ഒന്നടങ്ങ് കൊച്ചേ.. കുറെ നേരമായല്ലോ നീ ഇങ്ങനെ ചറപറാ എന്തൊക്കെയോ പറയുന്നു.. അവൻ ഇവിടെ നിന്ന് കറങ്ങീട്ടുണ്ടേൽ അത് ദേ ഈ കൊച്ചിനോട് ഇഷ്ടം ഉള്ളോണ്ട്….

“എടാ.. ദേ അവള് വരുന്നു.. ഇന്നേലും ചെന്ന് നിന്റെ ഇഷ്ടം പറയ്..”

അശ്വിൻ അരികിലേക്ക് ഓടി വന്ന് പറയവേ ആകെ പരുങ്ങലിലായി ആകാശ്.

” എടാ എന്റെ കയ്യും കാലും വിറയ്ക്കുന്നു.. ഇത് നടപടിയാവില്ല… നീ ഒന്ന് ചെന്ന് പറയോ എനിക്ക് വേണ്ടി. ”

ആ മറുപടി കേട്ട് അശ്വിന് അരിശം വന്നു

” ദേ.. ചെക്കാ .. ദിവസം കുറെയായി ആ പെങ്കൊച്ചിന്റെ പിന്നാലെ… ഇന്നും കൂടി മാത്രേ നിന്റെ ഒപ്പം ഞാൻ വരുള്ളൂ.. ഇതിൽ കൂടുതൽ നല്ലൊരു അവസരം ഇനി കിട്ടില്ല.. ഇന്ന് നീ പറഞ്ഞില്ലേൽ പിന്നേ ഇനി എല്ലാം ഒറ്റയ്ക്ക് ആയിക്കോണം ”

ആ മറുപടി കൂടി കേൾക്കെ ആകെ ടെൻഷനിൽ ആയി ആകാശ്.

അപ്പോഴേക്കും വളവ് തിരിഞ്ഞ് അവർ നടന്നെത്തിയിരുന്നു..

” എടോ നോക്ക് ആ ചേട്ടൻ ഇന്നും ഉണ്ട്.. ഇയാള് നിന്നേം കൊണ്ടേ പോകുള്ളൂ കേട്ടോ.. ”

കാർത്തികയുടെ അടക്കം പറച്ചിൽ കേട്ട് കല്യാണി പതിയെ തലയുയർത്തി നോക്കി ഒരു നിമിഷം അവളുടെ മിഴികൾ ആകാശിന്റെ മിഴികളുമായി ഒന്ന് കോർത്തു. പരസ്പരം ഇമവെട്ടാതെ രണ്ടാളും നോക്കിപ്പോയി.. പെട്ടെന്ന് അവൾ തന്നെ നോട്ടം പിൻവലിച്ചു. ആ മിഴികൾക്ക് തിളക്കം വച്ചിരുന്നു.

” എടാ… ചെല്ല്… കയ്യോടെ പറയ്.. ”

അശ്വിൻ പിന്നിൽ നിന്നും ഉന്തി ആകാശിനെ കല്യാണിയുടെ മുന്നിലേക്ക് വിട്ടു.

പെട്ടെന്നു അവൻ മുന്നിലേക്കെടുത്തു ചാടവേ കല്യാണിയും ഒന്ന് ഞെട്ടി..

” ഇതെന്നാ ചേട്ടാ.. ആളെ പേടിപ്പിക്കാൻ നടക്കുവാണോ ”

കാർത്തികയാണ് ചോദിച്ചത്.

“അ.. അത് പിന്നെ.. പെട്ടെന്നു സ്ലിപ്പ് ആയപ്പോ.. ”

നിന്നു പരുങ്ങുന്ന ആകാശിനെ കാൺകെ ചിരിച്ചു പോയി അവർ രണ്ടാളും .

” എന്താ ചേട്ടാ എന്താ ചേട്ടന്റെ പ്രശ്നം.. കുറച്ചു ദിവസയാലോ ഈ വഴി ഇങ്ങനെ ചുറ്റിതിരിയുന്നു.എന്തെ പ്രേമപ്പനിയാണോ.. ”

വീണ്ടും ചോദ്യം കാർത്തികയുടെ വക തന്നെയായിരുന്നു. ആകെ പരുങ്ങളിൽ നിന്ന് വിയർത്തു തുടങ്ങി ആകാശ് അപ്പോൾ..

” പറയെടാ… പൊട്ടാ… ”

പിന്നിൽ നിന്നും അശ്വിൻ അവനെ നോക്കി കയ്യും കാലും കാട്ടി.. എന്നാൽ ആകെ പതർച്ചയിൽ ആയിരുന്നു അവൻ അപ്പോൾ. ആ ഭാവം കണ്ട് സംശയത്തിൽ നോക്കി നിന്നു പോയി കല്യാണിയും. അവളുടെ മുഖത്തേക്ക് നോക്കുവാൻ തന്നെ ചെറിയൊരു ജാള്യത തോന്നി ആകാശിന്.

” ചേട്ടാ… എന്തേലും പറയാൻ ഉണ്ടോ. ഉണ്ടേൽ പറയ് അല്ലേൽ ഞങ്ങൾ പോട്ടെ… ”

കാർത്തിക വീണ്ടും അവർക്കിടയിലേക്ക് കയറി. ആകാശാകട്ടെ ശബ്ദം പുറത്തേക്ക് വരാത്ത വിധം പരുങ്ങലിലുമായി

അതോടെ ഇനി താൻ ഇടപെട്ടെ പറ്റുള്ളൂ എന്ന് മനസിലാക്കി അശ്വിൻ.

” എടാ മരപ്പൊട്ടാ.. ആ കൊച്ചിനോട് നിന്റെ ഇഷ്ടം ഒന്ന് തുറന്ന് പറയടാ.. ”

കലിയിൽ അവർക്കരികിലേക്ക് അടുത്തു അവൻ. ആ വാക്കുകൾ കേൾക്കെ ഒരു നിമിഷം കല്യാണിയുടെ മിഴികൾ വിടരുന്നത് ശ്രദ്ധിച്ചു ആകാശ്. ഒപ്പം അവൾ അവന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി ആ നോട്ടത്തിൽ പക്ഷെ ഇഷ്ടക്കേട് ആയിരുന്നില്ല നിഴലിച്ചത് മറിച്ചു വല്ലാത്തൊരു തെളിച്ചം അവളുടെ മിഴികളിൽ ഉണ്ടായിരുന്നു.

” ആഹാ അപ്പോ ഇഷ്ടം പറയാനുള്ള നിൽപ്പാ അല്ലെ.. ഇതിനായിട്ടാണോ കുറച്ചു ദിവസായി ഇങ്ങനെ ഇവിടൊക്കെ ചുറ്റിപ്പറ്റിയത്.. കൊള്ളാം കൊള്ളാം ”

ഇത്തവണ കാർത്തികയുടെ വാക്കുകളിൽ അല്പം പുച്ഛം നിറഞ്ഞിരുന്നു. അതോടെ അശ്വിന് കലി കയറി.

” ഒന്നടങ്ങ് കൊച്ചേ.. കുറെ നേരമായല്ലോ നീ ഇങ്ങനെ ചറപറാ എന്തൊക്കെയോ പറയുന്നു.. അവൻ ഇവിടെ നിന്ന് കറങ്ങീട്ടുണ്ടേൽ അത് ദേ ഈ കൊച്ചിനോട് ഇഷ്ടം ഉള്ളോണ്ട് ആണ് അല്ലാണ്ട് നിന്നോട് അല്ല.. അവൾക്ക് ഇഷ്ടം അല്ലേൽ അത് അവൾ പറയട്ടെ നീ എന്തിനാ വെറുതെ ഇടക്ക് കേറി ഓരോന്ന് പറഞ്ഞു ഷോ ഇറക്കുന്നത് .. ”

അവന്റെ ശബ്ദം കടുത്തതോടെ കാർത്തികയുടെ മുഖത്തെ ചിരി മാഞ്ഞു.

“ഞാൻ ഷോ ഇറക്കിയതൊന്നുമല്ല ചേട്ടാ… ഇവൾക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്… കാരണം നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട്.”

അവൾ ഒരു നിമിഷം കല്യാണിയെ നോക്കി. കല്യാണി പതിയെ വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി.

“ഇല്ല കല്യാണി… നിന്നെ ഇഷ്ടപ്പെട്ടു വന്നവരല്ലേ അപ്പോൾ ഇവർ സത്യം അറിയട്ടെ.”

കാർത്തിക വീണ്ടും ആകാശിന് നേരെ തിരിഞ്ഞു.

“ചേട്ടന് ഇവളെ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ… ഇവളെ പറ്റി എന്തെങ്കിലും അന്വേഷിച്ചിരുന്നോ.. അതോ വെറുതേ കണ്ടിട്ട് ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ കൂടിയതാണോ നിങ്ങൾക്ക് അറിയോ ഇവൾക്ക് നിങ്ങളോട് മറുപടി പറയാൻ പോലും കഴിയില്ല.”

ആ പറഞ്ഞത് കേട്ട് ആകാശ് നെറ്റി ചുളിച്ചു.

“എന്താ… അതെന്താ.. ”

“അത്….. കല്യാണിക്ക് സംസാരിക്കാൻ കഴിയില്ല. പക്ഷേ അവൾക്ക് കേൾക്കാം… എല്ലാം മനസ്സിലാക്കാം…”

ആ വാക്കുകൾ കേട്ട നിമിഷം ആകാശ് നിശ്ചലനായിപ്പോയി .

അശ്വിനും ഒരു നിമിഷം ഒന്നും മിണ്ടാനായില്ല.

കല്യാണി പതിയെ കണ്ണുകൾ താഴ്ത്തി. ആ മിഴികളിൽ നിറഞ്ഞുവന്ന കണ്ണുനീർ അവൾ മറയ്ക്കാൻ ശ്രമിച്ചു.

“വാ കല്യാണി…”

കാർത്തിക അവളുടെ കൈയിൽ പിടിച്ചു.

“ഇനി ഇവിടെ നിൽക്കണ്ട… ചേട്ടന്റെ ഇഷ്ടമൊക്കെ ആവിയായി പോയെന്ന് ആ നോട്ടത്തിൽ ഉണ്ട്. നമുക്ക് പോകാം ”

രണ്ടുപേരും അവരെ കടന്ന് മുന്നോട്ട് നടന്നു. കല്യാണിയുടെയും ആകാശിന്റെയും മിഴികൾ. ഒരിക്കൽ കൂടിയൊന്ന് കോർത്തു.

കുറച്ച് നിമിഷങ്ങൾ അവിടെ തന്നെ നിന്നുപോയി ആകാശ്.

“എടാ…”

അശ്വിൻ പതിയെ അവന്റെ ചുമലിൽ. കൈ വച്ചു. ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ മുഖത്ത് വേദന നിഴലിച്ചു.

“വിട്… നമുക്ക് പോകാം… ഇത് ശെരിയാകില്ല..”

ആകാശ് മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ അടുത്ത നിമിഷം അവൻ പെട്ടെന്ന് മുന്നോട്ട് ഓടി.

“കല്യാണി… ഒന്ന് നിൽക്കൂ..”

പിന്നിൽ നിന്നുള്ള വിളി കേട്ട് കല്യാണിയും കാർത്തികയും പെട്ടെന്ന് തിരിഞ്ഞു നോക്കി.

ശ്വാസം കിട്ടാതെ പിന്നിൽ നിന്നും ഓടി വന്ന ആകാശ് അവരുടെ മുന്നിൽ നിന്നു.

“ഒരു മിനിറ്റ്… എനിക്ക് പറയാനുള്ളത് കേട്ടിട്ട് നിങ്ങൾ പോയാൽ മതി.”

കല്യാണി സംശയത്തോടെ അവനെ നോക്കി.

“ഇനി എന്താ ചേട്ടാ…”

കാർത്തികയും അവനെ തന്നെ നോക്കി. ആ സമയം
ആകാശ് പതിയെ കല്യാണിയുടെ മുന്നിലേക്ക് നിന്നു.

“എടോ.. സത്യമാ. ഞാൻ ഇപ്പോഴാണ് അറിയുന്നത്… തനിക്ക് സംസാരിക്കാൻ കഴിയില്ലെന്ന്… പിന്നാലെ നടന്നു എന്നല്ലാണ്ട് വന്ന് മിണ്ടാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു ഇതുവരെ..”

അവൻ ഒരു നിമിഷം നിർത്തി.

“പക്ഷേ… ഇപ്പോൾ ഇത് അറിഞ്ഞത് കൊണ്ട് എന്റെ മനസ്സ് മാറിയെന്ന് കരുതരുത്.”

ആ വാക്കുകൾ കേൾക്കെ കല്യാണി ആശ്ചര്യത്തിൽ തലയുയർത്തി.

“എടോ ഞാൻ നിന്നെ സ്നേഹിച്ചത് നിന്റെ ശബ്ദം കേട്ടിട്ടല്ല… നിന്നെ കണ്ടിട്ടാണ്… നിന്റെ കണ്ണുകൾ കണ്ടിട്ടാണ്… നിന്റെ പുഞ്ചിരി കണ്ടിട്ടാണ്… അതൊക്കെ ഇപ്പോഴും അതേ പോലെ തന്നെ ഉണ്ടല്ലോ.. എനിക്ക് ഇപ്പോഴും ഇഷ്ടമാണ്.. അത് വെറും നേരം പോക്കോ സഹദാപമോ ഒന്നുമല്ല മനസ്സ് തുറന്നു പറയുവാ.. എനിക്കൊപ്പം കൂടിയാൽ പൊന്ന് പോലെ നോക്കാം ഞാൻ നിന്നെ..”

പെട്ടെന്ന് കേട്ട ആ വാക്കുകൾ കല്യാണിയുടെ മനസ്സിൽ. തറച്ചു. അവളുടെ അറിയാതെ തുളുമ്പി.

“ചേ.. ചേട്ടാ.. ഉള്ളതാണോ. ഇഷ്ടമാണോ ഇവളെ ”

കാർത്തികയും ആശ്ചര്യത്തിൽ നോക്കിപ്പോയി.

ആ വാക്കുകൾ കേട്ട് ആകാശ് ചെറുതായി പുഞ്ചിരിച്ചു.

“സത്യമാണ്.. എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെയാണ് കല്യാണിയെ.. ഇനിയുള്ള ജീവിതം മുഴുവൻ നിനക്ക് പറയാനുള്ളത് ഞാൻ നിന്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുത്തോളാം… വെപ്രാളമില്ല പതിയെ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി…”

സന്തോഷത്തിൽ കല്യാണിയുടെ മിഴികൾ തുളുമ്പുമ്പോൾ മിഴിനീർ കവിളിലൂടെ ഒഴുകി.

കാർത്തികയും അശ്വിനും ഒക്കെയും കണ്ടും കേട്ടും നിശ്ശബ്ദരായി തന്നെ നിന്നു.

“എടോ എനിക്ക് ഒരു മറുപടി വേണം… വാക്കുകൾ കൊണ്ട് അല്ല… തന്റെ പുഞ്ചിരിയിലൂടെ മതി. അതും ഇപ്പോൾ വേണമെന്നില്ല.. ആലോചിച്ചു നാളെ മതി.. ഞാൻ കാത്തിരിക്കാം.. ഇപ്പോൾ പൊയ്ക്കോളൂ ”
ആകാശ് പറഞ്ഞു നിർത്തുമ്പോൾ നിഷ്കളങ്കമായി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി കല്യാണി. ശേഷം കാർത്തികയേയും ആ നോട്ടത്തിന്റെ അർഥം മനസിലാക്കവേ കാർത്തിക പതിയെ അവളുടെ കൈ പിടിച്ചു.

“ഞങ്ങൾ പോകുവാ ചേട്ടന്മാരെ.. നാളെ കാണാം ”

പതിയെ അവർ മുന്നിലേക്ക് നടക്കുമ്പോൾ ചെറു പുഞ്ചിരിയിൽ അതിലേറെ സന്തോഷത്തിൽ അവരെ തന്നെ നോക്കി നിന്നു ആകാശ്.

” എടാ കലക്കി. ഇപ്പോഴേലും മനസ്സിൽ ഉള്ളത് ധൈര്യത്തോടെ നീ തുറന്ന് പറഞ്ഞല്ലോ.”

അശ്വിനും സന്തോഷത്തിൽ അങ്ങിനെ നിന്നു.

കുറച്ചു ദൂരം മുന്നിലേക്ക് പോയ ശേഷം കല്യാണി ഒന്ന് നിന്നു. എന്നിട്ട് പതിയെ തിരിഞ്ഞു. അത് കണ്ട് ആകാംഷയിൽ നോക്കി ആകാശ്… അല്പസമയം അവനെ തന്നെ നോക്കി നിൽക്കെ പതിയെ അവളുടെ ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു. ആ പുഞ്ചിരി ഒരു സിഗ്നൽ ആയിരുന്നു. ആകാശിനുള്ള ഗ്രീൻ സിഗ്നൽ.. അത് കണ്ട നിമിഷം സന്തോഷത്തിൽ തുള്ളിചാടിപ്പോയി അവൻ.

” അളിയാ.. സൂപ്പർ.. ”

അശ്വിനും സന്തോഷത്തിൽ ആകാശിനെ എടുത്തുയർത്തി. അത് കണ്ടിട്ട് കല്യാണിയുടെ പുഞ്ചിരി പതിയെ പൊട്ടിച്ചിരിയായി മാറി. കാർത്തികയുടെയും മിഴികൾ ആ നിമിഷം സന്തോഷത്താൽ നീരണിഞ്ഞു.

ആത്മാർത്ഥമായ അവരുടെ സ്നേഹം അങ്ങിനെ അവിടെ പൂവിട്ടു…

ചില പ്രണയങ്ങൾക്ക് വാക്കുകളുടെ ആവശ്യമില്ല.ഹൃദയം ഹൃദയത്തെ മനസ്സിലാക്കിയാൽ…
പിന്നെ മൗനം പോലും ഏറ്റവും മനോഹരമായ പ്രണയഭാഷയാകും.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *