(രചന: ശ്രേയ)
” ഹോ… എന്ത് പറയാനാ നാത്തൂനേ… വർക്ക് ഫ്രം ഹോം എന്ന പേരും പറഞ്ഞു റൂം അടച്ചു കയറി ഇരിക്കുന്നത് കാണാം..
പിന്നെ ഈ വീട്ടിൽ എന്ത് നടന്നാലും അവൾ അറിയില്ല.. എന്തിനു.. പ്രസവിച്ച കൊച്ചിനെ വരെ തിരിഞ്ഞു നോക്കില്ല.. ”
അമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്.. നാത്തൂനെ എന്നുള്ള വിളിയിൽ അപ്പുറത്തുള്ളത് അമ്മായി ആണെന്ന് വ്യക്തമായിരുന്നു..!
” കൊച്ചിന്റെ കാര്യങ്ങളൊക്കെ ഞാൻ തന്നെയാണ് നോക്കുന്നത്.. പ്രസവിച്ചു എന്നല്ലാതെ കൊച്ചിനെ നോക്കാൻ അവൾക്ക് അറിയാമോ..?
കൊച്ചിന് ആറുമാസം പോലും തികയുന്നതിന് മുൻപാണ് അവൾ ജോലി കൂലി എന്ന് പറഞ്ഞ് ഈ പ്രഹസനം തുടങ്ങിയിരിക്കുന്നത്.. നമ്മൾ ആരും പ്രസവിച്ചിട്ടുമില്ല കൊച്ചുങ്ങളെ നോക്കിയിട്ടും ഇല്ലല്ലോ.. ”
അമ്മ പറയുന്നതൊക്കെ കേൾക്കുമ്പോൾ എനിക്ക് ആകെ ഒരു വല്ലായ്മ തോന്നി.
പെട്ടെന്ന് ഞാൻ അമ്മയുടെ മുന്നിലേക്ക് ചെന്നപ്പോൾ അപ്പോൾ തന്നെ ഫോൺ കട്ടാക്കുകയും ചെയ്തു.
” എന്താ മോളെ..? ”
ശബ്ദത്തിൽ തേൻ ചാലിച്ചുകൊണ്ട് അവർ ചോദിക്കുന്നത് കേട്ടപ്പോൾ എനിക്ക് ആകെ ഒരു വല്ലായ്മ തോന്നി.
” ഒന്നുമില്ല.. ഞാൻ കുറച്ചു വെള്ളമെടുക്കാൻ വന്നതാണ്.. ”
പറഞ്ഞപ്പോൾ അമ്മ ചിരിച്ചു.
” കുഞ്ഞ് എവിടെ..? ”
മുറിയിലേക്ക് എത്തിനോക്കി കൊണ്ട് അമ്മ ചോദിച്ചു.
” അവൻ ഉറങ്ങുവാണ്… ”
ഞാൻ പറഞ്ഞപ്പോൾ തലയാട്ടി ചിരിക്കുന്നത് കണ്ടു.അത് ശ്രദ്ധിക്കാതെ വേഗം തന്നെ അടുക്കളയിലേക്ക് പോയി വെള്ളവും എടുത്ത് ഞാൻ മുറിയിലേക്ക് കയറി.
അപ്പോഴേക്കും കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു. അവനെ എടുത്ത് ഫീഡ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ഓഫീസിൽ നിന്നും വർക്കിന്റെ കാര്യവും ചോദിച്ചു കൊണ്ട് വിളി വന്നു. അവനെ ഫീഡ് ചെയ്യുന്നതിനിടയിൽ ആ കാര്യവും പരിഹരിച്ചു.
കുറച്ചുനേരം കുഞ്ഞിനെ അമ്മയുടെ കയ്യിൽ ഏൽപ്പിക്കാം എന്ന് ചിന്തിച്ചു കൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ അമ്മ മുറിയിൽ കിടക്കുകയായിരുന്നു. എന്റെ കയ്യിൽ കുഞ്ഞിനെ കണ്ടത് കൊണ്ട് തന്നെ ഒരു പക്ഷേ എന്റെ ഉദ്ദേശം അമ്മ ഊഹിച്ചിരിക്കണം.
“എന്താ..?”
അമ്മ ചോദിച്ചപ്പോൾ ഞാൻ മുറിയിലേക്ക് കയറി ചെന്നു.
” അമ്മ കുറച്ച് സമയം ഇവനെ ഒന്നു നോക്കാമോ…? എനിക്ക് കുറച്ച് വർക്ക് കൂടി പെൻഡിങ് ഉണ്ടായിരുന്നു..”
പറഞ്ഞപ്പോൾ ആ മുഖം മങ്ങുന്നതു കണ്ടു.
” എനിക്ക് ഒരു തലകറക്കം പോലെയൊക്കെ ഉണ്ട്. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്ന് കിടന്നത്. ഇനി കൊച്ചിനെയും എടുത്ത് നടക്കുമ്പോൾ എങ്ങാനും തലകറങ്ങി വീണാലോ..?
അതുകൊണ്ട് മോൾ ഒരു കാര്യം ചെയ്യ് കൊച്ചിനെ കട്ടിലിൽ അടുത്ത് കിടത്തിയിട്ട് ഇരുന്നു ജോലി ചെയ്യാൻ നോക്ക്.എന്തെങ്കിലുമൊക്കെ കളിപ്പാട്ടങ്ങൾ എടുത്ത് കയ്യിൽ കൊടുത്താൽ മതിയല്ലോ.. ”
അമ്മ പറഞ്ഞപ്പോൾ പിന്നീട് കൂടുതൽ സംസാരത്തിൽ നിൽക്കാതെ കുഞ്ഞിനെയും കൊണ്ട് ഞാൻ തിരികെ മുറിയിലേക്ക് പോന്നു.
അല്ലെങ്കിലും മറുപടി ഇതുതന്നെയായിരിക്കും എന്നറിയാം.. എന്നിട്ടും വെറുതെ ഒരു പ്രതീക്ഷയുടെ പേരിൽ ചോദിച്ചതാണ്..
കുഞ്ഞിനെയും കൊണ്ട് തിരികെ മുറിയിൽ വന്നു കയറിയിരിക്കുമ്പോൾ ആകെ ഒരു ശ്വാസം മുട്ടുന്നത് പോലെ..!
ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടപ്പോൾ ശ്രദ്ധ അതിലേക്ക് ആയി… കുഞ്ഞിനെ ശ്രദ്ധയോടെ ബെഡിലേക്ക് കിടത്തിയിട്ട് ഫോണെടുത്ത് ചെവിയോട് ചേർത്തു.
“കീർത്തി… എന്തായി നിന്റെ ഇന്നത്തെ വർക്കൊക്കെ കഴിഞ്ഞോ..?”
അപ്പുറത്തുള്ളത് ഗണേശേട്ടനാണ്… ആ ശബ്ദം കേട്ടപ്പോൾ ഒരു ആശ്വാസം… ഗണേശേട്ടന്റെ ചോദ്യത്തിന് നേർത്ത ഒരു മൂളൽ മാത്രമാണ് മറുപടിയായി കൊടുത്തത്.
” എന്താടോ തനിക്ക് എന്തുപറ്റി..? എന്തെങ്കിലും വയ്യായ്ക ഉണ്ടോ..? ശബ്ദത്തിൽ ഒക്കെ ഒരു വല്ലായ്മ പോലെ.. ”
ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു പോയി.
“എടോ എന്തുപറ്റി..?”
ആകുലതയോടെ അവിടെ നിന്ന് ചോദിച്ചപ്പോൾ പതുക്കെ കണ്ണുനീർ തുടച്ചു..
” എന്നെക്കൊണ്ട് പറ്റുന്നില്ല ഗണേശേട്ടാ. ഇവിടെ എല്ലാവരും കൂടി എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത് പോലെയാണ്… ”
ഇടറുന്ന ശബ്ദത്തിൽ മറുപടി കൊടുത്തപ്പോൾ അവിടെ പകച്ചു പോയി…
“എന്താ മോളെ കാര്യം എന്താണെങ്കിലും തുറന്നു പറയൂ…”
പറഞ്ഞപ്പോൾ മനസ്സിൽ ഉള്ളത് മുഴുവൻ തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.
“എടാ നമ്മുടെ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാണ് ഇത്രയും ചെറിയ കുഞ്ഞിനെയും വച്ചുകൊണ്ട് ജോലി എന്നൊരു തീരുമാനത്തിലേക്ക് ഞാൻ എത്തിയത്.അത് ഏട്ടനും അറിയാവുന്ന കാര്യമാണല്ലോ..”
“അത് എനിക്കറിയാവുന്നതല്ലേ…? എന്റെ സാമ്പത്തിക ബാധ്യതകൾ കുറച്ചെങ്കിലും ഒഴിയട്ടെ എന്ന് കരുതിയാണ് താല്പര്യം ഇല്ലെങ്കിൽ പോലും നീ ഇപ്പോൾ ഒരു ജോലിക്ക് കയറിയത് എന്ന് എനിക്കറിയാം. സത്യം പറഞ്ഞാൽ നിന്റെ ആ തീരുമാനം എനിക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു.
നിന്റെ ശമ്പളം കൊണ്ട് വീട്ടു ചെലവുകളും മറ്റ് അത്യാവശ്യ കാര്യങ്ങളും ഒക്കെ നടന്നു പോകുന്നതു കൊണ്ട് തന്നെ ഇവിടെ എനിക്ക് വന്ന സാമ്പത്തിക പ്രതിസന്ധി ഒന്നും വീട്ടിൽ ആരെയും ബാധിക്കുന്നില്ലല്ലോ..
സത്യം പറഞ്ഞാൽ ഈ കൊറോണ വന്നതിനു ശേഷം ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ചപ്പോൾ എന്ത് ചെയ്യുമെന്ന് ഓർത്ത് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. നീ തന്നെയാണ് എന്റെ ധൈര്യം..”
ഗണേശേട്ടൻ പറയുന്നതൊക്കെ കേട്ടപ്പോൾ ആ സാഹചര്യത്തിലും ഒരു സന്തോഷം തോന്നി.
” ഇതിപ്പോൾ കുഞ്ഞിനെയും കൊണ്ട് ഓഫീസിലേക്ക് പോകുന്ന കാര്യം ചിന്തിക്കാൻ പറ്റാത്തതു കൊണ്ടാണ് വർക്ക് അറ്റ് ഫോം എന്ന ഒരു ഓപ്ഷൻലേക്ക് ഞാൻ എത്തിയത്.
പ്രസവം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും എന്റെ വീട്ടിൽ വച്ച് ഞാൻ വർക്ക് അറ്റ് ഹോം തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്.. ആ സമയത്ത് അവിടെ കുഞ്ഞിനെ നോക്കാൻ അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നു.
അവനെ സമയവും ഫീഡ് ചെയ്യുന്ന കാര്യം മാത്രം ഞാൻ നോക്കിയാൽ മതിയായിരുന്നു. സത്യം പറഞ്ഞാൽ അത് എനിക്ക് വലിയ ഒരു ആശ്വാസമായിരുന്നു. പക്ഷേ അപ്പോഴേക്കും എന്നെ ഇവിടേക്ക് കൊണ്ടു വന്നില്ലേ…? ”
അവൾ പരാതി പറയുന്നത് കേട്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു.
“ഇവിടെ എന്റെ അമ്മയ്ക്കും പെങ്ങൾക്കും ഒക്കെ കുഞ്ഞിനെ കാണണമെന്നും കളിപ്പിക്കണമെന്ന് ഒക്കെ ആഗ്രഹമുണ്ടാവില്ലേ.? അതുകൊണ്ടല്ലേ നാലുമാസം കഴിഞ്ഞപ്പോൾ കുഞ്ഞിനെയും നിന്നെയും ഇവിടേക്ക് കൊണ്ടു വരാൻ അമ്മ നിർബന്ധം പിടിച്ചത്..”
അവൻ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ പൂശ്ചത്തോടെ ഒരു ചിരി ഉണ്ടായിരുന്നു.
“ഗണേശേട്ടൻ പറയുന്നത് ഞാനും അംഗീകരിക്കുന്നു. നമ്മുടെ കുഞ്ഞിന്റെ മേൽ ഏട്ടന്റെ വീട്ടുകാർക്കും എന്റെ വീട്ടുകാർക്കും ഒരുപോലെ അവകാശമുണ്ട്.
അതുകൊണ്ടുതന്നെ ഇവിടേക്ക് മടങ്ങി വരണം എന്ന് പറഞ്ഞപ്പോൾ മറ്റ് ഒരു ന്യായീകരണങ്ങളും നിരത്താതെ ഞാൻ ഇവിടേക്ക് വന്നത് അമ്മയെ വിശ്വസിച്ചിട്ട് തന്നെയാണ്.
ഞാൻ ജോലി ചെയ്യുന്ന സമയത്ത് കുഞ്ഞിനെ അമ്മ നോക്കും എന്നൊരു പ്രതീക്ഷയായിരുന്നു എനിക്കുണ്ടായിരുന്നത്. പക്ഷേ അതൊന്നും അങ്ങനെയല്ല..”
അവൾ പറഞ്ഞപ്പോൾ അവന്റെ മുഖം ഗൗരവപൂർണമായി.
” നീ എന്താ പറഞ്ഞു വരുന്നത്..? ”
അവൻ ചോദിച്ചപ്പോൾ അവൾ നടക്കുന്നത് മുഴുവൻ തുറന്നു പറഞ്ഞു.
” രാവിലെ നാലു മണിയാകുമ്പോൾ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കണം. അഥവാ ആ സമയത്ത് എഴുന്നേറ്റില്ലെങ്കിൽ അമ്മ വാതിലിൽ തട്ടി ബഹളം ഉണ്ടാക്കി വിളിക്കും.
രാവിലത്തേതും ഉച്ചയ്ക്കലതും ഒക്കെ ആഹാരം ഉണ്ടാക്കണം. അതിനിടയ്ക്ക് എത്ര പ്രാവശ്യം കുഞ്ഞുണർന്ന് പാല് കുടിക്കാൻ വേണ്ടി കരയും എന്ന് തന്നെ അറിയില്ല.
അവന്റെ അടുത്തേക്കും അടുക്കളയിലേക്ക് മാറിമാറി ഞാൻ ഓടുമ്പോൾ അമ്മ മുറിയിൽ മൂടി പുതച്ചു വീണ്ടും ഉറങ്ങിയിട്ടുണ്ടാകും. വർക്ക് അറ്റ് ഹോം എന്നൊക്കെ പറഞ്ഞാലും എല്ലാത്തിനും കൃത്യമായ സമയക്രമം ഉണ്ടല്ലോ.
9 മണിയാകുമ്പോൾ എനിക്ക് ജോലിക്ക് കയറണം. അതിനിടയിൽ എനിക്കും കുഞ്ഞിനും ആഹാരം കഴിക്കണം അവനെ കുളിപ്പിക്കണം അങ്ങനെ ഒരു നൂറുകൂട്ടം ജോലികൾ വേറെ..
അതൊക്കെ കഴിഞ്ഞ് ജോലിക്ക് കയറുന്ന സമയം ആകുമ്പോഴേക്കും അമ്മ എഴുന്നേറ്റു വന്നു അമ്മയുടെ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടാകും. കുഞ്ഞിനെ ഒന്നു നോക്കാമോ എന്ന് ഞാൻ ചോദിക്കുന്നതിനു മുൻപ് തന്നെ അമ്മ മറ്റെവിടേക്കെങ്കിലും മാറിനിൽക്കും.
കുഞ്ഞിനെയും കൊണ്ടാണ് ഞാൻ ജോലിക്ക് കയറുന്നത്. അവൻ കരഞ്ഞാലും ചിരിച്ചാലും ബഹളം വെച്ചാലും ഒക്കെ അവനെയും ശ്രദ്ധിക്കണം ജോലിയും ചെയ്യണം എന്നൊരു അവസ്ഥയിലാണ് ഞാൻ.
അവനെ എടുത്തു നടക്കുന്നതും ഉറക്കുന്നതും ഒക്കെ ജോലിക്കിടയിൽ തന്നെയാണ്. അതിനിടയിൽ പലപ്പോഴും എനിക്ക് ആഹാരം പോലും സമയത്തിന് കഴിക്കാൻ പറ്റില്ല.
എപ്പോഴെങ്കിലും അമ്മയോട് കുഞ്ഞിനെ ഒന്ന് നോക്കാമോ എന്ന് ചോദിച്ചാൽ അമ്മയ്ക്ക് തലകറക്കം ആണ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ബുദ്ധിമുട്ടാ എന്ന് പറയും.. എന്റെ ജോലിസമയം കഴിയുമ്പോഴേക്കും പിന്നെയും ഇവിടെ ജോലികൾ ബാക്കിയാണ്.
അമ്മയ്ക്ക് ചായ കൊടുക്കണം വീട് മുഴുവൻ അടിച്ചു വാരണം അങ്ങനെയങ്ങനെ..എല്ലാ പണികളും കഴിഞ്ഞ് രാത്രി കിടക്കുമ്പോഴേക്കും ചിലപ്പോൾ ഒരുറക്കം കഴിഞ്ഞ് മകൻ എഴുന്നേറ്റിട്ടുണ്ടാവും.
പിന്നെ അവനോടൊപ്പം ഇരിക്കണം.എല്ലാം കഴിഞ്ഞ് ഞാനൊന്നു മയങ്ങി വരുമ്പോഴേക്കും ചിലപ്പോൾ ഒരു മണിയും രണ്ടു മണിയും ഒക്കെയാകും.. നാലു മണിയാകുമ്പോൾ വീണ്ടും എഴുന്നേൽക്കേണ്ടതാണല്ലോ..
ശരിക്കും പറഞ്ഞാൽ ഊണും ഉറക്കവും ഒന്നുമില്ലാതെ ഞാൻ മടുത്തു.. ഈ അവസ്ഥ തുടർന്നു പോയാൽ ചിലപ്പോൾ എന്നെ കാണാൻ കിട്ടി എന്ന് വരില്ല..”
സങ്കടത്തോടെ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ പറഞ്ഞപ്പോൾ അവളെ അവിശ്വസിക്കാൻ അവനും കഴിയില്ലായിരുന്നു.
കാരണം ആദ്യമായിട്ടാണ് അവൾ തന്റെ അമ്മയെ കുറിച്ച് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. അമ്മയുടെ സ്വഭാവത്തിന് കുറിച്ച് നല്ല ധാരണ ഉള്ളതുകൊണ്ട് തന്നെ അവൾ പറയുന്നതൊന്നും കള്ളമാകാൻ വഴിയില്ല.
കല്യാണം കഴിഞ്ഞ് വന്ന സമയം മുതൽ അവളെ കൊണ്ട് അമ്മ ഓരോന്ന് ചെയ്യിപ്പിക്കുന്നത് തനിക്കറിയാവുന്നതാണ്. പക്ഷേ കുഞ്ഞിനെയെങ്കിലും അമ്മ നോക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അതും വെറുതെയാണ് എന്ന് ഇപ്പോൾ മനസ്സിലായി…
” നീ ഒരു കാര്യം ചെയ്തോ.. നാളെ തന്നെ വീട്ടിൽ വിളിച്ച് അച്ഛനോടും അമ്മയോടും വരാൻ പറയണം.. നിന്റെയും മോന്റെയും അത്യാവശ്യം സാധനങ്ങൾ എല്ലാം എടുത്ത് അവരോടൊപ്പം നീ നിന്റെ വീട്ടിലേക്ക് പൊക്കോ.. ഞാൻ നാട്ടിലേക്ക് വരുമ്പോൾ നീയും വന്നാൽ മതി..”
അവന്റെ ആ തീരുമാനം അവൾക്ക് ഒരു ആശ്വാസമായിരുന്നു. പിറ്റേന്ന് തന്നെ അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചു വരുത്തി അവൾ അവളുടെ വീട്ടിലേക്ക് പോയി.
മകനെ വിളിച്ച് അമ്മ പരാതി പറയാൻ തുടങ്ങുമ്പോഴേക്കും തന്റെ തീരുമാനമായിരുന്നു അത് എന്ന മകന്റെ തുറന്നുപറച്ചിൽ അമ്മയെ തളർത്തിക്കളഞ്ഞു.
“അമ്മയ്ക്ക് അവളെയും കുഞ്ഞിനെയും അവിടെ കൊണ്ടിട്ട് കഷ്ടപ്പെടുത്താൻ ആണെങ്കിൽ അവൾ ഇനി ആ വീട്ടിലേക്ക് വരുന്നില്ല.എപ്പോഴെങ്കിലും ഞാൻ നാട്ടിലേക്ക് വരുമ്പോഴേ അവരും ആ വീട്ടിലേക്ക് വരുന്നുള്ളൂ.
അമ്മയ്ക്ക് അവളെയും കൊച്ചിനെയും കാണാൻ എപ്പോഴെങ്കിലും ആഗ്രഹം തോന്നുകയാണെങ്കിൽ അവളുടെ വീട്ടിലേക്ക് പോയാൽ മതി.. അവളുടെ കഷ്ടപ്പാടുകൾ ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ ദൈവം പോലും പൊറുക്കില്ല..”
അവൻ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തിട്ടും താൻ ചെയ്തതിൽ യാതൊരു തെറ്റുമില്ല എന്നൊരു ഭാവമായിരുന്നു അമ്മയ്ക്ക് ഉണ്ടായിരുന്നത്…