ക്ലാസുകൾ ഇല്ലാത്തപ്പോഴൊക്കെ അവനോടൊപ്പം അവൾ കറങ്ങാൻ പോകാറുണ്ട്. സഭ്യതയുടെ വരമ്പ് വിട്ടു പോയിട്ടില്ലെങ്കിലും ഇടയ്ക്കൊക്കെ പല കാമലീലകളും അവർക്കിടയിൽ ഉണ്ടായിട്ടുണ്ട്..

(രചന: ശ്രേയ)

” എനിക്ക് എന്റെ മോളുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല സിന്ധു.. എങ്ങനെ നടന്ന കൊച്ചാണ്..? ഇപ്പോൾ ചിരിയും കളിയുമില്ല..

മുറിയിൽ നിന്ന് പുറത്തിറങ്ങുന്നില്ല.. അവളുടെ അവസ്ഥ കാണുമ്പോൾ അതിന് കാരണക്കാരനായവനെ കൊന്നുകളയാൻ ആണ് എനിക്ക് തോന്നുന്നത്.. ”

സിന്ധുവിന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ട് അനിത പൊട്ടിക്കരയുമ്പോൾ സിന്ധുവും ഓർത്തത് അങ്ങനെ തന്നെയായിരുന്നു.

“നീ ഇങ്ങനെ ഓരോന്നും ഓർത്ത് വിഷമിക്കല്ലേ അനിതേ.. അവളുടെ അവസ്ഥ എന്താണെന്ന് നമുക്ക് എല്ലാവർക്കും നന്നായി അറിയാവുന്നതല്ലേ..?

ഈയൊരു അവസ്ഥയിൽ അവൾക്ക് ആവശ്യമായ സപ്പോർട്ട് കൊടുക്കുക എന്നല്ലാതെ നമ്മൾ മറ്റൊന്നും ചിന്തിക്കുക പോലും ചെയ്യരുത്. ഒരുതരത്തിലും അവളെ കുറ്റപ്പെടുത്തരുത്.. അതൊന്നും അവൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല.”

സിന്ധു പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അനിതയ്ക്കും അറിയാമായിരുന്നു.

” എങ്കിലും എനിക്ക് സഹിക്കുന്നില്ല… ”

പറഞ്ഞു കൊണ്ട് അനിത പൊട്ടിക്കരയുമ്പോൾ അത് ഒരു അമ്മയുടെ വേദനയാണ് എന്ന് സിന്ധുവിന് അറിയാമായിരുന്നു.

താൻ പ്രസവിച്ചില്ലെങ്കിലും തന്റെ മകളുടെ സ്ഥാനത്തു തന്നെയാണ് അഹല്യ. അവൾക്ക് ഇങ്ങനെയൊരു അപകടം സംഭവിച്ചപ്പോൾ സ്വന്തം മകൾക്ക് സംഭവിച്ചത് പോലെ തന്നെയാണ് തനിക്ക് വേദനിച്ചത്.

അനിതയെ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു മുറിയിൽ കൊണ്ടുപോയി കിടത്തി. പിന്നെ അഹല്യയുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി.

സീലിങ്ങിലേക്ക് കണ്ണും നട്ട് എന്തോ ആലോചിച്ച് കിടക്കുന്ന അവളെ കണ്ടപ്പോൾ അറിയാതെ തന്നെ സിന്ധുവിന്റെ കണ്ണ് നിറഞ്ഞു.

പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല ഈ കുട്ടി. അവൾ വീട്ടിൽ ഉണ്ടെങ്കിൽ ഒരു നിമിഷം പോലും ആർക്കും ചെവിക്ക് സ്വൈര്യം കൊടുക്കാതെ എന്തെങ്കിലുമൊക്കെ പറഞ്ഞു ബഹളം വെച്ച് നടക്കുന്ന സ്വഭാവമായിരുന്നു അവളുടെ.

എന്തിനേറെ പറയുന്നു അയൽക്കാരായ ഞങ്ങളുടെ വീട്ടിൽ വരെ അവളുടെ സാമീപ്യം എപ്പോഴും അറിയാം..! അങ്ങനെയുള്ള പെൺകുട്ടിയാണ് ഇന്ന് യാതൊന്നും അറിയാതെ…!!

സിന്ധുവിന്റെ ഓർമ്മകൾ മാസങ്ങൾ മുന്നിലുള്ള ചില സംഭവങ്ങളിലേക്കാണ് എത്തി നോക്കിയത്..

പ്ലസ് ടു പഠനം കഴിയുന്നതു വരെയും അഹല്യ മിടുക്കിയായ ഒരു കുട്ടി തന്നെയായിരുന്നു. പക്ഷേ അത് കഴിഞ്ഞതിനു ശേഷം നാട്ടിൽ നിന്ന് മാറി നിൽക്കാൻ ഇഷ്ടമല്ലാതിരുന്ന അവൾക്ക് പുറത്തു പോയി പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞു.

തന്റെ കൂട്ടുകാരെല്ലാം പുറം നാടുകളിലാണ് പഠിക്കാൻ പോകുന്നത് എന്നും തനിക്കും മറ്റുള്ള നാടുകളും ഭാഷയും വേഷവും ഒക്കെ അറിയാനുള്ള കൊതിയുണ്ട് എന്നും ഒക്കെ പറഞ്ഞപ്പോൾ പ്രവാസിയായ അവളുടെ അച്ഛൻ അതിന് അർത്ഥസമ്മതം നൽകി.

അപ്പോഴും അനിതയ്ക്ക് ഉള്ളിൽ വല്ലാത്ത ടെൻഷൻ ആയിരുന്നു.

” നിങ്ങളാരും പറയുന്നതു പോലെ ഒന്നുമല്ല. പ്രായം തികഞ്ഞ ഒരു പെങ്കൊച്ച് ആണ്. അതിനെ എന്ത് വിശ്വസിച്ചാണ് പല നാട്ടിലും കൊണ്ടുപോയി വിടുന്നത്..?

നമ്മുടെ കണ്ണ് എത്തുന്ന ദൂരത്ത് ആണെങ്കിൽ എന്തെങ്കിലും അപകടങ്ങൾ ഉണ്ടെങ്കിൽ തന്നെ നമുക്ക് അറിയാൻ പറ്റും.. ”

അനിത വാദിച്ചു. പക്ഷേ അപ്പോഴും അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്നൊരു ചിന്തയായിരുന്നു അഹല്യയുടേത്.

” അമ്മ പറയുന്നതു പോലെ എന്നും എനിക്ക് ഈ വീടും ഈ ചുറ്റുപാടും മാത്രമായി നടക്കാനൊന്നും പറ്റില്ലല്ലോ.

എനിക്ക് എന്റേതായ ഒരു ജീവിതം ഇല്ലേ..? അപ്പോൾ മറ്റുള്ള നാടുകളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും ഒക്കെ ഞാൻ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.. അല്ലാതെ എന്നും തടവിലിട്ടതു പോലെ എനിക്ക് ഇവിടെ മാത്രം നിൽക്കാൻ പറ്റില്ലല്ലോ..!!”

അവൾ പറയുന്ന വശം ചിന്തിക്കുമ്പോൾ അത് ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നുന്നുണ്ടായിരുന്നു.

അങ്ങനെ അവൾ നിരാഹാരം കിടന്നു ബഹളം വച്ചുമാണ് ബാംഗ്ലൂർ നഗരത്തിലേക്ക് പഠിക്കാൻ പോകാനുള്ള അനുവാദം വാങ്ങിയത്. അപ്പോഴും അനിതയ്ക്ക് ഉള്ളിൽ തീയായിരുന്നു..!

സാധാരണ കുട്ടികൾ നാടുവിട്ട് പുറത്തേക്ക് പോയാൽ കേടായി പോകും എന്നാണല്ലോ നാട്ടുകാരുടെ ഒരു ഭാഷ്യം.. പക്ഷേ അഹല്യയെ സംബന്ധിച്ച് അതൊന്നും അങ്ങനെ ആയിരുന്നില്ല..

അവളുടെ വേഷവിധാനത്തിൽ ചെറിയ ചില വ്യത്യാസങ്ങൾ വന്നു എന്ന് ഒഴികെ മറ്റു യാതൊരുവിധ വ്യത്യാസങ്ങളും അവൾക്കുണ്ടായിരുന്നില്ല.

മുൻപ് അവൾക്ക് ആരോടൊക്കെ എങ്ങനെയൊക്കെ സ്നേഹം ഉണ്ടായിരുന്നു അതിൽ ഒരു തരിമ്പ് പോലും വ്യത്യാസം വരാതെ അവൾ മുന്നോട്ടു പോയി.

അതൊക്കെ കണ്ടതോടെ അവളുടെ അമ്മയ്ക്ക് സമാധാനമായി എന്ന് തന്നെ പറയാം.

ഒന്നും രണ്ടും മാസങ്ങൾ കൂടുമ്പോൾ അവൾ ലീവിനായി നാട്ടിലേക്ക് വരാറുണ്ടായിരുന്നു. അമ്മയോട് പങ്കുവയ്ക്കുന്നതിനേക്കാൾ കൂടുതൽ വിശേഷങ്ങൾ അവൾ സിന്ധുവിനോട് പങ്കുവയ്ക്കാറുണ്ടായിരുന്നു.

അങ്ങനെയാണ് അവൾ അവളുടെ കാമുകനെ കുറിച്ച് സിന്ധുവിനോട് തുറന്നു പറയുന്നത്.

അവൾ പ്ലസ്ടുവിന് പഠിക്കുമ്പോൾ സ്കൂളിൽ എൻഎസ്എസിന്റെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ക്യാമ്പിന്റെ സംഘാടകരായി പുറത്തു നിന്നുള്ള കോളേജുകളിൽ നിന്നൊക്കെ കുട്ടികൾ വന്നിരുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പയ്യനാണ് അവൾ പറഞ്ഞ ചെറുപ്പക്കാരൻ.

ക്യാമ്പിൽ പരസ്പരം സംസാരിച്ചും അടുത്ത് ഇടപഴകിയും അവർ തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ പുറത്ത് അവർ പിരിയുന്നതിനു മുൻപ് തന്നെ അവൻ അവന്റെ മൊബൈൽ നമ്പർ അവൾക്ക് കൈമാറിയിരുന്നു.

പക്ഷേ ആ സമയത്ത് അവൾ അത് അത്ര വലിയ കാര്യമാക്കിയില്ല. അന്ന് അവൾക്ക് മൊബൈൽ ഫോണും സ്വന്തമായിട്ട് ഉണ്ടായിരുന്നില്ല.

പ്ലസ് ടുവിന്റെ റിസൾട്ട് ഒക്കെ വന്നു കഴിഞ്ഞ് നല്ല മാർക്കോടു കൂടി അവൾ പാസായപ്പോൾ അവളുടെ അച്ഛൻ അവൾക്ക് സമ്മാനമായി നൽകിയത് ആയിരുന്നു മൊബൈൽ ഫോൺ.അത് അവൾക്ക് സന്തോഷമായി.

പഴയ സുഹൃത്തുക്കളുടെ നമ്പറുകൾ തേടിപ്പിടിച്ച് ആഡ് ചെയ്യുന്നതിന്റെ കൂട്ടത്തിൽ അവൾ ആ ചെറുപ്പക്കാരന്റെ നമ്പറും മൊബൈൽ ഫോണിലേക്ക് സേവ് ചെയ്തു.

പിന്നീട് വാട്സ്ആപ്പ് ഫേസ്ബുക്കും ഒക്കെയായി സൗഹൃദങ്ങൾ മുന്നോട്ടു പോയി. അതിനിടയിൽ വാട്സാപ്പിൽ അവന്റെ നമ്പർ കണ്ടപ്പോൾ ഒരു കൗതുകത്തിനാണ് അവൾ മെസ്സേജ് അയച്ചത്.

പരസ്പരം പരിചയപ്പെടുത്തി ആ സൗഹൃദം മുന്നോട്ടു പോയി. പതിയെ പതിയെ അവരുടെ ചർച്ചകൾ വീട്ടുകാരെ കുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെയായി. ദിവസങ്ങൾ മുന്നോട്ടു പോകുംതോറും അവരുടെ സൗഹൃദം കൂടുതൽ ശക്തമായി.

അവനാണ് ബാംഗ്ലൂരിലുള്ള കോളേജിനെ കുറിച്ച് അവളോട് പറയുന്നത്. അവൻ പിജിക്ക് പഠിക്കാനായി അവിടേക്കാണ് പോകുന്നത് എന്നുകൂടി അവളോട് പറഞ്ഞിരുന്നു.

അങ്ങനെയാണ് ആ കോളേജിലേക്ക് തന്നെ പോകണം എന്ന് അവൾ വാശി പിടിച്ചത്. അവിടെയെത്തി കഴിഞ്ഞിട്ടും അവർ തമ്മിൽ നല്ല രീതിയിലുള്ള അടുപ്പം ഉണ്ടായിരുന്നു.

മാസങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ അവൻ തന്നെയാണ് പ്രണയം വെളിപ്പെടുത്തിയത്. അത് തള്ളിക്കളയാൻ വേണ്ടിയുള്ള കാരണങ്ങളൊന്നും അവൾക്കുണ്ടായിരുന്നില്ല.

നാട്ടിലേക്കുള്ള വരവും പോക്കും ഒക്കെ അവർ ഒന്നിച്ചായിരുന്നു.

അവന്റെ വിവരങ്ങൾ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ സിന്ധുവിന് ആശ്ചര്യമായി. എന്തായാലും പെൺകുട്ടി ചതിയിൽ പോയിപ്പെടാൻ സാധ്യതയുള്ള പ്രായമാണ്. അങ്ങനെ ഒരു അവസ്ഥ അവൾക്ക് വരാതിരിക്കാൻ അവനെക്കുറിച്ച് അന്വേഷിക്കാൻ തന്നെ സിന്ധു തീരുമാനിച്ചു.

അഹല്യയോട് അതിനെക്കുറിച്ച് ഒന്നും സൂചിപ്പിച്ചതുമില്ല.

വിവരങ്ങൾ അന്വേഷിച്ചു വന്നപ്പോൾ തീരെ തൃപ്തികരമായ മറുപടികൾ ആരിൽ നിന്നും സിന്ധുവിന് കിട്ടിയില്ല.

എന്നു മാത്രമല്ല ആ പയ്യന്റെ പേരിൽ എന്തൊക്കെയോ കേസുകൾ ഉണ്ടെന്നും പെൺകുട്ടികളുമായുള്ള അവന്റെ ഇടപെടൽ അത്ര നല്ലതൊന്നുമല്ല എന്നൊക്കെ ഉള്ള വാർത്തകൾ കേട്ടതോടെ സിന്ധു ആകെ തകർന്നു.

ആരോടും ഇതിനെക്കുറിച്ച് സംസാരിക്കും എന്നറിയാതെ അവർ വേവലാതിപ്പെട്ടു.

അങ്ങനെയിരിക്കെ അനിതയുടെ സഹോദരൻ അവരുടെ വീട്ടിലേക്ക് വന്നിരുന്നു.സിന്ധുവിനോടും നല്ലൊരു സൗഹൃദം സൂക്ഷിച്ചിരുന്ന അയാളോട് കാര്യങ്ങൾ തുറന്നു പറയാൻ സിന്ധുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

എടുത്തു ചാടി എന്തെങ്കിലും ചെയ്താൽ അത് തങ്ങളുടെ പെൺകുട്ടിയുടെ ഭാവിക്ക് ദോഷമായി വരും എന്ന് അറിയാവുന്നതു കൊണ്ടു തന്നെ രണ്ടുപേരും കാര്യങ്ങൾ അവളുടെ അച്ഛനെ ധരിപ്പിച്ചു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അയാൾ ആകെ തകർന്നു പോയി. എങ്കിലും മകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം എന്നുള്ള ഉദ്ദേശത്തിൽ അയാൾ നാട്ടിലേക്കുള്ള വണ്ടി കയറി.

അഹല്യയെ വിളിച്ച് നാട്ടിലേക്ക് വരാൻ പറയുകയും ചെയ്തു.

നാട്ടിലെത്തിയ അവളെ മുഴുവൻ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ അവൾ ആകെ തകർന്നു പോയി..പക്ഷേ പിന്നീട് അവൾ സിന്ധുവിനോട് തുറന്നു പറഞ്ഞ കാര്യം കൂടിയായപ്പോൾ അവൾക്ക് ആകെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു.

പലപ്പോഴും ക്ലാസുകൾ ഇല്ലാത്തപ്പോഴൊക്കെ അവനോടൊപ്പം അവൾ കറങ്ങാൻ പോകാറുണ്ട്. സഭ്യതയുടെ വരമ്പ് വിട്ടു പോയിട്ടില്ലെങ്കിലും ഇടയ്ക്കൊക്കെ പല കാമലീലകളും അവർക്കിടയിൽ ഉണ്ടായിട്ടുണ്ട്..

എല്ലാംകൊണ്ടും ആകെ തകർന്ന അവസ്ഥയിലായിരുന്നു അഹല്യ. അവൻ ചതിച്ചതിനേക്കാൾ ഉപരി ഒരുത്തൻ ചിരിച്ചു കാണിച്ചപ്പോൾ തന്റെ ശരീരം പോലും അവന് സമർപ്പിക്കാൻ താൻ തയ്യാറായല്ലോ എന്നോർത്ത് അവൾക്ക് പുച്ഛം തോന്നി.

അവളുടെ ആ ചിന്ത അവളെ മാനസികമായി തന്നെ തകർത്തു കളഞ്ഞു.ഒരു മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ആരോടും സംസാരിക്കാതെ ഒരു ഡിപ്രഷൻ സ്റ്റേജ്..!!

ഇപ്പോൾ ഡോക്ടറുടെ ട്രീറ്റ്മെന്റ് നടക്കുകയാണ്.പണ്ടത്തെക്കാൾ ഭേദമാണ് എന്ന് പറയാം..

എങ്കിലും കഴിഞ്ഞു പോയ നാളുകൾ ഓർക്കുമ്പോൾ എല്ലാവർക്കും ഉള്ളിൽ ഒരു വിങ്ങലാണ്.ഒരു ദിവസം അവൾ എല്ലാം ഭേദപ്പെട്ട പഴയത് പോലെ മിടുക്കിയായി തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും..!!

Leave a Reply

Your email address will not be published. Required fields are marked *