എന്നിൽ വീണ്ടും പ്രണയം മൊട്ടിട്ടിരിക്കുന്നുവോ? വിവാഹിതയും നാപ്പത്തു വയസ്സോട് അടുക്കുകയും ചെയ്യുന്ന എനിക്ക് പ്രണയം… ഹേയ് ഒരിക്കലുമില്ല. എക്കിലും …..’

പ്രണയത്തിന്റെ കൈയ്യൊപ്പ്
(രചന: Sarya Vijayan)

വായിച്ച പ്രണയ നോവലിന്റെ മൂടിലായിരുന്നു ഞാൻ. എനിക്കാണെങ്കിൽ എഴുതുവാൻ പുതിയ വിഷയങ്ങൾ ഒന്നും കിട്ടിയതുമില്ല.

വീണ്ടും ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിലൂടെ വിരലുകൾ ഓടിച്ചു നടന്നു നീങ്ങിയപ്പോഴായിരുന്നു ആ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചത് .

അപ്പുറത്തെ പുസ്തങ്ങൾക്കിടയിലൂടെ എന്നെ തന്നെ നോക്കുകയായിരുന്നു അവ.

ഞാൻ പുസ്തകം തിരയുന്നത് നിർത്തി പതുക്കെ അവിടേയ്ക്ക് നടന്നു.
എന്നെ കണ്ടയുടൻ എന്നെ നോക്കി ചിരിച്ചു.

ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ച . ഞാനും തിരികെ ചിരിച്ചു. ഞാൻ സംസാരിച്ചു തുടങ്ങുന്നതിന് മുൻപേ തന്നെ എന്നോട് സംസാരിച്ചു.

“മാഡം ഇവിടെ സ്ഥിരമായി വരാറുണ്ട് അല്ലേ. ഞാൻ കുറെ ദിവസമായി ശ്രദ്ധിക്കുന്നുണ്ട്”.

മാഡം ആ പേരിൽ എനിക്ക് ഒരു സുരക്ഷിതത്വം തോന്നിയത് കൊണ്ടാകാം ഞാൻ തിരുത്താൻ നിന്നില്ല. അല്ലെങ്കിൽ തന്നെ ഇപ്പോ പ്രശസ്ത സാഹിത്യകാരി എന്ന അഭിസംബോധനയ്ക്ക് ശേഷം എന്നെ മാഡം എന്ന വിളിക്കുക.

“മാഡത്തിന്റെ എല്ലാ രചനകളും ഞാൻ വായിക്കാറുണ്ട്. ചില കഥാപാത്രങ്ങളിൽ ഞാൻ എന്നെ തന്നെ കാണാറുണ്ട് ചിലപ്പോഴൊക്കെ”..

അപ്പോഴേയ്ക്ക് ക്ലോക്കിൽ 5 മണിയുടെ അലാറം മുഴങ്ങി. ഞാൻ ഒരു നന്ദി വാക്ക് പറഞ്ഞ് പെട്ടെന്ന് ഇറങ്ങി.

ഞാൻ കാർ പാർക്കിങ്ങിൽ വന്ന് വണ്ടി തിരിച്ചു ഗേറ്റിൽ എത്തിയപ്പോൾ അവിടെ നിന്ന് കൈ വീശി എനിക്ക് യാത്ര പറഞ്ഞു. ഒരു ചിരി നൽകി ഞാനും.

വീട്ടിൽ എത്തിയപ്പോഴേയ്ക്കും ഹരി എത്തിയിരുന്നു. താമസിച്ചത് ഇന്നത്തേയ്ക്ക് കേൾക്കാം.

പതുങ്ങി പതുങ്ങി മുറിയിൽ എത്തി. ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്‌ദം .കുളിക്കുകയാകും.

ഒരു പേടിയോടെ ഞാൻ വാതിൽ തട്ടി വിളിച്ചു.
“ഹരി”

അകത്തു ഷവർ ഓഫ് ചെയ്തു. ഒരു നിശബ്ദത പരന്നു.

“മും” പരുക്കൻ ശബ്ദത്തിൽ ഒരു മൂളൽ.

“ഹരി കുളിച്ചിറങ്ങുമ്പോഴേയ്ക്കും ഞാൻ കോഫി എടുക്കാം”.

“വേണ്ട”

“ഹരി,ഞാൻ മനഃപൂർവ്വമല്ല”.

നീ ഇനി കൂടുതൽ വിസ്തരിക്കുകയൊന്നും വേണ്ട. പോയി എന്റെ ഡ്രസ്സൊക്കെ പായ്ക്ക് ചെയ്തു വയ്ക്ക് എനിക്ക് ഒരു ബിസിനസ്സ് ടൂർ ഉണ്ട്,രണ്ടു മാസം കഴിഞ്ഞേ തിരികെ വരൂ’.

പെട്ടെന്ന് കേട്ടപ്പോൾ ഒരു നിരാശ തോന്നി. സെക്കന്റുകൾക്കുള്ളിൽ അതൊരു സന്തോഷമായി മാറി.

ഹരി വീട്ടിൽ ഉള്ളതും ഇല്ലാത്തതും എന്നും എനിക്ക് ഒരുപോലെ.
എനിക്ക് എന്റെ പുസ്തകങ്ങലൂടെ ലോകം. ഹരിയ്ക്ക് പണത്തിന് പിറകെയുള്ള ഓട്ടം.

അന്ന് എന്റെ ആദ്യ ചെറുകഥ കോളേജ് മാഗസിനിൽ പബ്ലിഷ് ചെയ്തപ്പോൾ ആരാധകർ ഒരുപാട് ഉണ്ടായി. അതിൽ ആദ്യമായി എനിക്ക് കത്തുകൾ അയച്ച ആരാധകനായിരുന്നു ഹരി.

ഒരു എഴുത്തുകാരനെ വിവാഹം കഴിക്കണം എന്ന എന്റെ ആഗ്രഹത്തെ തൂത്തെറിഞ്ഞു ഹരി. പകരം ഒരു ആസ്വാദകനെ പ്രണയിച്ചു ഞാൻ.

എന്റെ കഥകൾക്കും കവിതകൾക്കും ആസ്വാദനം നൽകിയിരുന്നത് മറ്റൊരു കവിത രൂപത്തിൽ ആയിരുന്നു.

ഹരിയുടെ ആ ആസ്വാദനവൈഭവം തന്നെയായിരുന്നു എന്നെ ഹരിയുടെ പ്രണയിയാക്കിയതും ഒടുവിൽ ജീവിതസഖിയാക്കിയതും.

എന്നാൽ ഇന്ന് ഹരിയുടെ ആ കഴിവ് എവിടെ? ഇപ്പോൾ ഞാൻ എഴുത്തുന്നുവോ എന്നുപോലും തിരക്കാറില്ല. അവാർഡുകൾ കിട്ടുമ്പോൾ എല്ലാവരെയും പോലെ ഒരു പൂച്ചെണ്ടുമായി വന്ന് അഭിനന്ദിക്കും.

പുറത്താണെങ്കിൽ അയച്ചു തരും. ഇത്രമാത്രം മറ്റൊന്നുമില്ല ഈ ഭാര്യയ്ക്ക് ഹരിയെന്ന ഭർത്താവിൽ നിന്ന്. അപ്പോഴേയ്ക്കും ബാത്ത് റൂമിലെ പൈപ്പ് ഓഫ് ആയി.

തുണിയെടുത്ത് ബാഗ് തുറന്ന് അതിൽ വച്ചു. പിന്നെ ആവശ്യമുള്ള സാധനങ്ങളും. അപ്പോഴേയ്ക്കും ഹരി വന്നു.

കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഒരുങ്ങി എന്റെ കൈയ്യിൽ നിന്ന് ബാഗും വാങ്ങി ഹരി നടന്നു നീങ്ങി.

യാത്ര പറയാൻ പോലും സമയമില്ലാത്ത ബിസിനസ്സ് മാൻ. പിറകെ ചെന്ന് വാതിൽ പടിയിൽ നിന്നു കാറിൽ കയറി ഹരി തിരിഞ്ഞു നോക്കാതെ ഡ്രൈവ് ചെയ്തു പോയി.

നേരെ ചെന്ന് വെറുതെ ഫേസ്ബുക്ക് തുറന്നു നോക്കി. ഒരു റിക്വസ്റ്റ് വന്നിട്ടുണ്ട് കുറെ നാളായി റിക്വസ്റ്റ് വന്നിട്ട് എല്ലാവരും ഇപ്പോൾ പേർസണൽ ബ്ലോഗ് സന്ദർശിക്കുക പതിവ് .

പ്രൊഫൈൽ സന്ദർശിച്ചു. ഫോട്ടോ ഒന്നുമില്ല ബയോ ഇട്ടിരിക്കുന്ന രണ്ടു വരി എന്നെ ആകർഷിച്ചു.

“അക്ഷരങ്ങളുടെ ലോകത്തിൽ വസിക്കുവാനാണ് എനിക്കേറെ പ്രിയം”.പ്രൊഫൈൽ നെയിം മാധവ്

റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തയുടൻ മെസ്സേജ് വന്നു.

“ഹായ് മാഡം എന്നെ മനസ്സിലായോ??
നമ്മൾ ഇന്ന് കണ്ടിരുന്നു. പബ്ലിക് ലൈബ്രറിയിൽ”.ആദ്യം തന്നെ നന്ദി എന്നെ സുഹൃത്ത് ആക്കിയത്തിന്”.

“വെൽക്കം” മാത്രം തിരികെ അയച്ചു. എന്നിട്ട് ചാറ്റ് ഓഫ് ചെയ്ത് .വെറുതെ ന്യൂ ഫീഡ്‌സ് നോക്കി ഇരുന്നു.

മാധവിന്റെ പോസ്റ്റ് രണ്ടു വരികൾ മാത്രം.
“ആ വരികളോട് എന്നും പ്രണയമായിരുന്നു എനിക്ക്”..

ഒരു കൗതുകം തോന്നി ചുമ്മാ കമന്റ് ചെയ്യാമെന്ന് കരുതി. “ഏതു വരികളോട് ” ടൈപ്പ് ചെയ്തിട്ട് ബാക്ക് സ്പേസ് അടിച്ചു.

വേണ്ട ഇനി നിരൂപകർ എന്ന ഇത്തിൾ കണ്ണികൾ ഓരോന്നും നോക്കിയിരിക്കുകയാണ്. കമ്പ്യൂട്ടർ ഓഫ് ചെയ്ത് നേരെ ബെഡിൽ പോയി കിടന്നു.

രാവിലെ നേരത്തെ റെഡിയായി വന്നപ്പോഴേയ്ക്കും ജോലിക്കാർ ആഹാരം എടുത്ത് വച്ചിരുന്നു. ആഹാരം കഴിച്ചു കാറും എടുത്ത് നേരെ ലൈബ്രറിയിലേക്ക് തിരിച്ചു.

വാതിലിൽ തന്നെ മാധവ് ഉണ്ടായിരുന്നു. എന്നെ നോക്കിയൊന്നു ചിരിച്ചു. ഒരു ചിരി നൽകി കാർ പാർക്ക് ചെയ്തു ലൈബ്രറിയിലേയ്ക്ക് കയറി. പുതിയ ഇംഗ്ലീഷ് ആർട്ടിക്കിൾസ് എടുത്ത് റീഡിങ് റൂമിന്റെ ഒരു മൂലയിൽ ചെന്നിരുന്നു.

വായിച്ചു തുടങ്ങിയാൽ ഞാനും പുറം ലോകവും തമ്മിൽ ഒരു ബന്ധവും ഇല്ല.

ആ ചോദ്യം കേട്ടാണ് ഞാൻ ബുക്കിൽ നിന്ന് കണ്ണെടുത്തത്.
“ക്യാൻ ഐ ജോയിൻ”.

“ആ മാധവ് ഓഫ് കോഴ്സ്”.

എന്റെ എതിരെ ഇരുന്നു.
“മാഡത്തിന്റെ പുതിയ വർക്ക്”.

“എഴുതണം പുതിയ സബ്ജെക്ട് കിട്ടട്ടെ”.
അല്ല ഏതു വരികളോടാണ് പ്രണയം?

“ഓ… അതോ. അത് ഞാൻ വെറുതെ”.

അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു. ഭൂമിയ്ക്കും സൂര്യനും താഴെ എല്ലാത്തിനെ കുറിച്ചും സംസാരിച്ചു.
എനിക്ക് മാധവിനോട് ഒരുപാട് നാളത്തെ പരിചയം ഉള്ളതുപോലെ എന്റെ ഇഷ്ടങ്ങളും ഏകദേശം മാധവിനെ പോലെ തന്നെയിരുന്നു.

അന്ന് മുതൽ ഞങ്ങൾ പതിവായി ലൈബ്രറിയിൽ വച്ച് കാണുന്നത് പതിവായി. ഞാൻ വായിച്ചിട്ടില്ലാത്ത പലതിനെ കുറിച്ചും എനിക്കും പറഞ്ഞു തന്നു. അവ വായിക്കുവാൻ വേണ്ടി നിർദ്ദേശിച്ചു .

നല്ലൊരു എഴുത്തുകാരി നല്ലൊരു വായനക്കാരി കൂടിയാകണാമല്ലോ .

ലൈബ്രറി പുസ്തകങ്ങൾക്കിടയിൽ മാധവിനൊപ്പമുള്ള ഓരോ നിമിഷവും എന്നിൽ പുതിയൊരു ലോകം തീർത്തു.

“വീട്ടിൽ എത്തിയപ്പോൾ ഞാൻ പുതിയൊരു കഥ എഴുതുവനായി ഇരുന്നു.

ഒരുപാട് വർഷങ്ങളായി ഏകാന്തത വിഷയമാക്കി എഴുതിയിരുന്ന എന്റെ തൂലിക ഒരു പ്രണയകാവ്യത്തിനായി ദാഹിക്കുന്നത് പോലെ തോന്നിയെനിക്ക്.

‘എന്നിൽ വീണ്ടും പ്രണയം മൊട്ടിട്ടിരിക്കുന്നുവോ? വിവാഹിതയും നാപ്പത്തു വയസ്സോട് അടുക്കുകയും ചെയ്യുന്ന എനിക്ക് പ്രണയം… ഹേയ് ഒരിക്കലുമില്ല. എക്കിലും …..’

ആദ്യ വരി എഴുതി പേന താഴെ വച്ചു.
ഈ കഥയിലെ നായികയ്ക്ക് എന്റെ മുഖം തന്നെയായിരുന്നു ഞാൻ കൊടുത്തത്.

എഫ്. ബി. തുറന്നപ്പോൾ അതിൽ മാധവിന്റെ പുതിയ പോസ്റ്റ്..

“വരികളോട് തോന്നിയ പ്രണയം പതുക്കെ ശ്രഷ്ഠാവിനോടായിരിക്കുന്നു”.

ആ വരികൾ എന്റെ കണ്ണിൽ പുതിയ ഒരു വെളിച്ചം തെളിയിച്ചു. ചുവരിലെ ഹരിയുടെ ഫോട്ടോ ആ വെളിച്ചത്തെ ഊതി കെടുത്തി.

ഇന്ന് വൈകുന്നേരം മഴ ആസ്വദിച്ചു ലൈബ്രറി വരാന്തയിൽ നിന്നപ്പോൾ എന്നെയും മാധവിനെയും തഴുകി പോയ കാറ്റിന് പ്രണയത്തിന്റെ കുളിർ ഉണ്ടായിരുന്നോ?

ആ കാറ്റിൽ പറന്ന എന്റെ മുടി കോതി വയ്ക്കാൻ ഉയത്തിയപ്പോൾ മാധവിന്റെ കണ്ണിൽ ഞാൻ കണ്ട തിളക്കം പ്രണയമായിരുന്നുവോ? ഹേയ് വേണ്ട..

“അവിവാഹിതനായ ഒരാൾക്ക് വിവാഹിതയും മക്കളും ഇല്ലാത്ത ഒരു പെണ്ണിനോട് തോന്നുന്ന സംസ്കാരമില്ലാത്ത ഒരു വികാരമായി മാത്രമേ പുറംലോകം അതിനെ ചിത്രീകരിക്കു.

ഇനി ഞാൻ മാധവിനെ കാണുന്നത് ശരിയാണോ? എനിക്കെന്താ എനിക്ക് ഒന്നും ഇല്ല.

നേരെ ചെന്ന് എഴുതിയ പേപ്പർ അതുപോലെ തന്നെ ചുരുട്ടി എറിഞ്ഞു.

വേണ്ട ഇനി ഒരു പ്രണയാകാവ്യം എന്റെ തൂലികയിൽ നിന്ന് ജനിക്കേണ്ട.

പിറ്റേന്ന് ലൈബ്രറിയിൽ ചെന്നപ്പോൾ അവിടെ മാധവ് ഉണ്ടായിരുന്നില്ല. വൈകുന്നേരം വരെ ഞാൻ പുസ്തകത്തിൽ കണ്ണും നാട്ടിരുന്നു. എന്നാൽ എന്റെ കണ്ണുകളും കാതുകളും ആ മുഖത്തേയും ആ ചുവടിനെയും പ്രതീക്ഷിച്ചിരുന്നു.

വീട്ടിൽ എത്തി ഉടൻ ഫേസ്ബുക്കിൽ തിരഞ്ഞു ആക്റ്റീവ് ബിഫോർ 24 അവേഴ്‌സ്.

കണ്ണുകൾ കാരണമില്ലാതെ നനഞ്ഞു. മനസ്സ് എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടക്കുന്നു.

ആ രാത്രി ഉറങ്ങിയില്ല. കാരണമില്ലാതെ തലയിണയിൽ മുഖമമർത്തി കരഞ്ഞു.

രാവിലെ എഴുന്നേറ്റ് നേരെ അമ്പലത്തിൽ ചെന്ന് കണ്ണനെ തൊഴുതു. തിരികെ വീട്ടിലേയ്ക്ക് വരും വഴി മൊബൈൽ റിംഗ് ചെയ്തു. എടുത്തു നോക്കിയപ്പോൾ ഒരു അൺനോൺ നമ്പർ. എടുത്ത് ചെവിയോട് ചേർത്തു.

ഹലോ”

“ശ്രീ,ഞാനാ എനിക്ക് ശ്രീയെ ഒന്ന് കാണാൻ പറ്റുമോ”.

“മാധവ് എവിടെയാ മാധവ് ഞാൻ എത്ര വിളിച്ചു നോക്കി”.

“ബീച്ചിലേയ്ക്ക് വരുമോ”?

ഫോൺ വച്ച് ഗിയർ തിരിച്ചു.
മാഡം എന്ന വിളിയിൽ നിന്ന് എന്നാണ് ശ്രീ ആയി മറിയാതെന്ന് എത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാൻ കഴിയുന്നില്ല.

ബീച്ചിൽ ഒരു കോണിൽ ഒരു ബെഞ്ചിൽ എന്നെയും പ്രതീക്ഷിച്ചു കൊണ്ട് മാധവ് ഉണ്ടായിരുന്നു.

പതുക്കെ നടന്ന് ഞാൻ അടുത്തേയ്ക്ക് ചെന്ന് .എന്റെ ഹൃദയതാളം കൂടിയ പോലെ ശക്തിയായി ഇടിച്ചു.

കടലിലേയ്ക്ക് നോക്കിയിരുന്ന മാധവ് എന്റെ നേരെ നോക്കി.

“ശ്രീ വരൂ ഇരിക്ക്”.

മാധവ് കുറച്ചു നീങ്ങിയിരുന്നു.

“ഈ സെറ്റ് സാരിയിൽ ശ്രീ കുറച്ചു കൂടി സുന്ദരിയായിരിക്കുന്നു. എവിടെ പോയി വന്നതാണ്, എന്നെ കാണാൻ എന്തായാലും ഇങ്ങനെ വരില്ല അത് തീർച്ച”.

“ഞാൻ അമ്പലത്തിൽ”.

“ആ അങ്ങനെ പറ”.

“പ്രശസ്ത സാഹിത്യകാരി എന്നെ കാണാൻ സമയം കണ്ടെത്തിയത്തിൽ സന്തോഷം”.

ഞാൻ ദേഷ്യത്തിൽ നോക്കി.

“ഞാൻ ചുമ്മാ പറഞ്ഞതാ,ഞാൻ വരാൻ പറഞ്ഞത് മറ്റൊന്നുമല്ല. ഞാൻ ഈ നഗരത്തിൽ നിന്ന് യാത്ര പറയുന്നു ശ്രീ എന്റെ നാട്ടിലേയ്ക്ക്”.

” എന്താ ഇപ്പോ അങ്ങനെ”.

“എനിക്ക് ഇനി ഇവിടെ പറ്റില്ല. ഒരിക്കലും തോന്നാൻ പാടില്ലാത്ത പലതും ഇവിടെ നിന്നാൽ എന്നിൽ ഉണ്ടാകും,ശ്രീ ഇനിയും എഴുതണം ആ അക്ഷരങ്ങൾ ഒന്ന് പോലും കളയാതെ എന്റെ വായനാലോകത്തിൽ ഞാൻ സൂക്ഷിച്ചു കൊള്ളാം.

ഇനി ഞാൻ നിൽക്കുന്നില്ല അടുത്ത ട്രെയിനിൽ പോകണം”.

അത് പസ്റയുമ്പോൾ മാധവ് എന്റെ മുഖത്തേയ്ക്ക് നോക്കിയില്ല. ഒരുപക്ഷെ എന്റെ കണ്ണിന്റെ തീഷ്ണത ഇവിടെ നിൽക്കാൻ പ്രേരിപ്പിക്കുമെന്ന് തോന്നിയത് കൊണ്ടാകാം .

യാത്ര പറഞ്ഞു എന്റെ അടുത്ത് നിന്ന് നടന്നു നീങ്ങുമ്പോൾ ആ കൈയ്യിൽ പിടിച്ചു പോകരുത് എന്ന് പറയാൻ എന്റെ മനം തുടിച്ചു. മനസ്സിൽ ഒരു കത്തി കുത്തിയിറക്കിയ വേദന.

ഞാനും മാധവും തമ്മിലുള്ള ദൂരം കൂടുന്തോറും ആ കത്തി ഉള്ളിലേയ്ക്ക് ആഴ്ന്നാഴന്ന് പോയി .

കണ്ണിൽ നിറഞ്ഞ തുള്ളികൾ മണൽതരിയിൽ വീണ് ചിന്നിച്ചിതറി. ക്ഷണനേരം കൊണ്ട് തീരത്തെ പുണർന്ന് വിടപറഞ്ഞ തിരമാലകളുടെ കണ്ണീരാകാം കടലിൽ ഉപ്പുരസം വാരി വിതറിയത്.

Leave a Reply

Your email address will not be published. Required fields are marked *