” എടീ നീ കരുതുന്നതുപോലെ അല്ല..എന്തോ വലിയൊരു അപകടം എന്നെ കാത്തിരിക്കുന്നതു പോലെ..”

(രചന: ശ്രേയ)

കടലിന്റെ ആഴങ്ങളിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ, അവളുടെ ഓർമയിലേക്ക് വിരുന്ന് വന്നത് പണ്ടേപ്പോഴോ അവിടെ ഓടി നടന്ന രണ്ട് പെൺകുട്ടികളെ ആയിരുന്നു.

സ്റ്റെഫിയും ലെനയും..!!

ആത്മാർത്ഥ സുഹൃത്തുക്കൾ എന്നതിനേക്കാൾ ഉപരി രണ്ടുപേരും പരസ്പരം ഒരു വീട്ടിലുള്ള സഹോദരിമാരെ പോലെ തന്നെയായിരുന്നു പെരുമാറ്റം. രണ്ടുപേർക്കും മറ്റൊരാളില്ല എന്നപോലെ പരസ്പരം അവർ സ്നേഹിച്ചിരുന്നു.

സ്റ്റെഫിയുടെ വീട്ടിലെ സന്തോഷങ്ങളും ആഘോഷങ്ങളും എന്നും ലെനയ്ക്കും സ്വന്തമായിരുന്നു. തിരിച്ച് ലെനയുടെ വീട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും സന്താപങ്ങളും ഒക്കെയും സ്റ്റെഫിക്കും സ്വന്തമായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ രാവിലെ വന്ന സ്റ്റെഫി ആകെ മൂഡ് ഓഫ് ആയിരുന്നു. അത് കണ്ടപ്പോൾ തന്നെ ലെന അവളുടെ അടുത്തേക്ക് ചെന്നു.

” എന്താടി… നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നത്..? ”

ആശങ്കയോടെ ലെന അന്വേഷിച്ചു.

” എന്താണെന്നറിയില്ല രാവിലെ മുതൽ വല്ലാത്തൊരു ടെൻഷൻ. നമ്മുടെ ജീവിതത്തിൽ നെഗറ്റീവായി എന്തെങ്കിലും നടക്കുന്നതിനു മുൻപ് നമുക്ക് ഒരു അറിയിപ്പ് പോലെ ഒരു തോന്നൽ ഉണ്ടാവില്ലേ..? എന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്. എന്റെ ജീവിതത്തിൽ നെഗറ്റീവ് ആയി എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..”

സ്റ്റെഫി അത് പറഞ്ഞതും ലെനയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി.

” അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്. നെഗറ്റീവ് ആയിട്ട് എന്ത് സംഭവിക്കാനാണ്..? ”

ലെന അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

” എടീ നീ കരുതുന്നതുപോലെ അല്ല..എന്തോ വലിയൊരു അപകടം എന്നെ കാത്തിരിക്കുന്നതു പോലെ..”

സ്റ്റെഫി ആകെ ഭയന്നിട്ടുണ്ട് എന്ന് ലെനയ്ക്ക് ആ സമയം കൊണ്ട് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു.

” നീ പേടിക്കണ്ട.. എന്തൊക്കെ സംഭവിച്ചാലും നിന്നോടൊപ്പം ഞാൻ ഉണ്ടാവും.. ”

ലെന ആശ്വാസം നൽകി.

അന്നത്തെ ദിവസം മുഴുവൻ സ്റ്റെഫി അങ്ങനെയൊരു മാനസികാവസ്ഥയിൽ തന്നെയായിരുന്നു. ക്യാൻസൽ പറഞ്ഞത് പകുതിയും അവൾ ശ്രദ്ധിച്ചത് പോലും ഉണ്ടായിരുന്നില്ല.

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവരെ കാത്ത് പുറത്തു തന്നെ അമൽ നിൽപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ ലെന സ്റ്റെഫിയെ നോക്കി.

അവൻ അവിടെ നിൽക്കുന്നത് സ്റ്റെഫി കാണുന്നുണ്ടെങ്കിൽ പോലും, എല്ലാ ദിവസത്തെയും പോലെ അവനെ കാണുമ്പോൾ ഉള്ള സന്തോഷം അവളുടെ കണ്ണിലോ മുഖത്തോ കാണാനുണ്ടായിരുന്നില്ല.

അവർക്ക് സൗകര്യത്തിനായി ലെന അവിടെ നിന്ന് ഒരല്പം മാറി നിന്നു. അപ്പോൾ തന്നെ അമൽ സ്റ്റെഫിയുടെ അടുത്തേക്ക് വരികയും ചെയ്തു.

അമൽ ആദ്യം അവളോട് എന്തോ ദേഷ്യത്തിൽ സംസാരിക്കുന്നതും പിന്നീട് എന്തൊക്കെയോ ചോദിക്കുന്നതും അതിന്റെ ഫലമായി അവൾ കരയുന്നതും ഒക്കെ കണ്ടു. കുറച്ചു നിമിഷങ്ങൾക്കകം അവൻ അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ലെനയ്ക്ക് സമാധാനം തോന്നി.

അമലും സ്റ്റെഫിയും പ്രണയത്തിൽ ആയിട്ട് ഏകദേശം മൂന്നു വർഷത്തോളം ആകുന്നു. ഈ കോളേജിന്റെ പടി കയറി വന്നപ്പോൾ അവളോടൊപ്പം വന്ന ഇഷ്ടമാണ് എന്ന് വേണമെങ്കിൽ പറയാം.

അന്ന് അമൽ പിജിക്ക് പഠിക്കുകയായിരുന്നു.കഴിഞ്ഞ വർഷം അവൻ പാസ് ഔട്ടായി പോവുകയും ചെയ്തു. ചിലപ്പോൾ അതോടുകൂടി അവർ തമ്മിലുള്ള കോൺടാക്ടും പ്രണയവും ഒക്കെ അവസാനിക്കും എന്നാണ് ലെന കരുതിയിരുന്നത്.

പക്ഷേ ഈയൊരു ബന്ധത്തിൽ അവൻ സീരിയസാണ് എന്ന് മനസ്സിലാക്കാൻ പിന്നീടുള്ള കോളുകളും കൂടിക്കാഴ്ചകളും മാത്രം മതിയായിരുന്നു. അവളെ സ്വന്തമാക്കണമെന്ന് ഒരു ഒറ്റ ലക്ഷ്യം കൊണ്ടാണ് അവൻ എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടുപിടിച്ചത്.

ഇടയ്ക്കിടയ്ക്ക് അമൽ സ്റ്റഫിയെ കാണാനായി വരാറുണ്ട്. അവർ തമ്മിലുള്ള ബന്ധം അറിയുന്നതുകൊണ്ടു തന്നെ ലെന അതിൽ അഭിപ്രായവ്യത്യാസം ഒന്നും പറയാറുമില്ല.

ഇന്നലെ ഒരുപക്ഷേ അമൽ ഫോൺ ചെയ്തപ്പോൾ കാര്യമായി ഒന്നും വർത്തമാനം പറഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടാകണം ഇന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ അമൽ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

എന്താണെങ്കിലും രണ്ടാളും തമ്മിൽ സംസാരിച്ചു കഴിഞ്ഞ് സ്റ്റെഫി അടുത്തേക്ക് വന്നപ്പോൾ, അമലിനോട് യാത്ര പറഞ്ഞു ലെനയും അവളുടെ ഒപ്പം പുറത്തേക്ക് നടന്നു.

അന്ന് രാത്രിയിൽ ലെനയെ തേടി സ്റ്റെഫിയുടെ ഒരു ഫോൺകോൾ വന്നിരുന്നു.

” എടീ ഞാൻ നിന്നോട് രാവിലെ തന്നെ പറഞ്ഞതല്ലേ എനിക്ക് എന്തൊക്കെയോ നെഗറ്റീവ് തോന്നുന്നുണ്ട് എന്ന്.. ഞാൻ പറഞ്ഞത് ഇപ്പോൾ അതുപോലെ തന്നെ ആയില്ലേ..?”

സങ്കടത്തോടെ സംസാരിച്ചു തുടങ്ങിയപ്പോൾ ലെനക്ക് ഒന്നും മനസ്സിലായില്ല.

“വീട്ടിൽ എനിക്ക് വിവാഹം ആലോചിക്കുന്നുണ്ട്.. അവർ ഏകദേശം എല്ലാം ഉറപ്പിച്ച മട്ടാണ്..”

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സ്റ്റെഫി വിതുമ്പി പോയിരുന്നു.

“ഡീ..”

അവളുടെ മാനസിക സമ്മർദ്ദം മനസ്സിലാക്കിയത് പോലെ ലെന പതിയെ വിളിച്ചു.

” എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു ഊഹവും കിട്ടുന്നില്ല.ഈയൊരു അവസ്ഥയിൽ അമലിന്റെ കാര്യം തുറന്നു പറയാൻ പോലും എനിക്ക് ഭയം തോന്നുന്നു. ”

സ്റ്റെഫി വിറക്കുകയാണെന്ന് തോന്നി.

” നീ ഇങ്ങനെ പേടിച്ചത് കൊണ്ട് കാര്യമുണ്ടോ..? നിനക്ക് അവനെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ നിന്നോട് ഞാൻ പറഞ്ഞതാണ് ഇങ്ങനെയൊരു അവസരം എപ്പോഴെങ്കിലും നിനക്ക് ഉണ്ടാകുമെന്ന്. എന്റെ വീട്ടുകാരുടെ മുന്നിൽ പ്രണയം തുറന്നു പറയുന്ന സാഹചര്യത്തെക്കുറിച്ച് പലവട്ടം നിന്നെ ഞാൻ ഉപദേശിച്ചതാണ്. എന്നിട്ട് അതിൽ എന്തെങ്കിലും ഫലം ഉണ്ടായോ..? ”

ലെന ചോദിച്ചപ്പോൾ സ്റ്റഫി മൗനം പാലിച്ചു.

” സ്നേഹവും ഇഷ്ടവും ഒക്കെ ആർക്കും ആരോടും തോന്നാവുന്ന ഒരു വികാരമാണ്. പക്ഷേ ആ ഇഷ്ടം ഒരാളിന് പകർന്നു കൊടുക്കുമ്പോൾ, ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിച്ചു പോകില്ല എന്നൊരു ഉറപ്പു കൂടിയാണ് നമ്മൾ അവർക്ക് കൊടുക്കേണ്ടത്. നിന്നെ സംബന്ധിച്ച് നീ അമലിന് അങ്ങനെ ഒരു വാക്ക് കൊടുത്തിട്ടുണ്ടായിരിക്കാം. അത് പാലിക്കപ്പെടേണ്ടത് നിന്റെ ആവശ്യമാണ്. ”

ലെന പറഞ്ഞപ്പോൾ കൂടുതലൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു…!

ആ സമയത്ത് ദേഷ്യം കൊണ്ടാണ് ലെന അങ്ങനെയൊക്കെ പറഞ്ഞത്. പിറ്റേന്ന് ക്ലാസ്സിൽ വരുമ്പോൾ സംസാരിച്ചു പിണക്കം തീർക്കാം എന്ന് കരുതി .

പക്ഷേ പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ അറിഞ്ഞത് സ്റ്റെഫി മരണപ്പെട്ടു എന്ന വാർത്തയാണ്. അത് ലെനയ്ക്ക് നൽകിയ ആഘാതം ചെറുതൊന്നുമായിരുന്നില്ല. തീരെ പ്രതീക്ഷിക്കാതെ വിട പറഞ്ഞു പോയ സുഹൃത്തിനെ കണ്ണീരോടെ അല്ലാതെ അവൾക്ക് ഓർക്കാൻ കഴിഞ്ഞില്ല .

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോൾ സ്റ്റഫിയുടെ സഹോദരനാണ് വീട്ടിൽ നടന്ന കാര്യങ്ങളെ കുറിച്ച് ലെനയോട് പറഞ്ഞത്.

” അവൾക്ക് ഞങ്ങൾ ഒരു വിവാഹാലോചന കൊണ്ടു വന്നിരുന്നു എന്നത് ശരിയാണ്. ആ ഒരു ബന്ധം നല്ലതായത് കൊണ്ട് അത് നടത്തിയാലോ എന്നൊരു ആലോചന ഉണ്ടായിരുന്നു എന്നതും സത്യമാണ്. അതിന്റെ പേരിൽ വീട്ടിൽ ചില സംസാരങ്ങളൊക്കെ നടന്നിരുന്നു. പക്ഷേ അപ്പോഴാണ് അവൾക്ക് ഒരാളിനെ ഇഷ്ടമാണ് എന്ന് ഇവിടെ പറയുന്നത്. ആ പയ്യനെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് ഒരു ഹിന്ദു പയ്യനാണെന്ന് അറിയാൻ കഴിഞ്ഞു. ജോലിയാണെങ്കിലും കാണാൻ ആണെങ്കിലും ഒക്കെ നല്ലതാണ്. പക്ഷേ അന്യമതത്തിൽ പെട്ട ഒരു ചെറുപ്പക്കാരന്റെ കയ്യിൽ അവളെ ഏൽപ്പിക്കാൻ വീട്ടിൽ കാരണവന്മാർക്ക് ആർക്കും ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. അതിന്റെ പേരിൽ കുറേ സംസാരം ആയതാണ് അന്ന് രാത്രിയിൽ തന്നെ. അതിന്റെ കൂടെ അവൾ മുറിയിൽ കയറി വാതിൽ അടച്ചു. അവൾ വാതിൽ തുറക്കാതിരുന്നപ്പോൾ വാശിപിടിച്ച് അവിടെ ഇരിക്കുന്നതാണ് എന്നാണ് കരുതിയത്. പക്ഷേ നേരം വെളുത്തിട്ടും അവൾ എഴുന്നേറ്റ് വരാതെ ആയതോടെയാണ് സംശയം തോന്നിയത്. വാതിൽ ചവിട്ടി പൊളിച്ച് അകത്തേക്ക് കയറി നോക്കിയപ്പോൾ… ”

അത്രയും പറഞ്ഞു അയാൾ പൊട്ടി കരയുമ്പോൾ ലെനയ്ക്ക് കുറ്റബോധം തോന്നി. ഒരുപക്ഷേ ഇത്രയും പ്രശ്നങ്ങൾക്കിടയിൽ ഒരു ആശ്വാസത്തിന് വേണ്ടി ആയിരിക്കണം അവൾ തന്നെ വിളിച്ചത്. എന്നിട്ട് താൻ എന്താ ചെയ്തത്..!!

“ഡോ.. ഇവിടെയിരുന്നു സ്വപ്നം കാണാനാണോ ഉദ്ദേശം..? സമയം എത്രയായി എന്നാ.. എഴുന്നേറ്റ് വന്നേ..”

തോളിൽ തട്ടികൊണ്ട് ഒരുവൻ വിളിക്കുമ്പോൾ ആണ് ഞെട്ടിക്കൊണ്ട് ഓർമ്മകളിൽ നിന്ന് ഉണർന്നത്. മുന്നിൽ നിൽക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ അറിയാതെ വിതുമ്പി പോയി.

” ഇന്നും പഴയതൊക്കെ ഓർത്തു കാണും അല്ലേ..? ഇനിയും അതൊക്കെ ഓർത്തത് കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടെന്ന് തനിക്ക് തോന്നുന്നുണ്ടോ..? വെറുതെ വിഷമിച്ചിരിക്കാതെ എഴുന്നേറ്റു വാ.. ”

നിർബന്ധിച്ച് അവളെ പിടിച്ചു വലിച്ചു കൊണ്ടുപോകുമ്പോൾ അവനും അറിയാമായിരുന്നു. അവളുടെ ഓർമ്മകളിൽ നിന്ന് അങ്ങനെയൊന്നും അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി പടി ഇറങ്ങി പോകില്ല എന്ന്..!!

✍️ശ്രേയ

Leave a Reply

Your email address will not be published. Required fields are marked *