അവള് മുറിയിൽ കയറി കതക് അടച്ചെങ്കിൽ അതവളുടെ ഭർത്താവിന്റെ ഒപ്പമല്ലേ അമ്മേ…? ആ മുറിയിൽ അവൾക്കൊപ്പമുള്ളത് അവളുടെ ഭർത്താവ്, അതായത് അമ്മയുടെ മകനാണ്…..

“അവള് മുറിയിൽ കയറി കതക് അടച്ചെങ്കിൽ അതവളുടെ ഭർത്താവിന്റെ ഒപ്പമല്ലേ അമ്മേ…?
ആ മുറിയിൽ അവൾക്കൊപ്പമുള്ളത് അവളുടെ ഭർത്താവ്, അതായത് അമ്മയുടെ മകനാണ്… അതമ്മ മറക്കാതെ ഇടയ്ക്കെല്ലാം ഓർക്കുന്നത് നല്ലതാണ്…
ആ മുറിയിൽ അവരെന്തെടുക്കുന്നു, അവരെന്ത് മിണ്ടുന്നു എന്നതൊക്കെ അവരുടെ മാത്രം ഇഷ്ടവും താൽപര്യവുമാണ്… അതിന്റെ പുറകെ അമ്മ ഇങ്ങനെ മണത്ത് നടക്കുന്നതാണ് എനിയ്ക്ക് മനസ്സിലാവാത്തത്….ആരെങ്കിലും കേട്ടു നോക്കണം അമ്മയുടെ ഈ പ്രവർത്തിയെ പറ്റി…ചെ കഷ്ടം… അമ്മ ഇത്രയ്ക്കൊന്നും തരം താഴ്ന്നു പ്രവർത്തിയ്ക്കുമെന്ന് ഞാൻ കരുതീല… അയ്യയ്യേ….”

കമല കണ്ണു മിഴിച്ച് നിന്നു പോയ് ശരണ്യയുടെ സംസാരം കേട്ട്… അവരതേ മിഴിഞ്ഞ നോട്ടം തന്റെ മകളെ തുടർന്നു നോക്കിയതും അമ്മയെ നോക്കിയൊന്ന് കണ്ണടച്ചു കാണിച്ചു ശരണ്യയും

“എന്താ ചേച്ചീ…. എന്താ പ്രശ്നം…. അമ്മ എന്തു ചെയ്തെന്നാണ്….?

മുറിയ്ക്ക് പുറത്ത് നിന്ന് ചേച്ചിയുടെ ഉറക്കെയുള്ള സംസാരം കേട്ടതും ചാരിയ മുറി വാതിൽ തുറന്നിറങ്ങി ശരൺ…

“ഏയ് അതൊന്നുമില്ലെടാ… നമ്മുടെ അമ്മയ്ക്ക് ചെറിയൊരു തെറ്റ് പറ്റിയതാണ്… ഞാനത് പറഞ്ഞ് മനസ്സിലാക്കി തിരുത്തി കൊടുത്തിട്ടുണ്ട്… ഇനി അതിലൊരുവർത്തമാനം വേണ്ട ഇവിടെ…”

ഗൗരവത്തിൽ ശരണ്യ പറയുമ്പോൾ അതു കേട്ടുകൊണ്ട് ശരണിന്റെ ഭാര്യ ഗ്രീഷ്മ ശരണിനൊപ്പമുണ്ട്…. അവളുടെ നോട്ടം ഭർത്താവിന്റെ അമ്മയിലും ചേച്ചിയിലും മാറി മാറി ചെല്ലുന്നുണ്ട്….

എന്തു തെറ്റാണ് ചേച്ചി തിരുത്തി കൊടുക്കാൻ പാകത്തിൽ അമ്മയിപ്പോ ഇവിടെ ചെയ്തത്… എന്താമ്മേ… ചേച്ചി എന്താ ഈ പറയുന്നത്…? അമ്മ എന്ത് തെറ്റാചെയ്തത്….?

കാര്യം അറിയാതെ വയ്യ ശരണിന്…

അവന്റെ നോട്ടവും ചേച്ചിയിലും അമ്മയിലുമാണ്

അത് മോനെ ഞാൻ…..

എന്റെ പൊന്നമ്മേ മിണ്ടാതെയിരി…

അമ്മ പറഞ്ഞു തുടങ്ങിയതും ഇടയിൽ കയറി തടഞ്ഞു ശരണ്യ…

“അതൊന്നുമില്ലാന്ന് ഞാൻ പറഞ്ഞില്ലേടാ നിന്നോട്… പിന്നെയും നിനക്കിത് എന്തിന്റെ അസുഖമാണ് അതറിയാഞ്ഞിട്ട്… ഇച്ചിരെ വയസ്സും പ്രായവുമായ അമ്മമാരുള്ള വീടെല്ലാം ഇങ്ങനെ തന്നെയാണ്… അവരു കണ്ടും ശീലിച്ചും വന്ന കാലത്തെ പോലെയാണോ ഇപ്പോഴുള്ള കുട്ടികൾ ജീവിയ്ക്കുന്നത്… അപ്പോ അതിന്റെ ചെറിയൊരു ബുദ്ധിമുട്ട് അമ്മയ്ക്ക്… ഗ്രീഷ്മനി കിടക്കുന്ന നിങ്ങളുടെ മുറിയിലേക്ക് കയറി വാതിലടച്ചതു അമ്മയ്ക്കിഷ്ടപ്പെട്ടില്ല… അമ്മ ഏതാണ്ടൊക്കെ പറഞ്ഞോണ്ടീ കതകിന് മുമ്പിൽ വട്ടം ചുറ്റുകയായിരുന്നു… കാര്യം മനസ്സിലായതു കൊണ്ട് ഞാൻ പറഞ്ഞു തിരുത്തി അമ്മയെ… ഇതാണുണ്ടായത്.. കാര്യം അറിഞ്ഞില്ലേ… ?
ഇനി നീ അവളേം വിളിച്ചോണ്ട് ഇത്തിരി നേരം ചെന്ന് കിടക്ക്… വല്ലപ്പോഴും നിനക്ക് ലീവ് ഉള്ളപ്പോൾ അല്ലേ ഇതുപോലെ പകലൊക്കെ നിങ്ങൾക്കൊന്നിച്ചിരെ നേരം ചിലവാക്കാൻ കിട്ടൂ… ചെല്ലെടാ… ഗ്രീഷ്മേ അവനേം വിളിച്ചോണ്ട് ചെല്ല്… തിരക്ക് പിടിച്ചെഴുന്നേറ്റ് വരുവൊന്നും വേണ്ട… ഞാനുണ്ട് ഇവിടെ… എന്തേലും ജോലി ബാക്കി ഉണ്ടേൽ ഞാൻ ചെയ്തോളാം…. ചെല്ല്….”

ഗ്രീഷ്മയുടെ തോളിൽ തട്ടി നിറഞ്ഞ സ്നേഹത്തോടെ ശരണ്യ പറഞ്ഞതും അമ്മയെ ഒന്നു നോക്കി തിരികെ മുറിയ്ക്ക് അകത്തേക്ക് കയറി വാതിലടച്ചു ശരണും….

എന്തു വലിയൊരു പ്രശ്നമായ് തീരേണ്ട വിഷയമാണ് ഇതെന്ന് അമ്മയ്ക്കറിയ്യോ… ഞാനിവിടെ ഉണ്ടായിരുന്നതുകൊണ്ട് കുടുംബം തല്ലി പിരിഞ്ഞു പോവാതെ കിട്ടി… എന്റെ അമ്മേ ഓരോന്നു ചെയ്യുന്നതിനും ഓരോ രീതിയുണ്ട്… ആ രീതിയ്ക്ക് അത് ചെയ്താലേ അതിന് നമ്മുദ്ദേശിച്ച ഫലം കിട്ടു… ഇനിയിപ്പോ അതാരെങ്കിലും പുറത്തറിഞ്ഞാലും
ഒരു വീടാവുമ്പോ ചില തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും എന്നങ്ങ് കരുതും അവർ….. മനസ്സിലായോ അമ്മയ്ക്ക്….?

ശരൺ വാതിലടച്ചതും ശരണ്യ വിശദീകരിച്ചതും അവൾക്കു നേരെ തിരിഞ്ഞു കമല

‘നീയ്യിത് എന്തൊക്കെ തോന്ന്യാസാടീ ഇഷ്ടത്തിന് വിളിച്ചു പറയുന്നത്… ആ കൊച്ച് അവളുടെ മുറിയിൽ കയറി വാതിലടച്ചതിനും അവനുമായ് ചേർന്നിരിക്കുന്നതിനും ഞാൻ വഴക്കുണ്ടാക്കേണ്ട കാര്യം എന്താ….?
അല്ലെങ്കിൽ തന്നെ എന്നും ഒന്നിച്ചിരിക്കാൻ വേണ്ടിയല്ലേ അവരുടെ വിവാഹം നടത്തിയത്….?
അതൊക്കെ മറന്ന്
നീയെന്തൊക്കെ അനാവശ്യം ആണെടീ ഇവിടെ കിടന്ന് പറഞ്ഞത്…? ഞാനവരുടെ മുറിയിലേക്ക് ഒളിച്ചു നോക്കിയെന്നോ…. എന്തൊക്കെയാണ് അസത്തേ നീ വിളിച്ചു പറഞ്ഞത്….?

ആദ്യത്തെ പകപ്പ് വിട്ടതും ശരണ്യയുടെ ചുമലിൽ ശക്തിയിലൊന്ന് കൊടുത്ത് അവൾക്കു നേരെ തട്ടിക്കയറി കമല

അപ്രതീക്ഷിത അടിയിൽ വേദനിച്ചു ചുളിഞ്ഞു പോയ മുഖത്തോടെ അമ്മയ്ക്ക് മുമ്പിൽ പരുങ്ങി ശരണ്യ…

ഞാൻ വന്ന്നോക്കിയപ്പോൾ അവള് മുറിയിലൂക്ക് കയറിയതിനു പുറകെ അമ്മ ചെന്നാ മുറിയ്ക്ക് പുറത്ത് പിറുപിറുത്തോണ്ട് നിൽക്കുന്നു….
അവള് നമ്മുടെ ചെക്കന്റെ അടുത്ത് എപ്പോഴും അടയിരിക്കുന്നതിന് അമ്മയ്ക്കവളോട് ദേഷ്യമാണെന്നു കരുതി ഞാൻ… അതാണ് ഞാൻ…..”

ഓ… അതു കൊണ്ടാവും നീ നല്ല നാത്തൂനായ് അഭിനയിച്ചതും എന്നെയൊരു മോശക്കാരി ആക്കിയതും… അല്ലേടി…?

ശരണ്യയുടെ പ്രവർത്തി ആലോചിച്ച് ദേഷ്യമടങ്ങുന്നില്ല കമലയ്ക്ക്…

ഏതൊരു അമ്മയും തന്റെ മകന്റെ ഭാര്യയായ് വരുന്ന പെൺകുട്ടിയെ കരുതി എന്തൊക്കെ സ്വപ്നങ്ങൾ കാണുമോ ആ സ്വപ്നങ്ങൾ എല്ലാം ഒത്തിണങ്ങിയ പെൺകുട്ടിയാണ് ശരണിന്റെ ഭാര്യ ഗ്രീഷ്മ… അവരുടെ കല്യാണം കഴിഞ്ഞന്നു മുതൽ ഇന്നുവരെ സ്വന്തം അമ്മയോടെന്നെ പോലെയേ കമലയോട് പെരുമാറിയിട്ടുള്ളു ഗ്രീഷ്മ…അതിന് വിള്ളൽ വീഴ്ത്തും പോലെയാണ് ശരണ്യയുടെ സംസാരവും പെരുമാറ്റവും….

“അവളോടുള്ള ദേഷ്യം കൊണ്ടല്ലങ്കിൽ പിന്നെ എന്തിനാ അവളുമുറിയിൽ കയറിയതിനു ശേഷം അമ്മ അവിടെ കിടന്ന് കറങ്ങിയത്…..?
ഞാൻ പറഞ്ഞതു തന്നെയാണ് അമ്മേ സത്യം… അമ്മയിനി വെറുതെ കിടന്നുരുളണ്ട…”

തെറ്റ് സമ്മതിക്കാനൊരുക്കമല്ല ശരണ്യ….

“ഞാനേതാണ്ട് കാര്യം ആലോചിച്ച് ആ മുറി വാതില്ക്കലൊന്നു ഒരു സെക്കൻഡ് നിന്നു പോയതിനെ നീയെങ്ങനെയൊക്കെ വളച്ചൊടിച്ചു ശരണ്യേ… ആ കുട്ടിയിപ്പോ എന്നു കരുതിക്കാണും എന്നെ പറ്റി….?

ദേഷ്യവും വിഷമവും ആണ് കമലത്തിന്റെ ശബ്ദത്തിൽ

“അവളെന്ത് കരുതിയാലും അമ്മയ്ക്കെന്താണ്…?
ഇതമ്മയുടെ വീടാണ്… ഇവിടെ നിൽക്കുമ്പോൾ നമ്മളെ ഭയക്കേണ്ടതും പേടിയോടെ അനുസരിച്ച് നിൽക്കേണ്ടതും അവളാണ്… ഇതിപ്പോ ഇവിടെ വന്നു നിങ്ങളെയും എന്നെയും ഒരുമിച്ച് കാണുന്ന ഏതൊരാളും കരുതുക നിങ്ങളമ്മയും മകളും ഞാൻ വന്നു കയറിയ മരുമകളും ആണെന്നാണ്…. അറിയ്യോ അമ്മയ്ക്ക്….?

നീയിത് എന്തൊക്കെയാണ് ശരണ്യേ ഈ പറഞ്ഞു പോണത്….?
അതൊരു പാവം മോളാണ്…”

ആകെ അമ്പരന്നു നിന്നു പോയ് കമല

“ദാ…. ഇതു തന്നെയാണ് ആദ്യത്തെ പ്രശ്നം… ഇന്നലെ വന്നു കയറിയ അവളമ്മയ്ക്ക് മോള്… ഞാൻ അന്നും ഇന്നും ശരണ്യ…. ഒരു ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അമ്മ ചോദിയ്ക്കുക അവളുടെ ഇഷ്ടമാണ്… എന്താ എനിയ്ക്ക് ഇഷ്ടങ്ങളൊന്നും ഇല്ലേ….?

ഉള്ളിലടക്കി വെച്ചിരുന്നതൊക്കെ പുറത്തേയ്ക്ക് കുടഞ്ഞിട്ടു ശരണ്യ… സത്യത്തിൽ തന്റെ മകളുടെ യഥാർത്ഥ സ്വഭാവം കമല തിരിച്ചറിയുന്നത് അപ്പോഴാണ്

“നിന്നെ നിന്റെ കുട്ടിക്കാലം മുതലേ പേരു വിളിച്ചാണ്ട് എനിയ്ക്ക് ശീലം… നിന്നെ മാത്രമല്ല ശരണിനെയും ഞാനങ്ങനെ തന്നെയാണ് വിളിക്കാറ്…. പിന്നെ ഗ്രീഷ്മയെ മോളെന്ന് വിളിക്കുന്നത് അവളുടെ പേര് വിളിക്കുന്നതിനെക്കാൾ എനിക്കിഷ്ടം അവളെ മോളെ എന്നു വിളിക്കാനായതു കൊണ്ടു തന്നെയാണ്…. പിന്നെ നിന്റെ രണ്ടാമത്തെ പരാതി ഭക്ഷണം ഉണ്ടാക്കുമ്പോൾ ഇഷ്ടം ചോദിയ്ക്കുന്നത്, നിന്നെ ഞാനാണ് പ്രസവിച്ചതും വളർത്തിയതും…. ആ എനിയ്ക്ക് നിന്റെ ഇഷ്ടങ്ങളറിയാൻ നിന്നോടു ചോദിക്കേണ്ട കാര്യമില്ല… പക്ഷെ അവളങ്ങനെയല്ല വേറൊരു വീട്ടിൽ വേറെ ഒരമ്മയുടെ തണലിൽ വളർന്നവളാണ്… അവളുടെ ഇഷ്ടങ്ങൾ ചോദിച്ചാലേ എനിയ്ക്കറിയാൻ പറ്റുകയുള്ളു…. മനസ്സിലായോടീ…. ”

ശരണ്യയ്ക്ക് വ്യക്തമാവും വിധം വിശദീകരിച്ചവളെ കമല നോക്കിയതും അമ്മയെ കനപ്പിച്ച് നോക്കി ശരണ്യ…

വയസാംകാലത്ത് മകനും മരുമകളും നോക്കാൻ വേണ്ടി ഇപ്പോഴേ അവർക്ക് ദാസി വേല ചെയ്യുന്ന അമ്മയോടൊന്നും പറയാനില്ല എനിയ്ക്ക്… അമ്മ എങ്ങനെയൊക്കെ പുന്നാരിച്ച് തലയിലേറ്റി നടന്നാലും അവൾക്കമ്മ വെറും അമ്മായി അമ്മ തന്നെയാവും…. അമ്മയൊന്ന് വീണുപോയാൽ തിരിഞ്ഞു നോക്കില്ല അവള്…. അന്ന് പഠിക്കും അമ്മ…. അന്നേ അമ്മ പഠിക്കൂ…. ”

കലിച്ചു തുള്ളി ശരണ്യ

ഞാൻ വീണുപോയാൽ അവളെന്നെ നോക്കുന്നത് എന്തിനാ… അതിനല്ലേ നീ ഉള്ളത്…. എന്താ നീ നോക്കില്ലേ എന്നെ….?

അവളുടെ മനസ്സറിയാനായ് വെറുതെ ചോദിച്ചു കമല

ആയ കാലത്തൊക്കെ മരുമകളെ താങ്ങി നടന്നിട്ട് വീണു കിടക്കുമ്പോൾ ഞാൻ നോക്കാനോ… അതെവിടുത്തെ ന്യായമാണ്… നടന്നത് തന്നെ…. താങ്ങിപ്പിടിച്ചോരോടു തന്നെ അപ്പഴും പറഞ്ഞോ…. അല്ലാതെ എന്നെ പ്രതീക്ഷിക്കണ്ട…. തിരിഞ്ഞു നോക്കില്ല ഞാൻ….

വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് കയറി ശരണ്യ പറഞ്ഞതു കേട്ടതും വിടർന്നൊന്ന് ചിരിച്ചു കമല അവളെ നോക്കി, ഞാനിത് പ്രതീക്ഷിച്ചിരുന്നു എന്നാണ് ആ ചിരിയുടെ അർത്ഥമെന്ന് പക്ഷെ ശരണ്യയ്ക്ക് മനസ്സിലായില്ല

“നിങ്ങളിത് എന്തിനാണ് രമേശേട്ടാ ഇന്നിങ്ങോട്ടു വന്നത്….?

“ഞാൻ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ടേ വീട്ടിലേക്ക് തിരികെ വരുന്നുള്ളെന്ന് പറഞ്ഞതല്ലേ…?
പിന്നെ എന്തിനാ ഇപ്പോ വന്നത്….?

രണ്ടു ദിവസം കഴിഞ്ഞു പോയൊരു നാൾ വൈകുന്നേരം തന്നെ തിരികെ വിളിച്ചുകൊണ്ടുപോവാനായ് വന്ന രമേശിനെ കണ്ട് ശരണ്യ ശബ്ദമുയർത്തിയതും രമേശിന്റെ നോട്ടം കമലയിലേക്ക് ചെന്നു

‘ഞാനാണവനെ വിളിച്ച് നിന്നെ വേഗം ഇവിടെ നിന്ന് കൂട്ടിക്കൊണ്ടുപോവാൻ പറഞ്ഞത്… നീയെന്തു കരുതി ശരണ്യേ… നീ ചെയ്യുന്നതും പറയുന്നതുമൊന്നും മനസ്സിലാക്കാൻ പറ്റാത്ത പൊട്ടത്തിയാണ് ഞാനെന്നോ…?
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായിട്ട് നീയിവിടെ കാണിച്ചും പറഞ്ഞും കൂട്ടുന്നതൊന്നും എനിയ്ക്ക് മനസ്സിലാവുന്നില്ല എന്നൊ….?

ഉയർന്ന കമലയുടെ ശബ്ദത്തിന് മുമ്പിൽ ശബ്ദം നഷ്ടപ്പെട്ട് വിളറി നിന്നു ശരണ്യ

എനിയ്ക്ക് പറഞ്ഞു മനസ്സിലാക്കിതരാവുന്ന രീതിയിൽ നിനക്ക് ഞാൻ കാര്യങ്ങൾ വ്യക്തമായ് പറഞ്ഞു തന്നിട്ടും ഈ വീടിന്റെ സ്വസ്ഥതയും സമാധാനവും കളയണമെന്ന വാശിയാണ് നിനക്ക്… അതിനു വേണ്ടി എനിയ്ക്കും ഗ്രീഷ്മയ്ക്കും ഇടയിൽ നിന്ന് നീ എന്തൊക്കെയാണ് ഞങ്ങളറിയാതെ ചെയ്തുകൂട്ടുന്നത്…?
അതിനി ഇവിടെ പറ്റില്ല ശരണ്യേ… നീയും അവളും ഇവനും ശരണുമൊക്കെ എനിയ്ക്ക് ഒരേ പോലെയാണ്… നിനക്കു പക്ഷെ അങ്ങനെയല്ല… അതു കൊണ്ട് നീയിപ്പോ ഇവന്റെ കൂടെ ചെല്ല്…. എന്നിട്ട് നിന്റെ കുശുമ്പും അസൂയയും എല്ലാം നിന്റെ മനസ്സിന്ന് എന്നു പോണോ അന്ന് തിരികെ വാ…”

തിരിച്ചു പറയാനൊരു അവസരം ശരണ്യയ്ക്ക് നൽകാതെ പറഞ്ഞു തീർത്ത് കമല അകത്തേയ്ക്ക് നടന്നതും അകത്തെല്ലാം കണ്ടും കേട്ടും നിന്നിരുന്ന ഗ്രീഷ്മ ഓടി വന്നു കെട്ടിപ്പിടിച്ചു കമലയെ….

കഴിഞ്ഞു പോയ ദിവസങ്ങളിലെ ശരണ്യയുടെ പ്രവർത്തികൾ അത് തന്നെയീ കുടുംബത്തിൽ നിന്ന് അകറ്റാനുള്ളത് ആയിരുന്നെന്ന തിരിച്ചറിവ് ഗ്രീഷ്മയ്ക്ക് വന്നതും അപ്പോഴാണ്…

തലയും താഴ്ത്തി രമേശിനൊപ്പം പടിയിറങ്ങി പോവുന്ന മകളെ ഒന്നു നോക്കി കമലവും… തിരുത്തി കൊടുക്കേണ്ട കാര്യങ്ങൾ അവർക്ക് മനസ്സിലാവേണ്ട പോലെ തിരുത്തി പറഞ്ഞു കൊടുത്താലേ ചിലർക്ക് മനസ്സിലാവൂ… എന്റെ മകൾ അങ്ങനെയൊരാളാണ്… അവൾക് ഇങ്ങനെ പറഞ്ഞാലേ മനസ്സിലാവൂ… അവളോട് ദേഷ്യമൊന്നും കരുതരുത്… പാവമാണ്….”

ഗ്രീഷ്മയോട് പറഞ്ഞ് കമല ശരണ്യ പോയ വഴിയിലേക്ക് നോക്കി നിന്നതും അവരെ ഒന്നുകൂടി മുറുകി പുണർന്നു ഗ്രീഷ്മ…അവരെ അവൾക്ക് മനസ്സിലാവുന്നുണ്ട്… ഒപ്പം ആ അമ്മ മനസ്സിനെയും…..

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *