അവളെയും കൊണ്ട് ഈ വീടിന്റെ പടി കയറാം എന്ന് നീ വിചാരിക്കരുത്. അവളെ ഒഴിവാക്കി എന്ന് നീ വരുന്നോ അന്ന് നിന്നെ സ്വീകരിക്കാൻ ഇവിടെ ആളുകൾ ഉണ്ടാകും..”

(രചന: ശ്രേയ)

മൂന്നു വർഷങ്ങൾ.. മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും സ്വന്തം വീട്ടിലേക്ക് തിരിക്കുമ്പോൾ അവന്റെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ അലയടിക്കുകയായിരുന്നു.

” അവളെയും കൊണ്ട് ഈ വീടിന്റെ പടി കയറാം എന്ന് നീ വിചാരിക്കരുത്. അവളെ ഒഴിവാക്കി എന്ന് നീ വരുന്നോ അന്ന് നിന്നെ സ്വീകരിക്കാൻ ഇവിടെ ആളുകൾ ഉണ്ടാകും..”

ഫോണിലൂടെ കേട്ട അമ്മയുടെ ആ സ്വരം അവന് പരിചിതമായിരുന്നില്ല.

” അമ്മ എന്തൊക്കെയോ അമ്മേ പറയുന്നത്..? അവളെ ഒഴിവാക്കി ഞാൻ എങ്ങനെ വരും എന്നാണ്..? ”

അവൻ മറു ചോദ്യം ചോദിച്ചു.

” അത് എന്നെ ബാധിക്കുന്ന വിഷയം അല്ലല്ലോ. നിനക്ക് നിന്റെ അമ്മയും സഹോദരങ്ങളും ഒക്കെ വേണമെന്നുണ്ടെങ്കിൽ അവളെ ഒഴിവാക്കി ഈ വീട്ടിലേക്ക് വരാം.

അവളില്ലാതെ നീ എപ്പോൾ ഇവിടേക്ക് വരുന്നു അന്ന് നിനക്ക് ബന്ധുക്കൾ എല്ലാവരും ഉണ്ടാകും. പിന്നീടുള്ള തീരുമാനങ്ങളെല്ലാം നിന്റേത് മാത്രമാണ്.. ”

പറഞ്ഞ് അവസാനിപ്പിച്ചു കൊണ്ട് അമ്മ ഫോൺ കട്ട് ചെയ്യുമ്പോഴും അവന്റെ ചിന്തകൾ മുഴുവൻ അമ്മ പറഞ്ഞ വാചകത്തെ ചുറ്റിപ്പറ്റി തന്നെയായിരുന്നു.

അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഒക്കെ കണ്ണിലുണ്ണിയെ പോലെയാണ് വളർന്നു വന്നത്.

വീട്ടിലെ ഒരേയൊരു ആൺകുട്ടി എന്നുള്ള പേര് ഉണ്ടായിരുന്നതു കൊണ്ട് തന്നെ കൊഞ്ചിച്ചും ലാളിച്ചും എനിക്ക് ആവശ്യമുള്ളത് മുഴുവൻ എത്തിച്ചു തന്നും വീട്ടുകാർ പരസ്പരം മത്സരിച്ചിരുന്നു.

എന്റെ ഏത് കാര്യത്തിലും മറു ചോദ്യങ്ങൾ ഒന്നുമില്ലാതെ അവർ അനുവാദം തരുമ്പോൾ എന്റെ ഉള്ളിലും എന്റെ ആവശ്യങ്ങളും എന്റെ ആഗ്രഹങ്ങളും എല്ലാം നടത്തിത്തരും എന്നുള്ള ധാരണ അടിയുറക്കുകയായിരുന്നു.

സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ ഞാൻ ചെയ്തു കൂട്ടിയത് മുഴുവൻ എന്റെ വീട്ടുകാരുടെ മൗന അനുവാദത്തോടെ തന്നെയായിരുന്നു. അതിൽ ഒരു വ്യത്യാസം വന്നത് അവളെ കണ്ടുമുട്ടിയപ്പോഴാണ്.

സൈറ.. അതായിരുന്നു അവളുടെ പേര്. കോളേജിൽ കലോത്സവത്തിന് എല്ലാ മത്സരങ്ങളിലും ഓടി നടന്ന് പങ്കെടുക്കുന്ന അവളെ അത്ഭുതത്തോടെയാണ് നോക്കിയത്. ചിലതിലൊന്നും നല്ല രീതിയിൽ പെർഫോമൻസ് കാഴ്ച വയ്ക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.

എന്നാൽ മറ്റു ചിലതിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ ഗംഭീര പെർഫോമൻസ് കാഴ്ച വയ്ക്കുകയും ചെയ്തു.

ചിലപ്പോഴൊക്കെ സ്റ്റേജിൽ നിന്ന് നല്ല കൂവലും വാങ്ങിക്കൊണ്ട് ഇറങ്ങി വരുന്നത് കാണാം. അപ്പോഴും യാതൊരു ചളിപ്പും ഇല്ലാതെ അടുത്ത മത്സരത്തിനു വേണ്ടി തയ്യാറാവുകയായിരിക്കും അവൾ.

ഒരു പെൺകുട്ടിക്ക് ഇതെങ്ങനെ കഴിയുന്നു എന്ന് ഓർത്ത് വല്ലാത്ത ആശ്ചര്യം തോന്നി. അതുകൊണ്ടു തന്നെയാണ് അവളോട് അങ്ങോട്ട് സൗഹൃദം കാണിക്കാൻ തീരുമാനിച്ചത്.

കലോത്സവം ഒക്കെ കഴിഞ്ഞ് ഒരാഴ്ചയോളം പിന്നിട്ടതിനു ശേഷം ആണ് അവളെ ശരിക്കും ഒന്ന് കാണാൻ പറ്റിയത്. അന്നാണ് അവളെ കൂടുതലായി അറിയാൻ കഴിഞ്ഞത്.

“ഹായ്.. ഞാൻ അമൽ.. ഇവിടെ ഡിഗ്രി തേർഡ് ഇയർ പഠിക്കുകയാണ്. കലോത്സവത്തിന് ഉള്ള തന്റെ പെർഫോമൻസ് ഒക്കെ ഞാൻ കണ്ടു. ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ തന്നോട് രണ്ടു വാക്ക് സംസാരിക്കണം എന്ന് തോന്നി.”

വഴിയിൽ അവളെ തടഞ്ഞു നിർത്തി പറഞ്ഞപ്പോൾ അവൾ ആദ്യം ചമ്മിയത് പോലെ ഒന്ന് ചിരിച്ചു.പിന്നെ മുഖത്തേക്ക് നിഷ്കളങ്കമായി നോക്കി.

” ഇതിപ്പോ രണ്ടു വാക്ക് എന്ന് പറഞ്ഞിട്ട് കുറെ വാക്ക് ചേട്ടൻ പറഞ്ഞു കഴിഞ്ഞല്ലോ.. ഞാൻ പൊക്കോട്ടെ..? ”

കുസൃതിയോടെ അവൾ ചോദിച്ചപ്പോൾ അറിയാതെ തന്നെ ചിരിച്ചു പോയി. അവിടെ നിന്നും തുടങ്ങുകയായിരുന്നു ഞങ്ങളുടെ സൗഹൃദം.

അവളോട് കൂടുതൽ അടുത്തപ്പോഴാണ് അവളെ കുറിച്ച് അവൾ എന്നോട് തുറന്നു പറയുന്നത്.

” ചേട്ടന് എന്നെക്കുറിച്ച് ഒന്നുമറിയില്ല എന്ന് എനിക്കറിയാം. പക്ഷേ തുറന്നു പറയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ചേട്ടൻ അറിയാമോ സൈറ എന്ന എന്റെ പേര് പോലും എനിക്ക് സ്വന്തമല്ല. ഇത് ആരോ എനിക്ക് വച്ച് നീട്ടിയ ദാനമാണ്.

ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു ചോര കുഞ്ഞിനെ അനാഥാലയത്തിന്റെ മുന്നിൽ ഉപേക്ഷിച്ചു പോകാൻ എങ്ങനെയാണ് എന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞത് എന്ന് എനിക്കിപ്പോഴും അറിയില്ല.

എന്തായാലും അവരുടെ ആ പ്രവർത്തി കൊണ്ട് ഞാൻ അനാഥാലയത്തിൽ വളർന്ന ഒരു കുഞ്ഞായി.

ചേട്ടൻ അറിയോ പലപ്പോഴും എന്റെ കൂട്ടുകാർ പലരും അച്ഛനോടും അമ്മയോടും ഒക്കെ കളി പറയുന്നതും വീട്ടിലെ വിശേഷങ്ങൾ പറയുന്നതും ഒക്കെ കേൾക്കുമ്പോൾ എനിക്ക് സങ്കടം വരും. ചെറിയ പ്രായത്തിൽ പലപ്പോഴും സ്കൂളിൽ ഇരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്.

പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടതാണ് ഞങ്ങളുടെ ജന്മം എന്ന്.പക്ഷേ ഇനി ഒരിക്കലും അങ്ങനെ ഒരു കുഞ്ഞും ഉപേക്ഷിക്കപ്പെടരുത് എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്.

അതിനു വേണ്ടി എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യണം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ”

അവൾ പറഞ്ഞു നിർത്തിയപ്പോൾ അവളോട് വല്ലാത്തൊരു സഹതാപമാണ് തോന്നിയത്.

വീട്ടിൽ എല്ലാവരുടെയും സ്നേഹവും ലാളനയും അറിഞ്ഞു വളരുന്നതിന്റെ സുഖം എനിക്ക് നന്നായി അറിയുന്നതാണ്. അപ്പോൾ പിന്നെ ആരും ഇല്ലാതെ വളരുക എന്നു പറയുന്നത് വലിയൊരു പ്രശ്നം തന്നെയല്ലേ..?

പിന്നീട് അവൾ എന്റെ മനസ്സിലേക്ക് കയറി കൂടിയത് എപ്പോഴാണെന്ന് പോലും അറിയില്ല. എന്റെ ജീവിതത്തിന്റെ തന്നെ വലിയൊരു ഭാഗമായി അവൾ മാറി.

അവളോട് ഇഷ്ടം തുറന്നു പറയാൻ വല്ലാത്തൊരു ഭയമായിരുന്നു. ഒരുപക്ഷേ ഇഷ്ടം പറഞ്ഞു കഴിഞ്ഞാൽ അവൾ അത് നിരസിക്കുന്നതിനേക്കാൾ ഉപരി എന്നോടുള്ള സൗഹൃദം ഉപേക്ഷിക്കുമോ എന്ന് വല്ലാത്തൊരു ഭയം ഉണ്ടായിരുന്നു.

പക്ഷേ അതിനെയൊക്കെ അസ്ഥാനത്താക്കി കൊണ്ടായിരുന്നു അവളുടെ പ്രതികരണം.

” എനിക്ക് ചേട്ടനോട് ഒരേയൊരു കാര്യമേ ചോദിക്കാൻ ഉള്ളൂ. ഇപ്പോൾ തോന്നുന്ന കൗതുകത്തിന്റെ പുറത്ത് എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചിട്ട് പിന്നീട് എന്നെ ഒഴിവാക്കി മറ്റൊരു ബന്ധത്തിലേക്ക് ചേട്ടൻ പോകുമോ എന്നെനിക്കറിയണം.

എന്റെ കൈപിടിക്കുന്നുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ എനിക്ക് തുണയായി നൽകാൻ കഴിയും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ചെയ്യാവൂ. ആരുടെയും ജീവിതത്തിൽ ഒരു ശാപമായി നിൽക്കാൻ എനിക്കിഷ്ടമല്ല.”

അവൾ പറഞ്ഞത് കേട്ടപ്പോൾ അവളോട് ബഹുമാനം തോന്നി. മറുപടിയൊന്നും പറയാതെ അവളെ ചേർത്തു പിടിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ അവളോട് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു.

ജീവിതത്തിലെ ഏത് സാഹചര്യത്തിൽ ആണെങ്കിലും അവളെ ഉപേക്ഷിക്കില്ല എന്ന്.

അന്ന് അവൾക്ക് അങ്ങനെ ഒരു വാക്ക് കൊടുക്കുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്റെ സ്വപ്നങ്ങളെല്ലാം സാധിച്ചു തരുന്ന എന്റെ വീട്ടുകാരുടെ പുഞ്ചിരിച്ച മുഖം മാത്രമായിരുന്നു.

പക്ഷേ എനിക്ക് അവളോടുള്ള ഇഷ്ടം അറിഞ്ഞപ്പോൾ അവർക്ക് എല്ലാവർക്കും എതിർപ്പായിരുന്നു.

അന്യമതത്തിൽ വിശ്വസിക്കുന്ന അനാഥയായ ഒരു പെണ്ണിനെ ഒരിക്കലും തറവാട്ടിലേക്ക് കയറ്റാൻ പറ്റില്ല എന്ന് അച്ഛനും അമ്മയും ഒരുപോലെ പറയുമ്പോൾ പ്രതിസന്ധിയിൽ ആയത് താനായിരുന്നു.

അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിന് സഹോദരങ്ങളുടെയും മൗന അനുവാദം ഉണ്ടായിരുന്നു.

” നിനക്ക് അവളോടൊപ്പം ജീവിക്കണം എന്നുണ്ടെങ്കിൽ അത് ഈ തറവാടിനു പുറത്തായിരിക്കണം.ഒരിക്കലും അവളെയും നിന്നെയും കൂടി ഈ തറവാട്ടിലേക്ക് ഞാൻ കയറ്റില്ല.. ”

അന്ന് അച്ഛൻ അങ്ങനെ പറഞ്ഞെങ്കിലും അത് ഒരു നിമിഷത്തെ വാശി കൊണ്ട് പറഞ്ഞതായിരിക്കും എന്നാണ് കരുതിയത്. അതുകൊണ്ടു തന്നെയാണ് അച്ഛൻ പറഞ്ഞതു പോലെ അവളെയും കൊണ്ട് മറ്റൊരു വീടെടുത്ത് താമസം ആരംഭിച്ചത്.

ഒരേയൊരു മകനു വേണ്ടി എന്നെങ്കിലും വാശിയും ദേഷ്യവും ഉപേക്ഷിച്ച് അവർ മടങ്ങി വരും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.

പക്ഷേ അതുണ്ടായില്ല എന്നു മാത്രമല്ല എനിക്ക് അവരുടെ അടുത്തേക്ക് പോകാൻ വല്ലാത്തൊരു കൊതി തോന്നാൻ തുടങ്ങുകയും ചെയ്തു.

ഇതിപ്പോൾ മൂന്നു വർഷത്തോളം കടന്നു പോയിരിക്കുന്നു.ഇതിനിടയിൽ അച്ഛൻ മരണപ്പെട്ടു.അച്ഛന്റെ ചടങ്ങുകൾക്ക് വേണ്ടി തറവാട്ടിലേക്ക് കയറിച്ചെന്നെങ്കിലും അവൾക്ക് അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

അവളെ വീടിന്റെ പടിക്കൽ നിർത്തിക്കൊണ്ട് അകത്തേക്ക് കയറി അച്ഛന്റെ ചടങ്ങുകൾ നടത്തേണ്ട ഉത്തരവാദിത്വം എന്റേത് മാത്രമായി. അന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നതാണ് എന്നെങ്കിലും ഒരിക്കൽ അവളെ തറവാട്ടിൽ കയറ്റണമെന്ന്.

പക്ഷേ ഇപ്പോൾ നിരന്തരമായി അമ്മ പറയുന്നത് ഒരേയൊരു കാര്യം മാത്രമാണ്. അവളെ ഉപേക്ഷിച്ച് തറവാട്ടിലേക്ക് മടങ്ങി ചെല്ലുക. അവർക്ക് അവരുടെ മകനെ വേണം. പക്ഷേ മകന്റെ ഭാര്യയെ വേണ്ട.. എന്തൊരു വിരോധാഭാസം..!!

തനിക്ക് കഴിയുമോ അവളെ അങ്ങനെ ഉപേക്ഷിക്കാൻ..? ഇല്ല ഒരിക്കലുമില്ല.. എന്നെങ്കിലും ഒരിക്കൽ എന്റെ വീട്ടുകാർ എന്നെ അംഗീകരിക്കുന്നുണ്ടെങ്കിൽ അത് അവളോടൊപ്പം മതി.

ഒരു ഉറച്ച തീരുമാനം പോലെ അത് മനസ്സിൽ പറഞ്ഞു കൊണ്ട്,അവൻ അവളെയും തേടി അകത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *