഒരുപാട് മാറ്റം വന്നിരിക്കുന്നു എന്റെ ഇക്കാക്ക്..
എപ്പോഴാണ് എന്റെ ഗന്ധം ഇക്കയെ മടുപ്പിക്കാൻ തുടങ്ങിയത്.

എപ്പോ മുതലാണ് എന്റെ ശബ്ദം ഇക്കാക്ക് അരോചകമായി തോന്നിയത്.

എന്റെ മനസ്സിലിപ്പോ ഒരുപാട് ചിന്തകളാണ് എന്റെ മനസ്സിപ്പൊ തീക്കനല് പോലെ എരിഞ്ഞു തീരുകയാണ്. പലപ്പോഴും ആരും കാണാതെ ഞാൻ പൊട്ടി കരയുകയാണ്.
നീറി നീറി പുകയുന്ന എന്റെ ഈ കണ്ണുകളും മുഖവും നിങ്ങളെന്തെ കാണാതെ പോകുന്നത്.

എന്നെ ഷാനുക്ക ഇവിടേക്ക് കെട്ടിക്കൊണ്ട് വന്നപ്പോൾ എന്റെ മുഖം കണ്ടുണരുന്നത് ഇക്കാക്ക് ഭാഗ്യമാണെന്ന് പറഞ്ഞിരുന്നു.
അന്നെല്ലാം എന്റെ ശബ്ദം ഇക്കാക്ക് മധുരമുള്ളതായിരുന്നു.

അന്നെല്ലാം എന്റെ ഗന്ധം ഇക്കയെ മത്ത്‌ പിടിപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നു.. രണ്ടു മക്കൾ ജനിച്ചു കഴിഞ്ഞിട്ടും നമ്മുടെ ജീവിതം നല്ല സന്തോഷത്തോടെ തന്നെ മുന്നോട്ട് പോയിരുന്നു…

മൂന്നാമത്തെ എന്റെ പ്രസവം കഴിഞ്ഞപ്പോൾ മുതൽ… പതിയെ പതിയെ ഞാൻ ഷാനുക്കയിൽ മാറ്റം കണ്ട് തുടങ്ങിയതാണ്. ഇക്ക എന്നിൽ നിന്നും ഒരുപാട് അകന്ന് പോയിരിക്കുന്നു..

നമ്മുടെ ജീവിതം പച്ച പിടിപ്പിക്കാൻ ഒറ്റക്ക് ഓടി നടക്കുമ്പോൾ ഇക്കയിൽ വന്നു പോകുന്നതാണീ മാറ്റമെന്ന്.
ആദ്യമൊക്കെ ഞാൻ കരുതി.
പക്ഷെ ഇത് അതല്ല.

മുമ്പൊക്കെ നിങ്ങളുടെ കൂട്ട് കാരുടെ വീട്ടിലും ഓഫിസിലുമൊക്കെ ഓരോരോ ഫങ്ഷനുകൾ നടക്കുമ്പോൾ ഞാൻ വരുന്നില്ല എന്ന് എത്ര പറഞ്ഞിട്ടും. എന്നെ നിർബന്ധിച്ച് നിങ്ങൾക്കിഷ്ട്ടപെട്ട ഡ്രസ്സുകളെന്നെക്കൊണ്ട് മാറ്റി മാറ്റി അണിയിപ്പിച്ഛ് അവിടെയെല്ലാം കൊണ്ട് പോകുമായിരുന്നു…

എന്ന് മുതലാണ് ഷാനുക്കയുടെ മനസ്സിൽ നിന്ന് എന്നെ ഇങ്ങനെ മാറ്റി നിറുത്താൻ കഴിഞ്ഞത്..

ഒരു പക്ഷെ ഇന്ന്. എന്റെ ഈ ശരീരത്തിന് വന്ന മാറ്റങ്ങളാകാം നിങ്ങളെ എന്നിൽ നിന്ന് അകറ്റി നിറുത്തുന്നത്.

പക്ഷെ അതെല്ലാം നിങ്ങളിലൂടെ തന്നെ എന്നിൽ വന്ന മാറ്റങ്ങളല്ലെ ഇക്കാ..
നമ്മുടെ മൂന്ന് മക്കളെ ചുമന്ന എന്റെ വയറുകളല്ലെ സ്‌ട്രെച്ഛ് മാർക്ക് വീണ് ഈ വികൃതമായിരിക്കുന്നത്.

എന്റെ ഈ വയറ് ഇന്നെനിക്ക് അപമാനമല്ല ഷാനുക്ക. മറിച്ഛ് ഒരുപെണ്ണെന്ന എന്റെ അഹങ്കാരമാണ്. ഉമ്മയാകാൻ കഴിഞ്ഞതിന്റെ നിർവൃതിയാണ് എനിക്കെന്റെ വയറിലേക്ക് നോക്കുമ്പോൾ കിട്ടുന്നത്…

നമ്മുടെ മക്കളെ മു ല യൂട്ടിയപ്പോളാണ് എന്റെ മാ റി ടങ്ങൾ ഇത് പോലെ ഇടിഞ്ഞു തൂങ്ങിയത്. അത് ഞാനെന്ന പെണ്ണിന്റെ സൗഭാഗ്യ മല്ലെ..

നമ്മുടെ മക്കളിൽ വന്ന തുമ്മലും പനിയും കാണുമ്പോൾ രാത്രികളിൽ ഉറങ്ങാതെ കാവലിരുന്നത് കൊണ്ടല്ലെ…
എന്റെ ഈ കൺ തടങ്ങളിൽ കറുപ്പ് വീണത്.

നമ്മുടെ വീട്ടിലെ ജോലികൾ ചെയ്തല്ലെ എന്റെ ഈ കൈകൾ തഴമ്പിച്ഛ് പോയത്.. എന്റെ ശരീര ഭംഗിയിൽ വന്ന മാറ്റങ്ങൾ കൊണ്ടാണോ ഷാനുക്ക എന്നിൽ നിന്നുമകന്ന് പോകുന്നത്..

എത്ര ദൂരം ഓടി തളർന്ന് വന്ന് വീണ് പോയാലും. ഷാനുക്കയെ താങ്ങി നിർത്തുന്ന ഭൂമിയായ് ജീവിക്കാൻ..
ആഗ്രഹിച്ചവളാണ് ഞാൻ. ആ എന്നെ എന്തിനാണ് ഷാനുക്ക നിങ്ങൾ അകറ്റി നിർത്തുന്നത്..

നിങ്ങളുടെ ഒരു തലോടലിലും. സബി എന്നൊരു സ്നേഹ വിളിയിലും ഒഴുകി പോകുന്ന പരിഭവമെ എനിക്കിപ്പോഴുമുള്ളു. ഈ വീട്ടിൽ ഇങ്ങനെ രണ്ടാത്മാക്കളായ് കഴിയാൻ എനിക്ക് പറ്റണില്ല ഇക്കാ..

നിങ്ങളുടെ സബി എന്ന സ്നേഹം തുളുമ്പുന്ന വിളിയില്ലെങ്കിൽ എന്നെ കൊണ്ട് ജീവിക്കാൻ കഴിയില്ല. ജീവിക്കാൻ കഴിയില്ല. എന്റെ ഹൃദയം പൊട്ടുകയാണ്…

കരഞ്ഞു തളർന്ന് താഴേക്ക് വീഴാൻ തുടങ്ങിയ സബിയെ.

മോളെ എന്ന് വിളിച്ച് ഓടി വന്ന് താങ്ങി പിടിച്ചു ഷാനുവിന്റെ ഉമ്മ. ഷാനുവും ഓടി വന്നെങ്കിലും ആ ഉമ്മ പറഞ്ഞു തൊടെരുത് നീ എന്റെ കുട്ടിയെ..

പൊട്ടി കരഞ്ഞു കൊണ്ട് ഉമ്മ ഷാനുവിനോട് ചോദിച്ചു..

എന്ത് തെറ്റാടാ ഈ മോള് നിന്നോട് ചെയ്തത്. അള്ളാ പൊറുക്കൂല മോനെ.
കെട്ടിയ പെണ്ണിനെ ഇങ്ങനെ വേദനിപ്പിച്ചാൽ.

ഒരുപാട് വഴക്കും പിണക്കവും ഉണ്ടായിട്ടുണ്ടേലും അന്റെ ഉപ്പ മരിക്കണ വരെ. ഇത് പോലെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ആ ഉപ്പാന്റെ മോനാണ് നീ. നീ ഇങ്ങനെ ആവരുതായിരുന്നു ഷാനു..

കുടുംബ ജീവിതത്തിനോളം വരില്ലട മോനെ. നിനക്കിപ്പോ ഈ ഫോണിലൂടെയും കംപ്യുട്ടറിലൂടെയും കിട്ടുന്ന കൂട്ട് കെട്ടുകളും പാതിര വരെ നീളുന്ന നിന്റെ ചാറ്റിങ്ങുകളും ഉല്ലാസവുമൊന്നും , ഇന്ന് ഇത്തിരി നേരത്തെ സുഖം മാത്രമെ അതെല്ലാം നിനക്ക് തരികയുള്ളു..

വിവാഹ ബന്ധത്തിനോളം വരൂല മോനെ നിനക്കിപ്പൊ ഈ ഫോണിലൂടെ കിട്ടിയിരിക്കുന്ന മറ്റൊരു ബന്ധവും..
അള്ളാഹു നൽകുന്ന ലോകത്തിലെ ഏറ്റവും മഹത്വമുള്ള ബന്ധം അത് വിവാഹ ബന്ധമാണ്..

എന്റെ ഈ മോൾടെ മനസ്സ് നീറിച്ചവന്റെ വെള്ളം ഇനി ഉമ്മാക്ക് വേണ്ട മോനെ..
സബിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞു ആ ഉമ്മ….

രണ്ട് മൂന്നു ദിവസം കുറ്റബോധം കൊണ്ട് സബിയോട് മിണ്ടാൻ വല്ലാത്ത ബുദ്ദി മുട്ട് തോന്നി ഷാനുവിന്… ഒരു ദിവസം പതിവിലും നേരത്തെ ഓഫിസിൽ നിന്നും വന്ന്..

മഗ്‌രിബ് നമസ്കരിച്ചിരിക്കുന്ന ഉമ്മയുടെ അരികിൽ ചെന്നിരുന്ന്. ഉമ്മയുടെ കാലിൽ തന്റെ കയ്യെടുത്ത് വെച്ച് കൊണ്ട് ഷാനു പറഞ്ഞു..

എന്നോട് പൊറുക്കുമ്മ എന്റെ ചിന്തകൾ എന്നിൽ നിന്ന് ഒരുപാട് മാറിപോയിരുന്നു. ഇപ്പൊ ഞാൻ എല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു ഈ മകനോട് പൊറുക്കുമ്മ..

കണ്ണ് നിറഞ്ഞ മകന്റെ തലയിൽ തടവിക്കൊണ്ട് ഉമ്മ പറഞ്ഞു.

ഈ ലോകത്തിലെ എല്ലാ ബന്ധങ്ങളിലേക്കുമുള്ള തുടക്കം കുറിക്കുന്നത് ഭാര്യ ഭർതൃ ബന്ധത്തിൽ നിന്നാണ് മോനെ..

എന്ത്‌ പ്രയാസമുണ്ടായാലും എത്ര വലുതെന്ന് നമുക്ക് തോന്നി പോകുന്ന താൽക്കാലിക സുഖങ്ങൾ എവിടെ നിന്ന് കിട്ടിയാലും അതൊന്നും പൂർണതയിൽ എത്തില്ല..

നന്മയും. പൂർണതയും. തുറന്ന സ്നേഹവും. കിട്ടുന്ന സത്യമുള്ളതാകേണ്ട ഒരെയൊരു ബന്ധം അത് ഭാര്യ ഭർതൃ ബന്ധം മാത്രമാണ്..

ഉമ്മാടെ കുട്ടി ചെല്ല് അവളുടെ അരികിലേക്ക് അതിന്റെ മനസൊന്ന് തണുക്കട്ടെ…

ഉമ്മയുടെ അരികിൽ നിന്നും വന്ന് തങ്ങളുടെ ബെഡ്‌റൂമിലെ കട്ടിലിൽ തലയും താഴ്ത്തി ഇരിക്കുന്ന ഷാനുവിന് അരികിൽ ചെന്ന് ചായ എടുക്കട്ടെ ഇക്കാ എന്ന് ചോദിച്ച സബിയെ.

തന്റെ നെഞ്ചിലേക്ക് ചേർത്ത് മുറുകെ കെട്ടിപിടിച്ച് അവളുടെ നെറ്റിയിലും കവിളുകളിലും മാറി മാറി മുത്തം കൊടുത്ത് കൊണ്ട് ഷാനു പറഞ്ഞു.
ക്ഷമിക്ക് മുത്തേ എന്നോട്.

സത്യമാണ് നീയും ഉമ്മയും പറഞ്ഞത് ഈ ഓൺലൈൻ യുകത്തിൽ പലപ്പോഴും മറന്നു പോയ്‌ ഞാൻ നിന്നെ..
മാപ്പ് സബി. ഒത്തിരി ഒത്തിരി മാപ്പ്….

സന്തോഷത്തിൽ തന്റെ കണ്ണിൽ നിന്ന് പൊഴിയുന്ന കണ്ണ് നീർ തുടച്ചു കൊണ്ട്.
സബി മനസ്സിൽ പറഞ്ഞു എന്റെ റബ്ബേ നിനക്കാണ് സർവ്വ സ്തുതിയും അൽഹംദുലില്ലാഹ് …

Leave a Reply

Your email address will not be published. Required fields are marked *