ആരാന്റെ ഗർഭം തലയിൽ കേറ്റി വെക്കാനാ നിന്റെയൊക്കെ യോഗം, അമൽ അയാളെ നോക്കി പരിഹാസത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. പോകല്ലേടാ മോനെ,അയാളുടെ അമ്മ….

അയാളുടെ വിവാഹത്തിന്റെ തലേന്നാണ് നിറവയറുമായി ഞാനാ വീട്ടിലേക്ക് കയറി ചെല്ലുന്നത്.

വീടിന്റെ മുറ്റത്ത് വലിയ ഒരു പന്തൽ ഇട്ടിരുന്നു.
ഞാനെന്റെ ഇടതു കൈ എന്റെ വയറിന്മേൽ അമർത്തിപ്പിടിച്ച ശേഷം ചുറ്റിലും ഒന്ന് നോക്കി.

ആരോടും ഒന്നും പറയാൻ കഴിയാതെ ദിവസങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന ഒരു സത്യം ഇന്ന് പുറത്തു വരാൻ പോകുന്നു.

എന്റെ പരവേശം കണ്ടിട്ടാവണം സുമുഖനായ ഒരുചെറുപ്പക്കാരൻ എന്റെയടുത്തേക്ക് നീങ്ങി വന്നു.

ഇരിക്കാൻ കസേര വല്ലതും വേണോ…
അയാൾ എന്നോട് ചോദിച്ചു.

ഞാൻ അയാളുടെ നേരെയൊന്നു നോക്കിയ ശേഷം പറഞ്ഞു വേണ്ടാ,എനിക്ക് അമലിനെയൊന്നു കാണണം അയാളോടൊന്നു തനിച്ച് സംസാരിക്കണം.

എന്താ എന്തെങ്കിലും ആവശ്യം ഉണ്ടോ?ഞാൻ അനന്തൻ അമലെന്റെ ഏട്ടനാണ്.ഏട്ടനിപ്പോൾ ഇച്ചിരി തിരക്കിലാണ് എന്തേലും ഉണ്ടെങ്കിൽ ഞാൻ ചെന്നു പറയാം.

നിങ്ങൾ അയാളുടെ അനിയൻ ആണോ?എനിക്കിനി ഒന്നും ഒളിക്കാനില്ല.ഞാനും അമലും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു അയാൾ എന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞെന്നെ ചതിച്ചു. ഇപ്പോൾ ഞാൻ ഗർഭിണിയാണ് എന്റെ വയറ്റിൽ വളരുന്നത് നിങ്ങടെ ഏട്ടന്റെ കുട്ടിയാണ്.

ദേ!!നിങ്ങൾ ചുമ്മാ അനാവശ്യം പറയരുത്.
അയാൾ എന്റെ നേരെ വിരൽ ചൂണ്ടി…

ഞാൻ പറഞ്ഞത് സത്യമാണ്. ഇതാ ഞങ്ങൾ തമ്മിൽ ഉള്ള ഫോട്ടോസ്,ഇത് സംസാരിച്ച ചാറ്റുകൾ, ഇത് ഞാൻ അയാൾക്ക് അയച്ച വോയിസ്‌ റെക്കോർഡുകൾ,ഇത് അയാൾ എനിക്കയച്ച മറുപടികൾ,ഇതൊക്കെ കള്ളം പറയുമോ?

ദയവായി അമലിനെ എനിക്ക് കാണണം,അയാളോടെനിക്കിത് പറയണം.എന്നെയെന്റെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.എനിക്കിത് എട്ടാം മാസമാണ് എനിക്ക് പോകാൻ വേറെ ഇടമൊന്നുമില്ല.

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുറച്ചു നേരം അയാളെ തന്നെ നോക്കി നിന്നു.

ഏട്ടനെ കുറിച്ചുള്ള സത്യം വീട്ടിൽ പറഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക എന്ന വെപ്രാളം അയാളുടെ മുഖത്ത് ഞാൻ കണ്ടു.അവസാനം അയാൾ എന്നോട് പറഞ്ഞു ടെൻഷൻ ആവാതെ നിങ്ങളെന്റെ കൂടെ അകത്തേക്ക് വാ..നമുക്ക് പരിഹാരം ഉണ്ടാക്കാം അയാളെന്നെ അകത്തേക്ക് വിളിച്ചു.

കല്യാണവീട്ടിൽ ആളുകൾ നിറഞ്ഞുനിൽക്കുമ്പോഴാണ് ഞാൻ അയാളുടെ കൂടെ പന്തലിലേക്ക് കയറിച്ചെല്ലുന്നത്.

അവിടെയുള്ളവരുടെ കണ്ണുകൾ ആദ്യം എന്റെ വയറിലേക്കും പിന്നെ അയാളിലേക്കും നീണ്ടു.

ഞങ്ങളെ കണ്ടതും അമലിന്റെ അമ്മയുടെ മുഖം മാറി.

“ഇവളാരാ?”അമ്മ പതിയെ അവരുടെ മോനെ മാറ്റി നിർത്തി ചോദിച്ചു.

അയാൾ മറുപടി പറയുന്നതിന് മുന്പേ അമൽ അവിടേക്ക് വന്നു.എന്നെ കണ്ടതും അയാളൊന്ന് ഞെട്ടി.

അയാൾ ഒന്നും അറിയാത്ത പോലെ അയാളുടെ അനിയനോട് ചോദിച്ചു, എന്താടാ പ്രശ്നം?എന്തായാലും നീ അകത്തേക്ക് വാ ബാക്കി നമുക്കവിടെ വെച്ചു സംസാരിക്കാം.

അകത്തേക്ക് കയറിയ ശേഷം എന്നെ കണ്ടതും അമലിന്റെ മുഖം മാറി.പക്ഷേ അടുത്ത നിമിഷം തന്നെ അയാൾ സ്വയം നിയന്ത്രിച്ചു.

ഞാൻ കരഞ്ഞുകൊണ്ടയാളുടെ അടുത്തേക്ക് ചെന്നു.

“അമലേ എന്നെ താൻ ഉപേക്ഷിക്കരുത്…ഞാൻ ഗർഭിണിയാണ്‌,ഈ കുഞ്ഞ് നിങ്ങളുടേതാണ്.

നീയേതാ? എനിക്ക് നിന്നെ അറിയില്ല.ആരു പറഞ്ഞിട്ടാ ഈ നാടകം നീ നടത്തുന്നത്?

ഞാനൊന്നു ഞെട്ടി.

“നാടകമോ?എന്താ അമലീ പറയുന്നത്?”

നീയേതാ എന്നും നിന്റെ വയറ്റിൽ ഉള്ള കൊച്ചിന്റെ തന്ത ആരാണെന്നും എനിക്കറിയില്ലെന്നാണ് ഞാൻ പറഞ്ഞത്. പോലീസിനെ വിളിക്കണ്ട എങ്കിൽ മര്യാദക്കിവിടെ നിന്നും ഇറങ്ങി പൊക്കോണം.

ഞാൻ പൊട്ടിക്കരഞ്ഞു.

അത്‌ കണ്ടപ്പോൾ അയാളുടെ അമ്മ അമലിന്റെ അനിയനോട് ചോദിച്ചു,

“ഇതെന്താണ് മോനേ?”
വഴക്കിട്ട് വീട്ടിൽ നിന്നും ഉറങ്ങി പോയ നീ തിരിച്ചു വന്നത് ഇതിനാരുന്നോ?

അയാൾ പക്ഷെ അവരോടു സത്യം പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“അമ്മേ, ഇവൾ പറയുന്നത് സത്യമാണ്. ഇവളുടെ വയറ്റിലെ കൊച്ച്. …

അതിനുമുമ്പ് അമൽ ഇടയിൽ കയറി പറഞ്ഞു .

“അമ്മേ, ഇവന്റെ വാക്ക് മാത്രം അമ്മ വിശ്വസിക്കരുത്.”

എല്ലാവരും അയാളെ നോക്കി.

“ഇവനെന്നോട് അസൂയയാണ്.എനിക്ക് നല്ലൊരു കുടുംബത്തിൽ നിന്ന്,വിവാഹബന്ധം കിട്ടിയതിവന് സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണെന്റെ വിവാഹം തകർക്കാൻ ഇവനിവളെയും കൂട്ടിക്കൊണ്ട് വന്നത്.

അച്ഛാ,അച്ഛനറിഞ്ഞൂടെ അലമാരയിൽ നിന്നും അഞ്ചു ലക്ഷം രൂപ എടുത്തോണ്ട് പോയ കള്ളനാണിവൻ,എന്നിട്ടും നമ്മൾ ഇവനോട് ക്ഷമിച്ചു, എന്റെ കല്യാണം അല്ലെ വീട്ടിലേക്ക് പോന്നോളാൻ ഞാൻ ഇവനോട് പറഞ്ഞു പക്ഷെ ഇവൻ ചെയ്തതെന്താ,വീട്ടിലേക്ക് തിരിച്ചു വന്നിട്ടും എന്നെ തകർക്കാൻ ആണ് നോക്കുന്നത്..

എന്ത് മനുഷ്യൻ ആണെടാ നീ.നിനക്കിനിയും മതിയായില്ലേ?

ആ വാക്കുകൾ കേട്ടയാൾ തകർന്നുപോയി.

സ്വന്തം ഏട്ടനാണ് അയാളെ എല്ലാവരുടെയും മുന്നിൽ കുറ്റക്കാരനാക്കാൻ മൽസരിക്കുന്നത്‌.

അച്ഛനും അയാളെ കുറ്റപ്പെടുത്തി.

“ഇത്രയും നാൾ നിന്നെ വിശ്വസിച്ചതാണ് ഞങ്ങളുടെ തെറ്റ്.”

അയാൾ പക്ഷെ ഒന്നും പറഞ്ഞില്ല.

കാരണം സത്യം പറഞ്ഞാലും അവർ വിശ്വസിക്കില്ലെന്നയാൾക്ക് മനസ്സിലായി കാണും.

ഞാൻ അയാളുടെ അരികിൽ നിന്നുകൊണ്ട് കരയുകയായിരുന്നു.

“ഞാൻ കള്ളം പറയുന്നതല്ല… ഞാൻ ആരെയും നശിപ്പിക്കാൻ വന്നതല്ല… എനിക്കീ കുഞ്ഞിനൊരച്ഛനെ വേണം.”

ഞാൻ അവിടെ നിന്ന് കെഞ്ചി.

പക്ഷേ ആ വീട്ടിലെ ആരും എന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായിരുന്നില്ല.

അവസാനം അമലിന്റെ അനിയൻ എന്റെ കൈയിൽ പിടിച്ച ശേഷം പറഞ്ഞു,

“വാ…ഇനിയിവിടെ നിക്കണ്ട,നമുക്ക് പോകാം

ഞാൻ അയാളെ നോക്കി.

“എങ്ങോട്ടാ പോകണ്ടത്?”

“എനിക്കറിയില്ല.പക്ഷേ ഇവിടെ നിന്നാൽ നിനക്കും നിന്റെ കുഞ്ഞിനും അപമാനം മാത്രമേ കിട്ടൂ.”

അച്ഛൻ അയാളെ ദേഷ്യത്തോടെ വിളിച്ചു.

അനന്താ നീ ഇവളേം കൊണ്ട് എവിടേക്കാണ് പോകുന്നത്?”

അയാൾ തിരിഞ്ഞുനോക്കി.

ഈ വീട്ടിൽ സ്നേഹത്തേക്കാൾ പണത്തിനാണ് വിലയെങ്കിൽ ഈ വീട്ടിൽ എനിക്കിനി നിൽക്കേണ്ട കാര്യമില്ല.ഈ പെൺകുട്ടിയുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ഈ വീട്ടിലെ ചോര ആണെങ്കിൽ അതിനെ ഞാൻ നോക്കും.

ആരാന്റെ ഗർഭം തലയിൽ കേറ്റി വെക്കാനാ നിന്റെയൊക്കെ യോഗം, അമൽ അയാളെ നോക്കി പരിഹാസത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

പോകല്ലേടാ മോനെ,അയാളുടെ അമ്മ കരയാൻ തുടങ്ങി.

അവൻ പോകട്ടമ്മേ ഇവളെയും കൂട്ടി ഇവനിവിടുന്നു പോയാൽ എല്ലാവർക്കും മനസ്സിലാകും ഇവന്റെ യഥാർത്ഥ സ്വഭാവം.അമൽ അമ്മയെ സമാധാനിപ്പിച്ചു.

എന്റെ കൂടെയുള്ള മനുഷ്യൻ മറുപടിയൊന്നും പറയാൻ നിക്കാതെ എന്നെയും കൂട്ടിയാ വീട്ടിൽ നിന്ന് പടിയിറങ്ങി

അയാളുടെ ഒപ്പം കാറിൽ കയറിയ ശേഷം എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു.വണ്ടി വളവു തിരിഞ്ഞെവിടെയോ എത്തിയപ്പോൾ ഞാൻ അയാളോട് ചോദിച്ചു,ദയവായി എന്നെ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിൽ ആക്കാമോ?എനിക്ക് വേണ്ടി നിങ്ങൾ വെറുതെ കുറ്റക്കാരനാവണ്ട ഞാൻ എങ്ങോട്ടെങ്കിലും പൊക്കോളാം…

അയാൾ എന്റെ നേരെ നോക്കിയൊന്നു ചിരിച്ചു.

എന്താ ഉദേശം? പാതിരാത്രി ഏതേലും ട്രെയിന് മുന്നിൽ ചാടി ചാവനാണോ?

എന്തായാലും ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്ന തന്നെ ഞാൻ ഞാൻ തനിച്ചെങ്ങോട്ടും വിടില്ല.തൽക്കാലം ഇവിടെ ഒറ്റപ്പാലത്തുള്ള എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവാം ബാക്കിയൊക്കെ വരുന്നിടത്തു വച്ചു നമുക്ക് കാണാന്നെ.

പോകുന്നതിനിടയിൽ ഞാൻ അയാളോട് ചോദിച്ചു, വീട്ടുകാർക്കെന്താണ് നിങ്ങളോടിത്ര ദേഷ്യം?
നിങ്ങളെന്തിനാണ് സ്വന്തം വീട്ടിൽ നിന്നും കാശ് മോഷ്ടിച്ചത്?

ഞാനോ?കാശൊ?

അതൊക്കെ ഏട്ടന്റെ പണിയാണ്.ഏട്ടൻ എന്നും അങ്ങനെ ആയിരുന്നു,എന്ത് തെറ്റ് ചെയ്താലും അതെല്ലാം എന്റെ തലയിൽ കെട്ടി വെക്കും.

ഇപ്പൊ ദേ ഞാനും അല്ലെ…..

ഞാൻ അയാളുടെ നേരെ നോക്കി……

ഓ!! അങ്ങനെയൊന്നുമില്ല എനിക്കിതൊക്കെ ശീലമായി.

ഒറ്റപ്പാലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ജീവിതത്തിൽ ഇനിയെനിക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ലെന്ന് കരുതി പക്ഷേ എന്നെയവിടെ ഇറക്കി വിട്ടിട്ട് പോകാതെ അയാൾ എന്റെ കൂടെ തന്നെ നിന്നു.

“പേടിക്കണ്ട…ഇനി തന്റെ കാര്യങ്ങൾ ശരിയാകുന്നതുവരെ ഞാൻ കൂടെയുണ്ടാകും.”ഈ വീട്ടിൽ നമ്മള് മാത്രേ ഉള്ളു അവനിത്‌ വാടകയ്ക്ക് കൊടുക്കാൻ ഇട്ടേക്കുന്നതാ എന്തായാലും ഇതിപ്പോ നമുക്കുപകരിച്ചു.

ആ വാക്കുകൾ അന്നെനിക്ക് വലിയൊരു ആശ്വാസമായിരുന്നു.

അന്ന് മുതൽ അയാളെന്റെ തണലായി.

നാട്ടുകാരുടെ ചോദ്യങ്ങളും പരിഹാസങ്ങളും ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകളുമൊന്നും എന്റെ കൈ പിടിച്ചയാ മനുഷ്യൻ കണക്കിലെടുത്തില്ല.എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് ആരുടേതായാലും,അതീ ലോകത്തേക്ക് വരുമ്പോൾ അതിനെ ആർക്കും വേണ്ടെന്നു പറയുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മാത്രമാണയാൾ ആഗ്രഹിച്ചത്‌.

അയാൾ എന്നെ നല്ല പോലെ ശ്രദ്ധിച്ചു.ഞാൻ ഭക്ഷണം കഴിക്കാൻ മടിച്ചാൽ അയാൾ എന്നെ വഴക്കുപറയും. ആശുപത്രിയിൽ പോകേണ്ടി വന്നാൽ കൂടെ വരും.ഓരോ സ്കാനിംഗ് ദിവസവും ഓർത്തുവെക്കും.

ദിവസങ്ങൾ കടന്നുപോയി. എന്റെ വയർ വലുതാകുന്നതിനൊപ്പം അയാളുടെ കരുതലും വളർന്നു.

കാത്തിരിപ്പുകൾക്കവസാനം എനിക്കൊരാൺകുഞ്ഞ് ജനിച്ചു. കുഞ്ഞിനെ കൈകളിൽ എടുത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

വീട്ടിലേക്ക് വന്നയന്ന് മുതൽ എന്റെ കുഞ്ഞിനെ സ്വന്തം മകനെപ്പോലെയാണയാൾ നോക്കിയത്.പകൽ അയാൾ ജോലിക്ക് പോകുമ്പോൾ വീട്ടിൽ എന്നെ നോക്കാൻ ഒരു സ്ത്രീയെ ഏർപ്പാടാക്കി.അതെനിക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു.

രാത്രി കുഞ്ഞ് കരഞ്ഞാൽ ആദ്യം എഴുന്നേറ്റു വരുന്നതയാളായിരുന്നു.അയാൾ എനിക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നത് കണ്ടപ്പോൾ അയാൾ എന്റെയാരാണ് എന്ന് ഞാൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു.

മോനൊന്നര വയസ്സായപ്പോൾ അവനയാളെ നോക്കി അച്ഛാ എന്ന് വിളിച്ചു.അയാൾ അത് തിരുത്തിയില്ല, പകരം കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.

അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്—രക്തബന്ധമല്ല മറിച്ച് സ്നേഹവും ഉത്തരവാദിത്വവുമാണ്‌
ഒരാളെ അച്ഛനാക്കുന്നതെന്ന്.

അർഹിക്കുന്നില്ല എന്നറിഞ്ഞിട്ടും ഞാൻ അറിയാതെ തന്നെ അയാളെ സ്നേഹിച്ചു തുടങ്ങി. പക്ഷെ ഒരിക്കലും ഞാനത് പുറമെ പ്രകടിപ്പിച്ചില്ല.

അയാളെന്നും കുഞ്ഞിനൊപ്പം കളിക്കുമ്പോളും,വീട്ടിൽ ഓരോ കാര്യത്തിനെന്നെ സഹായിക്കുമ്പോഴും ഞാൻ അയാളെ തന്നെ നോക്കിക്കൊണ്ടിരിക്കും.

ഒരു ദിവസം അയാൾ എന്നോട് ചോദിച്ചു,

താനെന്താ എന്നെയിങ്ങനെ നോക്കുന്നത്?”

ഏയ്‌ ഞാനോ? തോന്നിയതാവും.
ഞാൻ മുഖം തിരിച്ചു.

അയാൾ ചിരിച്ചു.

“കള്ളം.തന്റെ കണ്ണിൽ എനിക്കായി മറ്റെന്തോ ഉണ്ട്.”

കുറച്ചു നിമിഷം മിണ്ടാതിരുന്ന ശേഷം അയാൾ പറഞ്ഞു,

ഇതിനി ഇങ്ങനെ പോയാൽ പറ്റില്ല. മോൻ വലുതായി വരുവാണ്.അച്ഛനില്ലാതെ അവനിനി വളരേണ്ടി വരരുത്.

എനിക്ക് നിന്നെ ഇഷ്ടമാണ്.കുറച്ചു കാലമായി ആ ഇഷ്ടം തുടങ്ങിയിട്ട്.ആദ്യം എനിക്ക് നിന്നെ സംരക്ഷിക്കണം എന്നൊരു തോന്നൽ മാത്രമായിരുന്നു മനസ്സിൽ.

പിന്നെ എപ്പഴോ നിന്റെ വേദനകൾ എന്റേതായി….
നിന്റെ കുഞ്ഞ് എന്റേതായി…പക്ഷേ എപ്പോഴാണ് നീ എന്റെ ജീവിതമായതെന്ന് മാത്രം എനിക്കറിയില്ല.”

എന്റെ കണ്ണുകൾ നിറഞ്ഞു.

നിനെക്കെന്നെ ഇഷ്‍ടമാണോ?
അയാൾ എന്നോട് ചോദിച്ചു.

ഞാൻ കുഞ്ഞിനെ അയാളുടെ കൈകളിലേക്ക് കൊടുത്തു.

കുഞ്ഞ് വീണ്ടും ചിരിച്ചുകൊണ്ടയാളെ നോക്കി വിളിച്ചു,

“അച്ഛാ…”

ഞാൻ കുറച്ചു നേരം അവിടെ മിണ്ടാതെ നിന്നു.

പിന്നെ ധൈര്യം സംഭരിച്ച ശേഷം അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“ഞാൻ നിങ്ങളെക്കാൾ പ്രായം കൊണ്ട് ഇളയതാണെങ്കിലും നിങ്ങളുടെ ഏട്ടന്റെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയാണ് ഞാൻ…”

എന്റെ ശബ്ദം ഇടറി.

“എന്നെക്കുറിച്ച് നാട്ടുകാർ എന്തൊക്കെയാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. അല്ലെ?
നിങ്ങളുടെ വീട്ടുകാർ പോലും എന്നെ സ്വീകരിച്ചില്ല അങ്ങനെയുള്ള എന്നെ തന്നെ വേണോ നിങ്ങൾക്ക്?

എന്റെ കഴിഞ്ഞകാലം അറിഞ്ഞുകൊണ്ട് നിങ്ങൾക്കെന്നെ മനസ്സറിഞ്ഞ് സ്വീകരിക്കാൻ കഴിയുമോ?”

അയാൾ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

പിന്നെ എന്റെ അരികിലേക്ക് വന്ന ശേഷം പതിയെ പറഞ്ഞു.

“എന്റെ ഏട്ടന്റെ തെറ്റിന്റെ പേരിൽ ജീവിതകാലം മുഴുവൻ ശിക്ഷിക്കപ്പെടേണ്ടവളല്ലടോ താൻ.”

ഞാൻ അയാളെ തന്നെ നോക്കി നിന്നു.

“താൻ ആരെയും ചതിച്ചിട്ടില്ല.വിശ്വസിച്ച ഒരാളെ സ്നേഹിച്ചു. ആ വിശ്വാസം തകർത്തത് താനല്ല അയാളാണ്.

അയാൾ എന്റെ കണ്ണുകളിലേക്ക് നോക്കി.

“പിന്നെയീ കുഞ്ഞ്… ഇത് നിന്റെ മാത്രം കുഞ്ഞല്ല,ഞാൻ ഇതിനെ ജനിച്ചപ്പോൾ മുതൽ കാണുന്നതാണ്.ആദ്യമായി ഇവനെനെ ‘അച്ഛാ’ എന്ന് വിളിച്ചപ്പോൾ എന്റെ ഹൃദയം നിറഞ്ഞത് ഞാനൊരിക്കലും മറക്കില്ല.

ഈ കുഞ്ഞെന്നെയെന്തായാലും അച്ഛനായി സ്വീകരിച്ചു ഇനി നീയും കൂടിയെന്നെ ജീവിതപങ്കാളിയായി സ്വീകരിച്ചാൽ അത്രയേ എനിക്ക് വേണ്ടൂ.”

അത്രയ്ക്കും തന്നെയെനിക്കിഷ്ടമാണ്.

എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.

“പക്ഷേ ആളുകൾ എന്ത് പറയും?

ഞാൻ അയാളോട് ചോദിച്ചു.

“ആളുകൾ ഇന്നെന്തെങ്കിലും പറഞ്ഞിട്ട് നാളെ മറ്റെന്തെങ്കിലും പറയും.”അവർക്കങ്ങനെ പറയാൻ പല കാര്യങ്ങളും കിട്ടും.

അയാൾ എന്റെ കൈയിൽ പിടിച്ച ശേഷം പറഞ്ഞു

“എടോ എന്റെ ജീവിതം ജീവിക്കേണ്ടത് ഞാനാണ് തന്റെ താനും.തന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്നതനുസരിച്ച് ഞാൻ തീരുമാനമെടുക്കില്ല.ഞാനിപ്പോൾ പറയുന്നത് എന്റെ തീരുമാനമാണ്.

ഞാൻ കരഞ്ഞുകൊണ്ടായാളോട് ചോദിച്ചു.

“നാളെ നിങ്ങളുടെ ഏട്ടൻ തിരിച്ചു വന്നീ കുഞ്ഞവന്റേതാണെന്ന് പറഞ്ഞാൽ?”

അയാൾ ഒരു നിമിഷം പോലും ആലോചിച്ചില്ല.

“അവനവിടെ പറഞ്ഞോണ്ട് നിക്കത്തേയുള്ളൂ,ഞാൻ നിങ്ങളെ ഒരിക്കലും വിട്ടു കൊടുക്കില്ല.

“എന്തുകൊണ്ട്?”

അയാൾ എന്റെ കൈയിൽ മുറുകെ പിടിച്ചു.

കാരണം നീയും ഇവനും എന്റെയാണ് എന്റെ ജീവിതമാണ് അങ്ങനെയൊന്നും എന്റെ ജീവിതം ഞാൻ ആർക്കും വിട്ടു കൊടുക്കില്ല.

ആ വാക്കുകൾ കേട്ടപ്പോൾ വർഷങ്ങളായി എന്റെ നെഞ്ചിൽ കെട്ടിക്കിടന്നിരുന്ന വേദന മുഴുവൻ കണ്ണീരായി പുറത്തേക്ക് ഒഴുകി.

അയാൾ എന്റെ കണ്ണുനീർ തുടച്ചു.

“ഇനി താൻ ആരുടെയും മുന്നിൽ തലകുനിക്കേണ്ട.ഞാൻ കൂടെയുണ്ട്.”

അപ്പോഴേക്കും കുഞ്ഞയാളുടെ നെഞ്ചിൽ തലവെച്ച് ഉറങ്ങിപ്പോയിരുന്നു.

തൊട്ടടുത്ത ദിവസം അടുത്തുള്ള അമ്പലത്തിൽ വെച്ചെന്റെ കഴുത്തിൽ താലി കെട്ടി അയാൾ എന്നെയും മോനെയും എന്നെന്നേക്കുമായി സ്വന്തമാക്കി…

അങ്ങനെ വർഷങ്ങൾ കടന്നു പോയി.

ഞങ്ങളുടെ മോന് ഏഴു വയസു കഴിഞ്ഞിരിക്കുന്നു,ഞാൻ രണ്ടാമത് ഗർഭിണിയാണ്.ചെക്കപ്പിന് വേണ്ടി ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിചാരിതമായി ഞാൻ അമലിനെയും ഭാര്യയെയും കണ്ടുമുട്ടി.അയാൾക്ക് കുട്ടികൾ ആയില്ലെന്നും അതിനുള്ള ട്രീറ്റ്‌മെന്റിനു വന്നതാണെന്നും അയാളുടെ അമ്മ എന്റെ ഭർത്താവിനെ നോക്കി പറയുന്നത് ഞാൻ കേട്ടു.

മോനെ,നീ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് വാടാ…. എത്ര വർഷമായി നീ അങ്ങോട്ട് വന്നിട്ട്.അവർ ഞങ്ങളുടെ മകന്റെ നേരെ വാത്സല്യത്തോടെ നോക്കി. ഞാൻ വേഗം മോനെ എന്റെ അടുത്തേക്ക് നീക്കി നിർത്തി.

എന്റെ കുഞ്ഞിനെ കണ്ടതും അമലിന്റെ മുഖം കുറ്റബോധം കൊണ്ട് നിറഞ്ഞു

സത്യം മനസ്സിലായത് കൊണ്ടവർ വീട്ടിലേക്ക് ചെല്ലാൻ ഞങ്ങളെ പിന്നെയും പിന്നെയും നിർബന്ധിച്ചു.

ഇല്ലമ്മേ ഇനി ഞങ്ങൾ അങ്ങോട്ടില്ല.അങ്ങോട്ട് വന്നാൽ ആ വീട്ടിൽ കാണാതാവുന്ന പല സാധനങ്ങളുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കേണ്ടി വരും. ഇനിയതിനു വയ്യാ…

ഞാനിപ്പോൾ സമാധാനമായിട്ടാണ് ജീവിക്കുന്നത്. ദയവായി എന്റെ സ്വസ്ഥത കളയരുത്.

അച്ഛാ…. എനിക്ക് വിശക്കുന്നു വാ നമുക്ക് പോവാം,മോൻ അവന്റെ അച്ഛനെ നോക്കി ചിണുങ്ങി.

പോവാം മോനെ അച്ഛൻ നിനക്കിഷ്ടമുള്ളതെന്താന്ന് വെച്ചാ മേടിച്ചു തരാല്ലോ.

ആ മനുഷ്യൻ കൂടുതൽ ഒന്നും പറയാതെ, പോകാം എന്നുള്ള അർത്ഥത്തിൽ എന്റെ നേരെ നോക്കി തലയാട്ടി.

ഞാനും അത് ശരിവെച്ചു.

ഞങ്ങൾ രണ്ടാളും ഒരുമിച്ചാണ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടന്നത്.ഞങ്ങളുടെ മകൻ അവന്റെ അച്ഛന്റെ കൈയിൽ തൂങ്ങിയപ്പോൾ ആ മനുഷ്യൻ എടുത്തവനെ തോളിലിരുത്തി.

ഞാൻ എന്റെ വയറിന്മേൽ കൈവെച്ചുകൊണ്ട് പതിയെ മുന്നോട്ട് നടന്നു

ആ നിമിഷം പിന്നിൽ നിന്നുകൊണ്ടമൽ ഞങ്ങളെ തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

ഒരിക്കൽ അയാൾ തള്ളി പറഞ്ഞ അയാളുടെ മകൻ ഇന്ന് വേറൊരാളുടെ
തോളിൽ ഇരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് അസൂയ തോന്നി കാണണം
കാരണം ഒരിക്കൽ അയാളുടെ കൈപിടിച്ചൊരു ജീവിതം ചോദിച്ച ഞാനിന്ന് മറ്റൊരാളുടെ കൈപിടിച്ചെന്റെ ജീവിതം തിരികെ നേടിയിരുന്നു.

NB:ചിലർ നമ്മളെ ഉപേക്ഷിക്കുന്നത് നമ്മുടെ ജീവിതത്തിന്റെ അവസാനമല്ല.നമ്മളെ സ്നേഹിക്കാൻ അർഹനായ ഒരാൾക്ക് വേണ്ടി ദൈവം നമ്മളെ അവരുടെ ജീവിതത്തിൽ നിന്ന് മാറ്റുന്നതാണ്.

കഥ :രണ്ടാമൂഴം
✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *