വിവാഹം കഴിക്കാൻ താല്പര്യം ഇല്ല പൂജാരിയായി നടക്കാനാണ് അയാൾക്ക് ഇഷ്ടമെങ്കിൽ എന്തിനായിരുന്നു തന്റെ ജീവിതം കൂടി നശിപ്പിച്ചത്…

(രചന: സൂര്യ ഗായത്രി)

പുതിയ ജീവിതവും മനസ്സ് നിറയെ വിവാഹ സ്വപ്നവുമായി കടന്നുവന്ന അവൾക്ക് ആ വീട്ടിൽ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആയിരുന്നു..

വിവാഹം കഴിക്കാൻ താല്പര്യം ഇല്ല പൂജാരിയായി നടക്കാനാണ് അയാൾക്ക് ഇഷ്ടമെങ്കിൽ എന്തിനായിരുന്നു തന്റെ ജീവിതം കൂടി നശിപ്പിച്ചത്…

അത് ചോദിച്ചതിനാണ് ആദ്യമായി അയാൾ തന്നെ മർദ്ദിച്ചത്….

മരിക്കാൻ പോലും പലവട്ടം വിചാരിച്ചതാണ്.. പക്ഷേ അപ്പോഴെല്ലാം പാടുപെട്ട് തന്നെ കെട്ടിച്ചയച്ച അച്ഛന്റെ മുഖം ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല…..

പഞ്ചമിയുടെ വിവാഹ ജീവിതം തികച്ചും ഒരു പരാജയമായിരുന്നു.. അച്ഛനും അമ്മയും താനും ചേച്ചിയും അടങ്ങുന്ന ഒരു കുടുംബം.. ചേച്ചി വിവാഹം കഴിഞ്ഞു പ്രത്യേകമാണ് താമസിക്കുന്നത്..

പഞ്ചമി കാണാൻ സുന്ദരിയും മിടുക്കിയും ആയിരുന്നു. അതുകൊണ്ടുതന്നെ പഞ്ചമിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് വിവാഹാലോചനകൾ വന്നു. പക്ഷേ പഠിത്തം പൂർത്തിയാക്കിയതിനു ശേഷം വിവാഹം മതി എന്നതായിരുന്നു പഞ്ചമിയുടെ തീരുമാനം.

മകളുടെ പഠിത്തത്തിൽ ഉള്ള കഴിവ് മനസ്സിലാക്കി അച്ഛനും അമ്മയും അവളുടെ ആഗ്രഹമനുസരിച്ച് തന്നെ അവളെ പഠിക്കാൻ അനുവദിച്ചു.

ഗവൺമെന്റ് ജോലികൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ അവൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കായി കയറി….

ജോലിയും പി എസ് സി കോച്ചിംഗ് ഒക്കെയായി നടക്കുമ്പോഴാണ് അവൾക്ക് സുധിയുടെ വിവാഹാലോചന വന്നത്.

ഏതോ ഒരു ബാങ്കിലെ ക്ലർക്കാണ് സുധി.. കാണാനും സുന്ദരൻ അച്ഛന്റെയും അമ്മയുടെയും ഏക മകൻ…..

വീടിന് അയൽവക്കത്തുള്ള സുധാമണി ചേച്ചിയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യനായിരുന്നു ഈ സുധി. അതുകൊണ്ടുതന്നെ ഈ വിവാഹാലോചന വന്നപ്പോൾ സുധാമണി ചേച്ചിയോട് തിരക്കി…

പഞ്ചമി മോളെ എന്റെ മോളെ പോലെയാണ് ഞാൻ കാണുന്നത്. അതുകൊണ്ട് അവൾക്ക് ദോഷം വരുന്ന ഒന്നും തന്നെ ഞാൻ പറയില്ല. സുധിയെ കുറിച്ച് അവരോട് തിരക്കിയ അമ്മയോട് സുധാമണി പറഞ്ഞ മറുപടി അതായിരുന്നു..

കാര്യം എന്താണെന്ന് നീ ഒന്ന് തെളിച്ചു പറയേന്റെ സുധേ..

നല്ല കുടുംബമാണ് ചെറുക്കനും കാണാനും കൊള്ളാം ജോലിയും ഉണ്ട് പക്ഷേ അവന്റെ സ്വഭാവം എനിക്ക് അത്രയ്ക്ക് അങ്ങോട്ട് പിടുത്തം കിട്ടിയിട്ടില്ല ഇതുവരെ….

നമ്മൾ ആരെങ്കിലും വീട്ടിൽ ചെന്ന് കയറിയാൽ പോലും മുഖത്തുനോക്കുകയോ ഒന്നും സംസാരിക്കുകയോ ചെയ്യാത്ത ഒരു പ്രകൃതം… ഏതുനേരവും പൂജാമുറിയും പൂജയുമായി കഴിയുന്ന ഒന്നാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളൂ….

അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവനും കയറിയിറങ്ങി നടക്കും ഭക്തി ഇത്തിരി കൂടുതലാണ്….. അതിന്റേതായിട്ടുള്ള എന്തൊക്കെയോ ചെറിയ കുഴപ്പങ്ങൾ ആ ചെറുക്കനുണ്ട്.

ഓ അതാണോ കാര്യം നീ പറയുന്നത് കേട്ടപ്പോൾ ഞാൻ ആകെ പേടിച്ചുപോയി…

ഇപ്പോഴത്തെ കാലത്തെ പിള്ളേർക്ക് ഈ അമ്പലം ഭക്തി എന്നൊക്കെ പറഞ്ഞാൽ വല്ലതും അറിവുണ്ടോ അങ്ങനെയുള്ള ഒരു ചെറുക്കനെ കിട്ടുന്നത് തന്നെ എന്റെ മോളുടെ ഭാഗ്യമല്ലേ….. പഞ്ചമിയുടെ അമ്മ അത് പറയുമ്പോൾ…

എനിക്കറിയാവുന്ന കാര്യം ഞാൻ പറഞ്ഞു എന്നേയുള്ളൂ ചേച്ചി നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ആലോചിക്കു….

സുധാമണിയുടെ വീട്ടിൽ നിന്നും തിരികെ എത്തുമ്പോൾ അമ്മയുടെ മുഖത്ത് ഇരട്ടി സന്തോഷമായിരുന്നു…..

അവിടെ നിന്നും അറിഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അമ്മ കൃത്യമായി അച്ഛനെ പറഞ്ഞു കേൾപ്പിച്ചു…..

എന്തായാലും എന്റെ മോളുടെ ജീവിതം ചെന്ന് പെട്ടത് ഒരു ഈശ്വരവിശ്വാസമുള്ള ആളിൽ ആണല്ലോ എന്ന് സമാധാനിക്കാം..

പയ്യനെ കുറിച്ച് അറിഞ്ഞത് ശേഷം ആയിരുന്നു…. പെണ്ണുകാണാൻ ക്ഷണിച്ചത്…..

ഞായറാഴ്ച ദിവസം രാവിലെ തന്നെ ചെറുക്കനും അച്ഛനും അമ്മയും അനുജത്തിയുമായി പെണ്ണുകാണാൻ വന്നു.

അച്ഛനും അമ്മയും അനുജത്തിയും ആയിരുന്നു ഏറ്റവും കൂടുതൽ സംസാരിച്ചത്.
എന്നാൽ സുധി കാര്യമായി ഒന്നും സംസാരിച്ചില്ല.മൊബൈലിൽ നോക്കി കുത്തിയിരിക്കുകയായിരുന്നു.

ഇടയ്ക്ക് എപ്പോഴോ ആരോ കളിയാക്കി മുഖമുയർത്തി നോക്കാൻ പറഞ്ഞപ്പോൾ അതിനു വേണ്ടി മാത്രം അവനൊന്നു നോക്കി.

സുധി നോക്കുമ്പോൾ തന്നെ പഞ്ചമിയും അവന്റെ മുഖത്തേക്ക് നോക്കി അവൾക്ക് അവനെ ഇഷ്ടമാവുകയും അവനായി ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു..

ചായയും പലഹാരവും ഒക്കെ കഴിച്ചായിരുന്നു അന്ന് അവർ പിരിഞ്ഞത്.. പിന്നെ ധൃതിപിടിച്ച് ജാതകം നോക്കുന്നതായി…

ജാതകങ്ങൾ തമ്മിൽ ചേർച്ചയുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ മറ്റുകാര്യങ്ങളിലേക്ക് ചർച്ച നീണ്ടു.

ഞങ്ങളുടെ ഇളയ മകളാണ് പഠിത്തത്തിൽ സാമർത്ഥ്യകാരി ആയതുകൊണ്ട് അവളെ പഠിപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്….

എന്തായാലും ഒരു ഗവൺമെന്റ് ജോലി കിട്ടത്തക്ക രീതിയിലുള്ള ശ്രമം ഒക്കെ അവളുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്.. ഉറപ്പായും നേടിയെടുക്കുകയും ചെയ്യും.

എങ്കിലും ഒരു മകളെ കെട്ടിച്ചു അയക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ ഒക്കെ ഞങ്ങൾ കാണിക്കാം.. ഒരുപാട് ഒന്നുമില്ലെങ്കിലും ഒരു പത്തു പവന്റെ സ്വർണം ഞാൻ അവൾക്കായി കരുതി വച്ചിട്ടുണ്ട്…

പിന്നെ ഞങ്ങളുടെ കാലശേഷം ഈ വീടും ഇത് നിൽക്കുന്ന 8 സെന്റ് പുരയിടവും അവൾക്കാണ്.

ഞങ്ങൾ നിങ്ങളോട് സ്ത്രീധനമായി ഒന്നും ചോദിച്ചില്ലല്ലോ…. നിങ്ങളുടെ മകൾക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള എന്താന്ന് വെച്ചാൽ കൊടുക്കാം അതിന്റെ കണക്ക് ഒന്നും ഇവിടെ ആർക്കും അറിയേണ്ട…. സുധിയുടെ അച്ഛനായിരുന്നു അത് പറഞ്ഞത്.

എല്ലാം കൊണ്ടും ഒരു നല്ല ബന്ധമായി തന്നെ ഇത് എല്ലാവർക്കും അനുഭവപ്പെട്ടത് കൊണ്ട് വിവാഹവും വളരെ പെട്ടെന്ന് തന്നെ നടത്താനായി തീരുമാനിച്ചു.

അമ്പലനടയിൽ വെച്ച് ഒരു ചെറിയ താലികെട്ടൽ ചടങ്ങ് നടത്തി. അതിനോട് ചേർന്നുള്ള ഹാളിൽ ഒരു 100 പേർക്കുള്ള സദ്യ.

എല്ലാം കഴിഞ്ഞ് വളരെ സന്തോഷത്തോടുകൂടി മകളെ സുധിയുടെ കയ്യിൽ ഏൽപ്പിച്ചു.

സുധിയുടെ കൈയും പിടിച്ച് വലതുകാൽ വച്ച് ആ വീട്ടിലേക്ക് കയറി വരുമ്പോൾ ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അവളിൽ ഉണ്ടായിരുന്നു……

മധുരം വെക്കലും ചെറുക്കനെയും പെണ്ണിനേയും ബന്ധുക്കൾക്ക് പരിചയപ്പെടുത്തലും വൈകുന്നേരം ഉള്ള വിവാഹ സൽക്കാരമൊക്കെ കഴിഞ്ഞു.. ഏതൊരു പുതു പെണ്ണിനെയും പോലെ അവളും അണിഞ്ഞൊരുങ്ങി മണിയറയിൽ അവനായി കാത്തിരുന്നു…

എന്നാൽ പ്രതീക്ഷകളെ എല്ലാം തെറ്റിച്ചുകൊണ്ട് സുധിമുറിയിലേക്ക് വന്നതേയില്ല……

ആദ്യരാത്രിയിൽ ഭർത്താവിനെയും കാത്തിരുന്നു അവൾ എപ്പോഴോ ഉറങ്ങിപ്പോയി….

സുഹൃത്തുക്കളോടൊപ്പം കൂടി വൈകിയത് ആയിരിക്കും എന്ന് ധാരണയിൽ അവൾ രാവിലെ തന്നെ കുളിച്ചു വേഷം മാറി അടുക്കളയിലേക്ക് ചെന്നു…

അവിടെ ചെല്ലുമ്പോൾ ഉണ്ട് സുധിയുടെ അനിയത്തി കരയുകയും പറയുകയും ചെയ്യുന്നു അമ്മ അവളെ ആശ്വസിപ്പിക്കുന്നു…

ഏറെനേരം നിന്നിട്ടും അവളെ ആരും ശ്രദ്ധിക്കുന്നത് പോലുമില്ല.. അതുകൊണ്ടുതന്നെ തിരികെ മുറിയിലേക്ക് നടക്കാൻ ഭാവിക്കുമ്പോൾ ആണ് അമ്മ പിന്നിൽ നിന്നും വിളിച്ചത്…

എന്തിനാ അമ്മേ ചേച്ചി കരയുന്നത്…..

അവളുടെ ആ ചോദ്യം അവർക്ക് അത്രയ്ക്ക് പിടിച്ചില്ലെങ്കിൽ പോലും മരുമകളെ ആദ്യദിവസം തന്നെ മുഷിപ്പിക്കണ്ട എന്ന് കരുതി … സുധിയുടെ അമ്മ കാര്യം പറഞ്ഞു…

സുധിയാണ് ഇവളുടെ വിവാഹം നടത്തി വിട്ടത്… വിവാഹം കഴിഞ്ഞ് രണ്ടു വർഷമായിട്ടും പറഞ്ഞ സ്വർണവും കൊടുക്കാൻ കഴിഞ്ഞിട്ടില്ല…

ഇത്തവണ സുധീര വിവാഹത്തിൽ നിന്നും പറഞ്ഞു ഇവിടെ വരുമ്പോൾ അവരുടെ അമ്മായി പ്രത്യേകം പറഞ്ഞു വിട്ടതാണ് കൊണ്ട് ചെല്ലുവാനുള്ള മൂന്നു പവൻ അതുമായി ചെന്നാൽ മതിയെന്ന്…….

സുധിയാണ് വാക്ക് കൊടുത്തത്…. പക്ഷേ അതിപ്പോൾ പാലിക്കാൻ കഴിയാതെ നിൽക്കുകയാണ്……. അതുകൊണ്ട് മോൾ അവൾക്ക് വേണ്ടി ഒരു സഹായം ചെയ്യണം…

മോളുടെ കയ്യിലെ സ്വർണ്ണത്തിൽ നിന്നും ഒരു മൂന്നു പവൻ അവൾക്ക് കൊടുക്കണം……. കേട്ടത് വിശ്വസിക്കാൻ ആവാതെ പഞ്ചമി കുറച്ചുനേരം അങ്ങനെ നിന്നു… ഒന്നും വേണ്ട മകളെ മാത്രം മതി എന്ന് പറഞ്ഞു വന്നവരാണ്…….

അവൾ ചുറ്റും ഒന്ന് നോക്കി…. സുധിയേട്ടനോട് ചോദിക്കാതെ ഞാൻ എങ്ങനെ അമ്മ തരുന്നത്…

അതിനെന്താ അവനോട് ഇപ്പോൾ തന്നെ ചോദിക്കാമല്ലോ…. അവർ മൊബൈൽ എടുത്തു സുധിയുടെ ഫോണിലേക്ക് വിളിച്ചു…

സ്പീക്കറിൽ ഇട്ടാണ് സംസാരിച്ചത്……

അമ്മയ്ക്ക് അവളോട് ചോദിച്ചു വാങ്ങിയാൽ പോരേ എന്നോട് വിളിച്ചു ചോദിക്കണോ….. കൂടുതൽ ഒന്നും പറയാൻ നിക്കണ്ട അവൾ തരും അമ്മ വാങ്ങിക്കോ….

അതോടുകൂടി അമ്മയുടെയും മകളുടെയും മുഖം വിടർന്നു…..

ദിവസങ്ങൾ കഴിയുംതോറും പഞ്ചമിക്ക് അവിടെയുള്ള ജീവിതം ദുസഹം ആയി തീർന്നു…..

നിങ്ങൾ വിവാഹം കഴിച്ചു കൊണ്ടുവന്ന ഭാര്യയാണ് ഞാൻ.. എന്നിട്ട് ഇതുവരെ നിങ്ങൾക്ക് എന്നോട് ഒന്നും സംസാരിക്കുവാനോ ചിരിക്കുവാനോ പോലും തോന്നിയില്ല എന്ന് പറയുന്നത് എന്ത് കഷ്ടമാണ്…..

നിങ്ങളുടെ ഇഷ്ടത്തോടുകൂടി നടന്ന വിവാഹമല്ലേ ഇത് പിന്നെ എന്തിനാണ് നിങ്ങൾ എന്നോട് ഇങ്ങനെ കാണിക്കുന്നത്…

ഒരു വിവാഹ ജീവിതത്തിൽ ഏർപ്പെടാൻ ഒന്നും എനിക്ക് തീരെ താല്പര്യമില്ലായിരുന്നു…

ഞാനെന്റെ ജോലിയും പിന്നെ പൂജാ വിധികളുമായി ജീവിക്കാനാണ് ആഗ്രഹിച്ചത്.. എനിക്ക് എന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിച്ചേ മതിയാവു………

കേട്ടതും കൂടം വെച്ച് തലയ്ക്ക് അടി കിട്ടിയതുപോലെ തറഞ്ഞു നിന്നു പഞ്ചമി…

ബ്രഹ്മചര്യയായി ജീവിക്കാനായിരുന്നു ആഗ്രഹം എങ്കിൽ നിങ്ങൾ എന്തിനാണ് എന്റെ കഴുത്തിൽ താലികെട്ടിയത്…

എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്.. എന്റെ വിവാഹം കാണുക എന്നുള്ളത് അമ്മയുടെ ആഗ്രഹമായിരുന്നു.. അമ്മയുടെ ആഗ്രഹ സാധിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്……

അതുവരെ എല്ലാം കേട്ടുകൊണ്ട് നിന്ന പഞ്ചമി പൊട്ടിത്തെറിച്ചു…

എന്നോട് പറയാൻ നാണമില്ലേ നിങ്ങൾക്കിതു.ബ്രഹ്മചര്യയായി ജീവിക്കാൻ ആഗ്രഹിച്ചു എങ്കിൽ എന്നെ നിങ്ങൾ നിങ്ങളുടെ വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കരുത് ആയിരുന്നു എന്റെ അച്ഛനും അമ്മയും പാടുപെട്ടാണ് വിവാഹം നടത്തിയത്.

എന്നിട്ട് ഇപ്പോൾ പറയുന്നത് കേട്ടില്ലേ…

നീ ഇനി ഇവിടെ കിടന്നു എന്തൊക്കെ തന്നെ പ്രസംഗിച്ചാലും ഈ നാല് ചുവരുകൾക്കുള്ളിൽ നിന്നും പുറത്തേക്ക് പോകില്ല.. അതുപോലെതന്നെ ജീവിതകാലം മുഴുവൻ നിനക്കൊരു മോചനവും ഉണ്ടാകില്ല.

കുറച്ചു കടവും ശ്രീധനവും ഒക്കെ ബാക്കിയുണ്ടായിരുന്നു.. എന്തായാലും നിന്നെ കെട്ടിയതോടുകൂടി അതൊക്കെ കഴിഞ്ഞു.. അതുകൊണ്ട് നിന്നെ ഇനി വിടാൻ പറ്റില്ല.

ആൾക്കാര് സ്വർണവും നിന്റെ കാശുമൊക്കെ എവിടെ എന്ന് ചോദിച്ചാൽ ഞാനെന്തു മറുപടി പറയും… അതുകൊണ്ട് ഇനി ഉള്ള കാലം എന്റെ ഭാര്യ എന്നു പറയുന്ന ലേബലിൽ നിനക്ക് ഇവിടെ കഴിഞ്ഞേ മതിയാവൂ…..

പഞ്ചമി ചാടി എഴുന്നേറ്റ് അവന്റെ ഇരുകവിളുകളിലും മാറി മാറി അടിച്ചു..

ദ്രോഹി നിനക്ക് എങ്ങനെ എന്നോട് ഇത് ചെയ്യാൻ തോന്നി…

അവൻ കുറ്റബോധത്തിൽ അവളെനോക്കി ചിരിച്ചു…

നീ ഇനി എന്തൊക്കെ തന്നെ പറഞ്ഞാലും എന്നിൽ നിന്ന് നിനക്കൊരു മോചനം ഇല്ല… ഒന്ന് സ്നേഹത്തോടെ സംസാരിച്ചില്ലെങ്കിലും ഒന്ന് ചേർത്ത് പിടിച്ചില്ലെങ്കിൽ പോലും എന്നും അവളെ എന്തെങ്കിലുമൊക്കെ കാര്യം പറഞ്ഞു ഉപദ്രവിക്കുക എന്നത് സുധിക്കു ശീലമായി..

ഇതിനിടയിൽ ഓരോ തവണയും ഓരോ ആവശ്യങ്ങൾ പറഞ്ഞു വീട്ടിൽ വന്നു ബഹളം ഉണ്ടാക്കുകയും മറ്റും ചെയ്തു..

അങ്ങനെ അവസാനതുണ്ട് സ്വർണവും അവർക്കായി ഊരികൊടുത്തു.

ഇന്നിപ്പോൾ ആ വീട്ടിലെ കറിവേപ്പിലയായി മാറിയിരിക്കുകയാണ്. ഈ അവസ്ഥ തുടരുകയാണെങ്കിൽ തനിക്ക് ഭ്രാന്ത് പിടിക്കും എന്ന് എനിക്ക് തോന്നി…..

ഒരു ദിവസം രാവിലെ പതിവ് പോലെ പഞ്ചമി ഉണർന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകാനായി ഒരുങ്ങി ഇറങ്ങി…

ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി തോന്നുമ്പോൾ കയറി വരാം എന്ന് ഒന്നും കരുതണ്ട സുധിയുടെ അമ്മ പുറകിൽ നിന്നും വിളിച്ചുപറഞ്ഞു…

എന്റെ ഈ പോക്ക് തിരികെ വരാൻ വേണ്ടി അല്ല. നിങ്ങളുടെ മകനെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച് നിങ്ങൾ വിചാരിച്ചതൊക്കെ സാധിച്ചല്ലോ..

നിങ്ങളുടെ മകളുടെ സ്ത്രീധന ബാക്കി കൊടുത്തു തീർത്തു… അതിനുവേണ്ടി ഇഷ്ടമില്ലാതിരുന്നിട്ട് പോലും അയാളെ നിങ്ങൾ വിവാഹത്തിന് നിർബന്ധിച്ചു….

ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായി ഇരിക്കാൻ തീരുമാനിച്ച അയാളും ഒത്തു ഒരു ജീവിതം എനിക്ക് ആഗ്രഹമില്ല.. അതുകൊണ്ട് ഞാൻ ഇറങ്ങുന്നു..

ഞാനൊരു വക്കീൽ നോട്ടീസ് അയക്കുന്നുണ്ട് അത് കൈപ്പറ്റി കൃത്യസമയത്ത് കോടതിയിൽ എത്തിയാൽ മതി…… ഇഷ്ടമില്ലാത്ത ഈ വിവാഹം എന്ന ബന്ധനത്തിൽ നിന്നും എനിക്ക് എത്രയും പെട്ടെന്ന് മോചനം കിട്ടിയാൽ മതി……..

ദുഃഖിച്ചിരിക്കാൻ ഒന്നും എന്നെ കിട്ടില്ല അന്തസായി ഒരു ജോലി എഴുതി എടുക്കും… എന്നിട്ട് എനിക്കൊരു തുണ ആവശ്യമാണ് എന്ന് തോന്നുമ്പോൾ… പുതിയൊരു വിവാഹത്തിനെ കുറിച്ച് ചിന്തിച്ചോളാം… അതൊന്നു മകനോട് പറഞ്ഞേക്ക്…..

തലയും നിവർത്തിപ്പിടിച്ച് പഞ്ചമി ആ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി……

Leave a Reply

Your email address will not be published. Required fields are marked *