(രചന: ശ്രേയ)
” അമ്മയ്ക്ക് ഇവിടെ എന്തു കുറവുണ്ടെന്നാണ് അമ്മ പറഞ്ഞു വരുന്നത്..? ആവശ്യത്തിനുള്ള ഭക്ഷണവും സുഖസൗകര്യങ്ങളും ഒക്കെ ഇവിടെ കിട്ടുന്നില്ലേ..?
ആ ഗ്രാമത്തിൽ നമ്മുടെ ആ കൊച്ചു വീട്ടിൽ ഇതിലേതെങ്കിലും ഒന്ന് അമ്മയ്ക്ക് കിട്ടിയിട്ടുണ്ടോ..? ഇവിടെ ഇത്രയും സുഖസൗകര്യങ്ങൾ കൂടിപ്പോയതു കൊണ്ടാണോ എത്രയും വേഗം ഇവിടെ നിന്ന് തിരികെ പോകണം എന്ന് പറയുന്നത്..? ”
ദേഷ്യത്തോടെ മകൾ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഭവാനിയമ്മ തല കുനിച്ചു.
എങ്കിലും ഉള്ളിന്നുള്ളിൽ അവർ ചോദിക്കുന്നുണ്ടായിരുന്നു എത്ര പെട്ടെന്നാണ് തന്റെ മകൾക്ക് മാറ്റം സംഭവിച്ചത് എന്ന്..
പണ്ട് ആ ഗ്രാമവും ആ ഗ്രാമത്തിലെ കൊച്ചു വീടുമായിരുന്നു അവളുടെ ലോകം. ഇന്ന് അതെല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു.
” എന്താ ദിവ്യ എന്തിനാ നീ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത്..? ”
മരുമകൻ സതീഷ് അതും ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നപ്പോൾ ദിവ്യ ഒന്ന് ഞെട്ടിയത് കണ്ടു.
” അമ്മ പറയുന്നത് സതീഷേട്ടൻ കേൾക്കുന്നില്ലേ…? അമ്മയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത്.
ഇവിടെ നമ്മൾ എന്ത് കുറവ് വരുത്തിയിട്ടാണ് അമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ചോദിക്കുകയായിരുന്നു ഞാൻ.”
ദിവ്യ പറഞ്ഞപ്പോൾ സതീഷ് ഒന്ന് പുഞ്ചിരിച്ചു.
” അമ്മയ്ക്ക് നാട്ടിലേക്ക് പോകണോ..?”
സതീഷ് സ്നേഹത്തോടെ ഭവാനിയമ്മയോട് അന്വേഷിച്ചു.
” എനിക്ക് ഇവിടെ വല്ലാതെ വീർപ്പുമുട്ടുന്നുണ്ട് മോനെ. എനിക്ക് നാട്ടിലേക്ക് പോകണം. അവിടെ പാടത്തും പറമ്പിലും നടക്കാതെ ആ കൊച്ചു വീടിന്റെ ഉമ്മറത്തിണ്ണയിൽ ഇരുന്നു കാറ്റു കൊള്ളാതെ എനിക്ക് ആകെ ഒരു വെപ്രാളം..”
പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു. മരുമകൻ സതീഷ് അവരെ അനുകമ്പയോടെ നോക്കി. എന്നാൽ ദിവ്യയുടെ ഭാവം അതായിരുന്നില്ല.
” പിന്നെ.. ആ പട്ടിക്കാട്ടിൽ ചെന്ന് കിടക്കാഞ്ഞിട്ടാണ് അമ്മയ്ക്ക് സ്വസ്ഥത കുറവ്..ഇത് വല്ലാത്ത കഷ്ടം തന്നെയാ.. ”
ദിവ്യ പുച്ഛിച്ചു. അത് ആ അമ്മയുടെ കണ്ണുകൾ നിറച്ചു.
” ദിവ്യാ… മറ്റൊരാളുടെ ഫീലിംഗ്സ് വെച്ചിട്ടല്ല തമാശ കളിക്കേണ്ടത്.. നീ മുറിയിലേക്ക് പോയെ.. അമ്മയോട് ഞാൻ സംസാരിക്കാം.. ”
സതീഷിന്റെ ശബ്ദം കനത്തപ്പോൾ ദിവ്യ അവരെ അസ്വസ്ഥതയോടെ ഒന്ന് നോക്കിക്കൊണ്ട് മുറിയിലേക്ക് കയറിപ്പോയി.
സതീഷ് മെല്ലെ അമ്മയുടെ അടുത്തേക്ക് ഇരുന്നു.
” ഇനി അമ്മ പറയൂ. അമ്മയ്ക്ക് എന്താ ഇപ്പോൾ നാട്ടിലേക്ക് തിരികെ പോകണം എന്ന് തോന്നാൻ..? ”
അമ്മയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് സ്നേഹത്തോടെ അവൻ ചോദിച്ചപ്പോൾ അവർ ഒരു നിമിഷം മൗനമായിരുന്നു.
പിന്നെ അവരുടെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു അവർക്ക് എന്തൊക്കെയോ ദുഃഖങ്ങൾ മറഞ്ഞിരിക്കുന്നു എന്ന്.
” അമ്മയ്ക്ക് ഇവിടെ എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറയണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേ..? എന്നിട്ടും എന്തുകൊണ്ടാണ് എന്നോട് പറയാതെ മറച്ചു വെച്ചത്..?”
അവൻ സ്നേഹത്തോടെ അന്വേഷിച്ചു. അത് കേട്ടതും അവർ പൊട്ടി കരയാൻ തുടങ്ങി.
“എന്താണ് അമ്മേ..?”
അവരുടെ കരച്ചിൽ കണ്ട്, അവൻ പകച്ചു പോയിരുന്നു.
അവരുടെ കരച്ചിൽ ഒന്ന് ശാന്തമാകാൻ പിന്നെയും കുറെയധികം സമയമെടുത്തു.
” അമ്മയ്ക്ക് എന്താ വിഷമം എന്ന് എന്നോട് പറഞ്ഞു കൂടെ.? ”
അവരുടെ കരച്ചിൽ ഒന്നു മാറിയപ്പോൾ അവൻ അവരെ സഹതാപത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.
” എനിക്ക് ഇവിടെ പറ്റുന്നില്ല മോനെ. ആകെ ഒരു ശ്വാസം മുട്ടൽ പോലെ..”
അവർ പതറിക്കൊണ്ട് മറുപടി പറഞ്ഞപ്പോൾ അവൻ അവരെ സംശയിച്ചു നോക്കി.
“ഇവിടെ അമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ..?”
അവൻ ചോദിച്ചപ്പോൾ അവർ തലകുനിച്ചു. അപ്പോഴും അവരുടെ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർത്തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്ന് തന്നെ അവരുടെ വിഷമം അവന് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു.
“അമ്മയ്ക്ക് എന്തുണ്ടെങ്കിലും എന്നോട് പറയാം. എന്നെക്കൊണ്ട് പരിഹാരം കാണാൻ കഴിയുമെങ്കിൽ ഞാൻ അത് ചെയ്യാം.”
അവൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ അവർക്ക് സന്തോഷം തോന്നി. ഒരു നിമിഷം ചിന്തിച്ചു നിന്നതിനു ശേഷം അവർ തന്റെ മനസ്സിൽ ഉള്ളത് അവനോട് തുറന്നു പറയാൻ തയ്യാറെടുക്കുകയായിരുന്നു.
“മോൻ അവളെ പെണ്ണ് ചോദിച്ചു വരുമ്പോൾ ആ വീട് എങ്ങനെയായിരുന്നു എന്ന് നീ കണ്ടല്ലോ.. അവിടെ ഞങ്ങളുടെ സ്വർഗ്ഗം തന്നെയായിരുന്നു.
ഞാനും അവളുടെ അച്ഛനും അമ്മയും ഉടുക്കാതെയും സൂക്ഷിച്ചു വെച്ച പണം കൊണ്ട് ഞങ്ങൾ കെട്ടിപ്പൊക്കിയതാണ് ആ വീട്. ആ വീടിനെ ചൊല്ലി ഇപ്പോൾ അവൾക്ക് നാണക്കേട് ആണെങ്കിലും ഒരുകാലത്ത് അവൾക്കും ആ വീട് സ്വർഗം തന്നെയായിരുന്നു.”
അവർ പറഞ്ഞപ്പോൾ അവൻ ഒരു നിമിഷം ആ വീടിനെ തന്റെ അകകണ്ണിൽ കണ്ടു. ചെറിയൊരു വീടാണെങ്കിലും അതിന് ചുറ്റും ഒരുപാട് തണൽ മരങ്ങളും ചെടികളും ഒക്കെയായി, കണ്ടാൽ തന്നെ മനസ്സിന് ഒരു കുളിർമ്മ തോന്നുന്ന തരത്തിലുള്ള വീടായിരുന്നു അത്.
” അവളെ വിവാഹം കഴിപ്പിച്ചു വിട്ടപ്പോൾ അച്ഛൻ എനിക്ക് കൂട്ടുണ്ടായിരിക്കും എന്ന് മാത്രമാണ് ഞങ്ങൾ ചിന്തിച്ചത്. ഞങ്ങളുടെ അവസാന കാലം വരെയും ഞങ്ങൾ രണ്ടാളും ഒന്നിച്ച് വേണമെന്ന് ഉള്ളത് ഞങ്ങളുടെ ആഗ്രഹം ആയിരുന്നു.
ഞങ്ങളുടെ മരണം ഒരുമിച്ച് സംഭവിച്ചാൽ അത്രയും നല്ലത് എന്ന് മാത്രമായിരുന്നു ഞങ്ങളൊക്കെ ആ കാലഘട്ടത്തിൽ ചിന്തിച്ചിരുന്നത്.
പക്ഷേ ദൈവത്തിന് ഞങ്ങളെ തമ്മിൽ പിരിക്കാൻ ആയിരുന്നു ആഗ്രഹം. അതുകൊണ്ടാണല്ലോ എന്നെ തനിച്ചാക്കി അദ്ദേഹം പോയത്.
അതോടെ മറ്റൊരു ആശ്രയം ഇല്ലാത്ത വിധത്തിൽ ആയിപ്പോയി ഞാൻ. അതുകൊണ്ടാണ് നിങ്ങൾ ഒരുപാട് നിർബന്ധിച്ചപ്പോൾ ഞാൻ ഈ നഗരത്തിലേക്ക് ചേക്കേറിയത്. ”
അവർ പറഞ്ഞപ്പോൾ ഇതൊക്കെ തനിക്ക് അറിയാവുന്ന കാര്യമാണല്ലോ എന്നാണ് അവൻ ചിന്തിച്ചത്.
” ഇവിടേക്ക് വരുമ്പോൾ അവൾ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്, അമ്മ വെറുതെ ഒരാളായിട്ട് ഇവിടെ വന്ന് നിന്നാൽ മതി.
പരിചയമില്ലാത്ത ഒരാളിനെ കുഞ്ഞിനെ ഏൽപ്പിച്ചു പോകാൻ എനിക്ക് ഒരു മടിയാണ്. ഇന്നത്തെ കാലത്ത് എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത്.
ഇവിടുത്തെ പണികളുടെ കാര്യം ഓർത്ത് അമ്മ പേടിക്കേണ്ട. ഒക്കെ ഞാൻ ചെയ്തോളാം,. അന്ന് അവൾ അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടും എനിക്ക് ഇവിടേക്ക് വരാൻ മടിയായിരുന്നു.
എന്റെ വീട് വിട്ട് നിൽക്കാൻ ഇഷ്ടമല്ലാത്തത് തന്നെയായിരുന്നു കാരണം. ആ വീട്ടിൽ ഇപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം എനിക്ക് അറിയാൻ കഴിയുന്നുണ്ട്.
പക്ഷേ അവളുടെ നിരന്തരമായ നിർബന്ധം നിമിത്തമാണ് എനിക്ക് ഇവിടേക്ക് പറയേണ്ടി വന്നത്. ഇവിടത്തെ കാലാവസ്ഥ എന്നെക്കൊണ്ട് ഒട്ടും പറ്റുന്നില്ല.
രാവിലെ എഴുന്നേൽക്കാൻ തന്നെ എന്റെ കൈയും കാലും വിറക്കും. അതുപോലെ ഓരോ ദിവസവും ഇവിടെ ഒരുപാട് പണികൾ അവൾ എനിക്കായി ബാക്കി വെച്ചിട്ടുണ്ടാവും.
എന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ എനിക്ക് അതൊന്നും ചെയ്തു തീർക്കാൻ പറ്റില്ല. എനിക്ക് പറ്റുന്ന കാലത്ത് എല്ലാ പണികളും ഞാൻ ചെയ്തിട്ടുള്ളതാണ്. പക്ഷേ ഇപ്പോൾ എനിക്കത് സാധിക്കില്ല..
പിന്നെ കുഞ്ഞിന്റെ പിന്നാലെയുള്ള ഓട്ടത്തിനെ കുറിച്ച് ഞാൻ പറഞ്ഞു തരണ്ടല്ലോ. അവൻ എത്രത്തോളം കുറുമ്പും വാശിയും കാണിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് രണ്ടാൾക്കും അറിയുന്നതാണല്ലോ..
എനിക്ക് ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ഇപ്പോൾ ശ്വാസം മുട്ടുകയാണ്. എന്റെ ആയുസ്സ് അവസാനിക്കാറായി എന്നൊരു തോന്നൽ.
അങ്ങനെയാണെങ്കിൽ അത് നാട്ടിൽ നിങ്ങളുടെ അച്ഛന്റെ അടുത്തു തന്നെ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മോൻ ദയവ് ചെയ്ത് അവളെ പറഞ്ഞു മനസ്സിലാക്കി എന്നെ നാട്ടിലേക്ക് വിടാൻ പറയണം. ”
കണ്ണീരോടെ ആ അമ്മ പറഞ്ഞപ്പോൾ അവർ ആ വീട്ടിൽ എന്തൊക്കെ അനുഭവിക്കേണ്ടി വന്നു എന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു.
തന്റെ ഭാഗത്തും തെറ്റുണ്ട്.അമ്മയെ കൊണ്ട് അവൾ ഓരോരോ പണികൾ ചെയ്യിക്കുമ്പോൾ അത് വേണ്ടെന്ന് താൻ പല പ്രാവശ്യം അവളെ വിലക്കിയിട്ടുണ്ട്.
പക്ഷേ അപ്പോഴൊക്കെയും അമ്മയ്ക്ക് വെറുതെ ഇരുന്നാൽ ബോറടിക്കും എന്ന് പറഞ്ഞ് അവൾ തന്നെയാണ് ഓരോരോ പണികൾ കൊടുത്തിരുന്നത്.
അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് അവൾ ചിന്തിക്കേണ്ടതായിരുന്നു. ഇതിപ്പോൾ അമ്മയെ ഇവിടെ കൊണ്ടുവന്നു ഒരു വേലക്കാരിയാക്കി നിർത്തിയത് പോലെ.
സ്വന്തം മകളുടെ ഇങ്ങനെയുള്ള പ്രവർത്തികൾ ആര് സഹിക്കും..?
അവൻ വേദനയോടെ ഓർത്തു.
അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു തൊട്ടടുത്ത ദിവസം തന്നെ അമ്മയെ നാട്ടിലെത്തിക്കാമെന്ന്.
ഇനി അമ്മയ്ക്ക് ഇവിടേക്ക് ഒരു തിരിച്ചുവരം ഉണ്ടാവുകയാണെങ്കിൽ അത് വേലക്കാരിയാക്കാൻ ആവില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.