രേവതി
(രചന: Treesa George)
എന്റെ നിഖിലേട്ടന് ഇത് എന്ത് പറ്റി. ഉള്ള യൂട്യൂബ് ചാനൽ മൊത്തം കണ്ടിട്ട് രാവിലെ തന്നെ എന്നെ പ്രാങ്ക് ചെയ്യാൻ ഇറങ്ങിയേക്കുവാണോ.
രേവതി നിന്റെ ഈ ഡയലോഗ് കേൾക്കാൻ അല്ലാ ഞാൻ ഇപ്പോൾ വന്നത്.
ഞാൻ പറഞ്ഞത് നിനക്ക് മനസിലായിട്ടുണ്ടെന്നു എനിക്ക് അറിയാം. പിന്നെ ഇപ്പോൾ ചുമ്മാ കിടന്നു പൊട്ടൻ കളിക്കല്ലേ.
ഇല്ല. ഏട്ടൻ പറയുന്നത് ഒന്നും എനിക്ക് മനസിലായില്ല.
അമ്മ കൊണ്ട് വന്ന ആ ആലോചന എനിക്ക് എതിര് പറയാൻ പറ്റില്ല .എനിക്ക് എന്റെ പെങ്ങമ്മാരുടെ ഭാവി നോക്കണം.
നിനക്ക് പെങ്ങന്മാർ ഉണ്ടെന്ന് ഇപ്പോൾ ആണോ ഓർക്കുന്നത്. എന്റെ പുറകെ പ്രേമിച്ചു നടന്നപ്പോൾ ഇത് ഒന്നും ഓർത്തില്ലേ.
നമ്മുടെ ഇത്രെയും വർഷത്തെ ബന്ധം നിനക്ക് ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ചു പോകാൻ പറ്റുമോ. അങ്ങനെ ഞാൻ ഇല്ലാതെ ഒരു ദിവസം നിനക്ക് ജീവിക്കാൻ പറ്റുമോ.
വെറുതെ അല്ല അമ്മ പറഞ്ഞത്. അഷ്‌ടിക്ക് വക ഇല്ലാത്ത വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ഇത്തിൾ കണ്ണി പോലെ പറ്റി കൂടും എന്ന്.
അല്ലേലും നിനക്ക് എന്നെ കെട്ടാൻ എന്ത് യോഗ്യത ആണ് ഉള്ളത്. അതും പറഞ്ഞു അവൻ അവളെ ഒന്ന് പുച്ഛിച്ചു.
അവന്റെ മുഖത്തെ പുച്ഛം വക വെക്കാതെ വീണ്ടും അവൾ അവന്റെ കാലു പിടിച്ചു.
പ്ലീസ് നിഖി, നീ എന്നെ ഉപേക്ഷിച്ചു പോവല്ലേ. നീ ഇല്ലാതെ എനിക്ക് പറ്റില്ല.
ഒന്ന് പോ പെണ്ണേ. അവൻ അവളുടെ കൈ തട്ടിമാറ്റി നടന്നു പോയി.
തന്റെ 9 വർഷത്തെ പ്രണയം ആണ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു പോയത്.
ഞങ്ങളുടെ കുഞ്ഞ് വീട്, കുഞ്ഞുങ്ങൾ അങ്ങനെ തങ്ങൾ പ്ലാൻ ചെയ്തത് എല്ലാം അവളുടെ മനസിലൂടെ കടന്നു പോയി. അല്ലാ പഠിക്കാൻ വീട്ടുകാർ വിട്ട സമയത്തു പ്രേമിച്ചു നടന്ന ഞാൻ കുറ്റക്കാരി തന്നെ.
വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു. നിഖിൽന്റെ അമ്മ കല്യാണം വിളിക്കാൻ വന്നിരുന്നു. ഇനി ഇപ്പോൾ നീ അവനെ ആലോചിച്ചു കൈ മുറിക്കാൻ ഒന്നും നിക്കേണ്ട.
അമ്മക്ക് ഇത് എങ്ങനെ അറിയാം. അത് അവൾക്ക് ഒരു ഷോക്ക് ആയിരുന്നു.
അവൾ അമ്മേനെ നോക്കി.
ഞാൻ നിന്റെ അമ്മ അല്ലേ. എനിക്ക് അറിയാം നിന്നെ. അവനെ പോലെ ഒരു ചതിയൻ ജീവിതത്തിൽ കൂടെ ഇല്ലാത്തത് ആണ് നല്ലത്. അവൾ അമ്മേനെ കെട്ടിപിടിച്ചു കരഞ്ഞു.
നിഖിൽ തന്റെ അയല്പക്കം. ഒരുമിച്ചു വളർന്നവർ. എപ്പോഴോ അത് പ്രണയത്തിനു വഴിമാറി.
പക്ഷെ ഇന്ന് കാശ്കാരി പെണ്ണ് കൊച്ചിന്റെ ആലോചന വന്നപ്പോൾ എല്ലാ തേപ്പിലെയും പോലെ അവൻ കുടുംബത്തിന്റെ കഷ്ടപാടിന്റെ കഥ പറഞ്ഞു തെന്നിമാറി.
അവന്റെ കല്യാണം കഴിഞ്ഞതും കുട്ടികൾ ആയതും അവൾ അറിഞ്ഞു.
പെട്ടെന്ന് ഒന്നും അവനെ മറക്കാൻ എളുപ്പം അല്ലായിരുന്നു അവൾക്ക് .കുറേ കാലം അവൾ ആരോടും ഒന്നും മിണ്ടാതെ കാലം കഴിച്ചു കൂട്ടി.
പിന്നീട് അവൾ ചിന്തിച്ചു. അവൻ എന്നെ പറ്റി ഓർക്കുന്നത് പോലും ഇല്ല. ഞാനോ അവനെ ആലോചിച്ചു ജീവിതം കളയുന്നു. ആ ചിന്ത അവൾക്ക് ഒരു തിരിച്ചു അറിവ് ആയിരുന്നു.
സ്വന്തം ആയി ഒരു ജോലി വേണം. അപ്പനെയും അമ്മേനെയും നോക്കണം. തന്നെ കൊണ്ട് തന്റെ മാതാപിതാക്കൾക്ക് ഗുണം ഉണ്ടാവണം.
പിന്നീട് അതിനു വേണ്ടി ഒരു പരിശ്രമം ആയിരുന്നു. അവൾ ഒരു psc കോച്ചിങ് സെന്ററിൽ ചേർന്നു.
കൂട്ടത്തിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കാനും. കഠിനമായി പഠിചെങ്കിലും വിജയം അത്ര എളുപ്പം അല്ല എന്ന് അവൾ മനസിലാക്കി.
എങ്കിലും അവൾ തോൽക്കാൻ തയ്യാർ അല്ലായിരുന്നു. പിന്നെ അവൾക്ക് സാമ്പത്തികം ഇല്ലാത്ത കൊണ്ട് നാട്ടുകാരുടെയും ബന്ധുക്കയുടെയും വക കല്യാണ ആലോചനയുടെ ശല്യം ഒന്നും ഇല്ലായിരുന്നു.
ഒരിക്കൽ അവളെ കാണാൻ ഒരാൾ വന്നു. ആ ആളുടെ വരവ് അവളെ അത്ഭുതപെടുത്തി. അത് മറ്റാരും ആയിരുന്നില്ല. അവളുടെ മുൻകാമുകൻ ആയിരുന്നു.
അവൾ ചോദിച്ചു എന്തേ എന്നെ ഇപ്പോൾ കാണാൻ വന്നത്.
ശവത്തെ കുത്താതെ രേവതി. നീ അറിഞ്ഞു കാണുമല്ലോ ഞാൻ ഡിവോഴ്സ് ആയത്. ആ കല്യാണം ഒരു ചതി ആയിരുന്നു.
അവളുടെ വയറ്റിൽ വളർന്ന കൊച്ചിന് ഒരു അച്ഛനെ കണ്ട് പിടിച്ചത് ആയിരുന്നു അവർ.
അവൾ 7മാം മാസത്തിൽ പ്രസവിച്ചത് മാസം തികയാതെ ആയിരുന്നു എന്ന അവളുടെ വീട്ടുകാരുടെ കള്ളം ഞാൻ വിശ്വാസിച്ചു പോയി. സത്യങ്ങൾ ഒക്കെ അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി.
എല്ലാം നിന്നോട് ചെയ്തതിന് ഉള്ള ശിക്ഷ ആണ്. ഞാൻ ഇപ്പോൾ അത് തിരുത്താൻ ആണ് വന്നത് .എനിക്ക് അറിയാം നീ എന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണ് ഇപ്പോഴും കല്യാണം കഴിക്കാത്തത് എന്ന്.
തന്നോട് അങ്ങനെ ആണ് എന്ന് ആര് പറഞ്ഞു. ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ട്. പണ്ട് തന്നോട് ഉള്ള പ്രേമത്തിൽ മതി മറന്ന് ഞാൻ എന്റെ പഠനം ഒരുപാട് ഉഴപ്പി.
പിന്നെ ഇപ്പോൾ തനിക്ക് ഉള്ളത് പശ്ചാതാപം ഒന്നും അല്ല. തന്റെ ലൈഫ് നല്ല രീതിയിൽ പോയിരുന്നു എങ്കിൽ താൻ എന്നെ ഓർക്കുക പോലും ഇല്ലായിരുന്നു.
പിന്നെ എന്റെ സമയം കളയാണ്ട് പോകാൻ നോക്ക്. ഞാൻ ഇപ്പോഴും ആ ദരിദ്രവാസി തന്നെ. താൻ ഇപ്പഴും ചെറുപ്പകാരൻ തന്നെ. തനിക്ക് വേറെ പെണ്ണ് കിട്ടും.
അവർ ഒന്നും നീ ആകില്ലല്ലോ രേവതി.
താൻ ഇത് മുമ്പ് പറഞ്ഞിരുന്നേൽ കേൾക്കാൻ ഒരു രസം ഉണ്ടായിരുന്നു. ഇപ്പോൾ ഇത് കോമഡി ആയിട്ട് ആണ് തോന്നുന്നത്.
പിന്നീട് അവൾ അവൻ പറഞ്ഞത് ഒന്നും കേട്ടില്ല.
അവളുടെ മനസ്സിൽ psc യുടെ നാല് ഉത്തരം പഠിക്കാൻ ഉള്ള സമയം പോയല്ലോ എന്ന ചിന്ത മാത്രം ആയിരുന്നു……