(രചന: സൂര്യ ഗായത്രി)
അച്ഛാ നന്ദു അവൾ ഇവിടെ ഉള്ളപ്പോൾ എങ്ങനെ ആണ് മറ്റൊരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നത്.
അതിനുവേണ്ടി എന്തു പാപമാണ് അവൾ ചെയ്തത്.. വേണു അച്ഛന്റെ മുന്നിൽ നിന്നു ഉരുകി.
എടാ എനിക്കും അമ്മയ്ക്കും നിന്റെ കുഞ്ഞിനെ കാണണം എന്ന് ആഗ്രഹമില്ലേ.വയസാം കാലത്തു നിന്റെ കുഞ്ഞിനെ ലാളിക്കണം എന്ന് കരുതുന്നത് തെറ്റാണോ.
അച്ഛാ കുഞ്ഞുണ്ടാകുന്നത് മാത്രമാണോ ജീവിതത്തിന്റെ ആകെ ലക്ഷ്യം. നിങ്ങളിങ്ങനെ തുടങ്ങുന്നത് കഷ്ടമാണ്. അവളെ ഇങ്ങനെ ദ്രോഹിക്കരുത്.
അവളൊരു പാവം ആയതുകൊണ്ട് എന്തുകാണിച്ചാലും ഒന്നും മിണ്ടുന്നില്ല. ഏതെങ്കിലും പെണ്ണുങ്ങൾ സമ്മതിക്കുന്ന കാര്യം ആണോ ഇതു.
എടാ അതിനു നീ ഒന്ന് പെണ്ണ് കണ്ടെന്നു വെച്ച് ഇവിടെ ലോകം ഇടിഞ്ഞു വീഴാൻ പോകുന്നില്ല. നിനക്കൊരു കുഞ്ഞിനെ തരാനുള്ള കഴിവ് അവൾക്കില്ലല്ലോ. അപ്പോൾ പിന്നെ അവൾ ഇതൊക്കെ സഹിച്ചേ പറ്റൂ. കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായി.
എന്തുമാത്രം ചികിത്സയാണ് നടത്തിയത് എന്നും പ്രയോജനം വല്ലതും ഉണ്ടായോ. ഇത് അവളോടും കൂടി ചോദിച്ചതിനു ശേഷം എടുത്ത തീരുമാനമാണ്. അതുകൊണ്ട് നീ ഇനി ഒരുപാട് ആലോചിച്ചു ബുദ്ധിമുട്ടണ്ട.
വേണു ഒന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് വരുമ്പോൾ കണ്ണുനീർ വാർത്തുകൊണ്ടിരിക്കുന്ന നന്ദുവിനെയാണ് കണ്ടത്. വേണുവിനെ കണ്ട ഉടനെ തന്നെ നന്ദു കണ്ണുതുടച്ചു.
വേണു ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് വന്നിരുന്നു.
നന്ദു വേണുവിന്റെ അരികിലേക്ക് നീങ്ങിയിരുന്നു.അച്ഛൻ പറയുന്നതൊന്നും വേണുവേട്ടൻ കാര്യമാക്കേണ്ട.
എനിക്ക് വിഷമം ഒന്നുമില്ല വേണുവേട്ടൻ അച്ഛൻ പറയുന്ന പെൺകുട്ടിയെ പോയി കണ്ടിട്ട് വരു.
ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത ഞാൻ ശപിക്കപ്പെട്ടവളാണ്.
വേണുവേട്ടന് കുഞ്ഞുങ്ങളോടുള്ള ഇഷ്ടം എനിക്ക് നന്നായി അറിയാം. എന്നെ സങ്കടപ്പെടുത്തണ്ട എന്ന് കരുതിയാണ് വേണുവേട്ടന്റെ ആഗ്രഹങ്ങളെല്ലാം ഉള്ളിൽ ഒതുക്കുന്നത്.
ഇനി അത് വേണ്ട വേണുവേട്ടാ. ഈ കല്യാണം ഉറക്കുകയാണ് എങ്കിൽ ഞാൻ ഇവിടെ നിന്ന് മാറി തരാം.
നീ എന്തൊക്കെയാണ് പറയുന്നതെന്ന് ഓർമ്മയുണ്ടോ നന്ദു.
ഞാൻ പറയുന്നതാണോ കുറ്റം വേണുവേട്ടാ. ഞാനിവിടെ ഉള്ളപ്പോൾ തന്നെ എന്നെ അവഗണിച്ചുകൊണ്ട് അച്ഛൻ വേണുവേട്ടനെ ഇതിനെല്ലാം നിർബന്ധിക്കുമ്പോൾ ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്. ഞാൻ എന്റെ വീട്ടിലേക്ക് പൊയ്ക്കൊള്ളാം .
പിന്നീട് ഒരു മടങ്ങിവരവ് ഉണ്ടായിരിക്കില്ല. പക്ഷേ എനിക്ക് അതിന് കുറച്ചു സമയം തരണം. രമണിയുടെ വിവാഹമല്ലേ അത് കഴിഞ്ഞ് ഞാൻ പൊക്കോളാം. ഞാൻ ചെന്ന് കയറുന്നത് കൊണ്ട് അവളുടെ വിവാഹം മുടങ്ങി പോകരുത്.
ഒരു മാസം കൂടി എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കണം. രമണിയുടെ വിവാഹത്തിന് പോയി കഴിഞ്ഞാൽ പിന്നെ ഞാൻ ഒരിക്കലും തിരികെ വരില്ല. അനുജത്തിയുടെ വിവാഹത്തിന് മുമ്പ് ഞാൻ അവിടെ കയറി ചെന്നാൽ.
അത് അവൾക്കും കൂടി പിന്നീട് സങ്കടമാകും. അതുകൊണ്ട് അവളുടെ വിവാഹം കഴിയുന്നതുവരെ എനിക്ക് ഒരു സാവകാശം തരണം. പിന്നെ ഒരിക്കലും ഞാൻ നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കില്ല.
വേണുവേട്ടൻ എന്നും സന്തോഷത്തോടുകൂടി ഇരിക്കണം അതാണ് എന്റെ ആഗ്രഹം.
ഞാൻ മനസ്സുകൊണ്ട് പോലും വേണുവേട്ടനെ ശപിക്കില്ല.
അപ്പോൾ നീ എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് അല്ലേ.
ഇനിയെങ്കിലും ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ എന്റെയും അച്ഛന്റെയും ഇടയിൽ കിടന്ന് വേണുവേട്ടൻ വീർപ്പുമുട്ടുന്നത് ഞാൻ ഇനിയും കാണേണ്ടി വരും.
നന്ദു അത്രയും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.
വൈകുന്നേരം വളരെ വൈകിയാണ് വേണു ഓഫീസിൽ നിന്ന് വന്നത്. ഭക്ഷണമൊക്കെ ഡൈനിങ് ടേബിളിൽ നേരത്തെ വിളമ്പി വച്ചിരുന്നു.
മുറിയിൽ ചെന്ന് നോക്കുമ്പോൾ നന്ദുവിനെ അവിടെ കാണാനില്ല. അമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോൾ ഉണ്ട് നന്ദു അമ്മക്കൊപ്പം കിടക്കുന്നു.
വാതിൽ പടിയിൽ നിന്നും ആ കാഴ്ച കണ്ട് വേണു തിരികെ മുറിയിലേക്ക് വന്നു.. തന്നെ ഒഴിവാക്കുകയാണ് എന്ന് അവനും മനസ്സിലായി. വേണു മുറിയിൽ നിന്നും പുറത്തേക്ക് പോയ് കഴിഞ്ഞപ്പോൾ നന്ദു തലയിണയിൽ മുഖം അമർത്തി തേങ്ങി കരഞ്ഞു.
ഒരു നിമിഷം പോലും നിങ്ങളുടെ അടുത്തു നിന്നും മാറി നിൽക്കാൻ എനിക്ക് കഴിയില്ല വേണുവേട്ടാ. പക്ഷേ ഞാൻ കാരണം നിങ്ങൾ ഇങ്ങനെ സങ്കടപ്പെടുന്നത് എനിക്ക് സഹിക്കില്ല.
രാവിലെ വേണു പോയി കഴിഞ്ഞതിനുശേഷം ആണ് അച്ഛൻ നന്ദുവിന്റെ അടുത്ത് വരുന്നത്.
അച്ഛന് കുടിക്കാൻ എന്തെങ്കിലും വേണോ.
എനിക്ക് ഒന്നും വേണ്ട കുറച്ചു നിന്നോട് സംസാരിക്കണം.
പറയാൻ പോകുന്ന കാര്യം ഏകദേശം നന്ദുവിനു ഊഹിക്കാവുന്നതാണ്. എങ്കിലും അവൾ അയാളുടെ പിന്നാലെ വന്നു.
എന്റെ ഒരു കൂട്ടുകാരന്റെ മകളെ ഞാൻ വേണുവിന് വേണ്ടി ആലോചിക്കാൻ ഉറപ്പിച്ചിരിക്കുകയാണ്.
പക്ഷേ പെണ്ണുകാണാൻ വരാൻ പോലും അവന് സമ്മതമല്ല. നീ ഇവിടെ ഉള്ളപ്പോൾ എങ്ങനെയാണെന്നാണ് അവന്‍ ചോദിക്കുന്നത്.
അച്ഛൻ പറയുന്നത് എനിക്ക് മനസ്സിലായി.പക്ഷേ കുറച്ചു ദിവസത്തെ സാവകാശം അച്ഛൻ എനിക്ക് തരണം രമണിയുടെ വിവാഹം കഴിയുന്നതുവരെ എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കണം അത് കഴിയുമ്പോൾ ഞാൻ പൊയ്ക്കോളാം.
അയാൾ അവളുടെ മുഖത്തേക്ക് നോക്കി. നിന്നെ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ് മോളെ പക്ഷേ അവന്റെ ഒരു കുഞ്ഞിനെ കണ്ടിട്ട് കണ്ണടയ്ക്കണമെന്നാണ് എന്റെയും അവന്റെ അമ്മയുടെയും ആഗ്രഹം.
അതുകൊണ്ട് അച്ഛനെ ഇതല്ലാതെ വേറെ നിവൃത്തിയില്ല. നിന്റെ ആഗ്രഹം പോലെ രമണിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം മാത്രമേ ഈ വിവാഹ കാര്യങ്ങളുമായി ഇനി മുന്നോട്ടുപോകു ഞാൻ.
നന്ദു അയാളുടെ മുന്നിൽ തൊഴു കൈകളുമായി നിന്നു.
ദിവസങ്ങൾ ഓരോന്നായി പിന്നെയും ഓടിമറിഞ്ഞു കൊണ്ടിരുന്നു. വേണുവും നന്ദുവും ഒരേ വീട്ടിൽ തന്നെ അപരിചിതരായ രണ്ട് വ്യക്തികളെ പോലെ താമസിച്ചു.
വേണു എത്ര നന്ദുവിനോട് അടുക്കാൻ ശ്രമിക്കുന്നുവോ അത്രയും അവൾ അയാളിൽ നിന്നും അകലത്തിൽ പൊയ്ക്കൊണ്ടിരുന്നു. തന്നിൽ നിന്നും ഒഴിഞ്ഞുമാറുന്ന അവളെ ഒരിക്കൽ വേണു ബലപ്രയോഗത്തിലൂടെ തന്നെ മുറിയിലേക്ക് വിളിച്ചു.
നീ ഇവിടെ നിന്ന് പോയാൽ ഞാൻ വിവാഹം കഴിക്കും എന്ന് കരുതിയാണ് നിന്റെ ഈ ഒഴിഞ്ഞുമാറ്റമെങ്കിൽ ഞാൻ അതിന് തയ്യാറല്ലെങ്കിലോ.
അങ്ങനെ വേണുവേട്ടൻ തയ്യാറാകാതിരുന്നാൽ പിന്നെ എന്റെ ശവമായിരിക്കും കാണുന്നത്…. വേണുവേട്ടനെ തോൽക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല.
രമണിയുടെ വിവാഹത്തിന് ഇനി ഒരാഴ്ചയേ ഉള്ളൂ. നിങ്ങളെല്ലാവരും നേരത്തെ തന്നെ അവിടെ എത്തണം.
നന്ദുവിന്റെ അച്ഛൻ രാഘവൻ വീട്ടിൽ വന്നപ്പോൾ പറഞ്ഞിട്ട് പോയി. വിവാഹത്തിന് രണ്ട് ദിവസം മുൻപേ നന്ദു തന്റെ പെട്ടി പാക്ക് ചെയ്തു. വിവാഹ സാരിയും മറ്റും അവൾ തിരികെ എടുത്തല മാരിയിൽ വച്ചു.
റൂമിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ വേണു കതകിൽ ചാരി നിൽക്കുന്നു. അപ്പൊ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ.
പോകണം വേണുവേട്ടാ ഇത്രയും നാൾ ഇവിടെ നിൽക്കാൻ അനുവദിച്ചതിൽ തന്നെ വലിയ കാര്യം.
ഇനിയും നിങ്ങൾക്കൊക്കെ ഒരു ബാധ്യതയായി ഇവിടെ നിൽക്കുന്നത് ശരിയല്ല. ഞാൻ കാരണം വേണുവേട്ടന്റെ അച്ഛനും അമ്മയും വിഷമിക്കരുത്.
വേണുവേട്ടന് ഞാനിവിടെ നിൽക്കുന്നത് ബുദ്ധിമുട്ടായി തോന്നും ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണെങ്കിലും. വൈകുന്നേരം വേണുവേട്ടൻ ഓഫീസിൽ നിന്ന് വരുമ്പോൾ ഞാൻ കാണില്ല.
പിന്തിരിഞ്ഞു പോകാൻ തുടങ്ങിയവളെ വേണു കയ്യിൽ പിടിച്ച് അടുത്തേക്ക് നീക്കി നിർത്തി . അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് ചുംബനങ്ങൾ കൊണ്ടു മൂടി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
നന്ദുവിന്റെ കണ്ണുകളും. നന്ദു വേണുവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ജന്മം ഉണ്ടെങ്കിൽ വേണുവേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച്. സന്തോഷത്തോടുകൂടി എനിക്ക് ജീവിക്കണം.
ഈ ജന്മം എനിക്ക് ഇത്രയെ വിധിച്ചിട്ടുള്ളു.
വൈകുന്നേരം എന്നെ കൊണ്ട് വിടുന്നതിന് വേണുവേട്ടൻ വരേണ്ട. കല്യാണത്തിന് രണ്ട് ദിവസം മുൻപ് നേരത്തെ എത്തിയതാണെന്ന് അച്ഛൻ കരുതിക്കോളും.
വേണുവേട്ടൻ കല്യാണത്തിന് വരണം.
എനിക്ക് നീ ഇല്ലാതെ പറ്റില്ല. അച്ഛൻ പറയുന്നത് കേട്ട് നീ തീരുമാനമെടുക്കരുത്.
എനിക്ക് നിന്നെ വേണം നന്ദു.
ഇല്ല വേണുവേട്ടാ ഇനി എനിക്ക് അതിന് സാധിക്കില്ല. ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു.
ശരി നിന്റെ തീരുമാനങ്ങൾ ഒന്നും തന്നെ മാറ്റേണ്ട. പക്ഷേ ഇന്ന് ഒരു ദിവസം നീ എന്റെ പഴയ നന്ദുവായി മാറണം.
വേണു അവളുടെ കൈകൾ പിടിച്ചു മുറിക്കുള്ളിലേക്ക് കയറ്റി. അവന്റെ സ്നേഹം മുഴുവൻ അവൾക്കു വീണ്ടും വീണ്ടും പകർന്നു നൽകി. ഒടുവിൽ അവളിലേക്ക് ഒരു കിതപ്പോടുകൂടി വീഴുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു തൂവുകയായിരുന്നു.
വിവാഹത്തിന് വീട്ടിൽ നിന്നും വേണുവും അച്ഛനും അമ്മയും ഒക്കെ എത്തി. ഉള്ളിലെ ദുഃഖം മറച്ച് നന്ദു സന്തോഷത്തോടുകൂടി തന്നെ എല്ലാവരോടും ഇടപെട്ടു.തിരികെ പോരാൻ നേരം വേണു അവളെ വേദനോടുകൂടി നോക്കി.
രമണിയുടെ വിവാഹം കഴിഞ്ഞ് 10 ദിവസമായി. നന്ദു തിരികെ പോകാത്തതിന്റെ കാരണം അച്ചൻ തിരക്കി. വിഷമത്തോടുകൂടി ആണെങ്കിലും നന്ദു എല്ലാം അച്ഛനെ അറിയിച്ചു.
ആ പിതാവിന്റെ ഹൃദയം വേദനിച്ചു. ഇത്രയും സങ്കടങ്ങൾ ഉള്ളിലൊതു ക്കിയല്ലേ തന്റെ മകൾ എല്ലാവരുടെയും മുന്നിൽ കളിച്ചുചിരിച്ചു നിന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി.
ഒരു ദിവസം വീട്ടിൽ നിന്ന് അച്ഛനും അമ്മയും വന്നു. വേണുവിന്റെ വിവാഹമൊക്കെ ഏകദേശം തീരുമാനിച്ചു. വരുന്ന തിങ്കളാഴ്ചയാണ് അമ്പലനടയിൽ വച്ച് ഒരു മിന്നുകെട്ട് മാത്രം. അവനു വല്ലാത്ത വിഷമം ഉണ്ട് മോളോട് പറയാൻ.
അവർ യാത്ര പറഞ്ഞു പോകുമ്പോൾ നന്ദുവിനെ അവളുടെ ഹൃദയം പൊട്ടി പിളരുന്നത് പോലെ തോന്നി. വാക്കുകൊണ്ട് താൻ വേണുവേട്ടന്റെ അല്ലാതെ ആയി മാറിയെങ്കിലും തന്റെ മനസ്സിൽ ഇപ്പോഴും വേണു മാത്രമേയുള്ളൂ.
വിവാഹം കഴിഞ്ഞ് പെണ്ണും ചെറുക്കനും വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി കഴിയുമ്പോഴാണ് ആ വാർത്ത അറിഞ്ഞത്. നന്ദു ആത്മഹത്യ ചെയ്തു.
തലക്കടിയേറ്റത് പോലെ വേണുമരവിച്ചിരുന്നു. അച്ഛനു വേണു വിന്റെ മുഖത്തേക്ക് നോക്കുവാൻ കഴിഞ്ഞില്ല പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി . ഉച്ചയോടെ വീട്ടിലെത്തിക്കും.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് നന്ദുവിന്റെ ബോഡി ഉമ്മറത്തേക്ക് കടത്തി. റിപ്പോർട്ട് കയ്യിൽ വാങ്ങിയപ്പോൾ നന്ദന്റെ കണ്ണുകൾ പൊട്ടിയൊലിച്ചു. നന്ദു ഗർഭിണിയായിരുന്നു.
അച്ഛന്റെ തീരുമാനം അനുസരിക്കേണ്ടിവന്ന നിമിഷത്തെ അവൻ ശപിച്ചു. വേണു അച്ഛനാകാൻ പോകുന്നതും, അവൾ അമ്മയാണെന്നും ഒന്നുമറിയാതെ നന്ദു തന്നെ ജീവിതം അവസാനിപ്പിച്ചു.