രമ്യ.. സത്യം പറയൂ.. തനിക്ക് ഞാനുമായുള്ള റിലേഷനിൽ താല്പര്യം ഇല്ലേ..? അതുകൊണ്ട് ആണോ ഞാൻ ഒന്ന് തൊടുന്നത് പോലും താൻ സമ്മതിക്കാത്തത്..? “

(രചന: ശ്രേയ)

” അരുത്… അങ്ങനെ ഒന്നും ഇപ്പോൾ വേണ്ടാട്ടോ.. ”

നാണത്തോടെ അവന്റെ കൈകളെ തട്ടി മാറ്റിക്കൊണ്ട് രമ്യ പറഞ്ഞു.

അവൻ നിരാശയോടെ അവളെ നോക്കി.

” താൻ എന്താടോ ഇങ്ങനെ..? ഇപ്പോഴും പഴയ നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത പോലെ.. ഇന്നത്തെ കാലത്ത് പ്രണയിക്കുന്നവർക്കിടയിൽ ഒരു ചുംബനം ഒക്കെ സ്വാഭാവികമല്ലേ..?”

കിഷോർ നിരാശയോടെ ചോദിച്ചെങ്കിലും അവൾ മറുപടി ആയി ചിരിക്കുക മാത്രം ചെയ്തു. ഇത്തവണ അവനിൽ അത് ദേഷ്യമായി പരിണമിക്കുക തന്നെ ചെയ്തു.

” രമ്യ.. സത്യം പറയൂ.. തനിക്ക് ഞാനുമായുള്ള റിലേഷനിൽ താല്പര്യം ഇല്ലേ..? അതുകൊണ്ട് ആണോ ഞാൻ ഒന്ന് തൊടുന്നത് പോലും താൻ സമ്മതിക്കാത്തത്..? ”

കിഷോർ ചോദിച്ചത് കേട്ടപ്പോൾ അവളിൽ തെല്ലൊരു പരിഭ്രമം ഉണ്ടായി.

” ഞാൻ പറഞ്ഞിട്ടുണ്ടോ അങ്ങനെ..?”

അവൾ ചെറിയൊരു ടെൻഷനോട് ആണ് അവനോട് ചോദിച്ചത്.

അവളുടെ ടെൻഷനും പരവേശവും ഒക്കെ കണ്ടപ്പോൾ അവന് അവളോട് ചെറിയൊരു അനുകമ്പ തോന്നാതിരുന്നില്ല.

” ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ലെടോ .. എന്റെ കൂട്ടുകാർക്കൊക്കെ പ്രണയമുള്ളതാണ്. അവരൊക്കെ ഓരോ കാര്യങ്ങൾ എൻജോയ് ചെയ്യുന്നത് പറഞ്ഞു കേൾക്കുമ്പോൾ എനിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ..? ”

അവൻ പറഞ്ഞത് കേട്ട് അവൾക്ക് ഒരു നിമിഷം വല്ലായ്മ തോന്നി.

” അവർ അവരുടെ കാമുകിമാരോട് പറയുന്നതും ചെയ്യുന്നതും ഒക്കെ ചേട്ടനോട് പറയാറുണ്ടോ..? ”

അവൾ ചോദിച്ചപ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി.

“അതിനിപ്പോ എന്താ ഞങ്ങളൊക്കെ നല്ല സുഹൃത്തുക്കളാണ്.. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതൊക്കെ സ്വാഭാവികമാണ്..”

അവൻ അത് പറഞ്ഞു കേട്ടപ്പോൾ അവൾക്ക് ആകെപ്പാടെ ദേഷ്യമാണ് തോന്നിയത്.

” അതെന്തു തരത്തിലുള്ള ഫ്രണ്ട്ഷിപ്പ് ആണ്..? പ്രൈവസി എന്നൊരു സാധനം ഇല്ലേ..? നമുക്കിടയിൽ എന്തെങ്കിലും നടക്കുമ്പോൾ അത് ചേട്ടൻ പോയി ചേട്ടന്റെ സുഹൃത്തുക്കളോട് പങ്കുവെച്ചാൽ നാളെ അവർ എന്നെ കാണുമ്പോൾ മോശമായി ചിന്തിക്കില്ലേ..? ഞാൻ അങ്ങനെയുള്ള മോശം പെൺകുട്ടിയാണെന്ന് ആവില്ലേ അവർ കരുതുക..? ”

അവൾ ചോദിച്ചപ്പോൾ അവൻ അത്ഭുതത്തോടെ അവളെ നോക്കി.

” താൻ എന്തിനാ ഇങ്ങനെ ആവശ്യമില്ലാത്ത ടെൻഷൻ ഒക്കെ എടുത്ത് മനസ്സിൽ കയറ്റുന്നത്..? നമുക്കിടയിൽ എന്തെങ്കിലും സംഭവിച്ചാലും നാളെ നമ്മൾ വിവാഹം കഴിക്കാൻ ഉള്ളവരാണ്. അതൊക്കെ ആ സെൻസിൽ മാത്രമേ അവർ എടുക്കുകയുള്ളൂ..”

അവൻ എങ്ങനെയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടും അവൾക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.

” ചേട്ടൻ എന്തൊക്കെ പറഞ്ഞാലും ഇത്തരത്തിലുള്ള ഫ്രണ്ട്ഷിപ്പ് എനിക്കിഷ്ടമല്ല. എത്ര വലിയ സൗഹൃദത്തിനിടയിലും ഒരു ഒളിയും മറയും ഒക്കെ നല്ലതാണ്. എല്ലാ കാര്യങ്ങളും എല്ലായിപ്പോഴും പറഞ്ഞുകൊണ്ടിരിക്കാൻ ഒന്നും പറ്റില്ല.

പ്രത്യേകിച്ച് നമുക്കിടയിൽ നടക്കുന്ന കാര്യങ്ങൾ. ഇത് നമ്മുടെ മാത്രം സ്വകാര്യതയാണ്.. അതിനിടയിൽ മറ്റുള്ളവർക്ക് യാതൊരു കാര്യവുമില്ല. ”

അവൾ ദേഷ്യത്തോടെ തന്നെ മറുപടി പറഞ്ഞു.അവളുടെ ഇത്തരത്തിലുള്ള ഒരു ഭാവം അവൻ ആദ്യമായി കാണുകയായിരുന്നു. അതുകൊണ്ടു തന്നെ അതിന്റെ അമ്പരപ്പ് അവനിൽ പ്രകടമായിരുന്നു എന്ന് തന്നെ പറയാം.

” താനെന്തിനാ ഇങ്ങനെ ചൂടാകുന്നത്..? ”

അവൻ ചോദിച്ചപ്പോഴും അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ ആകുന്നുണ്ടായിരുന്നില്ല.

” ഞാൻ ചൂടായതാണ് ഇപ്പോൾ പ്രശ്നം.. ചേട്ടൻ ഒന്നോർത്തു നോക്കിക്കേ.. നമുക്കിടയിൽ നടക്കുന്ന എന്തെങ്കിലും കാര്യം ചേട്ടൻ അവരോട് പറഞ്ഞു എന്ന് കരുതുക.. അവർ ചിലപ്പോൾ അവരുടെ മറ്റ് ഏതെങ്കിലും സുഹൃത്തുക്കളോട് ഈ വിവരം പറയും.

അവർ മറ്റാരോടെങ്കിലും.. ഇങ്ങനെ പലരും പറഞ്ഞു കേട്ടു നാളെ അത് എന്റെ വീട്ടുകാരുടെ ചെവിയിൽ എത്തിക്കൂടാ എന്നുണ്ടോ..? ”

അവൾ ചോദിച്ചപ്പോൾ അവൻ വിലങ്ങനെ തലയാട്ടി.

” അവന്മാർ അങ്ങനെ ആരോടും പറയില്ല.. കാരണം അവർ എന്റെ സുഹൃത്തുക്കളാണ്.. എനിക്ക് അവരെ അത്ര വിശ്വാസമാണ്.. ”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് പുച്ഛത്തോടെ ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ..

“വിശ്വാസം നല്ലതാണ്.. എനിക്ക് ചേട്ടനോടുള്ള വിശ്വാസം കൊണ്ടായിരിക്കും ചിലപ്പോൾ നമുക്കിടയിൽ ഒരു ചുംബനം നടക്കുക. എനിക്ക് ചേട്ടനോടുള്ള ആ വിശ്വാസത്തെ നശിപ്പിച്ചു കൊണ്ടാണ് ചേട്ടൻ അവരോട് ആ വിഷയത്തെക്കുറിച്ച് പറയുക. എന്നോട് യാതൊരു വിശ്വാസവും പുലർത്താത്ത ചേട്ടന്റെ വാക്കുകൾക്ക് അവർ എന്ത് വില കൽപ്പിക്കും..? ”

അവൾ ചോദിച്ചത് കേട്ടപ്പോൾ അവൻ ഒരു നിമിഷം മൗനമായി.

” ഞാൻ എന്റെ ഒരു സുഹൃത്തിന്റെ കഥ പറഞ്ഞു തരാം.. കാവ്യ… അതായിരുന്നു അവളുടെ പേര്.. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. അങ്ങനെ തന്നെ വേണം അവളെ കുറിച്ച് പറയാൻ. ഓർമ്മവച്ച കാലം മുതൽ ഞങ്ങൾ ഒന്നിച്ചായിരുന്നു.

സ്കൂളിൽ പോകുന്നതും വരുന്നതും ഒക്കെ ഒന്നിച്ചു.. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് മൂന്നാമത് ഒരാൾ വരുന്നത്..

കിരൺ… ആദ്യം സൗഹൃദമായിരുന്നു അവന്റെ ലക്ഷ്യമെങ്കിലും, അവൻ ആ ലക്ഷ്യം പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ അവളോട് പ്രണയമായി. അവൾക്കും അവനോട് ഒരു ഇഷ്ടമുണ്ട് എന്ന് അറിഞ്ഞതോടെ എതിർക്കാൻ എനിക്കും കഴിഞ്ഞില്ല. അതായിരുന്നു എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത തെറ്റ്.. ”

വികാര വിക്ഷോഭത്താൽ അവളുടെ മുഖം ചുവക്കുന്നുണ്ടായിരുന്നു.

” ആദ്യമൊക്കെ സ്കൂൾ ടൈമിൽ മാത്രമായിരുന്നു കൂടിക്കാഴ്ച. ഇന്റർവെൽ സമയങ്ങളിൽ ഒക്കെ ക്ലാസ് മുറിയുടെ വരാന്തയിൽ വച്ച് അവർ തമ്മിൽ സംസാരിക്കുമായിരുന്നു.

അപ്പോഴൊക്കെ ഒരു കാവൽക്കാരിയെ പോലെ ഞാൻ അവർക്ക് കാവൽ നിന്നു. പിന്നീട് എന്നെ ഒഴിവാക്കി കൊണ്ടായി അവരുടെ കൂടിക്കാഴ്ചകൾ. പ്രണയിക്കുന്നവർക്കിടയിൽ അതൊക്കെ സ്വാഭാവികമാണ് എന്ന് തന്നെയാണ് ഞാൻ കരുതിയത്. ഇടക്കൊക്കെ രാവിലെ എന്നോടൊപ്പം സ്കൂളിലേക്ക് വരുന്ന അവളെ ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് കാണാതാകും.

പിന്നീട് ചോദിക്കുമ്പോൾ അവനോടൊപ്പം സ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു എന്ന് മറുപടിയാവും പറയുക. പതിയെ പതിയെ ചോദ്യങ്ങളും പറച്ചിലുകളും ഒന്നു ഇല്ലാതായി. അവളും അവനും മാത്രമുള്ള ഒരു ലോകത്തിലായിരുന്നു ആ സമയത്തേക്കും അവൾ. ”

അവൾ പറയുന്ന വാക്കുകളൊക്കെ അവൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു.

” പതിയെ പതിയെ രാവിലെ ഒന്നിച്ചുള്ള വരവ് പോലും ഞങ്ങൾക്കിടയിൽ ഇല്ലാതായി. അവളുടെ വീടിനടുത്ത് അവൻ വന്നു കാത്തു നിൽക്കുമ്പോൾ രണ്ടുപേരും കൂടി ഒന്നിച്ചാണ് സ്കൂളിലേക്ക് വരിക. എന്നെ വിളിക്കാറു പോലുമില്ല.. അവൾക്ക് അവനോടുള്ള ഇഷ്ടം കൊണ്ടാണല്ലോ എന്ന് കരുതി എന്റെ വിഷമങ്ങളും സങ്കടങ്ങളും ഒക്കെ ഞാൻ ഉള്ളിൽ ഒതുക്കി.

ഒരു ദിവസം സ്കൂളിലേക്ക് വന്ന ഞാൻ കാണുന്നത് ഡെസ്കിൽ തല വച്ചു കിടക്കുന്ന അവളെയാണ്. അങ്ങനെ ഒരു കാഴ്ച പതിവ് ഇല്ലാത്തതു കൊണ്ട് തന്നെ അവളുടെ അടുത്ത് പോയി എന്താ പറ്റിയത് എന്ന് ചോദിച്ചു.. ആദ്യം ഒന്നും പറയാൻ തയ്യാറായില്ലെങ്കിലും പതിയെ പതിയെ വീണ്ടും നിർബന്ധത്തിനു വഴങ്ങി അവൾ പറഞ്ഞു തുടങ്ങി.. ”

അവൻ ആകാംക്ഷയോടെ അവളെ നോക്കി.

” അവർക്കിടയിൽ ഇടയ്ക്ക് ചുംബനങ്ങളും തലോടലുകളും ഒക്കെ ഉണ്ടാകാറുണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ മനസ്സ് കൈവിട്ടുപോയ ഒരു നിമിഷത്തിൽ, അതിലും കൂടുതൽ എന്തൊക്കെയോ അവർക്കിടയിൽ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോസ് വീഡിയോസ് എന്തൊക്കെയോ അവൻ എടുത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ട്..

അത് അവന്റെ ഏതൊക്കെയോ സുഹൃത്തുക്കൾ കാണുകയും അവൻ സുഹൃത്തുക്കളോട് പറയുകയുമൊക്കെ ചെയ്തു ആരൊക്കെയോ വന്നു അവളോട് അപമര്യാദയായി എന്തൊക്കെയോ പറഞ്ഞു എന്ന് അവൾ പറഞ്ഞു. അവന് സ്കൂളിന് പുറത്ത് മറ്റേതൊക്കെയോ കാമുകിമാർ ഉണ്ടെന്നും അവരുടെ കൂട്ടത്തിൽ ഒരാൾ മാത്രമാണ് കാവ്യ എന്നും അവന്റെ കൂട്ടുകാർ അവളോട് പറഞ്ഞു.

അവന് കൊടുക്കുന്നതു പോലെയൊക്കെ അവർക്കും കൊടുക്കണം എന്ന് അവർ ആവശ്യപ്പെട്ടു. ഒക്കെയും കേട്ട് തകർന്നു പോയ അവസ്ഥയിലായിരുന്നു കാവ്യ.. ആ സമയത്ത് കുറച്ചു ദിവസം അവൻ സ്കൂളിൽ വന്നിട്ടുണ്ടായിരുന്നില്ല.

അന്ന് അവളെ ഞാൻ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു. അതിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിച്ച് അറിയാമെന്ന് അവളോട് പറഞ്ഞു. ദിവസങ്ങൾക്ക് ശേഷം അവൻ സ്കൂളിൽ എത്തിയപ്പോൾ അവൾ അതിനെക്കുറിച്ച് അവനോട് അന്വേഷിച്ചു.

അവരോട് സംസാരിക്കാൻ പോയ അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് തിരിച്ചു വന്നത്.അപ്പോൾ തന്നെ നല്ലതൊന്നും ആയിരിക്കില്ല സംഭവിച്ചത് എന്ന് എനിക്ക് ഉറപ്പായിരുന്നു. ”

അവൾ നെടുവീർപ്പിട്ടു.

” ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അന്ന് അവൾ എന്നോടൊപ്പം ആയിരുന്നു വന്നത്. അവളോട് ഞാൻ കുറെ ചോദിച്ചിട്ടും അവൻ എന്താണ് പറഞ്ഞതെന്ന് അവൾ എന്നോട് തുറന്നു പറഞ്ഞില്ല. ഒരു കാര്യം മാത്രം പറഞ്ഞു.. എനിക്ക് അവനോട് വിശ്വാസം ഉണ്ടായിരുന്നു. അത് അവൻ നശിപ്പിച്ചു കളഞ്ഞു.. ഇനി ഒരിക്കലും അത് തിരികെ കിട്ടുമെന്ന് തോന്നുന്നില്ല..

ആ വാക്കുകൾ കേട്ടപ്പോൾ അവൾ പൂർണമായും തകർന്നിരിക്കുകയാണ് എന്ന് എനിക്ക് തോന്നി. എന്നെക്കൊണ്ട് കഴിയുന്ന തരത്തിൽ അവളെ ആശ്വസിപ്പിച്ചാണ് അന്ന് വീട്ടിലേക്ക് പറഞ്ഞുവിട്ടത്. പക്ഷേ പിറ്റേന്ന് നേരം പുലർന്നപ്പോൾ ഞാൻ കേട്ട വാർത്ത എന്റെ പ്രിയ സുഹൃത്ത് എന്നെ വിട്ടു പോയി എന്നതായിരുന്നു… ”

അത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ കുഴങ്ങി.

കുറച്ചു നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ അവൾ കരച്ചിൽ മതിയാക്കിയപ്പോൾ അവന് അവളോട് എന്തു പറയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല.

” ചേട്ടൻ അവനെപ്പോലെ ഒരാളാണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ ചേട്ടന്റെ സുഹൃത്തുക്കൾ അവന്റെ സുഹൃത്തുക്കളേ പോലെ ആയിക്കൂടാ എന്നില്ലല്ലോ.. അവളോട് ആവശ്യപ്പെട്ടതുപോലെ നാളെ ചേട്ടന്റെ സുഹൃത്തുക്കൾ എന്നോട് ആവശ്യപ്പെട്ടാലോ..? അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.. അതുകൊണ്ടാണ് ഞാൻ..”

അവൾ പറഞ്ഞു നിർത്തിയപ്പോൾ അവൻ മറ്റൊന്നും പറയാതെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.

“എനിക്ക് മനസ്സിലായി.. ഇനി ഞാൻ ഒന്നിനും നിർബന്ധിക്കില്ല.. നമുക്കിടയിൽ ഉള്ളത് എന്തു തന്നെയായാലും അത് നമ്മുടെ മാത്രം സ്വകാര്യതയായിരിക്കും.. ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്.”

ഉറപ്പോടെ അവൻ പറഞ്ഞപ്പോൾ ആ കൈകളിൽ മുറുകെ ചേർത്ത് പിടിച്ചു കൊണ്ട് അവളും പുഞ്ചിരിച്ചു …

Leave a Reply

Your email address will not be published. Required fields are marked *