ഒരിക്കൽ നിങ്ങൾക്ക് ഒട്ടും ചേരില്ലെന്ന് നാടും നാട്ടാരും കേൾക്കെ വിളിച്ചു പറഞ്ഞുപേക്ഷിച്ചു
കളഞ്ഞവളെ വീണ്ടും കൺ മുന്നിൽ കണ്ടതിൻ്റെ സന്തോഷമാണ് ഇപ്പോ നിങ്ങളുടെ മുഖത്തീ കാണുന്നതെങ്കിൽ അത് നിങ്ങളുടെ നല്ലതിനല്ല ദിനേശേട്ടാ… ഞാൻ പറഞ്ഞില്ലെന്നു വേണ്ട…”
കയ്യിലെ കുറ്റി ചൂൽ മുറ്റത്തിൻ്റെ അരികിലേക്ക് ദേഷ്യത്തിൽ വലിച്ചെറിഞ്ഞ് ദിനേശനു മുമ്പിൽ
ഭദ്രക്കാളിയായ് ഉറഞ്ഞുതുള്ളി ജിൽന
” നിനക്കിത് രാവിലെ എന്തിൻ്റെ കേടാണെൻ്റെ ജിൽനേ…?
നേരം വെളുത്തു തുടങ്ങിയില്ല അതിനു മുമ്പു തുടങ്ങിയവൾ തല്ലിനും വഴക്കിനും…”
തനിയ്ക്ക് മുമ്പിൽ ഉറഞ്ഞു തുള്ളി ദേഷ്യപ്പെടുന്ന
ജിൽനയെ ദേഷ്യത്തിലും അതിലുപരി ഉള്ളിലുയർന്നു വലുതാവുന്ന നഷ്ടബോധചിന്തയാലും ഒന്നാകെ നോക്കി തിരികെ അവളോടു രണ്ടു ചാട്ടം ചാടി ദിനേശൻ ..
“ഞാൻ തല്ലിനും വഴക്കിനും വേണ്ടി ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറയുന്നതല്ലല്ലോ ദിനേശേട്ടാ..?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായ് നിങ്ങളിവിടെ കാണിച്ചു കൂട്ടുന്നതെല്ലാം ഞാനും കാണുന്നുണ്ട്… ഞാനൊന്നും ചോദിക്കുന്നില്ലെന്ന് കരുതി എന്നെയൊരു പൊട്ടത്തിയാക്കാമെന്ന വല്ല ചിന്തയുമാണ് നിങ്ങളുടെ ഉള്ളിലുളളതെങ്കിൽ അത് നിങ്ങൾക്കും പിന്നെ നിങ്ങളുടെയാ നശിച്ചവൾക്കും ഒട്ടും നന്നാവില്ല…”
ദിനേശൻ്റെ മുഖത്തിനുനേരെ വിരൽ ചൂണ്ടി സംസാരിക്കുമ്പോൾ ദേഷ്യത്താൽ ഉടൽ വിറച്ചിരുന്നു
ജിൽനയ്ക്ക്….
തട്ടിപ്പറിച്ച് സ്വന്തമാക്കിയതിനൊക്കെ ആയുസ് കുറവായിരിയ്ക്കുമെന്ന് പഴമക്കാർ പറയുന്നതെത്ര ശരിയാണെന്ന ചിന്തയിലാണ് ദിനേശപ്പോൾ…
” രാവിലെ തന്നെ പിച്ചും പേയും പറഞ്ഞിരിക്കാതെ ചെന്നൊരു ഗ്ലാസ് ചായയിട്ടു താ ജിൽനേ….”
അവളിലെ ദേഷ്യത്തിനും ന്യായമുണ്ടെന്ന തിരിച്ചറിവിൽ ഒന്ന് താഴ്ന്ന് അവളെ നോക്കി ചിരിച്ചവൻ പറഞ്ഞതും അവനു നേരെ കൂർത്തു ജിൽനയുടെ മിഴികൾ…
നേരം വെളിച്ചം വീശും മുമ്പേ ഇവിടെ നിന്നിറങ്ങി നിങ്ങൾ പോയതപ്പോ ചായക്കടയിലേക്ക് അല്ലായിരുന്നോ..?
എന്തേ ഇന്നവിടെ നിങ്ങൾക്കുള്ള ചായ ഇല്ലായിരുന്നോ…?
സംശയം വിട്ടൊഴിയാതെ വിണ്ടും ജിൽന തിരക്കിയതും വിളറി ദിനേശൻ …
” ചായ കുമാരേട്ടൻ്റെ കടേന്ന് കുടിച്ചാൽ അന്നത്തെ ദിവസം കേമം ആണെന്ന് പറഞ്ഞ് നിങ്ങളീ വീട്ടിൽ നിന്നിറങ്ങി പോക്ക് തുടങ്ങിയിട്ട് ആഴ്ച ഒന്നു തികഞ്ഞു ദിനേശേട്ടാ… നിങ്ങളെന്താണെന്ന് ശരിയ്ക്കും മനസ്സിലാക്കിയിട്ടു തന്നെയാണ് ഞാൻ നിങ്ങളുടെ ഭാര്യയായ് ഈ വീട്ടിലെത്തിയത്… ഓരോന്ന് കാണിക്കുകയും പറയുകയും ചെയ്യുമ്പോൾ മറന്നു പോവണ്ട നിങ്ങളത്…”
അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ ദിനേശന് കേൾക്കാൻ മാത്രം ഉച്ചത്തിൽ ജിൽന വിളിച്ചു പറഞ്ഞതും വിളറി പോയ് ദിനേശൻ്റെ മുഖം…
അല്ലെങ്കിലും നിനക്കിത് കിട്ടണം ദിനേശാ … ഇതിനർഹനാണ് നീ…. ഈ കാര്യത്തിൽ ഞാൻ ജിൽനയുടെ ഭാഗത്തേ നിൽക്കൂ.. അവളൊരു ഭാര്യ മാത്രമല്ല പെണ്ണു കൂടിയാണ് … നമ്മള് ഭർത്താക്കന്മാരുടെ മനസ്സിനൊരു ഇടർച്ച വന്നു പോയാലത് പെണ്ണുങ്ങളോളം മനസ്സിലാക്കാൻ മറ്റൊരാൾക്ക് എന്തിന് ദൈവത്തിനു പോലും സാധിക്കില്ല… അറിയ്യോ നിനക്ക്…?
അർത്ഥം വെച്ച് മൂളിയും പറഞ്ഞുമുള്ള ജിൽനയുടെ സംസാരത്തിൽ മടുത്ത് ഒരു സംസാരത്തിനും തുടർന്നൊരു വഴക്കിനും വയ്യെന്നതു പോലെ കവലയിലേക്ക് ഇറങ്ങിയതാണ് ദിനേശൻ…
വീട്ടിലെ സ്വൈര്യക്കേടെന്തെന്ന് കൂട്ടുക്കാരൻ സന്തോഷിനോടു പറഞ്ഞപ്പോൾ അവനും ശരിവെച്ചത് ജിൽനയെ ആണ്
“ഡാ ദിനേശാ ദേ പോണു നിൻ്റെ ഇപ്പോഴത്തെ സമാധാനക്കേടിൻ്റെ ആള്…”
ചിന്തയിലിരുന്ന ദിനേശൻ്റെ കയ്യിൽ തട്ടി സന്തോഷ് പറഞ്ഞതും അവൻ വിരൽ ചൂണ്ടയിടത്തേക്ക് നീണ്ടു ദിനേശൻ്റെ കണ്ണുകളും…
കുളിച്ചു സുന്ദരിയായ് ഈറൻ മുടിയിൽ തുളസി കതിരും ചൂടി കവലയിലെ കൃഷ്‌ണൻ്റെ അമ്പലത്തിലേക്ക് നടന്നു വരുന്നുണ്ട് അവൾ…സുമ….
ഒരിക്കൽ ദിനേശൻ്റെ എല്ലാം ആയിരുന്നവൾ… പിന്നൊരു നാൾ ദിനേശൻ്റെ പരിഹാസത്തിൽ ഹൃദയം നൊന്ത് അവനിൽ നിന്ന് ദൂരേയ്ക്ക് നടന്നു മറഞ്ഞവൾ സുമ… ദിനേശൻ്റെ അമ്മാവൻ്റെ ഏകമകൾ…
കൺമുന്നിൽ കാണുന്നവരോടെല്ലാം സൗഹൃദം പുതുക്കി ഒരു നേർത്ത ചിരിയോടെ അമ്പലത്തിലേക്ക് നടന്നുകയറുന്നവളിൽ തങ്ങി നിന്നു ദിനേശൻ്റെ ഇരു മിഴികളും
” അടുത്തിട്ടും ഈ പെണ്ണിന് ഇത് എന്തൊരു ചന്തമാണെടാ ദിനേശാ… ജോലിയും താമസവും ഗൾഫിലായതു കൊണ്ടാവും ല്ലേ അവൾക്കിത്ര വെളുപ്പും തുടിപ്പും… നീ നോക്ക് തൊട്ടാൽ ചോര കയ്യിൽ പറ്റും പോലെയാണ് അവളുടെ
മുഖത്തിൻ്റെയെല്ലാം നിറം…”
സുമയിൽ മയങ്ങിയെന്നോണം സന്തോഷ് ഓരോന്നും വിശദമായ് നിരീക്ഷിച്ച് പറഞ്ഞതും അവൻ്റെ കൈ തുടയിൽ അവനു നോവും വിധത്തിലൊന്നു കൊടുത്തു ദിനേശൻ
” ഔച്ച്… എന്തോന്നാടാ ….?
വേദനിച്ചു മനുഷ്യന്…”
അടികിട്ടിയിടം തൂത്തു കൊണ്ട് ദിനേശനു നേരെ ദേഷ്യപ്പെട്ടു സന്തോഷ്…
“നിന്നോടാരാ സുമയെ ഇങ്ങനെ സ്‌കാൻ ചെയ്തു സൂക്ഷിച്ചു നോക്കാൻ പറഞ്ഞത്..?
സന്തോഷിൻ്റെ സുമയിലേക്കുള്ള നോട്ടവും സംസാരവും തീരെ ഇഷ്ടപ്പെടാത്തൊരു ഭാവമുണ്ട് ദിനേശൻ്റെ മുഖത്ത്..
“ഞാൻ നോക്കിയതും അഭിപ്രായം പറഞ്ഞതും നിൻ്റെ ഭാര്യ ജിൽനയെ പറ്റിയല്ലല്ലോ… നിൻ്റെ അമ്മാവൻ്റെ മകൾ സുമയെ പറ്റിയല്ലേ… അതിൽ നിനക്കെന്താണിത്ര പൊള്ളാൻ…?
രൂക്ഷമായൊരു നോട്ടം ദിനേശന് തിരികെ നൽകി ദേഷ്യത്തിൽ സന്തോഷ് തിരക്കിയതും അവനോട് പറയാനൊരു ഉത്തരം തേടി അലഞ്ഞു ചുറ്റും നോക്കി ദിനേശനും…
“നിൻ്റെ അസുഖമൊക്കെ എനിയ്ക്ക് മനസ്സിലാവുന്നുണ്ട് ദിനേശാ… ഒരിക്കൽ നീ സ്‌നേഹിച്ചവൾ തന്നെയാണ് സുമ… നിങ്ങൾ തമ്മിലുള്ള പ്രണയം നിങ്ങൾ രണ്ടാളുടെ വീട്ടുക്കാരും സമ്മതിച്ചതുമാണ്… കല്യാണം കഴിക്കാൻ പോവുന്നവരല്ലേ എന്ന നിലയിൽ എല്ലാ വിധ സ്വാതന്ത്ര്യവും നിങ്ങൾക്കവർ തന്നതുമാണ്… അന്നെല്ലാം ഇവിടെ ഈ കവലയിലും പാടത്തും കുന്നിൽ പുറത്തെ അമ്പലത്തിലുമെല്ലാം നിറഞ്ഞുനിന്നിരുന്നു നിങ്ങൾ രണ്ടാളും… അതെല്ലാം ഇല്ലാതാക്കിയത്, സുമയെ ഭാര്യയായ് വേണ്ടെന്ന് പറഞ്ഞ് പാതി വഴിയിൽ ഉപേക്ഷിച്ചു പോയത് ജിൽനയെ വിവാഹം കഴിച്ചത് ഒക്കെ നീയാണ്….”
“അന്ന് ഭാര്യയായ് നിനക്ക് ചേർന്നവളല്ല സുമയെന്ന് നീ വിളിച്ചലറിയത് ഈ നാടും നാട്ടുക്കാരും കേൾക്കെയാണ്… നിന്നെ ഓർത്ത് സുമ കരഞ്ഞു ദിവസങ്ങൾ തള്ളിനീക്കുമ്പോൾ ജിൽനയെ ആഡംബര വിവാഹം നടത്തി കൂടെ കൂട്ടിയവനാണ് നീ… ഇതൊക്കെ നീ ചെയ്തത് കോടീശ്വരിയായ ജിൽനയ്ക്ക് നിന്നോടു പ്രണയമാണെന്ന് അവളുടെ അച്ഛൻ നിന്നോടുവന്നു പറഞ്ഞപ്പോഴാണ്…”
” സുമയെക്കാളും എത്രയോ മുകളിലാണ് നിനക്കന്ന് കോടീശ്വരിയായ
ജിൽന…
എല്ലാം കഴിഞ്ഞു പോയിട്ടും എല്ലാവരും എല്ലാതും മറന്നുപോയിട്ടും വർഷങ്ങൾ അഞ്ചാറായ് ദിനേശാ… നീ ആയിട്ടിനി പഴയതെല്ലാം കുത്തി ഇളക്കിയാൽ നഷ്‌ടം അത് നിനക്ക് മാത്രമാവും….
സുമയല്ല ജിൽന … നിന്നെ നഷ്ടപ്പെടുത്തിയൊരു കളിക്ക് നിൽക്കില്ല ജിൽന… അങ്ങനെ നിന്നാലന്ന് നിൻ്റെ അന്ത്യവുമായിരിയ്ക്കും …
മറക്കണ്ട നീ അത്..”
കരുതൽ നിറഞ്ഞൊരു ഉപദേശം ദിനേശന് നൽകി സന്തോഷ് മടങ്ങി പോയ നേരത്തു തന്നെയാണ് സുമ തൊഴുതിറങ്ങി വന്നത്…
ജിൽനയുടെ സമ്പത്തു കണ്ട് താൻ വലിച്ചെറിഞ്ഞ ദേവത ….
നഷ്‌ടബോധത്തോടെ മനസ്സിലോർത്തു ദിനേശൻ… വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം സുമ ഗൾഫിലേക്ക് പോയപ്പോഴാണ് സത്യത്തിൽ തനിയ്ക്ക് ആശ്വാസമായത്…. ജിൽനയുമായ് പുറത്തിറങ്ങുമ്പോഴെല്ലാം സുമയ്ക്ക് മുമ്പിൽ ചെന്നു ചാടുമോ താനെന്ന് താൻ എപ്പോഴും ഭയന്നിരുന്നു… അവൾ വിവാഹം കഴിഞ്ഞ് പോയപ്പോഴാണ് താൻ ശരിയ്ക്കും ശ്വാസം വിട്ടതു പോലും…
ഇപ്പോഴിതാ സുമ നാട്ടിൽ തിരിച്ചെത്തിയ പ്പോൾ, ഇന്നും ആരും മോഹിക്കുന്ന സൗന്ദര്യത്തിലവളെ കൺമുന്നിൽ കണ്ടപ്പോൾ സ്വയം നിയന്ത്രിക്കാൻ പറ്റിയില്ല തനിയ്ക്ക്… അവൾക്ക് പുറകെ അവൾ ഉള്ളിടത്തെല്ലാം അവളറിയാതെ പുറകെ നടന്നു താൻ… അതിനായ് കാരണങ്ങൾ കണ്ടെത്തി വീട്ടിൽ നിന്നിറങ്ങി പോരുക പതിവായ്…. ഇപ്പോഴിതാ തൻ്റെ കള്ളത്തരങ്ങൾ ജിൽന കയ്യോടെ പിടിച്ചിരിയ്ക്കുന്നു… ഇനി അതിനെ ചൊല്ലിയുള്ള അവളുടെ പരിഹാസവും കളിയാക്കലും കേട്ട് നിന്നേ പറ്റുകയുള്ളു….
സമ്പത്തിൻ്റെ തൂക്കം നോക്കി തന്നെ മാത്രം മനസ്സിൽ കൊണ്ടു നടന്നൊരുവളെ കണ്ടില്ലെന്ന് നടിച്ചതിനുള്ള ശിക്ഷ പോലെ സുമയെ മാത്രം മനസ്സിലിട്ടു നീറ്റി ദിനേശൻ വീടു ലക്ഷ്യമാക്കി നടക്കുമ്പോൾ അവൻ്റെ സമാധാനം പൂർണ്ണമായ് നശിപ്പിക്കാൻ തക്കയൊരു വഴക്കിനു കോപ്പു കൂട്ടുകയായിരുന്നു വീട്ടിൽ ജിൽനയും…
പിടിച്ചു വാങ്ങിയ സ്‌നേഹം കൈവിട്ടുപോകാതിരിക്കാൻ ഏതു വഴിയും തിരഞ്ഞെടുക്കുന്ന ജിൽന ദിനേശൻ്റെ തെറ്റിനുള്ള ശിക്ഷയായ് സ്വയം മാറുകയായിരുന്നു… അവരിരുവരും അറിയാതെ തന്നെ…
നമ്മുടെ കയ്യിലുള്ള വസ്‌തുവിൻ്റെ യഥാർത്ഥ്യ മൂല്യം നമ്മൾ അറിയണമെങ്കിൽ അത് ഒരിക്കലും തിരികെ കിട്ടാത്ത വിധം നമ്മളിൽ നിന്ന് നഷ്ടപ്പെട്ട് പോണമെന്ന പാഠം ദിനേശനും
ജിൽനയും തിരിച്ചറിഞ്ഞ് വരുമ്പോഴേയ്ക്കും അവർക്കതിനുളള അവസരങ്ങളും സമയവും എന്നേയ്ക്കുമായ് നഷ്‌ടമായ് കഴിഞ്ഞിരിക്കും… ചില ജീവിതങ്ങൾ അങ്ങനെയും ഉണ്ടീ ഭൂമിയിൽ….
✍️RJ
