ഭർത്താവിന് നാല് വയസ്സുള്ള ഒരു കുഞ്ഞുണ്ടെന്ന് അറിഞതും മായ ഞെട്ടി പോയി.
“നിങ്ങൾ എന്റെ ഭർത്താവിനെ കുറിച്ച് തന്നെയാണോ ഈ പറയുന്നത്?
വിശ്വാസം വരാതെ മായ ചോദിച്ചു.
“അരുൺ പി സദാശിവൻ നിങ്ങളുടെ ഭർത്താവ് തന്നെയല്ലേ.”
ഫോണിന്റെ അപ്പുറത്തുള്ള സ്ത്രീ ചോദിച്ചു.
“അതേ…”
“ആ അരുണിന്റെ ചോരയിൽ പിറന്ന ഞാൻ പ്രസവിച്ച മകളാണ് അമ്മു മോൾ. സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് വരാം.
“നിങ്ങൾ അരുണിന്റെ ആരാ…
വിറ പൂണ്ട സ്വരത്തിൽ മായ ചോദിച്ചു.
“എന്റെ പേര് പ്രീതി.
പ്രീതിയുടെ പറഞ്ഞു
മായയ്ക്ക് കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.
“എനിക്ക്… എനിക്ക് നിങ്ങളെ ഒന്ന് നേരിട്ട് കാണണം. എവിടെ വന്നാലാ കാണാൻ പറ്റാ?
മായ ചോദിച്ചു.
“എന്നെ കാണണമെങ്കിൽ ഇന്ന് വൈകുന്നേരം പത്തനംതിട്ട പ്രൈവറ്റ് സ്റ്റാൻഡ് ന് അടുത്തുള്ള കുട്ടികളുടെ പാർക്കിൽ വന്ന മതി. ഇന്ന് കഴിഞ്ഞ പിന്നെ എന്നെ പിന്നീട് ഒരിക്കലും കാണാൻ പറ്റിയെന്നു വരില്ല.
“നിങ്ങൾ ഇപ്പോൾ എന്ത് ഉദ്ദേശത്തില എന്നെ വിളിച്ചു ഇതൊക്കെ പറഞ്ഞത്.
“ഉദ്ദേശം നേരിട്ട് കാണാൻ വന്നാൽ മാത്രം പറയും. ഇല്ലെങ്കിൽ നിങ്ങൾ ഒരിക്കലും അതറിയണ്ട.
പ്രീതിയുടെ വാക്കുകൾക്ക് കടുപ്പമേറി.
“ശരി… ഞാൻ വരാം. പക്ഷേ നിങ്ങളെ ഞാൻ എങ്ങനെ തിരിച്ചറിയും..
മായ ചോദിച്ചു.
“എനിക്ക് നിങ്ങളെ അറിയാം. ഞാൻ അങ്ങോട്ട് വന്ന് പരിചയപ്പെട്ടോളാം.
പ്രീതി പറഞ്ഞു.
“എങ്കിൽ ശരി… വൈകിട്ട് കാണാം.
നെഞ്ചിടിപ്പോടെ പറഞ്ഞു കൊണ്ട് മായ ഫോൺ കട്ടാക്കി.
പതിമൂന്ന് വർഷമായി മായയുടെയും അരുണിന്റെയും കല്യാണം കഴിഞ്ഞിട്ട്. മായയ്ക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അവർക്ക് ഇതുവരെ കുഞ്ഞുങ്ങൾ ഒന്നുമില്ല.
പക്ഷേ അതിന്റെ അരുൺ അവളെ ഉപേക്ഷിച്ചില്ല. പൊന്ന് പോലെ നോക്കി. വേണ്ടത്തൊക്കെ വ്വാങ്ങി നൽകി സന്തോഷത്തോടെ കൊണ്ട് നടന്നു. കുഞ്ഞുങ്ങൾ ഇല്ലാത്ത വിഷമം അവന് പരമാവധി അവൾക്ക് മുന്നിൽ പ്രകടിപ്പിക്കില്ല.
അവന്റെ ആ പെരുമാറ്റം മായയ്ക്ക് ഒരു ആശ്വാസം തന്നെ ആയിരുന്നു.
മായയുടെയും അരുണിന്റെയും അറേഞ്ച് മാര്യേജ് ആയിരുന്നു. മായയ്ക്ക് സ്വന്തമെന്ന് പറയാൻ അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു. 2 വർഷം മുൻപ് അവർ മരിച്ചു.
അരുണിന്റെ വീട്ടുകാർ മായയെ കുത്തുവാക്കുകൾ കൊണ്ട് പൊതിഞ്ഞപ്പോ അവൻ അവളേം കൊണ്ട് വേറെ വീട് എടുത്തു മാറിയതാണ്… ഇ
ഒരു കുഞ്ഞില്ല എന്ന വിഷമം ഒഴിച്ച് അവർ ഇതുവരെ സന്തോഷത്തോടെ ആണ് കഴിഞ്ഞിരുന്നത്.
അപ്പോഴാണ് ഓർക്കാപുറത്ത് ഒരു പെണ്ണ് വിളിച്ചു അരുണിന് 4 വയസ്സുള്ള ഒരു കുഞ്ഞ് ഉണ്ടെന്ന് പറയുന്നത്.
കേട്ടത് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി. പക്ഷേ വിളിച്ച സ്ത്രീ ഇത്രയും കോൺഫിഡൻസ് ആയിട്ട് പറയുമ്പോ വിശ്വസിക്കാതെ ഇരിക്കാനും പറ്റുന്നില്ല അവൾക്ക്. അതുകൊണ്ട് വൈകുന്നേരം പാർക്കിൽ പോയി സത്യാവസ്ഥ നേരിൽ അറിയാൻ മായ തീരുമാനിച്ചു.
*******
പാർക്കിലെ സിമെന്റ് ബഞ്ചിൽ മായ ഇരുന്നു. അവളുടെ കണ്ണുകൾ അങ്ങിങ് പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ ഗർഭിണിയായ ഒരു യുവതി നാല് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞിനേയും കൈയ്യിൽ പിടിച്ചു അവളുടെ അടുത്തേക്ക് വന്നു.
“പ്രീതി ആണോ ?” തനിക്കരികിൽ പരിചിതയെ പോലെ വന്ന് നിന്ന യുവതിയോട് മായ ചോദിച്ചു.
“അതേ…” മായയ്ക്ക് അടുത്തായി അവൾ ഇരുന്നു.
മായയുടെ മിഴികൾ അവളുടെ വീർത്ത വയറിലേക്ക് നീണ്ടു.
“ഈശ്വരാ ഈൗ ഗർഭത്തിന് ഉത്തരവാദിയും തന്റെ ഭർത്താവ് തന്നെയാണോ?
മായ ആധിയോടെ ഓർത്തു.
“എനിക്ക് അധിക നേരം ഇങ്ങനെ ഇരിക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ വളച്ചു കെട്ടില്ലാതെ വിളിപ്പിച്ച കാര്യം പറയാം.
പ്രീതി സംസാരിച്ചു തുടങ്ങി.
മായ ആകാംക്ഷയോടെ അവളെ കേൾക്കാൻ തയ്യാറായി.
“എന്റെ പേര് പ്രീതി. ജനിച്ചതും വളർന്നതും അനാഥാലയത്തിൽ ആണ്. പ്രായപൂർത്തി ആയ പിന്നെ അവിടെ നിക്കാൻ പറ്റില്ല. അതുകൊണ്ട് 18 കഴിഞ്ഞപ്പോൾ ഒരു ജോലി കണ്ടെത്തി ഹോസ്റ്റലിൽ നിൽക്കാൻ തുടങ്ങി. അന്ന് ഇവിടെ അടുത്തുള്ള ഒരു പ്രൈവറ്റ് ബാങ്കിൽ ആയിരുന്നു ജോലി. തൂപ്പ് ജോലി ആയിരുന്നു. 10 ആം ക്ലാസ് വരെ പഠിച്ച എനിക്ക് വേറെന്ത് ജോലി കിട്ടാനാ.
നാല് വർഷം മുൻപാണ് നിങ്ങളുടെ ഭർത്താവിനെ ഞാൻ പരിചയപ്പെടുന്നത്. ഞങ്ങളുടെ ബാങ്കിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു അരുണേട്ടൻ.
എന്റെ അവിടുത്തെ കഷ്ടപ്പാട് കണ്ട് അദ്ദേഹം തന്നെ വേറൊരു കമ്പനിയിൽ കുറച്ചു കൂടെ മെച്ചപ്പെട്ട ഒരു ജോലി ശരിയാക്കി തന്നു. ആ ജോലിക്ക് പോകാൻ സൗകര്യത്തിന് ആ കമ്പനിയുടെ തൊട്ടടുത്തുള്ള ചെറിയൊരു ഓടിട്ട വീട് വാടകയ്ക്ക് ശരിയാക്കി തരുക കൂടെ ചെയ്തു. ആ സൗഹൃദം എനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നാൻ കാരണമായി. അനാഥയായ എന്നെ ഇടയ്ക്കൊക്കെ വിളിച്ചു സുഖ വിവരം അന്വേഷിക്കാൻ ആകെ ഉള്ള ആൾ അരുണേട്ടൻ ആയിരുന്നു.
അരുണേട്ടൻ കല്യാണം കഴിഞ്ഞ ആണെന്നും ഒരു ഭാര്യ ഉണ്ടെന്നും അറിയാതെ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു. ഒരിക്കൽ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ ആണ് ഭാര്യ ഉണ്ടെന്ന് അറിയുന്നത്. പക്ഷേ അദ്ദേഹത്തോടുള്ള അന്ധമായ സ്നേഹം കാരണം എനിക്ക് അതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല.
ഒരിക്കൽ കടുത്ത പനി വന്ന് ഞാൻ ഹോസ്പിറ്റലിൽ ആയി. അരുണേട്ടൻ ആണ് അന്ന് എന്റെ കാര്യങ്ങൾ നോക്കിയത്. ഹോസ്പിറ്റലിൽ ബിൽ അടച്ചതൊക്കെ. പകൽ എനിക്ക് കൂട്ടിരുന്നു രാത്രി അദ്ദേഹം ചേച്ചിയുടെ അടുത്തേക്ക് വരും.
ആ ദിവസങ്ങളിൽ എപ്പോഴോ ഞങ്ങൾ തമ്മിൽ ഒന്നായി. എന്റെ തെറ്റ് ആയിരുന്നു. ഞാൻ ആയിരുന്നു അങ്ങോട്ട് ചെന്ന് മുൻകൈ എടുത്തു… എനിക്ക് എന്തോ ആദ്യമായി ഇഷ്ടപ്പെട്ട പുരുഷനെ അറിയാൻ ആഗ്രഹം തോന്നിപോയി.
പിന്നീട് ഒരിക്കൽ പോലും ആ തെറ്റ് അദ്ദേഹം ആവർത്തിച്ചില്ല. പിന്നെ എന്നെ കാണാനും വന്നില്ലായിരുന്നു. കാരണം ചേച്ചിയെ ചതിച്ചല്ലോ എന്നോർത്ത് അദ്ദേഹത്തിന് ഭയങ്കര കുറ്റബോധം ആയിരുന്നു. പക്ഷേ അന്നത്തെ തെറ്റിൽ പിറന്നതാണ് ഈ മോൾ.
ഗർഭിണി ആണെന്ന് അറിഞ്ഞപ്പോ ഞാനത് അരുണേട്ടനോട് പറഞ്ഞു. അങ്ങനെ പ്രസവ ശേഷം അരുണേട്ടൻ ഇടയ്ക്ക് വന്ന് മോളെ കാണും. അവളുടെ എല്ലാ കാര്യവും ഉത്തരവാദിത്തത്തോടെ ചെയ്തു പോന്നു.
ഒരു വർഷം മുൻപ് എന്റെ കല്യാണം കൂടെ ജോലി ചെയ്യുന്ന ഒരാളുമായി കഴിഞ്ഞു. ഈ കുഞ്ഞ് എന്റെ ആദ്യ ഭർത്താവിൽ ഉണ്ടായത് ആണെന്നും അദ്ദേഹം എന്നേം മോളേം ഉപേക്ഷിച്ചു പോയെന്നുമാണ് ഞാൻ ഭർത്താവിനോട് പറഞ്ഞത്.
എനിക്കും നല്ലൊരു ജീവിതം വേണമെന്ന് തോന്നി. പണ്ട് പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ പറ്റിപ്പോയ തെറ്റ് തിരുത്തണമായിരുന്നു. പക്ഷേ ആൾക്ക് ഈ മോളെ കൂടെ കൂട്ടാൻ ആഗ്രഹം ഇല്ല. ഏട്ടന്റെ വീട്ടുകാർക്ക് താല്പര്യമില്ലാത്തത് കൊണ്ടാണ്.
അരുണേട്ടനോട് മോളെ കൂട്ടുമോന്ന് ചോദിച്ചപ്പോൾ ചേച്ചിയോട് എന്ത് മറുപടി പറയണമെന്ന് അറിയില്ല. അതുകൊണ്ട് കൂടെ കൂട്ടാൻ പറ്റില്ലെന്ന് പറഞ്ഞു.
എന്നെ പോലെ ഇവളും അനാഥാലയത്തിൽ വളരരുത് എന്നുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ ഇവളെ ചേച്ചിയുടെ അടുത്ത് കൊണ്ട് വന്നത്.
ഇന്ന് രാത്രി ഞങ്ങൾ ഈ നാട്ടിൽ നിന്ന് പോകും. ഇവളെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ ആണ് എന്റെ ഭർത്താവ് പറയുന്നത്. ചേച്ചി ഇവളെ കൊണ്ട് പോയാൽ എനിക്ക് സമാധാനമാകും. ഭർത്താവ് ഇന്ന് ഇവളെ അനാഥലയത്തിൽ ഏല്പിക്കാൻ പറഞ്ഞിട്ട ടിക്കറ്റ് എടുക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയത്. ഞാൻ എന്ത് ചെയ്യണം ചേച്ചി.”
പ്രീതി പ്രതീക്ഷയോടെ മായയെ നോക്കി.
അവൾ എന്ത് മറുപടി പറയണമെന്ന് അറിയാതെ ആ കുഞ്ഞിനെ ഉറ്റ് നോക്കി ഇരുന്നു. അതിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ ഉപേക്ഷിച്ചു കളയാൻ മായക്ക് തോന്നിയില്ല.
“ഈ കുഞ്ഞിനെ ഞാൻ കൊണ്ട് പോകാം… പക്ഷേ അരുണേട്ടനോട് ഞാൻ പറയാൻ പോകുന്നത് ഏതോ ഒരു സ്ത്രീ വെള്ളം ചോദിച്ചു വീട്ടിൽ വന്നിട്ട് ഞാൻ വെള്ളം എടുത്തിട്ട് വരുമ്പോ കുഞ്ഞിനെ വീട്ടിൽ നിർത്തിയിട്ട് പൊയ്ക്കളഞ്ഞു എന്നാകും.”
കുറച്ചു സമയത്തെ ആലോചനയ്ക്കൊടുവിൽ മായ പറഞ്ഞു. അവളുടെ മറുപടി പ്രീതിക്ക് തൃപ്തികരമായിരുന്നു.
“ഇത് അരുണേട്ടന്റെ മോളാണെന്ന് തെളിവ് വേണ്ടേ ചേച്ചിക്ക്.
അവൾ ചോദിച്ചു.
“ഇങ്ങനെ ഒരു കാര്യം ഒരു പെണ്ണും വെറുതെ വന്ന് പറയില്ലല്ലോ.
“എന്നാലും ഞാൻ തെളിവുകൾ കൊണ്ട് വന്നിട്ടുണ്ട്. ഇത് ആശുപത്രി പ്രസവിച്ച സമയത്തെ രേഖകൾ ആണ്. പിന്നെ അരുണേട്ടനും മോളും കൂടെ ഉള്ള ഫോട്ടോസ്.
എല്ലാം പ്രീതി മായയ്ക്ക് കൈമാറി.
“മോളെ വീട്ടിൽ കൊണ്ട് വന്ന് എന്നെ ഏല്പിച്ചു പോയെന്ന് നീ അദ്ദേഹത്തെ വിളിച്ചു പറയണം.
മായ പറഞ്ഞു.
“ഞാൻ പറയാം ചേച്ചി. സത്യങ്ങൾ ഒന്നും ചേച്ചിക്ക് അറിയില്ലെന്നും പറയും ഞാൻ. ചേച്ചി എല്ലാം അറിഞ്ഞൂന്ന് അറിഞ്ഞാൽ അദ്ദേഹം പിന്നെ ജീവിച്ചരിക്കില്ല. അത്രയ്ക്ക് ഇഷ്ടാ ചേച്ചിയെ.
“ഞാൻ ഒന്നും അറിഞ്ഞ ഭാവം കാണിക്കുന്നില്ല. കാണിച്ചാൽ എനിക്കും പിന്നെ അദ്ദേഹത്തിനൊപ്പം കഴിയാൻ പറ്റില്ല.
മായ പറഞ്ഞു.
പ്രീതി അമ്മു മോളെ അവളെ ഏല്പിച്ചു പോയി.
*****
രാത്രി ജോലി കഴിഞ്ഞു വീട്ടിൽ വന്ന അരുണിനോട് മായ ഒന്നും അറിഞ്ഞ ഭാവം കാണിച്ചില്ല. അത് അരുണിന് അൽപ്പം സമാധാനം നൽകി.
മായ അമ്മു മോളെ സ്വന്തം കുഞ്ഞായി അംഗീകരിച്ചിരുന്നു. അരുണിനെ അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് പറ്റിപ്പോയ ആ തെറ്റ് മായ ക്ഷമിച്ചു കളഞ്ഞു.
✍️അഞ്ജലി
