വൈകാതെ തന്നെ ഇരുവരും പ്രണയബദ്ധരായി മാറി. അവരുടെ പ്രണയ ചേഷ്ടകൾ പരിധി വിടാൻ തുടങ്ങിയിരുന്നു. അതിന്റെ ഫലമാണ് മിഖിലിന്റെ ഈ വരവും.

(രചന: Sivapriya)

“അമ്മേ… ഞാനിന്ന് കോളേജിൽ പോകുന്നില്ല. നല്ല വയറ് വേദനയാ.” രാവിലെ ഓഫീസിൽ പോകാനിറങ്ങിയ ഊർമിളയുടെ അടുത്ത് വന്ന് ഇരുന്നുകൊണ്ട് മകൾ ഉത്തര പറഞ്ഞു.

“അതെന്താ നിനക്ക് പെട്ടെന്നൊരു വയറ് വേദന.? രാവിലെ എണീറ്റപ്പോഴൊന്നും ഒരു കുഴപ്പോമില്ലായിരുന്നല്ലോ.” സംശയ ദൃഷ്ടിയോടെ ഊർമിള മകളെ നോക്കി.

“കുറച്ചുമുൻപ് പീരിയഡ്‌സ് ആയി.” വല്ലായ്മയോടെ വയറ്റിൽ കൈവച്ചു കൊണ്ട് ഉത്തര പറഞ്ഞു.

“ഏഹ്… ഇത്ര പെട്ടെന്നൊ? പീരിയഡ്‌സ് ആകാൻ ഇനിയും രണ്ടാഴ്ച ഇല്ലേ. ഈ മാസത്തെ പീരിയഡ്‌സ് കഴിഞ്ഞിട്ട് രണ്ട് ആഴ്ച കഴിഞ്ഞതല്ലേയുള്ളു. അപ്പോഴേക്കും പിന്നെയും ആയോ.” ഊർമിള അവളെ അടിമുടി നോക്കി.

” ഈയിടെയായി ഈ അമ്മയ്ക്ക് ഞാൻ എന്ത് പറഞ്ഞാലും ചെയ്താലും സംശയം ആണല്ലോ. ചിലപ്പോൾ ഡേറ്റ് തെറ്റി ആയതായിരിക്കും. എനിക്കറിയില്ല എന്താ പെട്ടെന്ന് ആയതെന്ന്?”

“ശരിക്കും ആർത്തവം തന്നെ ആണോ? അതോ മനഃപൂർവം കോളേജിൽ പോകാതിരിക്കുന്നതാണോ? ഊർമിളയുടെ സംശയം മാറുന്നുണ്ടായിരുന്നില്ല.

“ഈ അമ്മയെന്താ ഇങ്ങനെ… ഞാനി തുണി അഴിച്ചു കാണിച്ചു തന്നാലേ അമ്മേടെ സംശയം മാറൂ.” കുറച്ച് ഉറക്കെ ദേഷ്യത്തിൽ ഉത്തര ചോദിച്ചു.

“ഛെ… ഇതെന്തോന്ന് വർത്താനാ… ഈയിടെയായി നിനക്ക് കുറച്ചു അഹങ്കാരം കൂടുന്നുണ്ട്. കോളേജിൽ പോണ മോൾടെ ഓരോ മാറ്റങ്ങൾ ഞാൻ അറിയുന്നില്ലെന്ന് വിചാരിക്കണ്ട.

കുറച്ചു നാളായി നിന്റെ മുഖത്ത് ഞാൻ കള്ളത്തരം കാണുന്നുണ്ട്. ഞാൻ കണ്ട് പിടിച്ചോളാം. അതുവരെ കാണൂ നിന്റെ ഈ ദേഷ്യവും തറുതല പറച്ചിലും.” ഗൗരവത്തിൽ ഊർമിള മകളെ നോക്കി.

“അമ്മയ്ക്ക് സംശയ രോഗമാണ്. അച്ഛൻ വിളിക്കുമ്പോ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്. ഒരു സ്വാതന്ത്ര്യം തരില്ല. എവിടെ പോയാലും എന്ത് ചെയ്താലും ഇങ്ങനെ പുറകെ നടക്കും. കൂടെ സംശയ രോഗവും.” ഈർഷ്യയോടെ ഉത്തര പറഞ്ഞു.

“പ്രായം തികഞ്ഞു നിൽക്കുന്ന മക്കളുള്ള എല്ലാ അമ്മമാർക്കും നെഞ്ചിൽ തീ ആയിരിക്കും. നിങ്ങൾ മക്കളോടുള്ള ഞങ്ങളുടെ കരുതൽ നിങ്ങൾക്ക് സംശയ രോഗമായും ശല്യമായുമൊക്കെ തോന്നും.” ഊർമിള പറയുന്നത് കേട്ടപ്പോൾ ഉത്തരയ്ക്ക് ദേഷ്യം വന്നു.

“ഹാ… എന്ത് പറഞ്ഞാലും ലാസ്റ്റ് ഈ ഒരു ഡയലോഗ് ഉണ്ട്.”

“നിന്നോട് തർക്കിക്കാൻ ഞാനില്ല. ഉലുവ വെള്ളം തിളപ്പിച്ച്‌ ഫ്ലാസ്കിൽ ആക്കി ഞാൻ റൂമിൽ വച്ചേക്കാം. നല്ല വേദന തോന്നിയാൽ എടുത്ത് കുടിക്ക്. പീരിയഡ്‌സ് ആണെന്ന് പറഞ്ഞു സമയത്തിന് ആഹാരം കഴിക്കാതെ കിടക്കരുത്. ഞാൻ എല്ലാം എടുത്ത് പാത്രത്തിലാക്കി മേശപ്പുറത്ത് വച്ചേക്കാം.

പിന്നെ ഞാൻ ഓഫീസിൽ പോകുമ്പോൾ കതക് പൂട്ടി താക്കോൽ കൊണ്ട് പോകും. നാട്ടിൽ നടക്കുന്ന ഓരോ വാർത്ത കേൾക്കുന്നുണ്ടല്ലോ നീ.

അതുകൊണ്ട് പുറത്ത് നിന്ന് നോക്കിയാൽ ആളനക്കം തോന്നാത്ത രീതിയിൽ വേണം ഇവിടെ ഇരിക്കാൻ. വയറ് വേദന കുറഞ്ഞാൽ ടീവി കണ്ടിരിക്കാതെ ബുക്ക് എടുത്ത് പഠിച്ചോണം. അടുത്ത മാസം ഫിഫ്ത് സെമെസ്റ്റർ എക്സാം തുടങ്ങുവല്ലേ.

പ്രായം തികഞ്ഞ പെണ്ണിനെ വീട്ടിൽ ഇരുത്തി പോകാൻ തന്നെ പേടിയാ. ഒന്നാമത് അയൽ വീടുകളിൽ ഒന്നും പകൽ സമയം ആരും ഉണ്ടാവില്ല. എല്ലാരും ജോലിക്കും പഠിക്കാനുമൊക്കെ പോകും.

അതുകൊണ്ട് സൂക്ഷിച്ചും കണ്ടുമൊക്കെ ഇരിക്കണം. വൈകുന്നേരം ഞാൻ നേരത്തെ വരാൻ നോക്കാം.” ഉത്തരയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകിയിട്ട് ഊർമിള തന്റെ ജോലികളിലേക്ക് തിരിഞ്ഞു.

ഊർമിളയ്ക്കും ഭർത്താവ് കുമാറിനും ഒരേയൊരു മകളാണ്, ഉത്തര. ബി എസ് സി മാക്സ് മൂന്നാം വർഷം. ഊർമിള യു. പി സ്കൂൾ ടീച്ചർ, കുമാർ ഗൾഫിൽ ജോലി ചെയ്യുന്നു. സന്തുഷ്ട കുടുംബം.

“ഉത്തരേ ഞാൻ ഇറങ്ങുവാണേ. ചോറ് കഴിച്ചിട്ട് വേസ്റ്റ് കളയാൻ ഇറങ്ങിയാൽ തിരിച്ചു കേറുമ്പോൾ അടുക്കള വശത്തെ കതക് മറക്കാതെ അടയ്ക്കണം. എന്തെങ്കിലും അത്യാവശ്യം വന്നാൽ മോള് ഫോണിൽ വിളിച്ചാൽ മതി.

അടുത്ത മാസോം ഇങ്ങനെ തന്നെ നേരത്തെ പീരിയഡ്‌സ് ആവുന്നെങ്കിൽ നമുക്ക് ഡോക്ടറെ പോയി കാണിക്കാം.” ബെഡിൽ കിടക്കുന്ന ഉത്തരയ്ക്ക് അരികിൽ വന്നിരുന്നു ശിരസ്സിൽ തലോടി പറഞ്ഞ ശേഷം ഊർമിള ബാഗും എടുത്ത് മുൻവശത്തെ വാതിൽ പൂട്ടി ഇറങ്ങി.

ഒരുവേള അമ്മയോട് കള്ളം പറഞ്ഞതോർത്തു ഉത്തരയ്ക്ക് കുറ്റബോധം തോന്നി. അപ്പോഴാണ് അവളുടെ ഫോണിലേക്ക് മിഖിലിന്റെ കാൾ വരുന്നത്. മനസ്സിൽ തോന്നിയ കുറ്റബോധം നിമിഷ നേരത്തിനുള്ളിൽ മറന്നുകൊണ്ട് ആവേശത്തോടെ അവൾ കാൾ അറ്റൻഡ് ചെയ്തു.

“ഹലോ… മിഖീ..” ഉത്തര പ്രണയപൂർവ്വം വിളിച്ചു.

“നിന്റെ അമ്മ ഇറങ്ങിയോ?” മറുവശത്തു നിന്നും മിഖിലിന്റെ ചോദ്യം വന്നു.

“ഹാ… ഇപ്പൊ പോയതേയുള്ളു.”

“എങ്കിൽ ഞാനങ്ങോട്ടു വരട്ടെ..”

“ഉം.. വേഗം വാ.. വൈകിട്ട് അമ്മ നേരത്തെ വരും. അതുകൊണ്ട് വന്നിട്ട് പെട്ടന്ന് തിരിച്ചു പൊയ്ക്കോണം.”

“അതൊക്കെ പോയേക്കാം… ഞാൻ ദാ വരുവാണേ.”

“ഉം.. ഓക്കേ..” ഫോൺ കട്ട്‌ ചെയ്ത ശേഷം ഉത്തര അടുക്കള വശത്തേക്ക് ചെന്ന് പിൻവാതിൽ തുറന്നിട്ട് മിഖിലിന്റെ വരവിനായി കാത്ത് നിന്നു. അടുത്തുള്ള വീട്ടിലൊന്നും ആരുമില്ലാത്തത് അവൾക്ക് കുറച്ചു ധൈര്യം നൽകി.

ഉത്തരയുടെ കൂട്ടുകാരിയായ ലിനിയുടെ ലവർ ഓസ്റ്റിന്റെ സുഹൃത്താണ് മിഖിൽ. ലിനിയെ കാണാനായി ഓസ്റ്റിൻ വരുമ്പോൾ അവനോടൊപ്പം കൂട്ടിനായി മിഖിലും വരാറുണ്ടായിരുന്നു. ആ പരിചയം ഉത്തരയെയും മിഖിലിനെയും തമ്മിലടുപ്പിച്ചു. വൈകാതെ തന്നെ ഇരുവരും പ്രണയബദ്ധരായി മാറി.

അവരുടെ പ്രണയ ചേഷ്ടകൾ പരിധി വിടാൻ തുടങ്ങിയിരുന്നു. അതിന്റെ ഫലമാണ് മിഖിലിന്റെ ഈ വരവും. എഞ്ചിനീയറിംഗ് കഴിഞ്ഞു സപ്ലി എക്സാം എഴുതി നടക്കുകയാണ് മിഖിൽ. അവന്റെ നിരന്തരമായ ആവശ്യ പ്രകാരമാണ് ഉത്തര അവനെ വീട്ടിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത്.

ബസ്സ്റ്റോപ്പിന് അടുത്തുള്ള പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തിയ ശേഷം ഉത്തര അയച്ചു കൊടുത്ത ലൊക്കേഷൻ നോക്കി മിഖിൽ നടന്നു.

അവന്റെ എതിർവശത്തു കൂടി നടന്ന് വരികയായിരുന്ന ഊർമിള മിഖിലിനെ കണ്ടപ്പോൾ സംശയത്തോടെ ഒന്ന് നോക്കി. കാരണം അവരുടെ ഹൗസിങ് കോളനിയിൽ മിഖിൽ ആദ്യമായിട്ടാണ് വരുന്നത്. ഇതുവരെ കണ്ട് പരിചിതമല്ലാത്ത ഒരു പയ്യനെ അവിടെ വച്ച് കണ്ടപ്പോൾ ഊർമിളയ്ക്ക് സംശയമായി.

അവൻ പക്ഷേ അവരെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്ന് വളവിൽ മറഞ്ഞു. മിഖിൽ നടന്നു മറഞ്ഞ വഴിയിലേക്ക് നോക്കി ചിന്താഭാരത്തോടെ കുറച്ചു നിമിഷങ്ങൾ നിന്ന ശേഷം ഊർമിള ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു പോയി.

“മിഖീ… നിന്റെ സപ്ലി ഒക്കെ എഴുതി എടുത്ത് കഴിഞ്ഞാൽ വീട്ടുകാരെയും കൂട്ടി ഇവിടെ വന്ന് പെണ്ണ് ചോദിക്കില്ലേ.?” മിഖിലിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നുകൊണ്ട് ഉത്തര ചോദിച്ചു.

“വരുമെടി… ഈ മിഖിലിന് ഒരു വാക്കേ ഉള്ളു. സപ്ലി എഴുതി എടുത്ത് ഒരു ജോലി ഒപ്പിച്ച ശേഷം വരാം ഞാൻ.” അവളുടെ കൈവിരലുകളിൽ ഉമ്മ വച്ചുകൊണ്ട് മിഖിൽ പറഞ്ഞു.

“അത് വേണ്ട… നിനക്ക് ജോലി കിട്ടുന്നതിന് മുൻപ് തന്നെ നമ്മുടെ എൻഗേജ്മെന്റ് നടത്തി വയ്ക്കണം. അല്ലെങ്കിൽ ജോലിക്ക് പോകുന്ന സ്ഥലത്തു വേറെന്തെങ്കിലും സുന്ദരി പെണ്ണുങ്ങളെ കണ്ടാൽ നീ അവരെ പിന്നാലെ പോവില്ലെന്ന് എന്ത് ഉറപ്പാ?”

“എത്ര സുന്ദരിമാർ എന്റെ പുറകിൽ വന്നാലും എനിക്ക് നീ മതി ഉത്തരാ.” പ്രണയത്തോടെ അവൻ അവളെ നോക്കി. പിന്നെ മെല്ലെ കുനിഞ്ഞു അവളുടെ അധരങ്ങൾ നുകരാൻ തുടങ്ങി. പതിയെ പതിയെ ഉത്തരയുടെ കൈകൾ അവനെ വരിഞ്ഞുമുറുക്കി.

“നമുക്ക് ഇതൊക്കെ വേണോ മിഖി… എനിക്കെന്തോ പേടി തോന്നുന്നു. ഇപ്പൊ ഇതൊന്നും വേണ്ടടാ.” മിഖിലിന്റെ കരങ്ങൾ അവളുടെ മാറിടങ്ങളിലൂടെ തെന്നി നീങ്ങി അടിവയറും കഴിഞ്ഞു താഴേക്ക് പോയപ്പോൾ അവൾ അവനെ തടയാൻ വൃഥാ ശ്രമിച്ചു.

“ഇതൊക്കെ നമ്മൾ ഇന്നലെ തന്നെ പറഞ്ഞു വച്ചതല്ലേ ഉത്തരാ. എനിക്കും നിനക്കും ഒരുപോലെ തന്നെ ഈ സുഖം എന്തെന്ന് അറിയാനുള്ള ആഗ്രഹം അടക്കാൻ കഴിയാതെ വന്നത് കൊണ്ടല്ലേ ഇങ്ങനെ ഒരു ദിവസം പ്ലാൻ ചെയ്തത്.

എന്നിട്ട് നീയെന്താ ഇപ്പൊ ഇങ്ങനെ. ഞാൻ എത്ര കഷ്ടപ്പെട്ട ആരുടെയും കണ്ണിൽ പെടാതെ ഇവിടെ വരെ എത്തിയത്.”മുഷിച്ചിലോടെ അത് പറഞ്ഞുകൊണ്ട് മിഖിൽ അവളിൽ നിന്നും വിട്ടുമാറി ബെഡിലേക്ക് കിടന്നു.

“സോറി മിഖി.. ഞാൻ പെട്ടെന്ന് എന്തോ പേടി തോന്നിയിട്ട് അല്ലെ അങ്ങനെ പറഞ്ഞെ. നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ പിണങ്ങി മാറി കിടക്കല്ലേ. പ്രെഗ്നന്റ് എങ്ങാനും ആയിപോകുമോ എന്ന പേടിയിലാടാ ഞാൻ…” വാക്കുകൾ പകുതിക്ക് നിർത്തി അവൾ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.

നഗ്നമായ അവളുടെ മാറിടങ്ങൾ ദേഹത്ത് അമർന്നപ്പോൾ പിണക്കം മറന്ന് മിഖിൽ അവളെ ചുറ്റിപ്പിടിച്ചു.

“പ്രെഗ്നന്റ് ആവാതിരിക്കാൻ അല്ലെ നമ്മൾ കോണ്ടം യൂസ് ചെയ്യുന്നത്. പിന്നെ എനിക്ക് നല്ല സ്റ്റാമിന ഉണ്ട്. നീ പേടിക്കണ്ട…” അവളുടെ കഴുത്തിടുക്കിൽ മുഖം അമർത്തി ചെവിയോരം അവനത് പറയുമ്പോൾ ഇക്കിളി പൂണ്ട് അവൾ മെല്ലെ ചിരിച്ചു.

സ്കൂളിൽ എത്തി സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ ഊർമിളയ്ക്ക് ആകെയൊരു പരവേശമായിരുന്നു. തങ്ങളുടെ ഹൗസിങ് കോളനിയിൽ വച്ച് കണ്ട ചെറുപ്പക്കാരനും പതിവില്ലാതെയുള്ള മകളുടെ വയറുവേദനയുമൊക്കെ അവരിൽ സംശയം ജനിപ്പിച്ചു.

കുറച്ചു നാളുകളായുള്ള ഉത്തരയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ഊർമിളയുടെ മനസ്സിലൂടെ കടന്നുപോയി.

തന്റെ മകൾ അരുതാത്ത പ്രവർത്തികളൊന്നും ചെയ്യില്ലെന്ന് മനസ്സിന്റെ പാതി പറയുമ്പോൾ മറുപാതി അങ്ങനെ അല്ലെന്ന് അവരോട് പറഞ്ഞു കൊണ്ടിരുന്നു. സമാധാനം നഷ്ടപ്പെട്ട ഊർമിള ഫോൺ എടുത്ത് ഉത്തരയെ വിളിച്ചു നോക്കി. മൂന്നു തവണ റിംഗ് അടിച്ചു തീർന്ന് നിന്നിട്ടും കാൾ അറ്റൻഡ് ചെയ്യപ്പെട്ടില്ല.

ആരും വിളിക്കാനില്ലല്ലോന്ന് കരുതി ഫോൺ സൈലന്റ് മോഡിൽ ഇട്ടിട്ട് മിഖിലുമായി സ്വകാര്യ നിമിഷങ്ങൾ പങ്ക് വയ്ക്കുന്ന തിരക്കിലായിരുന്ന ഉത്തര അമ്മയുടെ കാളുകൾ വരുന്നത് അറിഞ്ഞതേയില്ല.

“മോൾക്ക് സുഖമില്ല സർ… വീട്ടിൽ തനിച്ചാക്കി വന്നത് കൊണ്ട് ഒരു സമാധാനം കിട്ടുന്നില്ല. ഇന്നിനി ഇവിടെ തുടർന്നാലും ക്ലാസ്സ്‌ എടുക്കാനുള്ള മാനസികാവസ്ഥയിലല്ല സർ.” ലീവ് ചോദിക്കാൻ പ്രിൻസിപ്പളിന്റെ മുറിയിലിരിക്കുകയായിരുന്നു ഊർമിള.

“ടീച്ചർക്ക് വീട്ടിൽ പോകണമെങ്കിൽ ഹാഫ് ഡേ ലീവ് എഴുതി തന്ന് പൊയ്ക്കോളൂ. മോൾക്ക് സുഖമില്ലാത്തതല്ലേ. എന്തായാലും ഹോസ്പിറ്റലിൽ കൂടി ഒന്ന് കാണിച്ചേക്കു.” പ്രിൻസിപ്പൽ അവർക്ക് ലീവ് അനുവദിച്ചു കൊണ്ട് പറഞ്ഞു.

“താങ്ക്യൂ സർ.” സ്കൂളിൽ ഹാഫ് ഡേ ലീവിന് എഴുതി കൊടുത്ത ശേഷം ഊർമിള വേഗം ഓട്ടോറിക്ഷ പിടിച്ചു വീട്ടിലേക്ക് തിരിച്ചു.

യാത്രാമധ്യേ അവർ വീണ്ടും വീണ്ടും ഉത്തരയുടെ ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും കാൾ എടുത്തില്ല. അതോടെ ഊർമിളയുടെ മനസ്സിൽ സംശയത്തിന്റെ നാമ്പുകൾ മുളപൊന്തി. വയർ വേദന ആണെന്ന് മകൾ മനഃപൂർവം കള്ളം പറഞ്ഞു വീട്ടിൽ ഇരിക്കുകയാണെന്ന് അവർക്ക് തോന്നി.

ദിവസേന പല തരം കുട്ടികളെ കാണുകയും ഇട പഴകുകയും ചെയ്യുന്നത് കൊണ്ട് ഉത്തരയിൽ ഉണ്ടാകുന്ന മാറ്റങ്ങളും അവളുടെ പ്രവർത്തികളും ഊർമിളയ്ക്ക് ഡൌട്ട് തോന്നിച്ചിരുന്നു. പക്ഷേ വ്യക്തമായ തെളിവുകൾ ഇല്ലാത്തത് കൊണ്ട് ഉത്തരയെ ചോദ്യം ചെയ്യാതെ വിട്ട് വയ്ക്കുകയായിരുന്നു ഊർമിള.

ഒരിക്കൽ മകളോട് ആരുമായെങ്കിലും റിലേഷനിൽ ആണോന്നും എങ്കിൽ അമ്മയോട് തുറന്നു പറയണമെന്നും പറഞ്ഞപ്പോൾ വരാലിനെ പോലെ അവൾ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. അന്നുതൊട്ട് ഉത്തരയെ നോട്ടമിട്ട് വച്ചതായിരുന്നു ഊർമിള.

വീടിന് മുന്നിൽ ഓട്ടോറിക്ഷ നിർത്തി ഓട്ടോ ഡ്രൈവർക്ക് പൈസ കൊടുത്ത ശേഷം ഊർമിള ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.

താഴത്തെ മുറിയിലെ ബെഡ്‌റൂമിന്റെ ജനൽ തുറന്നാണ് കിടക്കുന്നത്. രാവിലെ ഉത്തര കിടന്നിരുന്നത് അവിടെയായിരുന്നു. ആ ഭാഗത്തേക്ക്‌ ചെന്ന് ജനൽ തുറന്നു നോക്കിയപ്പോൾ അകത്തു ആരുമില്ല. ബെഡിൽ ഉത്തരയുടെ ഫോൺ കിടപ്പുണ്ടായിരുന്നു.

ഒരു നിമിഷം പോലും ഫോൺ തറയിൽ വയ്ക്കാത്തവൾ ഫോൺ മുറിയിലിട്ട് എങ്ങോട്ട് പോയെന്ന ചിന്തയോടെ ഊർമിള ബാഗിൽ നിന്ന് താക്കോൽ എടുത്ത് മുൻവാതിൽ തുറന്നു. താഴത്തെ റൂമുകളിൽ ഒന്നും അവൾ ഉണ്ടായിരുന്നില്ല.

ഉത്തരയെ അന്വേഷിച്ചു കൊണ്ട് അവർ മുകൾ നിലയിലേക്കുള്ള സ്റ്റെപ്പുകൾ കയറി. മനസ്സിൽ ആധി പടരുന്നത് പോലെ ഊർമിളയ്ക്ക് തോന്നി.

മുകളിലത്തെ ബെഡ് റൂമുകളിൽ ഒന്നിൽ നിന്നും അടക്കിപ്പിടിച്ച ശബ്ദങ്ങൾ കേൾക്കുന്നത് കേട്ടതും ഒരു ഞെട്ടലോടെ വിറയ്ക്കുന്ന ചുവടുകളോടെയാണ് ഊർമിള വാതിലിനു അടുത്തേക്ക് ചെന്നത്. ചാരിയിട്ടിരുന്ന വാതിൽ തള്ളിതുറന്ന ഊർമിള അകത്തെ കാഴ്ച്ച കണ്ട് ഞെട്ടിപ്പിടഞ്ഞുപോയി.

തന്നോളം വളർന്ന മകൾ തന്റെ കണ്മുന്നിൽ നൂൽ ബന്ധമില്ലാതെ അന്യ പുരുഷനൊപ്പം കിടക്ക പങ്കിടുന്ന കാഴ്ച ഏത് അമ്മയ്ക്കാണ് കണ്ട് നിൽക്കാനാവുക.

“ഉത്തരേ…” ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവർ അവളുടെ അടുത്തേക്ക് പാഞ്ഞു.

അപ്രതീക്ഷിതമായി ഊർമിളയെ അവിടെ കണ്ടതും ഇരുവരും ഞെട്ടിപ്പിടഞ്ഞു എണീറ്റു. കൈയ്യിൽ കിട്ടിയ ബെഡ് ഷീറ്റ് വാരിച്ചുറ്റികൊണ്ട് നടുക്കത്തോടെയും ഞെട്ടലോടെയും ഉത്തര അമ്മയെ നോക്കി. മുറിയുടെ മൂലയ്ക്ക് അഴിച്ചിട്ടിരുന്ന ജീൻസ് എടുത്ത് ഇട്ടുകൊണ്ട് മിഖിലും തെല്ലു ഭയത്തോടെ അവരെ നോക്കി നിന്നു.

ഊർമിള അടിമുടി വിറയ്ക്കുകയാണ്. ദേഷ്യവും അപമാനവും കൊണ്ട് ആ അമ്മയുടെ മുഖം വലിഞ്ഞു മുറുകി.

നാണക്കേട് കാരണം ഇരുവരും മുഖം കുനിച്ചു. എന്ത് ചെയ്യണമെന്നറിയാതെ മുഖം ഉയർത്തി അവരെയൊന്ന് നോക്കാനുള്ള കേൾപ്പില്ലാതെ രണ്ടുപേരും അപമാന ഭാരത്താൽ ശിരസ്സ് കുനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഊർമിള അവർക്കടുത്തേക്ക് ചെന്നു.

“ഇതിനാണോടി നിന്നെ ഞാൻ കഷ്ടപ്പെട്ട് പഠിപ്പിക്കാൻ വിട്ടത്.” കൈവീശി ഉത്തരയുടെ കവിളത്തു ഒരെണ്ണം പൊട്ടിച്ചു കൊണ്ട് ഊർമിള വിറപൂണ്ടു.

“നാണമുണ്ടോ ചെറുക്കാ നിനക്ക്? മുട്ടേന്നു വിരിഞ്ഞിട്ടില്ല അതിനുമുൻപ് ഇറങ്ങിയേക്കുവാ അവൻ. നിന്റെ അച്ഛനെയും അമ്മയെയും എവിടെയാ. അവരെ നമ്പർ പറയ്യ്… കയ്യോടെ ഇങ്ങോട്ട് വിളിക്കാം. അവരും കാണട്ടെ മകന്റെ തോന്ന്യവാസം.” മിഖിലിന്റെ കരണം പുകച്ചു അടുത്ത അടി കൊടുത്തു കൊണ്ട് ഊർമിള പറഞ്ഞു.

“അയ്യോ ആന്റി ചതിക്കരുത്… ഉത്തര നിർബന്ധിച്ചു വിളിച്ചിട്ട ഞാൻ വന്നത്. ഇതൊന്നും വേണ്ടെന്ന് ഞാൻ ആദ്യമേ പറഞ്ഞതാ. പക്ഷേ ഇവൾ കേട്ടില്ല. ഇനി മേലിൽ ഇത് ആവർത്തിക്കില്ല.” ഒരടി കിട്ടിയപ്പോൾ തന്നെ മിഖിൽ അവളെ തള്ളിപ്പറഞ്ഞു.

“അമ്മേ ഞാൻ..” വിങ്ങിപ്പൊട്ടികൊണ്ട് ഉത്തര എന്തോ പറയാൻ തുടങ്ങി.

“ഛീ നിർത്തടി…” ഊർമിള കയ്യെടുത്തു വിലക്കി.

“ഇനിയും എന്റെ കൈയ്യിൽ നിന്ന് തല്ല് കിട്ടണ്ടെങ്കിൽ എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപോടാ നായെ.” പല്ല് ചെരിച്ചു കൊണ്ട് ഊർമിള മിഖിലിനെ നോക്കി.

ജീവൻ തിരിച്ചു കിട്ടിയതുപോലെ തന്റെ വസ്ത്രങ്ങൾ ധൃതിയിൽ എടുത്തിട്ട് കൊണ്ട് ഉത്തരയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മിഖിൽ അവിടെ നിന്നും പലായനം ചെയ്തു.

“എന്റെ മോള് ഇത്രേം വളർന്നത് അമ്മ അറിയാതെ പോയി. കുറച്ചെങ്കിലും നാണവും മാനവും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു വൃത്തികേട് ചെയ്യുമായിരുന്നോ നീ. എന്നെ ഓർത്തില്ലെങ്കിലും വേണ്ടില്ല, മരുഭൂമിയിൽ കിടന്ന് നിനക്ക് വേണ്ടി കഷ്ടപ്പെടുന്ന നിന്റെ അച്ഛനെയെങ്കിലും ഓർക്കാമായിരുന്നു നിനക്ക്. ”

“പറ്റിപ്പോയി അമ്മേ..” വിതുമ്പി വിതുമ്പി ഉത്തര പറഞ്ഞൊപ്പിച്ചു.

“അത്‌ പറയാൻ നിനക്ക് അൽപ്പം പോലും നാണമില്ലേ. ഇങ്ങനെയൊരു കാഴ്ച കാണാനായിരുന്നോ നിന്നെ കഷ്ടപ്പെട്ട് വളർത്തിയത്.

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… ഞങ്ങളോട് കുറച്ചെങ്കിലും നിനക്ക് സ്നേഹമുണ്ടെങ്കിൽ ഇതിന്റെ പേരിൽ അബദ്ധം ഒന്നും കാണിച്ചു ഞങ്ങളെ നാണം കെടുത്തി സമൂഹത്തിന് മുന്നിൽ കൊല്ലാകൊല ചെയ്യരുത്. അത്രേ എനിക്ക് നിന്നോട് പറയാനുള്ളു.”

പൊട്ടിവന്ന തേങ്ങൽ നെഞ്ചിലൊതുക്കി ഹൃദയ വേദനയോടെ ഊർമിള തന്റെ മുറിയിലേക്ക് പോയി.

ഒരിക്കലും ഒരമ്മയ്ക്കും തങ്ങാൻ കഴിയാത്ത കാഴ്ചയാണ് അവർ കുറച്ചുമുൻപ് കണ്ടത്. അത് അവരുടെ ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ഉലച്ചു കളഞ്ഞു.

എന്ത് ചെയ്യണമെന്നോ പറയണമെന്നോ രൂപമില്ലാതെ ആ അമ്മ മനം വിങ്ങിപ്പൊട്ടി. മകളിൽ ഉണ്ടായിരുന്ന വിശ്വാസമാണ് ഇല്ലാതായിരിക്കുന്നത്. ഇനിയൊരിക്കലും ഒന്നും പഴയത് പോലെ ആവില്ല.

നിമിഷ നേരത്തെ സുഖത്തിനു വേണ്ടി താൻ നശിപ്പിച്ചത് മകളെ കുറിച്ചുള്ള ഒരു അമ്മയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും വിശ്വാസവുമാണെന്ന തിരിച്ചറിവിൽ നെഞ്ച് നീറി മാപ്പ് ചോദിക്കാനുള്ള അർഹത പോലുമില്ലാതെ ഉത്തരയുടെ ഉള്ളവും വെന്തുനീറി.

അവളും മനസ്സിലാക്കുകയായിരുന്നു ഇനിയൊരിക്കലും ഒന്നും പഴയത് പോലെ ആവില്ലന്ന്. ചെയ്തുപോയ തെറ്റിൽ അമ്മയോട് മനസ്സുകൊണ്ട് മാപ്പ് പറഞ്ഞു ഊർമിളയുടെ ഒരു നോട്ടത്തിനായി അവൾ പിന്നാലെ ചെന്നുവെങ്കിലും അവർ അവളെ മൈൻഡ് ചെയ്തില്ല.

അങ്ങനെയൊരു മകൾ മരിച്ചത് പോലെയായിരുന്നു ഊർമിളയുടെ പെരുമാറ്റം. അത്രയേറെ ആ അമ്മ മനം മുറിവേറ്റിരുന്നു. എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ ചെയ്തുപോയ തെറ്റിന് അമ്മയ്ക്ക് മുന്നിൽ ഒരായിരം തവണ മാപ്പിരന്നു മകളും അമ്മയുടെ മാറ്റത്തിനായി ആഗ്രഹിച്ച് കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *