” നിന്നെ ഞാൻ വിളിച്ചിറക്കി കൊണ്ടുവന്നതുകൊണ്ട് നീയ്യും നിന്റെ വീട്ടുകാരും സത്യം പറഞ്ഞാൽ രക്ഷപ്പെട്ടില്ലേ ടീ… അഞ്ചു പൈസയുടെ ചിലവില്ലാതെ ഒരൊപ്പിൽ നിന്റെ കല്യാണം നടന്നു…
അതും സർക്കാർ ജോലിക്കാരനായ എന്നെക്കിട്ടി നിനക്ക് നിന്റെ ഭർത്താവായിട്ട്…..
നിനക്കെന്തു യോഗ്യതയുണ്ടെ ടീ എന്നെ പോലൊരുത്തന്റെ ഭാര്യയായിട്ടിരിക്കാൻ….?
എനിയ്ക്കൊപ്പം നിൽക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു ഗുണം ഉണ്ടോ നിനക്ക്… ഉണ്ടെങ്കിൽ പറ…. ഞാനും എന്റെ വീട്ടുകാരും അറിയട്ടെ അത്…. ”
കുടിച്ച മദ്യത്തിന്റെ വീര്യത്തിനനുസരിച്ച് ജയന്റെ വാക്കുകളുടെ കടുപ്പവും കൂടിയതോടെ മായയ്ക്ക് ചുറ്റും നിൽക്കുന്നവരുടെയെല്ലാം സഹതാപം കലർന്ന നോട്ടം അവളിൽ ചെന്നു തറഞ്ഞു നിന്നു….
‘നീയിത് എന്തൊക്കെയാണ് ജയാ ഈ വിളിച്ചു പറയുന്നത്…?
ഇത്തിരി കള്ള് അകത്തുചെന്നാലുടനെ വിളിച്ചു പറയാൻ കൊള്ളാവുന്ന കാര്യങ്ങളാന്നോ നീയ്യീവിളിച്ചു പറയുന്നത്….?
ജയന്റെ അതിരുക്കടന്ന സംസാരം മായയെ എല്ലാവർക്കും ഇടയിൽ നാണം കെടുത്തുന്നുവെന്നു കണ്ടതും അവനെ തടഞ്ഞു അവന്റെ അളിയൻ രഞ്ജിത്ത്…
” കുടിച്ചിട്ടോ അല്ലാതെയോ അവനെന്തെങ്കിലും പറയട്ടെ രഞ്ജിയേട്ടാ… അതവര് ഭാര്യയും ഭർത്താവും തമ്മിലുള്ളതാണ്… നിങ്ങളതിന്റെ ഇടേല് കയറി പറയണ്ട കാര്യമെന്താ…?
ജയന്റെ അനിയത്തി ജിനി രഞ്ജിത്തിനെ പിടിച്ചു തനിക്കരികിലേക്ക് നിർത്തി ചോദിച്ചു…
ആൾക്കൂട്ടത്തിനിടയിൽ നാണംക്കെട്ട് വിളറി വെളുത്ത് നിൽക്കുന്ന മായ അവൾക്കൊരു സന്തോഷം നൽകുന്ന കാഴ്ചയാണ്…. ഏട്ടന്റെ ഭാര്യയായ് മായയെ ഇഷ്ടമില്ല ജിനിയ്ക്ക്…
“അതെന്റെ അനിയത്തി പറഞ്ഞത് ന്യായമാണളിയാ… ഇതു ഞങ്ങൾ ഭാര്യയും ഭർത്താവും തമ്മിലുള്ളതാണ്… അത് ഞാൻ കള്ളു കുടിച്ചാലും പറയും കുടിച്ചില്ലേലും പറയും…. എന്റെ ഉള്ളിലുള്ളത് ഇനിയെങ്കിലും ഞാൻ തുറന്നു പറയട്ടേ അളിയാ… ഇവള് ഭാര്യയായിട്ടിരിക്കുന്നത് കൊണ്ട് എനിയ്ക്ക് വലിയ നഷ്ടമാണളിയാ സ്ത്രീധനയിനത്തിൽ…. ഇവളെ പ്രേമിച്ചു ചാടിച്ചപ്പോൾ ഞാനിതൊന്നും ഓർത്തില്ലല്ലോ എന്ന വിഷമമാണ് എനിയ്ക്ക്… ആ വിഷമം ഞാൻ പറഞ്ഞെങ്കിലും തീർക്കട്ടെ അളിയാ…
അതിൽ നിന്നെന്നെ തടയാൻ അളിയൻ ശ്രമിക്കണ്ട…..
ജിനിക്കരികെ നിൽക്കുന്ന രഞ്ജിത്തിന്റെ തോളിലൊന്നു തട്ടി ഒരു കള്ളുകുടിയന്റേതായ സകല ചേഷ്ടകളോടെയും നിലത്തു കാലുറയ്ക്കാതെ ആടി കുഴഞ്ഞ് നിന്നാണ് ജയന്റെ സംസാരം മുഴുവൻ….
”അല്ല അളിയാ പറഞ്ഞതുപോലെ എനിയ്ക്കൊരു സംശയം അളിയനെന്തിനാ അവളുടെ കാര്യത്തിലിത്ര ടെൻഷനും വേവലാതിയും….?
പലവട്ടം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അളിയന് എന്റെ ഭാര്യയോടുള്ള ഒരു ചായ്യ്വും സഹതാപവും… എപ്പോഴും അളിയൻ സംസാരിക്കുക അവൾക്ക് വേണ്ടിയാണ്… അളിയന്റെ സപ്പോർട്ടും അവൾക്കാണ് എന്നും…
“ദേ ഈ നിൽക്കുന്ന എന്റെ അനിയത്തി ,അളിയന്റെ ഭാര്യ ജിനിയ്ക്കും ഉണ്ട് എന്റെയതേ സംശയം… ഒന്നു രണ്ടു പ്രാവശ്യം അതവളെന്നോടു പറഞ്ഞിട്ടുമുണ്ട്…. സത്യം പറ അളിയാ എന്റെ ഭാര്യ നിങ്ങളെയും അവളുടെ സൗന്ദര്യം കാട്ടി മയക്കി എടുത്തോ… എന്നെ പണ്ട് മയക്കി എടുത്തത് പോലെ….?
‘അവളുടെ സൗന്ദര്യത്തിൽ നീ മയങ്ങിയാലും ഞാൻ നിന്നെ കുറ്റം പറയില്ലളിയാ…. കാരണം ഏതൊരാണിനെയും മയക്കാനുള്ളതൊക്കെ അവളുടെ ശരീരത്തിൽ ധാരാളമായിട്ടുണ്ടല്ലോ… നിത്യവും കണ്ടനുഭവിക്കുന്നതല്ലേ അതൊക്കെ ഞാൻ…?
വൃത്തിക്കെട്ടൊരാഗ്യത്തോടെയുള്ള ജയന്റെ സംസാരത്തിൽ ദേഷ്യമിരച്ചെത്തിച്ചുവന്നു പോയ് രഞ്ജിത്തിന്റെ മുഖമെങ്കിൽ പൊതുജനമധ്യത്തിൽ വസ്ത്രാക്ഷേപം നടന്നതു പോലെ വിളറി വെളുത്തു നിന്നു മായ….
അവളുടെ നെഞ്ചിനുള്ളിൽ നിന്നൊരാർപ്പുയരുന്നുണ്ട് പൊട്ടിക്കരയാൻ മോഹിച്ചു കൊണ്ട്…. അതുപോലെ നീറുന്നുണ്ട് മിഴികൾ രണ്ടും പെയ്തു തോരാനായ്.. പക്ഷെ കരഞ്ഞിലവൾ….കണ്ണീർ വാർത്തതുമില്ല….
തന്നെ തേടിയെത്തുന്ന നോട്ടങ്ങളും സംസാരങ്ങളുമെല്ലാം അറിഞ്ഞ് ആ വലിയ ആൾക്കൂട്ടത്തിനു നടുവിൽ തികച്ചും അനാഥയായ് നിന്നവൾ… ജന്മം നൽകിയവരും, കൂടെപ്പിറന്നവരും, താലിക്കെട്ടിയവനുമെല്ലാം ഉണ്ടായിട്ടും അനാഥയായവൾ….
‘എല്ലില്ലാത്ത നാവും മദ്യപിച്ച് നശിച്ചുപോയ ബോധവും വെച്ച് എന്തനാവശ്യവും വിളിച്ചു പറയാമെന്ന് നീ കരുതിയാൽ അളിയാ ഭാര്യയുടെ ചേട്ടനാണെന്നത് മറന്ന് നിന്റെ കരണം അടിച്ചു പൊട്ടിയ്ക്കും ഞാൻ… ഒന്നുമില്ലെങ്കിലും നീ പ്രണയം പറഞ്ഞ് പിന്നാലെ നടന്നപ്പോൾ നിന്നെ സ്വന്തം പോലെ സ്നേഹിച്ചവളല്ലേടാ ആ പെണ്ണ്… സ്വന്തം വീട്ടുകാരെക്കാളും വലുത് നീയാണെന്ന് പറഞ്ഞ് കൂടപ്പിറപ്പുകളെയും അച്ഛനമ്മമാരെയും എല്ലാം ഉപേക്ഷിച്ച് നിന്നെ മാത്രം വിശ്വസിച്ച് നിനക്കൊപ്പം വന്നവൾ…. ആ ഒരുവളെ പറ്റിയാണല്ലോടാ നീ ഇങ്ങനൊക്കെ ഒരു സദസ്സിൽ വിളിച്ചു പറയുന്നത്… ഒരു ദൈവവും പൊറുക്കില്ലെടാ നിന്നോട്…. ”
നിശബ്ദമായ സദസ്സിൽ തെളിഞ്ഞുയർന്നു കേട്ടു രഞ്ജിത്തിന്റെ ശബ്ദമെങ്കിൽ അവനെ നോക്കിയ ജിനിയുടെ കണ്ണുകളിലാകെ സംശയങ്ങളാണ്… അതും സ്വന്തം ഭർത്താവിനെയും സഹോദര ഭാര്യയേയും ചേർത്തുള്ള അനാവശ്യ സംശയങ്ങൾ….
“എന്നെക്കാൾ നന്നായി എന്റെ ഭാര്യയെ പറ്റി പഠിച്ചിട്ടുണ്ടല്ലോ അളിയാ നീ…. അപ്പോ ഞാനും എന്റെ പെങ്ങളും സംശയിക്കുന്നതൊക്കെ സത്യം തന്നെയാണോ… നിങ്ങളു രണ്ടാളും കൂടി ഞങ്ങള് ഏട്ടനെയും അനിയത്തിയേയും ഒരുമിച്ച് വഴിയാധാരമാക്കുമോ….?
രഞ്ജിത്തിന്റെ സംസാരത്തെയും ദേഷ്യത്തെയും തീരെ നിസ്സാരമാക്കിയിട്ടുള്ള ജയന്റെ ചോദ്യത്തിൽ അവനെ തല്ലാനായ് കൈ ഉയർത്തി പോയ് രഞ്ജിത്തെങ്കിലും അടുത്ത സെക്കൻഡിൽ അവിടുത്തെ കാഴ്ചകൾ കണ്ടു രസിച്ചു നിൽക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും ഒന്നു നോക്കി ഉയർത്തിയ കൈതാഴ്ത്തി വേഗം അവിടെ നിന്ന് ഇറങ്ങി പോയ് രഞ്ജിത്ത് …
നീയും പോവുന്നുണ്ടോടി അവന്റെ പുറകെ….?
തന്നെ കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ചു കരുതി കൊണ്ടു നടന്നിരുന്ന
രഞ്ജിത്ത് തന്റെ പേരിലുള്ള ചീത്ത പേരും പഴിയും വാങ്ങി ആ ഫങ്ഷനിൽ നിന്നിറങ്ങി പോയ വഴിയിലേക്ക് വേദനയോടെ നോക്കി നിന്ന മായ ഞെട്ടി കാതിനോരം കേട്ട ജയന്റെ ശബ്ദത്തിൽ…. അവൾ അതേ ഞെട്ടലോടെ നോക്കി ജയനെ…
നീ ഇറങ്ങി പോയാൽ എനിക്കത്രയും സന്തോഷമാണെടീ…. ഞാനെന്റെ സ്റ്റാറ്റസിനു ചേരുന്നൊരുത്തിയെ കണ്ടത്തി വിവാഹം കഴിച്ചോളാം
നിന്റെ സൗന്ദര്യത്തിൽ മയങ്ങി ഒരിക്കലൊരു പൊട്ടത്തരം ഞാൻ ചെയ്തെങ്കിലും നീയായ് എന്റെ തലയിൽ നിന്നൊഴിഞ്ഞു തരുകയാണെങ്കിൽ എനിയ്ക്ക് ചേരുന്നൊരു സർക്കാർ ജോലിക്കാരിയെ കെട്ടി സന്തോഷായിട്ട് ജീവിച്ചേനെ ഞാൻ… ഇത്തിരിയെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ ഒന്നിറങ്ങി താടീ…ഇപ്പോഴാണെങ്കിൽ ഇവിടെ അച്ഛന്റെം അമ്മയുടേയും ആനിവേഴ്സറി കൂടാൻ എന്റെ കുടുംബക്കാര് മുഴുവൻ ഉണ്ട്… നീ ഇപ്പോഇറങ്ങി പോയാൽ അവരോടൊക്കെ ഇപ്പോ തന്നെ എനിയ്ക്ക് പറയാലോ നമ്മള് പിരിഞ്ഞെന്ന്… എന്റെ സ്റ്റാറ്റസിനു ചേരാത്തത് കൊണ്ട് നീ സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോയെന്ന് പറഞ്ഞോളാം ഞാൻ….നീ പൊക്കോ ടി….”
നിറഞ്ഞൊഴുകി മായയുടെ മിഴികൾ… കയറിച്ചെല്ലാനൊരിടമോ ജീവിച്ചു മുന്നേറാൻ ഒരു ജോലിയോ കയ്യിലില്ലാത്ത തന്നോടവൻ പറയുന്ന വാക്കുകൾ… അവനെ മാത്രം വിശ്വസിച്ച് എല്ലാം ഉപേക്ഷിച്ച് പോന്നതിന്റെ ശിക്ഷ….
“ഞാൻ… ഞാൻ പൊക്കോളാം… ഇപ്പോ തന്നെ പൊയ്ക്കോളാം….
ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി മെല്ലെ പറഞ്ഞു മായ… എല്ലാവരുടെ നോട്ടവും അവളിലേക്കാണ്…
“ഇന്നിവിടെ നിന്ന് ഞാനിറങ്ങിയില്ലെങ്കിൽ നാളെയൊരുപക്ഷെ നിങ്ങൾക്ക് മുന്നിൽ ഞാനെത്തുക ജീവനില്ലാത്തൊരു ശവശരീരമായിട്ടായിരിയ്ക്കും… ഇവനെ വിശ്വസിച്ച് എന്റെ കുടുംബത്തെയുപേക്ഷിച്ച് വീടുവിട്ടിറങ്ങി എന്നതിനപ്പുറം മറ്റൊരു തെറ്റും ചെയ്തിട്ടില്ല ഞാൻ… അതൊരു തെറ്റാണെങ്കിൽ അതിനു വേണ്ടി എന്റെ ജീവൻ ബലിക്കഴിക്കാനൊരുക്കമല്ല ഞാൻ… കുറെ അനുഭവിച്ചു കഴിഞ്ഞു ഇനി വയ്യ പോവാണ്……”
കൂടി നിൽക്കുന്നവരോടായ് കൈകൂപ്പി പറഞ്ഞ് ഇട്ട വസ്ത്രത്തോടെ മായ അവിടെ നിന്നിറങ്ങുമ്പോഴും അവൾ പറഞ്ഞ വാക്കുകളിൽ കുടുങ്ങി നിന്നവരെല്ലാം
“ലക്ഷണം കെട്ടവള് ഇറങ്ങി പോയപ്പോ ബാക്കിയുള്ളവർക്ക് പണിയും തന്നിട്ടാണല്ലോ ഈശ്വരാ പോയത്… പാവം എൻ്റേട്ടൻ…. ഇനിയെന്തു ചെയ്യും രഞ്ജിത്തേട്ടാ നമ്മള്….. ?
കയ്യിലെ ഫോണിലേക്കും രഞ്ജിത്തിന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി ജിനി ആകെ വെപ്രാളത്തിലും ദേഷ്യത്തിലും ചോദിക്കുമ്പോൾ അതൊന്നും തന്നോടല്ലെന്നതു പോലെ അലസം അവളെ നോക്കി തന്റെ സാധനങ്ങളടങ്ങിയ ബാഗുമെടുത്തവൻ മുറി വിട്ടതും ഞെട്ടി പകപ്പോടെ അവനു പിന്നാലെ ചെന്നു ജിനി
“സ്നേഹിച്ചു വിളിച്ചിറക്കി കൊണ്ടുവന്ന പെണ്ണിനെ സ്ത്രീധനത്തിന്റെ പേരിൽ ആൾക്കൂട്ടത്തിലും അടുക്കളയിലും ഇട്ട് വേദനിപ്പിച്ച് രസിച്ചിരുന്നവളല്ലേ നീയും…. ആ പെണ്ണിന് ബുദ്ധിയുള്ളതുകൊണ്ട് ഇവിടെന്നിറങ്ങി പോവും വഴി പോലീസ് സ്റ്റേഷനിൽ കയറിയൊരു പരാതി കൊടുത്തു പീഡനത്തിന്… തെളിവിന് ഇവിടെ നടന്ന സംഭവങ്ങളുടെ വീഡിയോയും പിന്നെ നിന്റെയൊക്കെ ബന്ധുക്കളും… സർക്കാരു ജോലിക്കാരൻ ഏട്ടൻ ജയിലിൽ എത്തിയില്ലേ…. അവളോ അവളുടെ വീട്ടിൽ അവളുടെ മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും ഒപ്പമെത്തി… അവളോടു ക്ഷമിച്ചു അവർ…. ഇനിയവള് ജീവിച്ചോളും അവരുടെ രാജകുമാരിയായിട്ടു തന്നെ… ”
പറയാനുള്ളതെല്ലാം പറഞ്ഞു തീർത്ത് രഞ്ജിത്തിറങ്ങിയതും അവനുമുമ്പിലേക്ക് ഞാനോ എന്നൊരു ചോദ്യത്തോടെ കയറി നിന്നു ജിനി
എന്നെ സംശയമുള്ള ഭാര്യയാണ് നീ… അതും നിന്റെ ഏട്ടനൊപ്പം ചേർന്ന് സംശയിക്കുന്നവൾ…. നിനക്കൊപ്പം ഇവിടെ ജീവിക്കാൻ പറ്റില്ലെനിയ്ക്ക്… എന്റെ ഭാര്യയായ് മറ്റെല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് വരാൻ പറ്റുമ്പോൾ വരാം നിനക്ക് ഞാനുള്ളിടത്തേക്ക്… വന്നാൽ പിന്നൊരു മടക്കം ഇങ്ങോട്ട് ഉണ്ടാവില്ല നിനക്ക്… ചിന്തിക്ക്…. നന്നായി…..
തന്റെ തീരുമാനം അവളെ അറിയിച്ച് രഞ്ജിത്ത് അവിടം വിട്ടിറങ്ങുമ്പോൾ ദൂരെ തന്റെ വീട്ടിൽ തനിയ്ക്ക് പ്രിയപ്പെട്ടവർക്കൊപ്പം നല്ലൊരു നാളെ സ്വപ്നം കണ്ടുറങ്ങി മായ…. സന്തോഷത്തോടെ…. അതിലുപരി സംതൃപ്തിയോടെ
✍️രജിത ജയൻ…
