വിവാഹം രജിസ്റ്റർ ചെയ്ത് കഴിഞ്ഞ്,ഏഴു വയസ്സുള്ള മകനെയും നെഞ്ചോട് ചേർത്തുപിടിച്ച് രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിന്റെ വീട്ടിലേക്ക് ആദ്യമായി കയറിച്ചെല്ലുമ്പോൾ എന്റെ ഉള്ളിൽ നിറഞ്ഞിരുന്നത് സന്തോഷത്തേക്കാൾ കൂടുതൽ ഭയമായിരുന്നു.
പുതിയ ഭർത്താവ് എന്റെ മകനെ സ്വന്തം മകനായി സ്വീകരിച്ചാലുംആ വീട്ടിലുള്ളവർ അവനെ അംഗീകരിക്കുമോ?
“ഇവൻ ആരുടെ കുഞ്ഞാണ്?”
“ഇവനെ എന്തിന് ഇവിടെ കൊണ്ടുവന്നു?”
“അവന്റെ അച്ഛന്റെ വീട്ടിൽ നിർത്തിയാൽ പോരായിരുന്നോ?”എന്നൊക്കെ അവർ ചോദിക്കുമോ?
ഇങ്ങനെയുള്ള നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ മുൻകൂട്ടി മുഴങ്ങിക്കൊണ്ടിരുന്നു.
ആ വീട്ടുമുറ്റത്ത് കാൽവെച്ച നിമിഷം, എന്റെ മകൻ എന്റെ കൈവിരലുകൾ കൂടുതൽ മുറുകെ പിടിച്ചു.
“അമ്മേ… നമ്മളിനി ഇവിടെയാണോ താമസം?”
അവന്റെ വിറയാർന്ന ശബ്ദം എന്റെ നെഞ്ചിലേക്ക് ഒരു മൂർച്ചയുള്ള കത്തി കുത്തിയിറക്കുന്നതുപോലെ തോന്നി.
“അതെ മോനേ…”
എന്ന് ഞാൻ പറഞ്ഞെങ്കിലും, എന്റെ ശബ്ദത്തിനും ആത്മവിശ്വാസമില്ലായിരുന്നു.
ഞങ്ങളെ കണ്ടയുടൻ വാതിൽ തുറന്ന് ആദ്യം പുറത്തേക്ക് വന്നത് അമ്മായിയമ്മയായിരുന്നു.
ഞങ്ങളെ കണ്ടതും അവരെന്റെ മുഖത്തേക്കല്ല നോക്കിയത്.
എന്റെ മകന്റെ കണ്ണുകളിലേക്കായിരുന്നു.
ഞാൻ തലകുനിച്ച് നിന്നു.
എന്തു സംഭവിക്കുമെന്നറിയാതെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.
പക്ഷേ…
മോനെയും കൂട്ടി അകത്തേക്ക് കയറിവാ.” മോളെ എന്ന് പറഞ്ഞുകൊണ്ടവർ വാതിൽ ഞങ്ങൾക്കായി പൂർണ്ണമായി തുറന്നു തന്നു.
ആ ഒരു വാചകം…
അത് ഒരു വീട്ടിലേക്കുള്ള ക്ഷണമല്ലായിരുന്നു.
ഒരു ജീവിതത്തിലേക്കുള്ള സ്വീകരണമായിരുന്നു.
അവൻ എന്നെയൊന്നു നോക്കി.
വാ മോനെ അകത്തേക്ക് പോവാം.ഞാൻ പതിയെ തലയാട്ടി.
അവനും ചെറുതായി ചിരിച്ചു.
അമ്മ കയ്യിൽ തന്ന നിലവിളക്കുമായി ഞാൻ ആ വീട്ടിലേക്ക് കയറിയപ്പോൾ, ആ വെളിച്ചം വീടിനെ മാത്രമല്ല… എന്റെ ഉള്ളിലെ ഇരുളിനെയും അൽപമായി അകറ്റി.
കുറച്ചു കഴിഞ്ഞ് അമ്മായിയമ്മ അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ് പാലും ചൂട് പലഹാരവും കൊണ്ടുവന്നു.
“ഇതൊക്കെ മോനുള്ളതാട്ടോ … ഒരുപാട് ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ. വിശന്നിട്ടുണ്ടാവും…”
അവർ വാത്സല്യത്തോടെ അവനോടു പറഞ്ഞു.
ആ നിമിഷം…
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാൻ പ്രതീക്ഷിച്ചിരുന്നത് കുറെ ചോദ്യങ്ങളായിരുന്നു.
പക്ഷേ…
അവർ ചോദിച്ചത് എന്റെ കുഞ്ഞിന്റെ വിശപ്പിനെക്കുറിച്ചായിരുന്നു.
ഒരമ്മയുടെ ഹൃദയം മാത്രമേ മറ്റൊരു കുഞ്ഞിന്റെ വിശപ്പാദ്യം തിരിച്ചറിയൂ…
വൈകുന്നേരം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ മകൻ മാത്രം മടിച്ചുനിന്നു.
അപ്പോൾ എന്റെ ഭർത്താവ് തന്റെ അടുത്തുള്ള കസേര വലിച്ചിട്ട ശേഷം പറഞ്ഞു.
“വാടാ കുട്ടാ ഇവിടെ വന്നിരിക്ക്. ഇന്നുമുതൽ ഇത് നിന്റെ വീടാണ്.”
അവൻ പതിയെ അവിടെ വന്നിരുന്നു.
ഭക്ഷണം കഴിഞ്ഞ് കൈകഴുകി വന്നപ്പോൾ അമ്മായിയപ്പൻ അവനെ അടുത്തേക്ക് വിളിച്ചു.
“മോനേ… ഇവിടെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഇനി നീയും ഞങ്ങളുടെ കൂടെ ഇരുന്ന് കഴിക്കണം കേട്ടോ?”
അവൻ ഒന്നും പറയാതെ തലകുനിച്ചു നിന്നു.
“എന്താ മോനേ… എന്താ നീ ഒന്നും മിണ്ടാത്തത്?”
അവൻ പതിയെ പറഞ്ഞു.
“മാമന്റെ വീട്ടിൽ എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടാ ഞാനും അമ്മയും കഴിച്ചിരുന്നത്.ഞാൻ അവരുടെ കൂടെ കയറി ഇരുന്നാൽ അമ്മായി വഴക്ക് പറയും… ഇവിടെയും അങ്ങനെയാവുമെന്ന് കരുതിയാ വരാഞ്ഞേ …”
ആ വാക്കുകൾ കേട്ടപ്പോൾ…
ആ വീട്ടിൽ ഒരു നിമിഷം നിശ്ശബ്ദത പടർന്നു.
അമ്മായിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.
“എന്റെ ദൈവമേ… ഈ പ്രായത്തിലുള്ള കുഞ്ഞിനോട് ഇങ്ങനെയൊക്കെ ചെയ്യുമോ?”
അവർ വേഗം അവന്റെ അടുത്തേക്ക് ചെന്നു.
അവന്റെ മുഖം രണ്ടു കൈകൊണ്ടും ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ നൽകി.
“മോനിനി വിഷമിക്കണ്ടാട്ടോ…
ഈ വീട്ടിൽ നിനക്ക് ആദ്യം വിളമ്പുക അച്ഛമ്മയായിരിക്കും…
നിനക്ക് വിശക്കുന്നതിന് മുമ്പ് അച്ഛമ്മ അത് മനസ്സിലാക്കും.”
ആ നിമിഷം…
അവൻ ആദ്യമായി അവരെ നോക്കി ചിരിച്ചു.
ആ ചിരിയിൽ വർഷങ്ങളായി കിട്ടാതെ പോയ സ്നേഹത്തിന്റെ ദാഹമുണ്ടായിരുന്നു.
അവർ പതിയെ എന്റെ അടുത്തേക്ക് വന്നു, എന്റെ തോളിൽ കൈവെച്ചുകൊണ്ടവർ പറഞ്ഞു,
“മോളേ…”
ആ ഒരൊറ്റ വിളിയിൽ തന്നെ ഒരു അമ്മയുടെ മുഴുവൻ സ്നേഹവും ഉണ്ടായിരുന്നു.
“ഇനി പഴയതൊന്നും ഓർത്ത് നീ വിഷമിക്കണ്ട…
നിങ്ങൾ അനുഭവിച്ചതൊക്കെ കഴിഞ്ഞുപോയി.
ഇതിനി നിന്റെ വീടാണ്…
ഞങ്ങൾ നിന്റെ സ്വന്തം ആളുകളും.”
ഞാൻ ഒന്നും പറയാനാകാതെ അവരുടെ മുഖത്തേക്ക് നോക്കി.
അവർ എന്റെ കൈകൾ ചേർത്ത് പിടിച്ചു.
ആരുടെയും മുന്നിൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥ ഇനി നിനക്കും മോനുമുണ്ടാകില്ല.
വിശന്ന വയറുമായി ഒരിക്കലും നിങ്ങൾ ഉറങ്ങേണ്ടി വരില്ല…
എല്ലാവരും കഴിച്ചു കഴിഞ്ഞിട്ട് നിങ്ങൾ രണ്ടുപേരും മാത്രം കഴിക്കുന്ന ദിവസങ്ങളും ഇനി ഉണ്ടാകില്ല.
അതുവരെ പിടിച്ചുനിന്ന എന്റെ കണ്ണുനീർ നിയന്ത്രണം വിട്ടൊഴുകി.
അവർ എന്റെ നെറുകയിൽ തലോടിക്കൊണ്ട് വീണ്ടും പറഞ്ഞു.
“കരയണ്ട മോളേ…
ഒരുപാട് കരഞ്ഞ ജീവിതമല്ലേ നിന്റേത് …
ഇനി ചിരിക്കാനുള്ള ദിവസങ്ങളാണ്.
ദൈവം വൈകിയാണെങ്കിലും നിങ്ങളെ ശരിയായ വീട്ടിലേക്കാണ് എത്തിച്ചിരിക്കുന്നത്.”
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ വർഷങ്ങളായി കെട്ടിക്കിടന്ന ഭയത്തിന്റെ മഞ്ഞുപാളികൾ പതിയെ ഉരുകിത്തുടങ്ങി.
അന്നുരാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
എന്നാൽ…
ഒരുപാട് നാളുകൾക്കു ശേഷം എന്റെ നെഞ്ചിലുണ്ടായിരുന്ന ഭാരം അൽപമെങ്കിലും ഇറങ്ങിപ്പോയിരുന്നു.
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതമായിരുന്നു.
അച്ചച്ചന്റെ കൈപിടിച്ച് എന്റെ മകൻ മുറ്റത്തുകൂടി നടക്കുന്നു.
ഇടയ്ക്ക് രണ്ടുപേരും പൊട്ടിച്ചിരിക്കുന്നു.
ആ ചിരിയിൽ…
രക്തബന്ധമില്ലായിരുന്നു.
പക്ഷേ…
ഹൃദയബന്ധമുണ്ടായിരുന്നു.
“മതി കളിച്ചത്…
വാ മോനേ… പാല് കുടിക്കാം.”
അമ്മായിയമ്മ വിളിച്ചു.
അവൻ ഓടിച്ചെന്ന് അവരുടെ മടിയിൽ കയറിയിരുന്നു.
അവർ സ്വന്തം കൊച്ചിനെപ്പോലെ പാലും ദോശയും ചമ്മന്തിയും ഓരോ കഷ്ണമായി വായിൽ വെച്ചുകൊടുത്തു.
“ഇഷ്ടായോ?”
“മ്മ്… നല്ല രുചിയുണ്ട് അച്ഛമ്മേ…”
അവന്റെ ആ ‘അച്ഛമ്മേ’ എന്നൊരു വിളി കേട്ടപ്പോൾ…
അവരുടെ കണ്ണുകളും നിറഞ്ഞു.
എന്റെ കണ്ണുകളും…
ദിവസങ്ങൾ കടന്നുപോയി.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഭർത്താവ് പറഞ്ഞു.
“നാളെ നമുക്ക് മോനെ പുതിയ സ്കൂളിൽ ചേർക്കാം.”
ഞാൻ പതിയെ ചോദിച്ചു.
“പഴയ സ്കൂളിൽ തന്നെ പോരേ ഏട്ടാ ?”
അതുകേട്ട് അമ്മായിയപ്പൻ പറഞ്ഞു
“ഏയ് പോരാ … എന്റെ കൊച്ചിന് ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടണം. ഇവിടെ അടുത്തുള്ള ഏറ്റവും നല്ല സ്കൂളിൽ തന്നെ ചേർക്കാം.”
“അതിന് ഒരുപാട് കാശ് ആവില്ലേ അച്ഛാ?”
“കാശ് കുട്ടികളുടെ ഭാവിക്ക് ചെലവാക്കുമ്പോൾ അത് ഒരിക്കലും നഷ്ടമാകില്ല മോളെ…”
പിറ്റേന്ന് ഞങ്ങൾ എല്ലാവരും ചേർന്നാണ് സ്കൂളിലേക്ക് പോയത്.
അഡ്മിഷൻ ഫോമിൽ Father’s Name’ എന്ന കോളം കണ്ടപ്പോൾ എന്റെ കൈ വിറച്ചു.
ഒരു നിമിഷം എന്റെ ഭർത്താവ് പതിയെ പേന വാങ്ങിഒരു മടിയും കൂടാതെ തന്റെ പേര് എഴുതി ചേർത്തു.
എന്നിട്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.”ഇവൻ ഇനി എന്റെ മകനല്ലേ…
ഈ കോളത്തിൽ ഇനി വേറെ പേരൊന്നും വേണ്ട.”
ആ ഒരു വാചകം…
എന്റെ മകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദത്തെടുക്കൽ ചടങ്ങായിരുന്നു അന്ന് നടന്നത്.
നിയമത്തിന്റെ മുദ്രയില്ലാതെ…
ഒരു മനുഷ്യൻ ഹൃദയം കൊണ്ട് അവന്റെ അച്ഛനായി മാറിയ നിമിഷം.
സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ അവന് പുതിയ യൂണിഫോമും, ബാഗും, വെള്ളക്കുപ്പിയും, ചെരിപ്പും, പുസ്തകങ്ങളുമെല്ലാം വാങ്ങി.
ആ വീട്ടിൽ ശരിക്കും ഒരു മത്സരം തന്നെ നടക്കുകയായിരുന്നു ആര് കൂടുതൽ അവനെ സ്നേഹിക്കും എന്ന മത്സരം.
സ്കൂളിൽ നിന്ന് വന്നാൽ അവൻ ആദ്യം ഓടിച്ചെല്ലുന്നത് അച്ഛമ്മയുടെ അടുത്തേക്കായിരുന്നു.
“അച്ഛമ്മേ… ഇന്നെനിക്ക് സ്റ്റാർ കിട്ടി.”
“അച്ചച്ചാ… ഇന്ന് ഞാൻ കവിത ചൊല്ലി.”
“അച്ഛാ… ടീച്ചർ എന്നെ എല്ലാവരുടെയും മുന്നിൽ അഭിനന്ദിച്ചു.”
അവന്റെ ഓരോ ചെറിയ സന്തോഷവും ആ വീട്ടിലെ എല്ലാവരുടെയും ആഘോഷമായി മാറി.
അവന്റെ ചിരി കേൾക്കുമ്പോൾ എല്ലാരും ചിരിക്കുമായിരുന്നു.ഒരു ദിവസം രാത്രി അവൻ എന്റെ മടിയിൽ തലവെച്ച് പതിയെ ചോദിച്ചു.
“അമ്മേ…”
“എന്താ മോനേ?”
“നമുക്കിനി ഇവിടെ നിന്ന് എങ്ങോട്ടും പോവണ്ട …
ആ പഴയ വീട്ടിലേക്ക് എനിക്ക് പോവണ്ട…
ഇവിടെ മതി ഇവിടെയാ എനിക്ക് എല്ലാവരും ഉള്ളത്.”
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണുനീർ അവന്റെ നെറുകയിൽ വീണു.
ഞാൻ അവനെ നെഞ്ചോട് ചേർത്തുപിടിച്ച് പറഞ്ഞു “നീ പോവാമെന്ന് പറഞ്ഞാലും…
ഇവിടെയുള്ളവർ നിന്നെയും എന്നെയും ഇനി ഒരിക്കലും വിടില്ല മോനേ…”
അവൻ എന്നെ മുറുകെ കെട്ടിപ്പിടിച്ചു.
ആ നിമിഷം എനിക്ക് മനസ്സിലായി…
ചില കുഞ്ഞുങ്ങൾക്ക് ദൈവം ജനിക്കുമ്പോഴേ നല്ലൊരു കുടുംബം നൽകും.
മറ്റുചില കുഞ്ഞുങ്ങൾക്ക്…
ഒരുപാട് വേദനകൾ സഹിച്ച ശേഷം…
സ്നേഹിക്കാൻ മാത്രം അറിയുന്ന കുറച്ച് നല്ല മനുഷ്യരെ ദൈവം വഴിയിൽ കാത്തുവെക്കും.
എന്റെ മകന്റെ ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു.രക്തബന്ധം അവന് ഒരു കുടുംബത്തെ നൽകിയില്ല പക്ഷേ ഏതൊക്കെയോ മനുഷ്യരുടെ സ്നേഹം അവന് ഒരു വീട് നൽകി.
എന്റെ മകനവർ ഒരു മേൽക്കൂര മാത്രമല്ല ‘സ്വന്തം’ എന്നൊരു വികാരവും കൂടിയാണ് നൽകിയത്.”
✍️അച്ചു വിപിൻ
