അവൾ
(രചന: Sarath Lourd Mount)
മ ദ്യ ത്തിന്റെ അതിപ്രസരത്തിൽ തന്റെ ശരീരത്തിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾക്കൊടുവിൽ തളർന്നുറങ്ങുന്ന അയാളെ ഒരിക്കൽ കൂടി അവൾ പുച്ഛത്തോടെ നോക്കി.
നെറുകയിൽ സിന്ദൂരത്താൽ ചുവപ്പണിഞ്ഞ് ഒരു താലിയാൽ തന്നെ സ്വന്തമാക്കിയ നാളിൽ മനസ്സിൽ തോന്നിയിരുന്ന സ്നേഹത്തിന്റെ സ്ഥാനത്ത് ഇന്നവൾക്ക് അയാളോട് വെറുപ്പ് മാത്രം ബാക്കി.
അയാളിൽ നിന്ന് അകലം പാലിച്ച് ആ കട്ടിലിൽ തന്നെ കിടക്കുമ്പോൾ മനസ്സിൽ വീണ്ടും ആ രംഗം തെളിഞ്ഞു വരുന്നു. ഇത്രനാളും എല്ലാം സഹിച്ച് സ്നേഹിച്ച ആ മനുഷ്യനെ ഒറ്റനിമിഷം കൊണ്ട് വെറുത്തുപോയ ആ നിമിഷം ഒരിക്കൽ കൂടി അവൾ ഓർത്തെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് കുളിക്കാൻ കയറിയ അയാളുടെ ഫോണിൽ തുടർച്ചയായി വന്നുകൊണ്ടിരുന്ന മെസ്സേജുകളുടെ
നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് അവൾ ആ ഫോൺ എടുത്ത് നോക്കിയത്. സാധാരണ അയാൾ ഫോൺ ശബ്ദം കുറച്ചിടുകയാണ് പതിവ്,അത് കൊണ്ട് തന്നെ താൻ ശ്രദ്ധിക്കാറുമില്ല.
ആ മെസ്സേജുകളിലേക്ക് നോക്കിയ അവൾക്ക് ഒരു നിമിഷം ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി. ഇത്രനാളും അയാളുടെ ഇഷ്ടങ്ങൾക്കെല്ലാം ഒരു ഭാര്യയെന്ന നിലയിൽ കൂടെ നിന്ന അവളെ വെറുമൊരു വേശ്യയിലും താഴേക്ക് നയിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച്ച .
ശ്രീദേവി എന്ന ഒരുവളുമായി ഭർത്താവിന്റെ അതിരുകടന്ന ലൈം ഗി ക സംസാരം . അവളെ അയാൾ വിളിക്കുന്നത് ശ്രീ എന്നാണ്.
തന്റെ പേര് ശ്രീലക്ഷ്മി അപ്പോൾ ഇത്ര നാൾ ശ്രീ എന്ന് വിളിച്ചുകൊണ്ട് തന്റെ ശരീരത്തിലേക്ക് പടർന്ന് കയറുമ്പോളെല്ലാം അയാളുടെ മനസ്സിൽ ഇവളായിരുന്നോ???
അവളോടുള്ള താൽപര്യമാണ് ഇത്രനാളും തന്റെ ശരീരത്തിൽ അയാൾ തീർത്തത് എന്നറിഞ്ഞപ്പോൾ
അവൾക്ക് സ്വന്ത ശരീരത്തോട് പോലും ഒരു നിമിഷം വെറുപ്പ് തോന്നിപ്പോയിരുന്നു.
മനസ്സിൽ നീറിപ്പുകയുന്ന ചിന്തകൾ കാരണം അന്നത്തെ രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല,
തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്ന തന്റെ മകളെക്കുറിച്ച് അവൾ ഓർത്തു. എന്തൊക്കെയോ തീരുമാനിക്കുകയായിരുന്നു ആ രാത്രിയിൽ അവളുടെ മനസ്സ്.
അടുത്ത ദിവസം രാവിലെ രാജീവ് എഴുന്നേൽക്കുമ്പോൾ പതിവ് ചായ മേശമേൽ ഇല്ലായിരുന്നു.
ലക്ഷ്മി…. എടീ ലക്ഷ്മി…. അയാൾ ദേഷ്യത്തോടെ വിളിച്ചു. എന്നാൽ മറുപടി ഒന്നും ലഭിച്ചില്ല.
സംശയത്തോടെ അയാൾ അടുക്കളയിലേക്ക് നടക്കുമ്പോൾ അവിടെയെങ്ങും അവളോ മകളോ ഇല്ലായിരുന്നു.
നാശം ഇവളിത് എവിടെ പോയി കിടക്കുന്നു…
ദേഷ്യത്തോടെ അയാൾ പിറുപിറുത്തു.
ലക്ഷ്മി….. അയാൾ കുറച്ചുകൂടി ഉച്ചത്തിൽ വിളിച്ചു. എന്നാൽ മറുപടി ഒന്നും അപ്പോളും ലഭിച്ചില്ല.
ദേഷ്യത്തോടെ ഹാളിലേക്ക് നടക്കവെയാണ് ഹാളിൽ ഡൈനിംഗ് ടേബിളിൽ പുറത്തായി ഒരു വെള്ളക്കടലാസ് അയാൾ ശ്രദ്ധിച്ചത്. അവിടേക്ക് നടന്ന അയാൾ ആ പേപ്പർ നിവർത്തി വായിച്ചു തുടങ്ങി.
പ്രീയപ്പെട്ട രാജീവേട്ടന്, അങ്ങനെ വിളിക്കാമല്ലോ അല്ലെ???
ഞാൻ ലക്ഷ്മിയാണ് നിങ്ങളുടെ ഭാര്യ എന്ന് പറയപ്പെടുന്നവൾ. എന്നാൽ ആ വാക്കിന്റെ മഹത്വവും അർത്ഥവും അറിയാത്ത നിങ്ങൾ ഇനിയെന്റെ ഭർത്താവല്ല.
ആ വാക്കുകൾ ഒരു ഞെട്ടൽ ഉണ്ടാക്കി എങ്കിലും അയാൾ തുടർന്ന് വായിച്ചു.
നിങ്ങളുടെ ഫോണിൽ അവളോടുള്ള സന്ദേശങ്ങൾ കാണുന്നവരെ ഞാൻ വിശ്വസിച്ചിരുന്നു എത്ര വേദനിപ്പിച്ചാലും നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന്.
എന്നാൽ ഇന്ന് മറ്റൊരു പെണ്ണിനെ മനസ്സിൽ സങ്കൽപ്പിച്ച് അവളോടുള്ള ആഗ്രഹം എന്റെ മേൽ തീർത്ത നിങ്ങളോടെനിക്ക് വെറുപ്പാണ്.
അടങ്ങാത്ത വെറുപ്പ്.
ഞാൻ പോകുകയാണ് , ഒപ്പം എന്റെ മകളെയും കൊണ്ട് പോകുന്നു. കാരണം അച്ഛൻ എന്ന് വിളിക്കപ്പെടുവാൻ നിങ്ങൾ യോഗ്യനല്ല.
ഇത്രനാളും നിങ്ങൾ തന്നതിൽ നിന്ന് മിച്ചം പിടിച്ച് നമ്മുടെ കുടുംബത്തിനായി ഞാൻ കരുതിവച്ച സമ്പാദ്യത്തിൽ നിങ്ങൾക്കായി ഒരു സമ്മാനം ഞാൻ വാങ്ങി വച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെടും……
അത്രയും പറഞ്ഞ് നിന്ന ആ കടലാസിലെ അക്ഷരങ്ങളിലേക്ക് അയാൾ വീണ്ടും പകപ്പോടെ നോക്കി. ആ കടലാസിന്റെ അടിയിലായി ഇരുന്ന മറ്റൊരു കവറിലേക്ക് അയാളുടെ കൈകൾ നീണ്ടു.
അതൊരു പ്രമാണം ആയിരുന്നു
അയാളുടെ പേരിൽ വാങ്ങിയ കുറച്ച് സ്ഥലത്തിന്റെ പ്രമാണം.
ഒപ്പം മറ്റൊരു കുറിപ്പും. ഈ വാഴതോപ്പ് നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും , ഇനിയുള്ള നാളുകളിൽ ആരെ ഓർത്ത് വികാരം ശമിപ്പിക്കാനും ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിങ്ങൾക്ക് മുന്നിൽ ഞാൻ കിടന്ന് തന്ന പോലെ ഈ വാഴകളെ നിങ്ങൾക്ക് ഉപയോഗിക്കാം.
കാരണം നിങ്ങൾക്ക് ആവശ്യം മനസ്സും സ്നേഹവുമുള്ള ഒരു പെണ്ണിനെ അല്ല , വികാരം ശമിപ്പിക്കാൻ ഒരു വസ്തുവിനെ മാത്രമാണ്,അതിന് ഇതാണ് നല്ലത് …….
അത്രയും വായിച്ചപ്പോൾ അയാളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അയാൾക്ക് തോന്നി. ആ കടലാസ്സ് കഷ്ണങ്ങൾ കയ്യിൽ നിന്ന് നിലത്തേക്ക് പതിച്ചു.
അപ്പോളും അയാളുടെ ഫോണിൽ ശബ്ദമുണ്ടാക്കാതെ ആരുടെയൊക്കെയോ സന്ദേശങ്ങൾ വന്നുകൊണ്ടേയിരുന്നു…….