ഇവളെ പോലൊരു മച്ചിയായ പെണ്ണിനെ നീ എന്തിനാടാ ഇനിയും ചുമക്കുന്നേ. അവളെ ഉപേക്ഷിച്ചിട്ട് നിനക്ക് വേറെ പെണ്ണിനെ കെട്ടിക്കൂടെ.

(രചന: Sivapriya)

“ഇവളെ പോലൊരു മച്ചിയായ പെണ്ണിനെ നീ എന്തിനാടാ ഇനിയും ചുമക്കുന്നേ. അവളെ ഉപേക്ഷിച്ചിട്ട് നിനക്ക് വേറെ പെണ്ണിനെ കെട്ടിക്കൂടെ.

എന്റെ കണ്ണടയുന്നതിന് മുൻപ് നിന്റെ കൊച്ചിനെ മടിയിലിരുത്തി ലാളിക്കണമെന്ന ആഗ്രഹം കൊണ്ട് പറയുവാടാ മോനെ.” രാജേശ്വരി മൂക്ക് പിഴിഞ്ഞ് കൊണ്ട് രാജീവിനോട്‌ പറഞ്ഞു.

“അമ്മ പറഞ്ഞത് ശരിയാ. എനിക്കും പ്രായം ഏറി വരുന്നുണ്ട്. എത്ര നാളെന്ന് വച്ചാണ് ട്രീറ്റ്മെന്റ് ചെയ്യുന്നത്. എന്നിട്ട് ഇതുവരെ ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. എനിക്കും മടുത്തു തുടങ്ങി അമ്മേ.” രാജീവ് വല്ലായ്മയോടെ ശ്രീദേവിയെ നോക്കി.

അമ്മയുടെയും മകന്റെയും സംസാരം കേട്ടുകൊണ്ട് വാതിൽ പടിയിൽ കുനിഞ്ഞ ശിരസ്സുമായി നിൽക്കുകയാണ് ശ്രീദേവി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

“നിനക്കും ഇവളെ വേണ്ടെന്നാണെങ്കിൽ എത്രയും പെട്ടന്ന് തന്നെ അവളെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടേക്ക്. എനിക്കൊരു പേരക്കുട്ടിയെ തരാൻ പോലും കഴിവില്ലാത്ത ഇവളെ നീ ഇനിയും എന്തിനാ ഭാര്യയായി വച്ചേക്കുന്നത്.

എത്ര വർഷമായി ശ്രീദേവിയെ ഉപേക്ഷിക്കാൻ ഞാൻ നിന്നോട് പറയുന്നു. അന്നേ അത് കേട്ടിരുന്നെങ്കിൽ ഇന്ന് ഈ വീട്ടുമുറ്റത്ത് നിന്റെ മക്കൾ ഓടി നടക്കുന്നത് കാണാമായിരുന്നു.” വെറുപ്പോടെ രാജേശ്വരി ശ്രീദേവിയെ ഒന്ന് പാളി നോക്കിക്കൊണ്ട് മകനോട് പറഞ്ഞു.

തനിക്കൊന്നും പറയാനില്ലാത്തതിനാൽ ശ്രീദേവി മെല്ലെ അവർക്കിടയിൽ നിന്നും മുറിയിലേക്ക് പിൻവാങ്ങി. കട്ടിലിലേക്ക് ചെന്ന് വീണ് തലയിണയിൽ മുഖം പൂഴ്ത്തി അവൾ മതിയാവോളം കരഞ്ഞു.

“ഇത് തന്റെ വിധിയാണ്. ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത ഭാഗ്യം കെട്ടവൾ. പ്രശ്നം തന്റെ മാത്രം ആണ്. അതിനു ആരെയും പഴി പറഞ്ഞിട്ടും കാര്യമില്ല.” വേദനയോടെ ശ്രീദേവി ചിന്തിച്ചു.

“ഇനി വച്ച് വൈകിപ്പിക്കുന്നില്ലമ്മേ. അവളുടെ വീട്ടുകാരോട് കൂടി സംസാരിച്ചു മ്യൂചൽ ഡിവോഴ്സ് പെറ്റീഷൻ കൊടുക്കാമെന്നാണ് ഞാൻ വിചാരിക്കുന്നത്.” രാജീവ് താടിയുഴിഞ്ഞു കൊണ്ട് ഇരുന്നു.

“ഹാ അത് നന്നായി മോനെ. എന്ത് ചെയ്താലും പെട്ടന്ന് വേണം. അമ്മ നിനക്ക് വേറൊരു നല്ല പെങ്കൊച്ചിനെ കണ്ടു പിടിച്ചു തരും. അവൾ പ്രസവിക്കുന്ന നിന്റെ മക്കൾ ഈ വീട്ടുമുറ്റത്ത് ഓടികളിക്കുന്നത് കണ്ടിട്ടേ ഞാൻ ചാകത്തൊള്ളൂ.” രാജേശ്വരി വീറോടെ പറഞ്ഞു.

“ഉം… ഞാൻ ഉടനെ തന്നെ ശ്രീദേവിയുടെ വീട്ടുകാരെ വിളിക്കുന്നുണ്ട്. ഞാനൊന്ന് പുറത്തു പോയിട്ട് വരാം.” മേശപ്പുറത്ത് കിടന്ന ബൈക്കിന്റെ കീ എടുത്ത് രാജീവ് പുറത്തേക്ക് പോയി.

രാജീവിന്റെയും ശ്രീദേവിയുടെയും വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞു. ഇതുവരെ കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല.

കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു ശ്രീദേവി ഗർഭിണി ആയെങ്കിലും അഞ്ചാം മാസം ബാത്‌റൂമിൽ തെന്നി വീണപ്പോൾ നിലത്ത് വയറിടിച്ചു അബോർഷൻ ആയിപോയി. അതിന് ശേഷം പിന്നീടവൾ ഗർഭിണി ആയിട്ടേയില്ല.

കാണിക്കാവുന്ന ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു കുറേ പൈസ ചിലവാക്കി ഡോക്ടർസ് പറഞ്ഞ ടെസ്റ്റുകളും മരുന്നുകളുമൊക്കെ തുടർന്ന് പോന്നതാണ്. അങ്ങനെ വർഷം പത്തു കഴിഞ്ഞെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പ്രശ്നം ശ്രീദേവിക്ക് ആയിരുന്നു.

ആദ്യം ഓവറിയിൽ സിസ്റ്റിന്റെ പ്രശ്നം ആയിരുന്നു. അത് കഴിഞ്ഞു തൈറോയ്ഡ് പ്രോബ്ലം ആയി. അങ്ങനെ പീരിയഡ്സ് സമയം തെറ്റി വന്നുകൊണ്ടിരുന്നു. മുറ തെറ്റാതെ ചികിത്സ നടത്തി ഓരോ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ അടുത്ത പ്രോബ്ലം ഉണ്ടാവും.

ഒരു കുഞ്ഞിന് വേണ്ടിയുള്ള ശ്രീദേവിയുടെയും രാജീവിന്റെയും കാത്തിരിപ്പ് നീണ്ട് നീണ്ട് പോയി. ആദ്യമൊക്കെ രാജീവിന് ശ്രീദേവിയോട് ഭയങ്കര സ്നേഹമായിരുന്നെങ്കിലും പോകപോകെ അമ്മയുടെ കുത്തുവാക്കുകൾ രാജീവിലും മടുപ്പ് നിറച്ച് കൊണ്ടിരുന്നു.

ഒരു കുഞ്ഞെന്നുള്ള തന്റെ ആഗ്രഹം പൂർത്തീകരിച്ചു തരാനുള്ള കഴിവ് ശ്രീദേവിക്കില്ലെന്നുള്ള സത്യം അവൻ പതിയെ മനസ്സാൽ അംഗീകരിച്ചു തുടങ്ങിയിരുന്നു. കാത്തിരിപ്പ് വിഫലമാണെന്നും അവളൊരിക്കലും ഗർഭിണി ആവില്ലെന്നും അവന് തോന്നി. അത്‌ കാരണം രാജീവ്‌ അവളിൽ നിന്നും മാനസികമായി അകന്ന് തുടങ്ങി.

തന്റെ ശാരീരികമായ പ്രശ്നങ്ങൾ കൊണ്ടാണ് കുഞ്ഞുങ്ങൾ എന്ന ആഗ്രഹം ഒരു സ്വപ്നമായി ശേഷിക്കുന്നതെന്ന സത്യം ശ്രീദേവിയും അംഗീകരിച്ചിരുന്നു.

രാജീവിന്റെ അകൽച്ചയും മച്ചിയെന്ന് വിളിച്ചുള്ള അമ്മായിയമ്മയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരിഹാസങ്ങളും കുത്തുവാക്കുകളുമാണ് അവളെ ഏറെ വേദനിപ്പിച്ചത്. ശ്രീദേവിയുടെ വീട്ടുകാർ മാത്രമാണ് അവളുടെ വിഷമം മനസ്സിലാക്കി ഒപ്പം ചേർത്ത് പിടിക്കുന്നത്.

“അമ്മേ… ഇനിയും എനിക്കിവിടെ പിടിച്ചു നിൽക്കാനാവില്ല. ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തത് കൊണ്ട് രാജീവിനും എന്നെ ഇപ്പോൾ വേണ്ടാതായി അമ്മേ. അതിന് രാജീവിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും രാജേശ്വരി അമ്മയുടെ കുത്തുവാക്കും പരിഹാസവും കേട്ടുകൊണ്ടിരിക്കണം. എനിക്ക് മടുത്തമ്മേ.

ഉടനെ തന്നെ രാജീവ്‌ എന്നെ വീട്ടിൽ കൊണ്ട് വിടും. ഇന്ന് അതേക്കുറിച്ചൊക്കെ ഇവിടെ അമ്മയും മോനും എന്റെ മുന്നിൽ വച്ചാ സംസാരിച്ചത്.

ഇത്രയും നാൾ രാജീവ്‌ എന്ന ഒറ്റ പ്രതീക്ഷയിലാണ് എല്ലാം സഹിച്ചു ഇവിടെ നിന്നത്. ഇനി ആർക്ക് വേണ്ടിയാണമ്മേ ഞാനിവിടെ കടിച്ചു തൂങ്ങി നിൽക്കേണ്ടത്. ജോയിന്റ് ഡിവോഴ്സ് പെറ്റീഷൻ റെഡിയാക്കാനുള്ള ഒരുക്കത്തിലാണ് രാജീവ്‌ ഇപ്പോൾ.

എന്നെ രാജീവ്‌ ആയിട്ട് കൊണ്ട് വിടുന്നതിനു മുൻപ് ഞാനായിട്ട് അങ്ങോട്ട്‌ വന്നേക്കട്ടെ അമ്മേ.” രാത്രി, ശ്രീദേവി തന്റെ അമ്മയായ സുലോചനയെ വിളിച്ചു അന്ന് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു പൊട്ടിക്കരഞ്ഞു.

“ഇനി നീ അവിടെ നിക്കണ്ട മോളെ… അച്ഛനും അമ്മയും നാളെ തന്നെ അങ്ങോട്ട്‌ വരുന്നുണ്ട് നിന്നെ കൂട്ടികൊണ്ട് വരാൻ. എന്റെ മോള് ഇനി ആരുടേയും ആട്ടും തുപ്പും സഹിച്ചു കിടക്കണ്ട.”

സുലോചനയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ശ്രീദേവിയോട് അവളുടെ അച്ഛൻ പ്രകാശൻ അത് പറയുമ്പോൾ സുലോചനയും ഭർത്താവിന്റെ അഭിപ്രായത്തെ പിന്താങ്ങി.

“ശരി അച്ഛാ.. എന്നാ ഞാൻ ഫോൺ വയ്ക്കുവാ. രാജീവ്‌ വരുന്നതിനു മുൻപ് തന്നെ ഞാൻ എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്ത് ബാഗിൽ വയ്ക്കട്ടെ. നിങ്ങൾ രണ്ടാളും രാവിലെ തന്നെ വന്നേക്കണേ. ഞാൻ കാത്തിരിക്കും.”

കാൾ കട്ട്‌ ചെയ്ത് ഫോൺ മേശപ്പുറത്ത് വച്ച ശേഷം അവൾ ചെന്ന് അലമാര തുറന്ന് തന്റെ ഡ്രെസ്സുകളൊക്കെ എടുത്ത് ബാഗിലേക്ക് വയ്ക്കാൻ തുടങ്ങി. അപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ നിന്നും അതുവരെ കാണാത്തൊരു ഫയൽ അവൾ കണ്ടത്.

കുറച്ച് ആകാംക്ഷയോടെ ശ്രീദേവി അതെടുത്തു തുറന്നു നോക്കി. കുറച്ചു മുദ്ര പത്രങ്ങൾ ആയിരുന്നു ഫയലിൽ. ശ്രീദേവി അതെല്ലാം എന്താണെന്നറിയാൻ വേണ്ടി വായിച്ചു നോക്കി. കോടതിയിൽ സമർപ്പിക്കാനുള്ള ജോയിന്റ് ഡിവോഴ്സ് പെറ്റീഷൻ ആയിരുന്നു അത്.

ഒരു നിമിഷം അത് കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി. തന്നെ നിയമപരമായിത്തന്നെ ഒഴിവാക്കാൻ വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും രാജീവ്‌ ചെയ്തിരുന്നുവെന്നത് അവൾക്ക് താങ്ങാനായില്ല. വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത് എന്തായാലും നന്നായെന്ന് അവൾക്ക് തോന്നി. ആ പേപ്പേഴ്സിൽ എല്ലാം രാജീവ്‌ സൈൻ ചെയ്തിട്ടുണ്ടായിരുന്നു. താനും കൂടി അതിൽ ഒപ്പ് വച്ചാൽ കോടതിയിൽ സമർപ്പിക്കാം.

ഒരു പേനയെടുത്തു ഒപ്പിടേണ്ട ഭാഗത്തൊക്കെ ഒപ്പിട്ട ശേഷം ആ മുദ്ര പത്രങ്ങളെല്ലാം പഴയത് പോലെ ഫയലിനുള്ളിലാക്കി അലമാരയിൽ വച്ച ശേഷം അവൾ തന്റെ ജോലി തുടർന്നു.
തന്റേതായ സാധനങ്ങൾ എല്ലാം അവൾ ബാഗിലാക്കി കട്ടിലിന്റെ അടിയിൽ വച്ചു.

രാത്രി ഏറെ വൈകിയാണ് രാജീവ്‌ വന്നത്. അവൻ വന്നതും അടുത്ത് കിടന്നതുമൊക്കെ ശ്രീദേവി അറിയുന്നുണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ ആ നെഞ്ചിൽ ചേർന്ന് കിടന്ന് ഉറങ്ങിയതാണ്. ഇന്ന് ഇപ്പോൾ രണ്ട് അപരിചിതരെ പോലെ കട്ടിലിന്റെ ഇരു ധ്രുവങ്ങളിൽ പരസ്പരം ഒന്നും മിണ്ടാതെ അവർ കിടന്നു.

രാത്രി ഉറക്കം വരാത്തത് കാരണം തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ ഒരുവിധം നേരം വെളുപ്പിച്ചു. നേരം പുലർന്ന് തുടങ്ങിയപ്പോൾ എഴുന്നേറ്റ് കുളിച്ചു ഈറൻ മാറി. അന്ന് പതിവിന് വിപരീതമായി അടുക്കളയിൽ കയറി ഒന്നും വച്ചുണ്ടാക്കാനും അവൾ നിന്നില്ല. അച്ഛന്റെയും അമ്മയുടെയും വരവും കാത്ത് ഉമ്മറപ്പടിയിൽ തന്നെ അവൾ ഇരിപ്പുറപ്പിച്ചു.

അതിരാവിലെ തന്നെ പുറപ്പെട്ടതിനാൽ ശ്രീദേവിയുടെ അച്ഛനും അമ്മയും നേരത്തെതന്നെ രാജീവിന്റെ വീട്ടിലെത്തിച്ചേർന്നു.

ഉറക്കം എണീറ്റ് വന്ന രാജീവ്‌ കാണുന്നത് അച്ഛന്റെയും അമ്മയുടെയും ഒപ്പം പോകാൻ തയ്യാറായി നിൽക്കുന്ന ശ്രീദേവിയെ ആണ്. രാജേശ്വരിയോട് അവൾ താൻ വീട്ടിലേക്ക് പോകുന്നുവെന്ന് രാവിലെ തന്നെ പറഞ്ഞിരുന്നു.

“രാജീവിനെ വിളിച്ചുണർത്തി യാത്ര പറയാൻ വരാനിരിക്കുകയായിരുന്നു ഞാൻ. ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്. രാജീവ്‌ അലമാരയിൽ വച്ചിരുന്ന ഡിവോഴ്സ് പെറ്റീഷനിൽ ഞാൻ സൈൻ ചെയ്തിട്ടുണ്ട്.

ഇനി ഞാൻ രാജീവിന്റെ ജീവിതത്തിൽ കടുച്ചുതൂങ്ങി നിൽക്കില്ല. എന്നെ ഡിവോഴ്സ് ചെയ്തു രാജീവിന് വേറെ വിവാഹം കഴിക്കാം.” ശ്രീദേവി അവനോട് പറഞ്ഞു.

“ശ്രീദേവി… ഞാൻ… നീയെന്നെ ശപിക്കരുത്. ഞാൻ.. എനിക്ക്… എനിക്കൊരു കുഞ്ഞിനെ തരാൻ നിനക്ക് കഴിയില്ലല്ലോ… അതുകൊണ്ടാ ഞാൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്. നിന്നോട് സാവധാനം കാര്യങ്ങൾ പറയാൻ ഇരിക്കുകയായിരുന്നു ഞാൻ. അതിനുമുൻപേ നീ ആ പേപ്പഴ്സ് കാണുമെന്ന് ഞാൻ വിചാരിച്ചില്ല.” ജാള്യതയോടെ രാജീവ്‌ അവളെ നോക്കി.

“സാരമില്ല.. രാജീവിന്റെ തീരുമാനം ആണ് ശരി. ആരുടെയും ജീവിതത്തിൽ ഞാനൊരു ശല്യമാവില്ല. ഞാൻ പോകുന്നു, ഇനി നമുക്ക് കോടതിയിൽ കാണാം.”

രാജീവിനോട് യാത്ര പറഞ്ഞു ശ്രീദേവി അച്ഛനോടും അമ്മയോടുമൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയി.

മ്യൂചൽ ഡിവോഴ്സ് ആയതിനാൽ നാല് മാസത്തിനുള്ളിൽത്തന്നെ കോടതിയിൽ നിന്ന് ഡിവോഴ്സ് അനുവദിച്ചു കിട്ടി. രാജീവിന് ഡിവോഴ്സ് കിട്ടിയതും രാജേശ്വരി മകനെകൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു.

അതേസമയം ശ്രീദേവിയുടെ ഉദരത്തിൽ രാജീവിന്റെ കുഞ്ഞ് വളർന്നു വരുന്നുണ്ടായിരുന്നു. രാജീവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് തിരികെ പോയി ഒരു മാസം കഴിഞ്ഞപ്പോഴാണ് അവൾ ആ സന്തോഷ വാർത്ത അറിയുന്നത്. ശ്രീദേവിയും വീട്ടുകാരും ഈ വിവരം രാജീവിൽ നിന്ന് മറച്ചുവച്ചു.

കാരണം, ശ്രീദേവി ഗർഭിണി ആണെന്ന് അറിഞ്ഞാൽ പഴയതൊക്കെ മറന്ന് കൂടെ വരാൻ രാജീവ്‌ വന്ന് വിളിച്ചാലോ എന്നോർത്താണ് അവർ അവനെ ഇക്കാര്യം അറിയിക്കാതിരുന്നത്. രാജീവിന്റെയൊപ്പം തിരിച്ചൊരു മടക്കം അവൾ ആഗ്രഹിച്ചിരുന്നില്ല.

രാജീവ്‌ മറ്റൊരു വിവാഹം കഴിച്ച ശേഷമാണ് ശ്രീദേവി ഗർഭിണി ആയിരുന്നതും അവളൊരു പെൺകുഞ്ഞിന് ജന്മം നൽകിയതുമൊക്കെ അവൻ അറിയുന്നത്. തന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാനായി രാജീവ്‌ ശ്രീദേവിയുടെ വീട്ടിലേക്ക് ചെന്നുവെങ്കിലും അവളുടെ വീട്ടുകാർ അവനെ ആട്ടിപുറത്താക്കി.

രാജീവിന്റെ കൺവെട്ടത്ത് നിന്ന് ശ്രീദേവിയെയും കുഞ്ഞിനെയും കൊണ്ട് അവളുടെ അച്ഛനും അമ്മയും മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. രാജീവ്‌ അവരെ ഒരുപാട് സ്ഥലത്തു അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെയൊന്ന് കാണാൻ പറ്റാതെ പോയതിന്റെ അമർഷവും വേദനയും അവന്റെ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു. അതോടൊപ്പം സുമയ്ക്ക് ഇതുവരെ വിശേഷം ആകാത്തതും രാജേശ്വരിയെയും രാജീവിനെയും ആശങ്കയിൽ ആഴ്ത്തി.

ഡോക്ടറെ പരിശോധനയിൽ സുമയ്ക്ക് ആണ് പ്രശ്നം എന്ന് അറിഞ്ഞതും രാജേശ്വരി ശ്രീദേവിയോട് എടുത്ത പോര് സുമയ്ക്ക് നേർക്കും പ്രയോഗിക്കാൻ നോക്കി.

പക്ഷേ ശ്രീദേവിയെ പോലെ മിണ്ടാതെ സഹിക്കുന്നവളായിരുന്നില്ല സുമ. അതുകൊണ്ട് തന്നെ രണ്ടാമത്തെ മരുമകൾക്ക് മുന്നിൽ രാജേശ്വരിക്ക് മുട്ട് മടക്കേണ്ടി വന്നു.

എന്നെങ്കിലും തന്റെ മകൾ തന്നെ അന്വേഷിച്ചു വരുമെന്ന പ്രതീക്ഷയിൽ സുമയുടെ കുറവുകൾ മനസ്സിലാക്കി അവൾക്കൊപ്പം പൊരുത്തപ്പെടാൻ ശ്രമിച്ചു കൊണ്ട് രാജീവ്‌ ജീവിതം തള്ളിനീക്കി.

Leave a Reply

Your email address will not be published. Required fields are marked *