ആദ്യത്തെ രണ്ട് വിവാഹങ്ങളും വമ്പൻ പരാജയമായിരുന്നു. അങ്ങനെയാണ് ഞാൻ മൂന്നാമതൊരു പങ്കാളിയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ….

ആദ്യത്തെ രണ്ട് വിവാഹങ്ങളും വമ്പൻ പരാജയമായിരുന്നു.

അങ്ങനെയാണ് ഞാൻ മൂന്നാമതൊരു പങ്കാളിയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുന്നത്. എന്റെ പേര് ധ്യാൻ…

എന്നെ വളർത്തിയവർ അറിഞ്ഞിട്ട പേരായിരിക്കണമിത്,ജീവിതത്തെ ഞാനൊരു ധ്യാനം പോലെ തന്നെയാണ് കാണുന്നത്..

എനിക്ക് എന്റേത് മാത്രമായ ഒരിടം വേണമായിരുന്നു. ആരുമായും പങ്കിടാൻ ഇല്ലാത്ത കുറച്ചു സമയം…
എന്നുവച്ച് ഞാൻ സകലരിൽ നിന്നും ഓടി ഒളിക്കുന്ന കഴിവില്ലാത്ത മനുഷ്യനൊന്നുമല്ല.

എന്റെ പ്രിയപ്പെട്ടവർക്കുവേണ്ടിയും
സമയം മാറ്റിവയ്ക്കുന്ന, ജോലിയെടുത്ത് അന്തസ്സായി ജീവിക്കുന്ന ഒരുദ്യോഗസ്ഥനായിരുന്നു ഞാൻ….

എന്റെ ആദ്യത്തെ രണ്ട് ഭാര്യമാരും എന്നിൽ കണ്ടെത്തിയ കുറ്റം, ഞാൻ അമിതമായി കരയുന്നു എന്നായിരുന്നു.

സത്യമാണത് സ്ത്രീകളെപ്പോലെ,
അല്ലെങ്കിൽ തൊടുന്നതിനും പിടിക്കുന്നതിനും ചുണ്ട് പിളർത്തി വിതുമ്പുന്ന കുഞ്ഞിനെ പോലെയാണ് ഞാൻ…..

എനിക്ക് വളരെ പെട്ടെന്ന് കരച്ചിൽ വരും.
എന്റെ വികാരവിചാരങ്ങളെല്ലാം വളരെ പെട്ടെന്ന് എന്നിലുദയം ചെയ്യുന്നവയാണ്..

ഭാര്യ അനിഷ്ടത്തോടെയെന്തെങ്കിലും പറഞ്ഞാൽ പോലും,എന്റെ ഹൃ.ദയം പിളരും. മാറിയിരുന്ന് ഞാൻ പൊട്ടിക്കരയും…

അതുകൊണ്ടായിരിക്കാം അവർക്കെന്നോട് പുച്ഛമായിരുന്നു……

അവരെ സംബന്ധിച്ച് അങ്ങേയറ്റം പൗരഷമുള്ള, ഗൗരവമുള്ള, ആണുങ്ങളെയാണത്രേ ആണുങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റൂ… എന്നെപ്പോലെ ധൈര്യം കുറവുള്ളവർ ആണല്ലത്രേ….

ആരെങ്കിലും മുന്നിൽ വന്ന് നിന്ന് കരഞ്ഞാൽ പോലും, ഞാനും തകർന്നു പോകും. ആരെങ്കിലും സഹായമഭ്യർത്ഥിച്ചാൽ കൈയിലുള്ളതൊക്കെ
എടുത്തു കൊടുത്തുപോകും.

വിവാഹമോതിരവും, മാലയും അങ്ങനെ നഷ്ടപ്പെടുത്തിയതോടെയാണ് രണ്ടാമത്തെ ഭാര്യയും എന്നെ ഉപേക്ഷിച്ചത്….

നിങ്ങളോടൊപ്പം ജീവിച്ചാൽ ഒടുവിൽ പിച്ചച്ചട്ടിയെടുക്കേണ്ടി വരുമത്രേ…

ഞാനവളെ തടഞ്ഞില്ല….. അവൾ പറഞ്ഞത് ഏറെക്കുറെ ശരിയാണ്, അനാഥരായ അനേകം മക്കൾ ജീവിക്കുന്ന സ്ഥപനത്തിൽ എന്റെ സാലറിയുടെ പകുതിയിലധികവും ഞാൻ ചിലവാക്കി പോകും…
കാരണം ഒരിക്കൽ ഞാനും ആരുടെയൊക്കെയോ സഹായം പ്രതീക്ഷിച്ച്‌അതുപോലെ
നോക്കിയിരുന്നിട്ടുണ്ട്…

ഓർമ്മയുറച്ച കാലം മുതൽ എനിക്ക് ഞാനേ ഉണ്ടായിരുന്നുള്ളൂ….
ആർക്കോ വേണ്ടാതെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച ഒരു ജന്മം…

സ്നേഹത്തിനായി തുടിക്കുന്ന ഒരു ഹൃദയം എന്നിലുള്ളപ്പോഴും, മറ്റാരെയും വേദനിപ്പിക്കാതിരിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുമായിരുന്നു…. നോവുകളെ താങ്ങാൻ കഴിവുള്ള ഒരു ഹൃദയമെനിക്ക് നൽകാത്ത ദൈവങ്ങളെ എനിക്ക് പണ്ടേ വിശ്വാസമില്ലായിരുന്നു….

നന്നായി പഠിച്ചു ജോലി നേടി, ഒരു ചെറിയ വീടും സ്വന്തമാക്കിയിട്ടായിരുന്നു ഞാൻ വിവാഹം കഴിച്ചത്…

രണ്ട് ഭാര്യമാരാൽ ഉപേക്ഷിക്കപ്പെട്ട ഞാൻ,
ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ കഴിവില്ലാത്തവനാണെന്ന് എനിക്ക് സ്വയം ബോധ്യമായതോടെ ഇനിയൊരു പെണ്ണിന്റെ ജീവിതം കൂടെ തകർക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു…

എന്റെ വീടിന്റെ മുന്നിലെ ആകെയുള്ള ഒറ്റത്തെങ്ങിലെ തേങ്ങയിടാൻ വന്നിരുന്നത്
ഭദ്ര എന്നൊരു പെണ്ണായിരുന്നു…

നാട്ടുകാർക്കവളെ പേടിയാണ്.
കാരണം മറ്റൊന്നുമല്ല ഒരുത്തനെ
ത.ട്ടി ജ.യിലിൽ പോയവളാണ്…

ശി.ക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ
പലരും അവളെ ഭയത്തോടെ നോക്കുന്നത് താൻ പലവട്ടം കണ്ടിട്ടുണ്ട്.

എന്തിനാണ് അവൾ കൊ.ന്ന.തെന്ന ഒളിഞ്ഞും പാത്തുമുള്ള ചോദ്യങ്ങൾക്ക്, എനിക്ക് വേണ്ടി മാത്രമല്ല,അനേകം പെൺകുട്ടികൾക്ക് കൂടി വേണ്ടിയാണെന്ന് ധൈര്യത്തോടെ പറഞ്ഞിട്ട്
ആരെയും വക വയ്ക്കാതെ അവൾ നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എനിക്കവളോട് ആരാധന തോന്നി. അവളുടെ ധൈര്യത്തിന്റെ പകുതിയിൽ ഒരു അംശമെങ്കിലും ധൈര്യം എനിക്കില്ലലോ എന്ന് ഞാനോർത്തു.

തേങ്ങയിട്ടുതന്നാൽ അവൾ പണം വാങ്ങാറില്ല..

എത്ര നിർബന്ധിച്ചാലും അവൾ എന്റെ കയ്യിൽ നിന്നും പണം വാങ്ങില്ല…

കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിൽ നിന്നും ഏറിയ പങ്കും അനാഥരായ മക്കൾക്ക് വേണ്ടി നീക്കിവെക്കുന്ന മനുഷ്യനല്ലേ, അങ്ങനെയുള്ള ഒരാൾക്ക് ഈ ജോലി ഞാൻ ഫ്രീ ആയി ചെയ്തു തരുന്നതാണെന്ന് അവൾ ഗൗരവത്തോടെ പറയും…

അവൾ ചുമരിലൂടെ പല്ലി കയറിപ്പോകും പോലെ, വളരെ ഈസിയായി തെങ്ങിൽ കയറുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിൽക്കും…

എന്തൊരു പെണ്ണാണിതെന്ന് ഞാനപ്പോൾ മനസിലോർക്കും…

ഒരിക്കൽ ഞാനവളുടെ മുന്നിൽ വിറച്ചു നിന്നുകൊണ്ട്, എന്റെ ജീവിതത്തിലേക്ക് വരുമോയെന്ന് ചോദിച്ചു…

ഉത്തരം ചിലപ്പോൾ അ.ടിയായിരിക്കും എന്നോർത്ത് ഞാൻ കണ്ണുകളടച്ചു…

കണ്ണുതുറന്നു നോക്കുമ്പോൾ അവൾ എന്നെ നോക്കി നിൽക്കുകയാണ്. ആ മിഴികൾ
നിറഞ്ഞിട്ടുണ്ട്….

അത് കണ്ടതും എന്റെ മിഴികളും നനഞ്ഞു…

കാഠിന്യം പുറമെ മാത്രമുള്ള നാട്ട്ബദാമെനിക്കപ്പോൾ ഓർമ്മ വന്നു…

കല്ലുകൾ കൊ.ണ്ട.ടി.ച്ചതിന്റെ പുറം തോട് പൊട്ടിച്ചാൽ ഉള്ളിലെ ഏറെ സ്വാദിഷ്ടമായ പരിപ്പു കാണുമാറാകുന്നത് പോലെയാണ്,
ഈ പെണ്ണെന്ന് എനിക്കപ്പോൾ തോന്നി.

അവളുടെ ഉള്ളം മുഴുവൻ, സ്നേഹത്തിന്റെ തിരമാലകൾ അലയടിക്കുന്നയാഴിയാണ്…

അവളെന്റെ പ്രിയസഖിയായി…..

നോക്ക്… ഞങ്ങളുടെ രണ്ട് കുഞ്ഞുങ്ങളോടൊപ്പം ഞങ്ങൾ എത്ര സന്തോഷത്തോടെയാണ് കഴിയുന്നതെന്നോ…

ഞാൻ കരയുന്ന നേരങ്ങളിൽ
അവളെനിക്ക് അമ്മ കൂടെയാണ്…….

എല്ലാമാസവും മാസവും, ഞങ്ങൾക്ക് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിലധികവും കൊണ്ട്, ഞങ്ങളെ കാത്തിരിക്കുന്ന കുറേ അനാഥമക്കളുടെ അരികിലേക്ക് ഞങ്ങൾ പോകും. എന്റെ ഭദ്ര അവർക്കും അമ്മയാണ്…

ചേരേണ്ടവർ തന്നെ ഒരുമിച്ചു ചേർന്നാലേ ജീവിതം കൽക്കണ്ടത്തുണ്ട് പോലെ മധുരിക്കുകയുള്ളൂ എന്ന സത്യം ഞാനിപ്പോൾ തിരിച്ചറിയുകയാണ്…..

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *