സായാഹ്നത്തിലെ പ്രണയപുഷ്പങ്ങൾ
(രചന: Seena Joby)
ഒരു പകലിന്റെ മുഴുവൻ അധ്വാനവും ടെൻഷനും ഇറക്കിവെച്ചു മനസ് ഒന്ന് സ്വസ്ഥമാക്കാൻ,
അന്തിച്ചോപ്പുള്ള മാനം നോക്കി തിരക്കില്ലാത്ത വഴികളിലൂടെ ചുറ്റുപാടുകൾ ശ്രദ്ധിച്ച് പ്രകൃതിഭംഗിയും ആസ്വദിച്ച് മെല്ലെയിങ്ങനെ നടക്കുക എന്നുള്ളത് എനിക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്.
കാരണം ആ സമയം എല്ലാ ജീവജാലങ്ങളും കൂടണയാൻ കാണിക്കുന്ന ആവേശം അത് ശരിക്കുമൊന്ന് കാണേണ്ടത് തന്നെയാണ്.
അത് കണ്ട് ഒരു നെടുവീർപ്പോടെ ഞാൻ മുൻപോട്ടു നടക്കും, മതിയാവുന്ന വരെ, കാരണം എനിക്ക് പെട്ടന്ന് വീട്ടിൽ ചെന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലല്ലോ .
എന്നെ കാത്തിരിക്കാനും സ്നേഹത്തോടെ ഭക്ഷണം വെച്ചുവിളമ്പിത്തരാനും ആരുമില്ല.
ഉണ്ടായിരുന്നവൾ ഇപ്പൊ എന്നിൽ നിന്ന് മോചനം നേടാൻ കാത്തിരിക്കുകയാണ്. അവളെ മാത്രം പറഞ്ഞിട്ടും കാര്യമില്ല. ചെറിയ കാര്യങ്ങൾ വലുതാക്കുന്നതിൽ എനിക്കും ഉണ്ടായിരുന്നു നല്ലൊരു പങ്ക് .
ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. ഒരു നെടുവീർപ്പിൽ ആ ഓർമ്മകൾ ഒതുക്കുകയാണ് പതിവ്. അറിയാതെ നിറയുന്ന മിഴികളെ ശാസിച്ചു പതിയെ നടക്കും മുൻപോട്ടു.. ഏകനായ്.
മനസിന്റെ കുറ്റബോധവും ഒറ്റപ്പെടലും മറയ്ക്കാൻ ഞാൻ തന്നെ കണ്ടെത്തിയ ഉപാധിയാണ് ഈ സായാഹ്ന സവാരി. അത്തരമൊരു വൈകുന്നേരം ആണ് അവരെ ഞാൻ ആദ്യമായ് ശ്രദ്ധിച്ചത്.
കാഴ്ച്ചയിൽ ഏകദേശം ഒരു എൺപതിനടുത് പ്രായം വരും രണ്ടാൾക്കും. അവര് ചുറ്റും ഉള്ളതൊന്നും അറിയുന്നില്ല.
പരസ്പരം നോക്കി ചിരിച്ചും സംസാരിച്ചും ഒട്ടും തിരക്കില്ലാതെ ഓരോ നിമിഷവും ആസ്വദിച്ചു മെല്ലെ ആണ് നടത്തം.
അവരുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന പ്രണയമാണ് എന്നെ അവരിലേക്ക് പെട്ടന്ന് ആകർഷിച്ചത്.
ആ അപ്പച്ചൻ എന്തോ കാര്യമായി അമ്മച്ചിയോട് പറയുന്നു. അമ്മച്ചി ഈ ലോകത്തു അല്ലാത്ത പോലെ അപ്പച്ചന്റെ വാക്കുകൾ മാത്രം ശ്രദ്ധിക്കുന്നു, ഇടക്ക് പൊട്ടിച്ചിരിക്കുന്നു.
വളരെ മനോഹരമായ ആ കാഴ്ച ഞാൻ ആസ്വദിച്ചു പതിയെ അവരെ കടന്നു പോയി. എന്തോ കുറച്ചു നേരം അവരുടെ ആ ചിരിയും കണ്ണുകളിൽ തെളിഞ്ഞു കണ്ട പ്രണയവും എന്റെ മനസ്സിൽ നിറഞ്ഞു നിന്നു..
ശരിക്കും മനസ് നിറഞ്ഞൊന്ന് പൊട്ടിച്ചിരിക്കാൻ കഴിയാത്ത വിധം മനസും ജീവിതവും കൈവിട്ടു പോയ എനിക്ക് അവരൊരു അത്ഭുതമായി.
ഈ പ്രായത്തിലും ഇങ്ങനെ പ്രണയിക്കാൻ പറ്റുമോ എന്നുള്ളത് ആയിരുന്നു എന്റെ സംശയം.
അതൊരു തുടക്കമായിരുന്നു..പിന്നീട് എല്ലാ ദിവസവും അവര് അവിടെ ഉണ്ടായിരുന്നു. ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ പതിയെ അവരെ നോക്കി ചിരിച്ചു.. അപ്പൊ രണ്ടു പേരും സന്തോഷത്തോടെ തിരിച്ചു ചിരിച്ചു.
കുറച്ചു ദിവസങ്ങൾ ഇങ്ങനെ പോയപ്പോൾ എനിക്ക് എന്തോ അവരോട് ഒന്ന് സംസാരിക്കണം എന്ന് ഒരു ആഗ്രഹം തോന്നി.
എന്തായാലും ഞാൻ നാളെ അവരോട് സംസാരിക്കാൻ തീരുമാനിച്ചാണ് അന്ന് കിടന്നത്.
രാവിലെ അലാറം അടിച്ചു പൊളിക്കുന്ന കേട്ടാണ് കണ്ണ് തുറന്നത്.. നാശം ഇത്രവേഗം നേരംവെളുത്തോ.. ന്ന് ഒരു ആത്മഗതം നടത്തി കുളിച്ചു റെഡി ആയി ഓഫീസിൽ പോയി.
വൈകുന്നേരം ആകാൻ ഞാൻ കാത്തിരുന്നു. ഓഫീസിൽ നിന്ന് തിരിച്ചു എത്തിയപാടെ നടക്കാൻ പോകാൻ റെഡി ആയി.
ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങി. അവരെ എന്നും കാണുന്ന സ്ഥലത്തു കാത്തിരുന്നു. ഇത് വരെ വന്നിട്ടില്ല. എന്നാലും ഞാൻ ഒരു പ്രതീക്ഷയോടെ നോക്കി ഇരുന്നു. നിരാശനാവേണ്ടി വന്നില്ല.
കുറച്ചു കഴിഞ്ഞപ്പോളെക്കും രണ്ടു പേരും എന്നത്തേയും പോലെ സംസാരിച്ചു, ചിരിച്ചു കളിച്ചു വരുന്നുണ്ട്. അപ്പച്ചന്റെ കൈയിൽ അമ്മച്ചിയുടെ കൈകൾ സുരക്ഷിതമായിരുന്നു.
രണ്ടു പേരും പതിയെ നടന്നു എന്റെ അടുത്ത് തന്നെ വന്നിരുന്നു. ഇരുന്നു കഴിഞ്ഞാണ് അവരെന്നെ കണ്ടത്.
“ആ മോനെ ഇന്ന് നേരത്തെ ആണല്ലോ.. ഞങ്ങൾ കണ്ടില്ലാരുന്നു. ”
ആഹ് ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങി.. നിങ്ങളോട് ഒന്ന് സംസാരിക്കാൻ ഒരു ആഗ്രഹം. ” എന്റെ മറുപടി കേട്ട് അപ്പച്ചൻ അമ്മച്ചിയെ ചേർത്ത് പിടിച്ചു എന്നെ നോക്കി ചിരിച്ചു..
വളരെ നിഷ്കളങ്കമായ വിഷാദം നിറഞ്ഞ ചിരി..
” എന്താ മോന്റെ പേര് ”
അലോഷി എന്ന് ഞാൻ മറുപടി പറഞ്ഞു. ”
എന്റെ പേര് അലക്സ്. ഇത് എന്റെ മേരിക്കുട്ടി.. ഞങ്ങൾക്ക് മൂന്നു പെണ്മക്കൾ ആണ്. അവര് ഒക്കെ കുടുംബമായി കഴിയുന്നു. എന്നും വിളിക്കും ആഴ്ചയിലൊരിക്കല്‍ വരും മൂന്നാളും ..
വീട്ടിൽ ഞങ്ങൾ രണ്ടാളും തനിച്ചാണ്.. ഇവൾക്ക് മറവിരോഗമാണ്. അൽഷിമേഴ്സ് . ഒന്നും ഓർമ്മയിൽ ഇല്ല. ആകെ ഞാനും മക്കളും മാത്രം ആണ് അവളുടെ ഓർമ്മകൾ. എന്നെ കാണാതെ ഒരു നിമിഷം നിൽക്കില്ല..
അത് കൊണ്ടു ഞങ്ങൾ എപ്പോളും ഒന്നിച്ചാണ്… വിക്രമാദിത്യനും വേതാളവും പോലെ.. ”
ഇത് പറഞ്ഞു അപ്പച്ചൻ ഒന്ന് ഉറക്കെ ചിരിച്ചു.. കൺകോണിൽ വന്ന നീർതുള്ളി ഞാൻ കാണാതേ മറച്ചത് ഞാനും കാണാത്ത ഭാവത്തിൽ ഇരുന്നു..
അപ്പച്ചൻ ചിരിച്ചപ്പോൾ കൂടെ ഒന്നും അറിയാതെ ഉള്ള അമ്മച്ചിയുടെ ചിരി, ശരിക്കും സങ്കടം വരും എങ്കിലും അത് കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചിരി ആയിരുന്നു.
ഒത്തിരി നാളുകൾ കൂടി ഒരാളോട് മനസ് തുറക്കുന്ന അപ്പച്ചനെ ഞാൻ കേട്ടിരുന്നു..
60 വർഷം മുൻപ് പ്രണയിച്ചു വിവാഹം കഴിച്ച വീരൻ ആണ് എന്റെ മുൻപിൽ ഇരിക്കുന്നത്.. ആ കഥ ഞാൻ ആകാംഷയോടെ കേട്ടിരുന്നു. അല്ലേലും മറ്റുള്ളവരുടെ കഥയറിയാൻ നമ്മൾ മലയാളികൾക്കൊരു പ്രത്യേക താല്പര്യമുണ്ടല്ലോ യേത്..
കുഞ്ഞു അലക്‌സും മേരികുട്ടിയും തങ്ങളുടെ കൗമാര കാലത്ത് കണ്ടു മുട്ടി അവിടെ നിന്ന് ആരും അറിയാതെ കണ്ണുകൾ കൊണ്ടു പ്രണയിച്ചു..
ഒരേ മ ത വിഭാഗത്തിൽ പെട്ടവർ ആയതുകൊണ്ട് കാര്യമായി തടസങ്ങൾ ഒന്നും ഇല്ലാതെ കല്യാണം കഴിഞ്ഞു.. പേരിന് ചെറിയ ഒരു ബന്ധം ഉണ്ടാരുന്നോണ്ട് കാര്യം എളുപ്പമായി.
അവിടെ നിന്ന് കൃഷിയും കാര്യങ്ങളും ഒക്കെ ആയി പതിയെ ജീവിതം പച്ച പിടിച്ചു. ഞാൻ എന്ത് പണിക്ക് ഇറങ്ങിയാലും എന്റെ ഒപ്പം തന്നെ കാണും ഇവളും. ഇടക്ക് ഒരു ചെറിയ പരീക്ഷണം..
കല്യാണം കഴിഞ്ഞ് ഒരു വർഷം ആയിട്ട് വിശേഷം ഒന്നും ആയില്ല.. കുറച്ചു നാൾ ആളുകൾ കളിയാക്കി.. ഞങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെ മനസ്സിൽ ഉള്ള വിഷമം ആരെയും അറിയിക്കാതെ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു..
എന്തായാലും ഒടുവിൽ ദൈവം പ്രാർത്ഥന കേട്ട് എന്റെ മേരിക്കുട്ടിയെപ്പോലെ ഒരു സുന്ദരി മോളെ തന്നു. പിന്നാലെ രണ്ട് വയസ്സിനിളപ്പത്തിൽ രണ്ടു പേര് കൂടെ വന്നു.. പിന്നെ മക്കൾ ആയി ലോകം.
ഏറ്റവും ഇളയ മോളുടെ കല്യാണം കഴിഞ്ഞ ശേഷം ആണ് മേരിക്കുട്ടിക്ക് മറവി തുടങ്ങിയത്. ആദ്യമാദ്യം ശ്രദ്ധിച്ചില്ല. പിന്നെ സ്വന്തം കാര്യം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ ആയി.
തീയിൽ തൊട്ടാൽ പൊള്ളും എന്നോ ഒരു കല്ലിൽ തട്ടിയാൽ വീഴുമെന്നോ പോകുന്ന വഴിയിൽ എന്തെങ്കിലും തടസം കണ്ടാൽ വഴിമാറി പോകണമെന്നോ എന്തിന് ഒരു ഗ്ലാസ് വെള്ളം എടുത്തു സ്വന്തമായി കുടിക്കാൻ പോലും അറിയില്ല. അതാണ് അവസ്ഥ..
അവളുടെ എന്ത് കാര്യത്തിനും എന്റെ നോട്ടം എത്തണം.. രാവിലെ എഴുന്നേറ്റു വരുമ്പോൾ മുതൽ രാത്രി കിടക്കുന്നത് വരെ. ചില സമയം വല്ലാത്ത ദേഷ്യം ആണെങ്കിൽ ചില സമയം വലിയ സങ്കടം ആണ്.
“ഇത്രയും നേരം അനങ്ങാതെ ഇരുന്ന അമ്മച്ചി പതിയെ അസ്വസ്ഥത കാണിച്ചു തുടങ്ങി.. ”
ഇനി പതിയെ നടന്നാലോ. അവള് ശല്യം ചെയ്യും ഇനി ഇരുന്നാൽ. എപ്പോളും ഞാൻ അവളോട് മാത്രം സംസാരിക്കണേ.. അതാണ്. പണ്ടും ഇങ്ങനെയാരുന്നു..
ഞാൻ എപ്പോളും ഇവളോട് മാത്രം സംസാരിക്കണം.. ഇത്തിരി കൂടുതൽ മക്കളെ പോലും കൊഞ്ചിക്കാൻ സമ്മതിക്കില്ല. അപ്പോ മുഖം വീർപ്പിച്ചു കൊതികുത്തി ഒറ്റപ്പോക്കാണ്.
അല്ലേലും മക്കളെ കിട്ടിയപ്പോ എന്നെ വേണ്ടല്ലോ ഇച്ചായനു എന്ന് ഒരു പറച്ചിലും ” ഞങ്ങൾ പതിയെ നടന്നു. അമ്മച്ചിയുടെ വലംകൈ അപ്പച്ചൻ പിടിച്ചിട്ടുണ്ട്.
ഞാൻ പതിയെ ഇടം കൈ എന്റെ കയ്യിലും ചേർത്ത് പിടിച്ചു. അപ്പൊ എന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു..
ഞാനും ചിരിച്ചു കാണിച്ചു. ” നിങ്ങൾ മാത്രം ആണോ വീട്ടിൽ. അപ്പൊ എങ്ങനെ കാര്യങ്ങൾ ഒക്കെ നടക്കുന്നു എന്ന എന്റെ ചോദ്യം കേട്ട് ഒരു ചിരിയോടെ പറഞ്ഞു.. ”
ആവുന്ന കാലത്ത് എന്റെ മേരിക്കുട്ടി എന്നെ ഒന്നും അറിയിച്ചിട്ടില്ല.
ഇപ്പൊ അവൾക്ക് വയ്യ. അത് കൊണ്ടു ഞാൻ അവളെ നോക്കുന്നു.. അന്ന് കെട്ടിന് ദൈവസന്നിധിയിൽ എടുത്ത പ്രതിജ്ഞ ഓർമയില്ലേ അലോഷി..
ഇന്ന് മുതൽ മരണം വരെ.. സന്തോഷത്തിലും ദുഃഖത്തിലും.. ആ അത് തന്നെ.. ഇപ്പൊ ഓർമ്മകൾ മാഞ്ഞു പോയൊണ്ട് എനിക്ക് ഇവളെ കളയാൻ പറ്റുമോ.. ഇവളില്ലേ ഞാനും ഇല്ലടോ.
ഇവളെ കുളിപ്പിക്കുമ്പോളും ഭക്ഷണം കൊടുക്കുമ്പോളും പിന്നെ ഇങ്ങനെ കൈ ചേർത്തു പിടിച്ചു നടക്കുമ്പോളും അവളുടെ മുഖത്തെ ചിരി മാത്രം മതി എനിക്ക്.
എന്ത് അസുഖം ആണേലും അവൾ ഇപ്പോളും എന്നെയും മക്കളെയും മറന്നിട്ടില്ലെടോ ” അത് പറയുമ്പോൾ ആ സ്വരം ഒന്നിടറി..
എനിക്ക് എന്ത് പറയണം എന്നറിയില്ലാരുന്നു. വീണ്ടും അപ്പച്ചൻ പറഞ്ഞു തുടങ്ങി ” കേട്ടോ അലോഷീ എനിക്ക് ഇപ്പൊ ദൈവത്തോട് ആകെ ഒരു അപേക്ഷ മാത്രമേ ഉള്ളു..
ഞാൻ മരിക്കുന്നെന് ഒരു നിമിഷം എങ്കിൽ ഒരു നിമിഷം മുൻപ് എന്റെ മേരിക്കുട്ടിയെ അങ്ങ് വിളിച്ചേക്കണേ കർത്താവെ എന്ന്.. ഞാൻ പോയ പിന്നെ ഇവളെ നോക്കാൻ ആർക്കും പറ്റൂല്ലടോ.
സ്വന്തം ജീവൻ ഒടുക്കണമെങ്കിൽ പോലും അതിനു ഒരു ബുദ്ധി വേണം. അത് പോലും.. ” ഇത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു എന്റെ നേരെ നോക്കി പതിയെ തലയാട്ടി അവര് നടന്നു നീങ്ങി.
അപ്പച്ചൻ കരഞ്ഞപ്പോൾ അമ്മച്ചിയുടെ സങ്കടവും ഓരോ നിമിഷവും അവരുടെ കണ്ണുകളിൽ കണ്ട പ്രണയവും എന്നെ കുറച്ചു പുതിയ കാര്യങ്ങൾ പഠിപ്പിച്ചു.
അവിടെ നിന്ന് തിരിച്ചു പോരുമ്പോൾ എന്റെ പെണ്ണിനോടുള്ള പിണക്കം മാറ്റി അവളെ നെഞ്ചോട് ചേർക്കാൻ ഞാനും കൊതിച്ചു.
വെറും ഈഗോയുടെ പുറത്ത് ബെഡ്‌റൂമിൽ തീരേണ്ട ചെറിയ കാര്യങ്ങൾ പെരുപ്പിച്ചുണ്ടാക്കിയ വഴക്ക് കളഞ്ഞത് ഞങ്ങളുടെ രണ്ടു വർഷമാണ്.
ഒരു സോറി കൊണ്ടോ ഒരു ചേർത്തുപിടിക്കൽ കൊണ്ടോ തീരേണ്ട പ്രശ്നം മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. അത് ആരാദ്യം പറയും എന്ന തർക്കം.
താഴാൻ ഉള്ള വിഷമം അതൊക്കെക്കൊണ്ട് കാര്യങ്ങൾ കുടുംബകോടതി വരെ എത്തിച്ചു. ഇപ്പൊള്‍ ഇവരുടെയീ നിസ്വാര്‍ത്ഥ സ്നേഹം കാണുമ്പോൾ എന്റെ മനസ്സ് കുറ്റബോധം കൊണ്ടു നിറഞ്ഞു..
ഞാന്‍ ഫോണെടുത്ത് പതിയെ അവളുടെ നമ്പർ ഡയൽ ചെയ്തു കാതോടുചേർത്തു. രണ്ടാമത്തെ റിങ്ങിൽത്തന്നെ കാൾ കണക്ട് ആയി. അപ്പുറത്തെ നിശബ്ദമായ തേങ്ങൽ എന്നെ ചുട്ടുപൊള്ളിച്ചു..
ഞാൻ പതിയെ വിളിച്ചു ” വാവേ ” ഒരു നിമിഷം ശ്വാസം പോലും ഇല്ല പിന്നെ പതിയെ മൂളി. “മം “..
എന്തോന്നാ പെണ്ണേ കിന്നരിച്ചു നില്‍ക്കുന്നേ.. നാളെ ഉച്ച ആവുമ്പോൾ ഞാൻ അങ്ങോട്ട് വരും ബാഗ് ഒക്കെ ആയി റെഡി ആയി നിൽക്കണം..
നമ്മുടെ മാത്രം സ്വർഗ്ഗം നിന്നെ കാത്തിരിക്കുവാ പെണ്ണെ “. ഇത് കേട്ട് ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ മറന്നു അവൾ. പിന്നെ കേട്ടു നിലവിളി പോലൊരു സ്വരം..
“ഇച്ചായാ “ന്ന്.. ആ ഒറ്റ വിളിയിൽത്തന്നെ തീർന്നു ഇതുവരെയുള്ള മുഴുവൻ പിണക്കവും.
മനസ്സുകൊണ്ട് നന്ദി പറഞ്ഞത് മുഴുവന്‍ ആ അപ്പച്ചനോടും അമ്മച്ചിയോടും ആണ്. അവരുടെ കണ്ണിൽ ഞാൻ കണ്ട പ്രണയത്തോടാണ്..
പിരിഞ്ഞിരുന്ന കാലമത്രയും അവൾക്ക് കൊടുക്കാൻ കഴിയാത്ത സ്നേഹത്തിന്റെ കടം വീട്ടണം.. മതിയാവോളം സ്നേഹം കൊടുത്തു, മേടിച്ച് ഇനി ജീവിക്കണം ഞങ്ങൾക്ക്.
എന്നിട്ടു എന്റെ പെണ്ണിന്റെ കൈ കോർത്തു പിടിച്ചു ഒരിക്കൽ കൂടി പോയി കാണണം, ഒരു അസുഖത്തിനും കാലഭേദങ്ങൾക്കും തോൽപ്പിക്കാൻ കഴിയാത്ത ആ പ്രണയ ജോഡികളെ…