” നീ വല്ലാണ്ട് നെഗളിക്കണ്ട.. നിന്നെ കൊള്ളില്ലാഞ്ഞിട്ട് തന്നെയാണ് ഞാൻ മറ്റൊരുത്തിയെ തേടി പോയത്. ശരിക്കും പറഞ്ഞാൽ മടുത്തു എനിക്ക് നിന്നെ.. “

(രചന: ശ്രേയ)

” നീ വല്ലാണ്ട് നെഗളിക്കണ്ട.. നിന്നെ കൊള്ളില്ലാഞ്ഞിട്ട് തന്നെയാണ് ഞാൻ മറ്റൊരുത്തിയെ തേടി പോയത്. ശരിക്കും പറഞ്ഞാൽ മടുത്തു എനിക്ക് നിന്നെ.. ”

ഒരു ദാക്ഷണ്യവും ഇല്ലാതെ ഹരി നിളയുടെ മുഖത്ത് നോക്കി പറയുമ്പോൾ അവൾ തറഞ്ഞു നിന്നു പോയി.

“എന്തൊക്കെയാ ഹരിയേട്ടാ ഈ പറയുന്നത്..? വെറുതെ തമാശയ്ക്ക് പോലും ഇങ്ങനെ ഒന്നും പറയരുത്..”

അത്രയും നേരം ഉണ്ടായിരുന്ന ഊർജ്ജം മുഴുവൻ അവളുടെ ശബ്ദത്തിൽ നിന്ന് നഷ്ടപ്പെട്ടു പോയിരുന്നു.എന്തൊക്കെ പറഞ്ഞാലും ഹരിയെ അവൾക്ക് ജീവനാണ്.

” തമാശ പറയാൻ പറ്റുന്ന വിഷയങ്ങൾ ആണോ നിള ഇതൊക്കെ.? എന്റെ ജീവിതത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് ഞാൻ നിന്നോട് പറയുന്നത്.

ശരിക്കും പറഞ്ഞാൽ നീ എന്റെ ജീവിതത്തിൽ നിന്ന് ഒന്ന് ഒഴിവായി തന്നാൽ എനിക്ക് മനസ്സിന് ഇഷ്ടപ്പെട്ട അവളെ എന്റെ ഭാര്യയായി സ്വീകരിക്കാമായിരുന്നു.. ”

അവളുടെ മുഖത്ത് നോക്കി അവൻ പറയുമ്പോൾ ഭൂമി പിളർന്നു പോയെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

അവൾ ദയനീയമായി തന്റെ കുഞ്ഞുങ്ങളെ നോക്കി. ഇവിടെ നടക്കുന്നതൊന്നും അവർ അറിയുന്ന കൂടിയില്ല.

അല്ലെങ്കിലും നാലും രണ്ടും വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകൾക്ക് എന്തറിയാം..?

തന്റെ അവസ്ഥ ഓർത്തപ്പോൾ അവൾക്ക് കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

ഒരുകാലത്ത് നീ എന്റെ ജീവനാണ് എന്ന് ആയിരം തവണ പറഞ്ഞ ഹരിയേട്ടനാണ് ഇന്ന് താൻ ഒന്ന് ഒഴിഞ്ഞു മാറിയിരുന്നെങ്കിൽ മറ്റൊരാളെ തന്റെ സ്ഥാനത്തേക്ക് കൊണ്ടു വരാമായിരുന്നു എന്ന് പറഞ്ഞത്..!

എത്ര പെട്ടെന്നാണ് മനുഷ്യർക്ക് മാറ്റം സംഭവിക്കുന്നത്..? അതിന്റെ പിന്നിലുള്ള കാരണങ്ങൾ വളരെ നിസ്സാരമായിരിക്കും.

വീട്ടുകാരെയും നാട്ടുകാരെയും മുഴുവൻ അമ്പരപ്പിച്ച പ്രണയം തന്നെയായിരുന്നു തന്റെയും ഹരിയേട്ടന്റെയും.

കോളേജിൽ പഠിക്കാൻ എത്തിയപ്പോൾ കണ്ടപ്പോൾ തോന്നിയ പ്രണയം. ആദ്യം അത് വെറുമൊരു ആകർഷണം മാത്രമായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി ആകർഷണം തനിക്ക് പ്രണയമായി മാറിക്കഴിഞ്ഞു എന്ന്.

എങ്കിലും അത് തുറന്നു പറയാനുള്ള മനസ്സ് തനിക്കുണ്ടായിരുന്നില്ല.കാരണം മറ്റൊന്നുമായിരുന്നില്ല.ആ കോളേജിൽ മുഴുവൻ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ഹരിയേട്ടൻ.അങ്ങനെയുള്ള ഹരിയേട്ടനും തീർച്ചയായും ആരാധകർ ഒരുപാട് പേരുണ്ടാകും.

ഞാൻ എന്റെ പ്രണയം വെളിപ്പെടുത്തുമ്പോൾ ഞാനും അത്തരത്തിൽ ഒരാളാണെന്ന് ഹരിയേട്ടന് തോന്നിയാലോ..? അല്ലെങ്കിൽ ഒരുപക്ഷേ ഹരിയേട്ടന് മറ്റൊരു പ്രണയമുണ്ടെങ്കിൽ..?

അങ്ങനെയുള്ള ചിന്തകൾ ഉണ്ടായിരുന്നതു കൊണ്ട് തന്നെ പ്രണയം തുറന്നു പറയാൻ താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എങ്കിലും ഹരിയേട്ടനെ കാണാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും താൻ പാഴാക്കി കളഞ്ഞിട്ടില്ല.

സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിൽ അറിയാതെ തന്നെ തന്റെയുള്ളിൽ ഒരു വിറയൽ കടന്നു കൂടുമെങ്കിലും മുന്നിൽ നിൽക്കുന്ന മനുഷ്യൻ തന്റെ പ്രണയത്തെക്കുറിച്ച് ഒരു ബോധവും ഇല്ലല്ലോ എന്നുള്ള ചിന്ത ഉള്ളിലേക്ക് കടന്നു വരുമ്പോൾ ആ വിറയലൊക്കെ പാടെ അകന്നു പോകും.

ഞാൻ രണ്ടാംവർഷ വിദ്യാർഥി ആയപ്പോഴേക്കും ഹരിയേട്ടൻ മൂന്നാം വർഷ വിദ്യാർഥിയായി കഴിഞ്ഞിരുന്നു. ആ സമയം കൊണ്ട് ഹരി എന്റെ ഉള്ളിൽ വല്ലാത്തൊരു സ്ഥാനം തന്നെ നേടിയെടുത്തു കഴിഞ്ഞിരുന്നു.

ഹരിയേട്ടനോടൊപ്പം പെൺകുട്ടികളെ കാണുമ്പോൾ ഞാൻ അറിയാതെ തന്നെ ഉള്ളിൽ കുശുമ്പ് നുരഞ്ഞു പൊന്തും. പക്ഷേ അതൊന്നും പ്രകടിപ്പിക്കാനോ തുറന്നു പറയാനോ പോലും ഉള്ള അവസരം തനിക്ക് കിട്ടിയിരുന്നില്ല.

ഹരിയേട്ടൻ ഒക്കെ കോഴ്സ് കംപ്ലീറ്റ് ചെയ്തു കോളേജിൽ നിന്ന് പോകുന്നു എന്ന് കേട്ടപ്പോൾ മുതൽ ഉള്ളിൽ വല്ലാത്ത ഒരു പിടപ്പായിരുന്നു. ഇത്രയും കാലം ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ലെങ്കിൽ പോലും കൺമുന്നിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നല്ലോ..!

എല്ലാ ദിവസവും പരസ്പരം കാണുകയെങ്കിലും ചെയ്യാമായിരുന്നു.പക്ഷേ ഇനി മുതൽ തനിക്ക് അങ്ങനെയുള്ള അവസരങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ വല്ലാത്തൊരു നോവ് തോന്നുന്നുണ്ടായിരുന്നു.

അവരുടെ കോളേജിലെ സെൻഡോഫ് ഫംഗ്ഷൻ കഴിഞ്ഞപ്പോൾ ഹരിയേട്ടൻ കൂട്ടുകാർക്കൊപ്പം ചിരിയോടെയും കളിയോടെയും നിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ദേഷ്യം തോന്നി.

ആ ഒരാൾക്ക് വേണ്ടി ഞാൻ വേദനിക്കുന്നത് അയാൾ അറിയുന്നില്ലല്ലോ എന്നോർത്തുള്ള വേദന..!!

കൂട്ടുകാരോട് ഇപ്പൊ വരാം എന്ന് പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെട്ടത് എത്രയും വേഗം വീട്ടിലേക്ക് എത്താൻ വേണ്ടിയായിരുന്നു. ഇനിയും ഹരിയേട്ടനെ അങ്ങനെ കണ്ട നിന്നാലും എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല എന്നറിയാമായിരുന്നു.

ക്ലാസിൽ ചെന്ന് ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അത്ഭുതം തോന്നി.

“രക്ഷപ്പെട്ടു പോകാമെന്ന് പ്ലാൻ ചെയ്തു തുടങ്ങിയതാണോ..?”

യാതൊരു മുഖവുരയും ഇല്ലാതെ ഹരിയേട്ടൻ ചിരിയോടെ ചോദിച്ചപ്പോൾ മറുപടിയില്ലാതെ തലകുനിച്ചു നിന്നു.

” ഇപ്പോഴേ എന്റെ കൺമുന്നിൽ നിന്ന് ഓടി ഒളിക്കാനാണ് ഭാവമെങ്കിൽ നമ്മുടെ ജീവിതം വല്ലാതെ ബുദ്ധിമുട്ടുമല്ലോ.? ”

കുസൃതിയോടെ ആൾ പറഞ്ഞപ്പോൾ അതിന്റെ അർത്ഥങ്ങളൊന്നും ആ സമയത്ത് മനസ്സിലായില്ല. ഞെട്ടലോടെ തലയുയർത്തി നോക്കിയപ്പോൾ ചിരിക്കുന്നത് കണ്ടു.

” ഈ പൊട്ടിക്കാളിയെ ഞാൻ മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. നീ ഇന്ന് വന്ന് ഇഷ്ടം പറയും നാളെ പറയും എന്ന് പ്രതീക്ഷിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ടും നാളുകളായി.

ഇനിയും കാത്തിരുന്നാൽ എന്റെ പ്രായം കൂടിപ്പോകും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഇതിനോടകം തന്നെ എനിക്ക് മനസ്സിലായി.നിന്നെ അങ്ങനെ വിട്ടുകളയാൻ താല്പര്യമില്ലാത്തതു കൊണ്ടാണ് ഇപ്പോൾ ഞാൻ പിന്നാലെ വന്നത്.

നിന്റെ മറുപടി എന്തായിരിക്കും എന്നൊക്കെ എനിക്കറിയാം.അത് പറഞ്ഞു ബുദ്ധിമുട്ടണമെന്നില്ല. അധികം വൈകാതെ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ എന്റെ വീട്ടുകാരോട് പറയുന്നുണ്ട്.. ”

കുസൃതിയോടെ പറഞ്ഞുകൊണ്ട് ആൾ എന്റെ കവിളിൽ പിടിച്ചു വലിച്ചപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ലോട്ടറി അടിച്ച സന്തോഷമായിരുന്നു.

ഹരിയേട്ടൻ പറഞ്ഞ വാക്ക് പാലിക്കുക തന്നെ ചെയ്തു.പെട്ടെന്ന് തന്നെ ഒരു ജോലി കണ്ടെത്തുകയും അദ്ദേഹത്തിന്റെ വീട്ടുകാരെ പെണ്ണ് അന്വേഷിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.

വലിയ ബുദ്ധിമുട്ടുകളും ഒന്നുമില്ലാതെ തന്നെ രണ്ടു വീട്ടുകാരും ചേർന്ന് വിവാഹമുറപ്പിച്ചു.

വിവാഹം കഴിഞ്ഞപ്പോൾ മുതൽ സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു തനിക്ക്.സ്നേഹിച്ച പുരുഷനോടൊപ്പം ഉള്ള ജീവിതമല്ലാതെ മറ്റൊന്നും തന്നെ ഭ്രമിപ്പിക്കില്ല എന്നൊരു തിരിച്ചറിവായിരുന്നു അന്നൊക്കെ.

ആദ്യമായി പ്രഗ്നന്റ് ആണ് എന്ന് ഹരിയേട്ടനെ അറിയിച്ചപ്പോൾ ഇപ്പോൾ ഇതൊക്കെ വേണോ എന്നൊരു തോന്നൽ ആയിരുന്നു ഹരിയേട്ടന്. പക്ഷേ എന്നായാലും ഇതൊക്കെ വേണ്ടതാണല്ലോ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വായടപ്പിച്ചു.

മോള് ജനിച്ചു കഴിഞ്ഞപ്പോൾ മുതൽ ഹരിയേട്ടൻ തന്നിൽ നിന്ന് അകലം പാലിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒക്കെ നിന്റെ തോന്നലാണ് എന്ന് പറഞ്ഞു ചേർത്ത് നടത്താൻ ശ്രമിച്ചിട്ടും ഉണ്ട്.

മോൾക്ക് രണ്ട് വയസ്സായപ്പോഴേക്കും മോനും ജനിച്ചു. അതോടെ ഹരിയേട്ടൻ തന്നിൽ നിന്ന് വല്ലാതെ അകന്നു പോയി.

ഇടയ്ക്ക് എപ്പോഴോ ഹരിയേട്ടൻ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട് ഇപ്പോൾ നമ്മളെ രണ്ടാളെയും ഒരുമിച്ച് കണ്ടാൽ നീ എന്റെ അമ്മയാണെന്ന് ആയിരിക്കും കാണുന്നവർ പറയുക.

അതൊക്കെ കേൾക്കുമ്പോഴും ഹരിയേട്ടൻ വെറുതെ കളിയാക്കുന്നതാണ് എന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്.

പക്ഷേ ഇന്ന് ഈ നിമിഷം എന്റെ ശരീരപ്രകൃതി ഒന്നുകൊണ്ടു മാത്രം അദ്ദേഹം മറ്റൊരു പെണ്ണിനെ മനസ്സിൽ ഏറ്റിയിട്ടുണ്ടെങ്കിൽ എന്നോട് ഇത്രയും കാലം കാണിച്ച സ്നേഹത്തിന് എന്ത് ആത്മാർത്ഥതയാണ് ഉള്ളത്..?

“നീ മറുപടിയൊന്നും പറഞ്ഞില്ല..?”

ഹരിയേട്ടന്റെ ചോദ്യമാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്.

“ശരി നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇറങ്ങിത്തരാൻ ഞാൻ തയ്യാറാണ്.എന്റെ മക്കളെ ഞാൻ എന്നോടൊപ്പം കൊണ്ടുപോകും.

നിങ്ങളെപ്പോലെ ഒരുത്തന്റെ കൂടെ മക്കളെ വിശ്വസിച്ച് ഏൽപ്പിക്കാൻ എനിക്ക് താല്പര്യമില്ല. എനിക്ക് പകരം മറ്റാരെയെങ്കിലും കണ്ടെത്തിയിട്ട് ആയിരിക്കുമല്ലോ ഇങ്ങനെ കുറെ പ്രകടനങ്ങൾ എനിക്ക് മുന്നിൽ നടത്തിയത്..

പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.. കല്യാണത്തിന് മുൻപ് ഞാൻ ഇങ്ങനെ ആയിരുന്നില്ല. നമ്മുടെ മോളെ പ്രസവിക്കുന്നതിനു മുൻപ് ഞാൻ ഇങ്ങനെയേ ആയിരുന്നില്ല.പ്രസവത്തിന് ശേഷമാണ് എന്നിൽ മാറ്റങ്ങൾ ഉണ്ടായത്.

അതും ഒരു പ്രസവം കഴിഞ്ഞ് അധികം സമയം ആകുന്നതിനു മുൻപ് തന്നെ രണ്ടാമത് ഒരു പ്രസവം കൂടിയായപ്പോൾ എന്റെ ശരീരഘടന പ്രതീക്ഷിച്ചതിലും അധികം മാറിപ്പോയി.

ഇതൊരിക്കലും എന്റെ തെറ്റല്ല.ഇപ്പോൾ നിങ്ങൾ പറയും എനിക്ക് എന്തുകൊണ്ട് എക്സർസൈസ് ചെയ്തുകൂടാ എന്റെ ശരീരം ശ്രദ്ധിച്ചു കൂടാ എന്നൊക്കെ..? അതൊക്കെ ചെയ്യണമെങ്കിൽ സമയം വേണ്ടേ..?

രാവിലെ എഴുന്നേൽക്കുന്നത് മുതൽ മക്കളുടെ കാര്യവും നിങ്ങളുടെ കാര്യവും വീട്ടിലെ കാര്യവും ഒക്കെ നോക്കി ശരിക്കും പറഞ്ഞാൽ ഒന്ന് ഇരിക്കാനുള്ള സമയം പോലും എനിക്ക് കിട്ടാറില്ല. അങ്ങനെയുള്ള ഞാൻ എങ്ങനെയാണ് എന്റെ ശരീരം കൂടി ശ്രദ്ധിക്കുക..?

എന്തായാലും ഇങ്ങനെയൊക്കെ ആയത് നന്നായി. അതുകൊണ്ടാണല്ലോ നിങ്ങളുടെ ഉള്ളിൽ ഒളിച്ചിരുന്ന സ്വഭാവം പുറത്തുവന്നത്.. ”

അവനെ രൂക്ഷമായി നോക്കിക്കൊണ്ട് അത് പറയുമ്പോൾ അവൻ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല.

“ഞങ്ങൾ ഇന്ന് വൈകുന്നേരം തന്നെ ഇറങ്ങും. പുതിയ ജീവിതത്തിന് ആശംസകൾ…!പക്ഷേ നിങ്ങൾ ശ്രദ്ധിക്കാനുള്ള ഒരു കാര്യം കൂടി പറയട്ടെ.. പുതിയ ഒരു ബന്ധത്തിലേക്ക് ചെന്ന് കയറുമ്പോൾ ഒരിക്കലും അവളെ പ്രസവിക്കാൻ അനുവദിക്കരുത്..

കുഞ്ഞുങ്ങൾ എന്നത് ഒരു മോഹം മാത്രമായി ഉള്ളിൽ അടക്കി വച്ചേക്കണം.പിന്നെ ഇപ്പോൾ കാലം ഒരുപാട് മാറിയല്ലോ.. കുട്ടികൾ ഉണ്ടാകാൻ നൂതന മാർഗ്ഗങ്ങൾ ഒരുപാടുണ്ട്.. അതിൽ ഏതെങ്കിലും ഒക്കെ സ്വീകരിക്കാം..”

അത്രയും പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളെയും കൂട്ടി മുറിയിലേക്ക് കയറി വാതിൽ അടയ്ക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

പക്ഷേ അപ്പോഴും തന്റെ ആത്മാഭിമാനം വിട്ട് ഒരു കളിക്കും താൻ നിന്ന് കൊടുക്കില്ല എന്ന് ഒരു ഉറച്ച തീരുമാനം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *