നിഴലായി ചാരെ
(രചന: Sarath Lourd Mount)
“എന്താണെന്നറിയില്ല ഈ മഴയിൽ നിറഞ്ഞുപോയ് മനം. എങ്ങനെയെന്നറിയില്ല നിൻ രഹസ്യ മർമരം വന്നെന്നിൽ ചൊരിയുന്നു സ്നേഹകുങ്കുമം.
ഞാൻ തനിച്ചെങ്കിൽ എന്നിൽ പുഞ്ചിരിയെ വിടരൂ.. എന്നാൽ നാം ഒരുമിച്ചാൽ എല്ലാം മറന്നൊന്ന് പൊട്ടിച്ചിരിക്കാം….”
ചുവന്ന മഷിയിൽ ആ വെള്ളപ്പേപ്പറിൽ എഴുതിയ ആ വരികളിൽ നോക്കി അവളൊന്നു പുഞ്ചിരിച്ചു… ശേഷം പുറത്ത് ചെറുതായി പെയ്യുന്ന മഴയിലേക്കവൾ വെറുതെ നോക്കി…
പതിയെ അവളുടെ പുഞ്ചിരി മറ്റേതോ ചിന്തയിലേക്ക് വഴിമാറി.
ആർക്ക് വേണ്ടിയാണ് ഞാൻ ഇതൊക്കെ എഴുതുന്നത്? വെറുതെ ഓരോ ഭ്രാന്ത്…. സ്വന്തം തലയിൽ ചെറുതായി ഒന്ന് തട്ടി അവൾ സ്വയം ചിരിച്ചു.
ലക്ഷ്മി.. ഉള്ളിലെ സ്വപ്നങ്ങൾ എല്ലാം ഉള്ളിൽ തന്നെ ഒതുക്കി ഇടയ്ക്കിടെ സ്വപ്നലോകത്തിൽ എന്ന പോലെ ആ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്ന
ഒരുവൾ,.
ചുരുക്കി പറഞ്ഞാൽ നമ്മുടെ ഓരോ വീടുകളിലും സ്വപ്നങ്ങൾ ഉള്ളിലൊതുക്കി പറക്കാൻ കഴിയാതെ ചിറകൊതുക്കി ഇരിക്കുന്ന ഓരോ പെണ്ണിന്റെയും പ്രതീകമാകും അവൾ.
യാത്രകൾ അവൾക്ക് ഒരുപാട് പ്രീയപ്പെട്ടതായിരുന്നു എങ്കിലും വല്ലപ്പോഴും വീട്ടുകാരോടൊപ്പം
ഒരുമിച്ച് പോയി വരുന്ന ചില ചെറിയ യാത്രകൾ മാത്രമായിരുന്നു ആകെയുള്ള ആശ്വാസം.
അങ്ങനെ ഏതൊരു പെണ്ണിനേയും എന്ന പോലെ അവളുടെ ജീവിതവും മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കേ ഇരുപത് വയസ്സ് തികയുന്നതിന് മുൻപ് തന്നെ നാട്ടുനടപ്പ് അനുസരിച്ച് അവളെ തേടിയും വിവാഹം എന്ന ജീവിതത്തിലെ പുതിയ ഭാഗം കടന്ന് വന്നു.
തനിക്ക് താഴെയുള്ള അനിയത്തിമാരുടെ ഭാവി എന്ന സ്വന്തക്കാരുടെ സ്ഥിരം പല്ലവികൊണ്ടോ എന്തോ വീട്ടുകാർക്ക് ഇഷ്ടപ്പെട്ട പയ്യന് മുൻപിൽ ഒന്നും മിണ്ടാതെ തലകുനിക്കുന്ന
അനുസരണയുള്ള പെണ്ണായി അതിനോടകം തന്നെ അവൾ മാറിക്കഴിഞ്ഞിരുന്നു.
കല്യാണത്തിന് മുൻപ് ഒന്നോ രണ്ടോ വട്ടം ഒന്ന് കണ്ടു എന്നല്ലാതെ രാജീവ് അവൾക്ക് തീർത്തും ഒരന്യനായിരുന്നു.
രാജീവ്. ഒരുപാട് സൗന്ദര്യം ഒന്നും മുഖത്ത് ഇല്ല എങ്കിലും തീർത്തും നിഷ്കളങ്കനായ ഒരു യുവാവ്, നഗരത്തിലെ ഗവണ്മെന്റ ബാങ്കിലെ ഉദ്യോഗസ്ഥൻ…
വീട്ടുകാർക്കും സ്വന്തക്കാർക്കും എല്ലാം പയ്യനെ വല്ലാതെ ഇഷ്ടമായി, എന്നാൽ അവളിൽ നിറഞ്ഞു നിന്ന അപരിചിതത്വം എന്തുകൊണ്ടോ അവർക്കിടയിൽ വല്ലാത്തൊരു അകലം സൃഷ്ടിച്ചിരുന്നു.
ഒരു ശുഭമുഹൂർത്തിൽ രാജീവിന്റെ താലി ഏറ്റുവാങ്ങി അവൾ അവന്റെ പാതിയായി, എന്നാൽ അവന്റെ കൈകൾ സിന്ദൂരം തൊടാനായി അവളുടെ നെറുകയിൽ സ്പർശിച്ചതും
എന്തോ ഒരു പ്രേരണ എന്ന പോലെ അവൾ പുറകിലേക്ക് നീങ്ങിപ്പോയി.
അവളുടെ മനസ്സിൽ വല്ലാത്തൊരു ഭയം വന്ന് നിറഞ്ഞു.
പുതിയ ജീവിതം, പുതിയ ആൾക്കാർ, പുതിയ അന്തരീക്ഷം,അപരിചിതനായ ഒരു മനുഷ്യൻ…
ആകെ മൊത്തം മനസ്സ് കലങ്ങിമറിയുന്ന പോലെ ഒരു തോന്നൽ. ആ പന്തലിൽ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് പോലും അവൾക്ക് തോന്നി.
എന്നാൽ ഇപ്പോൾ കല്യാണം വേണ്ട എന്നും, തനിക്ക് ചെക്കനെ ഇഷ്ടപ്പെട്ടില്ല എന്നും ഭയന്നുകൊണ്ടാണെങ്കിലും അച്ഛനോട് പറഞ്ഞ നിമിഷം
പെൺകുട്ടികൾ അതികം സംസാരിക്കണ്ട എന്ന് അലറിക്കൊണ്ട്
തനിക്ക് നേരെ ഉയർന്ന അച്ഛന്റെ കൈകൾ ഓർത്തപ്പോൾ ആ ചിന്ത എങ്ങോ പോയി മറഞ്ഞു.
അങ്ങനെ ചടങ്ങുകൾ എല്ലാം മുറപോലെ തീർത്ത് രാജീവിന്റെ പാതിയായി അവൾ ആ പടിയിറങ്ങി,
സാധാരണ പെൺകുട്ടികളെ പോലെ അച്ഛനെയും ഏട്ടന്മാരെയും കെട്ടിപ്പിടിച്ച് കരയാൻ അവൾക്ക് തോന്നിയില്ല, അമ്മയോട് മാത്രം നിശബ്ദമായി യാത്രപറഞ്ഞ് അവൾ തന്റെ പുതിയ ജീവിതത്തിലേക്ക് ചുവട് വച്ചു.
തന്റെ വീട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു രാജീവിന്റെ വീട്ടിലെ സാഹചര്യങ്ങൾ,
തന്റെ വീടിനോളം വലുതല്ല എങ്കിലും മുന്നിൽ നിറഞ്ഞു നിൽക്കുന്ന പൂച്ചെടികൾ ആ വീടിന് വല്ലാത്തൊരു ഭംഗി നൽകിയിരുന്നു.
സ്നേഹത്തോടെ തന്നെ ചേർത്ത് പിടിച്ച് ഓരോ കാര്യങ്ങളും പറഞ്ഞു തരുമ്പോൾ രാജീവിന്റെ അമ്മയെ അവൾ അത്ഭുതത്തോടെ നോക്കി.
ശെരിക്കും സ്വന്തം അമ്മ കൂടെ ഉള്ളത് പോലെ അവൾക്ക് അനുഭവപ്പെട്ടു.
എങ്കിലും രാജീവിനോട് മാത്രം അപ്പോളും മനസ്സിൽ ഒരകലം നിറഞ്ഞു നിന്നിരുന്നു.
സമയം മുന്നോട്ട് നീങ്ങവേ അവളുടെ ഉള്ളിൽ വീണ്ടും ഭയം നിറഞ്ഞു, സമയം രാത്രിയോട് അടുക്കുന്നു,
‘അമ്മ പലപ്പോഴായി പറഞ്ഞു മനസ്സിലാക്കി തരാൻ ശ്രമിച്ച ആ നിമിഷം തന്റെ ജീവിതത്തിലും കടന്ന് വരാൻ പോകുന്നു, ഒരു അന്യ പുരുഷനോടൊപ്പം ഒരു മുറിയിൽ..
ആദ്യരാത്രി…
ആ വാക്ക് ഉള്ളിൽ നിറയവേ അവളുടെ ഹൃദയം വല്ലാത്ത വേഗത്തിൽ തുടിയ്ക്കാൻ തുടങ്ങി.
രാജീവിന്റെ അമ്മയുടെ കയ്യിൽ നിന്ന് ഒരു ഗ്ലാസ്സിൽ പാലുമായി ആ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു.
താൻ ഇറങ്ങി ഓടും എന്ന് തോന്നിയത് കൊണ്ടാകുമോ എന്തോ തന്നെ ആ മുറിക്കുള്ളിലാക്കി വാതിൽ അടയുമ്പോൾ വെളിയിൽ നിന്ന് ‘അമ്മ വാതിൽ പൂട്ടുന്നതിന്റെ ശബ്ദം അവൾ കേട്ടു, ഉള്ള് ഭയം കൊണ്ട് പെരുമ്പറ കൊട്ടാൻ തുടങ്ങി.
പാ….. പാല്…….
വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞതും ജനൽ വഴി എന്തോ നോക്കി നിന്ന രാജീവ് തിരിഞ്ഞ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അതവിടെ വച്ചേക്ക്… അവൻ അടുത്ത് കണ്ട മേശ ചൂണ്ടി പറഞ്ഞു. പാൽ മേശപ്പുറത്ത് വച്ച് അവൾ അവിടെ തന്നെ നിൽക്കവേ രാജീവ് വീണ്ടും ചിരിച്ചു.
വാടോ ഇവിടെ ഇരിക്ക്. അവൻ പറയവേ കട്ടിലിന്റെ മൂലയിലായി അവൾ ഇരുന്നു.
തനിക്ക് പേടി ഉണ്ടോ? ഒരു ചെറുചിരിയോടെ കുറച്ചു മാറി ഇരുന്നുകൊണ്ട് രാജീവ് ചോദിക്കുമ്പോൾ അവൾ ഉത്തരം പറയാൻ കഴിയാതെ കുഴങ്ങി.
അവളുടെ അവസ്‌ഥ മനസ്സിലാക്കിയിട്ടോ എന്തോ ഒരു ചെറുപുഞ്ചിരി അവൾക്ക് സമ്മാനിച്ചു കൊണ്ട് അവളോട്
ഉറങ്ങിക്കോളാൻ പറഞ്ഞ് കട്ടിലിൽ നിന്ന് എഴുനേറ്റ് അടുത്തുള്ള കസേരയിലേക്ക് അവൻ ഇരുന്നപ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി.
ഞ.. ഞാൻ… അവൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തു വന്നില്ല….
താൻ ഉറങ്ങിക്കോടോ നല്ല ക്ഷീണം ഉണ്ടാകും…
വീണ്ടും അവൻ പറഞ്ഞപ്പോൾ അവൾ പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ പതിയെ ആ കട്ടിലിലേക്ക് കിടന്നു.
കല്യാണത്തിന്റെ ക്ഷീണം കൊണ്ടോ എന്തോ പതിയെ അവൾ ഉറങ്ങിപ്പോയി.
രാവിലെ എഴുന്നേൽക്കുമ്പോൾ അവൾ കണ്ടത് ആ കസേരയിൽ തന്നെ ഇരുന്ന് മേശമേൽ തലചായ്ച്ചു ഉറങ്ങുന്ന രാജീവിനെ ആണ്.
എന്തോ ഉള്ളിൽ ചെറിയൊരു വേദനയും അത് പോലെ പേരറിയാത്ത എന്തോ ഒരു വികാരവും അവളിൽ ഉടലെടുത്തു.
ദിവസങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി, പതിയെ പതിയെ അവന്റെ സ്നേഹ സാമിപ്യത്തിൽ മനസ്സിലെ അകലം മാറിതുടങ്ങി എങ്കിലും ശരീരം കൊണ്ടവർ അടുത്തിരുന്നില്ല,
എന്ത് കൊണ്ടോ രാജീവ് അതിന് ശ്രമിക്കുന്നില്ല എന്ന് അവൾക്ക് തോന്നി, ഒരു കണക്കിന് അത് അവൾക്ക് ഒരു ആശ്വാസവും ആയിരുന്നു.
ദിവസങ്ങൾ മുന്നോട്ട് നീങ്ങവേ തന്റെ ഇഷ്ടങ്ങൾ ഓരോന്നായി അറിഞ്ഞ് നടത്തിത്തരുന്ന രാജീവ് അവൾക്ക് എല്ലാമായി മാറുകയായിരുന്നു,
സ്നേഹം എന്ന വികാരത്താൽ മാറിപ്പോകാത്ത അകലങ്ങൾ ഇല്ല എന്നവൾ തിരിച്ചറിയുകയായിരുന്നു ആ ദിവസങ്ങളിൽ.
തന്റെ ജീവന്റെ പാതിയായി അവളവനെ മനസ്സാൽ വരിച്ചു.
ഇത്രയൊക്കെ തന്നെ സ്നേഹിച്ചിട്ടും എന്ത് കൊണ്ട് ശാരീരികമായി രാജീവ് തന്നിൽ നിന്ന് അകലം പാലിക്കുന്നു എന്നവൾ സംശയിച്ചു.
അതിനുള്ള ഉത്തരം കിട്ടാനും അധികസമയം വേണ്ടി വന്നില്ല.
പതിവ് പോലെ ഒരു ദിവസം രാത്രി തന്നോട് നാളെ ഒരു യാത്രയുണ്ട് എന്ന് മാത്രം പറഞ്ഞ് മാറിക്കിടക്കുമ്പോൾ അത് തന്റെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് ആകും എന്നവൾ അറിഞ്ഞിരുന്നില്ല…
മഞ്ഞാൽ മൂടപ്പെട്ട മലകൾ താണ്ടി മണാലി എന്ന ആ സ്വപ്നത്തിലേക്ക് പ്രവേശിച്ചപ്പോൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു.
എന്നാലും താൻ മാത്രമറിഞ്ഞ തന്റെ സ്വപ്നങ്ങൾ എങ്ങനെ രാജീവ് അറിഞ്ഞു എന്നത് അവൾക്ക് ഉത്തരമില്ലാത്ത ചോദ്യമായി.
അതിനുത്തരമാകട്ടെ ആ രാത്രി തന്നെ അവളെ തേടിയെത്തി,
മഞ്ഞിൽ കുളിച്ചു കിടന്ന ആ മലയടിവാരത്തെ റിസോർട് മുറിയുടെ ബാൽക്കണിയിൽ വച്ച് താൻ തന്റെ എല്ലാമായി സൂക്ഷിച്ചിരുന്ന ആ ഡയറി തനിക്ക് നേരെ രാജീവ് നീട്ടുമ്പോൾ അവൾ അത്ഭുതപ്പെട്ടു,
പുതിയ ജീവിതത്തിന്റെ ഭയപ്പാടിൽ താൻ പോലും മറന്ന് പോയ തന്റെ സ്വപ്നങ്ങൾ.
ഇത്… ഇതെങ്ങനെ….?
ചോദ്യഭാവത്തിൽ നോക്കിയ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് രാജീവ് പറഞ്ഞു തുടങ്ങി.
ഓർമ വച്ച നാൾ മുതൽ ഞാൻ കണ്ടത് എന്റെ അമ്മയുടെ കണ്ണുനീർ മാത്രം ആയിരുന്നു, എന്നും മദ്യപിച്ചു വന്ന് അമ്മയെ തല്ലുന്ന അച്ഛൻ,
എന്നോ ഒരിക്കൽ ആ മനുഷ്യൻ മരിച്ചപ്പോളും ഞാൻ കരഞ്ഞിരുന്നില്ല, പിന്നീട് തന്നെ വളർത്താൻ കഷ്ടപ്പെടുമ്പോൾ അമ്മ ഒരു ഉപദേശമെന്ന പോലെ പറയുമായിരുന്നു .
എന്റെ കൈപിടിച്ച് കയറി വരുന്ന പെണ്ണിനെ ഒരിക്കലും വേദനിപ്പിക്കരുത് എന്ന്, അമ്മയ്ക്ക് നഷ്ടമായത് പോലെ അവളുടെ സ്വപ്നങ്ങൾ ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല എന്ന്….
അതിന് വേണ്ടി… ആ അമ്മയ്ക്ക് വേണ്ടി ആയിരുന്നു എല്ലാം ..
നീ പോലുമറിയാതെ നിന്റെ അനിയത്തി വഴി ഈ ഡയറി സ്വന്തമാക്കുമ്പോൾ നീയറിയാതെ നിന്നെ ഞാൻ അറിയുകയായിരുന്നു, നിന്റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം….
പൂർണമായും നീ എന്റെ പാതി ആകുന്നത് നിന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയാക്കിയ ശേഷം മാത്രമാകണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു.
അത്രയും പറഞ്ഞ് പുറത്ത് പെയ്തുവീഴുന്ന മഞ്ഞു കണങ്ങളിലേക്ക് നോക്കി അവൻ നിൽക്കവേ സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ മുറുകെ പുണർന്നു…..
അവരുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നാളുകളുടെ തുടക്കം മാത്രമായി ആ നിമിഷം മാറുകയായിരുന്നു….
പിന്നെയും ദിവസങ്ങൾ മുന്നോട്ട് നീങ്ങവേ തനിക്കുള്ളിൽ പുതിയൊരു ജീവൻ തുടിക്കുന്നു എന്നറിഞ്ഞ നിമിഷം അവൾ ഒരിക്കൽ കൂടി തന്റെ പേന കയ്യിലെടുത്തു.
രാജീവ് തനിക്കായി സമ്മാനിച്ച പുതിയ ഡയറി താളിൽ അവൾ ഒരു ചിത്രം വരച്ചു താനും രാജീവും രാജീവിന്റെ അമ്മയും പിന്നെ ഒരു കുഞ്ഞു കുസൃതിക്കുരുന്നും…
അതിന് താഴെയായി അവൾ വീണ്ടും ആ വരികളെഴുതി….
എന്താണെന്നറിയില്ല ഈ “സ്നേഹ” മഴയിൽ നിറഞ്ഞുപോയ് മനം. എങ്ങനെയെന്നറിയില്ല നിൻ രഹസ്യ മർമരംവന്നെന്നിൽ ചൊരിയുന്നു സ്നേഹകുങ്കുമം.
ഞാൻ തനിച്ചെങ്കിൽ എന്നിൽ പുഞ്ചിരിയെ വിടരൂ. എന്നാൽ നാം ഒരുമിച്ചാൽ എല്ലാം മറന്നൊന്ന് പൊട്ടിച്ചിരിക്കാം…
സ്നേഹം എന്നൊരു വാക്ക് മാത്രം അവൾ അതിൽ പുതുതായി കൂട്ടിച്ചേർത്തിരുന്നു…