ഈ കല്യാണം നടക്കില്ല…. ” തല കുമ്പിട്ട് ആ മനുഷ്യൻ പറയുമ്പോൾ ഒന്നും മനസ്സിലാകാതെ ഞാനും അമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു…

അച്ഛൻ
(രചന: ശ്യാം)

കല്യാണതലേന്നാണ് അവളുടെ അച്ഛൻ ചങ്കുപൊട്ടി മരിച്ച വിവരം അറിയുന്നത്…

രണ്ടാഴ്ച മുന്നേ വീട്ടിൽ വന്ന ആ മനുഷ്യന്റെ മുഖം ഇപ്പോഴും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്….

” ഈ കല്യാണം നടക്കില്ല…. ”

തല കുമ്പിട്ട് ആ മനുഷ്യൻ പറയുമ്പോൾ ഒന്നും മനസ്സിലാകാതെ ഞാനും അമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു…

” നിങ്ങളിതെന്താ ഈ പറയുന്നേ… ”

അമ്മയുടെ വാക്കുകളിൽ അയാളോടുള്ള ദേഷ്യമായിരുന്നു …

” കല്യാണത്തിന് വേണ്ടി രണ്ട് മൂന്ന് പേരോട് നേരത്തെ കുറച്ച് പൈസ പറഞ്ഞു വച്ചിരുന്നതാണ്, സമയമായപ്പോൾ പക്ഷേ……”

തോളിൽ കിടന്ന തോർത്തു കടിച്ചു പിടിച്ച് , കരച്ചിൽ പുറത്തേക്ക് വരാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ആ മനുഷ്യൻ തല കുമ്പിട്ട് തന്നെയിരുന്നു….

” ഇനിയൊരു മനുഷ്യന്റെ മുന്നിലും കൈ നീട്ടാൻ ബാക്കിയില്ല…. അല്ലെ തന്നെ മൂത്തത് രണ്ടുപേരെ കെട്ടിച്ചു വിട്ടതിന്റെ കടം ഇതുവരെ തീർക്കാൻ പറ്റിയിട്ടില്ല, അങ്ങനെയുള്ളവന് ആര് കടം തരാനാണ്…. ”

ഒരു ദീർഘനിശ്വാസത്തോടെ അത് പറഞ്ഞ് ആ മനുഷ്യൻ എന്നെയും അമ്മയെയും മാറി മാറി നോക്കി….

” ഇതൊക്കെ നിങ്ങൾക്ക് അറിയുന്നതല്ലേ അവസാന നിമിഷം ഇങ്ങനെ വന്നു പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യാനാണ്….. ”

അമ്മ ദേഷ്യത്തോടെ സംസാരിച്ച് തുടങ്ങിയപ്പോൾ വേണ്ടെന്ന് ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു….

” തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്, ഇതിന്റെ പേരിൽ നിങ്ങളെന്റെ മോളെ ശപിക്കരുത്, എല്ലാത്തിനും കാരണം ഈ കഴിവുകെട്ട അച്ഛനാണ്…. അവളുടെ പ്രായത്തിലേ ഓരോ കുട്ടികൾ കല്യാണം കഴിഞ്ഞ് കൊച്ചുങ്ങളുമായി ജീവിക്കുന്നത് കാണുമ്പോൾ പുറത്ത് പറഞ്ഞില്ലെങ്കിലും അവൾക്കും ഉണ്ടാകില്ലേ ആഗ്രഹം….

അല്ലേലും എന്റെ കുട്ടി ഭാഗ്യമില്ലാത്തവളാണ്, അവളുടെ ഒരാഗ്രഹം പോലും ഈ അച്ഛന് സാധിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല, എന്റെ അവസ്ഥ മനസ്സിലാക്കുന്നത് കൊണ്ടാകും അവൾ ഒരു ആഗ്രഹവും എന്നോട് പറയാറുമില്ല….

എന്റെ കുട്ടിയൊന്ന് സന്തോഷത്തോടെ ചിരിച്ചു ഞാൻ കണ്ടിട്ടില്ല…. ഈ ചെറു പ്രായത്തിൽ അത്രയേറെ പ്രാരാബ്ദങ്ങളാണ് അതിന്റെ തലയിൽ…. എല്ലാത്തിനും കാരണം ഈ ഞാൻ തന്നെ…. ”

അതുവരെ അടക്കി വച്ച കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ തോർത്തു കൊണ്ട് മുഖം പൊത്തി പൊട്ടിക്കരയുന്ന ആ മനുഷ്യനെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണമെന്നറിയാതെ എനിക്കും അമ്മയ്ക്കും നിസ്സഹയ്യരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു….

” അടിച്ചു വച്ച കല്യാണക്കുറി വാങ്ങാൻ പോലും പോയില്ല….അല്ലെത്തന്നെ ബാങ്കുകാർ എപ്പോ വേണമെങ്കിലും ആ വീട്ടിൽ നിന്ന് ഞങ്ങളെ പുറത്താക്കാം… ഇനി രണ്ട് പാഴ് ജന്മങ്ങൾ അവസാനിപ്പിക്കുക എന്നല്ലാതെ വേറൊരു വഴിയും ഞാൻ കാണുന്നില്ല….. മോൻ… എന്റെ മോളെ ശപിക്കരുതേ….. ”

കൈകൾ കൂപ്പി ആ അച്ഛൻ പറയുമ്പോൾ ഒഴുകി വന്ന കണ്ണുനീർ തുടച്ച് ഞാൻ ആ മനുഷ്യനെ ചേർത്ത് പിടിച്ച് അരികിലിരുന്നു…

” ഒന്നും വേണ്ട നിങ്ങൾ ആ മോളെ ഇങ്ങു തന്നാൽ മതി, ഏതേലും അമ്പലത്തിന്റെ മുന്നിൽ താലി കെട്ടിക്കോളും ഇവൻ…അല്ലേ മരിക്കാൻ നടക്കുന്നു രണ്ടുപേർ…. ”

എന്റെ മനസ്സ് വായിച്ചത് പോലെ അത് പറഞ്ഞ് കണ്ണും തുടച്ചമ്മ ഉള്ളിലേക്ക് കയറിപ്പോയി…

” അച്ഛൻ വിഷമിക്കാതെ, അമ്മ പറഞ്ഞത് പോലെ ഏതേലും അമ്പലത്തിൽ പോയി താലി കെട്ടാം.. എനിക്ക് അവളെ മാത്രം മതി….. ”

ആ മനുഷ്യനെ ഒന്നുകൂടി ചേർത്ത് പിടിച്ച് പറയുമ്പോൾ നന്ദിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു…

അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഞാൻ അവളെ വിളിച്ചു, ആത്മാഭിമാനമുള്ള അച്ഛന്റെ മോൾ ഫോൺ എടുക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് വിളിച്ചതും, പ്രതീക്ഷിച്ചത് പോലെ തന്നെ മറുപടി ഇല്ലാതെ ബെല്ലടിച്ചു നിന്നതേയുള്ളു…

സന്ധ്യ കഴിഞ്ഞാണ് അവളുടെ കാൾ വരുന്നത്, കാൾ എടുത്ത് എന്തേലും പറയും മുന്നേ അവിടെ നിന്നുള്ള പൊട്ടിക്കരച്ചിലാണ് കേട്ടത്…

” എടൊ.. താനിങ്ങനെ കരയല്ലേ, അച്ഛനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്, സങ്കടപ്പെടല്ലേ….. ”

അവളെ അശ്വസിപ്പിക്കാൻ എന്റെ വാക്കുകൾ കൊണ്ട് കഴിയില്ലെന്ന് മനസ്സിലായപ്പോൾ, ഒന്നും മിണ്ടാതെ ഫോൺ ചെവിയോട് ചേർത്ത് വച്ച് ഞാൻ നിന്നു, ഏറെ നേരത്തിനു ശേഷമാണ് അവളുടെ കരച്ചിൽ ഒന്ന് ശമിച്ചത്…

” ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം… ”

അത് പറഞ്ഞവൾ കാൾ കട്ട് ചെയ്യുമ്പോൾ മനസ്സിനൊരു ആശ്വാസം വന്നു കഴിഞ്ഞിരുന്നു…

” ടാ.. പോകാം… ”

അമ്മ അത് പറയുമ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്…

ആ ചെറിയ വീടിന്റെ മുന്നിൽ എത്തുമ്പോൾ മുറ്റം നിറയെ ആൾക്കാർ ഉണ്ടായിരുന്നു, ഇനി താങ്ങി നിർത്താൻ ഒരു ചുമലും ഇല്ലാതെ, എല്ലാം നഷ്ടപ്പെട്ട്, ഒന്നുറക്കെ കരയാൻ പോലും കഴിയാതെ ഭിത്തിയും ചാരി ഇരിക്കുന്ന അവളിലേക്കാണ് ആദ്യമെന്റെ കണ്ണുകൾ എത്തിയത്….

വെള്ളപ്പുതച്ചു കിടക്കുന്ന ആ മനുഷ്യനെ ഒന്ന് നോക്കി അമ്മ അവളുടെ അടുക്കലേക്ക് ചെന്ന് അവളെ ചേർത്ത് പിടിക്കുമ്പോഴാണ് അവളൊന്ന് കരഞ്ഞു തുടങ്ങിയത്….

” ഇനിയിപ്പോ പ്രത്യേകിച്ച് ആരും വരാൻ ഇല്ലല്ലോ ബോഡി എടുക്കുകയല്ലേ…. ”

കൂട്ടത്തിൽ ആരോ ചോദിച്ചപ്പോൾ അവളെയും കൂട്ടി അമ്മ ആ മനുഷ്യന്റെ അരികിലേക്ക് നീങ്ങി നിന്നു…

” കെട്ടട താലി.. ”

അത് പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന പേഴ്സിൽ നിന്നമ്മ താലി എനിക്ക് നേരെ നീട്ടുമ്പോൾ കൂടി നിന്നവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…

” എനിക്കറിയാം, ഈ സമയത്ത് താലി കെട്ടാൻ പാടില്ലന്ന്, ആചാരങ്ങൾ തെറ്റായിരിക്കും പക്ഷേ മോൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലന്നോർത്ത് നെഞ്ചുപൊട്ടി മരിച്ചു കിടക്കുന്ന ഈ മനുഷ്യന് മുന്നിൽ നിന്നല്ലാതെ ഏത് ദൈവത്തിന്റെ മുന്നിൽ നിന്നാണ് താലി കെട്ടേണ്ടത്…. ”

അമ്മയുടെ ചോദ്യത്തിന് മുന്നിൽ എല്ലാവരും പരസ്പരം നോക്കുന്നുണ്ടായിരുന്നു, അപ്പോഴും അമ്മയുടെ തോളിൽ തല ചായ്ച്ചു നിൽക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു…

കൊട്ടും കുരവയും ആഘോഷവും ഒന്നുമില്ലാതെ നിശബ്ദതമായ ആൾക്കൂട്ടത്തിനിടയിൽ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി…

അഞ്ചിന്റെയന്ന് ചടങ്ങുകൾ കഴിഞ്ഞ് അവളുടെ കയ്യും പിടിച്ച് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇടയ്ക് ഇടയ്ക്ക് തിരിഞ്ഞു നോക്കി അവൾ വിങ്ങി കരയുന്നുണ്ടായിരുന്നു..

” ഇനി കരയരുത്, അത് ആ അച്ഛന് ഇഷ്ടമല്ല, തന്നെയാർത്ത് ആ മനുഷ്യൻ ഒരുപാട് ദുഃഖിച്ചിട്ടുണ്ട്, തനിക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്തതിൽ ഓർത്ത് നീറി നീറി കരഞ്ഞിട്ടുണ്ട്… തന്നെ കരിയിപ്പിക്കാതെ പൊന്നുപോലെ നോക്കിക്കോളാമെന്ന് ആ അച്ഛന് ഞാൻ വാക്ക് കൊടുത്തതാണ്…. ”

അത് പറഞ്ഞവളെ ചേർത്ത് പിടിക്കുമ്പോൾ എന്റെ ചുമലിലേക്ക് തല ചായിച്ചവൾ ചേർന്ന് നടന്നു….

Leave a Reply

Your email address will not be published. Required fields are marked *