(രചന: ശാലിനി മുരളി)
“എന്നാലും മോളെ നീയവനോട് അങ്ങനെ എല്ലാമൊന്നും തുറന്നു പറയണ്ടായിരുന്നു.”
“അതിനെന്താ അമ്മേ? എല്ലാം തുറന്നു പറയുന്നത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി.
അത് അറിഞ്ഞിട്ട് ഒഴിഞ്ഞു പോകുകയാണെങ്കിൽ പൊയ്ക്കോളട്ടെ. അതല്ല, പറഞ്ഞത് എല്ലാം കേട്ടിട്ടും പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം ഈ ബന്ധം മുന്നോട്ട് കൊണ്ട് പോയാൽ മതിയല്ലോ.”
രാജേശ്വരിയമ്മ ഒന്ന് നിശ്വസിച്ചു. ഒരു കണക്കിന് അവൾ പറയുന്നതാണ് ശരി. വരുന്നവരോടൊക്കെ എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് മങ്ങിയ മുഖത്തോടെ ഇറങ്ങിപ്പോയവരെ ഓർത്ത് അവർ നെടുവീർപ്പിട്ടു.
എത്ര നല്ല ആലോചനകളാണ് അവൾക്ക് വന്നത്. പക്ഷെ… രണ്ട് പെൺ മക്കളാണ് അവർക്കുള്ളത്.
മൂത്ത മകൾ നീരജയുടെ കല്യാണം കഴിഞ്ഞു കുടുംബമായി വിദേശത്ത് ആണ്. ഇളയവൾ നന്ദയ്ക്ക് ബാങ്കിൽ ആണ് ജോലി .
വയസ്സ് ഇരുപത്തിയേഴ് കഴിഞ്ഞു. ഇതുവരെ കല്യാണമൊന്നും ആകാത്തത്തിൽ വളരെ വിഷമത്തിലാണ് അമ്മ രാജേശ്വരിയും അച്ഛൻ ശിവശങ്കര കുറുപ്പും.
പക്ഷെ എങ്ങനെ കല്യാണം നടക്കാനാണ്. സൗന്ദര്യവും, വിദ്യാഭ്യാസവും ജോലിയുമൊന്നും പോരല്ലോ ഒരു പെണ്ണിന് മംഗല്യ ഭാഗ്യം ഉണ്ടാകാൻ!
അവൾ ഒരു പെണ്ണ് കൂടി ആവണ്ടേ?
ഒരു പെണ്ണിന്റെ രൂപലാവണ്യങ്ങളെല്ലാം ഒത്തിണങ്ങിയവളാണ് നന്ദ.
പക്ഷെ,വയസ്സ് ഇത്രയുമായിട്ടും അവൾക്ക് മാസമുറ എന്നൊന്ന് സംഭവിച്ചിട്ടേയില്ല. ഒരുപാട് ഡോക്റ്റേർസിനെ കാണിച്ചിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല. ഉള്ളിലെ നൊമ്പരം ആരുമറിയാതെ ഒളിപ്പിച്ചു വെച്ച് പുറമെ സന്തോഷം നടിക്കുന്ന നന്ദയെ സ്നേഹിക്കാനും പക്ഷെ ഒരാളുണ്ടായി.
ഏതൊ ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് അയാൾ അവളെ ആദ്യമായി കണ്ടത്. തന്റെ മനസ്സിലുള്ള അതേ രൂപം. എങ്ങനെ ഒക്കെയോ അരുൺ നന്ദയുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു.
അയാൾക്ക് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചപ്പോൾ അവൾ വീട്ടിൽ വന്ന് അച്ഛനോട് സംസാരിക്കാൻ പറഞ്ഞൊഴിഞ്ഞു. പക്ഷെ, ആദ്യം നന്ദയ്ക്ക് താല്പര്യം ഉണ്ടോയെന്ന് അറിയണം. അതായിരുന്നു അരുണിന്റെ ആവശ്യം. അവൾക്ക് മറുപടിയ്ക്കായി അധികം ആലോചിക്കേണ്ടി വന്നില്ല.
“ഉടനെ ഒരു വിവാഹത്തിന് താല്പര്യം ഇല്ല ”
ഉള്ളിൽ ആരും കേൾക്കാതെ അവൾ പറഞ്ഞത് പക്ഷെ അതൊന്നുമായിരുന്നില്ല. ഉടനെ എന്നല്ല ഒരിക്കലും ഒരു കല്യാണത്തിന് തന്നെക്കൊണ്ട് കഴിയില്ലല്ലോ!
അരുണിന്റെ മനസ്സിൽ നന്ദ ഒരു മോഹമായി വളർന്നു തുടങ്ങിയിരുന്നു.അവളില്ലാതെ ഒരു ജീവിതം ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.
തനിക്കെന്താ സ്റ്റാറ്റസ് ഇല്ലേ,ഗ്ലാമർ ഇല്ലേ,നല്ലൊരു ജോലിയില്ലേ പിന്നെ എന്ത് കാരണത്താലാണ് അവൾ തന്നെ ഒഴിവാക്കുന്നത്. അരുൺ മിക്കവാറും ദിവസങ്ങളിൽ അവളെ വിളിച്ചു സംസാരിക്കും.
ഒരു സാധാരണ സുഹൃത്ത് എന്ന നിലയിലല്ലാതെ അവൾക്ക് ആയാളെ കാണാൻ താല്പര്യം ഇല്ലായിരുന്നു.
ഒന്ന് നേരിൽ കാണാൻ കഴിയുമോ എന്ന് ചോദിച്ചതിന് അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഇനിയും ഇത് തുടർന്ന് കൊണ്ട് പോകുന്നത് കൂടുതൽ തെറ്റിദ്ധാരണ വരുത്തി വെച്ചേക്കുമെന്ന് അവൾ ക്ക് തോന്നി.അതേ, എല്ലാം തുറന്നു സംസാരിച്ചാൽ അയാൾ സ്വയം പിൻവാങ്ങിക്കോളും.അതാണ് ശരി.
ഒരു സാറ്റർഡേ വൈകുന്നേരം ജോലി കഴിഞ്ഞു ഓഫീസിൽ നിന്നിറങ്ങുന്ന സമയത്ത് ഒരു കോഫി ഷോപ്പിൽ വെച്ചു കണ്ട് മുട്ടാമെന്ന് തീരുമാനിച്ചു.
അവൾ എത്തുന്നതിനും അഞ്ചു മിനിറ്റ് മുൻപ് അരുൺ അവിടെ എത്തി അവൾക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിരുന്നു. അവൾ കോഫി ഷോപ്പിന്റെ പടികൾ ഓരോന്നായി കയറി വരുന്നത് വലിയ ചില്ലു ഗ്ലാസ്സിലൂടെ അയാൾ നോക്കിയിരുന്നു.
അവളുടുത്തിരുന്ന ആകാശ നീല കളർ കോട്ടൺ സാരി അവളുടെ ശരീരത്തിൽ ഒതുങ്ങിക്കിടന്നിരുന്നു.
“ഒത്തിരി നേരമായോ വന്നിട്ട്?”
ഒരു പരിചയക്കുറവും ഭാവിക്കാതെയാണ് അവൾ അയാളോട് സംസാരിച്ചു തുടങ്ങിയത്.
അവനും ചിരപരിചിതരായ ഒരാളോടെന്നപോലെ തുറന്നു ചിരിച്ചു.
ഒടുവിൽ ഒടുവിൽ എല്ലാം തമ്മിൽ പറഞ്ഞു കഴിഞ്ഞിട്ടും ഇനിയും പറയാനുള്ളത് മാത്രം പറഞ്ഞു തുടങ്ങിയിട്ടില്ല എന്ന ചിന്ത അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു.
സമയം കടന്ന് പോയിക്കൊണ്ടിരുന്നു.
സംസാരിച്ചു തുടങ്ങിയപ്പോൾ എവിടെയൊക്കെയോ എന്തിലൊക്കെയോ തമ്മിൽ തമ്മിൽ ഒരു സാദൃശ്യം! ചെരേണ്ടവർ തന്നെയാണെന്ന് ആരോ ഉള്ളിലിരുന്നു പിറുപിറുക്കുന്നു! ഒരുപക്ഷെ തന്റെ മനസ്സിന്റെ ഓരോ തോന്നലുകളായിരിക്കും.
മഞ്ഞു വീഴാൻ തുടങ്ങിയത് കൊണ്ടാവും സന്ധ്യ കുറച്ചു തിടുക്കത്തിലെത്തിയതെന്നു തോന്നുന്നു.
പോകാൻ നേരമായി.
“അപ്പോൾ ഇനി നമുക്ക് ഇറങ്ങിയാലോ?”
അരുൺ, പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തത് പോലെ എഴുന്നേൽക്കാൻ തുടങ്ങി.
നന്ദയുടെ മനസ്സ് വിയർക്കാൻ തുടങ്ങി. ഇങ്ങോട്ട് വരുന്നതിനു മുൻപുള്ള ആവേശം, എല്ലാം തുറന്നു പറഞ്ഞു അരുണിനെക്കാൾ മുൻപേ മടങ്ങിപ്പോകുന്ന രംഗം.. എല്ലാം തണുത്തുറഞ്ഞു പോയിരിക്കുന്നു!
ഏതൊ ആലോചനയിൽ മുഴുകി പോകാൻ ഒരു തിടുക്കവും ഇല്ലാതെ നന്ദ ഇരിക്കുന്നത് കണ്ട് അരുണിന് ചിരി വന്നു.
“ആഹാ ഇപ്പൊ വീട്ടിൽ പോണമെന്നും ഇല്ലേ?”
പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ ചിന്തയിൽ നിന്നുണർന്നു.
” അല്ലാ, അരുൺ ഒരഞ്ചു മിനിറ്റ് കൂടി ഒന്നിരിക്കുമോ. എനിക്ക്.. ഞാൻ പറഞ്ഞു തീർന്നില്ല. ”
അയാൾ അത്ഭുതത്തോടെ അവളെ ഉറ്റു നോക്കി. ഇവൾക്ക് ഇനിയും തന്നോട് എന്ത് പറയാനാണുള്ളത്??
പറയാനുള്ള വാക്കുകൾ പരതി എടുക്കുന്നത് പോലെ ഒരു വല്ലാത്ത നിശബ്ദത അവർക്കിടയിൽ ഒളിച്ചു കളിച്ചു.
പിന്നെ അവൾ അവന്റെ കണ്ണുകളിലേയ്ക്ക് മാത്രം ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു തുടങ്ങി.
“അരുണിനെ വെറുക്കാൻ എനിക്ക് പ്രത്യേകിച്ച് ഒരു കാരണങ്ങളുമില്ല. ഇതുവരെയുള്ള സംസാരത്തിൽ നിന്ന് നമ്മുടെ പല ചിന്തകളും ഒരേ വഴിയിലൂടെയാണെന്നും എനിക്ക് ബോധ്യമായി.
പക്ഷെ, അരുൺ…വിവാഹജീവിതത്തിന് ഒട്ടും അനുയോജ്യയായ ഒരു പെണ്ണല്ല ഞാൻ.”
പെട്ടന്ന് അയാളുടെ കണ്ണുകളിൽ ഒരു ഞെട്ടൽ അവൾ വ്യക്തമായും തിരിച്ചറിഞ്ഞു.
അവൾ നോട്ടം മറ്റെവിടെയ്‌ക്കോ മാറ്റി.
” അരുൺ ഇനി ഞാൻ പറയുന്നത് മനസ്സിലാക്കണം. മനസ്സ് കൊണ്ടും സ്വഭാവം കൊണ്ടും ഞാൻ ആരുടെ മുന്നിലും ചെറുതല്ല. പക്ഷെ, പെണ്ണ് ഒരു സ്ത്രീയിലേയ്ക്ക് കൂടുമാറ്റപ്പെടുന്ന ഒരു നിമിഷം ഉണ്ട് അവളുടെ ജീവിതത്തിൽ. ആ നിമിഷം, ആ വസന്തം പക്ഷെ എന്നിൽ ഇതുവരെ ഉണ്ടായിട്ടില്ല.
എന്റെ ശരീരത്തിലെ ആ ഒരു കുറവ് മാത്രമാണ്, ഈ വിവാഹത്തിൽ നിന്ന് മാത്രമല്ല എന്റെ ജീവിതത്തിൽ ഒരു വിവാഹത്തിനും സ്ഥാനമില്ലാതാക്കിയത്! അതുകൊണ്ട് അരുൺ മറ്റൊരു നല്ല പെൺകുട്ടിയെ വിവാഹം കഴിക്കണം.
എന്നെപ്പോലെ ഒരു ഹതഭാഗ്യയെ ഒപ്പം കൂട്ടി ആ ജീവിതം നരക തുല്യമാക്കരുത്.
ഇത് മാത്രം പറയാനാണ് ഞാൻ ഈ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത് തന്നെ.ഇനി നമുക്ക് പോകാം.”
എല്ലാം ഒന്ന് തുറന്നു പറഞ്ഞ സമാധാനത്തിൽ ആയിരുന്നു നന്ദ.
ഇനിയെന്ത് വേണമെന്ന് അരുൺ തീരുമാനിക്കട്ടെ.പക്ഷെ,എന്ത് തീരുമാനിച്ചാലും അത് ഒരിക്കലും തന്റെയൊപ്പമുള്ള ഒരു ജീവിതത്തിനു വേണ്ടി ആകാതിരിക്കട്ടെ!
ഏത് വിവാഹത്തിലും എന്തെങ്കിലും ഒരു പ്രതീക്ഷയുണ്ടാവും ഇരുകൂട്ടർക്കും.
അത് കിട്ടാതെ വരുമ്പോൾ അതുവരെയുണ്ടായിരുന്ന സ്നേഹം മുഴുവനും എങ്ങോട്ടെങ്കിലും അപ്രത്യക്ഷമാകും.അതുറപ്പ്!
അതിന് ഇട കൊടുക്കണോ?
എന്തിന് ഒരാളുടെ ജീവിതം താനായിട്ട് ഇല്ലാതാക്കണം.
ഒന്ന് നിശ്വസിച്ചിട്ട് അവൾ ബാഗുമെടുത്ത് പോകാനായി എഴുന്നേറ്റു. നേരം പ്രതീക്ഷിച്ചതിലും വൈകിയിരിക്കുന്നു.
എങ്കിലും ഒരാശ്വാസം തോന്നുന്നുണ്ട്.പറയാൻ ബാക്കിയൊന്നും ഇനിയില്ലല്ലോ !
അരുൺ അപ്പോഴും അവിടെ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു. എന്തെല്ലാം കുറഞ്ഞ സമയം കൊണ്ട് പ്രതീക്ഷിച്ചതാണ്.
സന്തോഷിച്ചതാണ്.. കേട്ടതൊക്കെ മനസ്സിൽ ദഹിക്കാതെ കിടപ്പുണ്ട്.എന്തായാലും നന്നായി ഒന്ന് ആലോചിക്കണം.
നന്ദയെ നോക്കി ഒന്നും സംഭവിക്കാത്തത് പോലെ അയാൾ ചിരിച്ചു. രണ്ട് പേരും രണ്ട് വഴിക്ക് മടങ്ങിപ്പോകുമ്പോൾ എല്ലാത്തിനും മൗന സാക്ഷിയായി ചുവന്നു തുടുത്ത ആകാശം മാത്രം അവരുടെയൊപ്പം അനുഗമിച്ചു.
വീട്ടിൽ എത്തുവോളം നന്ദ ആകെ ടെൻഷനിലായിരുന്നു. എന്തായിരിക്കും അരുണിന്റെ മനസ്സിൽ. എന്ത് തീരുമാനമായിരിക്കും അയാൾ എടുക്കുക?
അരുണിനെ കണ്ടതോ, സംസാരിച്ചതോ ഒന്നും അവൾ വീട്ടിൽ ആരോടും പറഞ്ഞില്ല.
വരട്ടെ, കാത്തിരിക്കാം.
ശ്ശോ! താനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്!
ഒരു വെറും ചപലയായ പെണ്ണിനെപ്പോലെ.. വേണ്ട, ഒന്നും ആശിക്കാൻ തനിക്ക് അവകാശമില്ല. താൻ ഒന്നിനും അർഹത ഇല്ലാത്ത പെണ്ണാണ്.
വെറും ഒരു പെണ്ണ്!
പുഷ്പിണിയാകാൻ കൊതിക്കാത്ത, അതിന് കഴിയാത്ത ഒരു വെറും പെണ്ണ്.!
ഒരമ്മയാവാൻ കഴിവില്ലാത്ത പെണ്ണ് ഒരിക്കലും ഒരു കുടുംബ ജീവിതം സ്വപ്നം കണ്ട് കൂടാ.
അവൾ എന്നത്തേയും പോലെ ആഹാരം കഴിച്ച് വെറും മനസ്സോടെ ഉറങ്ങാൻ കിടന്നു.
രാവിലെ കുളിച്ച് ഒരുങ്ങി ജോലിക്ക് പോകുമ്പോഴും വെറുതെ ഓർത്തു അരുണിന്റെ ഒരു കാൾ വന്നിരുന്നെങ്കിൽ എന്ന്.
എന്ത് തീരുമാനം ആയിരിക്കും അയാൾ എടുത്തിട്ടുണ്ടാവുക. ഇങ്ങനെ ഒരു പെണ്ണിനെ ആരെങ്കിലും കയ്യേൽക്കാൻ തയ്യാറാകുമോ?
കുറെ ദിവസത്തേയ്ക്ക് അരുണിന്റെ ഒരു വിവരവും ഇല്ലായിരുന്നു. നന്ദയും ആ വിഷയം ആകെ മറന്ന മട്ടായിരുന്നു.
ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം അവൾ അരുണിന്റെ വാട്സ്ആപ്പ് വെറുതെ എടുത്തു നോക്കും. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം വെറുതെ പോലും ഒരു ഹായ് അയാളുടെ ഫോണിൽ നിന്ന് അവൾക്കായി വന്നില്ല.
ഇത്രയൊക്കെയേയുള്ളൂ ഏത് ബന്ധങ്ങളും.
കാശിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു പെണ്ണിനെ അല്ലെങ്കിലും ആർക്ക് വേണം.
ഭാഗ്യം ഒരു ജോലി സ്വന്തമായി ഉള്ളത്. ആരുടെയും മുന്നിൽ ഒരാവശ്യത്തിനും കയ്യ് നീട്ടണ്ടല്ലോ. എന്ത് കുറവുകളും ഞാൻ തനിച്ച് സഹിച്ചാൽ മതിയല്ലോ.
ആരുടെയും മുന്നിൽ കുറ്റവും കുറവുകളും എണ്ണിയെണ്ണി കേൾക്കേണ്ടി വരില്ലല്ലോ. അത് ഓർത്തപ്പോൾ അവൾ എന്നത്തേയുംകാൾ സന്തോഷവതിയായി. അന്ന് നന്ദയെ കണ്ടിട്ട് തിരികെ വന്നത് മുതൽ ആകെ കൺഫ്യൂഷനിൽ ആയിരുന്നു. എന്ത് തീരുമാനം ആണ് എടുക്കേണ്ടത്.
ഇങ്ങനെ ഒരു ഗതികേട് ഒരു പെണ്ണിനും ഉണ്ടാവില്ല. എത്ര സുന്ദരിയായ ഒരു പെണ്ണാണ് നന്ദ. എന്നിട്ടും ഇങ്ങനെ ഒരു അവസ്ഥ ആ കുട്ടിക്ക് ഉണ്ടായല്ലോ. താൻ എന്ത് മറുപടി കൊടുക്കും.
അമ്മയോട് മാത്രം ഈ കാര്യം പറഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ചു. ഒന്നും പറയാതെ ഇതിന് ഒരുങ്ങിയാൽ ഭാവിയിൽ പിന്നീട് പലതിനും മറുപടി കൊടുക്കാൻ ബുദ്ധിമുട്ടേണ്ടി വരും.
ഒടുവിൽ എല്ലാം പറയാം എന്ന് തന്നെ തീരുമാനിച്ചു. എല്ലാ മാതാപിതാക്കൾക്കും കാണില്ലേ അവരുടെ മക്കളിൽ ഒരു പേരക്കുട്ടി ഉണ്ടായിക്കാണണം എന്ന്.
അത് തന്റെ ഒരേയൊരു ഇഷ്ടത്തിന്റ പേരിൽ
നഷ്ടപ്പെടുത്തി കളയാൻ അവകാശമില്ല.
പക്ഷെ, നന്ദയെ വേണ്ടെന്ന് വെയ്ക്കാനും കഴിയുന്നില്ല. അമ്മയോട് എല്ലാം തുറന്നു പറഞ്ഞത് വീട്ടിൽ ആരുമില്ലാതിരുന്ന ഒരവസരത്തിൽ ആണ്. കേട്ടപ്പോഴേ ആ മുഖം ഇരുണ്ടു പോയി.
“പെണ്ണ് എത്ര സുന്ദരി ആയാലും ഉപയോഗശൂന്യമാണെങ്കിൽ പിന്നെ എന്തിന് കൊള്ളാം!”
“അമ്മേ..” ശാസന പോലെ അയാൾ വിളിച്ചു.
“നീ ദേഷ്യപ്പെടാൻ പറഞ്ഞതല്ല മോനെ.നിനക്ക് ഒരു തലമുറ വേണ്ടേ.ഞങ്ങൾക്ക് അത് കാണാനുള്ള അവകാശമില്ലേ. പെണ്ണ് സുന്ദരി ആയിരുന്നാൽ മാത്രം മതിയോ. നീയൊന്ന് ആലോചിക്ക്.”
അരുണിന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. എന്ത് വേണം. ഒരുപക്ഷെ, നന്ദയെ കണ്ട് മുട്ടേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപ്പോയി.
മനഃപൂർവം അവൾക്ക് ഒരു മെസ്സേജ് പോലും ഇടാതിരിക്കാൻ അയാൾ പരമാവധി ശ്രമിച്ചു.
ഇതിലും നല്ല പെൺകുട്ടിയെ നിനക്ക് കിട്ടും. നീ കുറച്ചു കൂടി കാത്തിരിക്കൂ.. അമ്മയുടെ വാക്കുകൾ അരുൺ ഓർത്തു.
മാസം ഒന്ന് കഴിഞ്ഞു.നന്ദ തീർത്തും മറന്ന് കഴിഞ്ഞിരുന്നു അരുണിനെ പരിചയപ്പെട്ടതും,അയാളുടെ പ്രൊപ്പോസലും!
ഇതിലും താല്പര്യത്തോടെ വന്ന എത്ര ആലോചനകൾ തള്ളി കളഞ്ഞിരിക്കുന്നു.
ഇതും അതിലൊന്ന് മാത്രമായി കരുതാൻ അവൾക്ക് വലിയ പ്രയാസമൊന്നും തോന്നിയില്ല.
ജോലിയിലെ തിരക്കുകൾ ആണ് പ്രധാനം. പ്രത്യേകിച്ച് തന്നെ പോലൊരു പെൺകുട്ടിക്ക് വേണ്ടാത്തതൊന്നും ആഗ്രഹിക്കാനുള്ള അവകാശമില്ല.
ഒരു വൈകുന്നേരം അവൾ ജോലി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ പതിവില്ലാതെ അകത്ത് ആളനക്കങ്ങൾ! അവൾ ചെരുപ്പ് ഊരിയിട്ട് കയറുമ്പോൾ അച്ഛൻ ചിരിയോടെ പറയുന്നു.
“ദാ, ആളിങ്ങെത്തി ” അവൾക്ക് വല്ലാത്ത മുഷിച്ചിൽ ആണ് തോന്നിയത്. ഇങ്ങനെ ഉള്ള അനാവശ്യ ചടങ്ങുകൾ ഒരിക്കലും ഈ വീട്ടിൽ ഇനിയുണ്ടാവരുത് എന്ന് എത്ര വട്ടം പറഞ്ഞിട്ടുള്ളതാണ്.
മകളുടെ മുഖത്തെ ഭാവമാറ്റം കണ്ടു അമ്മ അച്ഛനെ പാളി നോക്കി. ഇവൾ വന്നിരിക്കുന്നവരുടെ മുന്നിൽ വെച്ച് ഒന്നും മറുത്ത് പറയരുതേ ഈശ്വരാ.. എന്നവർ ഉള്ളിൽ പ്രാർത്ഥിച്ചു.
അച്ഛൻ പക്ഷെ, അതൊന്നും കാര്യമാക്കിയതേയില്ല.!
“മോളെ ഇവിടെ വരെയൊന്ന് വന്നിട്ട് പൊക്കോ.നിനക്ക് വേണ്ടിയാണു ഇവർ ഇത്രയും നേരം കാത്തിരുന്നത്.”
അവൾ അച്ഛനെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കരുത് എന്ന് കരുതി അവൾ ആവശ്യമില്ലാത്ത ഒരു ചിരി മുഖത്ത് വരുത്തി. അവിടെ ഇരുന്നവരുടെ കണ്ണുകൾ അവളുടെ എക്സ് -റേ എടുത്തു കൊണ്ടിരുന്നു. ഈർഷ്യ കൊണ്ടവൾ ചൂളിപ്പിടിച്ചു നിന്നു.
“ദേ ഇതാണ് പെൺകുട്ടി. എന്റെ ഇളയ മോളാണ്. എസ് ബി ഐ ൽ ആണ് ജോലി.”
അവൾ അവിടെ ഇരുന്നവരുടെ ഓരോ മുഖങ്ങളിലേയ്ക്കും മാറിമാറി നോക്കി.
ഏതാണ് പയ്യൻ എന്ന് ഒട്ടും മനസ്സിലാകുന്നില്ല.
എല്ലാം കുറച്ചു പ്രായമായവർ.!
“മോളെ ദാ ഇതാണ് ചെറുക്കൻ.”
ഒരു കണ്ണാടി വെച്ച വെളുത്ത ഒരാളെ ചൂണ്ടിക്കാട്ടി അച്ഛൻ പറഞ്ഞു.
അയാൾ അവളെ നോക്കിയൊന്ന് ചിരിച്ചു.
ഇതൊ?
” നിങ്ങൾക്ക് തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ ”
അവരിൽ കൂടെയുള്ള പ്രായം ചെന്ന ഒരാൾ നിർദേശിച്ചു.
അത് കേട്ട് അവൾ അർത്ഥഗർഭമായി അച്ഛനെയും പിന്നെ തിരിഞ്ഞ് അമ്മയെയും ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം അവർക്ക് അല്ലെങ്കിലും അറിയാമല്ലോ.
അവൾക്ക് പറയാനുള്ളത് പറയും എന്നൊരു സൂചന ആണ്.
പക്ഷെ, ഇവിടെ ഇനി അവൾ ഒന്നും പറഞ്ഞില്ലെങ്കിൽ പോലും അവർക്ക് യാതൊരു ആശങ്കയും തോന്നിയില്ല. തെളിഞ്ഞ മുഖത്തോടെ അവർ മകളും പയ്യനും പുറത്ത് സിറ്റൗട്ടിലേയ്ക്ക് നടക്കുന്നത് നോക്കിനിന്നു.
കുറച്ചു മൂകമായ നിമിഷങ്ങൾ കടന്നു പോകവേ അയാൾ തന്നെ ആദ്യം മുരടനക്കി.
“ഞാൻ ഡോക്ടർ രാകേഷ്. വയസ്സ് മുപ്പത്തി എട്ട്. എന്റെ രണ്ടാം വിവാഹമാണ്.വൈഫ് ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു.
ഞങ്ങൾക്ക് ആറു വയസ്സുള്ള ഒരു മകളുണ്ട്. അവൾക്കും, പിന്നെ എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നിയത് കൊണ്ട് മാത്രമാണ് വീണ്ടും ഒരു വിവാഹത്തിന് ഒരുങ്ങുന്നത്..”
അയാൾ ഒന്ന് നിർത്തി. ആ ഗ്യാപ്പിൽ അവൾ പെട്ടന്ന് എന്തോ ചാടിക്കയറി പറയാൻ ഒരുങ്ങുന്നത് കണ്ട് അയാൾ ചിരിച്ചു.
” ഞാൻ ഒന്ന് പറഞ്ഞു തീർന്നോട്ടെ. നന്ദയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അച്ഛനും അമ്മയും എന്നോട് പറഞ്ഞു. എനിക്ക് ഇനിയും ഒരു കുട്ടിയെ വേണമെന്നില്ല. പറ്റുമെങ്കിൽ എന്റെ കുഞ്ഞിനെ സ്നേഹിക്കാൻ കഴിയുന്ന ഒരമ്മയെ കൂടിയാണ് എനിക്ക് വേണ്ടത്. താല്പര്യമുണ്ടെങ്കിൽ മാത്രം നമുക്ക് വീണ്ടും കാണാം..
കാരണം ഞാൻ ഒരു രണ്ടാം കെട്ടുകാരനാണ് എന്നൊരു കുറവ് വലിയ കുറവായി തോന്നുന്നില്ലെങ്കിൽ മാത്രം എനിക്ക് ഒരു മറുപടി തന്നാൽ മതി.നന്ദയുടെ മറ്റ് പ്രശ്നങ്ങൾ ഒന്നും എനിക്ക് ബാധകമല്ല എന്ന് കൂടി പറയട്ടെ.”
അയാൾ എല്ലാം പറഞ്ഞവസാനിപ്പിച്ചതോടെ തിരിച്ച് ഒന്നും പറയാനില്ലാത്ത അവസ്ഥയാണ് അവൾക്കുണ്ടായത്. തലയും കുനിച്ച് ഒന്നും മിണ്ടാതെ നിൽക്കുന്ന നന്ദയെ നോക്കി അയാൾ പറഞ്ഞു.
“എന്നാൽ നമുക്ക് അകത്തേയ്ക്ക് ചെന്നാലോ.”
രണ്ട് പേരും വരുന്നത് കണ്ട് പെട്ടന്ന് ഹാളിൽ വല്ലാത്ത നിശബ്ദത പരന്നു. അച്ഛൻ അവളുടെ മുഖത്തേയ്ക്കാണ് നോക്കിയത്.,അമ്മയും!
പ്രത്യേകിച്ച് ഒരു വികാരവും അവിടെ കാണാൻ കഴിഞ്ഞില്ല. പെട്ടന്ന് എല്ലാവരും യാത്ര പറഞ്ഞു പോകാനിറങ്ങി.അവൾ പക്ഷെ, അവിടെ തന്നെ തറഞ്ഞു നിന്നതേയുള്ളൂ.
ഡോക്ടർ യാത്ര പറയുന്നത് പോലെ അവളെ ഒന്ന് നോക്കി. എല്ലാവരെയും യാത്രയയച്ചു തിരികെ വരുമ്പോൾ പതിവിലും തെളിച്ചം ഇരുവരുടെയും മുഖത്ത് കണ്ടു.
“കേട്ടോ മോളെ… നിന്നെ എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ആ ഡോക്ടർക്ക്.
നല്ല പയ്യൻ.ഒന്ന് കെട്ടിയതാണെന്നോ, ഒരു കുട്ടിയുണ്ടെന്നോ കണ്ടാൽ പറയില്ല !”
“അതെയതെ.. നല്ല പേഴ്സണാലിറ്റി,
നല്ല പെരുമാറ്റം. എനിക്കും ഇഷ്ടപ്പെട്ടു
ആ പയ്യനെ ”
അച്ഛൻ അമ്മയുടെ വാക്കുകൾ പിന്താങ്ങി.
ഒന്നും മിണ്ടാതെ അവൾ മുറിയിലേയ്ക്ക് പോയി. ബാത്‌റൂമിൽ ഏറെ നേരം ഷവറിന്റെ കീഴിൽ നിൽക്കുമ്പോൾ അവൾ ആലോചിക്കുകയായിരുന്നു. അച്ഛനും അമ്മയും ഇത് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ്.
ഇങ്ങനെ ഒരു ബന്ധം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. ഒരു രണ്ടാം കെട്ടുകാരനെ! പോരെങ്കിൽ ഒരു കുട്ടിയും. പക്ഷെ, നിനക്ക് ഇവരെയൊക്കെ കുറ്റം പറയാൻ എന്ത് യോഗ്യതയാണുള്ളത് ? ഉള്ളിലൊരു പെണ്ണ് തന്റെ നേർക്ക് വിരൽ ചൂണ്ടുന്നു !
ഒരു കുഞ്ഞിനെ പ്രസവിക്കാൻ പോയിട്ട്, സ്വപ്നം കാണാൻ പോലുമുള്ള യോഗ്യത നിനക്കുണ്ടോ?
ഇല്ല.. ഇല്ല.. ഇല്ല
അവൾ തലകുനിച്ചു. ഷവറിലെ വെള്ളത്തിൽ അവളുടെ കണ്ണുനീർ കുലം കുത്തിയൊഴുകി!
എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല. മനസ്സ് ഒന്ന് ശാന്തമായെന്ന് തോന്നിയപ്പോൾ അവൾ തല തുടച്ചു കൊണ്ട് ഇറങ്ങി.
അമ്മ അവളെ കാത്തിരുന്നത് പോലെ മുറിയിലുണ്ടായിരുന്നു. കണ്ണും മുഖവും വീങ്ങി ചുവന്നിരിക്കുന്നത് കണ്ട് അവരുടെ മനസ്സ് വേദനിച്ചു. പാവം, കരയുകയായിരുന്നു.
ഒന്നും പുറമെ കാണിക്കില്ല.
ഒരു രണ്ടാം കെട്ടുകാരനെ കെട്ടാൻ മകളെ നിർബന്ധിക്കേണ്ട അവസ്ഥ അവർക്ക് തീർത്തും വേദനാജനകമായിരുന്നു. സൗന്ദര്യം കൊണ്ടും, പഠിത്തം കൊണ്ടും, ജോലികൊണ്ടും എന്തിന് സ്വഭാവ മഹിമ കൊണ്ടും അവൾ ഒന്നിനൊന്നു മിടുക്കിയാണ്.
പക്ഷെ, ദൈവം അവൾക്ക് ഋതുമതിയാകാനുള്ള ഭാഗ്യം മാത്രം കൊടുത്തില്ല. പെണ്ണിന് എത്ര വലിയ ജോലിയുണ്ടെങ്കിലും, മാതാപിതാക്കൾക്ക് അവളെ ഒരു പുരുഷന്റെ കയ്യിൽ പിടിച്ചു കൊടുക്കുന്നത് വരെ സമാധാനമില്ല. അങ്ങനെ ഒരു ഭാഗ്യമാണ് ഇന്ന് കൈവന്നിരിക്കുന്നത്.
അതും എല്ലാം അറിഞ്ഞു കൊണ്ട് തന്നെ. ഒരു ഡോക്ടറും! പക്ഷെ, മകളുടെ ഒരൊറ്റ തീരുമാനത്തിൽ കുരുങ്ങിക്കിടക്കുകയാണ് തങ്ങളുടെ എല്ലാ സ്വപ്നങ്ങളും . അവളാണ് തീരുമാനം പറയേണ്ടത്. ഒന്നിച്ചു ജീവിക്കേണ്ടത് അവളാണ്.
“ചായ ആറിപ്പോകുന്നു. വന്ന് കുടിക്ക് ”
അവൾ അമ്മയുടെ കയ്യ് പിടിച്ചു നിർത്തി.
“ഞാൻ എന്ത് വേണം അമ്മേ.. ഈ കല്യാണത്തിന് സമ്മതിക്കണോ. എന്നെക്കൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് ആയോ.. പ്രസവിക്കാൻ കഴിവില്ലാത്ത എനിക്ക്, ഒരു കുഞ്ഞിനെ ഫ്രീയായി കിട്ടുന്ന ഏർപ്പാടാണ്. സന്തോഷമായില്ലേ?”
അവർ അവൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
“നീ എന്നെയും അച്ഛനെയും ഒന്ന് കൊന്ന് തരാമോ. ഞങ്ങൾക്ക് വയ്യ ഇങ്ങനെ തീ തിന്നാൻ..”
“അമ്മേ..”
അവൾ ഉറക്കെ വിളിച്ചു.
” രാജം, നീ അവളെ വിഷമിപ്പിക്കണ്ട. നിർബന്ധിച്ചു കൊണ്ട് ആരെയും ഒരു ജീവിതത്തിന് ഒരുക്കിയെടുക്കരുത്.അത് പിന്നീട് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയേയുള്ളൂ.. ”
അച്ഛൻ ശാന്തനായി തിരിഞ്ഞു നടന്നു.
അമ്മ കണ്ണുകൾ തുടച്ചു കൊണ്ട് മുറി വിട്ടിറങ്ങിപ്പോയി.
അന്ന്, ഉറക്കം ഇടയ്ക്ക് എപ്പോഴോ മുറിഞ്ഞു പോയി. രാവിലെ അത് കൊണ്ട് തന്നെ നേരത്തെ എഴുന്നേറ്റ് കുളിച്ചു. കയ്യിൽ കിട്ടിയ ഒരു കറുത്ത കരയുള്ള സെറ്റ് മുണ്ടും നേര്യതും എടുത്തു ഉടുത്തു.മുടി തുമ്പ് കെട്ടിയിട്ടു.
ചെറിയൊരു കറുത്ത പൊട്ട് നെറ്റിയിൽ ഒട്ടിച്ചു വെച്ചു. ശൂന്യമായ കണ്ണുകളിൽ കണ്മഷി കൊണ്ട് നേർത്ത ഒരു വര വരച്ചു. കണ്ണാടിക്ക് മുന്നിൽ നോക്കി ഒരല്പനേരം നിന്നു. മുഖത്ത് അപ്പോഴും ഒരു വിഷാദം ബാക്കി നിൽപ്പുണ്ട്! പക്ഷെ, ഉള്ള് വല്ലാതെ ശാന്തമാണ്!!
“അമ്മേ ഞാൻ അമ്പലത്തിൽ ഒന്ന് പോയിട്ട് വരാം.വന്നിട്ട് കുടിച്ചോളാം കാപ്പി.”
അമ്മയുടെ കയ്യിലെ കാപ്പി കപ്പ് കണ്ടിട്ടാണ് അവൾ അത് പറഞ്ഞത്. മകളുടെ പെട്ടെന്നുള്ള പോക്ക് നോക്കി അവർ ഒന്നും മനസ്സിലാകാതെ നിന്നു.
ഇവളെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ !
അവർ പെട്ടന്ന് അടുക്കളയിലേയ്ക്ക് നടന്നു. അവൾ അമ്പലത്തിൽ നിന്ന് വരുമ്പോഴേക്കും കൊണ്ട് പോകാനുള്ള ചോറും കറികളും റെഡി ആക്കണം.
തൊഴുതു മടങ്ങുമ്പോൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നു. ഇത്രയും നാൾ അരുണിന്റെ എന്തെങ്കിലും ഒരു മറുപടി എപ്പോഴെങ്കിലും തന്നെ തേടിയെത്തുമെന്ന നേർത്ത പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷെ ഒട്ടും ആഗ്രഹിച്ചില്ല. കാരണം, അയാൾ ആത്മാർഥമായി തന്നെ സ്നേഹിച്ചിരുന്നെങ്കിൽ… വേണ്ട,
ഇനി മനസ്സിനെ വെറുതെ വേണ്ടാത്ത വഴിയിലൂടെ നടത്തണ്ട.
അമ്മ എടുത്തു വെച്ച ടിഫിൻ ബോക്സ് ബാഗിലാക്കി അവൾ പോകാനായി തിരക്ക് കൂട്ടി. അമ്പലത്തിൽ പോയിട്ട് വന്നപ്പോഴേക്കും ലേശം താമസിച്ചു
“മതി അമ്മേ. ഞാൻ വൈകിട്ട് വന്നിട്ട് ബാക്കി കഴിച്ചോളാം.”
അവൾ മൊബൈൽ തപ്പിയെടുത്തു.
ബാഗിന്റെ സൈഡിലെ അറയിലേയ്ക്ക് തിരുകി വെച്ചു. അമ്മയുടെ മുഖത്ത് ഒരു വല്ലാത്ത വാട്ടമുണ്ട്. തന്നെ ഓർത്തുള്ളതാണ്!
“അമ്മ അച്ഛനോട് പറഞ്ഞേക്കൂ, ഡോക്ടറെയോ നഴ്സിനെയോ ആരെയാണെന് വെച്ചാൽ കെട്ടാൻ തയ്യാറാണെന്ന്.
ഇനി അതിന്റെ പേരിൽ ആരും വിഷമിക്കണ്ട.”
അമ്മയുടെ മുഖത്തേയ്ക്ക് നോക്കിപ്പോയാൽ ഒരുപക്ഷെ, താൻ പൊട്ടിപ്പോയേക്കുമെന്ന് തോന്നി. ബസിന്റെ സൈഡ് സീറ്റിൽ ചാരിയിരുന്നു കൊണ്ട് അവൾ പിന്നോട്ട് മറയുന്ന ഓരോ കാഴ്ചകളെയും ഓർത്തെടുക്കാൻ ശ്രമിച്ചു.
ഒരച്ഛൻ കുഞ്ഞ് മകളുടെ കയ്യും പിടിച്ചു സ്കൂൾ ബസ് കാത്തു നില്കുന്നത് കണ്ടു.
ഇതേപോലെ രണ്ട് പേർ ഒരമ്മയ്ക്കും ഭാര്യയ്ക്കും വേണ്ടി എവിടെയോ കാത്തു നിൽപ്പുണ്ട്. ഒരിക്കലും ഒരമ്മയാകാൻ കഴിവില്ലാത്ത ഒരു പെണ്ണിന് വേണ്ടിയുള്ള കാത്ത് നിൽപ്പ് !!
അവൾ തന്റെ മനസ്സിലെ നിലയ്ക്കാത്ത ചിന്തകൾക്ക് വിരാമമിടാനെന്നോണം കണ്ണുകൾ ചേർത്തടച്ചു.
അപ്പോൾ, ആ കണ്ണുകളിൽ തുളുമ്പിയ രണ്ടു തുള്ളി കണ്ണുനീർ കവിളോരം ചേർന്ന് അടർന്നു വീണു ചിതറാൻ കൊതിപൂണ്ട് നിന്നിരുന്നു.