നിർമ്മലയെ മടുത്ത് തുടങ്ങിയപ്പോൾ അവൻ തന്നെ സ്വന്തം ഭാര്യയെ കുളത്തിൽ മുക്കി കൊന്നുവെന്ന് നാട്ടുകാർ അടക്കം പറഞ്ഞു നടന്നു. പക്ഷേ മുങ്ങി മരണമെന്ന് റിപ്പോർട്ട്‌ വന്നതോടെ

(രചന: ശിവ എസ് നായർ)

“നിങ്ങൾക്ക് വേണ്ടത് പണമല്ലേ. അതുകൊണ്ടല്ലേ ഇവളെ കെട്ടിച്ചുവിടാതെ ഇങ്ങനെ നിർത്തിയിരിക്കുന്നത്. എനിക്ക് ഇവളെയങ്ങ് ഇഷ്ടപ്പെട്ടു. അതുകൊണ്ട് നീലിമയെ എനിക്കിങ്ങു തന്നേക്ക്.

നിങ്ങൾ ചോദിക്കുന്ന പണം ഞാൻ തരും.” തന്റെ മുന്നിൽ പേടിച്ചു വിറച്ച് നിൽക്കുന്ന പെണ്ണിനെ കണ്ണുകൾ കൊണ്ട് അടിമുടി ഉഴിഞ്ഞു അമ്പാട്ട് പറമ്പിൽ സൂര്യനാരായണൻ മീശ പിരിച്ചുവച്ചു.

“അമ്പത് ലക്ഷം രൂപ തരാമെങ്കിൽ പെണ്ണിനെ തരാം. പക്ഷേ ഒരു വ്യവസ്‌ഥയുണ്ട്. നിന്റെ ഭാര്യയായി അവളെ അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്ക് കെട്ടികൊണ്ട് പോണം. അല്ലെങ്കിൽ അവളെ നിനക്ക് വിറ്റോ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ എനിക്ക് ഉത്തരം മുട്ടിപോകും.” മുന്നിലിരിക്കുന്ന മദ്യ ഗ്ലാസ്‌ കാലിയാക്കി കൊണ്ട് സതീശൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“എങ്ങനെയായാലും എനിക്ക് സമ്മതം. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ കല്യാണമുറപ്പിച്ചോ. ഇവൾക്കായി ഒരു കെട്ട് താലി പണിത് ഞാൻ വരുന്നുണ്ട്.”

“ഓ… അങ്ങനെയായിക്കോട്ടെ.” സതീശൻ ചിറി കോട്ടി പറഞ്ഞു.

തന്റെ ജീപ്പിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് അവൻ പോയതും ഒരു പൊട്ടിക്കരച്ചിലോടെ നീലിമ അവളുടെ മുറിയിലേക്ക് ഓടി.

നാട്ടിലെല്ലാവർക്കും ചെമ്പാട്ട് ഗ്രാമത്തിലെ അമ്പാട്ട് പറമ്പിലെ സൂര്യ നാരായണനെ ഭയമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. ആറടി പൊക്കവും ഒത്ത വണ്ണവും വെളുത്ത് സുമുഖനായൊരു മുപ്പത്തി അഞ്ചു കാരനാണ് സൂര്യ നാരായണൻ.

ആ മുഖം ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. എപ്പോഴും ഗൗരവം സ്ഫുരിക്കുന്ന കണ്ണുകളാണ്. അവൻ വാ തുറക്കുന്നത് ആരെയെങ്കിലും ചീത്ത പറയാനോ ദേഷ്യപ്പെടാനോ ആയിരിക്കും. മിക്കവാറും ദിവസങ്ങളിൽ കള്ള് ഷാപ്പിൽ പോയി മൂക്കറ്റം കള്ള് കുടിച്ചാണ് നടപ്പ്.

മുന്നിലൂടെ സൂര്യ ജീപ്പിൽ കടന്ന് പോകുമ്പോൾ പെൺപിള്ളേർ എല്ലാവരും ഓടിയൊളിക്കാറാണ് പതിവ്. അത്രത്തോളം അവനെ പെൺകുട്ടികൾക്ക് പേടിയാണ്. കവലയിൽ തല്ലുണ്ടാക്കി കള്ള് കുടിച്ചും അന്നാട്ടിലെ വേശ്യയായ ശാരദയുടെ വീട്ടിൽ ഇടയ്ക്കിടെ ചെന്ന് അന്തിയുറങ്ങുകയും ചെയ്യുന്ന അവനെ എല്ലാവർക്കും വെറുപ്പാണ്. തങ്ങളെയും കാമ കണ്ണുകളോടെ നോക്കുമോ എന്നുള്ള പേടിയാണ് അവർക്ക്.

സൂര്യന് പത്തൊമ്പത് വയസുള്ളപ്പോഴാണ് അവന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ പെട്ട് മരിച്ചു പോകുന്നത്. സൂര്യന്റെ അച്ഛൻ കൃഷ്ണന്റെ അനിയനുമായുള്ള സ്വത്ത്‌ തർക്കത്തെ തുടർന്ന് അഞ്ചുവർഷത്തോളം അമ്പാട്ട് പറമ്പിൽ തറവാട് കേസിൽ പെട്ട് കിടക്കുകയായിരുന്നു. മാതാപിതാക്കളുടെ മരണം മുതൽ കിടപ്പടമില്ലാതെ സൂര്യ നാരായണൻ തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടന്നു.

കടത്തിണ്ണകളിൽ അന്തിയുറങ്ങിയും കൂലി വേല ചെയ്തും അവൻ പിടിച്ചു നിൽക്കാൻ ശ്രമിച്ചു അങ്ങനെ ഒടുവിൽ സൂര്യൻ ചെന്നെത്തിയത് വേശ്യയായ ശാരദയുടെ വീട്ടിലാണ്. അപ്പോഴേക്കും ആരോരും ചോദിക്കാനും പറയാനുമില്ലാതെ ആ ചെറു പ്രായത്തിൽ തന്നെ അവനൊരു കള്ള് കുടിയനും താന്തോന്നിയുമായി മാറി.

പിന്നെ അവന്റെ കിടപ്പ് വേശ്യയായ ശാരദയുടെ വീട്ടിലായിരുന്നു. അഞ്ചുവർഷത്തെ കോടതി വിചാരണകൾക്കൊടുവിൽ അമ്പാട്ട് പറമ്പിൽ തറവാടും വസ്തു വകകളും സൂര്യന്റെ പേരിലേക്ക് വന്ന് ചേർന്നു.

അച്ഛന്റേം അമ്മേടേം മരണത്തോടെ അവനെ തറവാട്ടിൽ നിന്ന് കഴുത്തിനു പിടിച്ച് പുറന്തള്ളിയ ചെറിയച്ഛനെ മടല് വെട്ടി കവല വരെ അടിച്ചാണ് അവൻ ആട്ടി പായിച്ചത്. ജനിച്ചു വളർന്ന വീട്ടിൽ നിന്ന് തനിക്ക് അവകാശപ്പെട്ട തറവാട്ടിൽ നിന്നും തന്നെ ഒന്നുമല്ലാതാക്കി തീർത്ത് പടിയിറക്കി വിട്ട ചെറിയച്ഛനോട് സൂര്യന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നുവെന്ന് അന്നാണ് ചെമ്പാട്ട് ഗ്രാമത്തിലെ നാട്ടുകാർക്ക് മനസ്സിലായത്.

അതിന് ശേഷം സൂര്യ നാരായണന്റെ തേരോട്ടമായിരുന്നു അവിടെ അരങ്ങേറിയത്. തൊട്ടതെല്ലാം അവൻ പൊന്നാക്കി മാറ്റി. പക്ഷേ സൂര്യന്റെ ദൂഷ്യ സ്വഭാവം കാരണം അന്നാട്ടിൽ ആരും അവന് പെണ്മക്കളെ കെട്ടിച്ചു കൊടുക്കാൻ തയ്യാറല്ലായിരുന്നു.

ഒറ്റയാനെ പോലെ അവനങ്ങനെ നടക്കുമ്പോഴാണ് അയൽ നാട്ടിൽ നിന്നും അവനൊരു ആലോചന വന്നത്. നല്ല പൂവൻ പഴം പോലൊരു പെണ്ണ്. സൂര്യന്റെ അതെ പ്രായക്കാരി തന്നെയായിരുന്നു. അന്ന് ഇരുപത്തിഏഴ് വയസ്സായിരുന്നു രണ്ടാൾക്കും.

നാടൊട്ട് ക്ഷണിച്ചു കെങ്കേമമായി അമ്പാട്ട് പറമ്പിൽ സൂര്യ നാരായണന്റെയും നിർമലയുടെയും വിവാഹം നടന്നു. കള്ള് കുടിയനും പെണ്ണ് പിടിയനുമായ അവനു നിർമലയെ പോലൊരു സുന്ദരിയെ കിട്ടിയതിൽ നാട്ടുകാർ അതിശയിച്ചു. അവന്റെ സ്വത്ത്‌ കണ്ട് കെട്ടിയതാകുമെന്ന് നാട്ടുകാർ അടക്കം പറഞ്ഞു.

രണ്ട് വർഷം മാത്രമേ ആ ദാമ്പത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഒടുവിൽ ഒരു ദിവസം രാവിലെ നാട്ടുകാർ കാണുന്നത് അമ്പാട്ടെ തറവാട്ട് കുളത്തിൽ ചത്ത്‌ മലച്ചു കിടക്കുന്ന സൂര്യന്റെ ഭാര്യയെയാണ്. നിർമല മരിക്കുമ്പോൾ സൂര്യ സ്ഥലത്തുണ്ടായിരുന്നില്ല.

പക്ഷേ നാട്ടുകാരിൽ പലരും ആ മരണത്തിൽ ദുരൂഹത ആരോപിച്ചു സൂര്യയ്ക്ക് എതിരായി കേസ് അന്വേഷണം ഒക്കെ ഉണ്ടായിരുന്നു. നിർമ്മലയെ മടുത്ത് തുടങ്ങിയപ്പോൾ അവൻ തന്നെ സ്വന്തം ഭാര്യയെ കുളത്തിൽ മുക്കി കൊന്നുവെന്ന് നാട്ടുകാർ അടക്കം പറഞ്ഞു നടന്നു. പക്ഷേ മുങ്ങി മരണമെന്ന് റിപ്പോർട്ട്‌ വന്നതോടെ സൂര്യ കേസിൽ നിന്ന് ഊരിപ്പോന്നു.

നീന്തൽ അറിയുന്ന നിർമല താമരവള്ളി കാലിൽ ചുറ്റിപ്പിണഞ്ഞിട്ടാണ് മുങ്ങി മരിച്ചെതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സംശയം നിവാരണത്തിനായി സൂര്യയ്ക്ക് പിന്നാലെ അന്വേഷണം നടത്തിയെങ്കിലും അവനെതിരെ സംശയതക്കതായ തെളിവുകൾ ഒന്നും ലഭിച്ചതുമില്ല.

എല്ലാം കഴിഞ്ഞിട്ടിപ്പോ വർഷം ആറായെങ്കിലും ആരും അതൊന്നും മറന്നിട്ടില്ല.

നാട്ടുകാർ പറഞ്ഞ് അമ്പാട്ട് പറമ്പിൽ സൂര്യന്റെ വീരസ്യങ്ങൾ നീലിമയ്ക്കും അറിയാം. നിർമ്മലയെ പോലെ തന്നെയും മടുക്കുമ്പോൾ അയാൾ കൊന്ന് കുളത്തിൽ താഴ്ത്തുമെന്ന് അവൾക്കുറപ്പായിരുന്നു. പക്ഷെ ഈ കല്യാണത്തിൽ നിന്ന് രക്ഷപ്പെടാൻ അവളുടെ മുന്നിൽ ഒരു വഴിയുമുണ്ടായിരുന്നില്ല.

നീലിമയുടെ രണ്ടാനച്ഛനാണ് സതീശൻ. അവളുടെ അമ്മ സീമയ്ക്ക് പറ്റിയൊരു അബദ്ധം. നാടക നടനായ സജിയെ ഭർത്താവ് മരിച്ചുപോയ സീമ വിവാഹം ചെയ്തത് ഏഴ് വർഷം മുൻപാണ്. അന്ന് നീലിമയ്ക്ക് പ്രായം പതിനെട്ടാണ്. കെട്ടിക്കാൻ പ്രായമായ ഒരു മോളുള്ളപ്പോഴാണ് സീമ തന്നെക്കാൾ നാല് വയസ്സിന് ഇളയതായ സതീശനെ ഭർത്താവായി സ്വീകരിച്ചത്.

ആദ്യ ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്ന സീമയ്ക്ക് അയാളുടെ ചോരയായ നീലിമയെ ഇഷ്ടമായിരുന്നില്ല. നീലിമയ്ക്ക് പത്ത് വയസ്സുള്ളപ്പോൾ അവളുടെ അച്ഛൻ കള്ള് ഷാപ്പിൽ വച്ചുണ്ടായ പിടിവലിയിൽ കുത്തുകൊണ്ട് മരിച്ചു. അതോടെ സീമയ്ക്ക് അയാളുടെ പീഡനങ്ങളിൽ നിന്ന് ആശ്വാസം കിട്ടുകയായിരുന്നു.

തുടർന്ന് അയാളുടെ സ്വത്തുക്കൾ ഒക്കെ നോക്കി നടത്തി മകളുമായി തനിച്ച് കഴിയുമ്പോഴാണ് അമ്പലത്തിൽ ഉത്സവത്തിന് നാടകം കളിക്കാൻ വന്ന സതീശനെ സീമയ്ക്ക് ഇഷ്ടമാകുന്നത്. അനാഥനായ സതീശൻ അവരെയും കല്യാണം കഴിച്ച് അവിടെതന്നെ കൂടി. അമ്മയുടെ രണ്ടാം വിവാഹത്തോടെ കൂടുതൽ പ്രതിരോധത്തിലായത് നീലിമയാണ്.

അമ്മയേക്കാൾ പ്രായക്കുറവുള്ള രണ്ടാനച്ഛനെ ഭയന്നാണ് അവളാ വീട്ടിൽ കഴിഞ്ഞിരുന്നത്. അമ്മയുടെ മരണം വരെ അയാളിൽ നിന്ന് അവൾക്ക് മോശമായ അനുഭവമൊന്നും ഉണ്ടായിട്ടില്ലായിരുന്നു. കല്യാണം കഴിഞ്ഞു വർഷമൊന്ന് തികയുന്നതിന് മുൻപ് കിണറ്റിൽ കാല് വഴുതി വീണ് സീമ മരിച്ചപ്പോൾ നീലിമയും സതീശനും ആ വീട്ടിൽ തനിച്ചായി. ഒടുവിൽ നീലിമ ഭയന്നത് തന്നെ സംഭവിച്ചു.

സീമയുടെ മരണത്തോടെ അവസരം കിട്ടുമ്പോഴൊക്കെ സതീശൻ അവളെ അറിയാത്ത ഭാവത്തിൽ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തുപോന്നു. അയാളെ പേടിച്ചു തലയിണക്കടിയിൽ വെട്ടുകത്തി വച്ചാണ് അവൾ രാത്രികൾ കഴിച്ച് കൂട്ടിയത്. ആ വീട്ടിൽ നിന്ന് അവൾ എവിടേക്കും ഓടിപ്പോകാതിരിക്കാനായി സതീശൻ നീലിമയെ വീട്ട് തടങ്കലിൽ തന്നെ ഇട്ടിരുന്നു.

നയന സുഖത്തിനായി അയാളുടെ വഷളൻ നോട്ടങ്ങൾ അവളുടെ മേനിയിൽ ഒഴുകി നടക്കുമായിരുന്നു. അടുത്ത് കിട്ടിയാൽ നീലിമയെ ഒന്ന് തൊട്ട് തലോടാനും അയാൾ ശ്രമിക്കാറുണ്ട്. വരാലിനെ പോലെ സതീശനിൽ നിന്ന് രക്ഷപെട്ടു മുറിക്കകത്തു അടച്ചിരുന്നാണ് നീലിമ വർഷങ്ങൾ തള്ളി നീക്കിയത്.

സീമയുടെ മരണത്തോടെ സ്വത്തുക്കൾ നീലിമയുടെ പേരിലേക്കായി മാറിയിരുന്നു. അവളെ ഭീഷണിപ്പെടുത്തി സ്വത്തുക്കൾ എല്ലാം സതീശൻ അയാളുടെ പേരിൽ എഴുതി വാങ്ങി. രാത്രികളിൽ ആരും കാണാതെ പല പെണ്ണുങ്ങളും സതീശനോടൊപ്പം ആ വീട്ടിൽ വന്നുപോയി. ചൂതു കളിയിലൂടെ എല്ലാ സ്വത്തുക്കളും അയാൾ തുലച്ചുകളഞ്ഞു.

ഇപ്പൊ ഒന്നുമില്ലാതെ ദാരിദ്ര്യം പിടിച്ചു തുടങ്ങിയപ്പോൾ നീലിമയെ അറവ് മാടിനെ പോലെ ആർക്കെങ്കിലും വിറ്റ് സുഖിച്ചു ജീവിക്കാമെന്നായിരുന്നു സതീശന്റെ മനസ്സിൽ. അത് മനസ്സിൽ കണ്ടുകൊണ്ടാണ് പലപ്പോഴും നീലിമയോടുള്ള ആസക്തി ഉള്ളിലൊതുക്കി അയാൾ വികാരങ്ങളടക്കി പിടിച്ചു നിന്നത്. കാരണം ആരും തൊട്ട് നോക്കി രുചിക്കാത്ത പെണ്ണിന് മാർക്കറ്റിൽ നല്ല വിലയാണെന്ന് അയാൾക്കറിയാം.

ഇറങ്ങി പോകാൻ മറ്റൊരിടം ഇല്ലാത്തത് കൊണ്ട് ആ പാവം പെണ്ണ് എല്ലാം സഹിച്ച് രക്ഷപ്പെടാൻ ഒരവസരം നോക്കി രണ്ടാനച്ഛൻ തീർത്ത തടവറയ്ക്കുള്ളിൽ കഴിഞ്ഞു കൂടി. അപ്പോഴാണ് നീലിമയെ ചോദിച്ചു കൊണ്ട് സൂര്യന്റെ വരവ്.

അതിന് മുൻപ് സതീശൻ നീലിമയെ അവളറിയാതെ തന്നെ ഒരു മാർവാടിക്ക് ഇരുപത്തിയഞ്ച് ലക്ഷത്തിന് രഹസ്യമായി വിലപേശൽ നടത്തി വച്ചതായിരുന്നു. നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് മാർവാടിക്കൊപ്പം അവളെ കെട്ടിച്ചു വിടാമെന്ന ധാരണയിലായിരുന്നു സതീശൻ. അയാളെക്കാൾ കൂടുതൽ പണം സൂര്യനിൽ നിന്ന് കിട്ടുമെന്ന് അറിഞ്ഞപ്പോൾ സതീശൻ കളം മാറ്റിചവുട്ടി.

അങ്ങനെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ അമ്പാട്ട് പറമ്പിൽ സൂര്യ നാരായണന്റെയും നീലിമയുടെയും വിവാഹം നടന്നു. അമ്പാട്ടെ തറവാട്ട് കുളത്തിൽ ഇനി പൊങ്ങാൻ പോകുന്നത് നീലിമയുടെ ശവശരീരമായിരിക്കുമെന്ന് നാട്ടുകാർ വിധിയെഴുതി. ആ പാവം പിടിച്ച കൊച്ചിനെ സൂര്യയ്ക്ക് കെട്ടിച്ചു കൊടുത്ത് ഭാരമൊഴിവാക്കിയല്ലേ എന്ന നാട്ടുകാരെ ചോദ്യങ്ങളെ സതീശൻ കാര്യമാക്കിയില്ല.

സതീശൻ ചോദിച്ച അമ്പത് ലക്ഷവും കൊടുത്താണ് സൂര്യ നാരായണൻ നീലിമയെ സ്വന്തമാക്കിയത്.

ആദ്യ രാത്രി പെണ്ണിനെയും കാത്ത് മണിയറയിലിരിക്കുന്ന സൂര്യനരികിലേക്ക് പേടിച്ചു വിറച്ചവൾ നടന്നുവന്നു. ഒരു വെട്ട് കത്തിയും പിന്നിലൊളിപ്പിച്ചായിരുന്നു നീലിമയുടെ വരവ്.

“എനിക്ക് നിങ്ങളെ ഇഷ്ടമല്ല… പേടിയാണെനിക്ക് നിങ്ങളെ. എന്റെ ഗതികേട് കൊണ്ടാണ് നിങ്ങൾക്ക് മുന്നിൽ തല കുനിക്കേണ്ടി വന്നത്. ഒരു താലി കഴുത്തിൽ കെട്ടിയതിന്റെ അധികാരത്തിൽ എന്നെ കീഴ്പ്പെടുത്താൻ ശ്രമിക്കരുത്. മരിക്കാൻ എനിക്ക് പേടിയായത് കൊണ്ടാണ് ആ നരകത്തിൽ നിന്ന് വേറൊരു നരകത്തിലേക്കാണ് വരുന്നതെന്ന് അറിഞ്ഞും ഞാൻ പിടിച്ചു നിന്നത്.” സ്വരത്തിൽ ദയനീയത വരുത്തി അവൾ പറഞ്ഞു.

എങ്ങാനും അവൻ തന്നെ കടന്ന് പിടിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഒറ്റ വെട്ടിനു തീർക്കണമെന്നും നീലിമ മനസ്സിൽ തീരുമാനിച്ചിരുന്നു. ബാക്കിയൊക്കെ വരുന്നിടത്തു വച്ച് കാണാമെന്ന് ചിന്തയായിരുന്നു അവൾക്ക്.

“നീലിമാ… താനെന്നെ പേടിക്കണ്ട. അവിടുന്ന് നിന്നെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് ഞാനീ കല്യാണ നാടകം നടത്തിയത്. ഇവിടെ നിനക്ക് സുരക്ഷിതയായി കഴിയാം. എന്റെ വാക്കുകളെ നിനക്ക് വിശ്വാസത്തിലെടുക്കാൻ ബുദ്ധിമുട്ട് ആണെന്നറിയാം. അതുകൊണ്ട് നിന്റെ ധൈര്യത്തിന് പിന്നിലൊളിപ്പിച്ചുപിടിച്ച ആ വെട്ട് കത്തി കൈയ്യിൽ തന്നെ സൂക്ഷിച്ചോളു.” അത്‌ പറഞ്ഞുകൊണ്ട് സൂര്യ നാരായണൻ പുറത്തേക്ക് നടന്നുപോയി. ആ രാത്രി അവൻ തറവാട്ടിലേക്ക് വന്നതേയില്ല.

അവന്റെ വാക്കുകൾ തീർത്ത ഞെട്ടലിൽ നീലിമ പകച്ചുനിന്നു. താൻ പിന്നിലൊളിപ്പിച്ച വെട്ട് കത്തി അവൻ കണ്ടതും അവളെ ഭയ ചകിതയാക്കി. സൂര്യ നാരായണൻ തനിക്ക് മുന്നിൽ അഭിനയിച്ചതാണോ സത്യമായി പറഞ്ഞതാണോ എന്നറിയാതെ നീലിമ ആശയകുഴപ്പത്തിലായിരുന്നു.

പിറ്റേന്ന് രാവിലെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ സതീശനെ വീട്ടിൽ നിന്ന് നാട്ടുകാർ കണ്ടെടുത്ത വാർത്തയറിഞ്ഞു നീലിമ സന്തോഷിച്ചു. എല്ലാവരും അതൊരു ആത്മഹത്യയായി വിധിയെഴുതിയെങ്കിലും അവൾക്കുറപ്പായിരുന്നു അയാളങ്ങനെ ചെയ്യില്ലെന്ന്.

തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ അയാളെ കൊന്നത് ഞാനാണെന്ന സൂര്യന്റെ വെളിപ്പെടുത്തലിൽ നീലിമ അമ്പരന്നു.

പേടിയോടെയാണ് പിന്നീടുള്ള ദിവസങ്ങൾ അവളവിടെ കഴിഞ്ഞു കൂടിയത്. ആ വലിയ തറവാട്ടിൽ രണ്ടറകളിലായി ഇരുവരും ജീവിച്ചു. കല്യാണത്തിന് ശേഷം ഇതുവരെ അമ്പാട്ട് പറമ്പിൽ സൂര്യ നാരായണൻ കള്ള് ഷാപ്പിൽ പോയിട്ടില്ല. ഒരു തുള്ളി മദ്യം പിന്നീട് കുടിച്ചിട്ടില്ല. പക്ഷേ വേശ്യയായ ശാരദയുടെ വീട്ടിൽ ഇടയ്ക്ക് പോക്ക് വരവുണ്ടായിരുന്നു. എങ്കിലും എവിടെപോയാലും രാത്രി ആകുമ്പോൾ വീട്ടിലെത്തും.

ദിവസങ്ങൾ ഓടി മറയവേ സൂര്യനിൽ എന്തൊക്കെയോ നന്മ ഒളിച്ചിരിക്കുന്നതായി നീലിമയ്ക്ക് തോന്നിത്തുടങ്ങി. കാല വർഷം കലിതുള്ളി പെയ്യുമ്പോൾ പനിചൂടിൽ തണുത്തു വിറച്ച അവളെ ഒരു കുഞ്ഞിനെ പോലെ പൊതിഞ്ഞു പിടിച്ചു സൂര്യ നാരായണൻ പരിചരിച്ചു.

രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞിരുന്ന് നെറ്റിയിൽ തുണി നനച്ചു തുടച്ച് നീലിമയ്‌ക്കരികിൽ അവനിരുന്നു. ഒരു വഷളൻ നോട്ടം പോലും സൂര്യനിൽ നിന്നുമുണ്ടാകാതിരുന്നത് അവളെ അത്ഭുതപ്പെടുത്തി. താൻ കേട്ടറിഞ്ഞ സൂര്യ നാരായണനെയല്ല താനിപ്പോൾ കാണുന്നതെന്ന് നീലിമയ്ക്കുറപ്പായിരുന്നു.

പിന്നീട് അറിയാതെപ്പോഴോ അവളും അവനെ സ്നേഹിച്ചുതുടങ്ങി. നാട്ടുകാർ തെമ്മാടിയും പെണ്ണുപിടിയനുമായി ചിത്രീകരിച്ച സൂര്യ നാരായണനെ കൂടുതൽ അറിയാൻ അവൾ മോഹിച്ചു.

ഒരിക്കൽ അവൻ അവൾക്ക് നേരെ നീട്ടിപ്പിടിച്ച ഡിവോഴ്സ് പേപ്പറുകൾ കീറിയെറിഞ്ഞു അവന്റെ നെഞ്ചിലേക്ക് വീണ് നീലിമ പൊട്ടിക്കരഞ്ഞു. സൂര്യനെ വിട്ട് പോകാൻ ഇഷ്ടമില്ലെന്ന് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഏങ്ങി കൊണ്ടവൾ പറയുമ്പോൾ അവനും കരയുകയായിരുന്നു. എപ്പോഴോ ആ പെണ്ണും അവന്റെ നെഞ്ചിൽ ഇടം നേടിയിരുന്നു.

പിന്നീടാണ് നാട്ടുകാർക്ക് തെമ്മാടിയായവന്റെ കഥ അവനിൽ നിന്ന് തന്നെ അവളറിയുന്നത്.

ഭക്ഷണം പോലും കഴിക്കാനില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞവന് ഒരു നേരത്തെ ആഹാരം കൊടുത്ത് കടത്തിണ്ണയിൽ അന്തിയുറങ്ങിയവന് കിടക്കാൻ സ്വന്തം വീടിന്റെ വരാന്ത ചൂണ്ടികാണിച്ചു കൊടുത്തത് നാട്ടുകാർ വേശ്യയായി മുദ്ര കുത്തി ഒതുക്കപ്പെട്ടവൾ ആയിരുന്നു.

മടിക്കുത്തഴിക്കുന്ന പണി നിർത്തിയിട്ടും നാട്ടുകാർ അവളെ വേശ്യയായി ഒതുക്കി നിർത്തി. ആരോരും തിരിഞ്ഞ് നോക്കാനില്ലാതെ രോഗ ബാധിതയായി കിടക്കുന്ന ശാരദയുടെ മേൽനോട്ടം ഏറ്റെടുക്കാൻ സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടാർടെ പരിഹാസത്തിനൊന്നും അവൻ ചെവി കൊടുത്തിരുന്നില്ല.

കള്ള് കുടി ശീലമായത് കൊണ്ട് നിർത്താൻ കഴിഞ്ഞിരുന്നില്ല. നിർമലയെ കെട്ടികൊണ്ട് വന്നപ്പോൾ കുടി നിർത്തിയതായിരുന്നു. പക്ഷേ അവളും തന്നെ ചതിക്കുകയാണെന്ന് അറിഞ്ഞപ്പോൾ സൂര്യന്റെസമനില തെറ്റിപ്പോയി.

കല്യാണത്തിന് മുൻപ് തന്നെ അവൾക്കൊരു കാമുകനുണ്ടായിരുന്നു. ആരാണെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല. സൂര്യൻ സ്ഥലത്തില്ലാത്തപ്പോ രഹസ്യമായി അയാൾ അമ്പാട്ട് തറവാട്ടിലും വന്നിരുന്നു.

കല്യാണം കഴിഞ്ഞുവന്ന ആദ്യ രാത്രി തന്നെ തനിക്കൊരു ഇഷ്ടക്കാരൻ ഉണ്ടായിരുന്നുവെന്നും വീട്ടുകാർ അത്‌ എതിർത്താണ് ഈ കല്യാണം നടത്തി വച്ചതെന്നും അയാളെ മറക്കാൻ കുറച്ചു സമയം ആവശ്യമാണെന്നും അവൾ പറഞ്ഞപ്പോൾ സൂര്യൻ സമ്മതം മൂളി
നിർമ്മലയുടെ ഇഷ്ടം നേടിയെടുക്കാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ അവൻ തയ്യാറായിരുന്നു.

വിവാഹം കഴിഞ്ഞു രണ്ട് വർഷമായിട്ടും നിർമ്മലയിൽ മാറ്റങ്ങളൊന്നും കണ്ടില്ല. കാര്യങ്ങൾ തകിടം മറിഞ്ഞത് അവൾ ഗർഭിണിയായപ്പോഴാണ്. ഭാര്യയുമായി ഒരു രാത്രി പോലും കിടന്നിട്ടില്ലാത്തത് കൊണ്ടുതന്നെ അത് തന്റെ കുഞ്ഞല്ലെന്ന് സൂര്യന് ഉറപ്പായിരുന്നു.

എത്ര ചോദിച്ചിട്ടും ആരാണ് അവളുടെ കാമുകനെന്ന് പറഞ്ഞില്ല.ദേഷ്യവും സങ്കടവും അപമാനവുമൊക്കെ സഹിക്കാൻ കഴിയാനാവാതെ സൂര്യൻ തറവാട് വിട്ടിറങ്ങി. മനസ്സൊന്ന് ശാന്തമാക്കി താൻ തിരിച്ചു വരുമ്പോൾ അവളോട് ഇവിടെ ഉണ്ടാവരുതെന്ന് പറഞ്ഞു. വരുമ്പോൾ അവളെ ഇവിടെ കണ്ടാൽ കൊന്ന് കുളത്തിൽ താഴ്ത്തുമെന്ന് ദേഷ്യത്തിൽ പറഞ്ഞിട്ടാ ഞാൻ പോയത്. പിന്നീട് തിരിച്ചു വരുമ്പോൾ കാണുന്നത് കുളത്തിൽ മരിച്ചു കിടക്കുന്ന നിർമ്മലയെയാണ്.

ഒറ്റ നോട്ടത്തിൽ തന്നെ കൊലപാതകമാണെന്ന് മനസ്സിലായി. പോലീസിലുള്ള പരിചയക്കാരുടെ സഹായത്തോടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ തിരുത്തിപ്പിച്ചു. തറവാട്ടിൽ ഉണ്ടായിരുന്ന പൊന്നും പണവുമൊക്കെ നിർമല മരിച്ച ദിവസം കാണാതായിട്ടുണ്ടായിരുന്നു. മരണം നടന്ന ദിവസം നിർമല ആരുമായോ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് അവളുടെ ബോഡി പരിശോദിച്ച ഡോക്ടർ പറഞ്ഞിരുന്നു.

“സംശയങ്ങൾ ചെന്ന് നിന്നത് നിർമ്മലയുടെ അജ്ഞാത കാമുകനിലായിരുന്നു. ഒടുവിൽ അവനെ കണ്ട് പിടിക്കാനായി അവളുടെ നാട്ടിലേക്ക് തിരിച്ചു. നിർമ്മലയുടെ ഉറ്റ കൂട്ടുകാരിയിൽ നിന്ന് അവന്റെ ഫോട്ടോ കിട്ടി. അത് നിന്റെ രണ്ടാനച്ഛനായിരുന്നു.” സൂര്യന്റെ വാക്കുകൾ നീലിമയെ ഞെട്ടിച്ചു.

എന്റെ ആദ്യ ഭാര്യയുടെ കാമുകൻ നിന്റെ രണ്ടാനച്ഛനാണെന്ന അറിവ് എന്നെ ഞെട്ടിച്ചു. അയാളൊരു കൗശലക്കാരനായ ചെന്നായയാണ്. നിന്റെ അമ്മയെ കല്യാണം കഴിച്ചത് പോലും സ്വത്ത്‌ തട്ടിയെടുക്കാൻ വേണ്ടിയാണ്. നിർമ്മലയുമായി ചേർന്ന് എന്റെ സ്വത്തുക്കളുടെ നല്ലൊരു വിഹിതം അടിച്ചുമാറ്റി അവളെയും കൊന്നിട്ട് കടന്ന് കളയാൻ ആയിരുന്നു അവന്റെ മനസ്സിലിരിപ്പ്.

പക്ഷേ നിർമ്മല ഗർഭിണിയായ വിവരം ഞാനറിഞ്ഞപ്പോൾ കാര്യങ്ങൾ അവന്റെ കൈവിട്ട് പോയി. നിർമ്മലയെ കൊന്ന് തറവാട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും തട്ടിയെടുത്തു അവൻ രക്ഷപെട്ടു.

മരിക്കുന്നതിന് മുൻപ് നിർമല ഇവിടെ നിന്നും ഒന്നുമെടുക്കാതെ രക്ഷപെട്ടു പോകാമെന്നും ഞാൻ തിരിച്ചു വന്നാൽ അവളെ ഇവിടെ കണ്ടാൽ കൊല്ലുമെന്ന് പറഞ്ഞ കാര്യം കേട്ടപ്പോഴാണ് സതീശൻ നിർമ്മലയെ കൊന്നിട്ട് പോയത്. അവനും അവളെ അനുഭവിച്ചു മതിയായിരുന്നു.

ഇതൊക്കെ മരിക്കുന്നതിന് തൊട്ട് മുൻപ് സതീശനെ കൊണ്ട് ഞാൻ പറയിപ്പിച്ചതാ. വിഷം ഉള്ളിൽ ചെന്ന് അവനെ കൊലപ്പെടുത്തിയത് ഞാനാ.

നിന്നെ ഒരു മാർവാടിക്ക് വിറ്റ് കാശാക്കാൻ ഇരുന്നത് അറിഞ്ഞപ്പോഴാ നിന്നെ അവിടുന്ന് രക്ഷപ്പെടുത്താൻ കല്യാണ ആലോചനയായി ഞാൻ വന്നത്.

പിന്നെ പ്രതികാരം വീട്ടാൻ ഇത്രയും വർഷങ്ങൾ കാത്തിരുന്നത് അനുയോജ്യമായ ഒരവസരം വീണ് കിട്ടാത്തത് കൊണ്ടായിരുന്നു. പക്ഷേ സതീശന്റെ പിന്നാലെ തന്നെ ഞാനുണ്ടായിരുന്നു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സൂര്യ നാരായണനെ കെട്ടിപിടിച്ചവൾ ഒരുപാട് കരഞ്ഞു. തന്നെ ആ ദുഷ്ടനിൽ നിന്ന് രക്ഷപ്പെടുത്തിയതിന് അവളവനോട് നന്ദി പറഞ്ഞു. സൂര്യനെ മനസ്സിലാക്കാൻ വൈകിയതിൽ നീലിമയ്ക്ക് വിഷമം തോന്നി. അവനവളെ സമാധാനിപ്പിച്ചു.

പ്രശ്നങ്ങളെല്ലാം അവസാനിച്ച് അമ്പാട്ട് പറമ്പിൽ സൂര്യ നാരായണന്റെ ഭാര്യയായി നീലിമ സന്തോഷത്തോടെ പിന്നീടുള്ള കാലം അവിടെ ജീവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *