(രചന: ശ്രേയ)
” നിന്നെ സമ്മതിക്കണം.. ഒരേസമയം രണ്ട് പേരെ എങ്ങനെ മാനേജ് ചെയ്തു..? ”
പരിഹാസത്തോടെ ദീപ്തി ചോദിച്ചപ്പോൾ ശ്രീനിധി മൗനം പാലിച്ചു.
” നിന്റെ അണ്ണാക്കിൽ എന്താടി..? വല്ലതും പറഞ്ഞൂടെ..? എന്ത് ചോദിച്ചാലും അവൾക്കൊരു മൗനമാണ് മറുപടി.. ഒരേസമയം രണ്ട് കാമുകന്മാരെ കൊണ്ട് നടന്നതും പോരാ..
ഇപ്പോൾ ഒരുത്തനെ തേച്ചിട്ട് വേറൊരുത്തനെ കെട്ടാൻ പോകുന്നു. അതും അവന്റെ മുന്നിൽ തന്നെ..എന്തൊക്കെയാണെങ്കിലും നിന്നെ സമ്മതിക്കണം.നിന്നെ കണ്ടാൽ പറയില്ലല്ലോ നീ ഇങ്ങനെയാണെന്ന്..!!”
ദീപ്തി വീണ്ടും വീണ്ടും പരിഹസിക്കുമ്പോൾ, ശ്രീനിധിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.അല്ലെങ്കിൽ തന്നെ എന്തു മറുപടി പറയാനാണ്..? അവർ പറയുന്നതൊക്കെ ഒരു പരിധി വരെ ശരി തന്നെയല്ലേ..?
പക്ഷേ അവർക്കറിയാത്ത പല സത്യങ്ങളും ഇതിന്റെ പിന്നിലുണ്ട് എന്ന് മാത്രം..!!
അവളുടെ ഓർമ്മകൾ ദിവസങ്ങൾ പിന്നിലേക്ക് പോയി…
അയാൾ… ദേവൻ… അയാൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ ദിവസം..!!
ഡിഗ്രി അവസാന വർഷ വിദ്യാർഥിനിയായ തന്റെ അധ്യാപകനായി ആ ക്യാമ്പസിലേക്ക് അയാൾ കാലുകുത്തിയ ദിവസം.. കാണാൻ സുമുഖൻ ആയ അധ്യാപകന് വിദ്യാർത്ഥിനികളുടെ ആരാധന വൃന്ദം തന്നെ ഉണ്ടായിരുന്നു ..!
അന്ന് ശ്രീനിധി ക്ലാസിൽ വളരെ വൈകിയാണ് എത്തിയത്.. ക്ലാസിൽ നിൽക്കുന്ന പുതിയ അധ്യാപകനെ അവൾക്ക് മനസ്സിലായതുമില്ല.
” സമയത്ത് ക്ലാസിൽ വരാൻ പറ്റില്ലെങ്കിൽ ഇനി മേലാൽ ആ പരിപാടിക്ക് നിൽക്കരുത്. എന്റെ ക്ലാസ്സിൽ വരുമ്പോൾ കൃത്യമായ സമയത്ത് വരണമെന്ന് എനിക്ക് നിർബന്ധമുണ്ട്. മറ്റുള്ളവരുടെ നിങ്ങൾ എങ്ങനെയാണെന്ന് ഞാൻ അന്വേഷിക്കേണ്ട കാര്യമല്ലല്ലോ.. ”
അന്ന് സഹപാഠികളുടെ മുന്നിൽ വച്ച് ശ്രീനിധിയെ അയാൾ കണക്കിന് പരിഹസിച്ചു. വളരെ മനോവിഷമത്തോടെയാണ് അന്ന് അവൾ ക്ലാസിൽ ഇരുന്നത്.
സാധാരണ എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിനു മുൻപ് തന്നെ അവൾ ക്ലാസിൽ എത്താറുണ്ടായിരുന്നു. അന്ന് വീട്ടിൽ അമ്മയ്ക്ക് ചെറിയ വയ്യായ്ക ഉണ്ടായിരുന്നതുകൊണ്ട് വീട്ടിലെ പണികളൊക്കെ കഴിഞ്ഞ് ഇറങ്ങാൻ വൈകി. അതുകൊണ്ടാണ് അന്ന് അവൾ ലേറ്റ് ആയത്.
അന്ന് സാറിന്റെ വകയായി ചീത്ത കിട്ടുക കൂടി ചെയ്തപ്പോൾ അവൾക്ക് ആകെ ബുദ്ധിമുട്ടായി.അവളുടെ കണ്ണ് നിറഞ്ഞ് ക്ലാസിൽ ഇരിക്കുന്നത് സാറ് ശ്രദ്ധിക്കുകയും ചെയ്തു.
അന്ന് ഇന്റർവെൽ സമയത്ത് അവൾ ലൈബ്രറിയിൽ ഇരിക്കുമ്പോൾ സാറ് അവളുടെ അടുത്ത് വന്നിരുന്നു.
” എടോ എന്റെ ക്ലാസിൽ എനിക്ക് ഇങ്ങനെ കുറച്ചു നിർബന്ധങ്ങൾ ഒക്കെ ഉണ്ട്. ഞാൻ പഠിപ്പിക്കുമ്പോൾ എല്ലാവരും ശ്രദ്ധിച്ചിരിക്കണമെന്നും ക്ലാസ്സിൽ എല്ലാവരും ഉണ്ടായിരിക്കണമെന്ന് ഒക്കെയുള്ള വാശി ഉള്ള ആളാണ് ഞാൻ.
എന്റെ ആദ്യത്തെ ക്ലാസ്സിൽ തന്നെ താൻ ലേറ്റ് ആയി വന്നപ്പോൾ എനിക്ക് എന്തോ അത് ഇഷ്ടപ്പെട്ടില്ല. ഞാൻ തന്റെ സാഹചര്യത്തിനെ കുറിച്ച് താൻ എന്തുകൊണ്ടാണ് ലേറ്റ് ആയത് എന്നതിനെ കുറിച്ച് ചോദിച്ചില്ല. അത് എന്റെ തെറ്റാണ്.. സോറി.. ”
അയാൾ അതും പറഞ്ഞു കടന്നു പോയപ്പോൾ അവൾക്ക് എന്തോ അയാളോട് ചെറിയൊരു അടുപ്പം തോന്നാതിരുന്നില്ല.
അതേ സമയത്ത് തന്നെയാണ് അവളുടെ കാമുകനായ കിരൺ അവിടേക്ക് എത്തിയത്.
” നിന്നെ ഇന്ന് ആ പുതിയ സാർ ചീത്ത പറഞ്ഞു എന്ന് കേട്ടു.. ”
അവളുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് അവൻ ചോദിച്ചു.അത് കേട്ടപ്പോൾ അവളുടെ കണ്ണ് പറഞ്ഞു.നടന്ന സംഭവങ്ങളൊക്കെ അവനോട് പറയുകയും ചെയ്തു.
” താൻ കാര്യമാക്കണ്ടടോ.. അയാളുടെ ആദ്യത്തെ ദിവസമല്ലേ… അപ്പോൾ കുറച്ച് ഷോ കാണിക്കാം എന്ന് കരുതി കാണും..”
കിരൺ അങ്ങനെ പറഞ്ഞപ്പോൾ അവൾ ചിരിച്ചതേയുള്ളൂ.
ആ കോളേജിൽ എത്തി അധികം വൈകാതെയാണ് കിരണും ശ്രീനിധിയും തമ്മിൽ അടുപ്പത്തിലായത്. കണ്ടാൽ ആരും കൊതിക്കുന്ന ബന്ധം തന്നെയായിരുന്നു അവരുടേത്. പരസ്പരം എന്തും തുറന്നു പറയാവുന്ന അടുപ്പം അവർ തമ്മിൽ ഉണ്ടായിരുന്നു.
നാളുകൾ മുന്നോട്ടു പോകുമ്പോൾ അവരുടെ അടുപ്പം വർദ്ധിച്ചതേയുള്ളൂ. അതിനിടയിൽ പലപ്പോഴും പുതിയതായി വന്ന അധ്യാപകൻ ദേവൻ ശ്രീനിധിയുമായി അടുക്കാൻ ശ്രമിക്കുമ്പോൾ കിരൺ അതിനെ വിലക്കിയിരുന്നു.
” അയാളുമായി അധികം അടുപ്പത്തിനൊന്നും പോകേണ്ട കേട്ടോ.. എനിക്കെന്തോ അത് അത്ര ശരിയായ ബന്ധമായി തോന്നുന്നില്ല..! ”
കിരൺ അത് പറഞ്ഞപ്പോൾ ശ്രീനിധി അതിനെ പുച്ഛിക്കുകയാണ് ചെയ്തത്.
” അത് നിനക്ക് വെറുതെ തോന്നുന്നതാണ്.സാർ വളരെ നല്ല ആളാണ്. അന്ന് എന്നെ ക്ലാസിൽ വച്ച് ചീത്ത പറഞ്ഞു എന്നല്ലാതെ പിന്നീട് ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ല. അന്ന് അങ്ങനെ പറഞ്ഞതിന് എന്നോട് കുറെ സോറി പറയുകയും ചെയ്തതല്ലേ..!”
ശ്രീനിധി ദേവന് വേണ്ടി കിരണിനോട് വാദിച്ചു. കിരണിന് ദേഷ്യം വന്നെങ്കിലും,അവൻ അത് പുറത്തു കാണിച്ചില്ല. അവന്റെ ഇഷ്ടക്കേട് നോക്കാതെ തന്നെ ശ്രീനിധിക്ക് ദേവനുമായി ഒരു സൗഹൃദം ഉടലെടുത്തു.
അങ്ങനെയിരിക്കെ കോളേജിൽ കലോത്സവം എത്തി. അന്ന് ആ പ്രോഗ്രാം നടക്കുന്ന ദിവസമായിരുന്നു അവളുടെ ജീവിതം തന്നെ മാറിമറിഞ്ഞത്.
കിരണും ടീമും അവതരിപ്പിക്കുന്ന ഡാൻസ് ഉണ്ടായിരുന്നു.അത് കാണാൻ അവൾ കാത്തിരിക്കുകയും ചെയ്തു.
പ്രോഗ്രാമിന് ഇടയ്ക്ക് അവൾക്ക് എന്തുവാടാ അസ്വസ്ഥത തോന്നിയപ്പോൾ കുറച്ചു വെള്ളം കുടിക്കാമെന്ന് കരുതിയാണ് അവൾ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. ആ സമയത്ത് അവൾ അവിടെ വച്ച് ദേവനെ കാണുകയും ചെയ്തു.
“താൻ എങ്ങോട്ടാണ് ഈ സമയത്ത്..? ”
അവൻ ചോദിച്ചപ്പോൾ അവൾ വെള്ളം കുടിക്കാൻ പോവുകയാണ് എന്ന് മറുപടി പറഞ്ഞു.
“താൻ എന്തായാലും ഒറ്റയ്ക്ക് പോകണ്ട.ഇപ്പോൾ ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ കാലമല്ലേ ഒന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ.. ഞാൻ കൂടെ വരാം..”
അവൾക്ക് ഒരു സഹായം വാഗ്ദാനം ചെയ്തു കൊണ്ട് ദേവൻ അവളുടെ ഒപ്പം നടന്നു.. വേണ്ട എന്ന് അവൾ എത്രയൊക്കെ എതിർത്തിട്ടും ദേവൻ കൂടെ ചെല്ലുക തന്നെ ചെയ്തു.
ക്ലാസിലെത്തി വെള്ളം കുടിച്ചു കഴിഞ്ഞു ബാഗ് തിരികെ വയ്ക്കുമ്പോഴാണ് വാതിൽ അടച്ചിരിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെടുന്നത്. ദേവൻ അവളോട് തൊട്ടുചേർന്നാണ് നിൽക്കുന്നത് എന്ന് പോലും അവൾ ശ്രദ്ധിക്കുന്നത് ആ സമയത്താണ്.
അവൾ വല്ലാത്ത പരിഭ്രാന്തിയോടെ അയാളെ നോക്കി..
” സാർ എന്താ ഈ കാണിക്കുന്നത്..? ”
അവൾ ചോദിച്ചപ്പോൾ അവൻ അവളെ വല്ലാത്തൊരു നോട്ടം നോക്കി.
“ഈ ക്യാമ്പസിൽ ഞാൻ കാലുകുത്തിയ അന്നുമുതലുള്ള ആഗ്രഹമാണ് നീ.അതെന്തായാലും ഇന്ന് എനിക്ക് സാധിച്ചേ പറ്റൂ..”
എത്രയൊക്കെ ചേർത്ത് നൽകാൻ ശ്രമിച്ചിട്ടും അയാളുടെ മുന്നിൽ അവൾ തോറ്റുപോയി എന്ന് തന്നെ പറയാം. അവളുടെ ശരീരത്തിലെ ഓരോ അണുവിനെയും അയാൾ സ്വന്തമാക്കുമ്പോൾ അവൾ അലറി വിളിക്കുകയായിരുന്നു. സഹായത്തിനായി ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് അവൾ പ്രാർത്ഥിക്കുകയായിരുന്നു.
പക്ഷേ അവളുടെ പ്രാർത്ഥനകളും ശ്രമങ്ങളും ഒക്കെ വിഫലമായി.. അയാൾക്ക് വേണ്ടത് നേടിയെടുത്തുകൊണ്ട് അയാൾ മടങ്ങുക തന്നെ ചെയ്തു.
അവിടെ നിന്ന് എങ്ങനെയാണ് വീട്ടിലെത്തിയതെന്ന് അവൾക്ക് ഒരു ബോധവും ഉണ്ടായിരുന്നില്ല.രണ്ടുദിവസം അവൾ കോളേജിലേക്ക് പോയില്ല.ആരുമായും സംസാരിച്ചില്ല. ആരോടും ഒന്നും പറയാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ..!
മൂന്നാം ദിവസം അവളെ അന്വേഷിച്ച് അയാൾ അവളുടെ വീട്ടിലെത്തി. നല്ലവനായ ഒരു അധ്യാപകനായി അവളുടെ വീട്ടുകാർക്ക് മുന്നിൽ അയാൾ ആടിത്തിമർത്തു.
അവളോട് ഒറ്റയ്ക്ക് സംസാരിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ അയാൾ കുറ്റസമ്മതം നടത്തി.
മദ്യലഹരിയിൽ പറ്റിപ്പോയതാണത്രേ..! ആരോടും ഒന്നും പറയരുതെന്നും വിവാഹം കഴിച്ചു കൊള്ളാം എന്നൊരു വാഗ്ദാനവും…!!
അതിന്റെ പരിണിതഫലമാണ് നിശ്ചയിച്ചിരിക്കുന്ന അവളുടെയും അയാളുടെയും വിവാഹം. ഈ വിവരം അറിഞ്ഞപ്പോൾ മുതൽ സുഹൃത്തുക്കൾ ഓരോരുത്തരായി അവളെ പരിഹസിക്കുന്നുണ്ട്.
അയാളുടെ താലിക്കു മുമ്പിൽ തലകുനിച്ചു കൊടുക്കാൻ തന്നെയാണ് തീരുമാനം.. അത് പക്ഷേ ഒരിക്കലും നല്ലൊരു ജീവിതം സ്വപ്നം കണ്ടു കൊണ്ടല്ല..!!
വിവാഹ ശേഷം അയാൾ നല്ലവനായ ഭർത്താവായി അഭിനയിക്കാൻ ശ്രമിക്കുമ്പോൾ, അവൾക്ക് പുച്ഛം മാത്രമാണ് തോന്നിയത്. എത്രയ്ക്ക് അഭിനയിച്ചാലും എന്തൊക്കെ ചെയ്താലും തനിക്ക് സംഭവിച്ച നഷ്ടത്തിനോളം വരില്ലല്ലോ..!!
അന്നുമുതൽ അവൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു.. എന്നെങ്കിലും ഒരിക്കൽ അയാളോട് പകരം ചോദിക്കാൻ ഒരു അവസരം കിട്ടുമെന്ന് അവൾ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു..
ഒടുവിൽ അങ്ങനെയൊരു അവസരം വന്നുചേരുക തന്നെ ചെയ്തു..! തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞു അവർ ബഹളം ഉണ്ടാക്കിയ ദിവസം..!!
മറ്റൊന്നും ശ്രദ്ധിക്കാതെ അയാളെ തല്ലി വീഴ്ത്തിയ ദിവസം…!കയ്യിൽ കിട്ടിയ ചിരവ കൊണ്ട് അയാളുടെ തലയടിച്ചു പൊളിച്ച ദിവസം…!!ആ പ്രഹരത്തിൽ അയാൾ മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്..!
എത്രകാലം ജയിൽവാസം അനുഭവിക്കേണ്ടി വരും എന്നറിയില്ല.. അതിന് എത്ര കാലമാണെങ്കിലും സന്തോഷത്തോടെ അനുഭവിക്കുക തന്നെ ചെയ്യും…!!