നിന്റെ അച്ഛന് നിന്റെ അമ്മയെ കൂടാതെ വേറൊരു സെറ്റപ്പ് ഉണ്ട്.. ആ സെറ്റപ്പിൽ ആണെങ്കിൽ മക്കളുണ്ട്..

(രചന: ശ്രേയ)

” ഞാൻ പറയുന്നത് കേട്ട് അവനെയും കെട്ടി പോയാൽ നിനക്ക് കൊള്ളാം.. അതല്ല… മറ്റെന്തെങ്കിലും ഉദ്ദേശം മനസ്സിൽ ഉണ്ടെങ്കിൽ അതൊക്കെ ഇപ്പോൾ തന്നെ മനസ്സിൽ നിന്ന് എടുത്തു കളഞ്ഞേക്കണം. ഒന്നും നടക്കാൻ പോകുന്നില്ല.. ”

അച്ഛൻ ദേഷ്യത്തോടെ പറയുന്നത് കേട്ടപ്പോൾ മാലിനി ഒന്നു വിറച്ചു.

അച്ഛൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്..? ഇനി ഒരുപക്ഷേ മഹേഷുമായുള്ള ബന്ധത്തിനെ കുറിച്ച് അച്ഛൻ അറിഞ്ഞിട്ടുണ്ടാവുമോ..?

ആ ചിന്ത തന്നെ അവളെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.

” അച്ഛാ എനിക്ക് ആകെ 17 വയസ്സല്ലേ ആയിട്ടുള്ളൂ .. ഒരു വിവാഹം കഴിക്കാനുള്ള പ്രായമൊന്നും എനിക്ക് ആയിട്ടില്ലല്ലോ.. ഒരു കുടുംബം നോക്കാനുള്ള പക്വത തീരെയില്ല.. എനിക്ക് ഇനിയും പഠിക്കണം.. ”

അവൾ പറഞ്ഞു നിർത്തും മുന്നേ അയാൾ കൈവീശി അവളെ അടിച്ചിരുന്നു.

” എന്നെ എതിർത്ത് സംസാരിക്കാനും മാത്രം നീ വളർന്നോ…? ഈ വീട്ടിൽ ഇന്നലെ വരെ ഞാൻ തീരുമാനിച്ചത് മാത്രമേ നടന്നിട്ടുള്ളൂ.

ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. അതിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ പിന്നെ നീ നിന്റെ അച്ഛനെ ജീവനോടെ കാണില്ല..”

ഭീഷണി പോലെ പറഞ്ഞുകൊണ്ട് അയാൾ മുറിയിലേക്ക് കയറി പോയപ്പോൾ അവൾ തറഞ്ഞു നിന്നുപോയി.

തനിക്ക് ഒരിക്കലും ഇവിടെ നിന്ന് ഒരു രക്ഷയുണ്ടാവില്ല എന്ന് ആ നിമിഷം അവൾക്ക് തോന്നി..

തന്റെ വിവാഹം ഉറപ്പിക്കാൻ പോകുന്നു എന്ന കാര്യം എന്തായാലും മഹേഷേട്ടനോട് പറയണം.അദ്ദേഹം എന്തെങ്കിലും ചെയ്യാതിരിക്കില്ല..!

അതുമാത്രമായിരുന്നു അവൾക്ക് ആകെ ഉണ്ടായിരുന്ന പ്രതീക്ഷ.

അച്ഛനെയും അമ്മയുടെയും ഇടയിൽ ഒരു കരടായിരുന്നു താൻ. അച്ഛനും അമ്മയ്ക്കും ഒന്നും തന്നോട് വലിയ അടുപ്പവും സ്നേഹവും ഒന്നും ഉള്ളതായി അറിയില്ല.

ഇനി അഥവാ മനസ്സിൽ ഇഷ്ടമുണ്ടെങ്കിലും ഒരിക്കലും അത് പ്രകടിപ്പിച്ച് കണ്ടിട്ടില്ല.അതിന്റെ കാരണമാണെങ്കിൽ ചെറിയ പ്രായത്തിൽ അറിയുകയും ഉണ്ടായിരുന്നില്ല.

എപ്പോഴും തന്നെ മാത്രം വഴക്കു പറയുകയും തന്റെ ഇഷ്ടങ്ങൾക്കെതിരെ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന അച്ഛനെയും അമ്മയെയും സങ്കടത്തോടെ മാത്രമാണ് കണ്ടു നിന്നിട്ടുള്ളത്.

മറ്റുള്ള സുഹൃത്തുക്കളുടെ അച്ഛനമ്മമാർ ഒക്കെയും മക്കളുടെ ഇഷ്ടത്തിനും സന്തോഷത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ തന്റെ അച്ഛനും അമ്മയും മാത്രം എനിക്ക് ഇഷ്ടമല്ലാത്തത് എന്താണ് അത് മാത്രം ചെയ്യാനായി മത്സരിക്കുകയായിരുന്നു..

ചെറുപ്പം മുതൽക്കേ ചെറിയ തെറ്റുകൾക്ക് പോലും അവർ തന്നെ ക്രൂരമായി വിമർശിക്കുകയും ശിക്ഷിക്കുകയും ചെയ്യുമായിരുന്നു.

ഒരിക്കൽ ഒരു പകൽ മുഴുവൻ തന്നെ മുറിയിൽ പൂട്ടിയിടുകയും ആഹാരം തരാതിരിക്കുകയും ഒക്കെ ചെയ്തു.

അന്ന് രാത്രിയിൽ ദൈവദൂതയെ പോലെ അച്ഛമ്മ ഈ വീട്ടിലേക്ക് കടന്നു വന്നു. അച്ഛമ്മയാണ് എന്നെ മുറിയിൽ നിന്ന് മോചിപ്പിച്ചത്. അച്ഛമ്മയെ കെട്ടിപ്പിടിച്ച് താൻ കുറെ കരഞ്ഞിരുന്നു.

അന്നാണ് അച്ഛമ്മ പറഞ്ഞു താൻ കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നത്. അമ്മയുടെയും അച്ഛനെയും ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന അതിഥിയായിരുന്നത്രേ ഞാൻ..!

വിവാഹം കഴിഞ്ഞ് രണ്ടാം മാസം അമ്മയുടെ വയറ്റിൽ ഞാൻ രൂപം കൊള്ളുമ്പോൾ, ഓരോ സ്ഥലങ്ങളിൽ കറങ്ങാൻ പോകാനും ജീവിതം എൻജോയ് ചെയ്യാനും കഴിയാത്ത ദേഷ്യത്തിൽ ആയിരുന്നു അച്ഛനും അമ്മയും.

വയറ്റിലുള്ളപ്പോൾ തന്നെ കൊന്നു കളയാൻ അവർ ഒരുപാട് ശ്രമിച്ചിരുന്നു. അതൊന്നും ഫലം കാണാതെ വന്നപ്പോൾ പ്രസവിക്കേണ്ടി വന്നതാണ്. പക്ഷേ അത് കഴിഞ്ഞിട്ടും തന്നെ ശ്രദ്ധിക്കാനോ തനിക്ക് വേണ്ടത് ചെയ്തു തരാനോ അമ്മ തയ്യാറായിട്ടില്ല..!

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു മരവിപ്പ് ആയിരുന്നു. പക്ഷേ അതിനുശേഷം കാര്യങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ട് അച്ഛനെയും അമ്മയെയും ഒരുതരത്തിലും ബുദ്ധിമുട്ടിക്കാതെ ജീവിക്കുകയായിരുന്നു താൻ.

പ്ലസ് ടു വരെ അടിസ്ഥാന വിദ്യാഭ്യാസം എന്നുള്ള രീതിയിൽ ആയതുകൊണ്ട് തന്നെ ഗവൺമെന്റ് സ്കൂളിൽ അവരെ ബുദ്ധിമുട്ടിക്കാതെ പഠിക്കാൻ തനിക്ക് കഴിഞ്ഞു. ബുക്കും പുസ്തകങ്ങളും ഒക്കെ വാങ്ങാനുള്ള പണം അച്ഛമ്മയാണ് എന്നെ ഏൽപ്പിച്ചിരുന്നത്.

പ്ലസ് ടു കഴിഞ്ഞതിനു ശേഷം തന്നെ മുന്നോട്ടു പഠിപ്പിക്കുന്ന കാര്യത്തിന് കുറിച്ച് അച്ഛനും അമ്മയും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അവർക്ക് അതിന് താല്പര്യമില്ലായിരുന്നു എന്ന് തന്നെ പറയാം.

ഇതിനിടയിൽ എപ്പോഴോ ആണ് കൂടെ പഠിക്കുന്ന മീരയുടെ സഹോദരൻ മഹേഷുമായി ഇഷ്ടത്തിലാവുന്നത്. തന്റെ വീട്ടിലെ കാര്യങ്ങൾ മുഴുവൻ മീരയ്ക്ക് അറിയാമായിരുന്നു.

അതുകൊണ്ടു തന്നെ അവൾക്ക് തന്നോട് ഒരു പ്രത്യേക പരിഗണന ഉണ്ടായിരുന്നു. ഒരുപക്ഷേ സഹതാപം കൊണ്ടായിരിക്കണം.എന്നാലും ഇടയ്ക്കൊക്കെ അവൾ എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്.

അവിടെ ചെല്ലുമ്പോൾ അവളുടെ അമ്മ എനിക്ക് ഇഷ്ടപ്പെട്ടതൊക്കെ വച്ച് ഉണ്ടാക്കി തരികയും ചെയ്യും.അതൊക്കെ കാണുമ്പോൾ എന്നെങ്കിലും ഒരിക്കൽ എന്റെ അമ്മ എനിക്ക് ഇതൊക്കെ ചെയ്തു തരുമോ എന്നൊരു ചിന്ത മാത്രമാണ് ഉണ്ടാവുക.

മഹേഷുമായുള്ള ബന്ധത്തിനെ കുറിച്ച് അച്ഛൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല. ഒരുപക്ഷേ അത് അറിഞ്ഞതിന്റെ പരിണിതഫലം ആയിരിക്കണം പെട്ടെന്നുള്ള വിവാഹാലോചന..!

രാവിലെ തന്നെ അവൾ മഹേഷിനെ കാണാൻ എത്തി.പക്ഷേ അവളോട് സംസാരിക്കാതെ അവൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

മീരയുടെ ഭാഗത്തു നിന്നും അത്തരത്തിൽ ഒരു പ്രതികരണം ഉണ്ടായപ്പോൾ അവൾക്ക് വല്ലാത്തൊരു ആശങ്ക തോന്നി.

” മാലിനി.. ഇനി നീ ഇവിടേക്ക് വരരുത്..നീയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം എന്നാണ് നിന്റെ അച്ഛന്റെ ഓർഡർ.

അതനുസരിച്ചില്ലെങ്കിൽ ഈ കുടുംബം മുഴുവൻ നശിപ്പിച്ചു കളയും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അയാളെ പോലുള്ളവരോടൊന്നും മല്ലിട്ട് നിൽക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ല. അതുകൊണ്ട് ഞങ്ങളുടെ ജീവിതം ഇല്ലാതാക്കരുത്.. ”

തന്റെ മുന്നിൽ കൈകൂപ്പി കൊണ്ട് ഒരു അപേക്ഷ പോലെ മീര പറഞ്ഞപ്പോൾ അവൾക്ക് മുന്നിൽ താൻ തീരെ ചെറുതായി പോയതു പോലെയാണ് മാലിനിക്ക് തോന്നിയത്.

അവൾ പറഞ്ഞത് ശരിവച്ചു കൊണ്ട് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ തന്റെ ജീവിതത്തെക്കുറിച്ച് ഉണ്ടായിരുന്ന പ്രതീക്ഷകൾ മുഴുവൻ മാലിനി ഉപേക്ഷിച്ചു കളഞ്ഞിരുന്നു.

അച്ഛൻ പറഞ്ഞ വിവാഹത്തിന് സമ്മതം മൂളിയതും പെട്ടെന്ന് തന്നെ വിവാഹം നടന്നതും ഒക്കെ അവൾക്ക് ഒരു സ്വപ്നം പോലെ തോന്നി.

വിവാഹം കഴിഞ്ഞതിനു ശേഷം ഒരിക്കലും ഒരു നല്ല ജീവിതം കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും അവൾക്കുണ്ടായിരുന്നില്ല. കാരണം അച്ഛൻ കണ്ടുപിടിച്ചവനെ കുറിച്ച് നാട്ടിൽ ഒരിടത്തും നല്ല അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല.

എല്ലായിപ്പോഴും കള്ളം കുടിച്ച് നാട്ടുകാരോട് തല്ലും പിടിച്ചു അങ്ങനെ നടക്കുന്ന ഒരുത്തൻ ആയിരുന്നു അച്ഛൻ കണ്ടുപിടിച്ച വരൻ..

സ്വന്തം മകളെ എങ്ങനെയാണ് ഇങ്ങനെ ഒരുത്തന്റെ കൂടെ പറഞ്ഞയക്കാൻ കഴിയുന്നത് എന്ന് പലരും അച്ഛനോട് ചോദിച്ചിട്ടും മൗനം മാത്രമായിരുന്നു മറുപടി.

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ കീഴടക്കാൻ ശ്രമിക്കുന്ന അവനോട് എതിർത്തു നിന്നപ്പോൾ പുച്ഛത്തോടെ അവൻ പറയുന്നുണ്ടായിരുന്നു,

” നിന്റെ അച്ഛനെ നിന്നെ എനിക്ക് വിറ്റതാണ്. അയാളുടെ കള്ളത്തരങ്ങൾ നാട്ടുകാർ അറിയാതിരിക്കാൻ അയാൾ ഇട്ട വിലയാണ് നീ.. എന്റെ അടിമ.. അപ്പോൾ പിന്നെ ഞാൻ പറയുന്നതും ചെയ്യുന്നതും മുഴുവൻ നീ സഹിച്ചോളണം.. ”

അതും പറഞ്ഞു അവളിലെ പെണ്ണിനെ വേദനിപ്പിച്ചു കൊണ്ട് അയാൾ ക്രൂരമായ ആനന്ദം കാണുമ്പോൾ അച്ഛന്റെ എന്ത് കള്ളത്തരമാണ് അയാൾക്ക് തുറപ്പ് ചീട്ട് ആയിട്ടുള്ളത് എന്ന് മാത്രമാണ് അവൾ ചിന്തിച്ചത്.

പിന്നെയും പല രാത്രികളിലും ഇത് ഒരു ആവർത്തനമായപ്പോൾ ഒരിക്കൽ അവൾ അവനോട് ചോദിച്ചു. അച്ഛന്റെ എന്ത് കള്ളത്തരമാണ് അയാൾക്ക് അറിയാവുന്നത് എന്ന്..!

“അപ്പോൾ മോൾക്ക് ഇതുവരെ ആ കാര്യം ഒന്നും അറിയില്ലേ..? നിന്റെ അച്ഛന് നിന്റെ അമ്മയെ കൂടാതെ വേറൊരു സെറ്റപ്പ് ഉണ്ട്.. ആ സെറ്റപ്പിൽ ആണെങ്കിൽ മക്കളുണ്ട്.. ഒരിക്കൽ രാത്രിയിൽ അവരുടെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടിരുന്നു.

പിന്നീട് പല ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ പിടിച്ചു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് നിന്റെ അച്ഛൻ ഇത് പറയുന്നത്. നാട്ടുകാരെ അറിയിച്ചു ഒരു പ്രശ്നം ഉണ്ടാക്കാതിരിക്കാൻ അയാൾ എനിക്ക് തന്ന പണ്ടമാണ് നീ..”

അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ അവൾക്ക് അവളുടെ അച്ഛനോട് ജീവിതത്തിൽ ആദ്യമായി അറപ്പും വെറുപ്പും തോന്നി.

സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മകളെ ബലി കൊടുത്ത ഒരച്ഛൻ.. എന്നിട്ടും ഇതൊന്നുമറിയാതെ മകളോട് ഒരിറ്റ് സ്നേഹം പോലും കാണിക്കാത്ത ഒരു അമ്മ..!

ജീവിതത്തിൽ കൈപിടിച്ചു കൂടെ കൂട്ടിയവൻ ആണെങ്കിൽ ഇല്ലാത്ത ദുശീലങ്ങൾ ഒന്നുമില്ല..!അയാൾക്ക് ഒരു അടിമ മാത്രം…!

ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാനോ സ്നേഹിക്കപ്പെടാനും ആരും ഇല്ലാതെ അനാഥയായ ഒരു ജന്മം… മാലിനി…!!

പിറ്റേന്നത്തെ പുലരി ആ നാട് ഉണർന്നത് മാലിനിയുടെ മരണവാർത്ത കേട്ടുകൊണ്ടായിരുന്നു. ഭർത്താവിന്റെയും അച്ഛന്റെയും ഒക്കെ ക്രൂരതകൾ അത്രത്തോളം അവളെ മടുപ്പിച്ചിരുന്നു.

ഇനിയും ആ ക്രൂരതകൾക്ക് മാത്രമായി നിന്നു കൊടുക്കാതെ അവൾ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി വിട പറഞ്ഞു.

അപ്പോഴും അവളുടെ അച്ഛൻ ഉമ്മറപ്പടിയിൽ ഇരുന്ന് അവളെ പ്രാകുന്നുണ്ടായിരുന്നു..! ഭർത്താവ് ആണെങ്കിൽ ഏതോ ഒരു മദ്യശാലയിലും..!!

Leave a Reply

Your email address will not be published. Required fields are marked *