“ഞാൻ ഹോസ്പിറ്റലിൽ നിന്ന് ജോലി റിസൈൻ ചെയ്ത കാര്യം ഇതുവരെ ഇവിടെ ആരും അറിഞ്ഞിട്ടില്ല. നാളെ അയാൾ ജോലിക്ക് പോയി കഴിഞ്ഞാൽ

(രചന: Sivapriya)

കടുത്ത തലവേദന കാരണം മനു അന്നത്തെ ദിവസം നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി. ഭാര്യ ശാരിയും ഒരു മോളും അടങ്ങുന്നതാണ് അവന്റെ കുടുംബം. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ബില്ലിംഗ് ജോലിയാണ് അവന്. ശാരി അടുത്തുള്ളൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്.

മനു വീട്ടിൽ എത്തുമ്പോൾ സമയം ഒന്നര കഴിഞ്ഞിരുന്നു. ഗേറ്റ് തുറന്ന് അകത്തേക്ക് കയറി വരാന്തയിലെ പടിക്കെട്ടിലിരുന്ന് ചെരുപ്പ് അഴിച്ചു വയ്ക്കുമ്പോഴാണ് അകത്ത് നിന്നും ശാരിയുടെ സംസാരം അവൻ കേൾക്കുന്നത്.

“ശാരി ഇന്ന് ജോലിക്ക് പോയില്ലേ.?” മനു തന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ട് അവളുടെ സംസാരം കാതോർത്തു.

“ഞാൻ ഹോസ്പിറ്റലിൽ നിന്ന് ജോലി റിസൈൻ ചെയ്ത കാര്യം ഇതുവരെ ഇവിടെ ആരും അറിഞ്ഞിട്ടില്ല. നാളെ അയാൾ ജോലിക്ക് പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങും.

ആർക്കും നമ്മളെ കണ്ടെത്താൻ പറ്റാത്തത്ര ദൂരത്തിലേക്ക് പോണം നമുക്ക്. പോലീസ് പിടിച്ചാൽ ആകെ നാണക്കേട് ആണ്, അറിയാലോ നിനക്ക്.” ശാരി ആരോടോ ഫോണിൽ പറഞ്ഞ വാക്കുകളാണ്.

അവളുടെ വാക്കുകൾ ഞെട്ടലോടെയാണ് മനു കേട്ടത്. ശാരി നാളെ ആരുടെയോ ഒപ്പം ഒളിച്ചോടാനുള്ള പദ്ധതി ആണെന്ന് അവന് മനസ്സിലായി. അവന് തല കറങ്ങുന്നത് പോലെ തോന്നി.

എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് മനു ജോലിക്ക് പോവാൻ ഇറങ്ങും. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മോളെ സ്കൂളിൽ കൊണ്ട് വിട്ട ശേഷം ശാരി ഹോസ്പിറ്റലിലും പോകും. അതായിരുന്നു പതിവ്. മനു എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു സമയം അവിടെ തന്നെ ഇരുന്നു. അകത്ത് ശാരിയുടെ ഫോൺ സംഭാഷണം അപ്പോഴേക്കും അവസാനിച്ചിരുന്നു.

മനു മെല്ലെ എഴുന്നേറ്റ് ചെന്ന് കാളിങ് ബെല്ലിൽ വിരൽ അമർത്തി. അൽപ്പ സമയം കഴിഞ്ഞപ്പോൾ ശാരി വാതിൽ തുറന്നു. മുന്നിൽ അപ്രതീക്ഷിതമായി മനുവിനെ കണ്ടതും അവളുടെ മുഖത്തൊരു ഞെട്ടൽ അവൻ ശ്രദ്ധിച്ചു.

“മനുവേട്ടനെന്താ പതിവില്ലാതെ ഈ സമയത്ത്.? എപ്പോഴാ വന്നേ? ഗേറ്റ് തുറക്കുന്ന ശബ്ദം ഞാൻ കേട്ടില്ലല്ലോ…? ശാരി ചോദിച്ചു. താൻ ഫോണിൽ സംസാരിച്ചത് അവൻ കേട്ടുവോ എന്ന ഭയമായിരുന്നു അവളുടെ മുഖം നിറയെ.

“നീയെന്താ ഇന്ന് ജോലിക്ക് പോയില്ലേ?” അവളുടെ ചോദ്യത്തിന് ഉത്തരം നൽകാതെ അവൻ മറുചോദ്യം ചോദിച്ചു.

“ഇല്ല… ഇ… ഇന്ന്… പോയില്ല…” അവൾ വിക്കി വിക്കി മറുപടി പറഞ്ഞു.

“എന്നിട്ട് രാവിലെ നീ അത് പറഞ്ഞില്ലല്ലോ.”

“അത് പിന്നെ… ഞാൻ… ഏട്ടനിന്ന് ഓഫീസിൽ പോയില്ലേ.” വിഷയം മാറ്റാനായി അവൾ ചോദിച്ചു.

“പോയി… നല്ല തലവേദനയാടി… അതുകൊണ്ട് ഞാൻ നേരത്തെ ഇങ്ങ് പോന്നു. ബൈക്ക് ഓടിക്കാൻ പോലും വയ്യായിരുന്നു. വൈകുന്നേരം ബൈജു ബൈക്ക് കൊണ്ട് തരും, ഓഫീസിൽ വച്ചിട്ടാ വന്നത്.”

“ഞാൻ ചോറ് എടുക്കട്ടേ.”

“വേണ്ട… വിശപ്പില്ല. ഞാൻ കുറച്ചു നേരം കിടക്കട്ടെ.”

“എങ്കിൽ ഞാൻ നല്ല കട്ടൻ കാപ്പി ഇട്ട് തരാം. തലവേദന മാറും.”

“ഉം…” അവൻ നീട്ടിയൊന്ന് മൂളി.

ശാരി അടുക്കളയിലേക്ക് നടന്നു. അവൾ പോകുന്നത് നോക്കി നിർവികാരനായി അവൻ നിന്നു.

വൈകുന്നേരം ശാരി കുളിക്കാൻ കയറിയപ്പോഴാണ് മനു അവളുടെ മൊബൈൽ എടുത്ത് നോക്കുന്നത്. ഉച്ചയ്ക്ക് വീട്ടിൽ വന്ന് കയറിയപ്പോൾ മുതൽ മനസ്സിൽ വിചാരിച്ചിരുന്നതാണ് സമയം ഒത്തുവന്നാൽ ശാരിയുടെ മൊബൈൽ എടുത്ത് പരിശോധിക്കണമെന്നത്.

ഇതുവരെ അവൻ അവളുടെ ഫോണെടുത്ത് നോക്കിയിട്ടില്ല. സംശയ രോഗിയായ ഒരു ഭർത്താവ് ആയിരുന്നില്ല മനു. ശാരിയെ പൂർണ്ണ വിശ്വാസവുമായിരുന്നു അവന്. ആ വിശ്വാസമാണ് ഇന്ന് ചീട്ട് കൊട്ടാരം പോലെ തകർന്ന് വീണത്.

ചാർജിനിട്ടിരുന്ന മൊബൈൽ എടുത്ത് അവൻ നോക്കി. അത് നമ്പർ ലോക്ക് ആയിരുന്നു. മനു അവളുടെ ഡേറ്റ് ഓഫ് ബർത്ത് അടിച്ചു നോക്കിയപ്പോൾ ലോക്ക് ഓപ്പണായി കിട്ടി.

അവനാദ്യം ശാരിയുടെ വാട്സാപ്പ് ചാറ്റ് പരിശോദിച്ചു. അവളുടെ കൂടെ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്ന ആളുമായി മൂന്നു വർഷമായിട്ട് അടുപ്പത്തിലാണെന്ന് അവരുടെ മെസ്സേജിൽ നിന്ന് അവന് മനസിലായി.

താനിന്ന് അവൾ ഫോണിൽ സംസാരിക്കുന്നത് കേട്ടില്ലായിരുന്നുവെങ്കിൽ ഒരിക്കലും അറിയാൻ പോണില്ലായിരുന്നു. ഒരിക്കൽ പോലും തനിക്കൊരു സംശയം തോന്നിയില്ലല്ലോന്ന് അവനോർത്തു.

ഹോസ്പിറ്റലിൽ കൂടെ വർക്ക്‌ ചെയ്യുന്ന ധനേഷ് എന്ന ആളാണ് ശാരിയുടെ കാമുകൻ. ഭാര്യയും രണ്ട് ആണ്മക്കളും അയാൾക്കുണ്ട്. അവരുമായി കുറേ നാളായി അകന്ന് കഴിയുകയാണ് അയാൾ.

നാളെ ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചിരിക്കുന്ന ദിവസമാണ്. കാൾ ഹിസ്റ്ററിയും ഇരുവരുടെയും വാട്സാപ്പ് മെസ്സേജിന്റെയുമൊക്കെ തെളിവുകൾ മനു തന്റെ ഫോണിൽ സേവ് ആക്കി വച്ചു.

അവന് ഹൃദയത്തിൽ കഠിനമായ വേദന അനുഭവപ്പെട്ടു. പതിനാലു വർഷമായി അവരുടെ കല്യാണം കഴിഞ്ഞിട്ട്. അന്ന് തൊട്ട് ഇന്നേവരെ സന്തുഷ്ടമായ കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു.

ഇതിനിടയിൽ എപ്പോഴാണ് ശാരി മറ്റൊരു ബന്ധത്തിലേക്ക് എത്തി പെട്ടതെന്ന് അറിയില്ല. ഒരു നല്ല ഭർത്താവായി എപ്പോഴും അവൾക്കൊപ്പം നിന്നിട്ടുണ്ട്. എന്നിട്ടും തന്നിൽ എന്ത് കുറവ് കണ്ടിട്ടാണ് അവൾക്ക് തന്നെ മടുത്ത് അയാൾക്കൊപ്പം പോകാൻ അവൾ തീരുമാനിച്ചത്.

ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വരെ എത്തി നിൽക്കുകയാണ് അവരുടെ ബന്ധം. ഇനി തനിക്ക് അവളെ വേണ്ട. പക്ഷെ എങ്ങനെ തോന്നി തന്നെ ചതിക്കാൻ. ഇപ്പൊ രഹസ്യമായി ഒളിച്ചോടാൻ വരെ തീരുമാനിച്ചിരിക്കുന്നു.

അതും ആറു മാസങ്ങൾക്ക് മുൻപേ ഈ ദിവസം തീരുമാനിച്ചുറപ്പിച്ചാണ് ഇരുവരും പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. തന്നെ വേണ്ടെങ്കിൽ വേണ്ട. നൊന്ത് പ്രസവിച്ച കുഞ്ഞിനെ എങ്ങനെ ഉപേക്ഷിച്ചു പോകാൻ തോന്നുന്നു അവൾക്ക്. ഓരോന്നോർത്തിട്ട് മനുവിന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

രാത്രിയുള്ള ശാരിയുടെ അമിതമായ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ മനുവിന് അവളോട് പുച്ഛം തോന്നി.

“ഇന്ന് ഒരു മൂഡില്ല ശാരി… നാളെ ആവട്ടെ.” മനു കട്ടിലിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് കൊണ്ട് പറഞ്ഞു.

“തലവേദന മാറിയില്ലേ.” മാക്സിയുടെ സിബ് വലിച്ചിട്ടുകൊണ്ട് അവൾ ചോദിച്ചു.

“ഇല്ല…”

“എങ്കിൽ കിടന്നോ.” അവളും അവനെ പുണർന്നു കൊണ്ട് കിടന്നു.

‘നിങ്ങക്ക് വേണ്ടെങ്കി വേണ്ട.. ഇന്ന് രാത്രി കൂടിയല്ലേ ഇങ്ങനെ പറ്റുള്ളൂ എന്നോർത്ത് വന്നതാ. നിങ്ങൾക്ക് വേണ്ടെങ്കി പിന്നെ എനിക്കെന്താ. നാളെ മുതൽ നിങ്ങൾ എന്നെ ഓർത്ത് വെള്ളമിറക്കി കിടക്കത്തെ ഉള്ളു.’ ശാരി മനസിൽ പറഞ്ഞു.

ആദ്യമായി അവളുടെ സാമീപ്യം അവനെ ശ്വാസം മുട്ടിച്ചു. മറ്റൊരുവനൊപ്പം കിടക്ക പങ്കിട്ടിട്ട് ഒരു കുറ്റബോധവുമില്ലാതെ അവൾക്ക് തനിക്കൊപ്പം ശയിക്കാൻ എങ്ങനെ മനസ്സ് വന്നു. ഉറക്കം വരാതെ മനു കിടന്നു.

അസ്വസ്ഥമായ മനസ്സുമായി തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൻ നേരം വെളുപ്പിച്ചു. ശാരിക്കും ഉറക്കം വരാത്ത രാത്രിയായിരുന്നു അത്. എങ്കിലും അവൾ കണ്ണുകൾ അടച്ച് ഉറക്കം നടിച്ചു കിടന്നു.

പിറ്റേ ദിവസം രാവിലെ വരാന്തയിൽ ഇരിക്കുകയായിരുന്നു മനു.

“മനു ഏട്ടൻ ഇന്ന് ഓഫീസിൽ പോകുന്നില്ലേ?” ചായയുമായി അവന്റെ അടുത്ത് വന്ന ശാരി ചോദിച്ചു.

“ഇന്ന് കുറച്ചു ലേറ്റ് ആയിട്ടേ ചെല്ലുള്ളു എന്ന് വിളിച്ചു പറഞ്ഞു.” മനു അവളെ നോക്കാതെ ഉത്തരം പറഞ്ഞു.

“സുഖമില്ലേ.? അതോ ഇന്നലത്തെ തലവേദന മാറിയില്ലേ? പനി ഒന്നും ഇല്ലല്ലോ.” ശാരി അവന്റെ നെറ്റിയിൽ കൈവച്ച് ചൂട് നോക്കി.

“തലവേദന കുറവില്ല… അതന്നെ കാര്യം.” ഇഷ്ടക്കേടോടെ മനു അവളുടെ കൈ എടുത്തു മാറ്റി.

“ഏട്ടൻ എപ്പഴാ ഇനി ഓഫീസിൽ പോകുന്നത്.?” അവൻ പോവുന്ന സമയം കൃത്യമായി അറിഞ്ഞിട്ട് വേണം തനിക്ക് ധനേഷിനൊപ്പം പോകാനെന്നു അവൾ ആലോചിച്ചു.

തലേ ദിവസംത്തന്നെ കൊണ്ട് പോകാനുള്ള ബാഗ് റെഡിയാക്കി കട്ടിലിന്റെ അടിയിലേക്ക് ഒളിപ്പിച്ചു വച്ചിരുന്നു. അത് മനു കണ്ടെങ്കിലും അറിഞ്ഞ ഭാവം കാണിച്ചില്ല.

“മോളെ സ്കൂളിൽ വിട്ട ശേഷം നിന്നെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ഞാൻ ഓഫീസിൽ പോകാന്ന് വിചാരിക്കുന്നു.” ശാരിയുടെ മനസ്സറിയാനായി അവൻ പറഞ്ഞു.

അത് കേട്ടതും അവളുടെ മുഖത്ത് ഒരുതരം പരിഭ്രമവും ഞെട്ടലും വന്നുപോകുന്നത് അവൻ ശ്രദ്ധിച്ചു.

“അത് വേണ്ട മനു ഏട്ടാ. എനിക്ക് ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് ആണ്. ഏട്ടൻ മോളെ സ്കൂളിൽ ആക്കിയിട്ട് പൊയ്ക്കോ.” വെപ്രാളത്തോടെ ശാരി അവനെ നോക്കി.

“എങ്കിൽ മോളെ ഞാൻ കൊണ്ട് വിടാം സ്കൂളിൽ.” അത് പറഞ്ഞിട്ട് അവൻ എഴുന്നേറ്റ് അകത്തേക്ക് പോയി.

മോളെയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുഖത്ത്, നിറഞ്ഞ ചിരിയോടെ ശാരി ഗേറ്റിന് മുന്നിൽ നിന്ന് കൈ വീശി കാണിച്ചു. ഇനി ഈ മുഖം താനൊരിക്കലും കാണാൻ പോകില്ലെന്ന് അവൻ മനസ്സിൽ ചിന്തിച്ചു. മോളെ സ്കൂളിൽ ആക്കിയ ശേഷം മനു ഓഫീസിലേക്ക് പോയി.

മനുവും മോളും പോയ ഉടനെ തന്നെ ശാരി വസ്ത്രം മാറി എടുക്കാനുള്ളതൊക്കെ എടുത്ത് വീട്ടിൽ നിന്നിറങ്ങി. ധനേഷ് കാറുമായി വന്ന് അവളെ കൂട്ടികൊണ്ട് പോയി. അവന്റെയൊപ്പം പോകുന്നതിനുമുൻപ് ശാരി മനുവിനായി ഒരു കത്തെഴുതി വച്ചിട്ടാണ് പോയത്.

വൈകുന്നേരം വീട്ടിലെത്തിയ മനു ഹാളിൽ മേശപ്പുറത്തിരുന്ന കത്ത് കണ്ടു. അവൻ അതെടുത്തു വായിച്ചു നോക്കി.

“പ്രിയപ്പെട്ട മനു ഏട്ടന്,

ഞാൻ എനിക്കിഷ്ടപ്പെട്ട ആളോടൊപ്പം പോവാ. മോളെ ഏട്ടൻ നന്നായി നോക്കണം. ഹോസ്പിറ്റലിൽ കൂടെ വർക്ക്‌ ചെയ്തിരുന്ന ധനേഷുമായി കഴിഞ്ഞ മൂന്നു വർഷമായി ഞാൻ അടുപ്പത്തിലാണ്.

മനസ്സിനെ എത്ര വിലക്കിയിട്ടും എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഏട്ടനോട് ചെയ്തത് തെറ്റാണെന്ന് അറിയാം. അറിയാതെ ചെയ്തു പോയ തെറ്റ് പിന്നീട് അറിഞ്ഞു കൊണ്ട് ചെയ്യാൻ തുടങ്ങി. ആ തെറ്റ് തിരുത്താനാണ് ഈ ഒളിച്ചോട്ടം.”

കത്ത് വായിച്ചു കഴിഞ്ഞു അവൻ മടക്കി പോക്കറ്റിൽ വച്ചു. ഇനി എന്ത് ചെയ്യണമെന്നറിയാതെ മനു ചിറകറ്റ പക്ഷിയെ പോലെ തളർന്നിരുന്നു.

സ്കൂൾ വിട്ട് വന്ന മോൾ അമ്മ എവിടെയെന്ന് അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് എന്തെങ്കിലും ചെയ്യണമെന്ന് അവന് തോന്നിയത്.

മനു, മോളെ അവന്റെ വീട്ടിൽ കൊണ്ട് വിട്ട ശേഷം വീട്ടുകാരോട് കാര്യം പറഞ്ഞിട്ട് നേരെ പോയത് പോലിസ് സ്റ്റേഷനിലേക്കാണ്. ശാരി എഴുതി വച്ചു പോയ കത്ത് അവൻ പോലീസിനെ ഏൽപ്പിച്ചു.

“സർ… അവളെ കണ്ടെത്തി തിരിച്ചു വീട്ടിൽ കൊണ്ട് പോവാൻ വേണ്ടിയല്ല ഞാൻ ഈ പരാതി തരുന്നത്. എനിക്കിനി അവളെ വേണ്ട, എന്റെ മോൾക്കും ഇങ്ങനെ ഒരമ്മയെ വേണ്ട സർ.” സ്റ്റേഷനിൽ നിന്ന് പോരാൻ നേരം അവൻ എസ് ഐ യോട് പറഞ്ഞത് ഇങ്ങനെയാണ്.

മനുവിന്റെ വീട്ടുകാർ വിളിച്ചു വിവരം പറഞ്ഞതിനെ തുടർന്ന് ശാരിയുടെ വീട്ടുകാർ അവന്റെ വീട്ടിൽ എത്തിച്ചേർന്നു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ തകർന്ന മനസ്സുമായി ഇരിക്കുന്ന മനുവിനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ വീട്ടുകാരും കൂട്ടുകാരും സഹതാപത്തോടെ അവനെ നോക്കി.

മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾ അവനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. എല്ലാവർക്കും മുന്നിൽ താനൊരു കഴിവ് കെട്ടവനായി ചിത്രീകരിക്കപ്പെടുമെന്ന് മനുവിന് തോന്നി.

ആ നിമിഷം ശാരിയോട് അവന് കലശലായ വെറുപ്പ് തോന്നി. ഈ നാണക്കേടിൽ നിന്ന് ഒളിച്ചോടാൻ ആ ത്മഹത്യ ചെയ്താലോന്ന് പോലും അവൻ ആലോചിച്ചു. മോളുടെ മുഖം മനസ്സിലേക്ക് വന്നപ്പോൾ മനു നിസ്സഹായനായി. താൻ കൂടി നഷ്ടപ്പെട്ടാൽ അവളുടെ ഭാവി എന്താകും.

അമ്മയെ കാണാതെ അച്ഛമ്മയുടെ മടിയിൽ കിടന്ന് പൊട്ടിക്കരയുന്ന മോളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു അവൻ ആശ്വസിപ്പിച്ചു. എന്തൊക്കെ സംഭവിച്ചാലും ശരി തന്റെ മോളെ ഒരു കുറവും വരുത്താതെ നന്നായി നോക്കണമെന്ന് അവൻ മനസ്സിൽ ചിന്തിച്ചു. പോയവരൊക്കെ പോട്ടെ…
മനുവിന്റെ മനസ്സ് പുതിയ തീരുമാനങ്ങൾ കൈകൊള്ളുകയായിരുന്നു.

ദിവസങ്ങൾക്കിപ്പുറം “മലയാളി നേഴ്സ് മുംബൈയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ, ഒപ്പമുണ്ടായിരുന്ന ആൾ ഒളിവിൽ. യുവതിയുടെ കൈയിലെ പണവും സ്വർണ്ണവും അപഹരിക്കപ്പെട്ടിട്ടുണ്ട്.” പത്രത്തിലെ വാർത്ത കണ്ടിട്ടും മനു ഞെട്ടിയില്ല. ശാരി അർഹിച്ചതാണ് അവൾക്ക് കിട്ടിയതെന്ന് അവന് തോന്നി.

കുടുംബ ബന്ധങ്ങളെ മറന്ന് സ്വന്തം സുഖം മാത്രം നോക്കി ഒളിച്ചോടുന്നവരുടെ ജീവിതം അവസാനിക്കുന്നത് എപ്പോഴും ദുരന്തത്തിൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *