(രചന: വരുണിക)
“”ഒരിക്കൽ നിന്റെ ഇഷ്ടത്തിനാണ് ഒരു വിവാഹം നടത്തി തന്നത്. എന്നിട്ട് ഒരു വർഷം തികയുന്നതിനു മുൻപേ നീ വീട്ടിൽ വന്നു നിന്നു.
അതിനു ഞങ്ങൾ ആരും തന്നെ നിന്നെ ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്തിയില്ല. ചേർത്തു പിടിച്ചിട്ടേയുള്ളു.
ഒരു മാസം കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും നിന്റെ ചേട്ടൻ നിന്നെ വീണ്ടും പഠിപ്പിക്കാൻ വിട്ടു, ആഗ്രഹങ്ങൾക്കെല്ലാം കൂട്ട് നിന്നു, എന്നിട്ടിപ്പോൾ നീ വീണ്ടും പറയുന്നു ഏതോ ഒരു ചെക്കന് നിന്നെ ഇഷ്ടമാണെന്ന് പോലും.
ഒരു അമ്മയെന്ന രീതിയിൽ ചോദിക്കാൻ പാടില്ലെങ്കിലും ചോദിച്ചു പോവുകയാണ്. നിനക്കൊക്കെ എന്തിന്റെ @&₹-#- ആണ്??? ഇനിയും നിന്റെ താളത്തിന് തുള്ളാൻ പറ്റില്ല മാളു.
അച്ഛനില്ലാത്ത കുഞ്ഞാണ്, ഇളയതല്ലേ എന്നൊക്കെ കരുതി നിന്നെ ഞാൻ കുറെ കൊഞ്ചിച്ചു. ഇത്ര സ്നേഹം ഞാൻ മനുവിന് കൊടുത്തിട്ടില്ല.
പക്ഷെ ഇനിയും നിന്റെ ഈ വാശികൾക്ക് ഞാൻ കൂട്ടു നിന്നാൽ അത് ഞാൻ മനുവിനോട് ചെയ്യുന്ന തെറ്റായിരിക്കും. അത് കൊണ്ട് പൊന്ന് മോൾ പുതിയ ദിവ്യപ്രണയം മാറ്റി വെച്ചിരുന്നു പഠിക്കാൻ നോക്ക്. വെറുതെ എന്റെ കൈയ്ക്ക് പണിയൊപ്പിക്കാതെ…””
അവസാന വാക്ക് പോലെ അമ്മ പറഞ്ഞതും, മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മയുടെ വായിൽ നിന്നു വന്ന വാക്കുകൾ അത്രമാത്രം അവളെ തളർത്തിയിരുന്നു.
അല്ലെങ്കിലും അമ്മ പറഞ്ഞതിൽ തെറ്റൊന്നുമില്ല. ഡിഗ്രിക്ക് പഠിക്കുന്ന സമയം അസ്ഥിയ്ക്ക് പിടിച്ച പ്രണയമായിരുന്നു.
ചെറുപ്പത്തിലേ തന്നെ അച്ഛൻ മരിച്ചു പോയത് കാരണം അമ്മയ്ക്ക് തന്റെ കല്യാണം നേരുത്തേ കാണണമെന്ന വാശി. അങ്ങനെ ആലോചനകൾ കുറെ വന്നപ്പോൾ വിനീതിന്റെ കാര്യം വീട്ടിൽ പറഞ്ഞു..
ചേട്ടൻ ഒന്ന് അന്വേഷിക്കട്ടെ മോളെ എന്ന് പറഞ്ഞു ഇറങ്ങി പോയ മനുവേട്ടൻ തിരിച്ചു കയറി വന്നത് അത്ര സന്തോഷത്തോടെയായിരുന്നില്ല.
വിനീതിന്റെ വീട്ടുകാരെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ലായിരുന്നു മറ്റുള്ളവർ പറഞ്ഞത്. വിനീതും അങ്ങനെ തന്നെ. കള്ളും കഞ്ചാവും എല്ലാമുണ്ട് പോലും. ഏട്ടൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ദേഷ്യമായിരുന്നു.
തന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തനിക്കറിയാം, അതിനു ഏട്ടന്റെ സമ്മതം വേണ്ടെന്ന് ആ മുഖത്തു നോക്കി പറയുമ്പോൾ ഒരു തരി പോലും കുറ്റബോധം തോന്നിയിട്ടില്ല.
പിന്നീട് മറുത്തൊന്നും പറയാതെ തന്റെ ഇഷ്ടത്തിന് കൂട്ട് നിന്ന് ഏട്ടൻ തന്നെ ആ കല്യാണം നടത്തി തന്നു. കല്യാണം കഴിഞ്ഞു മണ്ഡപത്തിൽ നിന്നും ഇറങ്ങുമ്പോൾ ചേർത്തു നിർത്തി ഒരു കാര്യം മാത്രം പറഞ്ഞു,
“”സ്നേഹിച്ചു കല്യാണം കഴിഞ്ഞെന്ന് കരുതി ഒരു പ്രശ്നം വരുമ്പോൾ കടിച്ചു തൂങ്ങി അവിടെ തന്നെ നിൽക്കരുത്. കാക്കയ്ക്കും പൂച്ചക്കും കൊടുക്കാതെ നിന്നെ ഇത്ര നോക്കിയെങ്കിൽ ഇനിയും അങ്ങനെ നോക്കാൻ എനിക്കറിയാം.
അവന് നീ എങ്ങനെയെന്നു എനിക്കറിയില്ല. പക്ഷെ നമ്മുടെ വീട്ടിലെ രാജകുമാരിയാണ് എന്റെ അനിയത്തി. എന്തിനും ഒരു വിളിയകലെ ഏട്ടനുണ്ട്…””
ഏട്ടൻ മുൻകൂട്ടി എന്തൊക്കെയോ കണ്ട പോലെയായിരുന്നു കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം അവിടെയുള്ളവരുടെ പ്രതികരണം.
ആദ്യത്തെ കാര്യം തന്റെ സ്വർണത്തിൽ നിന്നും വിനീതിന്റെ അനിയത്തിക്ക് ഇഷ്ടമുള്ള മാല കൊടുത്തില്ലെന്നും പറഞ്ഞായിരുന്നു..
ഏട്ടനോട് വഴക്കിട്ടു കല്യാണം നടത്തിയെങ്കിലും, എന്ത് കൊണ്ടോ സ്വർണത്തിൽ നിന്നും ഒരു തരി പോലും അവിടെയുള്ളവർക്ക് ആവിശ്യമില്ലാതെ കൊടുക്കരുതെന്ന് മനസിലിരുന്നു ആരോ പറഞ്ഞത് പോലെ… തന്റെ ഏട്ടന്റെ വിയർപ്പാണ് അത്.
ഉറുമ്പ് അരി മണി കൂടി വെക്കുന്നത് പോലെ, തന്റെ കല്യാണത്തിന് വേണ്ടി ആ മനുഷ്യൻ കഷ്ടപ്പെട്ടത് താൻ കണ്ടതാണ്. സ്വർണം കിട്ടില്ലെന്ന് കണ്ടപ്പോൾ പിന്നീട് പലപ്പോഴും ഓരോ കാരണങ്ങൾ കണ്ട് പിടിച്ചായിരുന്നു വഴക്ക്.
ആദ്യമൊക്കെ സംസാരം മാത്രമായിരുന്നു. പിന്നീട് ചെറിയ രീതിയിലുള്ള ഉപദ്രവവുമായി. ആദ്യമൊക്കെ വിനീത് ഒന്നും മിണ്ടാതെ നിൽക്കുക മാത്രമായിരുന്നു.
പക്ഷെ ഒരു ദിവസം താൻ അമ്മയോട് തിരിച്ചു പറഞ്ഞപ്പോൾ വിനീത് വല്ലാതെ ഉപദ്രവിച്ചു. പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല. ഏട്ടനെ വിളിച്ചു എല്ലാം പറയുമ്പോൾ തന്നെ പോലെ തന്നെ ഏട്ടനും കരയുക തന്നെയാരുന്നു.
മനുവേട്ടന്റെ കൂടെ തിരിച്ചു വരുമ്പോൾ കണ്ടു ചുണ്ടും പൊട്ടി ചോരയൊലിപ്പിച്ചു നിന്ന വിനീതിനെ. പിന്നീട് അവനെ കണ്ടത് കുടുംബകോടതിയിലാണ്.. ഡിവോഴ്‌സിന്റെ കാര്യത്തിന് വേണ്ടി.
അതിനു ശേഷം വീണ്ടും പഠിക്കാൻ പോയി. ഇന്നിപ്പോൾ ഒരു private കമ്പനിയിൽ നല്ലൊരു ജോലിയുമുണ്ട് തനിക്ക്.
വിഷ്ണുവേട്ടൻ വന്നു ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ പല തവണ പറഞ്ഞതാണ് വേണ്ട, ഇനിയുമൊരു പരീക്ഷണത്തിന് താല്പര്യമില്ലെന്ന്. പക്ഷെ എല്ലാ ആൺകുട്ടികളും ഒരു പോലെയല്ലല്ലോ എന്നാ ചോദ്യത്തിന് മുൻപിൽ താൻ പതറി.
അതെ, ശെരിയാണ്. എല്ലാ ആൺകുട്ടികളും ഒരുപോലെയല്ലല്ലോ. അപ്പോഴും ഒന്ന് മാത്രമേ പറഞ്ഞുള്ളു, ഏട്ടനെയും അമ്മയെയും വിഷമിപ്പിച്ചു ഇനിയൊരു കല്യാണത്തിനുള്ള ത്രാണിയില്ലെന്ന്.
ആൾ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാമെന്നും പറഞ്ഞതാണ്. അതിനു മുൻപ് അമ്മയോട് ചെറുതായി ഒന്ന് സൂചിപ്പിക്കണമെന്നേ കരുതിയുള്ളു. അതിപ്പോൾ ഇങ്ങനെയുമായി.
ഇനിയെന്താണെന്ന് ഏട്ടൻ വന്നിട്ട് തീരുമാനിക്കട്ടെ. താൻ കാരണമാണ് ഏട്ടനും ഇങ്ങനെ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാതെ നിൽക്കുന്നതെന്നാലോചിക്കുമ്പോഴാണ് സങ്കടം….
രാത്രിയിൽ വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് കണ്ണ് തുറന്നത്. കുറെ കരഞ്ഞത് കാരണം തലയൊക്കെ നല്ല വേദന. വാതിൽ തുറക്കാതെ തന്നെ അറിയാമായിരുന്നു ആരായിരിക്കുമെന്ന്.
“”അമ്മ എന്നോട് പറഞ്ഞതൊക്കെ സത്യമാണോ മാളു???””
യാതൊരു മുഖവരയില്ലാതെ ഏട്ടൻ ചോദിച്ചതും, എന്ത് പറയണമെന്നറിയാതെ വീണ്ടും തന്റെ കണ്ണ് നിറഞ്ഞു.
ഒരു അടി പ്രതീക്ഷിച്ച തന്നെ പെട്ടെന്നാണ് ഏട്ടൻ ചേർത്തു പിടിച്ചത്. ആ ഒരു ഒറ്റ സ്വാന്തനം മതിയാരുന്നു ഇത് വരെ പിടിച്ചു നിർത്തിയതൊക്കെ ഒരു പൊട്ടിക്കരച്ചിലാകാൻ.
“”ഏട്ടന്റെ മോൾ പറ… എന്താ കാര്യം??? നിനക്ക് അവനെ ഇഷ്ടമാണോ??? നിന്റെ ഇഷ്ടങ്ങൾക്കൊന്നും ഞാൻ എതിരല്ല.
പക്ഷെ ഇനിയൊരിക്കൽ കൂടെ നിന്റെ കണ്ണ് നിറയുന്നത് കാണാൻ എനിക്ക് പറ്റില്ല. നിനക്ക് വേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത് പോലും….””
“”ഇഷ്ടമാണോയെന്ന് ചോദിച്ചാൽ അങ്ങനെയൊന്നുമില്ല ഏട്ടാ…. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു.
ഇനിയൊരു കല്യാണം താല്പര്യമില്ലെന്ന് പറഞ്ഞപ്പോൾ എല്ലാവരും അങ്ങനെയാണോയെന്ന് ചോദിച്ചു. അങ്ങനെ പ്രണയിച്ചു നടക്കാനൊന്നും താല്പര്യമില്ല, ഞാൻ യെസ് പറഞ്ഞാൽ വീട്ടിൽ വന്നു ഏട്ടനോട് സംസാരിക്കാമെന്ന് പറഞ്ഞു.
ഞാൻ കാരണമല്ലേ ഏട്ടനും ഒരു കല്യാണത്തെക്കുറിച്ച് ആലോചിക്കാതെ ഇങ്ങനെ നിൽക്കുന്നത്. ഇപ്പോഴും ഞാൻ മനസ് കൊണ്ട് ഒരു കല്യാണത്തിന് prepared അല്ല. പക്ഷെ…..””
ബാക്കി പറയാതെ ഒരു കുഞ്ഞിനെ പോലെ തന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്നവളുടെ മനസ് അവന് മനസിലാക്കാവുന്നതായിരുന്നു.
“”എനിക്ക് വേണ്ടിയല്ല നീ കല്യാണത്തിനെക്കുറിച്ച് ചിന്തിക്കേണ്ടത്. നിനക്കൊരു കൂട്ട് വേണമെന്ന് തോന്നുമ്പോഴാണ്.
എന്തായാലും വിഷ്ണു ഇവിടെ വന്നു ഏട്ടനോട് സംസാരിക്കണമെന്നല്ലേ അവൻ പറഞ്ഞത്. ഒരു ഞായർ വരാൻ പറ.
എന്റെ മോളോട് അത്ര ഇഷ്ടമാണെങ്കിൽ, നിന്റെ മനസ് എന്നൊരു കല്യാണത്തിന് പാകപ്പെടുന്നോ, അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ആലോചിക്കാം. എന്താ പോരെ???””
ചെറുചിരിയോടെ മനു പറഞ്ഞതും, മാളുവും അതെ ചിരിയോടെ അവനോട് ചേർന്നു നിന്നു. അല്ലെങ്കിലും, തളർന്നു പോകുമെന്ന് തോന്നുമ്പോൾ ചായാൻ ഇങ്ങനെയൊരു ചേട്ടനുള്ളതല്ലേ തന്റെ ഏറ്റവും വലിയ ഭാഗ്യം….