“നേരോം കാലോം പ്രായോം നോക്കാതെ ഇങ്ങനെ കാലിൽ ചിലങ്ക കെട്ടി തുള്ളാൻ മാത്രമേ നിന്നെയൊക്കെ പറ്റുകയുള്ളു… നേരാവണ്ണം ഒരു ഭക്ഷണം വായയ്ക്ക് രുചിയായിട്ട് വെക്കാനവൾക്കറിയില്ല… എന്തിന് താമസിക്കുന്ന വീടു പോലും ശരിയ്ക്കും പൊടിയും അഴുക്കും കളഞ്ഞ് അടിച്ചു തുടച്ചിടാൻ അവൾക്കിതുവരെ സാധിച്ചിട്ടില്ല… നീ ചെയ്യുന്ന ഓരോ തെറ്റുകളും തിരുത്തിയും നേരെയാക്കിയും എന്റെ അമ്മയും അനിയത്തിയും നിനക്ക് പിന്നാലെ ഇങ്ങനെ നടക്കുന്നതുകൊണ്ട് നിന്റെ പോരായ്മയൊന്നും പുറത്താരും അറിയുന്നില്ല… അവർക്കൊക്കെ നീ ഇപ്പോഴും യൗവനം കടന്നു പോകാത്ത സുന്ദരി ടീച്ചറല്ലേ….?
വിഷം തുപ്പുന്ന ഗോവിന്ദന്റെ നാവിന്റെ ചൂടേറ്റ് പൊള്ളി സരയുവിനെങ്കിലും മറുത്തൊരക്ഷരം പറയാതെ അയാൾ പറയുന്ന ഓരോന്നും നിശബ്ദം കേട്ടു നിന്നവൾ അയാൾ സംസാരം നിർത്തി എന്നായതും മെല്ലെ ബെഡ് റൂമിലേക്ക് നടന്നു… അവരുടെ നടപ്പിന്റെ താളത്തിനനുസരിച്ച് ഇളകി ചിരിയ്ക്കുന്ന ചിലങ്കകളുടെ ശബ്ദം അവിടെ നിറഞ്ഞു നിൽക്കുന്ന നിശബ്ദതയെ തട്ടിയകറ്റുന്നുണ്ട്…
നീ എന്തിനാടാ അവളെ ഇങ്ങനെ എപ്പോഴും കുറ്റപ്പെടുത്തുന്നത്… ഇപ്പോ ഇവിടുത്തെ കാര്യങ്ങൾ നോക്കാനും ഭംഗിയാക്കാനുമെല്ലാം ഞാനും നിന്റെ അനിയത്തിയും ഇല്ലേ… അവളെ ബുദ്ധിമുട്ടിക്കണ്ട നീ… നീയിനി എത്രയൊക്കെ പറഞ്ഞ് തിരുത്താൻ ശ്രമിച്ചാലും അവളൊന്നും തിരുത്തി നന്നാവില്ല… കാണാനിത്തിരി ചന്തംകൂടിയതിന്റേം ആടാൻ അറിയുന്നതിന്റേം അഹങ്കാരമാണ് ആട്ടക്കാരിക്ക്…. ”
ഗോവിന്ദന്റെ അമ്മയുടെ വാക്കുകളിൽ നിറയെ സരയുവിനോടുള്ള ദേഷ്യമോ അമർഷമോ എല്ലാം നിറഞ്ഞു നിന്നിരുന്നു…
‘അതമ്മ പറഞ്ഞത് ഉള്ളതാണ് ട്ടോ ഏട്ടാ… കാണാൻ ചന്തമുള്ളതിന്റെ അഹങ്കാരം കുറച്ചൊന്നുമല്ല ഏടത്തി അമ്മയ്ക്ക്…. ഏടത്തി അമ്മ ഏട്ടനാഗ്രഹിച്ച ഭാര്യയാവണമെങ്കിൽ ആദ്യം അവരുടെ ആട്ടവും പാട്ടും നിർത്തിച്ച് വീട്ടിലൊതുക്കി ഇരുത്തണം അവരെ… പഴയ പോലെ… എന്നാലേ എന്റെ ഏട്ടന് സമാധാനമുള്ള സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവൂ… ഇതിപ്പോ തന്നെ കണ്ടില്ലേ ഈ ഫ്ലാറ്റിലെ ഒട്ടുമിക്ക ആണുങ്ങളുടെയും കണ്ണുകൾ ഏടത്തി അമ്മയിലാണ്.. അതെങ്ങനെയാണ് ആണുങ്ങളെ കൊണ്ട് നോക്കിപ്പിച്ചേ അടങ്ങൂ ന്ന് പറഞ്ഞ് കുണുങ്ങി കുലുക്കിയല്ലേ ആട്ടക്കാരി നടക്കൂ……
ഗീതയുടെ ശബ്ദത്തിൽ നിറയെ സരയുവിനോടുള്ള അസൂയയാണ് നിറഞ്ഞു നൽക്കുന്നതെങ്കിലും ഗോവിന്ദനത് ഏട്ടന്റെ ജീവിതത്തെ ഓർത്തുള്ള ഒരു അനിയത്തിയുടെ സങ്കടവും കരുതലുമാണ്….
” അവളുടെ ഡാൻസെന്ന കൂത്ത് ഞാൻ നിർത്താഞ്ഞിട്ടാണോ ഗീതേ… അവളെ കെട്ടി എന്റെ കൂടെ കൂട്ടിയതിനു ശേഷം ഞാനാദ്യം ചെയ്തത് അവളുടെ തുള്ളൽ നിർത്തലാക്കലായിരുന്നില്ലേ… നിനക്കും അറിയില്ലേ അത്… ഞാനായിട്ട് നിർത്തിച്ചത് വീണ്ടും തുടങ്ങിയതെന്റെ സായുമോളല്ലേ… അമ്മ ഡാൻസുക്കാരിയാണെന്നറിഞ്ഞപ്പോ അവൾക്കായിരുന്നില്ലേ ഏറ്റവും വാശിയും നിർബന്ധവും അമ്മ വീണ്ടും ഡാൻസ് ചെയ്യാൻ…. അവളുടെ കരച്ചിൽ കണ്ട് ഞാനന്നത് സമ്മതിക്കാൻ പാടില്ലായിരുന്നു… ഒരു ഡാൻസ് മോൾക്ക് വേണ്ടി കളിച്ചുതുടങ്ങിയവളിന്ന് ഈ ഫ്ലാറ്റിലെ നൂറോളം കുട്ടികൾക്ക് ഡാൻസ് ടീച്ചറാണ്….”
രോഷം ഇരമ്പി ഗോവിന്ദനിൽ വീണ്ടും….
സായുമോളുടെ പഠിത്തം ഇവിടെയിനി ഒരു മാസം കൂടിയല്ലേ ഉള്ളു… അതു കഴിഞ്ഞാലവള് പിന്നെ ദുബായിൽ അല്ലെ… അവിടെ അല്ലേ അവൾക്ക് ജോലി ശരിയായത്…. അവളിവിടുന്ന് പോയ പുറകെ നീ സരയുവിനെ പഴയ പോലെ വീട്ടിലിരുത്തിക്കോ ഗോവിന്ദാ…. അതിനി എന്തു കാണിച്ചിട്ടാണെങ്കിലും വേണ്ടില്ല… അല്ലെങ്കിൽ വയസാംകാലത്ത് നിനക്ക് പെണ്ണ് വേറെ കെട്ടേണ്ടി വരും… പറഞ്ഞില്ലാന്നു വേണ്ട…. ”
സരയുവിനുള്ള അവസാന ആണിയും അടിച്ചു ഗോവിന്ദന്റെ അമ്മ…അതിനൊന്നു മൂളുമ്പോൾ അമ്മ പറഞ്ഞത് മനസ്സിലിട്ട് വീണ്ടും ഉറപ്പിച്ചു ഗോവിന്ദനും
അയാളുടെ നോട്ടം സരയൂ കയറി പോയ തങ്ങളുടെ ബെഡ് റൂമിനു നേർക്കൊന്ന് പാളി ചെന്നതും തനിയ്ക്കരികെ നിൽക്കുന്ന അമ്മയേയും പെങ്ങളേയും ഇടം കണ്ണാലൊന്നു പാളി നോക്കി വേഗം റൂമിന് നേർക്ക് നടന്നയാൾ….
അത്ര നേരവും പുറത്തു നടന്ന സംസാരങ്ങളത്രയും അകത്ത് മുറിയിൽ ഇരുന്ന് കേട്ടിരുന്ന സരയുവിന്റെ മിഴികളൊന്ന് പിടഞ്ഞു… കാതോർത്തവർ…
ഗോവിന്ദൻ റൂമിലേക്ക് വരുന്ന കാലൊച്ച കാതുകൾ തിരിച്ചറിഞ്ഞതും കയ്യിൽ കിട്ടിയ ഡ്രസ്സും വലിച്ചെടുത്ത് വേഗം ബാത്ത് റൂമിലേക്ക് കയറി സരയൂ….
എന്നും എപ്പോഴും അമ്മയ്ക്കും പെങ്ങൾക്കും മകൾക്കും മുമ്പിൽ സരയുവിന് കുറ്റങ്ങളേ ഉള്ളു ഗോവിന്ദനെങ്കിൽ ഈ മുറിയ്ക്കുള്ളിലെത്തിയാൽ അയാൾ സരയുവിന്റെ ശരീരം അത്രയ്ക്കും മോഹിക്കുന്നൊരു പുരുഷന് മാത്രമാവും…
പ്രണയമില്ലാതെ വെറും കാമത്തോടെയുള്ള ഇണച്ചേരൽ… കൂടെ ശയിക്കുന്ന പെണ്ണിന്റെ നോവോ പിടച്ചിലോ ഉള്ളുരുക്കങ്ങളോ തിരിച്ചറിയാൻ ശ്രമിയ്ക്കാതെ ഒരു വന്യമൃഗത്തിന്റെ കരുത്തോടെ സരയുവിനെ കീഴടക്കുന്നത് ലഹരിയാണ് ഗോവിന്ദന്….
മുറിയ്ക്കുള്ളിൽ സരയു ഇല്ലെന്നു കണ്ടതും ഗോവിന്ദന്റെ നോട്ടം അടഞ്ഞുകിടക്കുന്ന ബാത്ത് റൂമിനു നേരെയായ്… എന്നിനൊക്കയോ തുടിച്ചുയർന്ന ശരീരത്തെ ചിന്തകൾ കൊണ്ടടക്കി ബാത്ത് റൂംവാതിൽ തുറക്കുന്നതും നോക്കി ഇരുന്നയാൾ…
ഇന്നേരമത്രയും അകത്ത് തന്റെ ദുർവിധിയോർത്ത് ഷവറിലെ വെള്ളത്തുള്ളികൾക്കൊപ്പം തന്റെ കണ്ണുനീരൊഴുക്കി കളഞ്ഞു സരയൂ…
അച്ഛമ്മ…. അമ്മ എവിടെ…?
റൂമിലാണോ…?
ഹാളിൽ നിന്നുയർന്നു കേട്ട മകളുടെ ശബ്ദത്തിൽ വേഗം മുറി വിട്ട് പുറത്തേക്കിറങ്ങി ഗോവിന്ദൻ…
“നിന്റെ അമ്മ കുളിയ്ക്കാണ് സായൂ… ഒരു ഗ്ലാസ് ചായ കിട്ടണമെങ്കിൽ പോലും ഞാനീ പ്രായത്തിലും നിന്റെ അച്ഛമ്മയെ ബുദ്ധിമുട്ടിക്കണം അതും അല്ലെങ്കിൽ അപ്പച്ചിയെ… അല്ലാതെ നിന്റെ അമ്മയുടെ തുള്ളലും നീരാട്ടും ഒന്ന് കഴിഞ്ഞിട്ട് മനുഷ്യന് ചായ പോയിട്ട് പച്ചവെള്ളം കിട്ടില്ല.. ”
ആഗ്രഹിച്ച കാര്യം നടക്കാതെ പോയതിന്റെ ദേഷ്യത്തിൽ സരയുവിന്റെ കുറ്റങ്ങൾ സ്വന്തം മകളോട് പറഞ്ഞ് ആശ്വാസം കൊണ്ടു ഗോവിന്ദൻ
ഒരു നിമിഷം അച്ഛനെ നോക്കി നിന്നു സായു… പിന്നെ അവളുടെ നോട്ടം അടഞ്ഞുകിടക്കുന്ന ബാത്ത് റൂമിനു നേർക്കൊന്ന് ചെന്നതും സരയു തിടുക്കത്തിൽ ബാത്ത് റൂം തുറന്നിറങ്ങി കിച്ചണിലേക്ക് വേഗത്തിൽ നടന്നു… പോകും വഴി തന്നെ നോക്കി നിൽക്കുന്ന സായുവിനെ നോക്കിയൊരു വാടിയ പുഞ്ചിരിയും നൽകിയവൾ…..
വളരെ കാലമായ് ഒരു കാഴ്ചക്കാരിയായ് സായു നോക്കി നിന്ന് കാണുകയായിരുന്നു ആ വീട്ടിൽ തന്റെ അമ്മ അനുഭവിക്കുന്നതെല്ലാം…
വിവാഹബന്ധം വേർപ്പെടുത്തി അച്ഛന്റെ അനിയത്തി വീട്ടിലെത്തിയ കാലം മുതൽ തുടങ്ങിയതാണ് അമ്മയുടെ ദുരിതം
അച്ഛമ്മയ്ക്കും അപ്പച്ചിയ്ക്കും അമ്മയെ അച്ഛനിൽ നിന്ന് വഴക്കു കേൾപ്പിക്കുന്നതൊരു ഹരമാണ്…..
മാതാപിതാക്കൾ മരിച്ചു പോയ് അനാഥയായ അമ്മയ്ക്ക് ഈ വീടും താനും അച്ഛനുമാണ് എല്ലാം…
പ്രാണവായുവായ് കൊണ്ടു നടന്നിരുന്ന നൃത്തത്തെ പോലും അമ്മ ഒരു കാലത്ത് ഉപേക്ഷിക്കേണ്ടി വന്നത് അച്ഛൻ കാരണമാണ്…
വീണ്ടും അത് തുടങ്ങാൻ താനൊരു കാരണമായെങ്കിലും സ്വന്തമായ് പണമുണ്ടാക്കി ശീലിച്ചാൽ അമ്മ തന്നിഷ്ടക്കാരിയാവുമെന്ന് പറഞ്ഞ് അമ്മയ്ക്ക് കിട്ടുന്ന ഡാൻസ് ഫീസ് പോലും കളക്ട് ചെയ്യുന്നത് അച്ഛനാണ്.. അമ്മയുടെ ഏതൊരു ചെറിയ ആവശ്യത്തിനും അച്ഛൻ കൊടുക്കണം പണം.. അതച്ഛൻ കൊടുക്കണമെങ്കിൽ ദിവസങ്ങളോളം അമ്മ കെഞ്ചി നടക്കണം അച്ഛനു പിന്നാലെ…
ചിന്തകളേറിയതും ഒരു ചുടുനിശ്വാസമുതിർന്നു സായുവിൽ നിന്ന്… അവളങ്ങനെ നോക്കി നിൽക്കേ അമ്മ ചായയും പലഹാരവും ഉണ്ടാക്കുന്നതും അമ്മ ഉണ്ടാക്കി കഴിഞ്ഞയുടനെ തന്നെ അപ്പച്ചി ചെന്നതെടുത്ത് അപ്പച്ചി ഉണ്ടാക്കിയെന്ന ഭാവേനെ അച്ഛനു കൊടുക്കുന്നതുമെല്ലാം അലസം നോക്കി നിന്നവൾ…
ഒരിക്കൽ പോലും സത്യങ്ങൾ അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ പറ്റില്ലെന്ന തിരിച്ചറിവിൽ ഇതുവരെയുള്ളതുപോലെ തന്റെ മൗനം അവിടെയും തുടർന്നു സായൂ…
ദിവസങ്ങളോടി മറഞ്ഞ് സായുവിന് ദുബായിലേക്ക് പോകേണ്ട ദിവസമെത്തി….
സാധാരണ ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് സായു വീട്ടിൽ നിന്ന് മാറിയാൽ പോലും കരയുന്ന സരയു ഇത്തവണ ഇത്ര ദൂരേയ്ക്ക് സായു പോവുന്നതറിഞ്ഞിട്ടും യാതൊരു ഭാവഭേധവുമില്ലാതെ ഇരിക്കുന്നത് അച്ഛമ്മയിലും അപ്പച്ചിയിലും അത്ഭുതം സൃഷ്ടിക്കൂന്നുണ്ട്…
എന്നാലവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് സായു പോവാനിറങ്ങിയതിനൊപ്പം മാറ്റി പുറപ്പെട്ട് സരയു കൂടി വന്നതും മുഖത്തോടു മുഖം നോക്കിയവർ… കാര്യമറിയാതെ…
“അച്ഛാ… അമ്മയെ ഞാൻ എന്റെ കൂടെ കൊണ്ടുപോവാണ്… ഇവിടെ അമ്മ ഉള്ളതും ഇല്ലാത്തതും അച്ഛന് ഒരു പോലെയല്ലേ.. എനിയ്ക്കാണെങ്കിൽ അമ്മയെ പിരിഞ്ഞിരിക്കാനും വയ്യ…. അതു കൊണ്ടെന്റെ അമ്മയെ ഞാനെന്റെ കൂടെ കൊണ്ടുപോവുകയാണ്… അച്ഛൻ അച്ഛന്റെ അമ്മയ്ക്കൊപ്പമല്ലേ….?
സായു പറഞ്ഞതും സരയുവിനു മുന്നിലേക്ക് ഇരച്ചെത്തി ഗോവിന്ദൻ..
ഇവിടെ നിന്ന് എന്റെ അനുവാദം ഇല്ലാതെ നീ ഇപ്പോഴിറങ്ങിയാൽ പിന്നെയൊരുമടക്കം നിനക്കുണ്ടാവില്ല ഇങ്ങോട്ട്… ഇനി മകളെ കണ്ടാണ് നീ അഹങ്കരിക്കുന്നതെങ്കിൽ അതു വേണ്ട നാളെ അവള് അവളുടെ ജീവിതം നോക്കി പോവുമ്പോൾ ജീവിക്കാൻ ഒരു ഗതിയും പരഗതിയും ഇല്ലാതെ നീ അനുഭവിയ്ക്കും… അന്ന് തിരിഞ്ഞു നോക്കില്ല ഞാൻ…. ഓർത്തോ നീ…”
ഈശ്വരൻ വരദാനമായ് എനിയ്ക്ക് തന്ന കല എന്റെ കൂടെയുള്ളക്കാലംവരെ വരില്ല ഞാൻ തിരികെ നിങ്ങളാവശ്യപ്പെടും വരെ… ഇന്നീ കാണിക്കുന്ന ധൈര്യം ഇതിനും മുമ്പും ഞാൻ കാണിച്ചേനെ…. പക്ഷെ എന്റെ മോള്… അവളെ ഓർത്തു സഹിച്ചു ഞാൻ… ഇപ്പോൾ പക്ഷെ ഈയൊരു തീരുമാനമെടുക്കാനുള്ള ധൈര്യം എനിയ്ക്ക് തന്നതേ നമുടെ മോളാണ്…
ഗോവിന്ദനോട് പറഞ്ഞ് സരയു തന്റെ ബാഗുമെടുത്ത് സായുവിനൊപ്പം അവിടെ
നിന്നിറങ്ങിയപ്പോൾ പെട്ടത് അച്ഛമ്മയും അപ്പച്ചിയുമാണ്… ഇത്രയും കാലം സരയു
എടുക്കുന്ന ജോലിയുടെ ക്രഡിറ്റ് കൊണ്ടവിടെ ജീവിച്ച അവരിനി എന്തു ചെയ്യും എന്നറിയാതെ പരസ്പരം നോക്കുമ്പോൾ സരയുവും സായുവും കയറിയ കാർ അവരുടെ ദൃഷ്ടിയിൽ നിന്നേറെ അകലെയായ് കഴിഞ്ഞിരുന്നു….
ഇനി അനുഭവിക്കട്ടെ അവരമ്മയും മകളും മകനുമെല്ലാം… അങ്ങനെ ഉണ്ടാവട്ടെ അവർക്ക് തിരിച്ചറിവ്……
✍️രജിത ജയൻ…
