“അമ്മേ… ഇന്ന് സ്കൂളിൽ ടീച്ചർ എല്ലാവരോടും ചോദിച്ചു അച്ഛനെന്താണ് ജോലി എന്ന്. ഞാൻ പറഞ്ഞു എനിക്ക് അറിയത്തില്ലെന്ന്! അതുകേട്ട് എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു..

(രചന: ശാലിനി)

നന്ദന രാവിലെ അടുക്കളയിൽ തിരക്ക് പിടിച്ച ജോലിയിലായിരുന്നു. ആ നേരത്താണ് ഒരു വലിയ സംശയവുമായി മകൻ അവൾക്കരികിലെത്തിയത്.

“അമ്മേ… ഇന്ന് സ്കൂളിൽ ടീച്ചർ എല്ലാവരോടും ചോദിച്ചു അച്ഛനെന്താണ് ജോലി എന്ന്. ഞാൻ പറഞ്ഞു എനിക്ക് അറിയത്തില്ലെന്ന്! അതുകേട്ട് എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു..

അവരെന്തിനാ അമ്മേ ചിരിച്ചത്. ഞാൻ സത്യമല്ലേ പറഞ്ഞത്. എനിക്ക് അച്ഛൻ ഇല്ലല്ലോ.
പിന്നെ ഞാൻ എങ്ങനെയാ അച്ഛന്റെ
ജോലി അറിയുന്നത്.”

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകന് അവന്റെ അച്ഛനെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന് പറയുന്നത് അവന് തന്നെ സ്വയം നാണക്കേടായി തോന്നിയിരിക്കുന്നു.

അന്ന് അമ്മയോട് പറഞ്ഞ മറുപടി പക്ഷെ മകനോട് ഇന്ന് തനിക്ക് പറയാൻ കഴിയുമോ.അവൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരച്ഛൻ അങ്ങ് ദൂരെയൊരിടത്ത് സുഖമായി ജീവിക്കുന്നുണ്ടെന്ന്.. ആ അച്ഛന് നമ്മളെ വേണ്ടാത്തത് കൊണ്ട് ഉപേക്ഷിച്ചു പോയതാണെന്ന് !

ഇനിയും അവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യമായി.
അല്ലെങ്കിലും അവന് സ്വന്തം അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള അവകാശം ഉണ്ട്. അത് ഒരിക്കലും ഒരമ്മയ്ക്കും തടയാനും കഴിയില്ല..

പക്ഷെ അവൻ എന്നെങ്കിലും ഒരിക്കൽ തന്നെ ഉപേക്ഷിച്ചു അവന്റെ അച്ഛന്റെ ഒപ്പം പോകുമോ എന്ന ഭയം കൊണ്ട് മാത്രമാണ് ഇതേവരെ അതിനെ കുറിച്ചൊന്നും പറയാതിരുന്നത്.

അല്ലെങ്കിൽ നാളെയൊരിക്കൽ ഞാൻ അച്ഛനില്ലാത്ത കുട്ടിയാണോ എന്ന് വിരൽ ചൂണ്ടിയേക്കാം. അവന് വേണ്ടി മാത്രം ജീവിതം നീട്ടിവെച്ച അമ്മയ്ക്ക് നേരെ അവൻ ശത്രുതയോടെ നോക്കിയേക്കാം.

പുസ്തകം തുറന്നു വെച്ച് അവൻ എന്തോ എഴുതുന്നതും നോക്കി നിൽക്കുമ്പോൾ അവന് അവന്റെ അച്ഛന്റെ  അതെ മുഖമാണ് കിട്ടിയിരിക്കുന്നതെന്ന് ഒരിക്കൽ തന്റെ കൂട്ടുകാരി നയന പറഞ്ഞത് ഓർത്തു.

ആർക്കും എതിരഭിപ്രായം ഇല്ലാത്ത ഒരാളായിരുന്നുവല്ലോ ശ്രീകാന്ത്
എന്ന എല്ലാവരുടെയും ശ്രീ !

സംഗീതം ജീവനായി കൊണ്ട് നടന്ന ശ്രീയെ താൻ അങ്ങോട്ട് കയറി ഇഷ്ടപ്പെടുകയായിരുന്നു.

അയാളുടെ സ്വര മാധുരിയിൽ സ്വയം നഷ്ടപ്പെട്ട് എത്രയോ ഉറക്കമില്ലാത്ത രാത്രികൾ കടന്ന് പോയിരിക്കുന്നു. പുലരും വരെ കാതിൽ അലയടിച്ചു കൊണ്ടേയിരിക്കും ശ്രീ പാടിയ ഓരോ പാട്ടുകളും.

“നിനക്ക് ഇത്രയും ഭ്രാന്ത് അയാളോടുണ്ടെങ്കിൽ തുറന്നു പറഞ്ഞു കൂടെ…?” ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞു തിരികെ പോകുന്ന നേരത്ത് തന്റെ മ്ലാനമായിപ്പോയ മുഖത്തേക്ക് നോക്കിയാണ് നയന അത് ചോദിച്ചത്.

ഡാൻസ് സ്കൂളിൽ തന്നെ വേറൊരു സെക്ഷനിൽ സംഗീതം പഠിപ്പിക്കുന്നത് ശ്രീയായിരുന്നു. ഒരുപാട് ആൽബങ്ങളും സംഗീതക്ലാസുകളും ഒക്കെയായി വലിയ തിരക്ക് ഉള്ള ആളിനെ ആരാധനയോടെ നോക്കുന്നത് അവളൊരിക്കൽ ശ്രദ്ധിച്ചിരുന്നു.

അത് മാത്രമല്ല, തന്റെ ഡാൻസ് നോട്ട്സിന്റെ ഒരു താളിൽ അയാളുടെ പേര് ഒരു മയിൽ‌പീലി തുണ്ടിനോടൊപ്പം വരച്ച് സൂക്ഷിച്ചിരുന്നതും അവൾ കണ്ടു പിടിച്ചിരുന്നു.

അവളുടെ  കൂർത്ത നോട്ടത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ ഒരു കള്ള ചിരി ചുണ്ടിൽ അന്ന് അടക്കി വെച്ചു.

“കള്ളീ…”

“അതിന് ഞാൻ എന്ത് കള്ളത്തരം കാണിച്ചെന്നാ.. ഒരാളെ ഇഷ്ടപ്പെടാൻ ആരുടെയും അനുവാദമൊന്നും വേണ്ടല്ലോ. ഞാൻ സ്നേഹിക്കും ഒരുപാട് ഒരുപാട്. പക്ഷെ അത് എന്റെ മനസ്സിൽ മാത്രം ”

“ഛേ! ഇങ്ങനെ പ്രേമിച്ചിട്ട് നിനക്ക് എന്ത് ലാഭമാണ് കിട്ടുന്നത്. വെറുതെ നിന്റെ മനസ്സിന്റെ സ്വസ്ഥത പോകുമെന്നല്ലാതെ. നീ ശ്രീകാന്ത് സാറിനോട് ഒന്ന് തുറന്നു സംസാരിക്ക്.. എന്നിട്ട് പരസ്പരം മത്സരിച്ചു നിങ്ങൾക്ക് രണ്ടാൾക്കും പ്രണിയിക്കാമല്ലോ. ഇത് ഒരുമാതിരി ശ്രീനിവാസന്റെ പ്രണയം പോലെ..”

അവളുടെ കളിയാക്കൽ കേട്ട് ഒന്ന് ചമ്മിയെങ്കിലും അത് ഒരിക്കൽ തന്റെ
കയ്യ് വിട്ടു പോകുമെന്ന് ഉറപ്പായിരുന്നു.
പറഞ്ഞു നോക്കിയാലോ..

തിരിച്ച് ഇങ്ങോട്ട് അങ്ങനെ ഒരു മനോഭാവം ഉണ്ടോ എന്ന് പോലും അറിയില്ല. സർ തന്നെ നോക്കുന്നത് പോലും കണ്ടിട്ടുമില്ല. പിന്നെ എങ്ങനെ ഇതെക്കുറിച്ച് ചോദിക്കും. പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോകണം.

അല്ലാതെ പഠിപ്പിക്കാൻ വരുന്ന അധ്യാപകരെ പ്രേമിക്കാനല്ല വരേണ്ടത് എന്നൊക്കെ തിരിച്ചിങ്ങോട്ട് സാരോപദേശം തരുമോ എന്ന സന്ദേഹത്തിൽ പലപ്പോഴും ഇഷ്ടം മനസ്സിനുള്ളിൽ അമർത്തി വെച്ചു.

ഡാൻസ് ക്ലാസ്സിൽ ചുവടുകൾ വെക്കുമ്പോൾ ഒരു ഭിത്തിയ്ക്കപ്പുറത്തു നിന്ന് ഒഴുകി വരുന്ന സാറിന്റെ പാട്ട് തന്റെ ചുവടുകളെ തെറ്റിക്കുന്നത് പോലെ..

ടീച്ചർ കണ്ണുകൾ ഉരുട്ടി നോക്കുമ്പോൾ മനസ്സിനെ അടക്കി പിടിക്കാൻ ശ്രമിക്കും.
“നീ നൃത്തം പഠിക്കുന്നതിലും നല്ലത് അങ്ങേരുടെ ക്ലാസ്സിൽ പോയി സംഗീതം പഠിക്കുന്നത് തന്നെയാ..”

നയന പറഞ്ഞത് സത്യം തന്നെ ആയിരുന്നു.
ഒരിക്കൽ അക്കാദമിയിലെ വാർഷികത്തിനാണ് ആ ഒരവസരം തനിക്ക് വന്നു ചേർന്നത്.

നൃത്ത ച്ചുവടുകൾക്ക് സംഗീതം പകരാൻ എത്തിയത് ശ്രീ സാറായിരുന്നു ! അന്ന് ആയിരിക്കും താൻ ആദ്യമായി അത്രയും മനോഹരമായി നൃത്തം ചവുട്ടിയിരിക്കുക.
കാണികളുടെ  കരഘോഷത്തിൽ മതിമറന്നു നിന്നു.

പക്ഷെ തീരെ പ്രതീക്ഷിക്കാഞ്ഞത് മറ്റൊന്നായിരുന്നു. ഒരു പൂച്ചെണ്ടുമായി തന്റെ അരികിൽ എത്തി അഭിനന്ദനങ്ങൾ ചൊരിഞ്ഞത് മറ്റാരുമായിരുന്നില്ലല്ലോ!

“നന്ദനാ .. കൺഗ്രാറ്റ്സ്. താൻ കലക്കി കേട്ടോ..”
ഹ്ഹോ! ഈ രംഗം കാണാൻ അവൾ ആ നയന അവിടെ ഇല്ലാതെ പോയതിൽ ആയിരുന്നു തന്റെ വിഷമം.

അന്ന് ഒന്നും മിണ്ടാനാവാതെ സാറിന് നേരെ കൈകൾ കൂപ്പി നിൽക്കാനേ കഴിഞ്ഞുള്ളൂ.
പക്ഷെ പിന്നീട് ആ കണ്ണുകൾ പലപ്പോഴും തന്നെ തിരയുന്നത് അറിയുന്നുണ്ടായിരുന്നു.

അറിഞ്ഞിട്ടും അറിയാതെ നടന്നു. കാണുമ്പോൾ ഒരു പുഞ്ചിരിക്കപ്പുറം ഒന്നും സംഭവിച്ചില്ല.
ശ്രീ സർ ചിലപ്പോൾ കുറെ ദിവസങ്ങളിൽ റെക്കോർഡിങ്ങിനും മറ്റുമായി ചെന്നൈയിൽ പോകുക പതിവായിരുന്നു.

അപ്പോഴൊക്കെ തനിക്ക് വേണ്ടപ്പെട്ട ഒരാളിന്റെ അഭാവം കൃത്യമായി തന്റെ ചിലങ്ക അണിഞ്ഞ കാലുകൾ തിരിച്ചറിഞ്ഞിട്ടെന്ന പോലെ താളം തെറ്റിച്ചു തുടങ്ങി.

അങ്ങനെ നീണ്ട രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഒരു ദിവസം ഡാൻസ് ക്ലാസ്സിലേയ്ക്ക് കയറുമ്പോൾ ആ പരിചിത സ്വരം തന്നെ പിന്നിൽ നിന്ന് മടക്കി വിളിച്ചത്.

തിരിഞ്ഞു നോക്കുമ്പോൾ സർ തന്നെ തന്നെ നോക്കി നിൽക്കുന്നു.
കരയാനാണ് തോന്നിയത്. അടുത്തേക്ക് ചെന്ന് പൊട്ടി പ്പൊട്ടി കരയാൻ..

എവിടെ ആയിരുന്നു.. എത്ര നാളായി ഒന്ന് കണ്ടിട്ട്.. എന്നൊക്കെ ചോദിച്ചു ശ്വാസം മുട്ടിക്കാനാണ് തോന്നിയത്.
ചിലങ്കയിൽ തിരുപ്പിടിച്ചു കൊണ്ട് സാറിനെ നോക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയിരുന്നു.

“എനിക്ക് നന്ദന യുടെ നമ്പർ ഒന്ന് തരണം. ഞാൻ വീട്ടിലേക്ക് ഒരു ദിവസം വരുന്നുണ്ട്.”

കേട്ടതും കണ്ടതും വിശ്വസിക്കാൻ കഴിയാതെ തുള്ളിച്ചാടാനാണ് തോന്നിയത്. ഒരു സ്വപ്നത്തിൽ എന്നവണ്ണം നമ്പർ പറഞ്ഞു കൊടുക്കുമ്പോൾ കണ്ണുകളിൽ നിന്ന് അനുസരണ ഇല്ലാതെ രണ്ടു നീരുറവകൾ പൊട്ടിയോഴുകി.

പെട്ടെന്ന് ജാള്യത്തോടെ പിൻകയ്യാൽ കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു.
പിന്നീട് ഈയുള്ളവളുടെ ദിനങ്ങൾ ആയിരുന്നുവല്ലോ.. തന്റെ മുഖത്തെ തിളക്കം കണ്ടു നയന പോലും അമ്പരന്നു.

“ഇതെപ്പോ സംഭവിച്ചു..” ഒരല്പം ഗമയോടെയാണ് പറഞ്ഞത്.

“പിന്നെ നീയെന്താ വിചാരിച്ചത്. ഈ നന്ദന യെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കാണ് കഴിയാത്തത്?”

“ഒന്ന് പോടീ.. നിന്റെ ഒരു സംഗീതം ”

അവളുടെ കുശുമ്പ് കണ്ട് ആർത്തു ചിരിച്ചു. താൻ പോലും അറിയാതെ എപ്പോഴേ സർ തന്നെ ശ്രദ്ധിച്ചിരുന്നു എന്ന് പിന്നീട് ആണ് മനസ്സിലാകുന്നത്. കല്യാണം കഴിക്കാൻ തോന്നുന്ന ഇഷ്ടം എന്നാണ് സർ കൂട്ടുകാരോട് പറഞ്ഞതത്രേ !

അതെ ഇഷ്ടത്തോടെയും ആർഭാടത്തോടെയും പ്രശസ്ത നർത്തകിയായ നന്ദനാ നരേന്ദ്രനും പ്രശസ്ത ഗായകനും സംഗീത അദ്ധ്യാപകനുമായ ശ്രീകാന്തും തമ്മിൽ വിവാഹിതരായത് എത്ര പെട്ടെന്നായിരുന്നു !

സ്വപ്നം കണ്ടത് പോലെ  ഒരു ജീവിതം ആയിരുന്നു ആ അഞ്ചു വർഷവും.വിവാഹം കഴിഞ്ഞു ആദ്യ വർഷത്തിൽ തന്നെ ഒരു പൊന്നോമന പിറന്നു. നവനീത് എന്നാണ് ശ്രീ പേരിട്ടത്.

പിന്നീട് ശ്രീയ്ക്ക് കൂടുതൽ കൂടുതൽ അവസരങ്ങൾ ചെന്നൈയിൽ കിട്ടിതുടങ്ങിയതോടെ ഒന്ന് കാണാൻ പറ്റാത്ത അത്ര തിരക്കായി തുടങ്ങി.ചിലപ്പോൾ മാസങ്ങളോളം കഴിഞ്ഞവും ഒന്ന് വീട്ടിലേക്ക് എത്തുക.

ശ്രീയുടെ വീട്ടിൽ പ്രായമായ അമ്മ മാത്രമാണുണ്ടായിരുന്നത്. ഒരു പെങ്ങൾ വിവാഹം കഴിഞ്ഞു വടക്കേ ഇന്ത്യയിൽ സ്ഥിര താമസവും. പെട്ടന്ന് ഉണ്ടായ ഒരു അറ്റായ്ക്കിൽ അമ്മ രണ്ടു വർഷം മുൻപ് മരിച്ചതോടെ താനും കുഞ്ഞും വീട്ടിൽ ഒറ്റയ്ക്ക് ആവുകയായിരുന്നു.

“ശ്രീയ്ക്ക് ഇപ്പൊ നല്ല കാലമല്ലേ.എല്ലാം നിന്റെ ഭാഗ്യമാണ് പെണ്ണെ..” നയന വിളിച്ചപ്പോൾ പറഞ്ഞത് അതാണ്. പക്ഷെ തനിക്ക് വേണ്ടത് ഒട്ടും തിരക്കില്ലാതേ തന്നെയും കുഞ്ഞിനേയും സ്നേഹിച്ചു കൂടെ നിൽക്കുന്ന ഒരാളെ ആയിരുന്നു.

മോനെയും തന്നെയും കാണാൻ വീട്ടിൽ എത്തുന്ന ശ്രീയ്ക്ക് എപ്പോഴും ഫോൺ കോളുകൾ ആയിരുന്നു. ഉടനെ വരാം..ഇവിടെ വന്നിട്ട് രണ്ടു ദിവസം അല്ലെ ആയുള്ളൂ.. എന്നൊക്കെ പറയുന്നത് കേൾക്കാം. ഒന്നിലും ഇടപെട്ടില്ല. അത്രയ്ക്ക് വിശ്വാസം ആയിരുന്നു അയാളോട്.

“ശ്രീയ്ക്ക് ഞങ്ങളെയും കൂടെ കൊണ്ട് പോയാൽ എന്താ ?എങ്കിൽ ഇത്രയും ബുദ്ധിമുട്ടി ഇവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ. ഞാനും കുഞ്ഞും ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക് ജീവിച്ചു മടുത്തു.”

അതുകേൾക്കുമ്പോൾ എത്ര നിസാരമായിട്ടാണ് ശ്രീ പറഞ്ഞത്.

“അതിനല്ലേ നിനക്ക് സഹായത്തിനു ഞാൻ ചെന്നെയിൽ നിന്ന് ഒരാളെ കൊണ്ട് വരുന്നത്. പിന്നെ നീ എന്നോട് പരാതി പറയുകയേ ഇല്ല.”
അതാരാണ് എന്ന് അത്ഭുതപ്പെടുമ്പോഴേയ്ക്കും കൂടുതൽ ഒന്നും പറയാതെ അത് സർപ്രൈസ് എന്ന് മാത്രം പറഞ്ഞു ശ്രീ തിരിച്ചു പോയി.

ഒട്ടും പ്രതീക്ഷിക്കാത്ത ദിവസം ഒരു രാത്രിയിലാണ് ശ്രീ കൂടെ ഒരു ചെറുപ്പക്കാരിയെയും കൂട്ടി വീട്ടിൽ എത്തിയത്. ഡോർ ബെൽ അടിക്കുന്നത് കേട്ട് സംശയത്തോടെ നിൽക്കുമ്പോൾ ഫോൺ റിങ് ചെയ്‌തു.സ്‌ക്രീനിൽ ശ്രീയുടെ പേര്!

“ഡീ പൊട്ടീ.. വാതിൽ തുറന്നെ.
ഇത് ഞാൻ ആണ് ” വലിയ സന്തോഷത്തോടെ വാതിൽ തുറക്കുമ്പോൾ കൂടെ ഉള്ള ആളിനെ കണ്ട് ഒന്ന് ഞെട്ടി.

“നീ നോക്കണ്ട. അന്ന് വന്നപ്പോൾ ഞാൻ പറഞ്ഞില്ലേ. നിനക്ക് ഒരാളെ ഞാൻ കൂട്ടിനു കൊണ്ട് വരുന്നുണ്ടെന്ന് . ഇതാണ് ആള്. ജ്യോതിക. എന്റെ ഫ്രണ്ട് ആണ്.

ആൾക്ക് കുറച്ചു നാൾ കേരളത്തിൽ താമസിക്കാൻ വലിയ ആഗ്രഹം. അത് കേട്ടപ്പോൾ ഞാൻ നിന്നെക്കുറിച്ചാണ് ഓർത്തത്. കുറച്ചു നാളെങ്കിലും നിനക്ക് ഒരു കൂട്ടാവുമല്ലോ.. എന്താ ജ്യോതി ഇഷ്ടമായോ ഇവിടെ?”

അവൾ ചിരിയോടെ “ആമാം ശ്രീ.. എനിക്ക് ഒത്തിരി പുടിച്ചിറക്ക്.. യുവർ വൈഫ്‌ ഈസ്‌ വെരി ബ്യൂട്ടിഫുൾ. ഐ ലൈക് ഇറ്റ് ”

അവളുടെ ചിരിയും വർത്തമാനവും കേട്ടപ്പോൾ ചിരി വന്നു. പെട്ടന്ന് കഴിക്കാൻ എന്തെങ്കിലും റെഡിയാക്കാം എന്ന് കരുതി കിച്ചനിലേക്ക് നടക്കുമ്പോൾ ശ്രീ തടഞ്ഞു.

” ഒന്നും വേണ്ട. നിന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞങ്ങൾ പുറത്തൂന്ന് കഴിച്ചിട്ടാ വന്നത്. പിന്നെ ഇയാളെ ഇവിടെ ഏൽപ്പിക്കാൻ വേണ്ടി പെട്ടന്ന് വന്നതാണ് ഞാൻ. മറ്റെന്നാൾ പുലർച്ചെ എനിക്ക് തിരിച്ചു പോകണം..”

അല്ലെങ്കിലും  വാലിനു തീ പിടിച്ച പോലെയാണല്ലോ ശ്രീ ഇങ്ങോട്ട് വരുന്നത്. അന്ന് ശ്രീയോടൊപ്പം ചേർന്ന് കിടക്കുമ്പോൾ മനസ്സിൽ പല വിധ ചോദ്യങ്ങളും വന്നു.

ഇത്രയും സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു പെണ്ണ് വിവാഹം കഴിഞ്ഞ ഒരു പുരുഷന്റെയൊപ്പം മറ്റൊരു നാട്ടിലേക്കു യാത്ര തിരിക്കുമോ. ഇവിടെ എത്ര നാൾ നിൽക്കാനാണ്..എന്ത് പരിചയം ആണ് ഇവർ തമ്മിൽ?

പക്ഷെ ശ്രീയോടുള്ള അവളുടെ അതിരു കടന്ന സ്വാതന്ത്ര്യം തനിക്ക് ഒട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല. പിറ്റേന്ന്
പുലർച്ചെ എഴുന്നേൽക്കാൻ ലേശം വൈകി. അടുക്കളയിൽ തട്ടും മുട്ടും കേട്ടാണ് അവിടെ ചെന്നു നോക്കിയത്.

ശ്രീയും ജ്യോതികയും മുട്ടിയിരുമ്മി അടുക്കളയിൽ നിൽക്കുന്നു! അവളുണ്ടാക്കി കൊടുത്ത കാപ്പി കുടിച്ച് ഉഗ്രൻ എന്നൊക്കെ ചിരിയോടെ പറയുന്ന ശ്രീ !
പിന്നെയും ഒരുപാട് കാഴ്ചകൾ തനിക്ക് കാണേണ്ടി വന്നു.

ഒരുറക്കം കഴിഞ്ഞു രാത്രി എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ ശ്രീയെ കാണാഞ്ഞു ഹാളിലേയ്ക്ക് ചെന്നതാണ്. അവിടെ അടുത്തുള്ള മുറിയിൽ അടക്കിയ ചിരി. അവിടെയാണല്ലോ ജ്യോതികയുള്ളത്
എന്ന് ഞെട്ടലോടെയാണ് ഓർത്തത്.

കീ ഹോളിലൂടെ കുനിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച സഹിക്കാൻ കഴിഞ്ഞില്ല. ശ്രീയുടെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന ജ്യോതിക!
കൂട്ടിനു കൊണ്ട് വന്നത് ആരെയായിരുന്നു, എന്തിനായിരുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾക്കെല്ലാം ആ ഒറ്റ രാത്രി കൊണ്ട് തനിക്ക് ഉത്തരം കിട്ടി.

നേരം വെളുക്കട്ടെ.. പറയാനുള്ളത് പറഞ്ഞിട്ട് വേണം കുഞ്ഞിനേയും കൊണ്ട് ഇറങ്ങിപ്പോകാൻ. ഉറങ്ങാതെ കാത്തിരുന്നു. എടുക്കാനുള്ളത് എല്ലാം രണ്ട് പെട്ടിയിലാക്കി.

നേരം വെളുത്തു തുടങ്ങിയതും ഒരു കള്ളനെ പോലെ ശ്രീ പതുങ്ങി വന്നത് ഉറങ്ങാതെ കാത്തിരുന്ന തന്റെ മുൻപിലേയ്ക്കും!
കൂടുതൽ ചോദിക്കാനും പറയാനും നിന്നില്ല. എല്ലാം മനസ്സിലായല്ലോ. പിന്നെ എന്ത് ചോദ്യോത്തരം!

“ഞാൻ കുഞ്ഞിനേയും കൊണ്ട് പോകുന്നു “ഇത്രയും പറഞ്ഞിട്ട് വിളിച്ചു വരുത്തിയ ടാക്സിയിൽ പെട്ടികളുമായി കുഞ്ഞിനേയും എടുത്തു കയറി. ഒന്നും പറയാനുണ്ടായിരുന്നില്ല അയാൾക്ക്.

അയാൾക്ക് പിന്നിൽ അഴിഞ്ഞുലഞ്ഞ മുടിക്കെട്ടോടെ ജ്യോതികയെയും കണ്ടു. ഇനി രണ്ട് പേരും തന്റെ ശല്യമില്ലാതെ ജീവിച്ചോട്ടെ.. സ്നേഹം ഇല്ലാതായാൽ പിന്നെ ചെയ്യുന്നതൊക്കെ വെറും അഭിനയം മാത്രമായിരിക്കും.

അങ്ങനെ അഭിനയിക്കാനും ജീവിത നാടകത്തിൽ ഒരു ഓസ്‌ക്കാർ നേടാനും തനിക്ക് ആഗ്രഹമില്ല. ഇന്ന് മോനെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷങ്ങൾ.

അവനൊരു അച്ഛനെ കൊടുക്കണം എന്ന് ഇതേവരെ തോന്നിയിട്ടില്ല. അല്ലെങ്കിലും അത്തരം തോന്നലുകളും ഇളക്കങ്ങളും ഭ്രമവുമൊക്കെ പുരുഷന്മാരുടെ മാത്രം കുത്തകയാണല്ലോ. അച്ഛനില്ലാത്ത വീട്ടിൽ കഴിയുന്നത് കൊണ്ട് തന്റെ മകന് ഇതേവരെ എന്തെങ്കിലും കുറവുകളോ കുഴപ്പങ്ങളോ സംഭവിച്ചതായി തോന്നിയിട്ടുമില്ല.

ഒരു കല അഭ്യസിച്ചിരുന്നത് പിന്നീട് അനുഗ്രഹമായിത്തീരുകയായിരുന്നു. സ്വന്തമായി ഒരു ചെറിയ നൃത്ത സ്കൂൾ തുടങ്ങാൻ അമ്മയും സഹായിച്ചു.

അന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങി പോയതിന്റെ പിറ്റേ മാസം തന്നെ അയാളുടെ പേരിൽ വക്കീൽ നോട്ടിസ് അയച്ചു. കൂടുതൽ ചോദ്യവും പറച്ചിലുകളും ഒന്നും ഉണ്ടായില്ല. കൗൺസിലിങ്ങും!!

പോരെങ്കിൽ അവളോടൊപ്പം കോടതിയിൽ വന്ന അവൾ ഗർഭിണിയുമായിരുന്നു.
പിന്നെ എന്തിന് ഇനി തന്റെ കുഞ്ഞിനെ അയാൾക്ക് വിട്ട് കൊടുക്കണം. കുഞ്ഞിന് വേണ്ടി വാദിച്ചതിലും വിജയിച്ചത് താനായിരുന്നു.. അല്ല, തന്നിലെ അമ്മയായിരുന്നു.

അയാൾക്ക് തന്റെ കുഞ്ഞിൽ വലിയ താല്പ്പര്യം ഉള്ളതായി തോന്നിയുമില്ല. കൂടെയുള്ളവളെ ഭയന്നിട്ടായിരിക്കാം. ഒടുവിൽ കുഞ്ഞും താനും ഒരേ വഴിയിലും അയാൾ അവളോടൊപ്പം മറ്റൊരു വഴിയിലേക്കും ദിശ മാറി സഞ്ചരിക്കുവാൻ ആരംഭിച്ചു.

പിന്നീട് ഒരിക്കൽ പോലും
ആ അടഞ്ഞു പോയ അദ്ധ്യായം തുറന്നു നോക്കാൻ ശ്രമിച്ചിട്ടില്ല. അതിനൊട്ട് അവസരമോ നേരമോ കിട്ടിയിട്ടുമില്ല എന്നതായിരുന്നു സത്യം.

ഇന്ന് താനും വളരെ തിരക്ക് പിടിച്ച ഒരു നൃത്താധ്യാപിക ആയിരിക്കുന്നു! മകന്റെ എന്ത് ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുവാൻ പ്രാപ്തയായ ഒരമ്മ. ഇനി അച്ഛൻ ഇല്ലാത്ത കുറവുകൾ എന്താണെങ്കിലും
അവൻ സ്വയം കണ്ടു പിടിക്കട്ടെ.

അതൊരിക്കലും പക്ഷെ, ഈ അമ്മയുടെ കുറ്റം കൊണ്ടല്ല എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി.
അച്ഛനില്ലാത്ത വീട്ടിൽ ഒരുപാട് അനുഭവിച്ച അമ്മമാരും ജീവിച്ചിരിപ്പുണ്ട് എന്നവൻ മനസ്സിലാക്കിയാൽ മാത്രം മതി.

മറക്കാൻ ശ്രമിക്കുന്ന ഒരായിരം ഓർമ്മകളെ കുടിയിറക്കി വിട്ട് അവൾ അവശേഷിക്കുന്ന ജോലികളിലേയ്ക്ക് ഒരു രക്ഷപ്പെടൽ പോലെ നൂഴ്ന്നു കയറാൻ ശ്രമിച്ചു..!

Leave a Reply

Your email address will not be published. Required fields are marked *