(രചന: വരുണിക വരുണി)
“”നിന്റെ ഇഷ്ടത്തിന് നടത്തി തരുന്ന കല്യാണമാണ്. ഇതിനു ശേഷം എന്ത് നടന്നാലും അതിനു ഉത്തരവാദി നീ മാത്രമാണ്. അല്ലാതെ ഒന്നിനും ഞങ്ങളെ കിട്ടില്ല. അവനെ കുറിച്ച് തിരക്കിയപ്പോൾ ഒരാൾ പോലും നല്ലൊരു വാക്ക് പറഞ്ഞിട്ടില്ല.
അങ്ങനെയുള്ളപ്പോൾ എന്തിനാണ് അവനെ തന്നെ വേണമെന്ന് നീയിങ്ങനെ വാശി കാണിക്കുന്നത്??? എത്ര എത്ര സർക്കാർ ജോലിക്കാരുടെ ആലോചന വന്നതാണ് നിനക്ക്?? എന്നിട്ട് അതിനു ഏതെങ്കിലും സമ്മതിക്കാതെ വർക്ക് shop കാരനെ മാത്രം അവൾക്ക് മതി പോലും.
എന്തയാലും കല്യാണത്തിന് ശേഷമുള്ള മോളുടെ ജീവിതം അത്ര സുഖമായിരിക്കില്ല. അതെല്ലാം ഓർമ വേണം. നമ്മുടെ കുടുംബത്തിന് ചേർന്ന ബന്ധമില്ല ഇത്…””
കല്യാണത്തിന് ദിവസങ്ങൾ മുൻപ് മാത്രം അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ അവരെ നോക്കി ഒരു ചിരി മാത്രമായിരുന്നു സ്വാതിയുടെ മറുപടി. എന്തൊക്കെ പറഞ്ഞാലും അവൾക്ക് മഹേഷിനെ അത്രമാത്രം വിശ്വാസമായിരുന്നു. ഒരിക്കലും അവന്റെ ജോലി ഒരു മോശമായി അവൾക്ക് തോന്നിയിട്ടില്ല. എല്ലാ ജോലിക്കും അതിന്റെ തായ് മഹത്വം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു അവൾ.
കല്യാണ ദിവസവും അച്ഛന്റെയും ചേട്ടന്റെയും ഒക്കെ വീർത്ത കണ്ടില്ലെന്ന് നടിച്ചത് അവനോടുള്ള വിശ്വാസത്തിന്റെ പുറത്ത് മാത്രമായിരുന്നു. എന്തൊക്കെ പറഞ്ഞാലും അവൻ തന്നെ പൊന്നു പോലെ നോക്കുമെന്നുള്ള വിശ്വാസം.
“”നിന്റെ ഇഷ്ടത്തിന് തിരഞ്ഞെടുത്ത ജീവിതമാണ്. എന്ന് കരുതി ഇഷ്ടമില്ലാത്ത ഒന്നിൽ കടിച്ചു തൂങ്ങി കിടക്കണമെന്ന് അച്ഛൻ പറയില്ല. നിനക്ക് ഏതെങ്കിലും നിമിഷത്തിൽ അവിടെ പറ്റില്ലെന്ന് തോന്നിയാൽ ഇറങ്ങി വന്നേക്കണം.
ഇനി ആ സമയം അച്ഛൻ ജീവനോടെ ഇല്ലെങ്കിലും എന്റെ മോൾ ഒന്നും സഹിച്ചു നിൽക്കരുത്. നിന്റെ ചേട്ടന് ജീവനുള്ള കാലത്തോളം അവൻ കാണും നിനക്ക്. പിന്നെ ആരുടേയും ആശ്രയമില്ലാതെ ജീവിക്കാനുള്ള വിദ്യാഭ്യാസം ഞാൻ നിനക്ക് തന്നിട്ടുണ്ട്.
പ്രണയം കൊണ്ട് അന്ധമായി വെറുതെ അവന്റെ വീട്ടിൽ തന്നെ കുത്തിയിരിക്കാതെ മര്യാദക്ക് ജോലിയ്ക്ക് പോകാൻ നോക്കണം. ചെറുതായി എങ്കിലും സ്വന്തമായി ഒരു വരുമാനം ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാണ്. ആരുടെ മുന്നിലും നിന്റെ ചിലവിനു വേണ്ടി നീ കൈ നീട്ടരുത്. അത് അച്ഛൻ എന്ന നിലയിൽ എന്റെ പരാജയമാണ്. മനസിലാകുന്നുണ്ടോ മോൾക്ക്???””
കല്യാണം കഴിഞ്ഞു മഹേഷിന്റെ വീട്ടിലേക്ക് ഇറങ്ങാൻ നേരം ചേർത്തു നിർത്തി അച്ഛൻ പറഞ്ഞതും, അറിയാതെ കണ്ണ് നിറഞ്ഞു. ഇതൊന്നും വേണ്ടെന്ന് പോലും തോന്നി പോയി ഒരു നിമിഷം. ആരുടേയും ഒന്നും കേൾക്കാതെ, അച്ഛന്റെയും അമ്മയുടെയും പൊന്ന് മോളായി, ചേട്ടന്റെ മാത്രം കുറുമ്പി പെണ്ണായി ജീവിക്കാൻ…
അതിലും സങ്കടം ചേട്ടൻ ചേർത്തു പിടിച്ചപ്പോഴായിരുന്നു.
“”നിന്നോട് ഞാൻ വഴക്കിടും. അടിയ്ക്കും, പിച്ചും, മാന്തും. പക്ഷെ അതെല്ലാം എനിക്ക് നിന്നോടുള്ള സ്നേഹമാണ്. അതിലും വലുത് ഞാൻ വാങ്ങി കൂട്ടാറുമുണ്ട്. പക്ഷെ നിന്റെ ദേഹത്ത് മറ്റൊരാൾ കൈ വെക്കുന്നത് ഞാൻ സഹിക്കില്ല. പ്രണയിച്ചു കല്യാണം കഴിച്ചു എന്ന പേരിൽ, ആരെങ്കിലും നിന്റെ ശരീരം വേദനിപ്പിച്ചാൽ, പിന്നീട് ഒന്നും ആലോചിക്കരുത്. തിരിച്ചു കൊടുത്തിരിക്കണം. അതിനു ശേഷം വരുന്നതൊക്കെ നോക്കാൻ ഈ ചേട്ടനറിയാം….””
പട്ടാളക്കാരനായ ചേട്ടന്റെ ആ വാക്കുകൾ മഹേഷിനെ നോക്കി കനപ്പിച്ചായിരുനെങ്കിലും, ഇതൊന്നുമറിയാതെ സ്വാതി തന്റെ ചേട്ടന്റെ ചൂടിലേക്ക് ഒന്നൂടി ഒതുങ്ങി കൂടി. എന്താണ് കാരണമെന്നറിയാതെ ഉള്ളിലൊരു വിഷമം. ഇവരെയെല്ലാം താൻ മനപ്പൂർവം വേദനിപ്പിക്കുകയല്ലേ എന്നൊരു തോന്നൽ.
ഈ കല്യാണം വേണ്ടെന്ന അച്ഛന്റെ വാക്കുകൾ സത്യമാണെന്ന് മനസ്സിലായത് കല്യാണത്തിന് ശേഷവും. ഒരിക്കലും തന്റെ മുന്നിൽ നല്ല കുട്ടിയായിരുന്ന മഹേഷ് അല്ല കല്യാണത്തിന് ശേഷം കാണാൻ തുടങ്ങിയത്.
ആദ്യരാത്രിയിൽ തന്നെ, ഒരു വാക്ക് പോലും അനുവാദം ചോദിക്കാതെ, തന്റെ ശരീരത്തെ സ്വന്തമാക്കിയാണ്. പിന്നീട് ഓരോ ദിവസവും താൻ സ്വപ്നത്തിൽ പോലും കാണാത്ത മഹേഷായിരുന്നു.
“”ഞാൻ ഇത്ര നാളും പഠിച്ചത് വെറുതെയിരിക്കാനല്ല. എനിക്ക് ജോലിക്ക് പോകണം. ഈ വീട്ടിലെ എല്ലാ ജോലിയും ഞാൻ ചെയ്യുന്നില്ലേ… ഒരു നേരമെങ്കിലും എവിടെയെങ്കിലും ഇരിക്കുന്നുണ്ടോ??.
ഇനിയും എനിക്ക് പറ്റില്ല മഹിയേട്ടാ. ഒരു ജോലിയുണ്ടെങ്കിൽ അത്ര നേരമെങ്കിലും സമാധാനം കിട്ടും. ഇവിടെ ഒരു സൈഡിൽ അമ്മ, ഒരു സൈഡിൽ നാത്തൂൻ, മറ്റൊരു സൈഡിൽ സ്വന്തം കെട്ടിയോൻ.
ഞാനുമൊരു മനുഷ്യസ്ത്രീ തന്നെയാണ്. എപ്പോഴും എന്തിനും നിങ്ങളുടെ മുന്നിൽ കൈ നീട്ടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ജോലിക്ക് പോകും. നോക്കിക്കോ…””
ജോലി കഴിഞ്ഞു വന്ന മഹേഷിനോട് സ്വാതി പറഞ്ഞതും, അതിനു മറുപടി പറഞ്ഞത് അവൻ അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചായിരുന്നു.
“”പുന്നാര മോളെ… നിനക്കിവിടെ എന്തിന്റെ കുറവാണ്?? പറയുമ്പോൾ പറയുമ്പോൾ എല്ലാം മുന്നിൽ എത്തുന്നുണ്ട്. ഇതിൽ കൂടുതൽ നിനക്ക് എന്ത് വേണം?? പിന്നെ വീട്ടിലെ ജോലി ചെയ്യുന്നത് ഇത്ര വലിയ കാര്യമായി പറയാൻ നിനക്ക് നാണമില്ലേ??
കല്യാണം കഴിഞ്ഞാൽ അങ്ങനെയാണ്. വീട്ടിലെ കാര്യവും, കെട്ടിയോന്റെ കാര്യവുമൊക്കെ നോക്കേണ്ടി വരും. അല്ലാതെ അതൊന്നും പറ്റില്ലെന്ന് പറയാൻ ഇവിടെ നിന്റെ അച്ഛനല്ല ചിലവിനു തരുന്നത്?? ഇനി ഒരു വാക്ക് കൂടി എന്റെ അമ്മയെയും അനിയത്തിയെയും കുറിച്ച് പറഞ്ഞാൽ….!!!””
ഒരു താക്കീതോടെ മഹേഷ് പറഞ്ഞതും, ഒന്നും തിരിച്ചു പറയാൻ വയ്യാതെ സ്വാതി തളർന്നിരുന്നു. പക്ഷെ അപ്പോഴേക്കും അവൾ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഇനി എന്തൊക്കെ വന്നാലും ഒരു ദിവസം പോലും ഇവിടെ നിൽക്കില്ലെന്ന്…
പിറ്റേന്ന് നേരം പുലർന്നപ്പോൾ എന്നത്തേയും പോലെ മഹേഷ് ചായക്ക് വേണ്ടി സ്വാതിയെ വിളിച്ചെങ്കിലും നിരാശയായിരുന്നു. കഴിഞ്ഞ ദിവസത്തെ പിണക്കമാണെന്ന് കരുതിയെങ്കിലും അത് അങ്ങനെയല്ലെന്ന് മനസിലായത് അടുക്കളയിലെ അമ്മയുടെ പിറുപിറുപ്പ് കേട്ടപ്പോൾ ആണ്.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം വീടിന്റെ മുന്നിലേക്ക് സ്വാതിയുടെ ചേട്ടൻ സായന്തിന്റെ ജീപ്പ് വന്നു നിന്നതും, എല്ലാം കഴിഞ്ഞെന്ന് മഹേഷിന് മനസിലായി. ഇത്ര നാളും കരുതിയിരുന്നത് അവൾ എന്തും സഹിച്ചു ഇവിടെ തന്നെ നിൽക്കുമെന്നായിരുന്നു. ഒരിക്കലും കരുതിയിരുന്നില്ല അവൾ ഇറങ്ങി പോകുമെന്ന്.
ജീപ്പിൽ നിന്നും ഇറങ്ങിയ ഉടനെ, ഒരു ചോദ്യവും പറച്ചിലുമില്ലാതെ സായന്ത് മഹേഷിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചതും, മഹേഷ് ഒരു വശത്തേക്ക് വീണിരുന്നു.
“”പന്ന പുന്നാര മോനെ… നിനക്കും നിന്റെ വീട്ടുകാർക്കും ചെണ്ടയായി കളിക്കാൻ അല്ല എന്റെ പെങ്ങളെ കെട്ടിച്ചു തന്നത്. ഞങ്ങളുടെ രാജകുമാരിയാണെടാ അവൾ. അവളുടെ ഓരോ കുഞ്ഞ് വാശികൾക്കും കൂട്ടുനിൽക്കുമ്പോൾ എനിക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു.
കാക്കയ്ക്കും പൂച്ചക്കും കൊടുക്കാതെ ചിറകിലൊതുക്കിയാണ് ഈ നാൾ വരെ വളർത്തിയത്. നിന്റെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരായിരം തവണ എതിർത്തതാണ് ഞാൻ. പക്ഷെ സ്നേഹത്തിനു കണ്ണും മൂക്കും ഒന്നും ഇല്ലെല്ലോ. അവൾക്ക് നിന്നെ തന്നെ വേണമെന്ന് പറഞ്ഞു. കല്യാണം നടത്തിയും തന്നു. പക്ഷെ അങ്ങനെ ഒരു കല്യാണം നടത്തിയെന്ന് പറഞ്ഞു എനിക്ക് അവളെ കളയാൻ പറ്റില്ലല്ലോ…
ഇന്നത്തോടെ നീയും അവളും തമ്മിലുള്ള ബന്ധം എല്ലാം തീർന്നു. ഇനി ഒരു വാക്ക് കൊണ്ട് പോലും അവളെ വേദനിപ്പിക്കാൻ നീ വന്നു പോയേക്കരുത്. ഇനി വന്നാൽ…. ചോര കുറെ കണ്ട കൈയാണ് ഇത്. കൊല്ലാനും മടിയില്ല എനിക്ക്. ഒരു മനുഷ്യനും അറിയുകയുമില്ല… ചെയ്ക്കരുത് നീ എന്നെ കൊണ്ട്….””
മഹേഷിന്റെ ശരീരത്തിലേക്ക് പ്രഹരമേല്പിച്ചു കൊണ്ട് സായന്ത് പറഞ്ഞതും, എല്ലാം തലയാട്ടി സമ്മതിക്കാൻ അല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു അവന്.
ചേർത്തു പിടിക്കാൻ ഇത് പോലെ ഒരു ചേട്ടനുണ്ടെങ്കിൽ, വിസ്മയമാരും ഉത്രമാരും ഉണ്ടാകില്ലല്ലോ ഈ നാട്ടിൽ….!