ജോലിക്കെന്ന് പറഞ്ഞു കണ്ടവന്റെയൊക്കെ കൂടെ അഴിഞ്ഞാടാൻ ഓരോന്ന് ഇറങ്ങിക്കോളും വീട്ടീന്ന്.. അവനിനി എങ്ങനെ ആളുകളുടെ മുഖത്ത് നോക്കും. ച്ഛെ!

(രചന: ശാലിനി മുരളി)

ഗോകുലത്തിലെ രവിശങ്കറിന്റെ ഭാര്യ ഗംഗ ഒപ്പം ജോലി ചെയ്യുന്നവന്റെ കൂടെ ഒളിച്ചോടിപ്പോയിരിക്കുന്നു!

ആ വാർത്ത അറിയാനിനി ആ നാട്ടിൽ ആരുമില്ല.. മൂന്ന് കുട്ടികളുള്ള തള്ളയാണ്. ഇവൾക്ക് എന്തിന്റെ കേടാണ്. ഒന്നാംതരമായി കുടുംബം പോറ്റുന്ന ചെറുക്കനല്ലേ രവി. ഇട്ടേച്ചു പോകാനും മാത്രം അവനെന്തിന്റെ കുറവ് ആയിരുന്നു..

ജോലിക്കെന്ന് പറഞ്ഞു കണ്ടവന്റെയൊക്കെ കൂടെ അഴിഞ്ഞാടാൻ ഓരോന്ന് ഇറങ്ങിക്കോളും വീട്ടീന്ന്.. അവനിനി എങ്ങനെ ആളുകളുടെ മുഖത്ത് നോക്കും. ച്ഛെ!

നാട്ടിലെ കലുങ്കിലും, കുളിക്കടവിലും, എന്തിന് കുടുംബശ്രീയിൽ വരെ ചർച്ച ഇത് മാത്രമായി.

“അവൾക്ക് ഇപ്പോഴാണോ ഇങ്ങനെ ഒരു പൂതി തോന്നിയത്. മൂത്ത മോളെ കെട്ടിക്കാറായല്ലോ. ആളുകൾ അറിഞ്ഞാൽ എന്തൊരു നാണക്കേട് ആണ്. ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും?”

രവിയുടെ വയസ്സായ അമ്മ അപ്പോഴും പതം പറഞ്ഞു കൊണ്ട് ഉറക്കെ കരയുന്നുണ്ടായിരുന്നു.
എല്ലാം കേട്ട് മുറിക്കുള്ളിൽ കിടന്നു കണ്ണീരൊഴുക്കി അയാളുടെ മൂത്ത മകൾ പത്താം ക്ലാസുകാരിയായ ഗീതു.

അച്ഛൻ എവിടെയാണാവോ? കുറെ നേരമായി കണ്ടിട്ട്. പാവം അച്ഛൻ!

സ്വന്തം ഭാര്യയെ നിലയ്ക്ക് നിർത്താൻ അറിയാത്തവനെന്ന് ആളുകൾ അച്ഛന്റെ നേർക്ക് ഇനി കാർക്കിച്ചു തുപ്പുമല്ലോ !
ഗീതുവിന് ഓരോന്നും ഓർത്തിട്ട് തലയ്ക്കു ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

അമ്മ എന്ന നാമം അറിയാതെ പോലും മനസ്സിലേക്ക് എത്താതിരിക്കാൻ കുറച്ചു ദിവസങ്ങളായി അവൾ വല്ലാതെ പാട് പെടുന്നുണ്ടായിരുന്നു.

ഉറങ്ങിയിട്ട് രണ്ട് ദിവസമായിരിക്കുന്നു.
അനിയനും അനിയത്തിയും കരഞ്ഞു തളർന്ന് എപ്പോഴെങ്കിലും ഒന്ന് ഉറങ്ങിയാലായി.

ആരെങ്കിലും ഇവിടെ ആഹാരം കഴിക്കുന്നുണ്ടോ എന്ന് പരസ്പരം പോലും തിരക്കാറില്ല.വിശപ്പ് എന്നൊരു വികാരം പോലും മറന്നു പോയ അവസ്ഥ!

“പെറ്റ തള്ള ഇട്ടേച്ചു പോയ കൊച്ചുങ്ങളാണ്. അവറ്റകൾക്ക് തിന്നും കുടിച്ചും കിടക്കാൻ പറ്റുമോ. ന്നാലും അവൾക്ക് ഇതെങ്ങനെ തോന്നി? എന്റെ ചെറുക്കന്റെ ജീവിതം നശിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ.”

അമ്മൂമ്മയുടെ സങ്കടം മുഴുവനും മകനെയും പേരക്കുട്ടികളെയും ഓർത്തായിരുന്നു.
ഒരിക്കലെങ്കിലും വീണ്ടും ഒന്ന് കാണാൻ അവസരം കിട്ടിയാൽ ആ മുഖത്ത് നോക്കി ചോദിക്കാൻ കുറെയേറെ ചോദ്യങ്ങൾ അവൾ കരുതി വെച്ചിരുന്നു.

എന്തുകൊണ്ട് അമ്മയ്ക്ക് ഈ നാല്പതാം വയസ്സിൽ പുതിയൊരു ജീവിതം വേണമെന്ന് തോന്നി. അച്ഛൻ എന്ത്‌ തെറ്റാണ് അമ്മയോട് ചെയ്തത്? ഞങ്ങൾ മൂന്ന് പേരും അമ്മയ്ക്ക് അധികപ്പറ്റ് ആയത് എന്ന് മുതൽക്കാണ്.

ജോലിക്ക് പോകാൻ വാശി പിടിച്ചത് ഇതിന് വേണ്ടിയായിരുന്നോ. എങ്കിൽ എന്ത്‌ കൊണ്ട് വളരെ മുൻപ് തന്നെ ഈയൊരു കടുംകൈ ചെയ്യാതെ ഇത്രയും നാൾ ഞങ്ങൾക്കൊപ്പം നല്ല പിള്ള ചമഞ്ഞു നിന്നു.

പ്രസവിച്ചാൽ മാത്രം അമ്മയാകില്ല. അവരുടെ പിഞ്ചു കാല്പാദങ്ങൾ ഭൂമിയിൽ ഒന്നുറയ്ക്കുന്നതിനു മുൻപ്, വളർന്നു തുടങ്ങിയ മൂത്ത മകളുടെയൊപ്പം നിൽക്കേണ്ട നേരത്ത്,
അച്ഛന്റെ എന്തിനും ഏതിനും ഗംഗേ എന്ന നീട്ടിയുള്ള വിളികൾ അവസാനിപ്പിച്ചിട്ട് എന്തിന് ഞങ്ങളിൽ നിന്ന് മടങ്ങിപ്പോയി?

ചോദ്യങ്ങൾ സ്വയം ചോദിച്ചു മടുത്തു കഴിഞ്ഞു. അമ്മയെ ഒരിക്കലും മറ്റൊരു തരത്തിൽ കാണാൻ കഴിയുന്നില്ല എന്നതാണ് തന്റെ ഏറ്റവും വലിയ ധർമ്മ സങ്കടം.

മൊബൈൽ ഫോണിൽ സ്ഥിരമായി വരുന്ന കോളുകൾ അച്ഛൻ ശ്രദ്ധിച്ചിരുന്നില്ല. അച്ഛന് അല്ലെങ്കിലും അമ്മയെ പരിപൂർണ വിശ്വാസം ആയിരുന്നു.

എവിടെ പോയാലും അമ്മയെയും കൂടെ കൂട്ടിയിരുന്നു.പക്ഷെ, അച്ഛൻ കൊടുത്ത സ്നേഹത്തിന്റെ പകുതി പോലും തിരിച്ച് കൊടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ഇന്ന് സംശയം തോന്നുന്നു.

അച്ഛന്റെ ഓഫീസിൽ ഉള്ള സ്ത്രീകളെ മുഴുവനും അമ്മയ്ക്ക് ആയിരുന്നു സംശയം. എന്തിനും ഏതിനും അച്ഛനെ കുറ്റം പറഞ്ഞു സ്വസ്ഥത കെടുത്തുന്നത് കണ്ടിട്ടുണ്ട്.

പക്ഷെ അപ്പോഴൊക്കെ അച്ഛൻ അതിനെ നിസ്സാരമായി ചിരിച്ചു കളയും.അപ്പോഴൊക്കെ താൻ അമ്മയോട് കളിയായി പറയും. അമ്മയും ആരെയെങ്കിലും ലൈൻ അടിക്കൂ..എന്ന്!
അത് കേട്ട് അമ്മ കയർക്കും.

പിന്നെ…ഈ ഗംഗയെ അതിനു കിട്ടില്ല. ഞാൻ അത്തരക്കാരിയല്ല! ഞാൻ നല്ല കുടുംബത്തിൽ ജനിച്ചവളാണ്!

എന്നിട്ടാണോ തന്റെ അമ്മ ഇന്ന് സ്വന്തം കുടുംബം പോലും മറന്ന് ആരുടെയോ ഒപ്പം…

“പോയവളുമാര് പോട്ടെ മക്കളേ! എന്റെ മോള് വന്നു വല്ലതും കഴിക്ക്. അച്ഛനെ കൂടി വിളിക്ക്. അവന്റെ കിടപ്പ് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല മക്കളേ…”

അമ്മൂമ്മ കരയുന്നത് കണ്ടപ്പോൾ അതുവരെ പിടിച്ചു വെച്ചതെല്ലാം കെട്ട് പൊട്ടി മലവെള്ളം പോലെ കുതിച്ചു പാഞ്ഞു. നിമിഷ നേരം കൊണ്ടാണ് അവിടെ ഒരു കൂട്ടക്കരച്ചിൽ ഉയർന്നത്.

പ്രാണനെപ്പോലെ സ്നേഹിച്ച അമ്മയെ ഓർത്തുള്ള മക്കളുടെ നെഞ്ചു പൊട്ടിയുള്ള അലമുറയായിരുന്നു അത്.

ആറു വയസ്സുള്ള അനിയനെ ചേർത്ത് പിടിച്ചു ഗീതു പൊട്ടിപ്പൊട്ടി കരഞ്ഞു. അതുകണ്ട രണ്ടാമത്തവൾ ഗൗരി, അമ്മേ കാണണം എന്നുറക്കെ കരഞ്ഞു കൊണ്ട് ചേച്ചിയെയും അനിയനെയും കെട്ടിപ്പിടിച്ചു.

കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ട് ഹൃദയം നൊന്തു പോയ അമ്മ വീടും കൂടും ഉപേക്ഷിച്ചു മറ്റൊരുത്തന്റെ ഒപ്പം സുഖിച്ചു ജീവിക്കാൻ പോയ  മരുമകളെ നെഞ്ചിൽ കൈ വെച്ച് ശപിക്കാൻ ഒരുങ്ങുന്നത് കണ്ടു കൊണ്ടാണ് അയാൾ അവിടെക്ക് വന്നത്.

“വേണ്ടമ്മേ.. എവിടേലും പോയി ജീവിച്ചോട്ടെ. ഇനി അങ്ങനെ ഒരുത്തി എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ ഉണ്ടാവില്ല. സ്നേഹവും സ്വാതന്ത്ര്യവും ഞാൻ അവൾക്ക് കൊടുത്തത് കുറച്ചു കൂടിപ്പോയി. അതിന്റെ ശിക്ഷ ആണ് കിട്ടിയത്.”

“അച്ഛാ ഞാനിനി സ്കൂളിൽ പോകുന്നില്ല.. എനിക്ക് നാണക്കേട് ആണ്. എല്ലാരും എന്നെ കളിയാക്കുവാ, അമ്മ വല്ലവന്റെയും കൂടെ ഒളിച്ചോടിപ്പോയെന്ന് പറഞ്ഞ്. അമ്മ ചീത്തയാ…എനിക്കിനി അമ്മയെ വേണ്ട.. അമ്മയെ വേണ്ടാ!”

ഗൗരി മോൾ ഏങ്ങലടിച്ചു കൊണ്ടാണ് അത് പറഞ്ഞത്. അവൾക്കായിരുന്നു അമ്മയെ ഒരുപാട് ഇഷ്ടം. രാത്രിയിൽ അമ്മയോട് ചേർന്ന് കിടന്നാണ് അവളുറങ്ങിയിരുന്നത്.

അവളുടെ മുലകുടി മാറുന്നതിനു മുമ്പ് ജനിച്ച അനിയനോട് പോലുമുള്ള ദേഷ്യം അമ്മയേക്കരുതിയാണ് അവളടക്കിയത്.

അമ്മ ആരുടെയോ കൂടെ പോയെന്ന് ക്ലാസ്സിലെ അഭിഷേക് പറഞ്ഞപ്പോൾ ദേഷ്യം സഹിക്കാൻ വയ്യാതെ അവനെ മാന്തിപ്പറിച്ചു.
നിന്റെ അമ്മ ചീത്തയാണെന്ന് അവൻ പിന്നെയും പിന്നെയും പറഞ്ഞത് കേട്ട് ഉറക്കെ കരഞ്ഞു.

അന്ന് സ്കൂളിൽ നിന്ന് വന്നു കേറി കിടന്നതാണ് അവൾ. അച്ഛൻ വിളിച്ചിട്ട് പോലും നോക്കാതെ ഏങ്ങലടിച്ച് ഉറങ്ങിയും ഉണർന്നും തളർന്നു കിടന്നു. പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി എഴുതി കൊടുക്കാൻ സുഹൃത്തുക്കൾ പലരും പറഞ്ഞു.

പക്ഷെ, എന്തിന്? ആർക്ക് വേണ്ടി ?
സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു മറ്റൊരുത്തന്റെ ഒപ്പം പോയവളെ വീണ്ടും തിരികെ കൊണ്ട് വന്നു പൊറുപ്പിക്കാൻ മാത്രം അധഃപതിച്ചിട്ടില്ല ഈ രവിശങ്കർ.

തന്റെ മക്കൾക്ക് ഇനി എല്ലാം താനാണ്. താൻ മാത്രം മതി അവർക്ക്..

ജോലിക്ക് പോകാൻ അവൾ വാശി പിടിച്ചപ്പോൾ സമ്മതിച്ചു കൊടുത്തു. പഠിച്ച പെണ്ണല്ലേ, കുട്ടികൾ സ്കൂളിൽ പോയിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് മുഷിയുവാണല്ലോ എന്നൊക്കെ വിചാരിച്ചു പോയി.

പക്ഷെ, കൂടെ ജോലി ചെയ്യുന്ന, ഭാര്യയും കുട്ടികളും ഉള്ള മറ്റൊരുത്തന്റെ ഒപ്പം ജീവിക്കാൻ ആയിരുന്നു ഈ എടുത്തു ചാട്ടം എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

എന്തും തുറന്നു പറയാനും, ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തെ അവൾ ഇങ്ങനെ ദുരുപയോഗം ചെയ്തത് ഇതിന് വേണ്ടിയായിരുന്നോ!

ഇങ്ങനെ ഒരു അരുതാത്ത ബന്ധം അവൾക്കുണ്ടെന്ന് ഒരു സൂചന പോലും ആർക്കും കിട്ടിയില്ല. പെരുമാറ്റത്തിൽ പോലും ഒരാപകതയും തോന്നിയിരുന്നുമില്ല. അവളുടെ മൊബൈൽ ഫോൺ ഒരിക്കൽ പോലും താൻ സംശയത്തോടെ തുറന്നു നോക്കിയിട്ടില്ല.

ആരോടൊക്കെയോ ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോഴും അത് അവഗണിച്ചു കളയുകയായിരുന്നു.

മൂത്ത മകൾക്ക് പതിനഞ്ചു വയസ്സ് ആയപ്പോൾ അമ്മ കാട്ടിക്കൊടുത്ത മാതൃക എന്തായാലും വളരെ നന്നായിരിക്കുന്നു! ഇവൾക്കെങ്ങനെ
ഈ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട് ഇറങ്ങിപ്പോകാൻ തോന്നി..

അമ്മയാണത്രെ! അമ്മ!!

നാഴികയ്ക്ക് നാല്പത് വട്ടം അവൾ പറയാറുള്ള വാചകം, ഞാൻ അവരുടെ അമ്മയാണെന്ന്! എനിക്കുള്ള സ്നേഹത്തിന്റെ പകുതി പോലും രവിയേട്ടന് അവരോടില്ലെന്ന്. ങ്ങുഹും!
നല്ല അമ്മ! അയാൾക്ക് ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്.

പ്രസവിച്ച ഏതെങ്കിലും സ്ത്രീകൾക്ക് ഇങ്ങനെയൊരു വഞ്ചനയും ചതിയും സ്വന്തം കുഞ്ഞുങ്ങളോട് ചെയ്യാൻ കഴിയുമോ?
അമ്മയെന്ന പദത്തോടുള്ള എല്ലാ ബഹുമാനവും ഇതോടെ ഇല്ലാതായിരിക്കുന്നു..

അയാൾ മനസ്സ് കൊണ്ട് അവളെ ഇതിനോടകം എത്രയോ വട്ടം കൊന്നു കളഞ്ഞിരിക്കുന്നു.

“പോയവർ പോട്ടെ അമ്മേ.. ഇനി അതിനെക്കുറിച്ച് ഓർത്ത് ഇവിടെ ആരും ദുഃഖിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ മക്കൾക്ക് അച്ഛനും അമ്മയുമായി ഇനി
മുതൽ ഞാനുണ്ട്.

പോയി മുഖം കഴുകിയിട്ടു പഠിക്ക് ഗീതു. പത്തിലാണ് അത് മറക്കണ്ട കേട്ടല്ലോ.
നീയും കൂടി ഇനി അച്ഛനെ വിഷമിപ്പിക്കരുത്…”

നേരിയൊരു സമാധാനം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞത് പോലെ തോന്നി.

അച്ഛൻ ഓക്കേ ആയിരിക്കുന്നു. അഥവാ അങ്ങനെ നടിച്ചാലും, ഇനി അച്ഛൻ പറഞ്ഞത് പോലെ, പോയവർ പോകട്ടെ…

അമ്മ എന്ന വാക്ക് ആരുടെയും ഹൃദയത്തെ ഇനിമേലിൽ വേദനിപ്പിക്കാതിരിക്കട്ടെ.
അച്ഛൻ പറഞ്ഞത് പോലെ പഠിക്കണം.
പഠിച്ചു മിടുക്കിയാവണം.

അമ്മ പരിക്കേൽപ്പിച്ച അച്ഛന്റെ ഹൃദയത്തെ ഉണക്കാൻ ഇനി ഞങ്ങൾ മാത്രമേയുള്ളൂ. അത് ഓർമ്മ വേണം. അവൾ ശാന്തതയോടെ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

ഇനിയൊരു അമ്മക്കാറ്റ് ഓർമ്മകളായിട്ട് പോലും തങ്ങൾക്കിടയിലേയ്ക്ക് വീശാതിരിക്കട്ടെ. അവൾ പാതി തുറന്നു കിടന്ന ജാലക വാതിൽ വലിച്ചടച്ചു കൊണ്ട് അടച്ചു വെച്ച പുസ്തകം മെല്ലെ തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *