അപ്പൻ എന്നാത്തിനാ അച്ചനോട് കരുണാലയത്തിലെ കാര്യം ഒക്കെ അന്വേഷിച്ചത്?? ആരോട് ചോദിച്ചിട്ടാ അപ്പൻ കരുണാലയത്തിലോട്ട് മാറുന്നത്?? “

തനിയെ
(രചന: സൃഷ്ടി)

തോട്ടത്തിൽ ബംഗ്ലാവിന്റെ മുറ്റത്തു റോയിച്ചന്റെ ഥാർ ജീപ്പ് ഇരമ്പി വന്നു നിന്നു..

അതിൽ നിന്നും റോയിച്ചൻ ചാടിയിറങ്ങി.. മുറ്റത്തു നിന്ന ഭാര്യ ദിവ്യയെ നോക്കാതെ അവൻ അകത്തേക്ക് പാഞ്ഞു…

” അപ്പാ.. ”

അവന്റെ ശബ്ദം വീടിന്റെ അകത്തളങ്ങളിൽ പ്രതിധ്വനിച്ചു..

” എന്നാടാ ”

അകത്തു നിന്ന് വർക്കിച്ചൻ പുറത്തേക്ക് വന്നു.. അപ്പോളേക്കും ദിവ്യയും ഓടി വന്നിരുന്നു..

” അപ്പൻ എന്നാത്തിനാ അച്ചനോട് കരുണാലയത്തിലെ കാര്യം ഒക്കെ അന്വേഷിച്ചത്?? ആരോട് ചോദിച്ചിട്ടാ അപ്പൻ കരുണാലയത്തിലോട്ട് മാറുന്നത്?? ”

റോയിച്ചന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. ദിവ്യയും അത് കേട്ട് പകച്ചു വർക്കിച്ചനെ നോക്കി..

” അപ്പന് നമ്മുടെ വീട്ടിൽ എന്തെങ്കിലും വിഷമം ഉണ്ടോ?? ഞാനോ ഇവളോ അപ്പനെ വിഷമിപ്പിച്ചോ?? ഞങ്ങളെ ഉപേക്ഷിച്ചു പോകാനും മാത്രം അപ്പന് എന്നാ വെളിപാടാ ഉണ്ടായേ?? ”

ഇത്തവണ റോയിച്ചന്റെ സ്വരത്തിൽ വേദന കലർന്നിരുന്നു.. അവൻ ഹാളിലെ സോഫയിൽ തലയ്ക്കു കൈ താങ്ങി ഇരുന്നു.. വർക്കിച്ചനു വല്ലാത്ത വേദന തോന്നി..

” എടാ മോനേ റോയിച്ചാ.. അപ്പനൊന്ന് പറയട്ടെ ടാ ”

” അപ്പനൊരു തേങ്ങയും പറയണ്ട.. അപ്പനെ ഞാൻ എങ്ങോട്ടും വിടത്തില്ല ”

അവൻ ചീറി… ദിവ്യയും വർക്കിച്ചനെ പരിഭവത്തോടെ നോക്കി.. അയാൾ ഒന്നും പറയാതെ മുറിയിലേക്ക് നടന്നു..

വർക്കിച്ചൻ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.. പ്രായം അറുപത് കഴിഞ്ഞു.

പ്രത്യേകിച്ച് അസുഖങ്ങളോ, വയ്യായകളോ ഒന്നുമില്ല.. എല്ലാവരും പറയും.. വർക്കിച്ചൻ ഭാഗ്യവാൻ ആണെന്ന്.. പക്ഷേ..

പാതിയായവൾ പോയിട്ടിപ്പോൾ ആറു വർഷം കഴിഞ്ഞു.. മരിക്കുന്നതു വരെ കൊച്ചുമറിയ ആയിരുന്നു തന്റെ ലോകം..

ഇരുപത്തി അഞ്ചാം വയസ്സിൽ കൂടെ കൂടിയതാണ്.. പിന്നെ കുറേ കാത്തിരുന്നാണ് റോയിച്ചൻ ഉണ്ടായത്..

പിന്നെ അവനും കൂടി ചേർന്നതായി ലോകം.. ഒരുപാട് സ്നേഹം കൊടുത്തിട്ടാണ് റോയിച്ചനെ വളർത്തിയത്.. അവനും തിരിച്ചു അങ്ങനെ തന്നെയാണ്..

അപ്പനും അമ്മയും അവന്റെ ജീവന്റെ ഭാഗമായിരുന്നു.. ചേർന്ന മരുമകളെയും കിട്ടി.. അവന്റെ ഇഷ്ടമായിരുന്നു ദിവ്യമോൾ..

തോപ്പിലെ വർക്കിച്ചനോളം തറവാട്ടു മഹിമയും, സാമ്പത്തികവും ഒന്നും ഇല്ലായിരുന്നു അവൾക്ക്.. എന്നിട്ടും റോയിച്ചന്റെ ഇഷ്ടം അതാണെന്ന് അറിഞ്ഞപ്പോൾ കൊച്ചുമറിയ തന്നെയാണ് അവളെ ചെന്നു കണ്ടത്..!

തന്നെയും നിർബന്ധിച്ചതും ആ കെട്ട് നടത്താൻ മുൻകൈ എടുത്തതും ഒക്കെ അവളാണ്.. ആ സ്നേഹത്തിനുള്ള നന്ദി എന്നും ദിവ്യയ്ക്ക് ഉണ്ടായിട്ടുണ്ട്..

ബന്ധുക്കളിൽ പലരും ഓരോന്ന് കുത്തിപ്പറഞ്ഞു അവളെ നോവിക്കാൻ നോക്കിയപ്പോളൊക്കെ അവരോട് മറുപടി പറഞ്ഞു അവളെ ചേർത്തു പിടിച്ചത് കൊച്ചു മറിയയാണ് ..

തന്റെ ഉള്ളിൽ ഉണ്ടായിരുന്ന നേർത്ത നീരസമൊക്കെ അലിയിപ്പിച്ചു കുടുംബത്തിന്റെ സന്തോഷം നില നിർത്താൻ അവൾക്ക് പ്രത്യേക കഴിവായിരുന്നു..

റോയിച്ചനും ദിവ്യയ്ക്കും അയാൻ മോൻ ജനിച്ചു ഒരു വർഷം കഴിഞ്ഞപ്പോളാണ് കൊച്ചുമറിയ പെട്ടെന്നങ്ങ്‌ പോയത്..

ഒരു രാത്രി ഉറങ്ങാൻ കിടന്ന അവള് പിന്നെ ഉണർന്നില്ല.. എല്ലാവരും പറഞ്ഞു.. ഭാഗ്യം ചെയ്ത മരണമെന്ന്.. പക്ഷേ അതോടെ തന്റെ ഭാഗ്യമൊക്കെ അവസാനിക്കുകയായിരുന്നു..

പതിയെ കൊച്ചുമറിയയെ പോലെ ദിവ്യ വീട്ടുഭരണങ്ങൾ ഒക്കെ ഏറ്റെടുത്തു.. പക്ഷേ തന്റെ അവസ്ഥ ആയിരുന്നു കഷ്ടം!

” അച്ചായാ ” എന്നും വിളിച്ചു നിഴലു പോലെ ഉണ്ടായിരുന്നവൾ ഒരു ദിവസം മാഞ്ഞു പോയാലത്തെ ശൂന്യത.. അത് തന്നെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു..

തനിച്ചാക്കി പോയതിനു അവളോട്‌ തോന്നിയ പരിഭവം.. അത് പിന്നെ സങ്കടമായി.. ദേഷ്യമായി.. പുറത്തു ചാടി.. ദിവ്യ ആയിരുന്നു അതിനൊക്കെ അനുഭവിച്ചത്..

അവളുണ്ടാക്കുന്ന കറികളിലൊന്നും കൊച്ചു മറിയയുടെ കൈയിന്റെ രുചി ഇല്ലാഞ്ഞത് തന്നെ ചൊടിപ്പിച്ചു.. ഭക്ഷണ പാത്രങ്ങൾ വലിച്ചെറിയപ്പെട്ടു..

ദിവ്യ അലക്കിതേച്ച കുപ്പായങ്ങൾക്കൊന്നും കൊച്ചുമറിയയുടെ ചിരിയുടെ വെണ്മ ഉണ്ടായിരുന്നില്ല.. അവ വലിച്ചു കീറപ്പെട്ടു..

കൊച്ചുമറിയയുടെ ചൂടും മണവുമില്ലാത്ത മുറിയിൽ തന്റെ ഉറക്കം നഷ്ടപ്പെട്ടു..

അവളുടെ അച്ചായാ എന്നുള്ള മറുപടി കിട്ടാതെ തന്റെ വാക്കുകൾ കെട്ടിയിട്ടു..
സ്വയം നഷ്ടപ്പെട്ട അവസ്ഥ..

ദിവ്യയുടെ ഒറ്റയ്ക്ക് നിന്നുള്ള കരച്ചിലും, കൊച്ചു മറിയയുടെ ഫോട്ടോയുടെ മുന്നിൽ നിന്നുള്ള അവളുടെ സങ്കടം പറച്ചിലുമൊക്കെ വല്ലാതെ ഉള്ളൂലയ്ക്കുന്നുണ്ടായിരുന്നു..

ആഴ്ചയിൽ ഒരിക്കൽ വരുന്ന റോയിച്ചനെ അവൾ എല്ലാം അറിയിക്കുന്നുണ്ടാവണം..

അവൻ വന്നാൽ ഒരുപാട് നേരം കൂടെ ഇരിക്കും.. കൊച്ചുമറിയ നടുവിലില്ലാതെ ഞങ്ങൾക്കും വാക്കുകൾക്ക് ക്ഷാമം ആയിരുന്നു..

” അപ്പനോട് എന്തേലുമൊക്കെ പറയെന്റെ റോയിച്ചാ ” എന്ന് ദിവ്യ അടക്കം പറയുന്നത് പലപ്പോളും കേട്ടിട്ടുണ്ട്.. കേൾക്കാത്ത പോലെ ഇരിക്കും..

പിന്നെയാണ് അവൾ അയാൻ മോനേ ഏൽപ്പിക്കാൻ തുടങ്ങിയത്.. അവന്റെ കൂടെ കളിക്കുന്ന നിമിഷങ്ങളിൽ മറ്റെല്ലാ വേദനകളിൽ നിന്നും ആശ്വാസം കിട്ടും..

പതിയെ പതിയെ ഉള്ളിലെ മുറിവുകൾക്ക് അവന്റെ കുഞ്ഞുമ്മകൾ മരുന്നായി..

വല്യപ്പച്ചാ എന്നുള്ള അവന്റെ വിളിയിൽ താൻ പുതിയൊരു ലോകം കണ്ടെത്തി.. അല്ലാ.. അവനായിരുന്നു തന്റെ ലോകം.. ചിരിക്കാനും കളിക്കാനും ഒക്കെ തുടങ്ങി..

മറ്റൊരാർത്ഥത്തിൽ, പണ്ട് കാണാതെ പോയ റോയിച്ചന്റെ ബാല്യത്തെ ഒന്നുകൂടി കാണുകയായിരുന്നു.. ആസ്വദിക്കുകയായിരുന്നു..

ഇപ്പോൾ അയാൻ മോനു നാല് വയസ്സ് കഴിഞ്ഞു.. അവനെ പ്ലേ സ്കൂളിൽ ചേർത്തു.. പിന്നെയും പകൽ സമയങ്ങളിൽ ഒറ്റയ്ക്കായി.. എന്തോ മനസ്സ് കൈവിട്ടു പോകുന്നത് പോലെ തോന്നുകയാണ്..

പലപ്പോളും മനസ്സ് കൈപ്പിടിയിൽ ഒതുങ്ങാതെ വരുന്നു.. ഒരു സമാധാനത്തിന് കൊച്ചുമറിയയെ കാണാനായി ചെന്നപ്പോളാണ് കരുണാലയത്തിലെ ബോർഡ്‌ കണ്ടത്..

പള്ളി വക അനാഥ മന്ദിരമാണ്.. മക്കൾ ഉപേക്ഷിച്ച അച്ഛനമ്മമാരും, അച്ഛനമ്മമാർ ഉപേക്ഷിച്ച മക്കളും, അങ്ങനെ ആരൊക്കെയോ ഉപേക്ഷിച്ച കുറേ പേര്..

കുറേ സമയം അവിടെ ഇരുന്നപ്പോളാണ് എന്തുകൊണ്ട് ഇങ്ങോട്ടൊരു മാറ്റം ആയിക്കൂട എന്ന് തോന്നിയത്..

റോയിച്ചനെയും ദിവ്യയെയും മോനെയും ഒക്കെ ഉപേക്ഷിക്കാൻ തോന്നിയിട്ടല്ല.. എപ്പോ വേണമെങ്കിലും കാണാലോ എന്നൊരു തോന്നല്.. തന്റെ ഈ ഏകാന്തതയിൽ നിന്നൊരു മോചനം..

ഇത്രയൊക്കെയേ ചിന്തിച്ചുള്ളൂ.. പക്ഷേ റോയിച്ചനെ അത് വേദനിപ്പിക്കുമെന്ന് ചിന്തിച്ചില്ല.. വർക്കിച്ചന്റെ കണ്ണിൽ മിഴിനീർ പൊടിഞ്ഞു

” അപ്പാ… ”

റോയിച്ചൻ മൃദുലമായി വിളിച്ചു.. വർക്കിച്ചൻ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.. അപ്പന്റെ നിറമിഴികൾ അവനെ നോവിച്ചു..

” പിന്നേയ്.. നാളെ തൊട്ട് അപ്പനിങ്ങനെ ഇവിടെ ഇരിക്കണ്ട… അതുകൊണ്ടാ ഇങ്ങനെ ഓരോന്ന് തോന്നുന്നേ.. ”

വർക്കിച്ചൻ, മകനെ തുറിച്ചു നോക്കി..

” നോക്കണ്ടാ.. കാലത്ത് ഞാൻ പോകുമ്പോ എന്റെ കൂടെ പോന്നോണം.. നമ്മടെ സൂപ്പർ മാർക്കറ്റ് ഇനി അപ്പൻ നോക്കണം.. ഞാൻ നമ്മുടെ സൈറ്റിലൊക്കെ പോകുമ്പോ അപ്പൻ കടയിൽ വേണം..

ചുമ്മാ ഒരാളായി ഇരുന്നാ മതി.. പണിക്കാർക്കൊക്കെ കാർന്നോരെ കണ്ടിട്ട് ഒരു പേടി വരട്ടെ.. ”

റോയിച്ചൻ തെല്ലു കുസൃതിയോടെ പറഞ്ഞു നിർത്തി.. വർക്കിച്ചനു എന്തൊക്കെയോ അവനോട് പറയണമെന്ന് തോന്നി..

പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല. പകരം കണ്ണുകൾ നിറഞ്ഞു..

റോയിച്ചൻ അപ്പന്റെ കണ്ണുകൾ തുടച്ചു കൊടുത്തു..

” അപ്പനെ അങ്ങനെ വിടാനോക്കുമോ അപ്പാ.. അമ്മ എന്നോട് ചോദിക്കില്ലേ എന്റെ അച്ചായനെ നീ കളഞ്ഞോടാ എന്ന് ”

റോയ് അപ്പനെ കെട്ടിപ്പിടിച്ചു.. വാതിൽക്കൽ നിന്ന ദിവ്യയും കണ്ണ് തുടച്ചു.. അയാൾ ദിവ്യയെയും ഇതൊക്കെ കണ്ട് അന്തം വിട്ടു നിന്ന അയാൻ മോനെയും കൈ കാട്ടി വിളിച്ചു..

തന്റെ കണ്ണീരിന്റെ നനവിന് മീതെ കൊച്ചുമറിയയുടെ മണമുള്ളൊരു കാറ്റ് വീശിയത് പോലെ വർക്കിച്ചനു തോന്നി..അയാളിൽ ഒരു നറുചിരി വിരിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *