(രചന: Sivapriya)
“അച്ഛാ എനിക്ക് ഈ വിവാഹം വേണ്ട. എനിക്കിനിയും പഠിക്കണം. പ്ലീസ് അച്ഛാ.” അച്ഛന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു കൊണ്ട് പല്ലവി തേങ്ങി.
“നിന്നെ കൂടി ആരുടെയെങ്കിലും കൂടെ കൈപിടിച്ച് ഇറക്കി വിട്ടിട്ട് വേണം എനിക്കൊന്ന് സമാധാനത്തോടെ കണ്ണടയ്ക്കാൻ. വയസ്സാം കാലത്ത് ഈ വൃദ്ധനെ മോൾ ധർമ്മ സങ്കടത്തിൽ ആക്കരുത്.” അനിൽ മകളെ നോക്കി പറഞ്ഞു.
ടൗണിൽ പലചരക്കു കട നടത്തി ഉപജീവനം നടത്തുന്നയാളാണ് അനിൽ. അയാൾക്കും ഭാര്യ സുമലതയ്ക്കും മൂന്നു പെണ്മക്കളാണ്. മൂത്തവൾ പാർവതി, രണ്ടാമത്തവൾ പവിത്ര, ഇളയവൾ പല്ലവി. മൂത്തവർ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞതാണ്. ഇനിയുള്ളത് പല്ലവി മാത്രമാണ്.
“മോൾ ഇത്രയും കരഞ്ഞു പറയുമ്പോൾ അവളെ നിർബന്ധിപ്പിച്ചു വേണോ ഈ വിവാഹം. മോൾടെ ഇഷ്ടം പഠിക്കാനാണെങ്കിൽ അങ്ങനെ ചെയ്തോട്ടെ അനിലേട്ടാ. ഒന്ന് സമ്മതിക്ക്.” സുമലത മകളെ പിന്താങ്ങി.
“നീയൊന്ന് മിണ്ടാതിരിക്ക് സുമേ. വയസ്സ് ഇരുപത് കഴിഞ്ഞു പെണ്ണിന്. ഇനിയും വച്ച് താമസിപ്പിക്കാൻ പറ്റില്ല. നാട്ടുകാർ ചോദിച്ചു തുടങ്ങി. കെട്ട് കഴിഞ്ഞു ചെറുക്കൻ പഠിപ്പിച്ചോളാന്ന് പറഞ്ഞിട്ടുണ്ട്.”
“അതൊക്കെ വെറുതെ ആണ് അച്ഛാ. മൂത്ത രണ്ടു ചേച്ചിമാരെ കൊണ്ട് പോയവരും ഇങ്ങനെ തന്നെയാ പറഞ്ഞത്. എന്നിട്ട് അവരിപ്പോ കുട്ടികളെയും നോക്കി ഭർത്താവിന്റെ അടിയും തൊഴിയും കൊണ്ട് നരകിച്ചു കഴിയുന്നു.
എല്ലാം സഹിച്ചു കഴിയുകയാണ് പവിത്ര ചേച്ചി. പാർവതി ചേച്ചിയുടെ ഭർത്താവ് അടിയും ബഹളവും ഒന്നുമില്ലെങ്കിലും ചേച്ചിയെ പഠിപ്പിക്കാനും അയച്ചില്ല ജോലിക്കും വിടുന്നില്ല. എല്ലാത്തിനും ഭർത്താവിന് മുന്നിൽ കൈ നീട്ടണം.
അവരെപ്പോഴും പറയും കല്യാണം കഴിച്ചു പോകാതെ ഈ വീട്ടിൽ നിങ്ങളെ മക്കളായി മാത്രം കഴിഞ്ഞാൽ മതിയായിരുന്നു എന്ന്. അതാണ് സ്വർഗം എന്ന്. ഇന്ന് എന്റെ രണ്ട് ചേച്ചിമാരും അനുഭവിക്കുന്ന ദുരിതം ഞാൻ കാണുന്നുണ്ട്. എനിക്ക് കിട്ടുന്നതും ഇതുപോലത്തെ ജീവിതം ആയിരിക്കും.
എനിക്ക് പേടിയാണ് അച്ഛാ. എനിക്ക് ഈ വിവാഹം വേണ്ട. ഇനിയും പഠിച്ച് നല്ലൊരു ജോലി വാങ്ങണം എനിക്ക്. എന്നിട്ട് മതി കല്യാണം.”
“അച്ഛനെ ജീവനോടെ കാണാൻ മോൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മോൾ വിവാഹത്തിന് സമ്മതിക്കണം. ജീവിതം ആകുമ്പോൾ പല ബുദ്ധിമുട്ടുകളും ഉണ്ടാവും. അതൊക്കെ അതിന്റെയൊരു ഭാഗം മാത്രമാണ്.” അത്രയും പറഞ്ഞു കൊണ്ട് അനിൽ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പോയി.
“ചേച്ചിമാരെ അവസ്ഥ തന്നെ എനിക്കും വരും അമ്മേ. എന്റെ ജീവിതം കൂടി ഒരു പരീക്ഷണത്തിന് വിടണോ അമ്മേ. അമ്മയെങ്കിലും അച്ഛനോട് പറയ്യ്.
മൂത്തവരെ ഗതി തന്നെയാണ് എനിക്കും വരുന്നതെങ്കിൽ ചേച്ചിമാരെ പോലെ ഞാൻ സഹിച്ചു കിടക്കില്ല. ഒരു മുഴം കയറിൽ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും.” കരഞ്ഞുകൊണ്ട് പല്ലവി തന്റെ മുറിയിലേക്ക് ഓടി.
സുമലത എത്ര പറഞ്ഞിട്ടും അനിൽ വിവാഹ കാര്യത്തിൽ നിന്നും പിന്മാറിയില്ല. പല്ലവിയുടെ വിവാഹം ഉടനെ നടത്തണമെന്ന് വാശിയായിരുന്നു അയാൾക്ക്.
“എന്താ അനിലേട്ടാ ഇത്… ഇത്ര വാശി പാടില്ല. മോൾക്ക് ഒട്ടും സമ്മതല്ല വിവാഹത്തിന്. അവളുടെ ആഗ്രഹം പോലെ ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം.”
“അതുവരെ ഞാൻ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല സുമേ. എന്റെ ഹൃദയം പണിമുടക്കി. കുറച്ചു ദിവസം മുൻപ് കടയിൽ വച്ചൊരു നെഞ്ചു വേദന വന്ന് ആശുപത്രിയിൽ ഒന്ന് പോയിരുന്നു.
ഹൃദയ വാൽവിന് തകരാർ ഉണ്ടെന്നാ ഡോക്ടർ പറഞ്ഞത്. ഓപ്പറേഷൻ വേണ്ടി വരും. അത്യാവശ്യം നല്ലൊരു തുക ചിലവ് വരും.
ബാങ്കിൽ കിടക്കുന്ന പൈസ പല്ലവി മോൾടെ വിവാഹം നടത്താൻ കരുതി വച്ചതാ. അതെടുത്തു ഒന്നും ചെയ്യാൻ കഴിയില്ല. പിന്നെ ഉള്ള സമ്പാദ്യം ഈ മൂന്നു സെന്റും വീടും, കടയുമാണ്. അത് പണയപ്പെടുത്തി എന്റെ ഓപ്പറേഷൻ നടത്തണ്ട.
ഓപ്പറേഷൻ കഴിഞ്ഞു എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിനക്ക് ആ കട കൊണ്ട് ഉപജീവനം നടത്താം. ഈ വീട്ടിൽ കടക്കാരെ ശല്യം ഇല്ലാതെ സമാധാനമായി അന്തിയുറങ്ങാം. അതുമതി എന്റെ ആത്മാവിന് ശാന്തി കിട്ടാൻ.”
“അനിലേട്ടൻ എന്തൊക്കെയാ ഈ പറയണേ… ഹൃദയ വാൽവിന് തകരാറോ. എന്നിട്ടാണോ എന്നോട് പോലും ഒരു വാക്ക് പറയാത്തത്.” ഞെട്ടലോടെ സുമലത ഭർത്താവിനെ നോക്കി.
“നീയൊന്ന് മെല്ലെ പറയ്യ്. മോൾ കേൾക്കും. ഓപ്പറേഷൻ ചെയ്യാതെ ഒരു രണ്ടു വർഷം കൂടി ജീവിക്കാൻ പറ്റുമെന്നാണ് ഡോക്ടർ പറഞ്ഞത്. വൈകുതോറും റിസ്ക് കൂടുതൽ ആണ്. എന്നാലും സാരമില്ല.
പല്ലവിടെ കല്യാണം കൂടി കഴിഞ്ഞ ശേഷം ഒരു വർഷത്തിനുള്ളിൽ ഓപ്പറേഷനുള്ള തുക എങ്ങനെയെങ്കിലും നമുക്ക് കണ്ടെത്താം. വീടും കടയും പണയപ്പെടുത്തി ഒരു സാഹസത്തിന് മുതിരാൻ എനിക്ക് ധൈര്യമില്ല സുമി.” അനിൽ തന്റെ മനസ്സ് ഭാര്യയ്ക്ക് മുന്നിൽ തുറന്നു കാട്ടി.
“മൂത്ത രണ്ട് പെണ്മക്കളെ ജീവിതം അനിലേട്ടൻ കാണുന്നതല്ലേ. അതുപോലെ ആകുമോ പല്ലവിയുടെയും.” സുമലത തന്റെ ആശങ്ക പങ്കുവച്ചു.
“ഇല്ല സുമേ… ആ പയ്യൻ നല്ലവനാ. ഞാൻ നന്നായി അന്വേഷിച്ചു നോക്കി. പല്ലവിയെ തുടർന്ന് പഠിപ്പിക്കാനും ജോലിക്ക് വിടാനൊന്നും അവന് യാതൊരു എതിർപ്പും ഇല്ല. അവനും പല്ലവിടെ പ്രായമുള്ള ഒരു അനിയത്തി ഉണ്ട്.”
അങ്ങനെ ദിവസങ്ങൾ കടന്നുപോയി. പല്ലവിടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നു തുടങ്ങി. അപ്പോഴാണ് ഒരു ദിവസം പല്ലവിടെ ചേച്ചി പവിത്ര പല്ലവിയെ കാണാനായി വന്നത്. ചേച്ചിയെ കണ്ടതും അവൾ ഓടിച്ചെന്ന് കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
“നിനക്ക് സുഖമാണോ മോളെ.”
“സുഖാ ചേച്ചി… ചേച്ചിക്കോ.”
“സുഖം മോളെ..”
“അടുത്ത ആഴ്ച അല്ലെ നിന്റെ കല്യാണം.. അച്ഛൻ ഇത്ര പെട്ടെന്ന് ധൃതി കൂട്ടി നിന്നെ കെട്ടിച്ചു വിടുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല.”
“ഞാനും… എനിക്ക് ഇനിയും പഠിക്കണം ജോലി വാങ്ങിക്കണമെന്നൊക്കെ പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല.” വിഷാദത്തോടെ പല്ലവി ചേച്ചിയോട് തന്റെ സങ്കടം പറഞ്ഞു.
“നിന്നെ കണ്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ കൂടിയാ ചേച്ചി വന്നത്. ഒരിക്കലും നീ ഞങ്ങളെ പോലെ ആവരുത്.
ഒരു കുഞ്ഞ് ഉണ്ടായിപോയത് കൊണ്ട് മാത്രമാണ് ഞാനും പാറു ചേച്ചിയും എല്ലാം സഹിച്ചു കിടക്കുന്നത്. എന്നേക്കാൾ ഭേദമാണ് പാറു ചേച്ചിക്ക്. ഒന്നുമില്ലേലും ദേഹോപദ്രവം ഏൽക്കണ്ടല്ലോ.
വിവാഹം കഴിഞ്ഞ് പോകുമ്പോൾ ഉടനെ ഒന്നും കുഞ്ഞ് ഉണ്ടാവാതെ ശ്രദ്ധിച്ചോണം നീ. നിന്നെ പഠിക്കാൻ വിട്ടില്ലെങ്കി തിരിച്ചു വീട്ടിലേക്ക് വന്നോ.
അച്ഛൻ എന്ത് പറയുമെന്ന് ഓർത്തു അവിടെ തന്നെ കടിച്ചു തൂങ്ങരുത്. ഇതൊക്കെ ഞങ്ങൾക്ക് പറ്റിയ അബദ്ധമാണ്. അതുകൊണ്ട് നീയെങ്കിലും രക്ഷപ്പെടണം. പഠിച്ചു നല്ലൊരു ജോലി ആയിട്ട് മതി കുഞ്ഞൊക്കെ.
അതിന് നിന്നെ കെട്ടുന്നവൻ സമ്മതിച്ചില്ലെങ്കി ഇറങ്ങി പോരണം. ആദ്യം സ്നേഹം നടിച്ച് ഒരു കൊച്ചിനെ വയറ്റിലാക്കി തരും. പിന്നെ നിന്റെ ജീവിതം ആ കുഞ്ഞിന്റെ പുറകെ ആവും. അതുകൊണ്ടാ ചേച്ചി പറയണേ.
പിന്നെ നിന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചാൽ തിരിച്ചും കൊടുത്തേക്കണം. ഒരിക്കലും എന്റെ അനുഭവം മോൾക്ക് ഉണ്ടാവരുത്.” അത് പറഞ്ഞതും അബദ്ധം പറ്റിയത് പോലെ ചേച്ചി വാ പൊത്തി.
“ചേച്ചി ഇപ്പൊ എന്താ പറഞ്ഞെ… ചേച്ചിയെ ചേട്ടൻ…” വാക്കുകൾ മുഴുമിക്കാൻ എനിക്ക് കഴിഞ്ഞില്ല.
പെട്ടന്ന് ചേച്ചി എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. കുറേ നാളായി മനസ്സിൽ അടക്കി നിർത്തിയ സങ്കടമൊക്കെ ചേച്ചി കരഞ്ഞു തീർത്തു.
“എന്റെ മോളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നെ ശാരീരികമായി പീഡിപ്പിച്ചു സുഖം കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ അയാളുടെ വിനോദം മോളെ. ഇതൊക്കെ അയാൾ ചെയ്ത് കൂട്ടിയതാ.” മാറിൽ നിന്നും സാരി തലപ്പ് മാറ്റി ബ്ലൗസ് അഴിച്ചു ചേച്ചി എനിക്ക് മുന്നിൽ നിന്നു.
ഒന്നേ നോക്കിയുള്ളു… ഞെട്ടലോടെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
ചേച്ചിയുടെ മാറിടം പൊട്ടിയൊലിച്ചു ചോര ഉണങ്ങി നിൽക്കുന്നു. നഖപ്പാടുകൾ… ചോര ഉണങ്ങാത്ത മുറിവുകൾ. മുലകണ്ണ് കടിച്ചു പറിച്ചു വികൃതമാക്കിയിട്ടുണ്ട്.
“എന്റെ മോൾക്ക് പാലൂട്ടാൻ പോലും കഴിയുന്നില്ല മോളെ. അത്രയ്ക്ക് ആ ദുഷ്ടൻ എന്നെ കൊല്ലാകൊല ചെയ്യുന്നുണ്ട്. ഇങ്ങോട്ട് ഓടികേറി വരണമെന്നുണ്ട്.
അങ്ങനെ ചെയ്താൽ എന്റെ മോളെ കൊന്നിട്ട് അയാളും ചാകുമെന്നാ പറയുന്നേ. പറഞ്ഞാൽ അതുപോലെ ചെയ്യും. അയാൾക്ക് ഭ്രാന്ത് ആണ് മോളെ. രതി വൈകൃതം ബാധിച്ച മനസ്സാണ്.
മിക്കവാറും ദിവസം എന്റെ അവസ്ഥ ഇതൊക്കെ തന്നെയാ. എന്റെ കുഞ്ഞിനെ ഓർത്ത് മാത്രം സഹിച്ചു കഴിയാ ഞാൻ. ആരോടെങ്കിലും ഇതേപറ്റി പറഞ്ഞാൽ പിന്നെ മോളെ ജീവനോടെ വച്ചേക്കില്ലെന്നാ ഭീഷണി.
നീയിത് ആരോടും പറയരുത്. കള്ളിന്റെയും കഞ്ചാവിന്റെയും പുറത്ത് അയാൾ എന്റെ മോളെ എന്തെങ്കിലും ചെയ്താൽ നഷ്ടം എനിക്ക് മാത്രമാണ്. ലഹരിക്ക് അടിമ ആയോണ്ട് നമ്മുടെ നിയമം അയാളെ കൊലക്കുറ്റത്തിൽ നിന്നും രക്ഷിക്കും.”
“ചേച്ചി ഇതൊക്കെ സഹിച്ചു കിടക്കാതെ ഇങ്ങോട്ട് വന്നൂടെ. അച്ഛനോടും അമ്മയോടും നമുക്ക് കാര്യം പറയാം.”
“വേണ്ട മോളെ… ഇപ്പൊ ഒന്നും ചെയ്യണ്ട. ഞാൻ ഇങ്ങോട്ട് വന്നാൽ അയാളും പുറകെ വരും. പിന്നെ ഇവിടുള്ളവർക്കും സമാധാനം കിട്ടില്ല. ഒട്ടും സഹിക്കാൻ പറ്റാതായാൽ ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്. നീ തല്ക്കാലം ആരോടും ഒന്നും പറയരുത്.
ഒരു നിമിഷം മനസ്സൊന്ന് പതറി പോയി. അതാ നിന്നോട് ഞാനിതൊക്കെ പറഞ്ഞത്. മോളെ അടുത്ത വീട്ടിൽ കൊടുത്തു വന്നതാ. ഞാൻ അങ്ങോട്ട് ചെല്ലട്ടെ..” വിവാഹത്തിന് രണ്ടു ദിവസം മുൻപ് എത്താമെന്ന് പറഞ്ഞു പവിത്ര ചേച്ചി മടങ്ങിപ്പോയി.
“ചേച്ചി പോയി കഴിഞ്ഞിട്ടും എന്റെ കണ്ണീർ തോർന്നില്ല. ചേച്ചീടെ കാര്യമോർത്ത് എനിക്ക് ഭയമായി. ഇത്രയൊക്കെ വേദന സഹിച്ച് ചേച്ചി എങ്ങനെ അവിടെ അയാളോടൊപ്പം കഴിയുന്നു. എന്റെ ജീവിതവും ഇങ്ങനെ ആകുമോ?” പല്ലവിക്ക് ആകെ പേടിയായി.
ഒന്നും ആരോടും പറയരുതെന്ന് ചേച്ചി പറഞ്ഞതിനാൽ അവൾക്ക് അതിനും ധൈര്യമില്ലായിരുന്നു. ലഹരിക്ക് അടിമയായ ചേച്ചിയുടെ ഭർത്താവ് എന്തും ചെയ്യാൻ മടിക്കില്ല എന്നത് പല്ലവിയുടെ മനസ്സിനെയും ഭയപ്പെടുത്തി.
ദിവസങ്ങൾ കഴിഞ്ഞു പോയി… നാളെയാണ് പല്ലവിയുടെ വിവാഹം. മുറ്റത്ത് പന്തൽ ഉയർന്നു. സദ്യ വട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ബന്ധുക്കൾ എല്ലാവരും വന്നു ചേർന്നു.
പല്ലവിയുടെ മൂത്ത ചേച്ചി പാർവതിയും വന്നു. പക്ഷേ പവിത്ര മാത്രം വന്നില്ല. വിവാഹത്തിന് രണ്ടു ദിവസം മുൻപ് വരാമെന്ന് പറഞ്ഞു പോയതാണ് പവിത്ര.
ബന്ധുക്കൾ ആരൊക്കെയോ പവിത്രയെ അന്വേഷിച്ചു പോയി. പവിത്ര താമസിച്ചിരുന്ന വീടിന് ചുറ്റും ആൾക്കൂട്ടവും പോലീസും നിൽക്കുന്ന കാഴ്ചയാണ് ബന്ധുക്കൾ കണ്ടത്. പുഴുവരിച്ച നിലയിൽ കിടക്കുന്ന പവിത്രയുടെയും രണ്ടു വയസ്സുള്ള മോളുടെയും മൃതദേഹം വീടിനുള്ളിൽ നിന്നും കണ്ടെത്തി.
ഭർത്താവ് സതീഷ് ഒളിവിൽ പോയിരുന്നു. മരിച്ചിട്ട് രണ്ടു ദിവസം ആയിരുന്നു. വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ അടുത്തുള്ള താമസക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വാക്കത്തി കൊണ്ട് വെട്ടേറ്റു മരിക്കുകയിരുന്നു പവിത്രയുടെ മകൾ. പവിത്രയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. അധികം വൈകാതെ തന്നെ പോലീസ് പ്രതിയായ സതീഷിനെ കണ്ടെത്തി.
പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹം വീട്ടിലേക്ക് കൊണ്ട് വന്നു. നാളെ വിവാഹം നടക്കേണ്ട കല്യാണ പന്തലിൽ പവിത്ര ചേച്ചിയുടേം മോൾടേം മൃതദേഹം കിടത്തി.
അച്ഛനും അമ്മയും പാർവതി ചേച്ചിയുമൊക്കെ വാവിട്ട് നിലവിളിച്ചു കരയുമ്പോൾ ഒരു പാവയെ പോലെ ഞാൻ നോക്കി നിന്നു. കണ്ണുനീർ വന്നെന്റെ കാഴ്ച മറച്ചു. ഒരു നിലവിളി കണ്ഠനാളത്തിൽ കുരുങ്ങി നിന്നു.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി. ചേച്ചിയുടെ മരണം കാരണം എന്റെ കല്യാണം മുടങ്ങി. പവിത്ര ചേച്ചി അനുഭവിച്ച ക്രൂരതകൾ എല്ലാം വീട്ടിൽ എല്ലാവരും അറിഞ്ഞു കഴിഞ്ഞു. അച്ഛൻ പിന്നീട് എന്റെ വിവാഹത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.
എന്റെ ഇഷ്ടം പോലെ പഠിക്കാൻ വിട്ടു. എന്റെ വിവാഹത്തിന് മാറ്റി വച്ച തുക എടുത്ത് അച്ഛന്റെ ഓപ്പറേഷൻ നടത്തി. പാർവതി ചേച്ചി വീട്ടിൽ വന്നു നിന്ന് എനിക്കൊപ്പം പഠിത്തം തുടർന്നു.
അതോടെ കുറച്ചു നാൾ പാർവതി ചേച്ചിയുടെ ഭർത്താവ് പിണക്കത്തിലായി. അധികനാൾ ചേച്ചിയേം കൊച്ചിനേം കാണാതിരിക്കാൻ വയ്യാത്തോണ്ട് ചേട്ടൻ വന്ന് മാപ്പ് പറഞ്ഞു ചേച്ചിയെ കൊണ്ട് പോയി. ചേച്ചിടെ പഠിപ്പ് തുടർന്നു.
ഞാനും പഠിച്ചു… ജോലി വാങ്ങി… പക്ഷേ വിവാഹ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ പവിത്ര ചേച്ചിയെ ഓർമ്മ വരും.
എന്നും ഉള്ളിലൊരു വിങ്ങലായി ചേച്ചിയും കിങ്ങിണി മോളും നിറഞ്ഞു നിന്നു. പവിത്ര ചേച്ചി മരിച്ചതിൽ പിന്നെ വിവാഹ കാര്യം പറഞ്ഞു അച്ഛൻ എന്നെ സമീപിച്ചിട്ടില്ല.
എനിക്കും അതൊരു ആശ്വാസം ആയിരുന്നു. മനസ്സുകൊണ്ട് ഒരു വിവാഹത്തിന് ഇതുവരെ പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു ആഗ്രഹം തോന്നുമ്പോൾ പറ്റിയ ഒരാളെ കണ്ടു പിടിക്കണം.
പവിത്ര ചേച്ചിക്ക് സംഭവിച്ചത് ഒരിക്കലും തനിക്ക് സംഭവിക്കാൻ പാടില്ലെന്ന് പല്ലവി മനസ്സിൽ തീരുമാനിച്ചിരുന്നു. വിവാഹം അല്ല ഒന്നിനും പരിഹാരമെന്ന് പല്ലവി തന്റെ ജീവിതം കൊണ്ട് തെളിയിച്ചു കാണിച്ചു.