ഒരു ദിവസം ഞാൻ ചേച്ചിയുടെ മുഖം ആരും നോക്കാൻ ഇഷ്ടപ്പെടാത്തത് പോലെ ആക്കിയിരിക്കും. പകയും കുശുമ്പും അസൂയയും കൊണ്ട് ഞാൻ ഭ്രാന്ത്‌ പിടിച്ചത് പോലെയായി.

(രചന: ശാലിനി)

ചേച്ചിയോട് എനിക്ക് എന്തിനാണ് ഇത്രയും അസൂയ തോന്നുന്നത് എന്ന് ചോദിച്ചാൽ ഒരേയൊരു മറുപടി മാത്രമേയുള്ളൂ.

ആ വീട്ടിൽ ഞാൻ മാത്രമായിരുന്നു കറുത്ത കുട്ടി.  ചേച്ചി എന്നേക്കാൾ  നന്നായി വെളുത്തിട്ടായിരുന്നത് എന്നെ വല്ലാതെ നിരാശപ്പെടുത്തി.

പോരെങ്കിൽ പഠിക്കാനും വലിയ മിടുക്കി.
എന്തിനും ഏതിനും അവളെ കണ്ട് പഠിക്ക് എന്ന് കേട്ട് കേട്ട് മടുത്തു.

എന്തും ചേച്ചിക്ക് കൊടുത്തിട്ടേ എനിക്ക് പോലും തരാറുള്ളൂ. പലവട്ടം ആരും കേൾക്കാതെ ഞാൻ അമ്മയോടും മുത്തശ്ശിയോടും ചോദിച്ചു. എന്നിട്ടും അതിനൊരു ഉത്തരം തരാൻ ആരും തയ്യാറായില്ല.

“എന്താ ഞാൻ ഈ വീട്ടിലേത് അല്ലായെന്നുണ്ടോ..?”
മുത്തശ്ശി അതുകേട്ട് അമ്മയെ ഒന്ന് നോക്കി.
“എന്റെ പാറൂ ഇത്തിരി കറുത്തു പോയെന്ന് കരുതി നിനക്ക് എന്ത് കുറവാണുള്ളത്. നീയും സുന്ദരി തന്നെയല്ലേ..”

” വേണ്ട. എന്നെ സുഖിപ്പിക്കാനായിട്ട് ആരും കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട. എനിക്കറിയാം സത്യം.. ”

“എന്ത് സത്യം. നീയെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയേക്കുന്നത്..”

അതിന് പക്ഷെ മറുപടി കൊടുക്കാൻ കൂട്ടാക്കിയില്ല. സത്യമോ മിഥ്യയോ എന്നറിയില്ല. പക്ഷെ ഒന്നറിയാം ഞാൻ ഈ വീട്ടിലെ അല്ല.
ഒരുപക്ഷെ ആരുമില്ലാത്ത എന്നെ ദത്തെടുത്തത് ആയിരിക്കുമോ. അമ്മയും അച്ഛനും ചേച്ചിയും മുത്തശ്ശിയുമൊക്കെ നല്ല വെളുപ്പാണ്.

ചുവരിൽ കിടക്കുന്ന ഫോട്ടോയിൽ ചൂണ്ടി മുത്തശ്ശി ആരും കേൾക്കാതെ ചിലപ്പോൾ പറയും, മുത്തശ്ശൻറെ നിറമാണ് മോൾക്ക്..
പക്ഷെ ഫോട്ടോയിൽ കാണുന്ന മുത്തശ്ശന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ മുഖം വെളുത്തതാണ്.! പിന്നെ എന്തിനാണ് ഇവരൊക്കെ ഇങ്ങനെ കള്ളം പറയുന്നത്..!

സ്കൂളിലും കോളേജിലുമെല്ലാം ചേച്ചിയുടെ കൂടെ പോകാൻ ഞാൻ  മടിച്ചു.
ഇത് നിന്റെ അനിയത്തിയാണെന്ന് പറയില്ലല്ലോ. ഇവള് മാത്രമെന്താ ഇത്രയും കറുത്തു പോയത്..
ആ ചോദ്യം കേട്ട് ചേച്ചി ജാഡയോടെ എന്നെ നോക്കി  ചിരിക്കും.

ചേച്ചിയോട് വലുതാകുംതോറും എന്റെ അസൂയ കൂടി വന്നു.

ചുരുണ്ട മുടിയും തുടുത്ത കവിളും കാണുമ്പോൾ മുഖം കുത്തിപ്പൊളിക്കാൻ തോന്നും.
ഒരു സുന്ദരി കോത വന്നിരിക്കുന്നു. നോക്കിക്കോ ഒരു ദിവസം ഞാൻ ചേച്ചിയുടെ മുഖം ആരും നോക്കാൻ ഇഷ്ടപ്പെടാത്തത് പോലെ ആക്കിയിരിക്കും.
പകയും കുശുമ്പും അസൂയയും കൊണ്ട് ഞാൻ ഭ്രാന്ത്‌ പിടിച്ചത് പോലെയായി.

പഠിക്കാനും മിടുക്കി ചേച്ചി തന്നെ ആയിരുന്നു. രാത്രി എത്ര നേരം വേണമെങ്കിലും ഉറക്കം കളഞ്ഞു പഠിക്കുന്ന ചേച്ചി യുടെ ശ്രദ്ധ തിരിക്കാൻ ഞാൻ പല വികൃതികളും കാണിക്കും. ഒന്നും മനസ്സിലാകാതെ ചേച്ചി അപ്പോൾ പഠിത്തം മതിയാക്കി കിടക്കും.
ഒന്നിച്ചു പോകുമ്പോൾ ആൺകുട്ടികൾ ചേച്ചിയെ ആരാധനയോടെ നോക്കുന്നത് കണ്ട് ഞാൻ ആകെ പുകഞ്ഞു.

ചേച്ചിക്ക് കണ്ണ് കിട്ടാതെയിരിക്കാൻ ആണോ കൂടെ നടക്കുന്നതെന്നു ചോദിച്ച് കളിയാക്കിയവരുടെ മുന്നിൽ നിന്ന് ഞാൻ ഉരുകിയൊലിച്ചപ്പോഴും ചേച്ചി ഒരക്ഷരം  എനിക്ക് വേണ്ടി സംസാരിച്ചില്ല.

ചേച്ചിയെ മാത്രം കോളേജിൽ നിന്ന് ടൂറിന് വിടാനും അച്ഛൻ സമ്മതിച്ചു.
നീ ഇപ്പോഴേ ടൂറിനൊന്നും പോകണ്ട. കുറച്ചു കഴിയട്ടെ. അച്ഛൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ മുറിയിൽ കയറി കുറെ കരഞ്ഞു.

അന്ന് നാല് ദിവസത്തെ ടൂറ് കഴിഞ്ഞു വന്നപ്പോൾ പാറൂ ഇത് ഇഷ്ടപ്പെട്ടോ എന്ന് നോക്കിയേ എന്ന് ചോദിച്ചു ഒരു കവർ എന്റെ മേശപ്പുറത്തു കൊണ്ട് വെച്ചു.
ശംഖിന്റെ വളയും സ്ലൈഡും മാലയും ഒക്കെയായിരുന്നു അതിനുള്ളിൽ .

എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും എനിക്കെങ്ങും ഇത് വേണ്ട എന്ന് പറഞ്ഞു തിരിച്ചു കൊടുത്താണ് ഞാൻ എന്റെ പ്രതികാരം തീർത്തത്.
അങ്ങനെ ചേച്ചിയോടുള്ള അസൂയ എന്നെ  മറ്റൊരാളാക്കി മാറ്റി.

പഠിച്ചു നല്ല ജോലി നേടി വീട്ടുകാരുടെ മുൻപിൽ ചേച്ചിയെക്കാളും മിടുക്കിയാണ് നീ എന്ന് പറയിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
അപ്പോഴേക്കും ചേച്ചി ബി ബി എ കഴിഞ്ഞു എം ബി ഏക്ക് ചേർന്നിരുന്നു.
ആയിടയ്ക്കാണ് ചേച്ചിക്ക് കല്യാണ ആലോചനകൾ വരാൻ തുടങ്ങിയത്.

സുന്ദരിയായത് കൊണ്ട് വരുന്ന ചെറുക്കന്മ്മാർക്ക് എല്ലാം പെണ്ണിനെ ഇഷ്ടമായി..
പക്ഷെ ചേച്ചിയുടെ ജാതകത്തിൽ ചൊവ്വാ ദോഷം ഉണ്ടെന്നും അതുകൊണ്ട് ആ ജാതകക്കാര് മാത്രമേ ചേരുകയുള്ളൂ എന്നും ജ്യോൽസ്യന്മ്മാർ പ്രവചിച്ചതോടെ ചേച്ചി ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് തീർത്തു പറഞ്ഞു.

എന്റെ മനസ്സിലും ആരുമറിയാതെ ഒരു സന്തോഷം ബാക്കി നിന്നു.

ചേച്ചി എം ബി എ കഴിഞ്ഞ് ജോലിക്കുള്ള ശ്രമം തുടങ്ങി.

ഒരിടത്ത് ഇന്റർവ്യൂ കഴിഞ്ഞു വരുമ്പോൾ അച്ഛനും ചേച്ചിയും വലിയ സന്തോഷത്തിലായിരുന്നു.

വൈകുന്നേരത്തെ ചായയുടെ നേരത്ത് അതിനെക്കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരി കൊണ്ടു. ഒരു വലിയ കമ്പിനിയിൽ അസിസ്റ്റന്റ് മാനേജർ ആയിട്ടായിരുന്നു ചേച്ചിക്ക് സെലെക്ഷൻ കിട്ടിയത്. നല്ല പേഴ്സനാലിറ്റിയും ചുറുചുറുക്കും ഒക്കെയുള്ളവർക്ക് മാത്രം കിട്ടുന്ന ജോലി ആണത് എന്ന് അച്ഛൻ പറയുമ്പോൾ ചേച്ചി അഭിമാനത്തോടെ ചിരിക്കുന്നത് കണ്ട് കുശുമ്പ് കൂടി.

അന്ന് അമ്മയും ചേച്ചിയും അച്ഛനും കൂടി ദൂരെയൊരു അമ്പലത്തിൽ പോയതായിരുന്നു. പോസ്റ്റ്‌ മാൻ കൊണ്ട് വന്ന ചേച്ചിക്കുള്ള രെജിസ്ർഡ് കത്ത് ഒപ്പിട്ട് വാങ്ങുമ്പോൾ ഒരു അപകടം മണത്തു. അതെ ഇത് അപ്പോയിന്മെന്റ് ഓർഡർ ആണ്.

ഇതും കൂടി കിട്ടിയാലുള്ള ചേച്ചിയുടെ ജാട ഓർത്തിട്ട് സഹിക്കാൻ കഴിഞ്ഞില്ല. വലിച്ചു കീറിക്കളയാനാണ് ആദ്യം തോന്നിയത്.
പക്ഷെ അത് കുഴപ്പം ആയാലോ എന്ന് കരുതി കട്ടിലിന്റെ അടിയിൽ ആരും കാണാത്തിടത്ത് ഒളിപ്പിച്ചു വെച്ചു.

ദിവസങ്ങൾ കടന്നു പോകുംതോറും ചേച്ചി വല്ലാതെ ആസ്വസ്ഥയാകുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എന്നും പോസ്റ്റ്മാനെ നോക്കിയിട്ട് കാണാതെ നിരാശയോടെ നിൽക്കുന്നത് കാണുമ്പോൾ ഉള്ളിലൊരു സംതൃപ്തി ഉയരും.
വലിയ സുന്ദരിയല്ലേ. ഇത് തന്നെ വേണമെന്ന് എന്താ ഇത്ര നിർബന്ധം.

പക്ഷെ, ചേച്ചി അത് വിട്ടുകളയാൻ ഒരുക്കമല്ലായിരുന്നു.
അവരുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു ചോദിച്ചു. പിന്നെ അച്ഛൻ പോസ്റ്മാനോടും കാര്യം തിരക്കി.

അന്ന് ഞാൻ വൈകുന്നേരം കോളേജിൽ നിന്ന് വരുമ്പോൾ അച്ഛനും അമ്മയും എന്നെ ചോദ്യം ചെയ്യാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നു.
ചേച്ചി കരഞ്ഞ മുഖത്തോടെയും!

പോസ്റ്റുമാൻ കൊണ്ട് വന്ന കത്ത് എവിടെ എന്നൊരൊറ്റ ചോദ്യം മാത്രം കേട്ടു. മറുപടി പറയാൻ തുടങ്ങുന്നതിനു മുൻപ് കരണം പുകയുന്ന അടിയുടെ വേദനയിൽ ഒന്നും പറയാൻ പറ്റിയില്ല. എത്ര അടി കിട്ടിയെന്ന് പോലും ഓർമ്മയുണ്ടായിരുന്നില്ല.

അച്ഛനെ ഇത്രയും ദേഷ്യത്തിൽ ഇതിന് മുൻപ് ഒരിക്കലും കണ്ടിട്ടില്ല!!

എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
കട്ടിലിനടിയിൽ നിന്ന് കവർ എടുക്കാൻ നോക്കിയതും ഞെട്ടി പോയി.
അവിടം ശൂന്യമായിരുന്നു..!

മുഖം ഉയർത്തിയപ്പോൾ അച്ഛന്റെ കയ്യിൽ അതെ കത്ത്!

“നിന്റെ ഉള്ളിലിത്രയും വിഷമുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കിയില്ല. ഒരു നല്ല ജോലി കിട്ടിയിട്ട് വേണം നിന്റെ ഇഷ്ടത്തിനെല്ലാം ചെയ്തു കൊടുക്കാനെന്നു ഇന്നലെയും കൂടി പറഞ്ഞ നിന്റെ ചേച്ചിയോട് ഇങ്ങനെ തന്നെ ചെയ്യണമായിരുന്നു..”

അന്ന് എല്ലാവരുടെയും മുൻപിൽ ഒരു കുറ്റവാളിയെ പോലെ നിൽക്കുമ്പോഴും എന്റെ മനസ്സിൽ ഒട്ടും കുറ്റബോധം തോന്നിയില്ല..

അത്താഴം കഴിക്കാതെ കിടക്കുമ്പോഴും ആരും തിരിഞ്ഞു നോക്കിയില്ല.
അടിയുടെ വേദനയേക്കാൾ താൻ ചെയ്ത തെറ്റ് വലുതാണെന്ന് അറിയാമായിരുന്നിട്ടും എനിക്ക് വേണ്ടി സംസാരിക്കാൻ ആരും ഈ വീട്ടിൽ ഇല്ലെന്നുള്ള തോന്നലാണ് സങ്കടപ്പെടുത്തിയത്.

കറുത്ത മകളോട്  വേർതിരിവ് കാട്ടുമ്പോഴൊന്നും ആരും എന്റെ മനസ്സിലെ അപമാനവും വേദനയും അറിയാൻ ശ്രമിച്ചില്ലല്ലോ..

രാത്രിയിൽ എപ്പോഴോ ആരോ തന്റെ അരികിലായി ഇരുളിന്റെ തട്ടമിട്ട് നിൽക്കുന്നത്  പോലെ തോന്നി. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിക്കുമ്പോഴാണ് ആ കൈകൾ തന്റെ ദേഹത്ത് മെല്ലെ തലോടുന്നത് അറിഞ്ഞത്.

അനങ്ങാതെ ഉറക്കം നടിച്ചു കിടന്നു.
പിന്നെ ആ രൂപം തിരിഞ്ഞു നടക്കുമ്പോൾ തലയുയർത്തി ഒന്ന് നോക്കിയതും ഞാൻ വല്ലാതെയായി..
ആർക്ക് നേരെയാണ്  തനിതു വരെ യുദ്ധം ചെയ്തിരുന്നത് എന്നോർത്ത് അന്ന് ആദ്യമായി കുറ്റബോധം കൊണ്ട് ഞാൻ ഇല്ലാതെയായി.

ചേച്ചിക്ക് എങ്ങനെ എന്നോട് ക്ഷമിക്കാൻ തോന്നി എന്നോർത്ത് അത്ഭുതം തോന്നുന്നു.
അന്ന് അമ്മയുടെ വാക്കുകൾ അപ്പോഴാണ് ഞാൻ ഓർത്തെടുത്തത്..
അത് സത്യമായിരുന്നോ.!!

പക്ഷെ ചേച്ചിയുടെ സ്നേഹം ഞാൻ ഒരിക്കൽ പോലും തിരിച്ചറിഞ്ഞിരുന്നില്ലല്ലോ.
പിന്നെ എനിക്ക് അടങ്ങി കിടക്കാൻ തോന്നിയില്ല.

ഞാൻ എഴുന്നേറ്റു ചേച്ചിയുടെ മുറിയുടെ നേർക്ക് നടന്നു..കട്ടിലിൽ ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുന്ന ചേച്ചിയെ കണ്ടു.
പിന്നെ എനിക്ക് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല.
കരച്ചിലും ക്ഷമ ചോദിക്കലും കെട്ടിപ്പിടുത്തവും ഒക്കെ കഴിഞ്ഞു
എപ്പോഴാണ് ഉറങ്ങിയതെന്നും !

Leave a Reply

Your email address will not be published. Required fields are marked *