നിന്റെ ഈ സ്വഭാവവും കൊണ്ടാണ് നാളെ ആ വീട്ടിലേക്ക് കയറി ചെല്ലുന്നതെങ്കിൽ നന്നാവും.. കല്യാണം കഴിഞ്ഞ് ആവശ്യം ഒന്ന് കഴിയുന്നതിനു മുൻപ് തന്നെ വീട്ടിൽ വന്നിരിക്കാം..”

(രചന: ശ്രേയ)

” നാളെ നിന്റെ കല്യാണം ആണെന്ന് എന്തെങ്കിലും ഒരു ബോധം ഉണ്ടോ മാളൂ നിനക്ക്..? കൊച്ചു പിള്ളേരുടെ കൂടെ ഇങ്ങനെ കറങ്ങി നടക്കാൻ നാണം ആവുന്നില്ലേ..? ”

പിള്ളേർ സെറ്റിന്റെ കൂടെ ഇരുന്ന് അന്താക്ഷരി കളിച്ചു കഴിഞ്ഞു ദാഹിച്ചപ്പോൾ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാം എന്ന് കരുതി അകത്തേക്ക് കയറിയതാ.. ഇതിപ്പോ വല്ലാത്ത പൊല്ലാപ്പ് ആയല്ലോ…!

ദയനീയമായി ചുറ്റും നിൽക്കുന്നവരെ നോക്കി. എല്ലാ മുഖങ്ങളിലും കിട്ടുന്നത് വാങ്ങിച്ചോ എന്നൊരു ഭാവമാണ്..!

ആരെയും നോക്കിയിട്ട് ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കാതെ മുറിയിലേക്ക് ഓടി കയറി.

“നിന്റെ ഈ സ്വഭാവവും കൊണ്ടാണ് നാളെ ആ വീട്ടിലേക്ക് കയറി ചെല്ലുന്നതെങ്കിൽ നന്നാവും.. കല്യാണം കഴിഞ്ഞ് ആവശ്യം ഒന്ന് കഴിയുന്നതിനു മുൻപ് തന്നെ വീട്ടിൽ വന്നിരിക്കാം..”

പിന്നിൽ നിന്ന് അമ്മ പറയുന്നത് കേട്ടപ്പോൾ ഇത് എന്റെ അമ്മ തന്നെയാണോ എന്നൊരു ചോദ്യം ആയിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്.

ബെഡിലേക്ക് കയറി കിടക്കുമ്പോൾ അത്രയും നേരം എല്ലാവരുടെയും മുന്നിൽ ചിരിച്ചു കളിച്ചു വന്ന മുഖമായിരുന്നില്ല അവളുടേത്..കണ്ണുനീര് കൊണ്ട് മൂടിയ ആ മുഖം അവളുടെ വേദനകളെ എടുത്തു കാണിക്കുന്നതായിരുന്നു..

” എന്നാലും എനിക്ക് മാത്രം എന്താണ് ഈശ്വരാ ഇങ്ങനെ ഒരു വിധി..! മനസ്സറിഞ്ഞ് ഒരു പ്രണയം ഉണ്ടായിരുന്നുവെങ്കിലും അതിപ്പോൾ എവിടെയാണെന്ന് പോലും അറിയാത്ത ഒരു അവസ്ഥ എനിക്ക് മാത്രമായിരിക്കും..

പെട്ടെന്നൊരു ദിവസം എല്ലാം ഇട്ടെറിഞ്ഞു പോകാൻ വേണ്ടി എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാൻ വയ്യ..!”

വേദനയോടെ അവൾ ഓർത്തു.

നവീൻ.. തന്റെ മനസ്സ് പകുത്തെടുത്ത തന്റെ പ്രണയം.. കോളേജിലേക്ക് പഠിക്കാൻ പോകുമ്പോൾ ഒരിക്കലും പ്രണയബന്ധം ഉണ്ടാകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടാണ് പഠിക്കാനായി പോയത്.

ഒരിക്കലും അത് ഒരു പ്രണയ വിരോധി ആയതു കൊണ്ടായിരുന്നില്ല. ഇന്നത്തെ കാലത്ത് പ്രണയം ഒരു ചതിക്കുഴിയാണെന്ന് അറിയുന്നതു കൊണ്ടായിരുന്നു.

എന്നിട്ടും എന്റെ മനസ്സിനെ പിടിച്ചെടുക്കാൻ ഒരുവൻ വന്നു.. അതായിരുന്നു നവീൻ..

ആദ്യമൊക്കെ പ്രണയം പറഞ്ഞു മുന്നിലേക്ക് വന്ന അവനെ ആട്ടിയകറ്റുകയാണ് ചെയ്തത്. അത് ഭയം കൊണ്ടു തന്നെയായിരുന്നു..

പക്ഷേ എത്രയൊക്കെ പറഞ്ഞിട്ടും അവനിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായില്ല. വീണ്ടും വീണ്ടും എന്റെ പിന്നാലെ തന്നെ അവനും ഉണ്ടായിരുന്നു..

കൂടുതൽ ഏതോ ഒരു നിമിഷത്തിൽ അവന്റെ പ്രണയം അംഗീകരിക്കാൻ ഞാൻ നിർബന്ധിതയായി..

അല്ലെങ്കിലും നമ്മളെ ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളിന്റെ സ്നേഹം എത്രയെന്ന് കരുതിയാണ് കണ്ടില്ലെന്ന് നടിക്കുന്നത്..? എനിക്കും സംഭവിച്ചത് അതു തന്നെയായിരുന്നു..

പിന്നീടുള്ള രണ്ടു വർഷത്തോളം കാലം ആ കോളേജിൽ മുഴുവൻ സാക്ഷ്യം വഹിച്ചത് ഞങ്ങളുടെ മനോഹരമായ പ്രണയത്തിന് ആയിരുന്നു..

ഒരിക്കലും പുറമേയുള്ള ആളുകളെ എല്ലാവരെയും അറിയിച്ചു കൊണ്ടുള്ള ഒരു പ്രണയത്തിന് എനിക്കും അവനും താൽപര്യമുണ്ടായിരുന്നില്ല.

“നമ്മുടെ ഉള്ളിലുള്ള ഇഷ്ടം നമ്മൾ മാത്രം അറിഞ്ഞാൽ പോരെ..? സമയമാകുമ്പോൾ നമുക്ക് അത് എല്ലാവരെയും അറിയിക്കാം.. ഇപ്പോഴേ എല്ലാം കൊട്ടിഘോഷിച്ചു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കണ്ടല്ലോ..!”

ഒരിക്കൽ അവൻ അതിനു പറഞ്ഞ കാരണം അങ്ങനെയായിരുന്നു. ആ നിമിഷം അവനെ ഓർത്ത് എനിക്ക് അഭിമാനമാണ് തോന്നിയത്.

എന്റെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് അവൻ ആലോചിക്കുന്നുണ്ടല്ലോ എന്ന് തോന്നി..

കോളേജിൽ വെച്ച് വല്ലപ്പോഴും മാത്രമാണ് ഞങ്ങൾ തനിക്ക് സംസാരിച്ചിരുന്നത്.. അല്ലാത്തപ്പോഴൊക്കെ എവിടെയെങ്കിലും വച്ച് ഒന്ന് കാണുക മാത്രമായിരുന്നു പതിവ്.

ഇടയ്ക്ക് എപ്പോഴെങ്കിലും അത്യാവശ്യമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രം ഫോണിൽ മെസ്സേജ് അയക്കും. അതും ഒരുപാട് ദൈർഘ്യമുള്ള ചാറ്റിങ് ഒന്നുമായിരിക്കില്ല..!

എന്റെ ഇക്കാര്യങ്ങളെല്ലാം അറിയുന്ന സുഹൃത്തുക്കൾ അത് പറഞ്ഞു എന്നെ കളിയാക്കാറുണ്ട്.

” നിങ്ങൾ തമ്മിൽ ശരിക്കും പ്രണയത്തിൽ തന്നെയാണല്ലോ അല്ലേ..? സാധാരണ കമിതാക്കളെ പോലെയുള്ള യാതൊരു തരത്തിലുള്ള പ്രവർത്തികളും നിങ്ങളുടെ ഭാഗത്തു നിന്നും കാണാത്തതു കൊണ്ട് ചോദിച്ചതാണ്..”

അവർ അങ്ങനെ പറയുമ്പോൾ മനോഹരമായി ചിരിക്കുക മാത്രമായിരുന്നു തന്റെ പതിവ്.

” നിങ്ങൾ കണ്ടിട്ടുള്ളതു പോലെ എല്ലാ പ്രണയങ്ങളും ബഹളം നിറഞ്ഞതൊന്നുമല്ല..ഞങ്ങളെപ്പോലെ ഉള്ളിലുള്ള ഇഷ്ടം ഒരു നോട്ടത്തിലും ഒരു വാക്കിലോ പ്രകടിപ്പിക്കാൻ പോലും അറിയുന്ന ആളുകൾ ഉണ്ടാകും.. ”

ഞാൻ അത് പറയുമ്പോൾ അവരൊക്കെയും എന്നെ കളിയാക്കുന്നുണ്ടായിരുന്നു.

ആളൊഴിഞ്ഞ ഏതെങ്കിലും ഒരിടത്ത് വച്ച് അവനെ കണ്ടാൽ പോലും അവൻ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കാറുണ്ടായിരുന്നില്ല. അതൊക്കെ കൊണ്ടുതന്നെ എനിക്ക് അവനോട് വല്ലാത്തൊരു ബഹുമാനം ആയിരുന്നു.

പഠനം കഴിഞ്ഞാലും എത്രയും വേഗം ജോലി കണ്ടെത്താമെന്നും അധികം വൈകാതെ നമ്മുടെ കാര്യം വീട്ടിൽ അറിയിക്കാം എന്നുമൊക്കെ അവൻ ഒരിക്കൽ പറഞ്ഞിരുന്നു.

കിട്ടുന്ന സമയത്ത് ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഞങ്ങൾ നെയ്തു കൂട്ടിയിരുന്നു.. എന്റെ എല്ലാ സ്വപ്നങ്ങളിലും എന്റെ പാതിയായി അവൻ ഉണ്ടായിരുന്നു..

പക്ഷേ എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്..?

അവൻ പറഞ്ഞതു പോലെ ക്ലാസ് കഴിഞ്ഞ് വളരെ പെട്ടെന്ന് അവൻ ഒരു ജോലി കണ്ടെത്തി. അവൻ ജോലിക്ക് പോയി തുടങ്ങിയപ്പോൾ എനിക്ക് വല്ലാത്ത ഒരു പ്രതീക്ഷയായിരുന്നു..

പക്ഷേ ആ പ്രതീക്ഷകളെ മുഴുവൻ കാറ്റിൽ പറത്തി കൊണ്ടാണ് ഒരിക്കൽ അവൻ എന്നെ കാണാൻ വന്നത്.

” നമ്മൾ തമ്മിലുള്ള ബന്ധം ശരിയാകും എന്ന് തോന്നുന്നില്ല.. എനിക്കെന്തോ ഇത് വർക്ക് ഔട്ട് ആവില്ല എന്നൊരു തോന്നലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് നമുക്കെല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കാം.. ”

അവന്റെ വാക്കുകൾ കേട്ട് അന്ന് താൻ ശരിക്കും തകർന്നു പോയിരുന്നു.അവൻ എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് പലവട്ടം അവനോട് ചോദിച്ചിട്ടും കൃത്യമായ ഒരു മറുപടി അവൻ തന്നിരുന്നില്ല.

പിന്നീട് പലപ്പോഴും അവനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം..!

പതിയെ പതിയെ ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൻ എന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങി പോയി എന്ന്.

എന്റെ പഠനം കഴിഞ്ഞതോടെ വിവാഹത്തിനു വേണ്ടിയുള്ള മുറവിളികൾ കൂടി തുടങ്ങി. എതിർപ്പ് കാണിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടല്ലോ..!

അല്ലെങ്കിൽ തന്നെ ആർക്കു വേണ്ടിയാണ് ഞാൻ വീട്ടുകാരോട് എതിർപ്പ് പ്രകടിപ്പിക്കുന്നത്..?

ആ ഒരു ചിന്തയിൽ നിന്നാണ് വിവാഹത്തിന് സമ്മതം അറിയിച്ചത്. വിവാഹം കഴിക്കാൻ പോകുന്ന ആളിന്റെ പേരും എന്തിന് ഒരു ഫോട്ടോ പോലും താൻ കണ്ടിട്ടില്ല. ആരായാലും ആ വിധി അംഗീകരിക്കാൻ തയ്യാറായി തന്നെയായിരുന്നു മനസ്സ്..!

ഓർമ്മകളിൽ നിന്നപ്പോൾ സമയം ഒരുപാട് വൈകിയിരുന്നു. അതുകൊണ്ടു തന്നെ അവൾ വേഗം ഒന്നുറങ്ങാൻ ശ്രമിച്ചു.

പിറ്റേന്ന് രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയത് അമ്മ തന്നെയായിരുന്നു.

പിന്നീട് കാര്യങ്ങളൊക്കെ വേഗത്തിലായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് അവളെ ഒരുക്കിയതും വിവാഹ മണ്ഡപത്തിലേക്ക് എത്തിയതും ഒക്കെ വളരെ പെട്ടെന്ന് നടന്ന കാര്യങ്ങൾ ആയിട്ടാണ് അവൾക്ക് തോന്നിയത്.

മുഹൂർത്തത്തിന് സമയമായി എന്ന് ആരോ പറയുന്നത് കേട്ടു.. ആ സമയം കൃത്യമായി എന്റെ അരികിൽ ഉണ്ടായിരുന്ന ആള് എനിക്ക് താലി ചാർത്തുന്നതും ഞാൻ അറിഞ്ഞു.

ഒരു നിമിഷം കണ്ണടച്ച് ഞാൻ മൗനമായി പ്രാർത്ഥിച്ചു. ഈ താലിയോട് കൂറ് കാണിക്കാൻ കഴിയണമെന്നുള്ള പ്രാർത്ഥന..!

അപ്പോഴും മിഴിവോടെ ഉള്ളിൽ തെളിഞ്ഞു നിന്നത് അവന്റെ മുഖമായിരുന്നു..

അത് മായിച്ചു കളയാൻ എന്ന വണ്ണം തല വെട്ടിച്ചു..

“ഉള്ളിൽ തെളിഞ്ഞുവരുന്ന എന്റെ മുഖം അങ്ങനെ മായിച്ചു കളയുകയൊന്നും വേണ്ട.. ഈ ജീവിതകാലം മുഴുവൻ എന്നെ തന്നെ കണ്ടിരിക്കാനുള്ളതല്ലേ..?”

നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിനിടയിൽ കുസൃതിയോടെ പറയുന്ന ശബ്ദം തനിക്ക് ഏറെ പരിചിതമായിരുന്നു.. ഞെട്ടലോടെ കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിലിരിക്കുന്ന അവനെ കണ്ടു.

ആ നിമിഷം അനിയന്ത്രിതമായി കണ്ണുകൾ നിറഞ്ഞു.. എന്റെ ആ ഒരു ഭാവം അവനെയും സങ്കടപ്പെടുത്തി എന്ന് തോന്നി..

” ഞാൻ പറഞ്ഞതും ചെയ്തതും ഒക്കെ തനിക്ക് വേദനയാണ് എന്ന് അറിയാം.. പക്ഷേ ഇങ്ങനെയൊരു സർപ്രൈസ് തരാൻ വേണ്ടി മാത്രമായിരുന്നു ഞാനന്ന് അങ്ങനെയൊക്കെ പറഞ്ഞത്..

വേദനിപ്പിച്ചതിനൊക്കെ പകരമായി നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ ക്ഷമ പറയാം.. ഈ ജീവിതകാലം മുഴുവൻ നിന്നെ സ്നേഹിച്ചുകൊണ്ട് ഞാൻ പരിഹാരം കാണാം.. ”

അവൻ ആത്മാർത്ഥമായി തന്നെയാണ് അത് പറയുന്നത് എന്ന് തനിക്ക് ഉറപ്പായിരുന്നു. ആ ചിന്തയിൽ തന്നെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

അത് ഞങ്ങളുടെ പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു… ആരും കണ്ടാൽ കൊതിക്കുന്ന മനോഹരമായ ഒരു പ്രണയ വസന്തത്തിന്റെ തുടക്കം…!

Leave a Reply

Your email address will not be published. Required fields are marked *