അവളുടെ കൈ തട്ടുമ്പോഴും കാലു തട്ടുമ്പോഴും കൈ വിട്ടു പോകുമെന്ന് തോന്നിയതിയതൊക്കെ ഞാന്‍ കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്തി. അല്ലാതെ നിവര്‍ത്തിയില്ല.

ഇര
(രചന: Vipin PG)

പുതിയ ഇടമാണ്…. പുതിയ തട്ടകം… കഴിഞ്ഞതെല്ലാം ഒരു മായ കാഴ്ച പോലെ മറക്കണം. ഇവിടെ പുതിയ ജീവിതം തുടങ്ങുന്നു.

അങ്ങനെ ഒരുനാള്‍ ഒരു ബസ്സ്‌ യാത്രയില്‍ വച്ചാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്.

ഉള്ളത് പറഞ്ഞാല്‍ അംഗ ലാവണ്യം ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍ അവളുടെ ബോഡി ഷേപ്പ് കണ്ടിട്ടാണ് ഞാന്‍ ആദ്യമായി അവളെ നോക്കുന്നത്.

മുപ്പത് കഴിഞ്ഞു കാണും. താലിയുണ്ട്,, അപ്പൊ കല്യാണം കഴിഞ്ഞതാണ്. അതിനെന്താ,, സൗന്ദര്യം ആസ്വദിക്കാനുള്ളതാണ്‌. അവളിറങ്ങിയ ബസ്സ്‌ സ്റ്റോപ്പ്‌ നോക്കി വച്ച ശേഷം പിറ്റേ ദിവസം അവിടെ ചെന്ന് ബസ്സ്‌ കേറാന്‍ നിന്നു.

നിര്‍ഭാഗ്യ വശാല്‍ അവള് വന്നില്ല. പക്ഷെ അന്ന് വൈകിട്ട് തിരിച്ചു പോകുമ്പോള്‍ ആ ബസ്സില്‍ അവളുണ്ടായിരുന്നു. അപ്പൊ ഇന്നും ജോലിക്ക് പോയിട്ടുണ്ട്.

പിറ്റേന്ന് രാവിലെ വീണ്ടും ആ ബസ്സ്‌ സ്റ്റോപ്പില്‍ ചെന്നപ്പോള്‍ അവള്‍ അവിടെയില്ല. പക്ഷെ അന്ന് വൈകിട്ടും ബസ്സില്‍ തിരികെ പോകാന്‍ അവളുണ്ടായിരുന്നു.

രണ്ടും കല്പിച്ച് അന്ന് അവളിറങ്ങിയ ബസ്സ്‌ സ്റ്റോപ്പില്‍ ഞാനും ഇറങ്ങി. പക്ഷെ ഇറങ്ങുന്നത് വരെയുണ്ടായിരുന്ന ധൈര്യം ഇറങ്ങിയപ്പോള്‍ പോയി.

അത് കൊണ്ട് തന്നെ ഒരടി മുന്നോട്ടു പോകാന്‍ പറ്റിയില്ല. അവള് നടന്നു പോകുന്നത് ഇടം കണ്ണിട്ടു നോക്കി നിന്നു. ഹോ,, പെണ്ണിന്റെ പുറകെ നടക്കാന്‍ ഒരു ധൈര്യം തന്നെ വേണം.

പിറ്റേന്ന് ആ ബസ്സില്‍ അവള്‍ കയറിയില്ല. രാവിലെയും കയറിയില്ല വൈകിട്ടും കയറിയില്ല. അവള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടു എന്ന് അവള്‍ക്ക് മനസ്സിലായി.

അതെങ്ങനെ,, ഞാന്‍ വളരെ സൂഷ്മമായാണല്ലോ അവളെ നിരീക്ഷിച്ചത്. എന്നിട്ടും അവളത് ക്യാച്ച് ചെയ്തെങ്കില്‍ ആള് കൊള്ളാലോ.

പക്ഷെ പ്രശ്നമിതാണ്,, ഇനി ആളെയെങ്ങനെ കണ്ടെത്തും. ആ ബസ്സില്‍ ഉണ്ടായിരുന്നപ്പോ ഒന്നല്ലേലും കണ്ടോണ്ടിരിക്കാമായിരുന്നു. ഇതിപ്പൊ അതും പോയി.

പിറ്റേന്ന് ഒരു കൂട്ടുകാരന്റെ കൊച്ചിന്റെ പേര് വിളിക്ക് പോകാന്‍ വേണ്ടി ഒരു മോതിരം വാങ്ങാന്‍ പോയതാണ്. ജ്വല്ലറിയില്‍ കയറിയപ്പോള്‍ അവളവിടെ.

എന്നെ ഇന്‍ വൈറ്റ് ചെയ്ത് ഡോര്‍ തുറന്നത് തന്നെ അവളാണ്. ഞാന്‍ ഒന്ന് കിടുങ്ങി പോയി. എന്നെ മനസ്സിലായെങ്കിലും അവളത് ഭാവിച്ചില്ല. സത്യം പറഞ്ഞാല്‍ പെണ്ണൊരു അത്ഭുതമായി തോന്നി തുടങ്ങിയത് അപ്പൊ മുതലാണ്‌.

അധികനേരം അവിടെ നിക്കാന്‍ തോന്നിയില്ല. മോതിരം വാങ്ങി പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി. ഇപ്പൊ എന്റെ ടെന്‍ഷന്‍ അതല്ല,, ഇനി അവിടെ ചെന്നതിന്റെ പേരില്‍ അവള് അവിടുത്തെ പണി കളഞ്ഞിട്ടു പോകുമോന്നാണ്.

അതൊന്നറിയാന്‍ വേണ്ടി പരീക്ഷണാര്‍ത്ഥം പിറ്റേന്നും ആ ജ്വല്ലറിയില്‍ പോയി. എന്നെ ഞെട്ടിച്ചുകൊണ്ട് അവലവിടെയില്ല.

അവിടെ കയറിയത് കൊണ്ട് ഒരു മോതിരം കൂടി വാങ്ങി പുറത്തിറങ്ങി. മോതിരം വേണേല്‍ വില്‍ക്കാലോ. ഉള്ള സമാധാനം മുഴുവന്‍ പോയല്ലോ ദൈവമേ. ഇതിപ്പൊ ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ.

പക്ഷെ പിറ്റേന്ന് സര്‍പ്രൈസ് എന്നപോലെ വൈകുന്നേരം അവള്‍ ബസ്സില്‍ പ്രത്യക്ഷപ്പെട്ടു. പുറകിലേയ്ക്ക് നോക്കിയില്ലെങ്കിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.
ആള് കുറയും തോറും ഞാന്‍ മുന്നോട്ടു മുന്നോട്ടു പോയി.

ഒടുക്കം ഡോറില്‍ നിന്ന് രണ്ടാമത്തെ സീറ്റില്‍ ഇരുന്നു. സ്റ്റോപ്പ്‌ എത്തിയപ്പോള്‍ അവളിറങ്ങി. ബസ്സ്‌ മൂവ് ആയ മാത്രയില്‍ അവളൊന്നു നോക്കി. എന്റമ്മോ,, നെഞ്ചില്‍ തീ പിടിച്ച പോലെ. ബസ്സ്‌ വിട്ടത് കൊണ്ട് ഇനി ഇറങ്ങാനും നിവര്‍ത്തിയില്ല.

വേണ്ട,, ഇറങ്ങി കുളമാക്കണ്ട. ഇന്നിതിങ്ങനെ പോട്ടെ. റേസ്പോണ്ട്സ് കിട്ടിയല്ലോ. നെഞ്ചില്‍ കത്തിയ ആ തീ മെല്ലെ മെല്ലെ ആളി പടര്‍ന്നു.
പിറ്റേ ദിവസം രാവിലെ ബസ്സില്‍ അവളും വന്നു.

അവളെ ഫോളോ ചെയ്ത ഞാന്‍ അവള്‍ക്ക് പിന്നാലെ ആ ജ്വല്ലറി വരെയ്ക്കും പോയി. ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ എന്നപോലെ ജ്വല്ലറിയില്‍ കയറുന്നതിനു തൊട്ട് മുന്നേയും അവളെന്നെ നോക്കി. അന്നത്തെ പകല്‍ തള്ളി നീക്കാന്‍ ആ നോട്ടം മതി.

അന്ന് വൈകുന്നേരം അവള്‍ക്ക് സര്‍പ്രൈസ് കൊടുത്ത് കൊണ്ട് ഞാന്‍ ആ ബസ്സില്‍ പോയില്ല. അവള്‍ അവളുടെ ഫ്ലാറ്റിന്റെ സ്റ്റെപ് കയറുമ്പോള്‍ അവിടെ അതിഥിയായി ഞാന്‍ ചെന്നു.

നേര്‍ക്ക് നേരെയുള്ള ആദ്യത്തെ നോട്ടം ഇരുവരെയും സ്തബ്ധരാക്കി. അനങ്ങാന്‍ പറ്റാതെ ഒരു നിമിഷം ഞാന്‍ അവിടെ നിന്നു. ആ കൂടി കാഴ്ച അവളൊരിക്കലും പ്രതീക്ഷിച്ചതാവില്ല.

പിറ്റേന്നത്തെ ബസ്സ്‌ യാത്രയില്‍ പതിവില്ലാത്തത് എന്നപോലെ അവളുടെ നെറ്റിയില്‍ സിന്ദൂരം കണ്ടു.

എനിക്ക് തുണയുണ്ട് എന്നരിയിക്കാനാണോ അതോ തുണയുണ്ടായിരുന്നു എന്നറിയിക്കാനാണോ രണ്ടായാലും ആ സിന്ദൂരം എന്റെ മനസ്സില്‍ പതിഞ്ഞില്ല.

അന്ന് ഒരുമിച്ചു ബസ്സിറങ്ങി,, പിന്നാലെ പോയി. പാതി വഴിയില്‍ മുന്നില്‍ കയറിയ ഞാന്‍ സ്വയം പരിചയപ്പെടുത്തല്‍ പോലെ കൈ നീട്ടി

“ ഹായ്”

അവള്‍ ഒന്നും മിണ്ടീല. ഞാന്‍ വീണ്ടും ഹായ് പറഞ്ഞു. അവളൊന്നും മിണ്ടീല. ഊമയാണോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് അല്ലെന്ന് അവള്‍ മറുപടി പറഞ്ഞു. അതില്‍ ഞാനും ചിരിച്ചു.

നാളെ ഒരു കോഫി ആയാലോ എന്ന് ചോദിച്ചപ്പോള്‍ അവളൊരു കാര്‍ഡ് കൈയ്യില്‍ തന്നു. മറുപടി പറയാതെ അവള്‍ മാറിപ്പോയി. ആ കാര്‍ഡിന്റെ പുറകില്‍ അവളുടെ ഫോണ്‍ നമ്പറും ഉണ്ടായിരുന്നു.

പിറ്റേന്ന് കോഫീ ഷോപ്പില്‍ വച്ചുള്ള ആദ്യത്തെ കൂടി കാഴ്ച. ഇരുവരും മനസ്സ് തുറന്നു. മാലയെന്നാണ് പേര്. അവള്‍ക്ക് മുപ്പത്തൊന്ന്. സിന്ദൂരം മാഞ്ഞിട്ടില്ല.

കല്യാണം കഴിഞ്ഞ് ഒന്നര കൊല്ലമായപ്പോള്‍ ആള് പോയതാണ്. പാട്ടാവുന്ന പോലെ അന്വേഷിച്ചു. കുറെ കാത്തിരുന്നു. അന്വേഷിച്ചു കണ്ടെത്തിയപ്പോള്‍ അയാള്‍ അവളെ വേണ്ടെന്നു പറഞ്ഞു.

അയാള്‍ അയാള്‍ക്ക് വേണ്ടി കണ്ടെത്തിയത് മാലയെയല്ല. അത് മറ്റൊരു സ്ത്രീയാണ്. അവളുടെ വിധി അതാണ്‌. പിടിച്ചു വാങ്ങി എടുക്കേണ്ട ഒന്നല്ല ജീവിതമെന്ന് മനസ്സിലായപ്പോള്‍ അവള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചു.

എനിക്ക് പറയാന്‍ ഒരുപാട് കഥകളൊന്നുമില്ല. ഇപ്പൊ ആകാശത്തിലെ പറവ. എന്നാല്‍ ഒരു കൂട് കൂട്ടണമെന്നുണ്ട്. ഞാന്‍ കാര്യത്തിലേയ്ക്ക് കടന്നപ്പോള്‍ അവള്‍ നിര്‍ത്തി.

“എന്താണ് ഉദ്ധേശം” ആ ചോദ്യത്തിന് പെട്ടെന്ന് മറുപടി പറയാന്‍ പറ്റിയില്ല.

“ മദ്യപിക്കാറുണ്ടോ”

“ വല്ലപ്പോഴും”

“ പുകവലി”

“ ഇല്ല”

“ കഞ്ചാവ്”

“ ഇല്ല”

“ മയക്കു മരുന്ന്”

“ കണ്ടിട്ട് പോലുമില്ല”

അവള്‍ പുഞ്ചിരിച്ചു.

“ മദ്യം കൂടി ഉപേക്ഷിക്കണം”

അത്രയും കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു. ശ്രമിക്കാമെന്ന് ഞാനും. അവളുടെ മറുപടിയും ചിരിയായിരുന്നു.

ഞാന്‍ അവളെ കൊണ്ട് വിടാമെന്ന് പറഞ്ഞു. ബൈക്ക് താഴെ നിര്‍ത്തി ഫ്ലാറ്റില്‍ കയറി പോകാന്‍ ഞാന്‍ മടി കാണിച്ചില്ല. എന്നെ കൂടെ കൊണ്ടുപോകാന്‍ അവള് പേടിച്ചുമില്ല.

കൂടി കാഴ്ചകള്‍ തുടര്‍ന്നു. കോഫീ ഷോപ്പിള്‍ ഒരു ടേബിള്‍ പലപ്പോഴും നമുക്ക് വേണ്ടി ഒഴിഞ്ഞു കിടന്നു. എന്റെ മദ്യപാനം നിന്നു. പലപ്പോഴും അവളെ കൊണ്ടുവിട്ടു.

അവളുടെ കൈ തട്ടുമ്പോഴും കാലു തട്ടുമ്പോഴും കൈ വിട്ടു പോകുമെന്ന് തോന്നിയതിയതൊക്കെ ഞാന്‍ കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്തി. അല്ലാതെ നിവര്‍ത്തിയില്ല.

എങ്ങനെയെങ്കിലും കാര്യമവതരിപ്പിക്കണം. ഒരുപാട് ഉരുട്ടി കൊണ്ട് പോയിട്ട് കാര്യമില്ല.

ഒരു ദിവസത്തെ തിരിച്ചു പോക്ക് മഴയത്തായി. പ്രണയം അറിയാനും പ്രണയം പറയാനും മഴ ആയുധമാണ്. നമ്മള്‍ രണ്ടുപേരും നനഞ്ഞു.

അന്നത്തെ കൂടി കാഴ്ച്ചയുടെ അവസാനം അവളോട്‌ ഞാന്‍ കുറച്ചു ക്യാഷ് ചോദിച്ചു. കുറച്ചല്ല,, കുറച്ചധികം. ഞാന്‍ അവള്‍ പോലുമറിയാതെ പതിയെ കാര്യത്തിലേയ്ക്ക് കടന്നു.

നില നില്‍പ്പിന്റെ പ്രശ്നമാണ്. ലക്ഷങ്ങള്‍ വരുന്ന ആ സംഘ്യ കണ്ടെത്തിയേ പറ്റൂ. അവന്‍ തല കുനിച്ചിരുന്നു. അവള്‍ തരാമെന്ന് പറഞ്ഞു. അവള്‍ പുഞ്ചിരിച്ചു. ഞാന്‍ അവളുടെ കൈ പിടിച്ചു.

അവള്‍ കൈ ചേര്‍ത്ത് പിടിച്ചു. പോന്നായും പണമായും സൂക്ഷിച്ചതിന് അവകാശികളോന്നുമില്ല. ഒരുപാട് വലിയ സ്വപ്‌നങ്ങള്‍ കണ്ടിട്ടുമില്ല. തിരിച്ചു തന്നാല്‍ വാങ്ങും. അല്ലെങ്കില്‍ ഞാന്‍ മറക്കും. അവരുടെ ഓരോ വാക്കിലും ഞാന്‍ സ്വയം മറന്നു പോയി.

ഫ്ലാറ്റില്‍ എത്തിയപ്പോള്‍ മാല ഡ്രസ്സ്‌ മാറാന്‍ റൂമില്‍ കയറി. ഒളിഞ്ഞു നോട്ടം പണ്ടെയൊരു വീക്നെസ് ആണ്.

അത് പരീക്ഷിച്ചാലോ എന്ന് തോന്നിയെങ്കിലും പിടിക്കപ്പെട്ടാല്‍ നാറിപ്പോകുമെന്നു കരുതി അതിനു മുതിര്‍ന്നില്ല. സത്യത്തില്‍ അത് വേണ്ടിവന്നില്ല. റൂം തുറന്ന് അവള്‍ പുറത്ത് വന്നപ്പോള്‍ ഷോര്‍ട്ട്സ് ആയിരുന്നു വേഷം.

ആദ്യം സാരിയില്‍ കണ്ടു കൊതിച്ച ആ അംഗ ലാവണ്യം കണ്മുന്നില്‍ കുറച്ചൊക്കെ തെളിഞ്ഞു കാണുന്നു. കൈവിട്ടു പോകുമോ എന്നൊരു പേടി. അവള്‍ ഇടത് കാലില്‍ ചരട് കെട്ടി.

കൈയ്യുയര്‍ത്തി മുടി കെട്ടി. ഇത് പരീക്ഷണ കവച്ചമാണെന്ന് എനിക്ക് മനസ്സിലായി. ഞാനും വിട്ടു കൊടുത്തില്ല. അനങ്ങാ പാറ പോലെ നിന്നു. എന്റെ ആത്മ ബലം കണ്ടവള്‍ പുഞ്ചിരിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ അവളെന്റെ ദേഹത്ത് ചാഞ്ഞു. എന്നെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റിയില. ഞാന്‍ അവളെ പുണര്‍ന്നു. അവളുടെ ഗന്ധം മത്ത് പിടിപ്പിച്ചു.

ഞാന്‍ വിയര്‍ത്തു. ആ വിയര്‍പ്പ് തുള്ളികളില്‍ ഒരെണ്ണം എന്റെ കണ്ണില്‍ പതിഞ്ഞപ്പോള്‍ ഞാന്‍ കണ്ണുകള്‍ അടച്ചു. എന്റെ ബോധം മറയുന്ന പോലെ തോന്നി. തോന്നിയതല്ല,, എന്റെ ബോധം പോയി.

കണ്ണ് തുറക്കുമ്പോള്‍ ഫ്ലാറ്റിന്റെ പുറത്ത് അര്‍ദ്ധ നഗ്നനായി കിടക്കുകയാണ്. കൈകള്‍ നീറുന്നു. കൈ തണ്ടയില്‍ എന്തോ വരഞ്ഞിട്ട പോലെ. രക്തം പൊടിഞ്ഞിട്ടുണ്ട്‌.

വ്യക്തമായി നോക്കിയപ്പോള്‍ അത് കോമ്പസ് കൊണ്ട് വരച്ച പോലെ എന്തോ ആണ്. വെളിച്ചത്ത് കൈ കാണിച്ചു വായിച്ചപ്പോള്‍ ഞെട്ടി.

“ ഇനി എന്റെ പുറകെ വരരുത്… ചെത്തി കളയും ഞാന്‍”

എവിടെയോ പാളിയതായി എനിക്ക് തോന്നി. താഴെയിറങ്ങി കിട്ടിയ വണ്ടിക്ക് കയറിപ്പോയി. ഒരു മാസത്തെ പ്രയത്നം കരക്കടുത്തപ്പോള്‍ ഉടുതുണി പോയ ആദ്യത്തെയും അവസാനത്തെയും കേസ് ഇതായിരിക്കും.

നീറുന്ന കൈകള്‍ ഊതിക്കൊണ്ട് ഞാന്‍ യാത്ര തുടര്‍ന്നു. അവളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമെന്നു മനസ്സിലായത്.

ഉപദ്രവിക്കാന്‍ ചെന്ന ഭര്‍ത്താവിനെ ഉടു തുണിയില്ലാതെ കിടത്തി അവള്‍ ദേഹം മുഴുവന്‍ വരഞ്ഞു. അയാള്‍ ഇനി ഈ രാജ്യത്തേക്ക് പോലും മടങ്ങി വരില്ലെന്ന് പറഞ്ഞാണ് പോയത്.

Leave a Reply

Your email address will not be published. Required fields are marked *