“ഞങ്ങളെ ധിക്കരിച്ചു ഈ വിവാഹം നടന്നാൽ പിന്നേ നീ ഞങ്ങടെ മനസ്സിൽ മരിച്ച പോലെയാണ്….”
അച്ഛനമ്മമാരുടെ കടുത്ത ഭീഷണിക്ക് മുന്നിൽ സ്ഥബ്ധനായി നിന്നു പോയി സഞ്ജീവ് ഒപ്പം മായയും
സജീവ്…. മായ…. ആ പേരുകൾ കേൾക്കുമ്പോൾ തന്നെ നാട്ടുകാരിൽ പലർക്കും ഓർമ്മ വരുന്നത് ഒരു പ്രണയകഥയാണ്. കോളേജ് കാലം മുതൽ തുടങ്ങിയ പ്രണയം. ഒരുമിച്ച് സ്വപ്നങ്ങൾ കണ്ട രണ്ട് മനസ്സുകൾ. എന്നാൽ ആ സ്വപ്നങ്ങൾക്ക് രണ്ട് കുടുംബങ്ങളുടെയും അനുഗ്രഹം ലഭിച്ചില്ല. ഒടുവിൽ ഒളിച്ചോട്ടം.. രെജിസ്റ്റർ വിവാഹം.. അന്നവിടെ രണ്ടു വീട്ടുകാരുമെത്തി നടന്ന പുകിലുകൾ അവസാനം വീട്ടുകാരുടെ ഭീഷണിയ്ക്ക് മുന്നിൽ വഴങ്ങാതെ പരസ്പരം ചതിക്കുവാൻ മനസില്ലാതെ ഒന്നായവർ..
വിവാഹദിവസം അച്ഛൻ പറഞ്ഞ ആ വാക്കുകൾ ഇന്നും സഞ്ജീവിന്റെ നെഞ്ചിൽ മുറിവായി കിടക്കുന്നുണ്ടായിരുന്നു.
മായയുടെ വീട്ടിലും അവസ്ഥയും ഇതുപോലൊക്കെ തന്നെയായിരുന്നു .
“നീ ഇനി ഈ വീട്ടിലേക്ക് വരരുത്. ഞങ്ങൾക്ക് ഇങ്ങനെയൊരു മകളില്ല.”
അമ്മ കണ്ണീരോടെ പറയുമ്പോൾ അച്ഛൻ മൗനമായിരുന്നു.
പിന്നീട് രണ്ടാളും സഞ്ജീവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ചെന്നെത്തിയത് ഒരു വാടക വീട്ടിലായിരുന്നു.
ഒരുമിച്ചുള്ള ജീവിതം അവിടെ തുടങ്ങി രണ്ടാളും. സൗകര്യങ്ങൾ വളരെ കുറവായിരുന്നു പക്ഷേ അവിടെ സ്നേഹത്തിന് കുറവുണ്ടായിരുന്നില്ല.
മഴയുള്ള ഒരു രാത്രി..
ജനലരികിൽ മായ മഴ ആസ്വദിച്ചങ്ങിനെ നിന്നു.മുറിയിലേക്കെത്തിയ സഞ്ജീവ് പിന്നിൽ നിന്ന് അവളെ ചേർത്തുപിടിച്ചു.
“എന്താടോ മാഷേ ആലോചിക്കുന്നത്”
ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അവൾ
“ഏട്ടാ നമുക്ക് ഒരു കുഞ്ഞുണ്ടായാൽ എങ്ങനെയിരിക്കും..”
പെട്ടെന്നുള്ള ആ ചോദ്യം കേട്ട് സഞ്ജീവ് സംശയത്തിൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“എടോ ഇപ്പോൾ എന്താ അങ്ങനെ ചോദിച്ചത്… താനല്ലേ പറഞ്ഞത്… നമ്മുടെ സാമ്പത്തിക സ്ഥിതിയൊക്കെ ഒന്ന് മെച്ചപ്പെട്ട ശേഷം മതി കുഞ്ഞ് എന്ന്.. ”
“അറിയില്ല ഏട്ടാ അങ്ങിനെ ഒരു തോന്നൽ. കുഞ്ഞുണ്ടായാൽ ചിലപ്പോൾ നമ്മുടെ കുഞ്ഞിനെ കാണാൻ രണ്ട് വീട്ടുകാരും വരും. അതോടെ പിണക്കം എല്ലാം തീരും… എത്രയെന്നു വച്ചിട്ടാ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട ഇങ്ങനെ…”
നിരാശയോടുള്ള ആ വാക്കുകൾ കേട്ട് സഞ്ജീവ് അല്പസമയം മിണ്ടാതെ നിന്നു.
“എടോ ഞാനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. നമ്മുടെ കുഞ്ഞ് ഒരുപക്ഷെ എല്ലാവരെയും ഒന്നിപ്പിക്കും.. ഇനി വൈകിക്കേണ്ട… ”
ആ രാത്രി അവർ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. ഒരു കുഞ്ഞിനായി രണ്ടുപേരും തയ്യാറെടുത്തിരുന്നു.
ദിവസങ്ങൾ കടന്നു പോയി. ഒടുവിൽ ആ സന്തോഷം അവരുടെ ജീവിതത്തിൽ വന്നെത്തി..
ഓഫീസിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്ന സഞ്ജീവിന് മുന്നിലേക്ക് അടങ്ങാത്ത സന്തോഷത്തിൽ ചെന്നു മായ
“ഏട്ടാ….”
അവളുടെ ശബ്ദം വിറച്ചിരുന്നു.
“എന്തെ.. എന്തെ ഒരു വല്ലായ്മ പോലെ..”
സംശയത്തിൽ നോക്കുന്ന സഞ്ജീവിന്റെ കൈകളിലേക്ക് മായ ആ പ്രഗ്നൻസി കിറ്റ് കൊടുത്തു.
ഒരു നിമിഷം അവന്റെ കണ്ണുകൾ അതിൽ പതിഞ്ഞു. പെട്ടെന്ന് ഏറെ സന്തോഷത്തിൽ മായയെ പൊക്കിയെടുത്തു അവൻ.
“എടോ.. സത്യാണോ.. അപ്പോ ഒടുവിൽ നമ്മൾ അച്ഛനും അമ്മയും ആകാൻ പോകുന്നു”
രണ്ട് പേരുടെയും മിഴികൾ നീരണിഞ്ഞു. ആ സന്തോഷത്തിൽ അന്നത്തെ ദിവസം ഓഫീസിൽ പോയില്ല സഞ്ജീവ്.
പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ നാളുകളായിരുന്നു.
ഗർഭകാലം വളരെ വേഗത്തിൽ മുന്നോട്ട് പോയി. ഓരോ രാത്രിയിലും സഞ്ജീവ് മായയുടെ വയറിൽ തല വയ്ച്ചു കുഞ്ഞിനോട് സംസാരിക്കുമായിരുന്നു
അതിനിടയിൽ രണ്ടാളുടെയും വീട്ടിൽ വിവരം അറിയിച്ചു. അതോടെ അവരുടെ പ്രതീക്ഷകൾ തെറ്റിയില്ല. മായയുടെയും സഞ്ജീവിന്റെയും വീട്ടുകാർ അവരെ തേടിയെത്തി. തീർത്തും അവർ സ്വപ്നം കണ്ട ദിവസങ്ങൾ വന്നെത്തി.. എന്നാൽ അഞ്ചാം മാസം എത്തിയപ്പോൾ ആ സന്തോഷങ്ങൾക്ക് ഒരു വലിയ വിള്ളൽ വീണു.
ചെക്കപ്പിന് ഹോസ്പിറ്റലിൽ എത്തവെ റിപ്പോർട്ടുകൾ ശ്രദ്ധാ പൂർവ്വം പരിശോധിച്ച ഡോക്ടർ അനുരാധയുടെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു.
“എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ”
ഡോക്ടറുടെ ആ ഭാവമാറ്റം സഞ്ജീവിനെയും സംശയിപ്പിച്ചു.
“എടോ.. കുഞ്ഞിന് ഇതുവരെയും പ്രശ്നമില്ല. പക്ഷേ… മായയുടെ ഹെൽത്ത്.. കുറച്ചു പ്രശ്നങ്ങൾ ഉണ്ട്…”
ആ വാക്കുകൾ കേൾക്കെ നടുക്കത്തിൽ സഞ്ജീവിനെ നോക്കിപ്പോയി മായ.. അവനാകട്ടെ ആകെ വിറപൂണ്ടു.
“ഡോക്ടർ.. അതെന്താ.. എന്താ പ്രശ്നം.. ”
“ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധപൂർവം കേൾക്കണം.. ഡെലിവറി സമയത്ത് മായയ്ക്കോ കുഞ്ഞിനോ… ചിലപ്പോൾ രണ്ടുപേർക്കും… ജീവാപായം സംഭവിക്കാനുള്ള സാധ്യതയുണ്ട്.”
രണ്ട് പേരും ഞെട്ടിത്തരിച്ചിരുന്നു പോയി..
” ഡോക്ടർ.. ഇതെന്താ. ഇതെന്താ ഈ പറയുന്നേ.. ”
മായയുടെ വാക്കുകൾ തൊണ്ടയിൽ ഉടക്കി അവളുടെ മിഴികൾ. തുളുമ്പി.
” ടെൻഷൻ ആകരുത് നിങ്ങൾ.. ഈ ഒരു സിറ്റുവേഷൻ ആലോചിച്ചു ഹാൻഡിൽ ചെയ്യേണ്ടതാണ്… ”
അനുരാധയ്ക്കും അവരെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയില്ലയിരുന്നു.
” ഡോക്ടർ.. ഇങ്ങനൊക്കെ പറഞ്ഞാൽ.. ഇനി ഇനി എന്താ ചെയ്യേണ്ടത് ഞങ്ങൾ.. ഒന്ന് പറഞ്ഞു തരൂ… ”
ദയനീയമായി സഞ്ജീവ് ചോദിക്കുമ്പോൾ ഒരു നിമിഷം മൗനമായി അനുരാധ..
“ഇത്രയും റിസ്ക് ഉള്ളത് കൊണ്ട് തന്നെ അബോർഷനാണ് സുരക്ഷിതം… മായയ്ക്ക് ഇനി വേണമെങ്കിലും ഗർഭം ധരിക്കാവുന്നതല്ലേയുള്ളു…”
അവർ പറഞ്ഞു നിർത്തിയ ആ നിമിഷം ആ മുറിയിൽ നിശബ്ദത പറന്നു. കേട്ടത് അവിശ്വസനീയമായിരുന്നു മായയ്ക്കും സഞ്ജീവിനും
” കുഞ്ഞിനെ ഒഴിവാക്കാനോ… ”
നടുക്കത്തിൽ അനുരാധയുടെ മുഖത്തേക്ക് നോക്കി ഇരുന്നു പോയി സഞ്ജീവ്.
നെഞ്ച് പൊട്ടുന്ന വേദനയിലാണ് അന്ന് സഞ്ജീവും മായയും തിരികെ വീട്ടിൽ എത്തിയത്
രാത്രിയിൽ ബെഡിൽ മായയെ നെഞ്ചോട് ചേർത്തു ഇരുന്നു അവൻ.
“എടോ.. നമുക്ക് ഡോക്ടർ പറഞ്ഞത് തന്നെ ചെയ്താലോ..”
വളരെ ശാന്തമായി അവൻ ചോദിച്ചത് കേട്ട് ഞെട്ടലോടെ നിവർന്നിരുന്നു മായ.
” ഏട്ടാ.. എന്തെ നമ്മുടെ കുഞ്ഞിനെ വേണ്ടേ ഏട്ടന് ”
ആ ചോദ്യം സഞ്ജീവിന്റെ ഉള്ളിലാണ് തറച്ചത്
“വേണം… പക്ഷെ…. അതിനേക്കാൾ കൂടുതൽ എനിക്ക് നിന്നെയാണ് വേണ്ടത്.. നീയില്ലെങ്കിൽ. പിന്നേ ഞാനുമില്ല മായാ.. ”
അവളെ ബലമായി നെഞ്ചോട് ചേർത്തു അവൻ.. മറുപടി പറയുവാൻ കഴിയാതെ പൊട്ടിക്കരഞ്ഞു പോയി മായ അപ്പോൾ..
“ഏട്ടാ.. ഈ കുഞ്ഞ് നമ്മുടെ സ്നേഹത്തിന്റെ അടയാളമാണ് . ഇതിനെ ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല… എന്തുവന്നാലും നമുക്ക് നേരിടാം.. ആരും ഒന്നും അറിയേണ്ട.. കണ്ടില്ലേ നമ്മുടെ വീട്ടുകാരുടെ സന്തോഷം.. ഒക്കെയും ഈ കുഞ്ഞ് കാരണമാണ്… അത് കെടുത്തേണ്ട നമുക്ക്..”
“പക്ഷേ… മായ.. നീ…”
പൊട്ടിക്കരഞ്ഞു പോയി സഞ്ജീവ് അപ്പോൾ.
“നിന്നെ നഷ്ടപ്പെടുത്തുവാൻ എനിക്ക് കഴിയില്ലടോ…”
“ഒന്നും സംഭവിക്കില്ല ഏട്ടാ… ഈ കുഞ്ഞിനെ നമുക്ക് കിട്ടും ആർക്കും ഒന്നും സംഭവിക്കില്ല.. ഭഗവാൻ അങ്ങിനെയൊന്നും നമ്മളെ കൈ വിടില്ല…”
മായ എല്ലാം മനസ്സിൽ ഉറപ്പിച്ച മട്ടായിരുന്നു..
പിന്നീടുള്ള ഓരോ ദിവസങ്ങളും അവർക്ക് കൈപ്പേറിയതായിരുന്നു. അവരുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ ഡോക്ടർ അനുരാധയും കീഴടങ്ങി..
പല രാത്രികളിലും മായ ഉറങ്ങുമ്പോൾ മായയുടെ വയറ്റിൽ കൈവെച്ച് മനസുരുകി പ്രാർത്ഥിച്ചു സഞ്ജീവ്.
“ദൈവമേ… രണ്ടുപേരെയും എനിക്ക് തിരികെ തരണമേ.”
ഒടുവിൽ ആ ദിവസം വന്നെത്തി. വേദന തുടങ്ങിയതിനെ തുടർന്ന് മായയെ ലേബർ റൂമിലേക്ക് പ്രവേശിപ്പിച്ചു. സഞ്ജീവ് പുറത്തു നിന്ന് വിറയ്ക്കുകയായിരുന്നു
” ടെൻഷൻ വേണ്ട എല്ലാം ഓക്കേ ആകും.. പ്രാർത്ഥിക്കൂ.. ”
ഡോക്ടർ അനുരാധ അവന്റെ ചുമലിൽ ഒന്ന് തട്ടി പതിയെ ഉള്ളിലേക്ക് നടന്നു.
” പേടിക്കേണ്ട മോനെ.. എല്ലാം ഓക്കേ ആകും നിനക്ക് ആദ്യം ആയത് കൊണ്ടാണ് ഈ ടെൻഷൻ ”
അമ്മ അരികിലെത്തി പറയുന്നത് കേട്ട് മുഖത്തേക്ക് ഒരു ചെറു പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു സഞ്ജീവ് പക്ഷെ പരാജയപ്പെട്ടു. പ്രശ്നങ്ങൾ ഒനുമറിയാതെ അവർ അപ്പോൾ ഏറെ സന്തോഷത്തിൽ ആയിരുന്നു. സമയം പിന്നെയും നീങ്ങി..
പെട്ടെന്ന് ലേബർ റൂം തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് പാഞ്ഞു..
” എന്താ… എന്തായി. ”
പിന്നാലെ. ചെന്ന് സഞ്ജീവ് തിരക്കിയെങ്കിലും മറുപടിയൊന്നുമുണ്ടായില്ല.. അതോടെ ഇരട്ടി ടെൻഷനിൽ ആയി അവൻ. പിന്നുള്ള ഓരോ നിമിഷവും ഏറെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. പാഞ്ഞെത്തിയ മറ്റു ഡോക്റ്റേർസ് ഓടി ലേബർ റൂമിലേക്ക് കയറുന്നു. വാതിലുകൾ അടയുന്നു.. അങ്ങിനെ ആകെ ഒരു ഭയം എല്ലാവരിലും ഉടലെടുത്തു…അതോടെ ലേബർ റൂമിനു പുറത്ത് സഞ്ജീവ് ബഹളം വച്ചു തുടങ്ങി..
” എന്താണ് പ്രശ്നം ആരേലും ഒന്ന് പറയൂ.. എനിക്കിപ്പോൾ മായയെ കാണണം.. ”
അവൻ കൂടുതൽ അക്രമാസക്തനായതോടെ ഒടുവിൽ ഡോക്ടർ അനുരാധ പുറത്തേക്ക് വന്നു
“സഞ്ജീവ്.. പ്ലീസ്.. ഒന്ന് അടങ്ങൂ.. .. മുന്നേ ഞാൻ സൂചിപ്പിച്ച പോലെ മായയുടെ കാര്യത്തിൽ കുറച്ചു പ്രശ്നം ഉണ്ട്.. ഞങ്ങൾ പരമാവധി നോക്കുന്നുണ്ട്.. പ്ലീസ് ബഹളം വയ്ക്കാതെ പ്രാർത്ഥിക്കൂ.. ”
അത്രയും പറഞ്ഞു ഡോക്ടർ തിരികെ ഉള്ളിലേക്ക് പോകുമ്പോൾ നടുങ്ങി തരിച്ചു നിലത്തേക്കിരുന്നു പോയി സഞ്ജീവ്.
” എന്താ മോനെ ഡോക്ടർ എന്താണ് ഈ പറഞ്ഞത്.. മായമോൾക്ക് എന്താണ് പ്രശ്നം..”
” മുന്നേ മോൾക്ക് എന്തേലും പ്രശ്നം പറഞ്ഞിരുന്നോ..”
ചോദ്യങ്ങൾ ഒന്നൊന്നായി വരുമ്പോൾ ഒക്കെയും കാതുകളിൽ ഒരു മുഴക്കമായി തോന്നി സഞ്ജീവിന്.. പതിയെ പതിയെ അവന്റെ മിഴികൾ അടഞ്ഞു. ബോധമറ്റ് അവൻ നിലത്തേക്ക് വീണു.
************************
വർഷങ്ങൾ പിന്നെയും കഴിഞ്ഞു. അന്നത്തെ ആ ദിവസം അവരുടെ വീട്ടിൽ ബന്ധുക്കളും അയൽക്കാരും പരിചയക്കാരും എല്ലാം ഒത്തു കൂടി. ആ കുഴിമാടം വൃത്തിയാക്കി പൂക്കൾ വിതറി നിൽക്കുമ്പോൾ സഞ്ജീവിന്റെ ഉള്ളിൽ എവിടെയോ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു. വല്ലാത്തൊരു നഷ്ടബോധം…
” അച്ഛാ…. ”
പിന്നിൽ നിന്നും ആ വിളികേട്ട് അവൻ തിരിഞ്ഞു നോക്കുമ്പോൾ മീനാക്ഷി ഓടി അടുത്തു.. മീനാക്ഷി സഞ്ജീവ്… മായ ഒൻപതു മാസം ഉദരത്തിൽ ചുമന്നു സഞ്ജീവിനായി നൽകിയ സ്നേഹ സമ്മാനം…. ഇന്നിപ്പോ അവൾക്ക് മൂന്ന് വയസു കഴിഞ്ഞിരുന്നു..
” മോളെ.. ഓടല്ലേ… വീഴും നീ.. ”
പിന്നാലെ ഉറക്കെ വിളിച്ചു കൊണ്ട് അവളും ഉണ്ടായിരുന്നു. മറ്റാരുമല്ല… സഞ്ജീവിന്റെ സ്വന്തം മായ…..
വിധി ഒരു നിമിഷം അവരുടെ സ്നേഹത്തിനു മുന്നിൽ കണ്ണടച്ചിട്ടുണ്ടാകണം.. അല്ലെങ്കിൽ ഡോക്ടർ അനുരാധയുടെ എക്സ്പീരിയൻസിന് മുന്നിൽ അതേ വിധി തോറ്റു പിന്മാറിയിരിക്കണം… ഒടുവിൽ അമ്മയെയും കുഞ്ഞിനേയും ഒരുപോലെ രക്ഷിച്ചെടുക്കുവാൻ കഴിഞ്ഞു അവർക്ക്…
ഇന്നിപ്പോൾ പെട്ടെന്നുള്ള നെഞ്ചുവേദനയിൽ സഞ്ജീവിന്റെ അച്ഛൻ അവരെ വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു… പേരക്കുട്ടിയെ കുറെയേറെ ലാളിക്കുവാനുള്ള ഭാഗ്യം ആ മനുഷ്യന് കിട്ടി എന്നതാണ് ഏക ആശ്വാസമായി ഉള്ളത് എന്നിരുന്നാലും അച്ഛന്റെ വേർപാട് സഞ്ജീവിനെയും വല്ലാണ്ട് ഉലച്ചു..
വിധി അങ്ങിനെയാണ്… നമ്മൾ പ്രതീക്ഷിക്കത്തിടത്ത് സന്തോഷവും ദുഖവും മാറി മാറി തരും… എല്ലാം സഹിക്കാൻ എപ്പോഴും നമ്മൾ പ്രാപ്തരായിരിക്കണം…
(ശുഭം )
✍️പ്രജിത്ത് സുരേന്ദ്രബാബു.
