എന്നും ജോലിക്ക് പോകുന്നതിന് മുൻപ് പതിവുപോലെ വിശാൽ തന്റെ കാമുകിയുമായി ചാറ്റിങ്ങിൽ ഏർപ്പെടുന്നത് കാണുമ്പോൾ അപർണ്ണയുടെ മുഖം കാർമേഘം കൊണ്ടത് പോലെ ഇരുണ്ടു തുടങ്ങും.

(രചന: ശാലിനി)

അസിസ്റ്റന്റ് പ്രൊഫസ്സർ ആയിരുന്ന അപർണ്ണയുടെയും ഇലക്ട്രിസിറ്റി എഞ്ചിനീയർ ആയ വിശാലിന്റെയും വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചത് തന്നെ ആയിരുന്നു.. വിശാലിന്റെ അച്ഛന്റെ സുഹൃത്ത് വഴിയാണ് ഈ ബന്ധം വന്നത്.. നാൾ പൊരുത്തം ഉത്തമമെന്ന് കണ്ടപ്പോൾ അപർണ്ണയുടെ അച്ഛനും അമ്മയ്ക്കും ഏറെ സന്തോഷമായി..

അങ്ങനെ പെണ്ണുകാണലും വിവാഹവും കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കഴിഞ്ഞു കിട്ടി.
വിവാഹത്തിന് മുൻപ് ഇടയ്ക്ക് പരസ്പരം ചാറ്റിങ്ങും ഫോൺ വിളിയും ഒക്കെ പതിവ് പോലെ ഉണ്ടായിരുന്നു.

പക്ഷേ അപ്പോഴും തുറന്നു പറയാനാവാത്ത ചില സത്യങ്ങൾ രണ്ടാളിന്റെയും ഉള്ളിൽ കിടന്ന് ഉഴറുന്നുണ്ടായിരുന്നു. ഇനിയൊന്നും പറയാൻ പോകണ്ട എന്ന് ഉള്ളിൽ ഇരുന്നു ആരോ വിലക്കിയത് പോലെ.. എന്തായാലും വിവാഹം വളരെ ഗംഭീരമായി നടന്നു. ഇനി ആദ്യരാത്രിയുടെ നിമിഷങ്ങൾ ആണ്..

പരസ്പരം എല്ലാം തുറന്നു പറയാനുള്ള, മനസ്സിലാക്കാനുള്ള ഒരു സമയം അതായിരുന്നു അവരുടെ തീരുമാനം.. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിഞ്ഞു കൊണ്ട് ഒന്നിച്ചു മുന്നോട്ട് പോവുക. ശേഷം മതി ശരീരങ്ങൾ തമ്മിലുള്ള അടുപ്പം തുടങ്ങുന്നത് എന്ന വിശാലിന്റെ അഭിപ്രായത്തോട് അവളും യോജിച്ചു..

ചൂടുള്ള പാൽ അവർക്കരികിലെ മേശപ്പുറത്തിരുന്ന് ആറിത്തുടങ്ങി. വിശാലിന്റെ തുറന്നു പറച്ചിലുകൾ അവൾക്ക് ഇഷ്ടമായി. മുൻപുള്ള ഒരു പ്രണയം വിവാഹത്തിൽ കലാശിക്കാതെ പോയ ദുഃഖം അയാൾ മറച്ചു വെച്ചില്ല.. കാമുകിയുടെ വിവാഹം കഴിഞ്ഞിരുന്നു..

അവൾ പക്ഷേ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നത് വിശാലിനെ ആണെന്ന് പറയുമ്പോൾ അപർണ്ണ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി..

ഒരു നഷ്ട ബോധം അയാളിൽ ഇപ്പോഴും പിന്തുടരുന്നുവോ എന്നൊരു സന്ദേഹം വെറുതെ അവളിൽ ബാക്കിയായി.. ചില സത്യങ്ങൾ ചാരം മൂടി കിടക്കുന്നത് തന്നെയാണ് നല്ലതെന്നു തോന്നി. തന്നെ സംബന്ധിയ്ക്കുന്ന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു കഴിഞ്ഞ് ഒരു ദീർഘ നിശ്വാസത്തോടെ വിശാൽ അവളെ നോക്കി..

അതുവരെ അയാളെ തന്നെ ഉറ്റ് നോക്കിയിരിക്കുകയായിരുന്ന അവളെ നോക്കി അയാൾ പറഞ്ഞു.

“ഇനി അപർണ്ണയുടെ കാര്യങ്ങൾ പറയൂ, കേൾക്കട്ടെ..”
അവൾക്ക് ചെറിയൊരു ടെൻഷൻ തോന്നി. എല്ലാം തുറന്നു പറച്ചിലുകളും പരസ്പരം ഉള്ള അടുപ്പം കൂട്ടാനാണ് ഉപകരിക്കുന്നതെങ്കിൽ എത്ര നന്നായിരുന്നു !

അവൾ, സാരിയുടെ മുന്താണിയിലേക്ക് കൈവിരലുകളിലെ വിയർപ്പ് ഒന്ന് അമർത്തി തുടച്ചു.. ഫാൻ നല്ല സ്പ്പീഡിൽ തന്നെ കറങ്ങുന്നുണ്ട്. പക്ഷേ ഉള്ളിലെ ചൂട് പുറത്തേക്ക് ഉയരുന്നത് കൊണ്ടാവും അവളെ വല്ലാതെ വിയർത്തുകൊണ്ടിരുന്നു ..

മനസ്സ് അറിയാതെ കുറെ വർഷങ്ങൾക്ക് പിന്നാലെ കെട്ടഴിഞ്ഞു പോയ ഒരു പട്ടം കണക്കെ ചലിക്കാൻ തുടങ്ങി. കോളേജിലേക്കുള്ള യാത്രയിൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന നേരങ്ങളിൽ താൻ പോലും അറിയാതെ തന്നെ പിന്തുടരുന്ന കണ്ണുകളെ പിന്നെയും എത്ര നാളുകൾ കഴിഞ്ഞാണ് തിരിച്ചറിയുന്നത്..

നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് മാത്രം മൂടി വെച്ചൊരു പ്രണയം ഒരാളിൽ മാത്രമായ് ഒതുങ്ങി.. അപ്പോഴേക്കും താൻ ബിഎഡ് പഠനം തുടങ്ങിക്കഴിഞ്ഞിരുന്നു.. ഒരിക്കൽ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചപ്പോൾ ആണ് ബസ് സ്റ്റോപ്പിൽ തന്നെ കാണുമ്പോൾ തിളങ്ങുന്ന രണ്ട് കണ്ണുകൾ ഓർമ്മ വന്നത്..

പക്ഷേ അച്ഛന് ആ നേരത്ത് തന്നെ വിവാഹം കഴിപ്പിച്ചു വിടാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.. തനിക്കും പഠിത്തം കഴിഞ്ഞിട്ട് മതി എന്നായിരുന്നു ഉള്ളിൽ. തന്റെ മനസ്സ് അറിഞ്ഞത് പോലെയാണ് അച്ഛൻ അയാളോട് സംസാരിച്ചത്.

“അവൾ ബിഎഡ് പഠിക്കാൻ തുടങ്ങിയതേയുള്ളു.. അത് പൂർത്തിയാക്കി കഴിഞ്ഞിട്ട് ആലോചിക്കാം.”
ആ മറുപടിയിൽ ആളത്ര തൃപ്തനായില്ലെന്ന് മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഒരു യാത്ര മൊഴി പോലെ അവളെ ഒരു നിമിഷം നോക്കി അയാൾ മടങ്ങി പോകുമ്പോൾ ആ മുഖത്തെ നിരാശ അന്ന് താൻ മാത്രമേ കണ്ടുള്ളു..
പിന്നീട്, പഠനം കഴിഞ്ഞു ഒരു കോളേജിൽ ജോലി ചെയ്യുമ്പോൾ ആണ് അയാളുടെ വിവാഹം കഴിഞ്ഞ വിവരം ആരോ പറഞ്ഞ് അറിയുന്നത്..

വീട്ടിൽ അച്ഛന് സുഖമില്ലാതെ വന്നതോടെ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കുകയായിരുന്നുവത്രേ .. ഒരു സഹ പ്രവർത്തകയുടെ വിവഹത്തിന് അപ്രതീക്ഷിതമായിട്ടാണ് ഹരി ശങ്കറിനെ കാണേണ്ടി വന്നത്. ആൾ പഴയതിലും ലേശം തടിച്ചിരുന്നു. മുഖത്ത് താടി രോമങ്ങൾ വളർന്നിരുന്നു..

വിവാഹം കഴിഞ്ഞതും ഭാര്യയെ കുറിച്ചും എല്ലാം അവളോട് അയാൾ സംസാരിച്ചു.
നല്ലൊരു ജോലിയുണ്ടെങ്കിലും കാണാൻ തീരെ ഭംഗിയില്ലാത്ത ഒരു കുട്ടി. തന്റെ സൗന്ദര്യവും നീണ്ട മുടിയും ഒന്നും അവൾക്കില്ലെന്ന് നിരാശയോടെയാണ് അയാൾ പറഞ്ഞത്. അവളുടെ വിവാഹം ഇനിയും കഴിഞ്ഞിട്ടില്ല എന്നറിഞ്ഞപ്പോൾ ഒന്ന് അമർത്തി മൂളിയത് അവൾ ശ്രദ്ധിച്ചു. എത്ര നാളുകൾ വേണമെങ്കിലും കാത്തിരിക്കുമായിരുന്നു.

പക്ഷെ, അച്ഛന്റെ നിർബന്ധം കൊണ്ട് നിവൃത്തി ഇല്ലാതെ പോയി. രണ്ട് അറ്റാക്ക് വന്ന് മരണം ഏത് സമയത്തും ഉറപ്പിച്ചു വെച്ചിരുന്ന ആളിനോട് എതിർത്തു നിൽക്കാൻ കഴിഞ്ഞില്ല..
അന്നത്തെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ പരസ്പരം ഫോൺ വിളികൾ തുടർന്നു.
നല്ലൊരു സുഹൃത്തായി ഇരിക്കുന്നതിന് അപർണ്ണയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ നമ്പർ കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല.

എല്ലാം പറഞ്ഞു കഴിഞ്ഞു വീണ്ടും അവൾ വിശാലിനെ ഒന്ന് നോക്കി.. ഇനി പറയുന്നത് ഒരുപക്ഷേ അയാൾക്ക് അംഗീകരിക്കാൻ ആവില്ല എന്ന് ഉറപ്പുണ്ടായിരുന്നു..
എങ്കിലും ആ മുഖം അവളുടെ ആത്മ വിശ്വാസം കൂട്ടുകയാണ് ചെയ്തത്..

” ഫോണിലൂടെ ഇന്നും ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്.. ആൾ എന്റെ നല്ലൊരു ഫ്രണ്ട് മാത്രമായിരിക്കും എന്നും.”

അവളുടെ വിയർത്ത കൈകൾ ചേർത്ത് പിടിച്ച് കൊണ്ടാണ് അയാൾ പറഞ്ഞത്..

“നെവർ മൈൻഡ്.. ഇതിലൊന്നും വലിയ കാര്യമില്ല. വെറുമൊരു ഫ്രണ്ട്ഷിപ്പ് ആയിട്ട് കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ.. ഞങ്ങൾ ഇപ്പോഴും നല്ല കൂട്ടാണ്. അതുകൊണ്ട് അപർണ്ണയ്ക്ക് ആ കാര്യത്തിൽ പേടി വേണ്ട.. ഞാൻ അങ്ങനെ സംശയിക്കുന്ന ആളുമല്ല.. ”

പക്ഷേ കഥ പറഞ്ഞു തീരുമ്പോൾ വിശാലിന്റെ മുഖത്ത് ഇതാണോ വലിയ രഹസ്യം എന്നൊരു അതിശയം ഉണ്ടായിരുന്നു എന്ന് അവൾക്കു തോന്നി.

അന്ന് വളരെ സമാധാനത്തോടെയാണ് രണ്ട് പേരും ഉറങ്ങിയത്. മനസ്സിൽ ഇനിയൊന്നും പറയാനായി ബാക്കി വെച്ചിട്ടില്ല എന്ന ചിന്ത തന്നെ വലിയ ആശ്വാസം തരുന്നതായിരുന്നു.
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു..
രണ്ട് പേരും അവരുടേതായ സ്വകാര്യ സന്തോഷങ്ങളും തുടർന്ന് കൊണ്ടിരുന്നു..
ദിവസേനയുള്ള ഫോൺ വിളികളും ചാറ്റിങ്ങും മാത്രമായിരുന്നു അവരുടെതായ കുറച്ചു നിമിഷങ്ങൾ..

ബാക്കിയുള്ള നേരങ്ങളിൽ അവൾ അവന് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുകയും ഒന്നിച്ചു സിനിമ കാണാൻ പോകുകയും ഒക്കെ ചെയ്തു ജീവിതം താളം തെറ്റാതെ കൊണ്ട് പോന്നു.

രണ്ട് വർഷത്തിന് ശേഷം ഒരു ഓമനയായ മകളും അവർക്കിടയിലേക്ക് കടന്നു വന്നു.
അവരുടെ ജീവിതം ബന്ധങ്ങൾ തീർത്ത ഇഴയടുപ്പങ്ങൾ കൊണ്ട് കൂടുതൽ ദൃഡമായി തുടങ്ങി..

അതുകൊണ്ട് തന്നെ അവർ പരസ്പരം കൂടുതൽ സ്വാർത്ഥരായിക്കൊണ്ടുമിരുന്നു.
എന്നും ജോലിക്ക് പോകുന്നതിന് മുൻപ് പതിവുപോലെ വിശാൽ തന്റെ കാമുകിയുമായി ചാറ്റിങ്ങിൽ ഏർപ്പെടുന്നത് കാണുമ്പോൾ അപർണ്ണയുടെ മുഖം കാർമേഘം കൊണ്ടത് പോലെ ഇരുണ്ടു തുടങ്ങും.

താൻ ഇത്രയൊക്കെ സ്നേഹിച്ചിട്ടും വിശാലിന് അവൾ എന്ത് സന്തോഷം ആണ് തരുന്നതെന്ന് ചിന്തിച്ചു ചിന്തിച്ചു അപർണ്ണയ്ക്ക് തലവേദന കൂടാൻ തുടങ്ങി..

വിവാഹം കഴിഞ്ഞ പൂർവ കാമുകനെ ഇനിയെങ്കിലും അയാളുടെ വഴിക്ക് വിടാത്ത ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത അവളോട് അപർണ്ണയ്ക്ക് പക തോന്നാൻ തുടങ്ങി.

ജോലി കഴിഞ്ഞു വരുന്ന നേരങ്ങളിൽ അപർണ്ണ അവളുടെ സുഹൃത്തുമായി ചാറ്റ് ചെയ്ത് സന്തോഷിക്കുന്നത് കാണുമ്പോൾ വിശാലിന്റെ മുഖവും കടന്നൽ കുത്തിയത് പോലെ വീർക്കാൻ തുടങ്ങി. ഇത്ര നാളുകൾ കഴിഞ്ഞിട്ടും അവൾക്ക് അയാളെ മറക്കാൻ കഴിഞ്ഞില്ലേ എന്ന് ആശങ്കപ്പെടാൻ തുടങ്ങി..

താൻ കൊടുക്കുന്നതിലും എന്ത്‌ മേന്മയാണ് അയാൾക്കുള്ളതെന്നോർത്ത് വിശാലും ചൂട് പിടിക്കാൻ തുടങ്ങി. രണ്ട് പേർക്കിടയിലേയ്ക്ക് മൂന്നാമതൊരാളിന്റെ കടന്ന് വരവുകൾ കുടുംബ ജീവിതത്തെ താളം തെറ്റിക്കുമെന്ന് അവരറിഞ്ഞു തുടങ്ങി..

പക്ഷേ രണ്ടുപേരും അവരുടെതായ സന്തോഷങ്ങൾ വിട്ടുകളയാൻ എന്നിട്ടും ഒരുക്കവുമല്ലായിരുന്നു..
അല്ലെങ്കിൽ ഇനിയും ഇത് തുടർന്ന് കൊണ്ട് പോകുന്നത് ശരിയല്ല എന്ന് പരസ്പരം തുറന്നു പറയാൻ അവർക്ക് കഴിയാതെ പോയി..

ഒരിക്കൽ അപർണ്ണയ്ക്ക് അപ്രതീക്ഷിതമായി സുഹൃത്തിന്റെ കൂടെ പുറത്ത് പോകാനുള്ള ക്ഷണം കിട്ടി.. അവൾ ഒന്നും ആലോചിക്കാതെ ആണ് സമ്മതം മൂളിയത്.. അയാൾ ഒരുപാട് നാളുകൾക്ക് ശേഷം നാട്ടിൽ ആരെയോ കാണാൻ എത്തിയതായിരുന്നു..

ടൗണിൽ നിന്ന് കുറച്ചു മാറിയുള്ള ഒരു പാർക്കിൽ ഒരു കൂടിക്കാഴ്ച്ചയ്ക്ക് അപർണ്ണയെ ക്ഷണിക്കുമ്പോൾ അവൾക്ക് പെട്ടന്ന് ഒരു മറുപടി കൊടുക്കാൻ ബുദ്ധിമുട്ട് തോന്നി. എങ്കിലും
വിശാൽ എതിർപ്പ് ഒന്നും പറയില്ലെന്ന് ആണ് കരുതിയത്..

കാര്യം അവതരിപ്പിച്ചതും അയാളുടെ പുതിയൊരു മുഖം അവൾക്ക് അന്ന് ആദ്യമായി കാണേണ്ടി വന്നു.
പക്ഷേ, വർഷങ്ങൾക്ക് ശേഷം അന്നാണ് ആദ്യമായി അവൾ വിശാലിൽ ഒരു ഭർത്താവിന്റെ അധികാരം കാണുന്നത്..

“വേണ്ട. പറ്റില്ല.. ഫോണിലൂടെയുള്ള കൊഞ്ചല് തന്നെ ധാരാളം. ഇനി പുറത്ത് വെച്ച് ഒന്നിച്ചുള്ള കാഴ്ചകൾ ഒന്നും വേണ്ട..” അയാൾ അവസാന വാക്ക് പോലെ പറഞ്ഞു നിർത്തി.

“വിശാലിന് എന്നെ സംശയം ആണോ..? ഇങ്ങനെ ആയിരുന്നില്ലല്ലോ മുൻപ് പറഞ്ഞിരുന്നത്. വിശാൽ എത്ര നേരമാണ് അവളുമായി ചാറ്റ് ചെയ്യുന്നത്. നിങ്ങൾ എവിടെയൊക്കെ വെച്ച് കാണാറുണ്ട് എന്ന് പോലും ഞാൻ തിരക്കുന്നില്ലല്ലോ..”

” അതാണ് പറഞ്ഞത്. ഇനി നമുക്ക് രണ്ടു പേർക്കും അങ്ങനെ ഉള്ള ബന്ധങ്ങൾ ഒന്നും വേണ്ട. ഞാൻ നിനക്ക് വേണ്ടി ഏത് ബന്ധവും ഉപേക്ഷിക്കാൻ തയ്യാറാണ്…
നമ്മുടെ സന്തോഷകരമായ കുടുംബ ജീവിതത്തിന് വേണ്ടി എന്ത് വിട്ട് വീഴ്ചയ്ക്കും ഞാൻ തയ്യാറാണ്..
എന്റെ എല്ലാ ഇഷ്ടങ്ങളും ഞാൻ ഉപേക്ഷിക്കാൻ തയ്യാറാണ്..”

അവൾ, ആദ്യമായി കാണുന്നത് പോലെ അത്ഭുതത്തോടെയും അതിശയത്തോടെയും അയാളെ നോക്കി. ഇങ്ങനെ ഒരു വാക്ക് അന്ന് ആദ്യ രാത്രിയിൽ പറഞ്ഞിരുന്നെങ്കിൽ വിശാലിനോട്‌ വല്ലാത്ത ഒരു ബഹുമാനം തോന്നിയേനേ.. ഒരു പുരുഷനും സ്വന്തം ഭാര്യ മറ്റൊരാളിനോട് കൂടുതൽ അടുക്കുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ്. പക്ഷെ, അന്ന്
അയാളുടെ ഇഷ്ടങ്ങൾ തുടരാൻ വേണ്ടി തന്റെ ഇഷ്ടങ്ങളെ പൂർണ്ണമായും തനിക്ക് വിട്ടു തരികയായിരുന്നു…

അതായിരുന്നു സത്യം.
അന്ന് അവൾ കുറെയേറെ ചിന്തിച്ചു..
താനൊരു കോളേജ് അധ്യാപിക ആണ് . ഇതുവരെയും ആ ഒരു പദവിക്ക് ചേരാത്ത ഒരു പ്രവൃത്തിയും തന്നിൽ നിന്നുണ്ടായിട്ടില്ല .

ഹരിയോട് അടുത്തത് പോലും മറ്റൊരു കണ്ണ് കൊണ്ടല്ല. അന്ന് അതൊക്കെ തുറന്നു പറഞ്ഞപ്പോൾ തന്നെ വിലക്കുകയോ ശാസിക്കുകയോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ ഭർത്താവെന്ന പദവിയോട് അനുസരണ കാട്ടാൻ ഒട്ടും അലോചിക്കേണ്ടി വരില്ലായിരുന്നു. വിശാലിന്റെ ഇപ്പോഴും തുടരുന്ന മുൻ ബന്ധം അറിഞ്ഞപ്പോൾ ഒരു വല്ലാത്ത നീറ്റൽ ഉള്ളിന്റെയുള്ളിൽ ഉണ്ടായത് മറച്ചു വെച്ചവളാണ് താൻ.

ഒടുവിൽ അപർണ്ണ ഒരു തീരുമാനം എടുത്തു. വിശാൽ പറഞ്ഞതിനോട് യോജിക്കുന്നു.
തങ്ങളുടെ ഇടയിൽ ഇനിയും മറ്റൊരാൾ ഉണ്ടാവാൻ പാടില്ല.. അല്ലെങ്കിൽ തന്നെയും തന്നിൽ കുറച്ചു നാളായിട്ട് തന്റെ സുഹൃത്ത് കൂടുതൽ അധികാരം കാണിക്കാൻ ശ്രമിക്കുന്നു എന്ന് തോന്നി തുടങ്ങിയിരുന്നു. ഒരിക്കലും വെറുമൊരു സുഹൃത്ത് ബന്ധമായി പുരുഷനും സ്ത്രീയ്ക്കും ജീവിക്കാൻ എന്ത്‌ കൊണ്ടാണ് കഴിയാത്തത്..
വേണ്ട..

ഇനിയും ഈ ബന്ധം തുടരാൻ താല്പ്പര്യം ഇല്ല എന്ന് ഒരു മെസ്സേജ് ഇട്ടത് പെട്ടെന്ന് ഡിലീറ്റ് ചെയ്തു. അത് കുറച്ചു ക്രൂരതയല്ലേ. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ എന്ത് മാനസാന്തരമാണ് തനിക്ക് പറ്റിയുണ്ടാവുകയെന്ന് അയാൾ സംശയിക്കില്ലേ..

എന്ത് മറുപടിയാണ് കൊടുക്കുക എന്ന് ചിന്തിച്ചു അവൾക്ക് തല പെരുത്തു..
അല്ലെങ്കിൽ എന്ത് കൊണ്ട് വിശാലിനെയും ഒപ്പം കൂട്ടിക്കൂടാ. തങ്ങൾ രണ്ടു പേരും ഒന്നിച്ചു ചെല്ലുമ്പോൾ അയാൾക്ക് മറുത്തൊന്നും ചിന്തിക്കാൻ കഴിയില്ല..

വെറുമൊരു ഒരു സൗഹൃദ സംഭാഷണം മാത്രം. വിശാലിന് തന്റെ ആവശ്യം നിരാകരിക്കുവാൻ കഴിയുമോ ?
ഒരിക്കലും ഇല്ല. ഇന്നത്തെ കൂടിക്കാഴ്ചയോടെ ഈ ബന്ധത്തിന് തിരശീല ഇടണം. കൂടെ കഴിയുന്ന ഭർത്താവിന്റെ ആഗ്രഹവും താൽപ്പര്യവുമാണ് തനിക്കിനി വലുത്. വിശാലും അങ്ങനെ തനിക്ക് വേണ്ടി മാറാമെന്ന് അറിയിച്ചു കഴിഞ്ഞു.

“വരാം, ഞങ്ങൾ രണ്ട് പേരും ഒന്നിച്ചാണ് വരുന്നത്..”

ഹരിശങ്കറിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചിട്ട് അവൾ ഒരു ദീർഘ നിശ്വാസം ഉതിർത്തു.. അയാൾക്കും ഉണ്ട് തന്നെ പോലെ തന്നെ സ്നേഹിക്കാൻ കഴിവുള്ളൊരു ഭാര്യ. ഭംഗിക്കുറവ് ഒക്കെ പുറമെ മാത്രമാണ്. അത് തന്നെ വീണ്ടും കണ്ടത് കൊണ്ട് തോന്നുന്നതുമായിരിക്കാം.
ആ തോന്നലിൽ നിന്നാണ് പല തെറ്റുകളും ഉണ്ടാവുന്നത് .

അയാൾ ഇനിയെങ്കിലും സ്വന്തം ഭാര്യയെ സ്നേഹിച്ചു തുടങ്ങട്ടെ.. തന്നെ പോലെ ഒരു സ്ത്രീ ആണ് അവളും..പോരെങ്കിൽ വലിയൊരു ഉദ്യോഗസ്ഥയും.

വൈകുന്നേരം വിശാൽ വരുമ്പോൾ സിറ്റ് ഔട്ടിൽ കാത്തു നിൽക്കുന്ന അപർണ്ണയെ കണ്ട് അയാൾ ഒന്ന് അമ്പരന്നു.. എപ്പോൾ നോക്കിയാലും ഫോണും കയ്യിൽ പിടിച്ചു ചാറ്റ് ചെയ്യുന്ന ഭാര്യയെ മാത്രമേ മുൻപ് കണ്ടിട്ടുള്ളൂവല്ലോ..
“എന്താണ് ഇന്ന് സർപ്രൈസ് ”
ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയ അവൾ ചായയുമായി തിരികെ വരുമ്പോൾ കയ്യിൽ ഫോണുമുണ്ടായിരുന്നു..

“ദാ നോക്ക് ”
അവൾ നീട്ടിയ ഫോണിലേക്ക് നോക്കി അയാൾ ഒന്നും മനസ്സിലാകാതെ വീണ്ടും അവളെ നോക്കി..

അവൾ ഹരിശങ്കറിനയച്ച മെസ്സേജ് അവൾ കാട്ടിക്കൊടുത്തു.
പിന്നെ സമ്മതം പോലെ തല ചെരിച്ചു കൊണ്ട് അയാളെ നോക്കി.
ഒന്ന് ആലോചിച്ചിട്ടാണ് അയാൾ തല കുലുക്കിയത്.

“സമ്മതം ”
“ഇനി നമുക്കിടയിൽ മറ്റൊരാൾ വേണ്ട. തിരിച്ചു വിശാലിൽ നിന്നും ഞാൻ ഇതാണ് പ്രതീക്ഷിക്കുന്നത്.. ”
അയാൾ സ്നേഹത്തോടെ അവളെ തന്നിലേക്ക് അടുപ്പിച്ചു..

“എനിക്കറിയാം.. എല്ലാം എന്റെ തെറ്റാണ്. എന്റെ ആഗ്രഹത്തിന് തടസ്സമാകാതിരിക്കാൻ വേണ്ടി ഞാൻ ഒരു ഭർത്താവും അനുവദിച്ചു തരാത്ത കാര്യമാണ് ചെയ്തത്. ആ നമ്പർ എപ്പോഴേ ഞാൻ കളഞ്ഞു. നോക്ക്..”

അയാൾ നീട്ടിയ ഫോൺ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിച്ചു കൊടുത്തിട്ട് അവൾ അയാളുടെ നെഞ്ചിലേയ്ക്ക് ചേർന്ന് നിന്നു..

Leave a Reply

Your email address will not be published. Required fields are marked *