പിന്നെ ആരുടെയൊക്കെ എന്തൊക്കെ ഫോട്ടോസാണ് ഓരോത്തരുടെയും കയ്യിൽ കിട്ടുകയെന്ന് പറയാൻ പോലും പറ്റില്ല. നമുക്ക് നാലുപേർക്കും കൂടി  ദൂരെ എവിടെയെങ്കിലും എക്സാമൊക്കെ കഴിഞ്ഞിട്ട്

(രചന: ശാലിനി)

എത്ര ദിവസം കൊണ്ട് തുടങ്ങിയ ഒരുക്കമാണ്. നിലത്തും താഴെയുമൊന്നുമല്ല പെണ്ണ്.
പത്താം ക്ലാസ്സിൽ ആണ് ഹേമയുടെ മൂത്ത മകൾ ഹരിപ്രിയ പഠിക്കുന്നത്.
സ്റ്റഡി ടൂറിനു പോകാനുള്ള അറിയിപ്പ് സ്കൂളിൽ നിന്ന് കിട്ടിയത് മുതൽ അവൾക്ക് ഒരേ വാശി.

“അമ്മ..ഞാനും കൂടി പൊയ്ക്കോട്ടേ? ഇതൊക്കെയല്ലേ അമ്മ ഒരു സന്തോഷം. ഞാൻ ഇനി ടെൻത്ത് കഴിഞ്ഞാൽ വേറെ ഏതെങ്കിലും സ്കൂളിലാണ് പഠിക്കുന്നതെങ്കിലോ. അപ്പോൾ എന്റെ ഫ്രണ്ട്സിനോടൊപ്പമുള്ള ഈ യാത്ര എനിക്ക് മിസ്സാവില്ലേ? അമ്മ അച്ഛനോട് പറഞ്ഞു ഒന്ന് സമ്മതിപ്പിക്കണേ. പ്ലീസ്…എന്റെ ചക്കരയമ്മയല്ലേ..”

കാര്യം കാണാൻ എന്താ അവളുടെ ഒരു ഇളക്കം!

“എനിക്ക് ഒട്ടും താൽപര്യമില്ല ടൂറിനു പോകുന്നതിനോട്. ഇപ്പോഴത്തെ കാലമാണ്. എല്ലാത്തിന്റെയും കയ്യിൽ ഫോണും കാണും.

പിന്നെ ആരുടെയൊക്കെ എന്തൊക്കെ ഫോട്ടോസാണ് ഓരോത്തരുടെയും കയ്യിൽ കിട്ടുകയെന്ന് പറയാൻ പോലും പറ്റില്ല. നമുക്ക് നാലുപേർക്കും കൂടി ദൂരെ എവിടെയെങ്കിലും എക്സാമൊക്കെ കഴിഞ്ഞിട്ട് പോകാം..എന്താ അത് പോരെ ?”

കടന്നൽ കുത്തിയത് പോലെ മുഖം വീർപ്പിച്ചു കൊണ്ട് അവൾ നിഷേധ ഭാവത്തിൽ തലയിളക്കി.

“പറ്റില്ല. നിങ്ങളുടെ കൂടെയല്ലേ എപ്പോഴും ഞാൻ പോകാറുള്ളത്.
ഇത്‌ അങ്ങനെയാണോ ? എന്റെ ഫ്രണ്ട്സിനോടൊപ്പമുള്ള ലാസ്റ്റ് ചാൻസ് ആണ് ഇത്. എനിക്ക് പോയെ പറ്റൂ..”

“ങ്ങ്ഹും, ഞാനൊന്ന് അച്ഛനോട് ചോദിച്ചു നോക്കട്ടെ. എന്തായാലും എന്റെ സമ്മതം
മോള് പ്രതീക്ഷിക്കണ്ട.”

പറഞ്ഞു തീർത്തത് പോലെ അവർ മുറി വിട്ടിറങ്ങിപ്പോയി.
മനസ്സ് മുഴുവനും മൂടിക്കെട്ടിയത് പോലെ..വല്ലാത്ത ഒരു പേടി. ഒരു സ്വസ്ഥതക്കുറവ്…

ഇളയത് ഒരാൺകുട്ടിയാണ്. പക്ഷെ, മകളുടെ അത്രയും സാമർഥ്യം ഇല്ല അവന്.

പഠിക്കണം, പിന്നെ എന്തെങ്കിലും വരയ്ക്കുകയോ കളറ് ചെയ്യുകയോ ഒക്കെയാണ് ആളിന് താല്പര്യം. പക്ഷെ, മകളുടെ പ്രകൃതം കാണുമ്പോൾ വല്ലാത്ത പേടി തോന്നുന്നു.
പോരെങ്കിൽ പ്രായത്തെക്കാൾ കൂടിയ ശരീര വളർച്ചയും!

ഒതുക്കമുള്ള ഡ്രെസ്സുകൾ സെലക്ട്‌ ചെയ്‌തു കൊടുത്താൽ അതെല്ലാം മാറ്റിവെച്ചിട്ട് ടൈറ്റ് ജീൻസും ടോപ്പും മാത്രം എടുത്തിടും. രണ്ട് മൂന്ന് ദിവസത്തെ ടൂറാണ്. ഒരു ദിവസം പോലും ഇതേവരെ മാറിനിന്നിട്ടില്ലാത്ത കുട്ടിയാണ്.

അവളുടെ ഇളക്കവും ഉത്സാഹവും ഒക്കെ കണ്ടിട്ട് ആകെയൊരു സംശയം. ഇപ്പൊ പോരെങ്കിൽ കണ്ണാടിയുടെ മുന്നിലാണ് മിക്ക സമയവും. ഇനി എന്തെങ്കിലും ചീത്ത കൂട്ട് കെട്ട് വല്ലതും ഉണ്ടോ ആവോ?

ഇപ്പോഴത്തെ പെൺകുട്ടികൾ എല്ലാം വളരെ സ്മാർട്ട് ആണ്. പക്ഷെ, ചുറ്റിനും പതുങ്ങിയിരിക്കുന്ന കഴുകൻ കണ്ണുകളുടെ മൂർച്ച അവർക്കറിയില്ലല്ലോ. എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു ദിവസവും!
എന്നിട്ടും ആരെങ്കിലും പഠിക്കുന്നുണ്ടോ!

ഒരു മനസ്സമാധാനത്തിന് അവളുടെ ഏറ്റവും അടുത്ത രണ്ടു മൂന്ന് ഫ്രണ്ട്സിന്റെ വീട്ടിലേക്ക് ഫോൺ വിളിച്ചു ചോദിച്ചു .
അവരൊക്കെ പോകാൻ പേര് കൊടുത്തത്രെ!
“എന്തേ, ഹരിപ്രിയയുടെ പേര് ഇതുവരെ കൊടുത്തില്ലേ. മോളെ വിടുന്നില്ലേ?”
നിമിഷ ശ്രീകുമാറിന്റെ അമ്മയുടെ ചോദ്യത്തിന് മുന്നിൽ സത്യം പറയാതിരിക്കാനായില്ല. പോരെങ്കിൽ അവരൊരു ഡോക്ടർ കൂടിയാണ്.

“ഏയ്‌, അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല. മൊബൈൽ ഒന്നും അലൗഡ് അല്ല.
പിന്നെ, ടീച്ചേർസ് വളരെ സ്ട്രിക്ട് ആയിരിക്കും. പോകട്ടന്നെ. അത് അവരുടെ സന്തോഷം മാത്രമല്ല
ഹേമ, ഇതൊരു സ്റ്റഡി ടൂറ് കൂടിയാണ്. കുട്ടികൾ കാണേണ്ട ഹിസ്റ്റോറിക്കൽ പ്ലേസ്, മ്യൂസിയം,
ലേയ്ക്ക്‌സ്‌ ഒക്കെയുണ്ട്..”

ഡോക്ടർ നീരജ പറഞ്ഞത് കേട്ടപ്പോഴാണ് അല്പമെങ്കിലും ആശ്വാസം തോന്നിയത്.
അവരൊക്കെ ഇത്രയും വിശാലമായി ചിന്തിക്കുമ്പോൾ തനിക്ക് എന്തുകൊണ്ട് കഴിയുന്നില്ല. മകളെ കുറിച്ചുള്ള ടെൻഷനേക്കാൾ ഉപരി അവളെ അത്രയും ദിവസം പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള വിഷമം ആണോ തന്നെ അലട്ടുന്നതെന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല.

വൈകിട്ട് ടിവിയിൽ ന്യൂസ്‌ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് മകളുടെ വിഷയം ഭർത്താവിന്റെ അടുത്ത് അവതരിപ്പിച്ചത്.
എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്തു. ഒടുവിൽ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹവും സമ്മതം മൂളി.

“പോയിട്ട് വരട്ടന്നെ. ടീച്ചേർസ് ഒക്കെയുണ്ടല്ലോ.. ഇതൊക്കെയല്ലേ നമുക്ക് പിള്ളേർക്ക് കൊടുക്കാവുന്ന സന്തോഷങ്ങൾ.”
ആള് പിന്നെ എന്തിനും ഏതിനും മകൾക്ക് സപ്പോർട്ട് ആണ്!

എങ്കിൽ പിന്നെ ഞാനായിട്ട് എന്തിനാ തടസ്സം നിൽക്കുന്നത്. പോയിട്ട് വരട്ടെ..
പച്ചക്കൊടി കിട്ടിയതും ഹരിക്കുട്ടി നിലത്തും താഴെയുമൊന്നും അല്ലായിരുന്നു.

പോകാനുള്ള ദിവസം അടുക്കുംതോറും വിഷമം മുഴുവനും ഹേമയ്ക്കായിരുന്നു.
മകളെ അടുത്ത് കിട്ടുമ്പോഴെല്ലാം ഒരുപാട് ഉപദേശങ്ങൾ പറഞ്ഞു കൊടുത്തു. ഒക്കെയും കേട്ട് തല മരവിക്കുന്നുണ്ടായിരുന്നു അവൾക്ക്. ഇറങ്ങാൻ തുടങ്ങുമ്പോൾ അവളുടെ കയ്യിൽ അച്ഛൻ കുറച്ചു കാശ് ഏൽപ്പിച്ചു.

“ഇത് നിനക്ക് എന്തെങ്കിലും വാങ്ങിക്കാനാണ്. പിന്നെ ബോയ്സ് ഒക്കെയുള്ളതാണ്. ചാട്ടവും ബഹളവുമൊക്കെ കുറച്ചോണം. അറിയാമല്ലോ, നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചറിന്റെ ഹസ്ബൻഡ് എന്റെ ഓഫീസിലെ അക്കൗണ്ടന്റ് ആണെന്ന്. എനിക്ക് എപ്പോ വേണമെങ്കിലും എല്ലാ വിവരങ്ങളും അറിയാൻ പറ്റും. അതുകൊണ്ട് സൂക്ഷിച്ചു വേണം പോകുന്നത്. കേട്ടല്ലോ?”

വളരെ അനുസരണയോടെ ആണ് അവൾ തലയാട്ടിയത്.
കഴിക്കാനും കുടിക്കാനും ഉള്ളത്, ഉടുക്കാനുള്ള ഡ്രെസ്സുകൾ, മേക്കപ്പ് ബോക്സ്‌ എല്ലാം ഹേമ റെഡിയാക്കി അവളുടെ ബാഗിൽ വെച്ചു.

“മോളെ സൂക്ഷിച്ചോണെ.”

സ്കൂളിൽ എല്ലാവരും പോകാൻ റെഡിയായി എത്തിയിരുന്നു. ബസിൽ കയറുമ്പോഴും അവർ ഓർമിപ്പിച്ചു.

“നിന്റെ ഫ്രണ്ട്സിനോടൊപ്പം മാത്രമേ എപ്പോഴും നടക്കാവൂ കേട്ടോ. എന്ത് ആവശ്യം ഉണ്ടെങ്കിലും ക്ലാസ്സ്‌ ടീച്ചറിനോട് പറയണം.”

“എന്റെ പുന്നാര അമ്മേ…എല്ലാം ഡബിൾ ഓക്കേ..”

കയ്യും വീശി ചിരിച്ചു കൊണ്ട് അവൾ അകത്തേയ്ക്ക് കയറി പോയി. ബസിനുള്ളിൽ ചെറിയ താളത്തിൽ ഏതോ പുതിയ ഹിന്ദി സോങ് മുഴങ്ങുന്നുണ്ടായിരുന്നു. കൂടെ പഠിക്കുന്ന ആൺകുട്ടികളെ കണ്ട് ഹേമ ഒന്ന് പകച്ചു. എല്ലാം വലിയ കുട്ടികൾ. കണ്ടാൽ പ്ലസ് ടുവിനു പഠിക്കുകയാണെന്നേ പറയൂ!
ഈശ്വരാ കാത്തോളണേ…

അരികിൽ നിൽക്കുന്ന ഭർത്താവ് കേൾക്കാതെ അവൾ മനമുരുകി പ്രാർത്ഥിച്ചു.
അവൾ പോയിട്ട് രണ്ട് നാളായിരിക്കുന്നു.
എന്നും ടീച്ചറിനെ വിളിച്ചു വിശേഷങ്ങൾ അറിയാറുണ്ട്. എങ്കിലും ഉള്ളിലെ ആധി മറച്ചു വെച്ചില്ല. അവളെക്കുറിച്ച് അന്വേഷിക്കുമ്പോൾ ടീച്ചർ വളരെ നിസ്സാരമായി പറയും.

“ഹരിപ്രിയയുടെ അമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട. ഷീ ഈസ്‌ വെരി ഹാപ്പി..
ഞങ്ങൾ എപ്പോഴും കുട്ടികൾക്കൊപ്പം തന്നെയുണ്ട്.”

ഒരമ്മയുടെ ടെൻഷൻ ടീച്ചർക്ക് മനസ്സിലാവും. അവരും ഒരമ്മയാണല്ലോ!
പക്ഷെ, അന്ന് രാത്രിയിൽ വന്ന ഒരു ഫോൺ കോൾ അവരുടെ സമനില തെറ്റിച്ചു.
കൂട്ടുകാർക്കൊപ്പം ഹിൽസ് പാലസിൽ ഐസ്ക്രീം കഴിച്ചു കൊണ്ടിരുന്ന ഹരിപ്രിയയെ കാണാനില്ലത്രെ!

അവർ എല്ലാവരും അവളെ തിരയുകയാണ്. ചിലപ്പോൾ ഷോപ്പിംഗിനോ മറ്റോ അവിടെ നിന്ന് മാറിയതാവാം എന്ന് പ്രതീക്ഷയോടെ അവർ പറയുന്നത് കേട്ട ഹേമയുടെ സമനില തെറ്റി.
“കണ്ടോ ഏട്ടാ. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. വിടണ്ട എന്ന്. പോകണ്ട എന്ന് പറഞ്ഞിട്ടും കേൾക്കാത്തത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്. എനിക്ക് എന്റെ കുഞ്ഞിനെ ഇപ്പൊ കാണണം. അവളുടെ അടുത്തേയ്ക്ക് എന്നെ ഒന്ന് കൊണ്ട് പോ വേഗം..”

“നീയൊന്ന് സമാധാനിക്കു ഹേമ. ഞാൻ അങ്ങോട്ട് ഒന്ന് കൂടി വിളിക്കട്ടെ..”
പക്ഷെ, എത്ര വിളിച്ചിട്ടും ഫോൺ മറുപ്പുറത്തു നിന്ന് ആരും അറ്റൻഡ് ചെയ്തില്ല.

“എന്തോ സംഭവിച്ചിരിക്കുന്നു. എന്റെ ശരീരം തളരുന്നു. ഞാനിപ്പോ ഹൃദയം പൊട്ടി മരിച്ചു പോകും.. സേതുവേട്ടാ എന്നെ അങ്ങോട്ട് കൊണ്ട് പോകൂ. അവിടെ വലിയ കുന്നിൻ മുകളിൽ ആയിരുന്നില്ലേ അവള്. ഇനി എന്തെങ്കിലും അബദ്ധം പിണഞ്ഞു കാണുമോ. ഞാൻ അതുകൊണ്ടല്ലേ അവളോട് പറഞ്ഞു വിട്ടത്.

കൂട്ടം തെറ്റി പോകരുതെന്ന്. പോകണ്ടെന്ന് ഒരായിരം വട്ടം അതുകൊണ്ടല്ലേ പറഞ്ഞത്..
സേതുവേട്ടാ വാ നമുക്ക് പോകാം..
എനിക്കിപ്പോ കാണണം എന്റെ കുഞ്ഞിനെ..”
അലമുറയിട്ട് കൊണ്ട് ഹേമ അയാളുടെ കയ്യിൽ ശക്തിയോടെ കുലുക്കി.

“എന്താ.. എന്ത്‌ പറ്റി?”

ഇരുട്ടിൽ വലിയ ശബ്ദത്തിൽ തന്നെ കുലുക്കി നിലവിളിക്കുന്ന ഭാര്യയെ ഉറക്കപ്പിച്ചോടെ അയാൾ അമ്പരപ്പോടെ നോക്കി.
ഇവൾക്കിത് എന്ത്‌ പറ്റി?
എന്തെങ്കിലും ദുഃസ്വപ്നം കണ്ടുവോ?

“ഏയ്‌ ഹേമ.. എന്ത് പറ്റി നീയെന്തിനാ കിടന്നു ഈ പാതിരാത്രിയിൽ ഇങ്ങനെ നിലവിളിക്കുന്നത്?”

അയാൾ മുറിയിലെ ലൈറ്റ് തെളിച്ചു.
അരികിൽ വിയർത്തു കുളിച്ചു കിടക്കുന്ന അവളെ കണ്ട് അയാൾക്ക് സത്യത്തിൽ ചിരിയാണ് വന്നത്.

പോത്തുപോലെ കിടന്നുറങ്ങിയിട്ട് എന്തോ ചീത്ത സ്വപ്നവും കണ്ട് കിടന്നലറിയേക്കുന്നു!
ബെഡിൽ എഴുന്നേറ്റിരുന്ന ഹേമ ചുറ്റുപാടും ഒന്ന് നോക്കി.
എവിടെ ഹരിപ്രിയ?
അയ്യോ എന്റെ കുഞ്ഞ് എവിടെ പോയി.ഒരാന്തലോടെയാണ് ചോദിച്ചത്.
“അവളെന്തിയെ?”
“അവളോ…ഏതവള്?”

ഇനി ഇവളെങ്ങാനും തന്റെ ഇല്ലാത്ത കാമുകിയെ ഉറക്കത്തിലെങ്ങാനും
കണ്ട് മുട്ടിയതായിരിക്കുമോ ! പെണ്ണുങ്ങളല്ലേ എന്തെങ്കിലും എപ്പോഴും വേണമല്ലോ ടെൻഷൻ പിടിക്കാൻ. ന്നാലും ഉറക്കത്തിലും ടെൻഷനുണ്ടാവുമോ ??
അയാൾക്ക് അവളുടെ ഭാവം കണ്ടു പേടി തോന്നി.

“നീയാരുടെ കാര്യമാ ഹേമേ പറയുന്നത് ?”

“നമ്മുടെ മോള്..
അവൾ ടൂറ് കഴിഞ്ഞു വന്നില്ലേ ?”

“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ. അവളല്ലേ മുറിയിൽ കിടന്നുറങ്ങുന്നത്. ഈ നേരത്ത് അവളെവിടെ പോകാനാ ? ”
“അപ്പൊ ടൂറിന് പോയതോ..
അവളെ കണ്ട് കിട്ടിയോ..?”

“അവള് നാളെയല്ലേ ടൂറിന് പോകുന്നത്..
ചുമ്മാതെ വേണ്ടാത്ത ഓരോന്ന് ഓർത്ത് കിടക്കും. മനുഷ്യന്റെ ഉറക്കം കളയാനായിട്ട്..”

അയാൾ മുഷിച്ചിലോടെ ലൈറ്റ് അണച്ചു. അവൾ അപ്പോഴും താൻ ഇതുവരെ കണ്ടതൊക്കെയും ഒരു ദുഃസ്വപ്നം മാത്രമായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയാതെ ആ ഇരുട്ടിൽ വിയർത്ത ദേഹത്തോടെ അനക്കമറ്റിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *