“അമ്മിണി വല്യമ്മേ,കളയാൻ വെച്ചിരിക്കുന്ന ചോറുണ്ടാവോ അടുക്കളേല്?”
അടുക്കളപ്പുറത്തെ തിണ്ണയിൽ, ഇപ്പൊ ഊരി വീഴും എന്ന മട്ടിൽ നിൽക്കുന്ന നിക്കർ ഇടതുകൈകൊണ്ട് കൂട്ടിപ്പിടിച്ച് ഞാൻ അമ്മിണി വല്യമ്മയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.
എന്താടാ,അവിടുന്ന് നിനക്കാരും തിന്നാൻ ഒന്നും തന്നില്ലേ?”
ആ ചോദ്യം കേട്ടതും എന്റെ കണ്ണുകൾ അറിയാതെ താഴേക്ക് പതിഞ്ഞു.
“നിന്നോടാ ഞാൻ ചോദിച്ചേ… അവിടെ വെപ്പും കുടിയുമൊന്നുമില്ലേന്ന്?”
മ്മ്… അതൊക്കെ ഇണ്ട് വല്യമ്മേ…
“അവരെല്ലാവരും കഴിക്കുന്നുമുണ്ട്. പക്ഷേ… എനിക്ക് മാത്രം ഒന്നും തരില്ല.”
വാക്കുകൾക്കിടയിൽ വിശപ്പിന്റെ നാണക്കേട് കലർന്നിരുന്നു.
“വല്യമ്മയ്ക്കറിയോ… ഇന്നലെ അമ്മുവേച്ചിയെ കാണാൻ ഒരു കൂട്ടര് വന്നാരുന്നു. വീട്ടിൽ സദ്യയായിരുന്നു. പലഹാരോം ഉണ്ടായിരുന്നു.നല്ല മണം വരണുണ്ടായിരുന്നു അത് പറഞ്ഞുകൊണ്ടിരിക്കെ എന്റെ വയർ അറിയാതെ ഒന്നുകൂടി ചുരുണ്ടു.
പക്ഷേ എനിക്ക് മാത്രം ഒന്നും തന്നില്ല ഞാൻ കഴിച്ചോന്നാരും ചോദിച്ചുമില്ല…
“വെശക്കണു വല്യമ്മേ… എന്തേലും തരോ എനിക്ക് കഴിക്കാൻ?”
എന്റെ വാക്കുകൾ കേട്ടതും അമ്മിണി വല്യമ്മ പെട്ടെന്നകത്തേക്ക് തിരിഞ്ഞു നടന്നു.
അൽപ്പനേരം കഴിഞ്ഞപ്പോൾ, കൈയിൽ ഒരു കിണ്ണവുമായവർ പുറത്തേക്ക് വന്നു. നല്ല ആവി പറക്കുന്ന കുത്തരി ചോറും അതിനൊപ്പം മൂന്നുനാലു കൂട്ടാനും അതിലുണ്ടായിരുന്നു.
എന്റെ കണ്ണുകൾ ആ കിണ്ണത്തിൽ തന്നെ പതിഞ്ഞു.
“മോനിങ്ങോട്ട് കയറിയിരിക്ക്…”
വല്യമ്മ തിണ്ണയിലേക്ക് വിരൽ ചൂണ്ടി.
ഞാൻ അനുസരണയോടെ അവിടെ ചെന്നിരുന്നു.
കിണ്ണം എന്റെ മുന്നിലേക്ക് വെച്ചുകൊണ്ടവർ പതുക്കെ പറഞ്ഞു—
“ഇത് കളയാൻ വെച്ചേക്കണ ചോറല്ലട്ടോ ഇവിടെ ഉള്ളവർക്ക് ഉണ്ണാൻ വെച്ചിരിക്കുന്നതാ.ഇവിടെയെന്നല്ല ഒരിടത്തും കളയാൻ വെച്ചിരിക്കുന്ന ചോറുണ്ടാവില്ല മോനെ. അവരെന്നോട് സ്നേഹത്തോടെ പറഞ്ഞു.
അല്ല വല്യമ്മേ,കളയാൻ വെച്ച ചോറുണ്ട്. എന്റെ വീട്ടിലുണ്ടല്ലോ….
ചന്ദ്രി മാമി അടുക്കളേല് പണിക്ക് നിക്കുന്ന ഗോമതി കുഞ്ഞമ്മയോട് ഇടയ്ക്ക് പറയണ കേൾക്കാലോ കളയാൻ വെച്ചിരിക്കുന്ന പഴയ ചോറെടുത്തപ്പൂന് കൊടുത്തേക്കെന്ന്. വല്യമ്മയ്ക്കറിയാഞ്ഞിട്ടാ കളയാൻ വെച്ച ചോറുണ്ട്.
ഞാൻ പറയുന്നത് കേട്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.
എന്റപ്പൂ, ഇനി നീ അവിടുത്തെ പഴം ചോറു കഴിക്കണ്ട വിശക്കുമ്പോൾ ഇങ്ങോട്ട് വന്നാ മതി വല്യമ്മ നിനക്ക് ചോറു തരാം.നിനക്ക് വയറുനിറയും വരെ കഴിക്കാം…”
ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.അത്രയും നേരം വിശപ്പുകൊണ്ട് വിറച്ചിരുന്ന എന്റെ കൈകൾ ചോറിലേക്ക് നീണ്ടു.
ആദ്യ ഉരുള വായിലേക്കു വെക്കുമ്പോൾ, ചോറിന്റെ രുചിയേക്കാൾ മധുരമായി തോന്നിയത് വലിയമ്മയുടെ വാക്കുകളായിരുന്നു.
അന്ന് അമ്മിണി വല്യമ്മ എനിക്ക് തന്നത് ഒരു പ്ലേറ്റ് ചോറായിരുന്നില്ല വിശന്ന വയറിന് അന്നവും,തളർന്ന മനസ്സിന് ഒരു മനുഷ്യന്റെ കരുതലുമായിരുന്നു.ചോറും കൂട്ടാനും വയറുനിറച്ച് കഴിച്ച ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങി.
ചന്ദ്രി മാമിയുട വീടിന്റെ വാതിൽക്കൽ എത്തിയപ്പോഴേക്കും പതിവുപോലെയെനിക്കവരുടെ കയ്യിൽ നിന്നും വഴക്ക് കേൾക്കാൻ തുടങ്ങി.
എവിടെ പോയി കിടക്കുവാരുന്നെടാ ചെക്കാ ഇത്ര നേരം?
ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.
ആരുടെയെങ്കിലും വീട്ടിൽ തെണ്ടി തിന്നാൻ പോയി കാണും.
അവരുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ തല താഴ്ന്നു.
നിന്നെയിവിടെ ആക്കിയിട്ട് പോയ നിന്റെ തന്തയും തള്ളയേയും പറഞ്ഞാൽ മതിയല്ലോ.എന്തായാലും വിഷം കഴിച്ചു എന്നാൽ അതിൽ നിന്നും കുറച്ചു നിന്റെ അണ്ണാക്കിലേക്ക് കൂടി തള്ളിയിരുന്നേൽ ഇവിടുളളവർ രക്ഷപെട്ടേനെ…
അച്ഛനെയും അമ്മയെയും കുറിച്ചവർ മോശമായി പറയുന്നത് കേൾക്കുമ്പോഴൊക്കെ ഉള്ളിലൊരു വേദന തോന്നുമായിരുന്നുപക്ഷേ മറുപടി പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.
അമ്മയും അച്ഛനും ഉണ്ടായിരുന്ന കാലം എത്ര നല്ലതായിരുന്നു എന്ന് മാത്രമാണപ്പോളെനിക്കോർമ്മ വന്നത്.
ചുമ്മാ തെക്കോട്ടു നോക്കി നിക്കാതെ പോയി അരി പൊടിപ്പിച്ചോണ്ട് വാടാ.ഇപ്പൊ ചെന്നില്ലേ കടയടയ്ക്കും.വൈകിട്ട് പിള്ളേര് സ്കൂളിൽ നിന്ന് വരുമ്പോഴേക്കും പലഹാരം ഉണ്ടാക്കാനുള്ളതാ.
എന്ത് പലഹാരമാ മാമീ ഉണ്ടാക്കുന്നത്?
എന്റെ കണ്ണുകൾ തിളങ്ങി.
എന്തിനാ ഇപ്പൊ അറിഞ്ഞിട്ട്?
ദേ!ഒരു കാര്യം പറഞ്ഞേക്കാം പിള്ളേര് വല്ലോം കഴിക്കുന്ന സമയത്തവിടെ വന്നു നിന്നു കൊതിയിട്ടോണ്ട് നിന്നാൽ നല്ല കീറു വെച്ചു തരും ഞാൻ.
ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിക്കാതെ അവിടെ നിന്നും അടുക്കളയിക്ക് പോയി.
അടുക്കളയിലേക്ക് കയറിയ ശേഷം കുതിർത്ത് വെച്ച അരിയുടെ കൂടുമെടുത്തു ഞാൻ പുറത്തേക്കിറങ്ങി.മാമി പറഞ്ഞതുപോലെ കടയിലേക്ക് നടക്കുമ്പോഴും എന്റെ മനസ്സിൽ അമ്മിണി വല്യമ്മ തന്ന ചോറിന്റെ ചൂടായിരുന്നു.
“വിശക്കുമ്പോൾ ഇങ്ങോട്ട് വന്നാ മതി…”
ആ വാക്കുകൾ ഞാൻ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
അന്നാദ്യമായിട്ടായിരുന്നു, ഈ ലോകത്തെനിക്ക് വേണ്ടി ആരെങ്കിലുമുണ്ടെന്നൊരു തോന്നൽ ഉണ്ടായത്.
അരിപൊടിപ്പിച്ച് തിരിച്ചു വീട്ടിലെത്തി കുറച്ചു മണിക്കൂറുകൾക്ക് ശേഷം അടുക്കളയിൽ പലഹാരത്തിന്റെ മണം നിറഞ്ഞു. മാമിയുടെ മക്കൾ സ്കൂളിൽ നിന്ന് വന്നിരുന്നു.
അവർക്ക് മുന്നിൽ ഗോമതി കുഞ്ഞമ്മ ചൂടുള്ള പലഹാരങ്ങൾ നിരത്തി വെച്ചു.
ഞാൻ അടുക്കള വാതിൽക്കൽ നിന്ന് അറിയാതെ അങ്ങോട്ടേക്കെത്തി നോക്കി.
വയറിനുള്ളിൽ വിശപ്പ് വീണ്ടും ഉണർന്നു.
ടാ ചെർക്ക…എന്തോ നോക്കി നിക്കുവാ?”
മാമിയുടെ ശബ്ദം കേട്ടതും ഞാൻ പെട്ടെന്ന് മുഖം തിരിച്ചു.
“ഒന്നൂല്ല മാമീ…”
“എന്നാ പോയി പുറത്തെന്തെങ്കിലും പണിയുണ്ടോന്നു നോക്ക്.വെറുതെ കൊതിയിറക്കി പിള്ളേർക്ക് തൂറ്റല് പിടിപ്പിക്കണ്ട.
ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും തെക്കേ പറമ്പിലേക്ക് പോയി.
അച്ഛനെയും അമ്മയെയും അടക്കം ചെയ്ത മൂവാണ്ടൻ മാവിന്റെ ഒരു മൂലയിൽ ചുരുണ്ടുകൂടിയിരുന്നപ്പോൾ,അകത്തുനിന്ന് കുട്ട്യോളുടെ ചിരി കേട്ടു.
അവരുടെ ചിരിയോടൊപ്പം പലഹാരത്തിന്റെ കൊതിപ്പിക്കുന്ന മണവും പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
വയറു വിശന്നിട്ടും ഞാനാ വശത്തേക്ക് പോലും നോക്കിയില്ല.അന്ന് ഞാൻ കാര്യമായി ഒന്നും കഴിച്ചില്ല.
അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ നേരെ അമ്മിണി വല്യമ്മയുടെ വീട്ടിലേക്കാണ് പോയത്.
എന്നെ കണ്ടതും അവർ പുഞ്ചിരിച്ചു.
“എന്താടാ അപ്പൂ ഇത്ര രാവിലെ?”
ഞാൻ ഒന്നും പറയാതെ അവരെ നോക്കി നിന്നു.
എന്റെ മുഖം കണ്ടപ്പോൾ അവർക്ക് കാര്യം മനസ്സിലായി.
“വിശക്കുന്നുണ്ടല്ലേ ?”
ഞാൻ പതുക്കെ തലയാട്ടി.
അവർ അകത്തേക്ക് പോയി ഒരു കിണ്ണത്തിൽ ദോശയും ചമ്മന്തിയും എടുത്തോണ്ട് വന്നു.
ഞാനത് ആർത്തിയോടെ തിന്നു.
അന്നുമുതൽ വിശക്കുമ്പോഴൊക്കെ എന്റെ കാലുകൾ അറിയാതെ അമ്മിണി വല്യമ്മയുടെ വീട്ടിലേക്ക് പോകുമായിരുന്നു.
“മോനേ വന്നോ എന്ന് ചോദിച്ചുകൊണ്ടവർ എനിക്ക് വേണ്ടി ഭക്ഷണം എടുത്തു വെക്കും, എനിക്ക് നല്ല നല്ല കഥകൾ പറഞ്ഞു തരും അങ്ങനെയാവരെനിക്ക് ആരെല്ലാമോ ആയി മാറുകയായിരുന്നു.
എത്രയോ ദിവസങ്ങളിൽ എന്റെ വിശപ്പ് തീർത്തതാ അടുക്കളയിൽ നിന്നായിരുന്നു.
അങ്ങനെ എന്റെ വിശപ്പിന് ഒരു വിലാസമുണ്ടായിരിക്കുന്നു.
അമ്മിണി വല്യമ്മയുടെ വീട്.
എന്നാൽ ആ വിലാസം അധികനാൾ എനിക്ക് സ്വന്തമായിരുന്നില്ല…
ഒരു ദിവസം പതിവ് പോലെ
അമ്മിണി വല്യമ്മയെ കാണാൻ ഞാൻ ചെന്നപ്പോൾ ആ വീടിന്റെ മുറ്റത്ത് അസാധാരണമായൊരു തിരക്ക് കണ്ടു.
ആളുകളവിടെ കൂടിനിൽക്കുന്നുണ്ടായിരുന്നു.
വാതിൽക്കൽ ചെരുപ്പുകൾ നിറഞ്ഞിരുന്നു.വീട്ടിൽ ചന്ധനത്തിരിയുടെ ഗന്ധം പരന്നു.
എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ അകത്തേക്ക് നോക്കി.
അവിടെ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടക്കുകയായിരുന്നു അമ്മിണി വല്യമ്മ.
“വല്യമ്മേ…”
എന്റെ വായിൽ നിന്ന് അറിയാതെ ഒരു നിലവിളി പുറത്തുവന്നു.
എന്നെ കണ്ടപ്പോൾ ആരോ എന്റെ തോളിൽ കൈവച്ചു.
“വല്യമ്മ പോയെടാ മോനെ”
ആ വാക്കുകൾ കേട്ടപ്പോൾ എനിക്കെന്ത് ചെയ്യണമെന്ന് പോലും മനസ്സിലായില്ല.
അന്നാദ്യമായി എനിക്ക് വിശപ്പിനെക്കാൾ വലിയൊരു പേടി തോന്നി.
എന്നെ ചേർത്തുപിടിക്കാൻ ഇനിയാ കൈകളില്ല.
വിശക്കുമ്പോൾ ഇങ്ങോട്ട് വന്നാ മതി മോനെ എന്ന് പറയാനാ ശബ്ദവുമില്ല.
വല്യമ്മയുടെ ശരീരം വീട്ടുമുറ്റത്തുനിന്ന് എടുത്തുകൊണ്ടുപോകുമ്പോൾ
എന്റെ കണ്ണുകൾ പോയതാ വീടിന്റെ അടുക്കളയിലേക്കായിരുന്നു.
അവിടെയായിരുന്നു എന്റെ വിശപ്പിനിത്രയും നാൾ അഭയം കിട്ടിയിരുന്നത്.
സ്വാദുള്ള ഭക്ഷണത്തിന്റെ മണം നിറഞ്ഞിരുന്നയാ അടുക്കളയിന്ന് നിശ്ശബ്ദമായിരിക്കുന്നു.
വല്യമ്മയുടെ മരണത്തേക്കാൾ എന്നെ പേടിപ്പിച്ചത് മറ്റൊന്നായിരുന്നു.
ഇനി ഞാൻ വിശന്നാൽ എവിടെ പോകും?
ആ ചോദ്യം എന്റെ കുഞ്ഞുമനസ്സിൽ വല്ലാതെ മുഴങ്ങി.
അമ്മയും അച്ഛനും പോയപ്പോൾ അനാഥനായ ഞാൻ അമ്മിണി വല്യമ്മ പോയ ദിവസം അന്നമില്ലാത്തവനായി മാറി
അനാഥത്വം എന്നത് അച്ഛനും അമ്മയും ഇല്ലാത്ത അവസ്ഥ മാത്രമല്ല,
ഈ ലോകത്ത് നീ എന്റേതാണ് എന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ കൂടിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു..
അന്നാണ് ഞാനാദ്യമായി ദൈവത്തെ വെറുത്തത് കാരണം എന്നെ ജനിപ്പിച്ചവരെ നേരത്തേ തന്നെ എന്നിൽ നിന്ന് കവർന്നെടുത്ത ദൈവം,
ഒരുപിടി ചോറെനിക്ക് നേരെ നീട്ടിയ കൈകളും എന്നിൽ നിന്നെടുത്തുകളഞ്ഞിരിക്കുന്നു.
അന്ന് വീട്ടിലെത്തിയപ്പോൾ പതിവുപോലെ ചന്ദ്രിമാമിയെന്നെ വഴക്ക് പറഞ്ഞു.
എവിടെയായിരുന്നെടാ വധൂരി ഇത്ര നേരം?ആരുടെ വീട്ടിൽ പോയി അടയിരിക്കുവാരുന്നു?
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു.
അന്ന് രാത്രി വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു പതിവ് പോലെ ഭക്ഷണം കഴിച്ചു.ഞാൻ മാത്രം അടുക്കളയുടെ ഒരു മൂലയിൽ പോയി കളയാൻ വെച്ച ചോറു കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു.
വിശപ്പ് വയറിനുള്ളിൽ കുത്തിക്കൊണ്ടിരുന്നു പക്ഷേ അതിനേക്കാൾ വലിയൊരു ശൂന്യത നെഞ്ചിനുള്ളിലായിരുന്നു.
അമ്മിണി വല്യമ്മയുടെ വീട്ടിൽ ചെന്നാൽ ചോറിനൊപ്പം സ്നേഹവും കിട്ടിയിരുന്നു ഇപ്പൊ അതും ഇല്ലാണ്ടായി.
എല്ലാരും ഉറങ്ങിയാ ശേഷം ഞാൻ അച്ഛനെയും അമ്മയെയും അടക്കിയ അതേ മാവിന്റെ ചുവട്ടിൽ പോയിരുന്നു.
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ടു ഞാൻ കുഴിമാടത്തിലേക്ക് നോക്കി.
“അമ്മേ… അച്ഛാ…അമ്മിണി വല്യമ്മ നിങ്ങടെ അടുത്തേക്ക് വന്നിട്ടുണ്ട്, വല്യമ്മയോട് ചോദിക്കാമോ ഇനിയെനിക്ക് വിശക്കുമ്പോൾ ഞാൻ ആരുടെ അടുത്തേക്കാ പോകേണ്ടതെന്ന്…
അപ്പുറത്ത് നിന്നും മറുപടിയൊന്നും ഉണ്ടായില്ല.കാറ്റിൽ മാവിന്റെ ഇലകൾ മാത്രം ചെറുതായൊന്നനങ്ങി.
ഞാൻ മുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തിയുറക്കെ കരഞ്ഞു.
ആ രാത്രി എന്റെ കണ്ണുനീരിനൊപ്പം
വിശന്നാൽ അമ്മിണി വല്യമ്മയുടെ വീട്ടിലേക്ക് ഓടിച്ചെല്ലാമെന്ന എന്റെ ചെറിയൊരു പ്രതീക്ഷയും കൂടിയാണ് അവസാനിച്ചത്.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ വിശപ്പിനെ സഹിക്കാൻ പഠിച്ചു,വിശപ്പുണ്ടെന്നാരോടും പറയാതിരിക്കാനും പഠിച്ചു കാരണം വിശപ്പിനേക്കാൾ എന്നെ വേദനിപ്പിച്ചത് വിശക്കുന്നുണ്ടെന്ന് ഞാൻ പറയുമ്പോൾ ഒരാൾ പോലും കരുണ കാണിക്കാതിരുന്നതായിരുന്നു..
അമ്മിണി വല്യമ്മ പോയതോടെ
എന്റെ അന്നത്തിന്റെ വിലാസവും,
എന്റെ സ്നേഹത്തിന്റെ വിലാസവും
ഒരുപോലെ മാഞ്ഞുപോയി.
ജീവിതത്തിൽ ചില മനുഷ്യർ നമ്മളെ വിട്ടുപോകുമ്പോൾ അവർ കൊണ്ടുപോകുന്നത് അവരുടെ സാന്നിധ്യം മാത്രമല്ല അവരോടൊപ്പം നമ്മൾ നേടിയെടുത്തിരുന്ന ഒരു ലോകം കൂടിയാണ്.
കഥ :വിശപ്പ്
✍️രചന : അച്ചു വിപിൻ
