(രചന: ശാലിനി)
“എന്റെ അമ്മൂ നിനക്ക് ഈ ഡ്രസ്സ് അല്ലാതെ വേറൊന്നുമില്ലേ ഇടാൻ. പെൺകുട്ടികൾക്ക് ഇപ്പൊ ഇടാൻ പറ്റിയതൊന്നും കടേല് വിൽക്കുന്നില്ലെ മാലിനീ ?
പെൺകുട്ടികളുള്ള അമ്മമ്മാരാണ് ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത്. അവർക്ക് അതിനിപ്പോ എവിടെയാ നേരം.”
രാവിലെ തന്നെ അമ്മ ഒരങ്കത്തിനുള്ള പുറപ്പാട് ആണെന്ന് മനസ്സിലായ മാലിനി പെട്ടന്ന് അകത്തേയ്ക്ക് കയറിപ്പോയി. അമ്മൂമ്മയുടെ നീട്ടിയുള്ള ചോദ്യം തന്നോടല്ലെന്ന മട്ടിൽ അമ്മു ബാഗുമെടുത്തു കോളേജിലേക്കിറങ്ങി.
ഇതിനൊക്കെ മറുപടി പറയാൻ നിന്നാൽ ഇന്ന് ഇവിടെ ഭൂകമ്പം തന്നെ ഉണ്ടാകും. ഈ പ്രായം ചെന്നവർക്കെന്താ കൊച്ചു പെൺപിള്ളേരോട് ഇത്രയ്ക്കും അസൂയ എന്ന് മനസ്സിലാവുന്നില്ല..
മാലിനി അലക്കാനുള്ള തുണികൾ വാരിയെടുത്തു കൊണ്ട് അടുക്കള പുറത്തേയ്ക്ക് പോയി. പോകുന്ന പോക്കിൽ ആരോടെന്നില്ലാതെ പിറുപിറുത്തു..
“ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലേ ന്റെ അമ്മേ.. പണ്ട് കല്യാണം കഴിഞ്ഞു വന്നപ്പോ പ്രസാദേട്ടൻ എനിക്ക് ചുരിദാർ വാങ്ങിത്തന്നതിനു എന്തോരം കുറ്റങ്ങൾ ഓരോരുത്തരും പറഞ്ഞതാ ഇവിടെ..!
പാവം, പേടിച്ചു പിന്നെ ഈ ജീവിതത്തിൽ അങ്ങനൊരു സാധനം വാങ്ങിച്ചിട്ടില്ല.
ഇന്ന് അമ്മയേക്കാൾ പ്രായമുള്ള പെണ്ണുങ്ങൾ ഉടുക്കുന്നത് എന്താന്ന് അമ്മയ്ക്ക് അറിയോ? ബനിയനും ജീൻസും ബർമുഡയുമൊക്കെയാ! ഇനിയുള്ള കുട്ടികളൊന്നും ആരെയും പേടിച്ച് അവരുടെ ഇഷ്ടങ്ങൾ മാറ്റിവെക്കില്ല. കാലം അതാണ്..”
വായിലിരുന്ന മുറുക്കാൻ തെക്കേ മൂലയിലെ വാഴയുടെ ചോട്ടിലേയ്ക്ക് നീട്ടിത്തുപ്പി അമ്മ ചിറി നേര്യതിൻറെ തുമ്പിൽ അമർത്തിത്തുടച്ചു.
“ഓഹ്, പിന്നെ.. ഇവിടെയുള്ള പെൺകുട്ടികൾ ആരും ഇതൊന്നും ധരിച്ചിട്ടല്ല വലുതായത്.
പെണ്ണിന് പറഞ്ഞിട്ടുള്ളത് സാരിയും നേര്യതും ദാവണിയുമൊക്കെയാണ്. അല്ലാതെ നെഞ്ചുമുഴുവനും കാട്ടി നടക്കുന്ന അസത്ത് വേഷങ്ങളല്ല..”
മാലിനി പൈപ്പ് ഉച്ചത്തിൽ തുറന്നുവെച്ചു. ചൊറിയുന്ന വർത്തമാനം കേട്ടാൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞു പോകും.
അതുകൊണ്ട് തന്നെ ഒന്ന് പറഞ്ഞാൽ ഒൻപതു പറയുന്നവൾ എന്ന പേരുദോഷം ഇവിടെ വന്ന് കയറിയപ്പോൾ മുതൽ തനിക്ക് മാത്രമായി പതിച്ചു കിട്ടിയിട്ടുണ്ട്.
അല്ലെങ്കിലും അമ്മയ്ക്ക് എന്തെങ്കിലും ഒന്ന് രാവിലെ കിട്ടിയാൽ അന്നത്തേയ്ക്കുള്ളതായി. പിന്നെ അതിനെപ്പറ്റി തന്നെ വാതോരാതെ പറഞ്ഞും കരഞ്ഞുമിരിക്കും.
കാണുന്നവർ വിചാരിക്കുന്നത് എന്താ കഷ്ടം! മരുമകൾ ആ പാവം പിടിച്ച തള്ളയ്ക്ക് സ്വൈര്യം കൊടുക്കുന്നില്ലെന്നും! എന്ത് ചെയ്യാനാ തന്റെ ജീവിതം ഇങ്ങനെ ആയിപ്പോയി !
പ്രസാദേട്ടൻ കാണാൻ വരുമ്പോൾ ചുരിദാർ ആയിരുന്നു തന്റെ വേഷം. ശരീരം മുഴുവനും മറയ്ക്കുന്ന വേഷത്തോട് ആൾക്ക് ഒരിഷ്ടക്കുറവും ഇല്ല.
പക്ഷെ, വീട്ടിലെ പെണ്ണുങ്ങൾ എന്തിനും ഏതിനും കുറ്റം നോക്കിയിരിക്കുമ്പോൾ സമാധാനം ഉണ്ടാകാൻ വേണ്ടി മാത്രം അദ്ദേഹം പലതും കണ്ടില്ലെന്ന് നടിക്കുന്നു.
രണ്ട് സഹോദരിമാരും മൂത്ത ഒരു സഹോദരനുമാണ് പ്രസാദേട്ടനുള്ളത്. അച്ഛനെ കണ്ട ഓർമ്മപോലുമില്ല മക്കൾക്ക്.
തീരെ ചെറുപ്പത്തിലേ വിധവയാകേണ്ടി വന്നതാണ് അമ്മ. അതുകൊണ്ട് തന്നെ മക്കൾ വലുതായപ്പോൾ അമ്മയുടെ മുഖം വാടാൻ ഒരിക്കൽ പോലും സമ്മതിച്ചില്ല.
ആ കരുതലും സ്നേഹവും അമ്മയ്ക്ക് അവരുടെ വിവാഹത്തോടെ നഷ്ടമാകുമോ എന്നൊരു
ഭയമുണ്ടായിരുന്നു എന്ന് പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്.
മരുമക്കൾ രണ്ട് പേരും കൂടി ഒന്നിച്ചിരുന്നു വർത്തമാനം പറയുന്നതോ, യാത്ര പോകുന്നതോ, ചിരിച്ചു കളിക്കുന്നതോ ഒന്നും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല.
അവർ തന്നെ ഒറ്റപ്പെടുത്തുമോ എന്ന ഭയമാണോ, അതോ അമ്മയുടെ കുറ്റങ്ങൾ അവർ പരസ്പരം കൂടിയിരുന്നു പറയുമോ എന്ന സംശയമാണോ അവരെ ഭരിച്ചിരുന്നത് എന്നറിയില്ല.
സ്വന്തം വീട്ടിൽ പോയിട്ട് രണ്ട് നാൾ നിൽക്കുന്നത് പോലും അവിടെ ആരും ഇഷ്ടപ്പെട്ടിരുന്നില്ല. വന്നു കയറുമ്പോൾ എല്ലാവരുടെയും മുഖം കടന്നൽ കൂടു പോലെ വീർത്തു കെട്ടിയിരുന്നു !
ഒരു ജോലിക്ക് പോകാനുള്ള അവസരം പോലും അമ്മയും സഹോദരങ്ങളും കൂടി തട്ടിത്തെറിപ്പിച്ചതോർക്കുമ്പോൾ ഇന്നും മാലിനിയുടെ ഹൃദയം പൊടിഞ്ഞു നുറുങ്ങുന്നത് പോലെ തോന്നും.
പെണ്ണുങ്ങൾ വീട്ട് ജോലി ചെയ്യാനാണ് ജനിച്ചത് എന്ന തരത്തിലുള്ള സംസാരങ്ങൾ കേട്ട് അവൾക്ക് മടുത്തിരുന്നു.
നീ ജോലിക്ക് പോയാൽ പിന്നെ ഇവിടുത്തെ പണികളൊക്കെ ആരു നോക്കും പെണ്ണെ? നിന്നെക്കാൾ പഠിപ്പുണ്ട് മൂത്തോൾക്ക്. എന്നിട്ട് അവൾ എങ്ങോട്ടെങ്കിലും പോയോന്ന് നോക്ക്. വന്ന നാള് മുതൽ അവളീ വീടിനു വേണ്ടി കിടന്നു അധ്വാനിക്കുന്നു.
നീ വന്നിട്ട് അധികം നാള് ആയില്ലല്ലോ. അവളുടെ എല്ലാ സാധനങ്ങളും ഒരു കെട്ടും പൂട്ടുമില്ലാതെ എല്ലാർക്കും വേണ്ടി തുറന്നിട്ടിട്ടാ അവള് എവിടെയും പോകുന്നത്.
പക്ഷെ, നീയോ? നിന്റെ മുറിയിലെ എല്ലാം കെട്ടിപ്പൂട്ടി വെച്ചേക്കുവല്ലേ.. ഞങ്ങൾ എന്താ വല്ലതും കേറി മോഷ്ടിക്കുമോ?
എന്തിനും ഏതിനും മരുമക്കളെ തമ്മിൽ താരതമ്യം ചെയ്യുന്ന അമ്മായിയമ്മയായിരുന്നു മാലിനിയുടെ പ്രധാന തലവേദന.
ഇത് ഇങ്ങനെ അല്ലല്ലോ അരിയുന്നത്, നീ ലതിക അരിയുന്നത് കണ്ടിട്ടില്ലേ? എരിവ് കാരണം നീ വെച്ചുണ്ടാക്കുന്നതൊന്നും നാക്കേല് വെയ്ക്കാൻ കൊള്ളില്ല.
മൂത്തവൾക്ക് എന്ത് കയ്പ്പുണ്യം ആണെന്ന് നോക്കിയേ… എന്റെ എല്ലാ കാര്യങ്ങളും നോക്കിക്കണ്ടു ചെയ്യാൻ അവൾക്ക് നന്നായി അറിയാം.
അങ്ങനെ ആർക്കും വേണ്ടാത്ത വിഴുപ്പ് ഭാണ്ഡങ്ങൾ മുഴുവനും തന്റെ തലയിലേയ്ക്ക് കുടഞ്ഞിടാൻ എന്തൊരു ഉത്സാഹം ആണ് അമ്മയ്ക്ക്.
മൂത്ത ചേട്ടനും കുടുംബവും മാറിതാമസിച്ചതോടെ ഇഷ്ടം പിന്നെയും അങ്ങോട്ടേക്കായി. സ്വന്തം സഹോദരനും മകനുമൊക്കെയാണെങ്കിലും മരുമകൾ മകനോട് അമിതമായ അടുപ്പം കാട്ടുന്നത് പോലും പിടിക്കാത്ത മനുഷ്യർ!
ഭർത്താവിനോടൊപ്പം ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുമ്പോൾ അമ്മയുടെ വക ഒരു ഉലാത്തുണ്ട് മുറിയിലൂടെ. അത്താഴം കഴിഞ്ഞു അരക്കാതം നടക്കേണ്ടിയിട്ടുമല്ല.
സ്വന്തം അമ്മായിയമ്മ പണ്ട് കാലത്ത് തന്നോട് കാണിച്ച ദ്രോഹങ്ങൾ ഓരോന്നും എണ്ണിയെണ്ണി പറച്ചിലാണ് ആ നേരത്ത് .
“ങ്ങുഹും, ഇന്ന് എന്തൊക്കെ കാണണം. ഒന്നിച്ച് ഒരു പാത്രത്തിൽ അല്ലേ കഴിപ്പും കുടിയുമൊക്കെ ! പണ്ട് വയറ് കത്തിക്കാളുമ്പോഴും വീട്ടിൽ ഉള്ള ആണുങ്ങൾ മുഴുവനും കഴിച്ചു കഴിഞ്ഞ് എന്തെങ്കിലും ബാക്കി കിട്ടിയെങ്കിലായി.. ചിലപ്പോൾ കൂട്ടാനൊന്നും കാണില്ല.
ഭർത്താവിന്റെ എച്ചില് പാത്രം അമ്മ മുന്നോട്ട് നീക്കിവെച്ചിട്ട് പറയും കഴിച്ചോളാൻ. ഇന്നത്തെ പെണ്ണുങ്ങൾക്ക് അത് വെച്ച് നോക്കുമ്പോ എന്താ, സ്വർഗ്ഗം അല്ലെ സ്വർഗ്ഗം !”
അത് കേട്ട് പ്രസാദേട്ടനെ അവൾ ഒളികണ്ണിട്ടു നോക്കും. പക്ഷെ ആൾക്ക് ഒരു കൂസലുമില്ല. അമ്മയും പിള്ളേരുമൊക്കെ കഴിച്ചു കഴിഞ്ഞിട്ടാണ് അവർ രണ്ട് പേരും ഇരിക്കുന്നത്.
ഒരു നേരമെങ്കിലും ഒന്നിച്ചിരുന്നു കഴിക്കണമെന്ന് അയാൾക്ക് നിർബന്ധമായിരുന്നു. അമ്മയ്ക്ക് അതിൽ ഉള്ള എതിർപ്പ് അറിഞ്ഞിട്ടും !
പിന്നിലുള്ള പിറുപിറുക്കലുകൾക്ക് അന്തവും കുന്തവും വന്നിരുന്നില്ല അപ്പോഴും.. അവൾ തന്റെ ഉള്ളിലെ ദേഷ്യം മുഴുവനും അലക്കു കല്ലിനോടും തുണികളോടും തീർത്തു !
ഉച്ചയ്ക്ക് ചോറ് വിളമ്പുന്ന നേരത്താണ് പ്രഭേച്ചി കയറി വന്നത്. പ്രസാദേട്ടന്റെ മൂത്ത പെങ്ങളാണ്. രണ്ട് ആണ്മക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായില്ല.
പ്രഭേച്ചിയുടെ ഭർത്താവിന് ബിസിനസ് ആണ്. ഇടയ്ക്ക് അമ്മയെ കാണാൻ ഒരു വരവ് പതിവുള്ളതാണ്. ഊണും കഴിഞ്ഞു പാത്രങ്ങൾ കഴുകി വെയ്ക്കുമ്പോഴാണ് പ്രഭേച്ചിയുടെ അടക്കിപ്പിടിച്ച സ്വരം അവൾ കേട്ടത്.
അമ്മയോട് എന്തൊക്കെയോ രഹസ്യം പറച്ചിലാണ്. അമ്മയ്ക്കും തിരിച്ചു പറയാൻ ഒരുപാട് ഉണ്ടാവുമല്ലോ.
പാത്രം കഴുകിയതിലെ പോവാത്ത കരിയുടെ കണക്ക്, ബാത്റൂമിൽ തെന്നൽ, നനച്ചിടുന്ന തുണിയുടെ വെളുപ്പില്ലായ്മ, മക്കളെ വളർത്തുന്നതിലുള്ള കുറവുകളും കുറ്റങ്ങളും, പ്രസാദിനോടുള്ള ഇഷ്ടപ്രകടനങ്ങൾ..
ഒന്നും കാര്യമാക്കണ്ട എന്നാണ് തന്റെ അമ്മയുടെ ഉപദേശം. എന്ത് പറഞ്ഞാലും ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിലൂടെ അത് വിട്ടേക്കുക. രണ്ടും കയ്യും കൂട്ടി അടിക്കുമ്പോഴല്ലേ ഒച്ചയുണ്ടാവൂ..
പക്ഷെ, അമ്മ എന്തൊക്കെയോ ഉറക്കെ പറയുന്നത് കേട്ടപ്പോഴാണ് അറിയാതെ ശ്രദ്ധിച്ചു പോയത്.
മരുമകളുടെ ഓരോ പ്രവർത്തികളാണ് ഇന്നത്തെ അവരുടെ സംസാര വിഷയം എന്ന് മനസ്സിലായി. വീട്ടിലെ താമസിച്ചെഴുന്നേൽക്കലും,
ജോലിയൊന്നും ചെയ്യാതെ എപ്പഴും ഒരുങ്ങിക്കെട്ടി വണ്ടിയുമെടുത്തു കൂട്ടുകാരികളോടൊപ്പം കറങ്ങുന്നതും, മകനെ പേര് ചൊല്ലി വിളിക്കുന്നതും,
പ്രഭേച്ചിയോട് തർക്കുത്തരം പറയുന്നതും ഒക്കെ എണ്ണിപ്പെറുക്കി പറയുമ്പോൾ മറുപടി ആയി അമ്മയുടെ ലോഡ് കണക്കിനുള്ള ഉപദേശം കേട്ട് മാലിനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
ഒരിക്കലും നിലക്കാത്ത ഒരു പ്രക്രിയയാണോ പെണ്ണിന്റെ ഭർതൃവീടുകളിലെ പൊറുതിയില്ലായ്മകളും, അമ്മായിയമ്മമാരുടെ ഭരണവും !
മരുമകളോട് എങ്ങനെ പെരുമാറണമെന്ന് മകൾക്ക് പെരുമാറ്റച്ചട്ടം പഠിപ്പിച്ചു കൊടുക്കുന്ന അമ്മ ഒന്ന് പോസിറ്റീവ് ആയി ചിന്തിരുന്നെങ്കിൽ എന്നവൾ വെറുതെ ആശിച്ചു.
ഒരു പോര് കോഴിയെപ്പോലെ പരസ്പരം നേർക്ക് നേർ നിൽക്കാതെ
പകരം, ഒരു സുഹൃത്തിനെ പോലെ രണ്ട് പേരും സ്നേഹിച്ചു ജീവിച്ചിരുന്നെങ്കിൽ എത്ര മനോഹരമാക്കാമായിരുന്നു ഈ ബന്ധം.
സ്വന്തം മകളെ പോലെ മറ്റൊരു വീട്ടിൽ നിന്ന് വരുന്ന മകന്റെ ഭാര്യയെയും കാണാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഏതൊരു അമ്മയ്ക്കും നല്ലൊരു അമ്മായിയമ്മയാകാൻ കഴിയൂ.
ഭർത്താവിന്റെ അമ്മ ഒരിക്കലും തന്റെ ശത്രുവല്ലെന്നും, സ്നേഹം കൊടുത്താൽ ഇരട്ടി സ്നേഹം തിരികെ കിട്ടുന്ന
ബന്ധമാണ് തങ്ങളുടേതെന്നു മരുമകളും കരുതിയാൽ വീട് ഒരു സ്വർഗ്ഗം തന്നെ ആകുമെന്നതിൽ ഒരു സംശയവും വേണ്ട.
( ഈ പറഞ്ഞ രണ്ട് കാര്യങ്ങളും രണ്ട് കൂട്ടരും മനസ്സിലാക്കുന്നത് നേരെ തിരിച്ചാണെങ്കിൽ പിന്നെ നരകത്തിലേയ്ക്കുള്ള കവാടം ഇപ്പോൾ തുറന്നു എന്ന് ചോദിച്ചാൽ മതി!)