എന്റെ ഭാര്യയ്ക്ക് ഇനി ഗർഭപാത്രം വേണ്ട.. മിഥുൻ പറഞ്ഞത് കേട്ടപ്പോൾ ഉൽക്ക തലയിൽ പതിച്ചത് പോലെയാണ് മേലേടത്ത് തറവാട്ടിലെ പ്രഭാകരമേനോനും ശശികലയ്ക്കും തോന്നിയത്.

തീണ്ടാരിപ്പുര
(രചന: സഫി അലി താഹ)

എന്റെ ഭാര്യയ്ക്ക് ഇനി ഗർഭപാത്രം വേണ്ട.. മിഥുൻ പറഞ്ഞത് കേട്ടപ്പോൾ
ഉൽക്ക തലയിൽ പതിച്ചത് പോലെയാണ് മേലേടത്ത് തറവാട്ടിലെ പ്രഭാകരമേനോനും ശശികലയ്ക്കും തോന്നിയത്.

“നീയെന്ത് ഭ്രാന്താടാ ഈ പറയുന്നത്? ”

“ഭ്രാന്തോ, എനിക്കോ. എനിക്ക് ഭ്രാന്തില്ല ”

അവിടേയ്ക്കോടിവന്ന മിഥുന്റെ ജ്യേഷ്ഠൻ പ്രദീപും ഭാര്യ നിയയും, മിഥുന്റെ ഭാര്യ നവമിയും എന്താണവിടെ നടക്കുന്നത് എന്നറിയാതെ മിഴിച്ചു നോക്കി.

“എന്തിനാണ് അമ്മേ വിവാഹം കഴിക്കുന്നത്? “മിഥുൻ ചോദിച്ചു.

“സന്തോഷത്തോടെയും സമാധാനത്തോടെയും പങ്കാളിയുമൊത്ത് കഴിയാനും, നമ്മുടെ തലമുറകൾക്ക് വേണ്ടിയും.

ഇവനെന്താ ഇപ്പോളൊരു സംശയം എന്നയർഥത്തിൽ ശശികല മകനെ നോക്കി ”

“അതെയോ? “അവൻ അടുത്ത ചോദ്യമെറിഞ്ഞു.

“എങ്കിൽ എന്താണ് വിവാഹത്തിലെ ഉടമ്പടി? ”

“സുഖത്തിലും ദുഖത്തിലും എന്നും രണ്ടുപേരും ഒപ്പമുണ്ടായിരിക്കുക. “അവന്റെ അച്ഛനാണതിനു മറുപടി പറഞ്ഞത്.

“ഉവ്വോ? ”

” ആർത്തവം ഇല്ലാത്ത ഒരു പെണ്ണിനെ ഞങ്ങൾ മക്കൾക്കായി നിങ്ങൾ കണ്ടെത്തുമോ? ഇല്ലല്ലോ? അതെന്താ? ”

“ഇതെന്താ ഇന്റർവ്യൂ വല്ലതും ആണോടാ “എന്ന് ചോദിച്ചെങ്കിലും അവർ ഒരുമിച്ച് മറുപടി നൽകി

“ഞങ്ങൾക്ക് ഈ കുടുംബത്തിന് തലമുറ വേണം. ഞങ്ങൾക്ക് താലോലിക്കാൻ ചെറുമക്കൾ വേണം. ”

” ഞാനിവിടെയുള്ളപ്പോൾ എന്നും എന്റെ ഭാര്യ എനിക്കൊപ്പം വേണം. തീണ്ടാരിപ്പുരയിൽ ഏഴുദിവസം നവമിയെ കൊണ്ടിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.”

കത്തുന്ന ഒരു നോട്ടം അവൻ പ്രദീപിലേയ്ക്ക് എയ്തു.

ജ്യേഷ്ഠത്തി നിയയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ശ്വാസം വിലങ്ങിയത് പോലെ നിൽക്കുന്നുണ്ട്. നവമിയുടെ ചുണ്ടിൽ മാത്രം പുഞ്ചിരി കളിയാടി.

“അത് ഈ കുടുംബത്തിന് ഒരു രീതിയുണ്ട് അതനുസരിച്ചേ പറ്റു. ഞാൻ നിന്റെ അച്ഛന്റെ കുടുംബത്തിൽ ചെന്നപ്പോൾ മുതൽ അങ്ങനെയാണ് അവിടെ. അതിവിടെയും പാലിച്ചേ പറ്റു. ”

“എവിടെയാണ് ഇപ്പോൾ തീണ്ടാരിപ്പുരയുള്ളത്? ആരാണ് ഇപ്പോൾ അത് നോക്കുന്നത്. നിങ്ങൾ അനുഭവിച്ചതൊക്കെ ഞങ്ങളും അനുഭവിക്കണം എന്നാണോ.

ഞങ്ങളെ വളർത്താൻ കഷ്ടപ്പെട്ടപ്പോൾ നിങ്ങൾ അനുഭവിച്ച കഷ്ടതകൾ ഞങ്ങൾ അനുഭവിക്കരുത് എന്നല്ലേ നിങ്ങളുടെ ആഗ്രഹം?

അവന്റെ ചോദ്യം ചാട്ടുളി പോലെ നെഞ്ചിൽ തറഞ്ഞെങ്കിലും തോറ്റുകൊടുക്കാൻ ശശികല തയ്യാറായില്ല. വാക്കുകൾക്ക് മൂർച്ച കൂട്ടി അവരും മറുപടി പറഞ്ഞു.

“അതേ എങ്കിലും ഈ കുടുംബത്തിലെ ആചാരങ്ങൾ എല്ലാവരും പാലിച്ചേ പറ്റു.

അച്ഛന്റേം അമ്മയുടേം കുടുംബത്തിൽ ഇപ്പോഴും അത് പാലിക്കപ്പെടുന്നുണ്ട്. ”

“അങ്ങനെയാണെങ്കിൽ ഇനി അവൾക്ക് ഗർഭപാത്രം വേണ്ട. അതങ്ങ് കളഞ്ഞേക്കാം. എനിക്ക് മക്കളുണ്ടാകുന്നതിനേക്കാൾ ഇഷ്ടം എന്റെ ഭാര്യ എന്നുമെന്റെ ഈ നെഞ്ചിൽ ഉറങ്ങുന്നതാണ്…..”

“അമ്മയുടെ കുടുംബത്തിൽ ഫ്രിഡ്ജ്, ടീവി, മിക്സി, ഗ്രൈൻഡർ, ഓവൻ, എ സി ഒക്കെയുണ്ടാരുന്നോ? അമ്പലത്തിൽ പോകാൻ വണ്ടിയുണ്ടാരുന്നോ? ”

“ഇല്ല. നേരം വെളുക്കുമ്പോൾ എണീറ്റ് കഷ്ടപ്പെടണം ഇന്നത്തെ സുഖമൊന്നുമില്ല. നടന്നു തളർന്നു വേണം അമ്പലത്തിലും ചന്തയിലും പോകാൻ. ഇന്നു സുഖം കൂടിപ്പോയി !”അവർ പറഞ്ഞു നിർത്തി.

“എന്നാൽ പിന്നേ അത് പോലെ നാളെ മുതൽ ഈ വക സാധനങ്ങൾ ഒന്നും ഇവിടെ വേണ്ട. കാറും എടുക്കണ്ട. ”

അച്ഛന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

മുൻപേ ഇത് പറയണം എന്ന് കരുതിയതാ. ജ്യേഷ്ഠത്തിക്ക് വേണ്ടി സംസാരിച്ചാൽ ചിലപ്പോൾ അത് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കും. എനിക്കെന്റെ പെണ്ണിന്റെ കാര്യം പറയാലോ……

നവമിയെ അവൻ ചേർത്തുപിടിച്ചു. എന്റെ പെണ്ണ് വയർ വേദനിച്ചു കിടക്കുമ്പോൾ അവളെയൊന്ന് തലോടി സമാധാനിപ്പിക്കാൻ,

ഒരു ഗ്ലാസ്‌ ചൂട് വെള്ളമെങ്കിലും കൊടുക്കാൻ എന്റെടുത്ത് ഉണ്ടാവണം അവൾ.” അവൻ പറഞ്ഞു നിർത്തി.

നവമിയും ഉറക്കെ പറഞ്ഞു “അതേ ഏട്ടൻ പറഞ്ഞാൽ എനിക്കീ ഗർഭപാത്രം വേണ്ട. അമ്മേ എന്താണ് ആർത്തവം? അമ്മയ്ക്ക് അറിയില്ലേ ?

ഗർഭാവസ്ഥയുടെ സാധ്യതകൾക്കായുള്ള തയ്യാറെടുപ്പിനായി ഒരു സ്ത്രീയുടെ ശരീരം കടന്നുപോകുന്ന പ്രതിമാസ പരമ്പരയാണ് ആർത്തവചക്രം.

ഓരോ മാസവും അണ്ഡാശയത്തിലൊന്ന് ഒരു അണ്ഡം പുറപ്പെടുവിക്കുന്നു.

ഹോർമോൺ മാറ്റങ്ങൾ ഗർഭപാത്രത്തെ ഗർഭധാരണത്തിന് തയ്യാറാക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള ഒരു സ്ത്രീക്ക് ആർത്തവം ഉണ്ടാകുക തന്നെചെയ്യും. ഒരു സ്ത്രീ ശരീരത്തിലെ ഒരു അവയവം മാത്രമാണ് ഗർഭപാത്രം.

മാസത്തിൽ ആർത്തവം വരാതിരുന്നാൽ അവൾ ഗർഭിണിയെന്നാണ് അർഥം. അപ്പോൾ അവൾ കുടുംബത്തിൽ മൂല്യമുള്ളവൾ. എന്നാൽ ഇതേ രക്തമല്ലേ അവൾ ഉദരത്തിൽ പേറുന്നത്.?

ഇത് വരാതിരുന്നത് ഗർഭമുള്ളത് കൊണ്ടല്ലെങ്കിൽ അവൾ ഏതെങ്കിലും തരത്തിലുള്ള ശാരീരികപ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗി എന്നാണ് മനസ്സിലാക്കേണ്ടത് ”

ശശികലയുടെ തല കുനിഞ്ഞു. അവർ ഒന്നും മിണ്ടാതെ പുറത്തേയ്ക്കിറങ്ങി പോയി. തീണ്ടാരിപ്പുരയുടെ വാതിൽ വലിച്ചടച്ചു.

ശേഷം പ്രഭാകരമേനോനോട് പറഞ്ഞു. “റബ്ബർവെട്ടുകാരി യശോദ ഒരു മുറിയുടെ കാര്യം പറയുന്ന കേട്ടു. അവൾക്ക് അത് വാടകയ്ക്ക് കൊടുക്കാം. ഇടയ്ക്ക് പുറം പണിക്കും അവൾ ഉപകാരപ്പെടും. ”

പൂമുഖത്തേയ്ക്ക് കയറിവന്ന അമ്മയെ മക്കൾ കെട്ടിപ്പിടിച്ചപ്പോൾ, അവർ കൈകാട്ടി മരുമക്കളെ അരികിലേക്ക് വിളിച്ചു.

“മിഥുന്റെ ധൈര്യം എനിക്കന്നുണ്ടായിരുന്നെങ്കിൽ ഇരുപത് കൊല്ലത്തോളം കുടുംബത്തിൽ ശശികലയ്ക്ക് ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു പ്രഭാകരമേനോൻ പറഞ്ഞു . ”

കത്തുന്ന ഒരു നോട്ടം ശശികല ഭർത്താവിന് നേരെ നോക്കി. പറഞ്ഞത് അബദ്ധമായല്ലോ ദേവീ എന്നായി അദ്ദേഹത്തിന്റെ ആത്മഗതം. അദ്ദേഹംതുടർന്നു,

“വെച്ചാരാധനയുള്ള എന്റെ കുടുംബവും അത്രയും ഭയഭക്തിയോടെ കാര്യങ്ങൾ ചെയ്യന്ന എന്റെ അമ്മ അത് ചെയ്തത് അത് കൊണ്ടെന്ന് പറയാം.

ദീപം കത്തിച്ചയുടൻ കണ്ണീർ സീരിയൽ തുടങ്ങിയോ തുടങ്ങിയോ എന്ന് നാമജപത്തിനിടയിലും ഒളിഞ്ഞു നോക്കുന്ന നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നോർത്തിട്ടുണ്ട് ഞാൻ.

ഇതല്ലേ നോട്ടം. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. അത് കൊണ്ട് മൗനം പാലിച്ചു. “അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ ആദ്യം ചിരിച്ചത് ശശികലയായിരുന്നു.

എത്രയോ പ്രാവശ്യം പറയാൻ കരുതിയ കാര്യമാണ് അനിയൻ ചെയ്തു കാണിച്ചത്. അവനെ കുറിച്ച് പ്രദീപിന് അഭിമാനം തോന്നി. നിയ ദീർഘമായി ഒന്ന് നിശ്വസിച്ചു.

മിഥുനും നവമിയും ആരും കാണാതെ കൈകൾ കോർത്തുപിടിച്ചുകൊണ്ട് നിയയെ നോക്കി കണ്ണിറുക്കി.

നിയയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി. തന്റെ അനിയനെയും അനിയത്തിയേയും വാത്സല്യത്തോടെ അവർ ചേർത്തുപിടിച്ചു.

മിഥുൻ അപ്പോൾ കൂട്ടുകാരൻ സാജിദിനെ ഓർക്കുകയായിരുന്നു.
മരുമകളോടുള്ള എന്തോ വാശി തീർക്കാനായി നജസ് എന്ന് പറഞ്ഞ് ഭാര്യ ഷാഹിദാനെ പുറത്തെ സൈഡ് റൂം തീണ്ടാരിപുരയാക്കി

അവിടെ എല്ലാ മാസവും ആ ദിവസങ്ങളിൽ താമസിപ്പിച്ച ഉമ്മ അസ്മാബിയോട് വഴക്കിട്ടു ആ പുര കാർഷെഡ് ആക്കി തന്റെ പെണ്ണിന് എന്നും സ്വന്തം മുറിയിലേക്ക് പ്രവേശനമൊരുക്കിയ സാജിദിനെ…..

ശുഭം.

ഇന്ന് ജനുവരി 20.

മാഗസിന് അയക്കാനായി ‘കുടുംബത്തിലെ കാലഹരണപ്പെട്ട ആചാരങ്ങൾ ‘എന്ന വിഷയത്തിൽ ഒരു ചെറുകഥയെഴുതി മാറ്റിവെയ്ക്കുമ്പോൾ
മോഹൻദാസ് പുറത്തേയ്ക്ക് നോക്കി,

അമ്മ ഔട്ട്‌ ഹൗസിൽ മരുമകൾ റീനയ്ക്ക് ആഹാരം കൊണ്ടുകൊടുത്തിട്ട് വീട്ടിലേയ്ക്ക് കയറുകയായിരുന്നു.

ശേഷം അയാൾ കലണ്ടറിലേയ്ക്ക് നോക്കി,ജനുവരി മാസത്തിലെ 17 എന്ന തീയതിയിൽ റീന വരച്ച ആ ചുവന്ന വൃത്തം അയാളെ നോക്കി പുച്ഛിക്കുന്നുണ്ടായിരുന്നു.

അവളിനിയും ഈ മുറിയിൽ പ്രേവേശിക്കാൻ, തന്റെ നെഞ്ചിലേയ്ക്കണയാൻ നാല് ദിവസങ്ങൾ കൂടി…..

ചാട്ടുളിപോലുള്ള വാക്കുകൾ കൊണ്ട് എഴുത്തുലോകത്തിൽ പ്രശസ്തനായ മോഹൻദാസിനെ നോക്കി ആ തൂലിക പരിഹാസപുഞ്ചിരി ഉതിർക്കുന്നപോലെ തോന്നിയപ്പോൾ അയാൾ പുറത്തേയ്ക്ക് കണ്ണുകൾ മാറ്റി.

അവിടെ ജാലകത്തിലൂടെ അയാളെ നോക്കി തന്റെ നല്ലപാതി
നിൽക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *