(രചന: Syam Varkala)
ഇന്നെന്റെ മകന്റെ ആദ്യ രാത്രിയാണ്.
എനിക്കാകെയൊരു വല്ലായ്ക തോന്നി,
ശ്വാസം വിടാൻ നന്നേ ബുദ്ധിമുട്ടനുഭവപ്പെട്ടു, നെഞ്ചിനുള്ളിലൊരു വേദന പിച്ചവച്ചു പെരുകി വരുന്നുണ്ട്.
കട്ടിലിനോട് ചേർന്ന് ചുവരിൽ ഉറപ്പിച്ചിട്ടുള്ള അലാറം സ്വിച്ചിൽ ഞെക്കിയാൽ മകനോടിവരും.
വരട്ടെ… ആലോചിക്കാം…
മനസ്സിലിപ്പോൾ മുഴുവൻ എന്റെ ആദ്യരാത്രിയാണ്, ഒരത്യപൂർവ്വ രാത്രി. കല്ല്യണത്തിന് മുൻപ് ആദ്യരാത്രിയെക്കുറിച്ച് കുറെ ചിന്തിച്ചു കൂട്ടുമായിരുന്നു ഞാൻ.
പാൽ പങ്കിടുന്നതും, മനസ്സ് പങ്കിടുന്നതും, ശരീരം…..വേണ്ട, അത് കുറച്ച് ദിവസം കഴിഞ്ഞു മതി. കുറെ കുറെ പ്രേമിക്കണം, തൊട്ടും, തലോടിയും, പിച്ചി നോവിച്ചും, ഇക്കിളിത്തമാശകൾ പറഞ്ഞും..
അങ്ങനങ്ങനെ കുറെ…! വിചിത്രമെന്ന് തോന്നുന്ന ചിലതൊക്കെയുണ്ടായിരുന്നു, ഓർക്കുമ്പോ ഇപ്പോഴും നാണം
ചിറിക്ക് തോണ്ടും.
പാലുമായ് എന്റെ മുറിയിലേയ്ക്ക് ആദ്യമായ് കടന്ന് വന്ന തങ്കമണിയുടെ ചുണ്ടിൽ പാൽ പുഞ്ചിരിയില്ലെന്ന് കണ്ടപ്പോൾ തന്നെ മനസ്സൊന്ന് കട്ടഞ്ചായയായെങ്കിലും,
ആദ്യരാത്രിയെ കുറിച്ചുള്ള ഒരു പെണ്ണിന്റെ ആകുലതകളും, ആകാംക്ഷകളുമാകാം അതെന്ന് സ്വയം സമാധാനിച്ച് ഞാൻ നിറ ചിരിയോടെ തങ്കമണിയെ വരവേറ്റു.
പക്ഷേ മനസ്സിൽ ചെറുനാണം പൂശി പുഞ്ചിരിയോടെ വാതിൽ കടന്ന് പാലുമായ് വരുന്നൊരു പെണ്ണിന്റെ ചിത്രം വല്ലാതിരുന്ന് വീർപ്പു മുട്ടി.
പാൽ മേശപ്പുറത്ത് വച്ചതും ഇടുപ്പിൽ നിന്നും വഴുതി വീണ നിറകുടം കണക്ക് തങ്കമണി പൊട്ടിച്ചരിഞ്ഞൊഴുകി.
“എനിക്ക്…. എനിക്കൊരാളെ ഇഷ്ട്ടമാണ്. അയാളെ ഓർത്തിട്ടെനിക്ക് സങ്കടം സഹിക്കാൻ വയ്യ, എനിക്കയാളെ കാണണം…. ഇല്ലെങ്കിൽ ഞാൻ ചത്തു പോകും..”
തങ്കമണിയേം കൊണ്ട് ഞാൻ വെള്ള അംബാസിഡറിൽ പറ പറന്നു. ആളെക്കൂട്ടി തലകുമ്പിട്ട തങ്കമണിയെ നടുക്ക് നിർത്താനല്ല, എനിക്കപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്,
കാരണം ഞാനിന്നേ വരെ ആരെയും പ്രേമിച്ചിട്ടില്ല! ഈ ജന്മത്തിൽ ഞാൻ കൂടുതൽ അറിയാനും,അടുക്കാനും അടുത്തിടപെഴുകാനും ആഗ്രഹിച്ചിട്ടുള്ള ഒന്നായിരുന്നു പ്രണയം.
പക്ഷേ അങ്ങനെയൊന്ന് എന്തോ എന്റെ ജീവിതത്തിൽ സംഭവിച്ചില്ല. ആകാംക്ഷയോടൊപ്പം, എനിക്ക് പേടിയായിരുന്നു പ്രണയത്തിനെ.
തങ്കമണിയുടെ “രാമട്ടൻ” രാമകൃഷ്ണനെ തേടി തങ്കമണി പറഞ്ഞ ദിക്കിലേയ്ക്ക് കാർ പായിച്ചു കൊണ്ട് നാട്ടുകാരും വീട്ടുകാരും ഇതറിഞ്ഞാലുള്ള പുകിലിനെക്കുറിച്ച് ചിന്തിച്ചു.
എന്ത് പുകില്, മനസ്സിൽ മറ്റൊരുത്തനെയോർത്ത് നീറുന്നൊരുവളോടൊപ്പം ജീവിക്കുന്നത്ര പുകിലോളം വരുമോ?
രാമകൃഷ്ണൻ കാണാനിടയുള്ള രണ്ട് മൂന്ന് സ്ഥലങ്ങളിൽ ഞങ്ങൾ ചെന്നെങ്കിലും അവിടെയെങ്ങും അയാളുണ്ടായില്ല.
രാമകൃഷ്ണൻ എന്തെങ്കിലും അബദ്ധം പ്രവർത്തിച്ചിട്ടുണ്ടാകുമോന്ന് ഓർത്ത് എന്റെ നെഞ്ചിൽ വീണ് തങ്കമണി പൊട്ടിക്കരഞ്ഞു. ഞാനാശിച്ചു പോയി,
തങ്കമണി പൊട്ടിക്കരയുന്നത് എന്നെയോർത്തായിരുന്നെങ്കിൽ, അവൾ തേടുന്ന കാമുകൻ ഞാനായിരുന്നെങ്കിൽ..!!
പ്രേമം കൊണ്ടും, വിരഹം കൊണ്ടും, നഷ്ട്ടപ്പെട്ടു പോയേക്കുമെന്ന് ഓർത്തും
കരയാനൊരു പെണ്ണില്ലാതെ എന്ത് വിരസമാണ് ജീവിതം..! ഗതകാലത്തെ പ്രണയമെന്തെന്നറിയിക്കാതെ വിട്ടത് വല്ല്യ തെറ്റായിപ്പോയി…കൊടും..!
കാണാതായ ഭർത്താവിനെയോർത്ത് കരയുന്ന സ്വന്തം മകളെ അച്ഛനെന്നോണം തങ്കമണിയെ ആശ്വസിപ്പിച്ച് ഒരു ബണ്ണും ചായയും ഞാൻ നിർബന്ധിച്ച് കഴിപ്പിച്ചു.
അവൾ തളർന്ന് പോയിരുന്നു.
മഹാനടൻ സത്യനും,പെണ്ണുങ്ങളും,.. ഇത് രണ്ടും വേദനിക്കുന്നത് എനിക്ക് സഹിക്കാനാകുമായിരുന്നില്ല.
ഒരുപാട് കണ്ണീരൊഴുക്കിയൊരു പെണ്ണിന്റെ മകനാണ് ഞാൻ. ഉള്ളിയരിയുമ്പോൾ കൂടി നിറഞ്ഞു തുളുമ്പാൻ കണ്ണീരില്ലാത്ത വിധം അച്ഛനത് വറ്റിച്ചു കളഞ്ഞിരുന്നു.
തങ്കമണി കരയാൻ പാടില്ല, രാമകൃഷ്ണനെ കണ്ടുപിടിക്കണം. അവരൊരുമിക്കുന്നതെനിക്ക് കൺ കുളിർക്കെ കാണണം. ഒടുവിൽ കണ്ടെത്തി,…
മേശപ്പുറത്ത് കണ്ണീര് പെയ്തൊരു കത്തും , ഉത്തരത്തിലൊരു കുരുക്കും.. തങ്കമണി കുറെ നേരം രാമകൃഷ്ണനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
എന്നെ പരിചയപ്പെടുത്തിയപ്പോൾ രാമകൃഷ്ണൻ കണ്ണടച്ചിരുട്ടാക്കിയും തുറന്നും പലവട്ടമെന്നെ നോക്കി. അയാൾക്ക് എന്നെ വിശ്വസിക്കാനായില്ല.
“ഇങ്ങനെനെയും മനുഷ്യരോ” എന്നയാളുടെ ഉള്ളമിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
രാമകൃഷ്ണൻ എന്റെ കാലിൽ കെട്ടിപ്പിടിച്ച് വിടാതെ കരഞ്ഞു. തങ്കമണി എന്നെയണിയിച്ച തങ്കനൂൽ ഞാൻ രാമകൃഷ്ണനെ അണിയിച്ചു.” രാമകൃഷ്ണൻ കരയരുത്, തങ്കമണിയെ കരയിക്കരുത്..”
എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. തിരിച്ച് വീട്ടിലേയ്ക്ക് പോയാൽ നേരിട്ടേക്കാവുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമുണ്ടെങ്കിലും,
ആ ഉത്തരം എത്ര വാരിത്തിന്നാലും ദഹിക്കാത്തവരാണധികവും.
ഉടനെ വീട്ടിലേയ്ക്കില്ലെന്ന തീരുമാനത്തിൽ അംബാസഡർ എങ്ങോട്ടൊക്കെയോ പാഞ്ഞു. ആ പാച്ചിലിനിടയിലാണ് ദേവദാസിനെ കണ്ടുമുട്ടിയത്.
കോളേജിലെ എന്റെ സീനിയറായിരുന്ന വിപ്ലവ നായകൻ. ആൾ അസ്സലൊരു പുസ്തകപ്പുഴുവായിരുന്നു, അത് വഴിയാണ് ഞങ്ങൾ സുഹൃത്തുക്കളായത്.
കോളേജിലുണ്ടായ പാർട്ടിത്തല്ലിനിടെ എതിർ പാ ർ ട്ടി ക്കാരനെ വെ ട്ടി ഒളിവിൽ പോയതിൽ പിന്നെ ദേവദാസിനെ കണ്ടിട്ടില്ല.
പക്ഷേ ദേവദാസിനെ എന്നെങ്കിലും എവിടെയെങ്കിലും വച്ച് കാണുമെന്ന് ഞാൻ കരുതിയിരുന്നു.
ആ കരുതലാണ് എന്റെ അംബാസിഡർ കാറിനു മുന്നിൽ വട്ടം ചാടി ഇരു കൈകളും വിരിച്ച് നിന്നത്.
രാത്രി യായിരുന്നു, ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഒറ്റനോട്ടത്തിൽ തന്നെ പരിചിതമുഖമാണല്ലോ എന്ന ചിന്ത അടുത്ത് വന്നപ്പോൾ തെളിഞ്ഞു.
ദേവദാസ്. ഒപ്പം ഒരു പെൺകുട്ടിയുമുണ്ടായിരുന്നു ലീല. ദേവദാസിന്റെ സുഹൃത്തിന്റെ പെങ്ങൾ, സുഹൃത്തിനെ എതിർ പാ ർട്ടി ഗു ണ്ടകൾ വെ ട്ടി ക്കൊ ന്നതിനാൽ ഒറ്റപ്പെട്ടുപോയ അവളിപ്പോൾ ദേവദാസിനൊപ്പമാണ്.
ലീലയുടെ ചേട്ടനെ കൊ ന്ന വരുടെ ഗ്രൂപ്പിലെ നാലുപേരെ ദേവദാസ് വെ ട്ടി. പോലീസിനെ ഭയന്നുള്ള ഓട്ടത്തിനിടെയാണ് ഈ ആക്സ്മികമായ കണ്ടുമുട്ടൽ.
എന്റെ ജീവിതത്തിൽ ആക്സ്മികതകളും, നാടകീയകതകളും ഞാൻ കണ്ടിട്ടുള്ളത് വായിച്ച പുസ്തകങ്ങളിലായിരുന്നു.
എന്നാലിപ്പോൾ എന്റെ ജീവിതവും ഒരു ത്രില്ലർനോവലിലെ താളുകൾ പോലെ ഉദ്വോഗഭരിതമാകുന്നു.
“എന്നെ പോലീസ് പിടിക്കും, പിടിച്ചാൽ ഉടനെയെങ്ങും ഞാൻ പുറത്ത് വരില്ല, ലീല എനിക്ക് എന്റെ അനുജത്തിയാണ്,
എനിക്കറിയില്ല ഇവളെ എന്തു ചെയ്യണമെന്ന്…”
ലീലയെ ഞാൻ ഇതിനോടകം പലവട്ടം ശ്രദ്ധിച്ചിരുന്നു. പേടിച്ചരണ്ട ആ പെണ്ണിനെ കെട്ടിപ്പിടിച്ച് മൂർദ്ദാവിൽ മുത്തി സമാധാനിപ്പിക്കാൻ തോന്നി എനിക്ക്. അത്രയ്ക്ക് ഭംഗിയായിരുന്നു അവളുടെ പരിഭ്രമം നിറഞ്ഞ മുഖത്തിന്.
” നിന്റെ അനുജത്തിയാകുമ്പോ ഞാനും അങ്ങനെ കാണണ്ടേ ദേവദാസേ.. പക്ഷേ, ഞാനിവളെ കല്ല്യാണം കഴിച്ചാലോന്നാ ചിന്തിക്കുന്നത്… അതിലും സുരക്ഷിതമായ മറ്റൊന്നും ഞാനും ചിന്തിച്ചിട്ട് കിട്ടുന്നില്ല..”
ദേവദാസ് എന്നെ നോക്കി ചിരിച്ച് കൊണ്ട് ചാടിയൊരു പിടുത്തമായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എനിക്ക് സമാധാനമായെഡാ… സന്തോഷമായി..”
ദേവദാസ് കാടുകയറാൻ തീരുമാനിച്ച് വഴിയിലിറങ്ങി. അടുത്ത ദിവസം തന്നെ ഞാൻ ലീലയെ ഒരമ്പലത്തിൽ വച്ച് താലി കെട്ടി.
ലീല കരഞ്ഞു കൊണ്ടേയിരുന്നു.
എന്റെ ചുണ്ടുകൾ തുടച്ചു കൊണ്ടേയിരുന്നു.
ഇന്ന് എനിക്കൊപ്പം ലീലയില്ല,
മകന്റെ കല്ല്യാണം കാണാൻ കാത്തു നിൽക്കാതെ നാലു വർഷം മുൻപ് അവൾ പോയി.
എനിക്ക് നെഞ്ച് പൊട്ടും പോലെ തോന്നി. വാൽവ്വുകൾ പലതും പണിമുടക്കിയ നെഞ്ച് ഉയർന്നു താഴുന്നുണ്ടായിരുന്നു.
അലാറമടിച്ച് മകനെ വിളിച്ചാലോ… ഇല്ല…അവന്റെ ആദ്യരാത്രിയാണ്, ഈ രാത്രിയിൽ അവൻ ആശുപത്രി വരാന്തയിൽ നിൽക്കാൻ പാടില്ല.
എത്ര മനോഹരമായ രാത്രിയാണ് ദൈവമേ…ഞാൻ സന്തുഷ്ട്ടനാണ്. നല്ലൊരു ജീവിതമാണ് ഞാൻ ജീവിച്ചത്. ഇപ്പോ മരിച്ചാൽ അതും എന്റെ ജീവിതത്തിലെ മഹത്തരമായ ഒരു നിമിഷമായിരിക്കും..
ഓരോ ശ്വാസത്തിനിടയിലും ഞാൻ ചിരിയോടെ ഓർത്തു, ഇതാണോ അവസാനത്തേത്..? എനിക്ക് പെട്ടെന്ന് എഴുതാൻ തോന്നി.
വിറ ബാധിച്ച വിരലുകൾ ഒതുക്കത്തിൽ നിന്നു കൊണ്ട് എന്നിലെ അക്ഷരങ്ങളെ കടലാസ്സിലേയ്ക്കുന്തി വിട്ടു.
“മോന്, നിങ്ങളുടെ ആദ്യരാത്രിയിൽ ഒരലാറ ശബ്ദമായ് കടന്ന് വന്ന് ശല്ല്യപ്പെടുത്താൻ അച്ഛൻ ആഗ്രഹിക്കുന്നില്ല.
ഈ രാത്രി ഒന്നേയുള്ളൂ, തനിക്ക് കിട്ടാത്തത് തന്റെ മക്കൾക്ക് കിട്ടണമെന്ന് ഒരച്ഛൻ ആഗ്രഹിക്കാറില്ലേ, അതു തന്നെ…
രാമകൃഷ്ണൻ എന്നൊരളുടെ അഡ്രസ്സ് ഈ ഡയറിയിലുണ്ട് എന്റെ മരണം അവരെ അറിയിക്കണം.
“അവൾ വന്നു കയറി അയാളുടെ കാറ്റും പോയി” ന്ന് നിന്റെ ഭാര്യയെക്കുറിച്ച് പറയാൻ ചിലരുണ്ടാകും, അവരുടെ മുഖത്താട്ടാൻ കൂടി വേണ്ടിയാണിതെഴുതുന്നത്.
നീ കരയരുത്, അവളെ കരയിപ്പിക്കരുത്.”
രാമകൃഷ്ണനും, തങ്കമണിയും ആ കത്ത് വായിച്ചു. തങ്കമണി കുറെ കരഞ്ഞു. എന്റെ മകന് അവരെ ശരിക്ക് മനസ്സിലായിരുന്നില്ല.
“സത്യത്തിൽ നിങ്ങളെക്കുറിച്ച്
ഈ കത്തിൽ നിന്ന് കിട്ടിയ അറിവേയുള്ളൂ…അച്ഛന്റെ ഒപ്പം പഠിച്ചതാണോ..? അച്ഛൻ നിങ്ങളെ പറ്റി പറഞ്ഞിട്ടേയില്ല.!?”
രാമകൃഷ്ണനും, തങ്കമണിയും, എന്റെ മകനെ നോക്കി.
തങ്കമണി അവനെ പിടിച്ച് അടുത്തിരുത്തി നെയിയിൽ ചുംബിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ വീണ് കരഞ്ഞു.
അന്ന് രാമകൃഷ്ണനെ ഓർത്ത് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ പോലെ.. ഈശ്വരാ പ്രണയം എത്ര ഗംഭീരമാണ്. കണ്ടില്ലേ …