രണ്ടു ദിവസം മുമ്പ് ബാത്റൂമിൽ കുളിക്കാൻ പോയപ്പോൾ അതിനുള്ളിൽ കയറി ഒളിച്ചിരുന്നു എന്നെ കയറിപിടിക്കാൻ ശ്രമിച്ചു… ഒച്ചയെടുത്തു ബഹളം വച്ച്

(രചന: ശിവ എസ് നായർ)

“നീരജ് … ഞാൻ ഈ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും ഇറങ്ങി പോകും…”

“അമ്മു നീ എന്തൊക്കെയാ പറയുന്നത്?? നീ എവിടെ പോകുമെന്നാ??…”

“ഇനിയും ഇവിടെ ഇങ്ങനെ പേടിച്ച് ജീവിക്കാൻ എനിക്ക് വയ്യ നീരജ്… എനിക്കെന്തെങ്കിലും പറ്റിയാൽ ഉറപ്പായും ഒരു മുഴം കയറിൽ ഞാൻ എന്റെ ജീവൻ ഒടുക്കും…”

“ഇനിയെങ്കിലും അവിടെ എന്താ പ്രശ്നം എന്ന് എന്നോട് പറയടോ…”

“നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞിട്ടില്ലേ എന്റെ അമ്മ മരിച്ചു പോയതും അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചതുമൊക്കെ…”

“അതേ…”

“എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാ അമ്മ ഒരു ആക്സിഡന്റിൽ മരിക്കുന്നത്…ആ സമയം അച്ഛൻ ഗൾഫിൽ ആയിരുന്നു…
എന്നെ നോക്കാനും ആരുമില്ല…

അങ്ങനെ അമ്മ മരിച്ചു ഒരു കൊല്ലം കഴിഞ്ഞു അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു. എന്നെ അവരെ നോക്കാൻ ഏൽപ്പിച്ചു അച്ഛൻ തിരികെ ഗൾഫിൽ പോയി.

കുഞ്ഞു നാൾ മുതലേ അച്ഛൻ വിദേശത്ത് ആയോണ്ട് അച്ഛനുമായി വല്യ അടുപ്പം ഇല്ലായിരുന്നു. ഇടയ്ക്കിടെ ലീവിന് വന്ന് പോകും.

ഇതിനിടെ ഇളയമ്മയ്ക്ക് രണ്ട് മക്കൾ കൂടെ ആയപ്പോൾ വീട്ടിൽ ഞാൻ അധികപ്പറ്റായി തുടങ്ങി…ഒറ്റപ്പെട്ട ജീവിതം ആയിരുന്നു…ആരോടും പരാതിയില്ല…”

“നീ പ്രശ്നം ഇതുവരെ പറഞ്ഞില്ലല്ലോ അമ്മു…”

“അതാണ് പറഞ്ഞു വരുന്നത്… വീട്ടിൽ ആകെ ഒരു ആശ്വാസം അച്ഛമ്മ ആയിരുന്നു…

ആറുമാസം മുൻപ് അവർ മരിച്ചു…
അതിനു ശേഷം ഇളയമ്മയുടെ അനിയന്റെ ശല്യം തുടങ്ങിയിട്ടുണ്ട്…
ആദ്യമേ അയാൾക്ക് എന്നിൽ ഒരു നോട്ടമുണ്ടായിരുന്നു…

അച്ഛമ്മയെ പേടിയുള്ളോണ്ട് അപ്പോഴൊന്നും ശല്യമില്ലായിരുന്നു…
അച്ഛമ്മ മരിച്ചപ്പോൾ അച്ഛൻ ഗൾഫിൽ നിന്നും ആറു മാസം ലീവ് വന്ന് തിരിച്ചു പോയ ശേഷം അയാളും ഇവിടെ വന്നു നിൽക്കാൻ തുടങ്ങി അച്ഛന്റെ സമ്മത പ്രകാരം.

രണ്ടു ദിവസം മുമ്പ് ബാത്റൂമിൽ കുളിക്കാൻ പോയപ്പോൾ അതിനുള്ളിൽ കയറി ഒളിച്ചിരുന്നു എന്നെ കയറിപിടിക്കാൻ ശ്രമിച്ചു… ഒച്ചയെടുത്തു ബഹളം വച്ച് അവസാനം ഇളയമ്മ ഓടി വന്നു…

അവരുടെ അനിയൻ ആണ് എന്നോട് മോശമായി പെരുമാറിയത് എന്നിട്ടും ചീത്ത പറഞ്ഞത് എന്നെ…

എന്നിട്ട് ഒരു ഡയലോഗ്…
“നിനക്കിവിടെ ഇനിയും സുഖമായി താമസിക്കണമെങ്കിൽ അവന്റെ ആഗ്രഹം കണ്ടറിഞ്ഞു പെരുമാറണമെന്ന്… ഇനി ഈ വീട്ടിൽ അവനും ഉണ്ടാവും… എത്ര നാൾ നീ ഇങ്ങനെ പൊത്തിപ്പിടിച്ചു നടക്കുമെന്ന്….”

ഇനിയും ഞാൻ ഇവിടെ എത്ര നാൾ പേടിയോടെ കഴിയും…??”

“നിനക്കു അച്ഛനോട് പറഞ്ഞൂടെ…?? അയാളോട് അവിടുന്ന് പോകാൻ പറയ്…”

“വർഷങ്ങളായി ഞാൻ ഇവിടെ താമസിക്കുന്നുണ്ട്… ഒരിക്കൽ പോലും സുഖമാണോന്നു അച്ഛൻ ചോദിച്ചിട്ടില്ല… സ്നേഹത്തോടെ ഒരു വാക്ക് പറഞ്ഞതായി ഓർമയില്ല… അച്ഛനും ഞാനും തമ്മിൽ മാനസികമായി ഒരു അടുപ്പവുമില്ല…

അച്ഛനു ഞാൻ എന്ന ഒരാൾ വീട്ടിൽ ഉണ്ടെന്ന ഒരു ബോധവുമില്ല… ഒന്ന് ഫോൺ പോലും വിളിക്കില്ല… ഇളയമ്മ മാസം മാസം പൈസയ്ക്ക് മാത്രം അച്ഛനെ വിളിക്കും…ഇങ്ങനെ ഉള്ളപ്പോൾ ഞാൻ ആരോട് പറയാനാണ്…”

“എന്നാൽ നീ ഒരു കാര്യം ചെയ്യ്…”

“എന്താ നീരജ്…”

“നിനക്ക് എന്താ എടുക്കാൻ ഉള്ളതെന്ന് വെച്ചാ എടുത്തോ… നാളെ നിന്നെ കൂട്ടികൊണ്ട് പോകാൻ ഞാൻ വരും… ഇവിടെ എന്റെ വീട്ടിൽ എന്റെ നല്ലൊരു സുഹൃത്ത് ആയിട്ട് നിനക്ക് താമസിക്കാം ഒരു കുഴപ്പവും ഉണ്ടാവില്ല. ഞാനും എന്റെ അമ്മയും മാത്രമേ ഇവിടെയുള്ളൂ…”

നീരജിന്റെ വാക്കുകൾ അവൾക്ക് വിശ്വസിക്കാനായില്ല…

“സത്യമാണോ നീ ഈ പറയുന്നത്… വെറുതെ തമാശ കളിക്കല്ലേ നീരജ്…”

“ഇല്ലെടി നീ ഇങ്ങു പോരെ…പിന്നെ ഒരു കാര്യം…
ഞാൻ നിന്നെ പ്രേമിക്കാൻ ഒന്നും പോണില്ല…. ഒരു കാമുകിയായി കണ്ടല്ല നിന്നെ ഞാൻ കൊണ്ട് വരുന്നത് എന്റെ നല്ലൊരു കൂട്ടുകാരി ആയിട്ടാണ്…നീ എന്നെ തെറ്റിദ്ധരിക്കരുത്..”

“ഒന്ന് പോടാ ചെക്കാ… എനിക്കും നീ എന്റെ നല്ല കൂട്ടുകാരൻ തന്നെയാ… ഇതുവരെയും നിന്നോട് പ്രണയം എന്ന വികാരം തോന്നിയിട്ടില്ല…. നിന്നൊടെന്നല്ല ആരോടും അങ്ങനെ തോന്നിയിട്ടില്ല… അതിരിക്കട്ടെ നിനക്ക് ആരോടെങ്കിലും പ്രേമമുണ്ടോടാ…??”

“ഉണ്ടായിരുന്നു…. എന്റെ ആദ്യത്തെ പ്രണയം…ഒരിക്കലും മറക്കാനാവാത്ത പ്രണയം…എന്റെ നീനയോട്…….. അഞ്ചു കൊല്ലം പ്രണയിച്ചു… ഒടുവിൽ സ്നേഹിച്ചു കൊതി തീരും മുൻപേ അവൾ എന്നെ ഉപേക്ഷിച്ചു പോയി… ഒരു കൊല്ലം ആയി അവൾ പോയിട്ട്…

ആദ്യമൊക്കെ ഒരുപാട് സങ്കടം തോന്നി… മരിക്കാൻ വരെ തോന്നിപ്പോയി… അമ്മയുടെ മുഖം ആലോചിച്ചപ്പോൾ ഒന്നിനും കഴിഞ്ഞില്ല…. അല്ലെങ്കിലും പ്രണയിക്കുന്നവർ ഒരുമിച്ച് ജീവിക്കുന്നില്ലല്ലോ…. ആരെങ്കിലും ഒരാൾ ഒരാളെ വിട്ട് പോകും…എനിക്ക് നഷ്ടമായ എന്റെ പ്രണയം… അത് അവളാണ് നീന ജോസഫ്…”

“അവളിപ്പോ എവിടെയുണ്ട്…”

“അമ്മു നീ കൂടുതൽ ഒന്നും ചോദിക്കരുത്… എനിക്കത് ആലോചിക്കാൻ വയ്യ… എവിടെ ആയാലും അവൾ നന്നായിരിക്കട്ടെ…”

“അത്രയ്ക്ക് ജാഡ ആണെങ്കിൽ നീ പറയണ്ട…”

“നീ പോയി സർട്ടിഫിക്കറ്റ് ഒക്കെ എടുത്ത് വെച്ച് കിടക്കാൻ നോക്ക്… സമയം ഒരുപാട് കഴിഞ്ഞു…”

“എന്നാ ശരി ഗൂഡ്നെറ്റ്…”

“ബൈ…”

നീരജിനോട് സംസാരിച്ചു ഫോൺ വെച്ച ശേഷം അവൾ തന്റെ ചെറിയ ബാഗിൽ സർട്ടിഫിക്കറ്റ് അടങ്ങിയ ചെറിയൊരു ഫയൽ മാത്രം എടുത്ത് വച്ചു… വേറൊന്നും കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചില്ല…

രാത്രി ഒരുപാട് കഴിഞ്ഞു… തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല… ആ വീട്ടിലെ അവളുടെ അവസാനത്തെ രാത്രി ആയിരുന്നു അത്… ഓർമ്മകൾ അവളുടെ കണ്ണുകളെ നനച്ചു കൊണ്ട് പെയ്തിറങ്ങി…

കൂട്ടുകാരിയുടെ കല്യാണത്തിനു പോയപ്പോഴാണ് നീരജിനെ അമ്മു പരിചയപ്പെടുന്നത്… നീരജ് അമ്മുവിന്റെ കൂട്ടുകാരിയുടെ വരന്റെ ക്ലോസ് ഫ്രണ്ട് ആയിരുന്നു ഫ്രം വയനാട്… അമ്മു കോട്ടയംകാരിയും….ആ കല്യാണ വീട്ടിൽ വച്ചാണ് അമ്മുവും നീരജും നല്ല സുഹൃത്തുക്കൾ ആയി മാറിയത്…

അങ്ങനെ പിറ്റേന്ന് വൈകുന്നേരം അമ്മു ഒരു കത്ത് എഴുതി വച്ച് നീരജിനൊപ്പം വയനാട്ടിലേക്ക് വണ്ടി കയറി… ജീവിക്കാൻ വേണ്ടിയുള്ള ഒരു ഒളിച്ചോട്ടം…
**************************************

അങ്ങനെ അമ്മു അവന്റെ വീട്ടിലെ ഒരംഗമായി മാറി.അതിനിടെയാണ് നീരജിന്റെ അമ്മയ്ക്ക് ഹർട്ടറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്…

തന്റെ കണ്ണടയും മുൻപ് മകന്റെ കല്യാണം കാണണമെന്ന അമ്മയുടെ അവസാന ആഗ്രഹം സാധിക്കാൻ അമ്മ ചൂണ്ടിക്കാട്ടി തരുന്ന ഏത് പെണ്ണിനേയും കല്യാണം കഴിച്ചോളാമെന്ന് അവൻ അമ്മയ്ക്ക് സത്യം ചെയ്തു കൊടുക്കുന്നു.

ആരുമില്ലാത്ത അമ്മുവിന് ഒരു ജീവിതം കൊടുക്കാൻ അമ്മ നീരജിനെ നിർബന്ധിക്കുന്നു… അമ്മയുടെ ആഗ്രഹത്തിന് എതിരു പറയാൻ അമ്മുവിനുമായില്ല.

അങ്ങനെയാണ് അവർ തമ്മിൽ അവന്റെ അമ്മയുടെ ആഗ്രഹം പോലെ പരസ്പരം കല്യാണം കഴിച്ചത്.

അധികം വൈകാതെ നീരജിന്റെ അമ്മ മരിച്ചു…

ആ വീട്ടിൽ അമ്മുവും നീരജും മാത്രമായി..
ഒരിക്കൽ പോലും അവർ തമ്മിൽ ഭാര്യാ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ടില്ല… നല്ല സുഹൃത്തുക്കൾ ആയിട്ടാണ് അവർ പരസ്പരം ഇടപഴകിയിരുന്നത്…

അതിനിടെ ഒരു ആക്സിഡന്റിൽ നീരജിന് കാലിൽ സാരമായി പരിക്കേറ്റു.
ആറ് മാസത്തോളം പരസഹായമില്ലാതെ നടക്കാൻ കഴിയാതെയായി…

അപ്പോഴൊക്കെ അവനെ കൂടെ നിന്ന് ശുശ്രുഷിച്ചത് അമ്മുവായിരുന്നു…

പതിയെ പതിയെ അവർ പോലുമറിയാതെ അവർക്കിടയിൽ പ്രണയം പൂത്തുലഞ്ഞു…

ഒരിക്കലും തമ്മിൽ സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നുമുണ്ടാകില്ലെന്നു വിശ്വസിച്ചിരുന്ന അവർക്കിടയിൽ അന്ധമായ പ്രണയബന്ധം ഉടലെടുത്തു…

മൂന്നു വർഷങ്ങൾ വേണ്ടി വന്നു അവർക്ക് ഒരു ദാമ്പത്യ ബന്ധം തുടങ്ങാൻ…

“അമ്മു…”

“എന്താ നീരജേട്ട…”

“ഒരിക്കലും നീ എന്നെ വിട്ട് പോകരുത്… ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…”

“മരിക്കും വരെ ഞാൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാവും…”

“നമുക്ക് ആദ്യം മോൾ വേണോ മോൻ വേണോ അമ്മു…”

“ഏട്ടന് മോളെ അല്ലെ ഇഷ്ടം അതുകൊണ്ട് മോൾ മതി…”

“നമുക്ക് നമ്മുടെ മോളെ നീന എന്ന് പേരിട്ടാലോ…??” ഒരു കള്ള ചിരിയോടെ നീരജ് ചോദിച്ചു.

“ഇതുവരെയും നിങ്ങൾ അവളെ മറന്നില്ലേ മനുഷ്യ…” അതുവരെ സ്നേഹത്തോടെ സംസാരിച്ചിരുന്ന അമ്മുവിന്റെ ശബ്ദം പെട്ടെന്ന് ഗൗരവമായി.

“ഞാൻ നിന്നെ വെറുതെ ചൂടാക്കാൻ പറഞ്ഞതല്ലേ… അതൊക്കെ ഞാൻ എപ്പോഴെ മറന്നു… ഇപ്പോൾ എന്റെ മനസ്സിൽ നീ മാത്രമേയുള്ളൂ…”

“വേണ്ട…കള്ളം പറയണ്ട… നിങ്ങളുടെ മനസ്സിൽ ഇപ്പോഴും അവളുണ്ട്…ആദ്യം നിങ്ങൾ അവളെ മറക്ക്.നിങ്ങളെ ഉപേക്ഷിച്ചു പോയ അവളെ ഇനിയും എന്തിനാ ഓർത്തിരിക്കുന്നത്…
പൂർണമായും നിങ്ങളുടെ മനസ്സിൽ നിന്ന് എന്ന് അവളെ മറക്കാൻ പറ്റുന്നോ അന്ന് മതി നമുക്കൊരു മോൾ ആയാലും മോൻ ആയാലും…”

അത്രയും പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു….

ദിവസങ്ങൾ പിന്നിട്ടു…
അമ്മുവിന് ഏറ്റവും വിഷമം ഉണ്ടാക്കിയ കാര്യമാണ് നീനയുടെ ഓർമ്മകൾ നീരജ് സൂക്ഷിക്കുന്നുണ്ടെന്നുള്ള അറിവ്.

അവന്റെ പഴ്സിൽ അമ്മുവിന്റെ ഫോട്ടോയുടെ അടിയിൽ നീനുവിന്റെ ഒരു ഫോട്ടോ അവൾ കാണാനിടയായി…

അത് കണ്ട ദിവസം പൊരിഞ്ഞ വഴക്കായിരുന്നു അമ്മു…

“ഇതുവരെയും നിങ്ങൾ അവളെ മറന്നിട്ടില്ല അല്ലെ….” അത്രയും ചോദിച്ചപ്പോൾ തന്നെ അവൾ പൊട്ടിക്കരഞ്ഞു.

നീരജ് അവളെ തന്റെ നെഞ്ചോടു ചേർത്ത് കിടത്തി നെറ്റിയിൽ ചുംബിച്ചു.

“അങ്ങനെ ഒന്നുമില്ലെടി… ഒരുപാട് സ്നേഹിച്ച പെണ്ണല്ലേ അതുകൊണ്ട് മറക്കാൻ കഴിയുന്നില്ല… നീ എന്നോട് ക്ഷമിക്കൂ…”

“എന്നാ ഇനിയെങ്കിലും ഏട്ടൻ പറയ് നീനയുമായിട്ടുള്ള പ്രണയ കഥ…”

“ഇപ്പോൾ തന്നെ വേണോ…??”

“വേണം… ഇനിയും അതിന്റെ പേരിൽ വഴക്കിടാൻ എനിക്ക്‌വയ്യ… ഏട്ടൻ എത്രത്തോളം അവളെ സ്നേഹിച്ചെന്നു ഞാനും അറിയട്ടെ…”

“അതിനു മാത്രം അത്രയ്ക്ക് ഒന്നുമില്ല…
പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാ നീനയെ പരിചയപ്പെടുന്നത്… നീന ജോസഫ്.

ഒരേ ക്ലാസിൽ ആയിരുന്നു…

കവിളിൽ നുണ കുഴിയുള്ള കൊച്ചു സുന്ദരി… അങ്ങനെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി.

ഡിഗ്രിയും ഞങ്ങൾ ഒരുമിച്ചായിരുന്നു….

അഞ്ചു വർഷം പോയതറിഞ്ഞില്ല…. ഒടുവിൽ ഡിഗ്രി കോഴ്സ് തീർന്നപ്പോഴാണ് അത്രയും വർഷങ്ങൾ പോയതറിയുന്നത്…

പിരിയുന്ന ദിവസം ഒരുപാട് പൊട്ടിക്കരഞ്ഞു അവൾ… ഒരു ആഗ്രഹം അവൾ പ്രകടിപ്പിച്ചു… തിരികെ വീട്ടിൽ പോകും മുൻപ് അവൾക്ക് എന്റെ ആയി മാറണമെന്ന്…

പിറ്റേന്ന് തന്നെ അവളുടെ കയ്യും പിടിച്ചു അടുത്തുള്ള അമ്പലത്തിൽ കൊണ്ട് പോയി അവളുടെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്തു ഒരു താലി കെട്ടികൊടുത്തു.

അവളുടെ ആഗ്രഹം പോലെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഞങ്ങൾ ഒന്നായി മാറി…എത്രയും പെട്ടന്ന് ഒരു ജോലി വാങ്ങിച്ചു അവളുടെ വീട്ടിൽ വന്നു കൂട്ടികൊണ്ട് പോകാമെന്ന് ഉറപ്പ് നൽകി അവളെ പാലക്കാട് ട്രെയിൻ കയറ്റി വിട്ടു… അന്നാണ് അവളെ ഞാൻ അവസാനമായി കണ്ടത്‌…

അന്നൊന്നും എനിക്കും അവൾക്കും ഫോൺ ഇല്ലായിരുന്നു പരസ്പരം വിളിക്കാൻ… രണ്ടുമാസത്തോളം ഞങ്ങൾ കത്തിലൂടെ സംസാരിച്ചു… പിന്നീട് എന്റെ കത്തുകൾക്ക് മറുപടി കിട്ടാതായി.

ക്യാംപസ് ഇന്റർവ്യൂ വഴി മൂന്നു മാസത്തിനുള്ളിൽ എനിക്ക് ജോലി ശരിയായി. അവളെ കൂട്ടിക്കൊണ്ടു വരാൻ ഞാൻ പാലക്കാട് വണ്ടി കയറി…

അവിടെ എത്തിയപ്പോഴാണ് ഞാൻ ആ സത്യം അറിഞ്ഞത് അവൾ ഇനി ഒരിക്കലും എന്റെ ആകില്ലെന്ന്….എന്റെ കത്തുകൾക്ക് മറുപടി കിട്ടാത്തതിന്റെ കാരണം അതായിരുന്നു… അവൾക്ക് മറ്റൊരു തണൽ ലഭിച്ചിരുന്നു ഞാൻ അവിടെ എത്തിയപ്പോഴേക്കും…. ഞാൻ എത്താൻ വൈകിപ്പോയി…

പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്ന് പടിയിറങ്ങി… അവൾ പോയി ഒരു വർഷം കഴിഞ്ഞപ്പോഴാണ് കല്യാണ വീട്ടിൽ വച്ച് നിന്നെ കൂട്ട് കിട്ടിയത്… അന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല നീ എന്റെ ഭാര്യ ആകുമെന്ന്…”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു… അവനെ കെട്ടിപ്പിടിച്ചു അവൾ ഒരുപാട് പൊട്ടിക്കരഞ്ഞു…

“ശരീരവും മനസ്സും കൊടുത്തു എന്റെ ഭാര്യയെ പോലെയാ ഞാൻ അവളെ സ്നേഹിച്ചത് അതുകൊണ്ട് പെട്ടെന്ന് മനസ്സിൽ നിന്നും പറിച്ചെറിയാൻ പറ്റുന്നില്ല….” ചിരിച്ചു കൊണ്ട് അവൻ അവളോട് പറഞ്ഞു.

“ഇത്രയും കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി… നിങ്ങൾക്കെങ്ങനെ ചിരിക്കാൻ പറ്റുന്നു…”

“അതൊക്കെ കഴിഞ്ഞ കാര്യമല്ലേ അതോർത്ത് ഞാൻ എന്തിനാ കരയുന്നത്… അത് വിട്… നാളെ വാലന്റൈൻസ് ഡേ ആയിട്ട് എന്ത് ഗിഫ്റ്റ് വേണം എന്റെ അമ്മുക്കുട്ടിക്ക്…”

“എന്ത് ആഗ്രഹം പറഞ്ഞാലും സാധിക്കോ…”

“ഉം നീ പറയ്…”

“എനിക്ക് നീനയെ കാണണം… ദൂരെ നിന്നായാലും മതി… പ്ളീസ്…”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം നീരജ് പറഞ്ഞു…

” കൊണ്ട്‌ പോകാം..”

“ഇവിടെ എന്തിനാ എന്നെ കൊണ്ട് വന്നത്…??”

ആ സെമിത്തേരിയുടെ മുന്നിൽ ഒന്നും മനസിലാകാതെ അമ്മു നിന്നു…

“നീ എന്റെ കൂടെ വാ…”

അവൻ അവളെ ഒരു കല്ലറയ്ക്ക് മുന്നിലേക്ക് നടത്തിച്ചു…

വിറയലോടെ കല്ലറയിൽ കൊത്തി വച്ച പേര് അവൾ വായിച്ചു
“നീന ജോസഫ്…”

“നീരജേട്ട…നീന….നീന മരിച്ചുപോയോ…” വിക്കി വിക്കി അവൾ ചോദിച്ചു…

“അതെ…. അവൾ ഇവിടെയാണ് ഉറങ്ങുന്നത്…”

“എന്നിട്ട് എന്നോട് എന്താ ഇത് മറച്ചു വച്ചത്…??”

“മറച്ചതല്ല…. അവൾ മരിച്ചുവെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടാണ്…പിന്നെ നീ വാശി പിടിച്ചോണ്ട് നിന്നെ നേരിൽ കാണിച്ചു തരാമെന്ന് കരുതി…”

കയ്യിൽ കരുതിയിരുന്ന ഒരു പിടി റോസാപ്പൂക്കൾ അവൻ നീനയുടെ കല്ലറയ്ക്ക് മുകളിൽ വച്ചു…

“നീനയ്ക്ക് ഹാർട്ടിൽ ഹോൾ ആയിരുന്നു… എന്നോട് അവൾ അത് പറഞ്ഞിട്ടില്ലായിരുന്നു….അവളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.

ഞാൻ അവളെ കാണാൻ വരുന്നതിനു ഒരു മാസം മുൻപേ അവൾ ഈ ലോകം വിട്ട് പോയി.

അവളുടെ വീട്ടിൽ അവളെ കൂട്ടികൊണ്ട് വരാൻ പോയപ്പോഴാണ് ഞാൻ ഈ സത്യങ്ങൾ അറിയുന്നത്…. താങ്ങാൻ കഴിഞ്ഞില്ല…” അപ്പോഴേക്കും നീരജ് അമ്മുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.

അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്നു അവൾക്ക് അറിയില്ലായിരുന്നു…

കുറെ സമയം അവർ അവിടെ ചിലവഴിച്ചു… തിരികെ പോരും നേരം അമ്മു അവനോട് പറഞ്ഞു…

“ഇതൊന്നും അറിയാതെ ഞാൻ ഏട്ടനെ നീനയുടെ പേരിൽ ഒരുപാട് വിഷമിപ്പിച്ചു… ഇനി ഒരിക്കലും അവളെ മറക്കാൻ ഞാൻ പറയില്ല…. നീന മരിച്ചിട്ടില്ല… അവൾ എപ്പോഴും നമ്മളോടൊപ്പം ഉണ്ടാവും.
നമുക്ക് ഉണ്ടാവാൻ പോകുന്ന മോൾക്ക് നീന എന്ന് പേരിടാം…എല്ലാ വാലന്റൈൻസ് ഡേയും നമുക്കിവിടെ വരാം…”

“അതൊക്കെ നമുക്ക് ആലോചിക്കാം… സമയം ഒരുപാടായി വാ പോകാം നമുക്ക്..”

നീരജ് അവളുടെ കൈ പിടിച്ചു മെല്ലെ ആ വഴിത്താരയിലൂടെ നടന്നകന്നു…

Leave a Reply

Your email address will not be published. Required fields are marked *