എനിക്ക് എന്റെ മകൻ മാത്രം മതി, മറ്റൊരു സ്ത്രീ വന്നാൽ അവൾ എന്റെ കുഞ്ഞിനെ സ്വന്തം ചോരയായി കാണുമെന്ന് എന്താണ് ഉറപ്പ്? അവന്റെ….

​”അച്ഛാ… എന്നോട് ക്ഷമിക്കൂ. ഞാൻ വന്നു, അച്ഛന്റെ പൊന്നുമകൻ വന്നിട്ടുണ്ട്…” ശരത്തിന്റെ ശബ്ദം ഐ.സി.യു മുറിയിലെ യന്ത്രങ്ങളുടെ ബീപ്പ് ശബ്ദങ്ങൾക്കിടയിൽ ഇടറിവീണു.
​മാധവൻ സാവധാനം കണ്ണുകൾ തുറന്നു. ആ കണ്ണുകളിൽ മകനോട് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. ഓക്സിജൻ മാസ്കിനുള്ളിലൂടെ ഒരു നേർത്ത പുഞ്ചിരിയോടെ അദ്ദേഹം മകന്റെ കൈകളിൽ അമർത്തി.
​”എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ലടാ മോനേ… നീ എപ്പോഴും എന്റെ പൊന്നുമകൻ തന്നെയാണ്…”
​ആ കൈകൾ പതുക്കെ തളർന്നു താഴേക്ക് വീണു. ശരത്തിന്റെ പ്രണയവും ആഡംബരവും നിറഞ്ഞ നഗരജീവിതത്തിൽ അവൻ മറന്നുപോയ ആ അച്ഛന്റെ സ്നേഹം, ഒരു വലിയ ഓർമ്മപ്പെടുത്തലായി അവിടെ അവസാനിച്ചു. ആ ഓർമ്മകളുടെ തുടക്കമിവിടെയാണ്…
​ആലപ്പുഴയിലെ പുന്നമടക്കായലിന്റെ തീരത്ത്, പായൽ പിടിച്ച ചുമരുകളുള്ള ആ പഴയ ഓടിട്ട വീടിയുടെ ഉമ്മറത്തിണ്ണയിൽ ഇരിക്കുമ്പോൾ മാധവന് പ്രായം എഴുപത് കഴിഞ്ഞിരുന്നു. സന്ധ്യാനേരത്തെ തണുത്ത കാറ്റേറ്റ്, ദൂരെ കായലിലൂടെ നീങ്ങുന്ന ഹൗസ്ബോട്ടുകളുടെ വെളിച്ചത്തിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. ഓർമ്മകളുടെ വലിയൊരു ഭാണ്ഡവും ചുമന്നാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. ആ മുറ്റത്തെ പ്ലാവിന്റെ ചുവട്ടിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിയും, തൊട്ടുപിന്നാലെ ഒരു കണ്ണീർത്തുള്ളി താടിയിലൂടെ olichirangum. അവിടെയായിരുന്നു മുപ്പതു വർഷം മുൻപ് തന്റെ മകൻ ശരത് ആദ്യമായി കൈവിട്ടു നടക്കാൻ പഠത്തിയത്.
​ശരത്… മാധവന്റെ ജീവനായിരുന്നു അവൻ. പ്രസവത്തോടെ ഭാര്യ ലക്ഷ്മി മരിച്ചപ്പോൾ, മാധവന് മുന്നിൽ അവശേഷിച്ചത് ആ പിഞ്ചുകുഞ്ഞ് മാത്രമായിരുന്നു. ചോരക്കുഞ്ഞിനെ കയ്യിലെടുത്ത് കരയുമ്പോൾ ബന്ധുക്കളെല്ലാം അദ്ദേഹത്തെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. “എനിക്ക് എന്റെ മകൻ മാത്രം മതി, മറ്റൊരു സ്ത്രീ വന്നാൽ അവൾ എന്റെ കുഞ്ഞിനെ സ്വന്തം ചോരയായി കാണുമെന്ന് എന്താണ് ഉറപ്പ്? അവന്റെ അമ്മയായും അച്ഛനായും ഞാൻ തന്നെ ജീവിച്ചോളാം,” എന്ന് മാധവൻ അന്ന് ഉറപ്പിച്ചു പറഞ്ഞു. ആ വാക്ക് അദ്ദേഹം ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കുകയും ചെയ്തു. പകൽ മുഴുവൻ താലൂക്ക് ഓഫീസിലെ താല്ക്കാലിക ക്ലർക്ക് ജോലിയുടെ തിരക്കുകൾ. വിയർപ്പൊഴുക്കി പണിയെടുത്തു വൈകുന്നേരം വീട്ടിലെത്തിയാൽ പിന്നെ മാധവന് വിശ്രമമില്ല. ശരത്തിന്റെ ലോകമാണത്. അവന് ചോറുട്ടാനും, നിലാവത്ത് ഇരുത്തി കഥ പറഞ്ഞുറക്കാനും, തുണികൾ അലക്കാനും മാധവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാർ അവനെ വിളിച്ചു: “മാധവന്റെ പൊന്നുമകൻ.”
​ശരത് വളർന്നു. പഠനത്തിൽ അവൻ എപ്പോഴും ഒന്നാമനായിരുന്നു. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയപ്പോൾ സ്കൂളിലെ പ്രോഗ്രസ്സീവ് കാർഡുമായി ഓടിവന്ന് അവൻ അച്ഛന്റെ നെഞ്ചിലേക്ക് ചാടും. ആ സമയത്ത് മാധവന് അനുഭവപ്പെടുന്ന സന്തോഷം കോടീശ്വരന്മാർക്ക് പോലും കിട്ടാത്തതായിരുന്നു. തന്റെ തുച്ഛമായ ശമ്പളത്തിൽ ഒതുങ്ങാത്ത ആവശ്യങ്ങൾ ശരത് ചോദിച്ചപ്പോൾ പോലും മാധവൻ ‘ഇല്ല’ എന്ന് പറഞ്ഞില്ല. സ്വന്തം ആഗ്രഹങ്ങൾ പലതും അദ്ദേഹം ചിരിച്ചുകൊണ്ട് മാറ്റിവെച്ചു. കീറിയ മുണ്ടും തുന്നിക്കെട്ടിയ ഷർട്ടും ധരിച്ച് മാധവൻ നടന്നു, പക്ഷേ മകന് എപ്പോഴും മികച്ച വസ്ത്രങ്ങളും പുസ്തകങ്ങളും അദ്ദേഹം വാങ്ങി നൽകി.
​ഒരു ദിവസം സ്കൂൾ വിട്ടു വന്ന ശരത് വിഷമിച്ചിരിക്കുന്നത് മാധവൻ കണ്ടു. “അച്ഛാ, കൂട്ടുകാരൻ രാഹുലിന്റെ അച്ഛൻ അവനൊരു പുതിയ ഗിയർ സൈക്കിൾ വാങ്ങിക്കൊടുത്തു, എനിക്കും വേണം,” എന്ന് അവൻ സങ്കടത്തോടെ പറഞ്ഞു. “അതിനെന്താടാ, അടുത്ത മാസം അച്ഛന്റെ ശമ്പളം കിട്ടട്ടെ, എന്റെ മോന് അതിനേക്കാൾ നല്ലൊരു സൈക്കിൾ ഞാൻ വാങ്ങിത്തരാം,” എന്ന് മാധവൻ മകന്റെ തലയിൽ തലോടിക്കൊണ്ട് ഉറപ്പു നൽകി. പറഞ്ഞതുപോലെ തന്നെ ആ മാസം മാധവൻ തന്റെ പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് വലിയൊരു തുക കടമെടുത്ത് ശരത്തിന് ഒരു ചുവന്ന സൈക്കിൾ വാങ്ങിക്കൊടുത്തു. ആ സൈക്കിളിൽ കയറി ശരത് മുറ്റത്തു കൂടെ ഓടിക്കുന്നത് നോക്കി നിന്ന മാധവന്റെ കണ്ണുകൾ ആനന്ദക്കണ്ണീരാൽ നിറഞ്ഞു. മകന്റെ സന്തോഷമായിരുന്നു അദ്ദേഹത്തിന്റെ ആകാശം.
​വർഷങ്ങൾ വേഗത്തിൽ കടന്നുപോയി. ശരത് തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജിൽ മെറിറ്റിൽ അഡ്മിഷൻ നേടി. മകൻ ദൂരേക്ക് പോകുന്നതിന്റെ സങ്കടം മാധവനെ പിടികൂടിയെങ്കിലും, അവന്റെ ഉജ്ജ്വലമായ ഭാവി ഓർത്ത് അദ്ദേഹം ആശ്വസിച്ചു. തിരുവനന്തപുരത്തെ വലിയ ക്യാമ്പസ് ശരത്തിന് തികച്ചും പുതിയൊരു അനുഭവമായിരുന്നു. അവിടെ വെച്ചാണ് അവൻ മീരയെ പരിചയപ്പെടുന്നത്. മീര സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയായിരുന്നു, നഗരത്തിലെ വലിയൊരു ബിസിനസ്സുകാരന്റെ മകൾ. തുടക്കത്തിൽ വെറുമൊരു സൗഹൃദമായിരുന്നെങ്കിലും, ശരത്തിന്റെ വിനയവും പഠനത്തിലുള്ള മിടുക്കും മീരയെ ആകർഷിച്ചു. പതുക്കെ ആ സൗഹൃദം പ്രണയമായി മാറി.
​കോളേജ് കാന്റീനിലെ കോണിലിരുന്നും, കനകക്കുന്ന് കൊട്ടാരത്തിന്റെ പുൽത്തകിടിയിൽ ഇരുന്നും അവർ ഭാവി സ്വപ്നം കണ്ടു. “ശരത്, നിന്റെ അച്ഛനെക്കുറിച്ച് നീ എപ്പോഴും പറയാറുള്ളത് കേൾക്കുമ്പോൾ എനിക്ക് അദ്ദേഹത്തെ കാണാൻ കൊതിയാകുന്നു, നമ്മൾ ഒന്നാകുമ്പോൾ അച്ഛനെ നമ്മളോടൊപ്പം താമസിപ്പിക്കണം,” എന്ന് മീര ശരത്തിന്റെ കൈകളിൽ പിടിച്ച് പറയുമായിരുന്നു. ശരത്തിന് മീരയോടുള്ള പ്രണയം കടുത്തതായിരുന്നു. എന്നാൽ തന്റെ ദാരിദ്ര്യവും അച്ഛന്റെ അവസ്ഥയും ഓർക്കുമ്പോൾ അവൻ ചിലപ്പോഴൊക്കെ ഭയന്നു. മീര അവനെ ആശ്വസിപ്പിച്ചു: “എനിക്ക് നിന്റെ പണമല്ല പ്രധാനം, നിന്റെ സ്നേഹമാണ്.” ഈ വിവരങ്ങളെല്ലാം ശരത് നാട്ടിൽ വരുമ്പോൾ അച്ഛനോട് പറയുമായിരുന്നു. മകന്റെ പ്രണയത്തെ മാധവൻ എതിർത്തില്ല. “അവൾ നല്ല കുട്ടിയാണെങ്കിൽ എനിക്ക് സമ്മതമാണ് മോനേ, പക്ഷേ, അവരുടെ വലിയ തറവാടിന് മുന്നിൽ നമ്മുടെ ദാരിദ്ര്യം ഒരു കുറവായി അവർ കാണരുത്. നീ നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയിട്ട് വേണം അവളുടെ അച്ഛന്റെ മുന്നിൽ ചെന്ന് നിൽക്കാൻ,” എന്ന് മാധവൻ ഉപദേശിച്ചു.
​എഞ്ചിനീയറിംഗ് അവസാന വർഷമായപ്പോഴേക്കും ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ശരത്തിന് ബാംഗ്ലൂരിലെ ഒരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു. വലിയ ശമ്പളം. നാട്ടിൽ തിരിച്ചെത്തിയ ശരത് അച്ഛനെ കെട്ടിപ്പിടുത്തു കരഞ്ഞു. “എല്ലാം അച്ഛൻ തന്ന ഭിക്ഷയാണ്,” എന്ന് അവൻ പറഞ്ഞു. എന്നാൽ ബാംഗ്ലൂരിലേക്ക് പോയതോടെ ശരത്തിന്റെ ജീവിതശൈലി മാറിമറിഞ്ഞു. നഗരത്തിലെ ആഡംബര മോഹങ്ങളും വലിയ സുഹൃദ്‌വലയങ്ങളും അവനെ സ്വാധീനിച്ചു തുടങ്ങി. മീരയും ബാംഗ്ലൂരിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേർന്നിരുന്നു. ആദ്യമൊക്കെ എല്ലാ ആഴ്ചയും അച്ഛനെ വിളിച്ചിരുന്ന ശരത്, പിന്നീട് മീരയോടൊപ്പമുള്ള യാത്രകളിലും ഐടി ലോകത്തെ നൈറ്റ് പാർട്ടിയിലും മുഴുകി. നാട്ടിലെ ഓടിട്ട വീട്ടിൽ തനിച്ചിരിക്കുന്ന വൃദ്ധനായ അച്ഛൻ അവനൊരു ബാധ്യതയായി തോന്നിത്തുടങ്ങിയില്ലെങ്കിലും, പതുക്കെ ഓർമ്മകളിൽ നിന്ന് അച്ഛൻ മാഞ്ഞുതുടങ്ങി.
​മാധവൻ ദിവസവും ഫോണിൽ വിളിക്കും. എന്നാൽ പലപ്പോഴും ശരത് ഫോൺ എടുക്കാറില്ലായിരുന്നു. എടുത്താൽ തന്നെ “അച്ഛാ ഞാൻ മീറ്റിംഗിലാണ് അല്ലെങ്കിൽ മീരയോടൊപ്പം പുറത്താണ്, പിന്നെ വിളിക്കാം,” എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും. ഒരു ഓണക്കാലത്ത് ശരത് നാട്ടിൽ വരുമെന്ന് പറഞ്ഞ് മാധവൻ കാത്തിരുന്നു. അദ്ദേഹം ശരത്തിനും മീരയ്ക്കും ഇഷ്ടമുള്ള പലഹാരങ്ങളും വിഭവങ്ങളും ഉണ്ടാക്കി വെച്ചു. എന്നാൽ അവസാന നിമിഷം ശരത്തിന്റെ ഫോൺ വന്നു: “അച്ഛാ, ഞാനും മീരയും അവളുടെ വീട്ടുകാരും കൂടി ഒരു ഊട്ടി ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്, അതുകൊണ്ട് ഇത്തവണ ഓണത്തിന് വരാൻ പറ്റില്ല.” ഫോൺ കയ്യിൽ പിടിച്ച് മാധവൻ ഉമ്മറത്തിണ്ണയിൽ കുറെ നേരം ഇരുന്നു. ഉണ്ടാക്കിവെച്ച ഭക്ഷണ സാധനങ്ങൾക്കെല്ലാം അപ്പോഴേക്കും തണുപ്പ് ബാധിച്ചിരുന്നു. അദ്ദേഹം പതുക്കെ അടുക്കളയിലേക്ക് നടന്ന് ആ ഭക്ഷണമെല്ലാം മൂടിവെച്ചു, കണ്ണീരോടെ.
​ശരത്തിന്റെ ജീവിതം മാറിയത് മീരയും ശ്രദ്ധിച്ചു തുടങ്ങി. അവൻ പണത്തോടും ആഡംബരത്തോടും കൂടുതൽ താല്പര്യം കാണിക്കുന്നത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. അതിനിടയിൽ മീരയുടെ വീട്ടിൽ അവളുടെ വിവാഹാലോചനകൾ സജീവമായി. മീര ശരത്തിനോട് അച്ഛനെ വന്ന് കാണാൻ ആവശ്യപ്പെട്ടു. “ശരത്, നീ നാട്ടിൽ പോയി അച്ഛനെയും കൂട്ടി എന്റെ വീട്ടിലേക്ക് വരണം, നമുക്ക് വിവാഹത്തെക്കുറിച്ച് സംസാരിക്കാം,” എന്ന് മീര പറഞ്ഞു. എന്നാൽ ശരത് മടുത്തു. തന്റെ അച്ഛൻ സാധാരണ മുണ്ടും ഷർട്ടും ധരിച്ച് മീരയുടെ പണക്കാരനായ അച്ഛന്റെ മുന്നിൽ നിൽക്കുന്നത് അവൻ ആലോചിച്ചു. അത് തന്റെ അന്തസ്സിന് കുറവാകുമെന്ന് അവൻ കരുതി. “മീര, എന്റെ അച്ഛൻ പാവമാണ്, അദ്ദേഹം വന്നാൽ നിന്റെ വീട്ടുകാർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല, നമുക്ക് രജിസ്റ്റർ വിവാഹം ചെയ്യാം,” എന്ന് ശരത് നിർദ്ദേശിച്ചു.
​ഈ മറുപടി മീരയെ ഞെട്ടിച്ചു. സ്വന്തം അച്ഛനെ ഒരു കുറവായി കാണുന്ന ശരത്തിന്റെ സ്വാർത്ഥത അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. “ശരത്, നിന്നെ ഈ നിലയിൽ എത്തിക്കാൻ സ്വന്തം ജീവിതം ഹോമിച്ച ആളാണ് നിന്റെ അച്ഛൻ. അദ്ദേഹത്തെ നിന്റെ സുഹൃത്തുക്കളുടെയും എന്റെ വീട്ടുകാരുടെയും മുന്നിൽ കാണിക്കാൻ നിനക്ക് നാണക്കേടാണല്ലേ? സ്വന്തം അച്ഛനെ ബഹുമാനിക്കാത്ത ഒരാൾക്ക് എന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയും?” എന്ന് മീര രോഷത്തോടെ ചോദിച്ചു. ആ തർക്കം വലിയൊരു പിണക്കത്തിൽ കലാശിച്ചു. ശരത് തന്റെ ഈഗോ കാരണം മീരയെ പിന്നീട് വിളിച്ചില്ല. മീരയാകട്ടെ ശരത്തിന്റെ ഈ മാറ്റത്തിൽ മനംനൊന്ത് ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഏതാനും മാസങ്ങൾക്കകം മീരയുടെ വിവാഹം അവളുടെ വീട്ടുകാർ നിശ്ചയിച്ച മറ്റൊരാളുമായി നടന്നു. പ്രണയം തകർന്നതോടെ ശരത് കൂടുതൽ കഠിനഹൃദയനായി മാറി. അവൻ മദ്യത്തിലും ജോലിയിലും അഭയം കണ്ടെത്തി. നാട്ടിലെ അച്ഛനെ അവൻ പൂർണ്ണമായും മറന്നു.
​വർഷങ്ങൾ പിന്നെയും മൂന്ന് കടന്നുപോയി. മാധവൻ പൂർണ്ണമായും ഒറ്റപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ അദ്ദേഹത്തെ പിടികൂടി. ആർത്രൈറ്റിസ് കാരണം നടക്കാൻ ബുദ്ധിമുട്ടായി. നാട്ടിലെ അയൽവാസിയായ നാണുട്ടനാണ് മാധവന് പലപ്പോഴും കഞ്ഞിയെങ്കിലും വെച്ചു കൊടുത്തിരുന്നത്. ഒരു ദിവസം നാണുട്ടൻ ചോദിച്ചു: “മാധവേട്ടാ, ആ ശരത് മോൻ നിങ്ങളെ ഇങ്ങനെ ഒറ്റക്കാക്കിയല്ലോ. പണമുണ്ടായിട്ട് എന്താ കാര്യം, പെറ്റ അച്ഛനെ നോക്കാൻ മനസ്സില്ലെങ്കിൽ? അവൻ എവിടെയോ സുഖമായി ജീവിക്കുന്നു.” മാധവൻ അപ്പോഴും മകനെ ന്യായീകരിച്ചു: “അവനവിടെ വലിയ ഉത്തരവാദിത്തങ്ങളുള്ള ജോലിയല്ലേ നാണൂ. പ്രണയമൊക്കെ തകർന്ന് അവൻ വിഷമിച്ചിരിക്കുവാണെന്നാ അറിഞ്ഞത്. അതിന്റെ ഇടയിൽ എനിക്ക് വേണ്ടി സമയം കളയാൻ പറ്റുമോ? അവൻ എന്നെ സ്നേഹിക്കുന്നുണ്ട്, അതാണ് എനിക്ക് വലിയ കാര്യം.” എന്നാൽ ഉള്ളിൽ ആ അച്ഛന്റെ ഹൃദയം തകരുകയായിരുന്നു. രാത്രികളിൽ പഴയ ഫോട്ടോ ആൽബം നോക്കി, മകന്റെ കുഞ്ഞുടുപ്പുകൾ നെഞ്ചോട് ചേർത്ത് അദ്ദേഹം പൊട്ടിക്കരയുമായിരുന്നു.
​ഒരു കർക്കിടക മാസത്തിലെ കനത്ത മഴയുള്ള രാത്രി. കായലിൽ അലയടിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രം. മാധവന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടു. ശ്വാസമെടുക്കാൻ അദ്ദേഹം ബുദ്ധിമുട്ടി. ഫോൺ എടുത്ത് ശരത്തിനെ വിളിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും കൈകൾ വിറച്ച് ഫോൺ നിലത്തു വീണു പൊട്ടിപ്പോയി. അടുത്ത ദിവസം രാവിലെ നാണുട്ടൻ വന്നപ്പോഴാണ് മാധവൻ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. അയൽവാസികൾ ചേർന്ന് അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാണുട്ടൻ എങ്ങനെയോ ശരത്തിന്റെ ഓഫീസ് നമ്പർ സംഘടിപ്പിച്ച് അവനെ വിളിച്ചു: “ശരത്, നിന്റെ അച്ഛന് കഠിനമായ ഹൃദയാഘാതം വന്നിരിക്കുന്നു. ഐ.സി.യു വിലാണ്. ഡോക്ടർമാർ പറഞ്ഞത് അവസ്ഥ വളരെ മോശമാണെന്നാണ്. നീ ഉടൻ വരണം.”
​വാർത്ത കേട്ട ശരത് ഞെട്ടിപ്പോയി. പെട്ടെന്ന് തന്നെ അവൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് കാറോടിച്ചു തിരിച്ചു. കാറോടിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഓരോന്നായി കടന്നുവന്നു. തനിക്ക് സൈക്കിൾ വാങ്ങി തരാൻ അച്ഛൻ പട്ടിണി കിടന്നത്, കോളേജിൽ പഠിക്കുമ്പോൾ ചോദിച്ച പണമെല്ലാം കൃത്യമായി അയച്ചു തന്നത്, മീര തന്നോട് പറഞ്ഞ വാക്കുകൾ എല്ലാം ശരത്തിന്റെ മനസ്സിൽ ഒരു കൊടുങ്കാറ്റായി വീശി അടിച്ചു. താൻ പണത്തിനും ആഡംബരത്തിനും പിന്നാലെ ഓടിയപ്പോൾ നഷ്ടപ്പെടുത്തിയത് സ്വന്തം ദൈവത്തെയായിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. “ഞാൻ എത്ര വലിയ പാപിയാണ്,” ശരത് സ്റ്റിയറിംഗിൽ തലവെച്ച് ഉറക്കെ കരഞ്ഞു.
​ശരത് ആശുപത്രിയിൽ എത്തുമ്പോൾ നേരം പുലർന്നിരുന്നു. ഐ.സി.യു വിന്റെ മുന്നിൽ നാണുട്ടനും മറ്റ് നാട്ടുകാരും നിൽപ്പുണ്ടായിരുന്നു. ശരത്തിനെ കണ്ടതും നാണുട്ടൻ ദേഷ്യത്തോടെ മുഖം തിരിച്ചു. ആരോടും സംസാരിക്കാൻ ധൈര്യമില്ലാതെ ശരത് ഡോക്ടറുടെ മുറിയിലേക്ക് കയറി. “നിങ്ങളാണോ ശരത്?” എന്ന് ഡോക്ടർ ഗൗരവത്തിൽ ചോദിച്ചു. “അതെ ഡോക്ടർ, എന്റെ അച്ഛന് എങ്ങനെയുണ്ട്?” എന്ന് ശരത് ഇടറിയ ശബ്ദത്തിൽ ചോദിച്ചു. “അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണ്, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്, മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ല. നിങ്ങളെ കാണാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു, പോയി കാണൂ,” എന്ന് ഡോക്ടർ പറഞ്ഞു.
​ശരത് ഐ.സി.യു വിനുള്ളിലേക്ക് കയറി. അവിടെ വിറയ്ക്കുന്ന ശരീരവുമായി, ഒരുപാട് ട്യൂബുകൾക്കിടയിൽ കിടക്കുന്ന തന്റെ അച്ഛനെ അവൻ കണ്ടു. ആ പഴയ കരുത്തനായ അച്ഛന്റെ രൂപം പൂർണ്ണമായും മാറിപ്പോയിരുന്നു. ശരത് അച്ഛന്റെ കട്ടിലിനരികിലേക്ക് നടന്നു. അവൻ ആ വൃദ്ധമായ കൈകൾ തന്റെ കൈക്കുള്ളിലാക്കി മുട്ടകുത്തി ഇരുന്നു. “അച്ഛാ ഞാൻ വന്നു, അച്ഛന്റെ പൊന്നുമകൻ വന്നിട്ടുണ്ട്, എന്നോട് ക്ഷമിക്കൂ അച്ഛാ ഞാൻ വലിയൊരു പാപിയാണ്,” എന്ന് ശരത് നെഞ്ച് പൊട്ടി കരഞ്ഞു. ശരത്തിന്റെ ശബ്ദം കേട്ടാവണം, മാധവൻ സാവധാനം കണ്ണുകൾ തുറന്നു. മകനെ കണ്ടതും ആ ഓക്സിജൻ മാസ്കിനുള്ളിലൂടെയും ആ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. ആ കണ്ണുകളിൽ ദേഷ്യമോ പരിഭവമോ ഉണ്ടായിരുന്നില്ല, പകരം നിറഞ്ഞ സ്നേഹം മാത്രം. അദ്ദേഹം തന്റെ വിറയ്ക്കുന്ന കൈ പതുക്കെ ഉയർത്തി ശരത്തിന്റെ തലയിൽ തലോടാൻ ശ്രമിച്ചു.
​ശരത് ആ കൈകൾ തന്റെ കണ്ണുകളോട് ചേർത്തുപിടിച്ചു. “അച്ഛാ, ഇനി ഞാൻ അച്ഛനെ തനിച്ചാക്കില്ല, നമുക്ക് ഒന്നിച്ച് ജീവിക്കാം അച്ഛാ,” എന്ന് ശരത് പറഞ്ഞു. എന്നാൽ, മാധവന്റെ ശ്വാസം പതുക്കെ താഴുകയായിരുന്നു. മോണിറ്ററിലെ ഹൃദയമിടിപ്പിന്റെ ഗ്രാഫ് പതുക്കെ നേർരേഖയായി മാറി. ദീർഘമായ ഒരു ബീപ്പ് ശബ്ദത്തോടെ ആ കൈകൾ സാവധാനം തളർന്നു താഴേക്ക് വീണു. മാധവൻ ഈ ലോകത്തോട് വിടപറഞ്ഞു.
​നാട്ടിലെ പറമ്പിൽ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ ശരത് ഒരു കൊച്ചുകുട്ടിയെപ്പോലെ നിലവിളിക്കുകയായിരുന്നു. പണവും പദവിയും എല്ലാം ഉണ്ടായിട്ടും, തനിക്ക് ജീവൻ തന്ന അച്ഛന് നൽകാൻ ഒരല്പം സമയം തനിക്കുണ്ടായില്ലല്ലോ എന്ന ചിന്ത അവനെ വേട്ടയാടി. പ്രണയവും അച്ഛന്റെ സ്നേഹവും ഒരുപോലെ നഷ്ടപ്പെടുത്തിയ അവൻ പൂർണ്ണമായും ഒറ്റപ്പെട്ടു. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വീട് പൂട്ടി മടങ്ങാൻ ഇറങ്ങുമ്പോൾ, ശരത് അച്ഛന്റെ മുറിയിൽ കയറി. അവിടെ മേശപ്പുറത്ത് ഒരു പഴയ ഡയറി ഇരിപ്പുണ്ടായിരുന്നു. അവൻ അത് തുറന്നു നോക്കി. അതിൽ മാധവൻ എഴുതിയിരുന്ന അവസാന വരികൾ ഇതായിരുന്നു:
​”എന്റെ മോൻ വലിയ നിലയിലായി കാണുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. അവൻ എന്നെ വിളിക്കാൻ മറന്നാലും, ഞാൻ അവനെ എന്നും പ്രാർത്ഥനകളിൽ ഓർക്കാറുണ്ട്. ആരും അവനെ കുറ്റപ്പെടുത്തരുത്, അവൻ എന്റെ പൊന്നുമകനാണ്…”
​ഡയറി നെഞ്ചോട് ചേർത്ത് പിടിച്ച് ശരത് ആ ശൂന്യമായ മുറിയിലിരുന്ന് വീണ്ടും കരഞ്ഞു. കായലിൽ നിന്ന് വീശിയ തണുത്ത കാറ്റ് അവനെ തലോടി കടന്നുപോയി, അച്ഛന്റെ കൈകളെപ്പോലെ. പക്ഷേ, അപ്പോഴേക്കും എല്ലാം ഒരുപാട് വൈകിപ്പോയിരുന്നു. നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് അച്ഛന്റെ സ്നേഹം എന്ന് ആ പൊന്നുമകൻ വൈകിയറിഞ്ഞു.

“കണ്ണീരിലലിഞ്ഞ പൊന്നുമകൻ ”
✍️രചന: അനിഷ

Leave a Reply

Your email address will not be published. Required fields are marked *